/indian-express-malayalam/media/media_files/pluj4dX4tYJ3vS2AweWl.jpg)
ഫോട്ടോ: എക്സ്പ്രസ്
മുപ്പതു വർഷമായി ഗൾഫിൽ മണ്ണുമാന്തി യന്ത്രത്തിൻ്റെ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ആളാണ് ഷൗക്കത്ത്. ഈ വെള്ളിയാഴ്ച്ച തൻ്റെ നാടായ മുണ്ടക്കൈ ഗ്രാമത്തിലെത്തിയ അയാൾ കണ്ടു നിന്നത് തൻ്റെ രണ്ട് സഹോദരങ്ങളെയും കുടുംബത്തിൽ ഉണ്ടായിരുന്ന മറ്റ് ഇരുപത്തി നാല് അംഗങ്ങളെയും ജെസിബി ഉപയോഗിച്ച് ചെളിയുടെ ആഴങ്ങളിൽ തിരയുന്നതാണ്.
വ്യാഴാഴ്ച മുണ്ടക്കൈയേയും സമീപ പ്രദേശങ്ങളേയും തകർത്തെറിഞ്ഞ ഉരുൾപൊട്ടലിൻ്റെ വാർത്ത അറിഞ്ഞ ഉടൻ തന്നെ നാട്ടിലേയ്ക്ക് എത്തിയതാണ് 51 വയസ്സുകാരനായ ഷൗക്കത്ത്.
ഒരു ഗ്രാമത്തെ മുഴുവൻ ചെളിയും അവശിഷ്ടങ്ങളും കൊണ്ടു മൂടിയ മണ്ണിടിച്ചിലിൽ, 218 മരണം ഉണ്ടായെന്ന് ഔദ്യോഗികമായി സ്ഥിതീകരിക്കപ്പെട്ടിട്ടുണ്ട്. ഇനിയും നിരവധി ആളുകൾ കാണാമറയത്താണ്. ജീവനോടെ ആരേയും ഇനി കണ്ടെത്താനാവില്ല എന്നും, ഉരുൾപൊട്ടൽ അതിതീവ്ര നാശം വിതച്ച മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നിവടങ്ങളിൽ നിന്നും മൃതശരീരങ്ങൾ മാത്രമേ വീണ്ടെടുക്കാനുള്ള എന്നുമാണ് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്.
ഉരുൾപൊട്ടലിൽ മുഴുവൻ അംഗങ്ങളും തുടച്ചു നീക്കപ്പെട്ട നിരവധി കുടുംബങ്ങളുണ്ട്. ഇവർ പുഴയിലേയ്ക്ക് ഒഴുകി പോയവരോ അല്ലെങ്കിൽ ചെളിയിലും അവശിഷ്ടങ്ങളിലും പൂണ്ടു പോയവരോ ആകാം.
“എല്ലാം നഷ്ടപ്പെട്ടു. എൻ്റെ സഹോദരങ്ങൾ, അവരുടെ കുടുംബങ്ങൾ.... എല്ലാരും പോയി. ഇതുവരെ നാല് മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുത്തത്. ആദ്യത്തെ ഉരുൾപൊട്ടലിനുശേഷം കുന്നിലേക്ക് ഓടിയതു കൊണ്ട് മാത്രമാണ് എൻ്റെ ഭാര്യയും മകനും രക്ഷപ്പെട്ടത്. ഞാൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൂട്ടിവെച്ച് നിർമ്മിച്ച ഇരുനില വീടാണ് തകർന്നു വീണത്. എനിക്ക് പോകാൻ സ്ഥലമില്ല," ഷൗക്കത്ത് പറഞ്ഞു.
മണ്ണിടിച്ചിൽ വിവരം അറിഞ്ഞ ഉടനെ നാട്ടിലേയ്ക്കു തിരിച്ച ഷൗക്കത്ത് ബുധനാഴ്ചയാണ് വയനാട്ടിൽ എത്തിയത്. എന്നാൽ വെള്ളിയാഴ്ച്ചയാണ് മുണ്ടക്കൈ ഗ്രാമത്തിലേയ്ക്ക് എത്താൻ സാധിച്ചത്. അയാളുടെ രണ്ട് സഹോദരങ്ങളും കുടുംബത്തോടൊപ്പം അടുത്തടുത്ത് വീടുകളിൽ താമസിച്ചിരുന്ന സ്ഥലമാണത്.
ഉരുൾപൊട്ടലിൻ്റെ ആഘാതത്തിൽ ഇരുവഴിഞ്ഞിപുഴയിലെ പ്രധാന പാലം ഒഴുകി പോയിരുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈയിലേയ്ക്ക് എത്തിപെടാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. മണിക്കൂറുകൾക്കു ശേഷമാണ് ഏതാനും രക്ഷാപ്രവർത്തകർക്ക് കയറുപയോഗിച്ച് നദിയ്ക്കു കുറുകെ കടക്കാൻ സാധിച്ചത്. അടുത്ത ദിവസം തന്നെ കരസേനയും, ദേശീയ ദുരന്ത നിവാരണ സേനയും ചേർന്ന് കയർ ഉപയോഗിച്ച് നിർമ്മിച്ച പാലത്തിലൂടെ രക്ഷപ്രവർത്തകർക്ക് കുറച്ചു കൂടി എളുപ്പത്തിൽ മണ്ണിടിച്ചിലിൻ്റെ പ്രഭവകേന്ദ്രമായ ഗ്രാമത്തിലേയ്ക്ക് എത്താൻ സാധിച്ചു.
ഡൽഹിയിൽ നിന്നും എത്തിച്ച ഭാഗങ്ങൾ ഉപയോഗിച്ച് തൊട്ടുത്ത ദിവസം തന്നെ കരസേന ഉദ്യോഗസ്ഥർ ബെയ്‌ലി പാലത്തിൻ്റെ നിർമ്മാണം പൂർത്തികരിച്ചതോടെ രക്ഷാപ്രവർത്തനത്തിൽ വലിയൊരു വഴിത്തിരിവായി. എന്നാൽ ഈ പാലത്തിലൂടെ പ്രദേശവാസികൾ മുണ്ടക്കൈയിലേയ്ക്ക് പോകുന്നതിനെ ഉദ്യോഗസ്ഥർ പ്രോത്സാഹിപ്പിക്കുന്നില്ല.
വെള്ളിയാഴ്‌ചയാണ് ഷൗക്കത്തിന് പാലം കടന്ന് സ്വന്തം ഗ്രാമത്തിലേക്ക് എത്തിച്ചേരാൻ സാധിച്ചത്. അപ്പോഴേക്കും രക്ഷാപ്രവർത്തനം എന്നത് പരമാവധി മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ഒരു ശ്രമമായി മാറിയിട്ടുണ്ടായിരുന്നു.
കുടുംബം താമസിച്ച വീടിരുന്ന സ്ഥലത്തേയ്ക്ക് നടുക്കുമ്പോൾ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് ചെളി കോരിയെടുക്കുന്നതും, മൃതദേഹങ്ങൾ തേടി പാറകൾ നീക്കുന്നതും ഷൗക്കത്ത് കണ്ടു. അഞ്ച് കുടുംബാംഗങ്ങളെ നഷ്ട്ടപ്പെട്ട തൻ്റെ അയൽവാസിയായ മോഹനനെ അയാൾ അവിടെ കണ്ടു.
മറ്റ് അയൽവാസികളുടെ കാര്യം എന്തായി എന്ന് ഷൗക്കത്ത് മോഹനനോട് ചോദിച്ചപ്പോൾ, ''എല്ലാരും പോയി'' എന്നു മാത്രമേ മോഹനന് പറയാൻ ഉണ്ടായിരുന്നുള്ളൂ. അതിൽ മോഹനൻ്റെ അമ്മയും, മൂത്ത ജ്യേഷ്ഠനും ആയാൾടെ ഭാര്യയും, അവരുടെ രണ്ട് കുട്ടികളും ഉൾപ്പെടും.
40 പേരടങ്ങുന്ന സംഘങ്ങൾ 6 സെക്റ്ററുകളായി തിരിച്ചാണ് മൃതദേഹങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നത്. ഇതിൽ ദുരന്ത നിവാരണ സേനയും, കരസേനയും, പ്രതിരോധ സുരക്ഷാ സേനയും, സംസ്ഥാന സുരക്ഷ സേനയും ഉൾപ്പെടെയുള്ളവർ അടങ്ങുന്നു എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനായി ഡ്രോൺ ഉപയോഗിച്ചുള്ള ബോഡി ഡിറ്റക്ഷൻ സംവിധാനം ശനിയാഴ്ച വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയ ചാലിയാർ പുഴയിൽ നേവിയും കോസ്റ്റ് ഗാർഡും തിരച്ചിൽ തുടരുന്നുണ്ട്. ദുരന്ത ബാധിത പ്രദേശങ്ങളിലൂടെ ഒഴുകുന്ന ഇരുവഴിഞ്ഞിപുഴ കുടുതൽ താഴേയ്ക്കു ചെല്ലുമ്പോൾ ചാലിയാറുമായി ചേരുന്നുണ്ട്.
കണ്ടെത്തിയ മൃതദേഹങ്ങളിൽ 66 എണ്ണം തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സമീപ പഞ്ചായത്തുകളിലെ വിവിധ പൊതുശ്മശാനങ്ങളിൽ ഈ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ വെള്ളിയാഴ്ച സംസ്ഥാന സർക്കാർ തീരുമാനിച്ചു.
Read More
- ഈ പാറക്കെട്ടുകൾക്ക് താഴെ എന്റെ ചോരയാണ്; അമ്മയെയും കുടുംബത്തിനനെയും തിരഞ്ഞു ശിവൻ
- വയനാട് ദുരന്തം; സാറ്റ്ലൈറ്റ് ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു
- രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും 100 വീടുകള് വീതം നിര്മിച്ചു നൽകുമെന്ന് മുഖ്യമന്ത്രി
- വയനാട് ദുരന്തം: പുനരധിവാസം അതിവേഗം ഉറപ്പാക്കും, പ്രത്യേക ടൗൺഷിപ് നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി
- ഇടതുപക്ഷത്തിന്റെ കയ്യിൽ മാസ ശമ്പളം നൽകേണ്ട കാര്യമില്ല; ചെന്നിത്തലയെ വിമർശിച്ച് സുധാകരൻ
- കേരളത്തിൽ ഞായറാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ യെല്ലോ അലർട്ട്
- മുണ്ടക്കൈയിൽ അഞ്ചാം നാളും തിരച്ചിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.