/indian-express-malayalam/media/media_files/QNubJCbJTDRXq6Lac5qz.jpg)
പിണറായി വിജയൻ
തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സുരക്ഷിതമായ സ്ഥലം കണ്ടെത്തി പ്രത്യേക ടൗൺഷിപ് നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടൗൺഷിപ് അതിവേഗം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക സ്ഥലം കണ്ടെത്തും. വെള്ളാർമല സ്കൂളിന് ബദൽ സംവിധാനം ഒരുക്കും. കുട്ടികളുടെ വിദ്യാഭ്യാസം മുടക്കില്ലെന്നും മന്ത്രി പറഞ്ഞു.
വയനാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചാലിയാർ പുഴയിലും തിരച്ചിൽ തുടരുന്നുണ്ട്. ചാലിയാറിൽനിന്നും കണ്ടെടുത്ത ശരീര ഭാഗങ്ങൾ തിരിച്ചറിയാൻ വളരെ പ്രയാസമാണ്. 148 മൃതദേഹം തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് നൽകി. തിരിച്ചറിയാനാവാത്ത 68 മൃതദേഹങ്ങൾ പൊതുശ്മശാനത്തിൽ സംസ്കരിക്കും. സർവമത പ്രാർത്ഥനയോടെ സംസ്കാരം നടക്കും. മണ്ണിൽ പുതഞ്ഞവരെ കണ്ടെത്താൻ ഡൽഹിയിൽനിന്ന് ഡ്രോൺ ബേസ്ഡ് റഡാർ എത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
215 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇതിൽ 87 സ്ത്രീകളും 98 പേർ പുരുഷന്മാരും 30 പേർ കുട്ടികളുമാണ്. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേർ കഴിയുന്നുണ്ട്. 81 പേർ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നു. 1419 പേർ രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. പരമാവധി ജീവൻ രക്ഷിക്കാനാണ് ഓരോ ഘട്ടത്തിലും ശ്രമിച്ചത്. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ രക്ഷിക്കാനായിരുന്നു ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ കാരണം വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുന്നറിയിപ്പ് മോഡൽ രൂപീകരിക്കാൻ കാലാവസ്ഥ കേന്ദ്രത്തോട് നിർദേശിച്ചു. പ്രവചന ഉപാധികൾ രൂപീകരിക്കണം. അടിയന്തരമായി ഇത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.