/indian-express-malayalam/media/media_files/2025/05/02/G3ujbDpnJ3HPWtnBbuR8.jpg)
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു
Vizhinjam Port Inauguration: തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. മുഖ്യമന്ത്രിയും ജനപ്രതിനിധികളെയും സാക്ഷിയാക്കിയാണ് പ്രധാനമന്ത്രി കേരളത്തിൻറെ അഭിമാനതുറമുഖം രാഷ്ട്രത്തിന് സമർപ്പിച്ചത്. വിഴിഞ്ഞം രാജ്യത്തിനും കേരളത്തിനും സാമ്പത്തിക സ്ഥിരത നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിഴിഞ്ഞം രാജ്യത്തിന്റെ മഹാകവാടമാണ്. വിഴിഞ്ഞം തുറമുഖം, വികസിത ഭാരത് സങ്കൽപ്പത്തിന് തിലകകുറിയായി നിലനിൽക്കും. നാടിന്റെ പണം നാടിന് തന്നെ ലഭ്യമാകും. -പ്രധാനമന്ത്രി പറഞ്ഞു
കേരളത്തിന് പുതുയുഗത്തിൻ്റെ പിറവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനത്തിന് അഭിമാനകരമായ പദ്ധതിയാണെന്നും അദാനി ഗ്രൂപ്പിന് നന്ദിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കായി കേരളം ചെലവഴിച്ച കണക്കുകളും മുഖ്യമന്ത്രി വേദിയിൽ അവതരിപ്പിച്ചു. പ്രതിസന്ധികളിൽ തളരാതെ കേരള മുന്നോട്ടു പോയെന്നും പിണറായി വിജയൻ പറഞ്ഞുനേരത്തെ, പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് ഹെലികോപ്റ്ററിലാണ് വിഴിഞ്ഞത്ത് എത്തിയത്. പോർട്ട് സന്ദർശിച്ച ശേഷമാണ് പ്രധാനമന്ത്രി ഉദ്ഘാടന വേദിയിലേക്കെത്തിയത്.
പ്രകൃതി ഒരുക്കിയ വിസ്മയം
ഒറ്റവാക്കിൽ പ്രകൃതി ഒരുക്കിയ വിസ്മയമെന്ന് വിഴിഞ്ഞം തുറമുഖത്തിനെ വിളിക്കാൻ കഴിയും. 20 മീറ്ററാണ് വിഴിഞ്ഞത്തിന്റെ സ്വഭാവിക ആഴം. അതിനാൽ തന്നെ മദർഷിപ്പുകൾ വിഴിഞ്ഞത്ത് അടുപ്പിക്കാനാവും. സ്വാഭാവിക ആഴമുള്ള,ഏതു കാലാവസ്ഥയിലും കപ്പൽ അടുപ്പിക്കാവുന്ന കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ടാണ വിഴിഞ്ഞം.
ഡ്രഡ്ജിങ് ഇല്ലാതെ 20 മീറ്റർ വരെ ആഴം സദാസമയം നിലനിർത്താനാകും. ലോകത്ത് ഇത്തരം തുറമുഖങ്ങൾ അപൂർവമാണെന്നുള്ളത് വിഴിഞ്ഞത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. കൊളംബോ, സിംഗപ്പൂർ, ദുബയ് തുടങ്ങിയ തുറമുഖങ്ങളെ അപേക്ഷിച്ചു വിഴിഞ്ഞത്തിന്റെ പ്രാധാന്യം വർധിക്കുന്നത് ഡ്രഡ്ജ് ചെയ്യാതെ തന്നെ ലഭിക്കുന്ന ഈ സ്വാഭാവിക ആഴമാണ്. പദ്ധതി പ്രദേശത്തു മണൽ സഞ്ചാരവും കുറവാണെന്നുള്ളത് നേട്ടമാണ്.
ലോകത്തെ തിരക്കേറിയ രണ്ടു കപ്പൽ ചാലുകളുമായുള്ള സാമീപ്യമാണ് വിഴിഞ്ഞത്തിന്റെ വാണിജ്യ സാധ്യതകൾ വർധിപ്പിക്കുന്നത്. ആഗോള ചരക്കു നീക്കത്തിന്റെ 40 ശതമാനവും വിഴിഞ്ഞത്തു നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെ കൂടി. ആഫ്രിക്ക,യൂറോപ്പ്,മധ്യേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾ സിങ്കപ്പൂർ,ഹോങ്കോങ്,ചൈന,കൊളംബോ എന്നിവിടങ്ങളിലേക്ക് പോകുന്നത് വിഴിഞ്ഞത്തിനു സമീപത്തെ കപ്പൽ ചാലിലൂടെയെന്നതും വിഴിഞ്ഞത്തിന്റെ സാധ്യത വർധിപ്പിക്കുന്നു.
കനത്ത സുരക്ഷയിൽ തലസ്ഥാനം
പെഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് തലസ്ഥാന നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. കരയിലും കടലിലും പഴുതടച്ച സുരക്ഷയാണ് ഏർപ്പെടുത്തിരിക്കുന്നത്. തുറമുഖത്തിന്റെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തിട്ടുണ്ട്. നഗരത്തിലെമ്പാടും പോലീസിനെ വിന്യസിച്ചിട്ടുമുണ്ട്.
കോസ്റ്റ്ഗാർഡും നേവിയും കടലിൽ സുരക്ഷയൊരുക്കും. കമ്മീഷനിങ് ചടങ്ങിന് സാക്ഷിയാകാൻ 10,000 പേരെത്തുമെന്നാണ് റിപ്പോർട്ട്. തമ്പാനൂരിൽ നിന്നും കിഴക്കേക്കോട്ടയിൽ നിന്നും കെഎസ്ആർടിസി ബസ് വിഴിഞ്ഞത്തേക്ക് പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.
Read More
- ചാൻസിലറായാൽ മിണ്ടാതിരിക്കണോ? ആശസമരത്തിന് പിന്തുണയുമായി മല്ലിക സാരാഭായ്
- സ്വർണവില താഴേക്ക്; ഒറ്റയടിയ്ക്ക് കുറഞ്ഞത് 1640 രൂപ
- ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
- പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് നാളെ
- തെറ്റ് തിരുത്തും; ലഹരി ഉപയോഗവും മദ്യപാനവും നല്ല ശീലമല്ല: വേടൻ
- ആ ഒരു കേസിൽ പ്രതിയ്ക്കായി ഹാജരായില്ല; എന്നും വാർത്തകളിൽ ഇടം നേടിയ ആളൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.