/indian-express-malayalam/media/media_files/2025/05/02/vizhinjam-international-seaport-1-539664.jpg)
ഫൊട്ടൊ കടപ്പാട്- വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്-എക്സ്
Vizhinjam Port: കേരളത്തിന്റെ സ്വപ്‌ന സാക്ഷാത്കാരമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മിഷനിംങ്. ഐക്യകേരളത്തിന് മുമ്പേ, തന്നെ വിഴിഞ്ഞത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞതാണ്. എങ്കിലും പതിറ്റാണ്ടുകളായി കേരളം കണ്ടിരുന്ന സ്വപ്‌നം യാഥാർഥ്യമാവാൻ കാലമിത്രയും കാത്തിരിക്കേണ്ടി വന്നു.കേരള ചരിത്രത്തിൽ എല്ലാ കാലത്തും നിർണായക കേന്ദ്രമായിരുന്നു വിഴിഞ്ഞമെന്ന് ചരിത്രം പറയുന്നു.
പ്രകൃതി ദത്ത തുറമുഖമായ വിഴിഞ്ഞം ഇന്ന് രാജ്യത്തെ തന്നെ ഏക ആഴക്കടൽ ട്രാൻസ്ഷിപ്പ്‌മെൻറ് തുറമുഖമാണ്. പുരോഗതിയുടെ അനന്ത സാധ്യതകളിലേക്ക് വിഴിഞ്ഞം ഇന്ന് മിഴി തുറക്കുമ്പോൾ കേരളത്തിൻറെ സാമൂഹിക സാമ്പത്തിക ചരിത്രം ഒന്ന് കൂടി ആവർത്തിക്കുകയാണെന്ന് നിസംശയം പറയാം.
ചരിത്രമേറെയുള്ള തുറമുഖം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പറയാനുള്ളത് പൗരാണിക നാവിക ചരിത്രം കൂടിയാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ സമ്പത്തും സമൃദ്ധിയും കടൽ കടന്നു മലയാളക്കരയിലേക്ക് എത്തിയത് ഇതേ വിഴിഞ്ഞം തുറമുഖത്തേക്കാണ്. വിഴിഞ്ഞം ഉൾപ്പെട്ട ഇന്നത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി ജില്ലകളിൽ എട്ടാം നൂറ്റാണ്ടിൽ ആയ് രാജവംശമായിരുന്നു പ്രബല ശക്തി. തെങ്കാശിക്ക് സമീപമുള്ള ആയ്ക്കുടിയിൽ നിന്നും പാണ്ഡ്യന്മാരുടെയും ചോളന്മാരുടെയും ആക്രമണം കൊണ്ട് പൊറുതി മുട്ടിയാണ് ആയ് രാജവംശം വിഴിഞ്ഞത്തേക്ക് തങ്ങളുടെ തലസ്ഥാനം മാറ്റുന്നത്.
തിരുവനന്തപുരത്തിൻറെ പശ്ചിമഘട്ട മലനിരകളിൽ സമൃദ്ധമായി വിളഞ്ഞിരുന്ന കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധ വൃജ്ഞനങ്ങളുടെ കയറ്റു മതി കേന്ദ്രമായി ഇതോടെ വിഴിഞ്ഞം മാറാൻ തുടങ്ങി. എഡി എട്ടാം നൂറ്റാണ്ടിലെ ആയ് രാജാവ് കരുണാന്ദനുമൻ കാന്തല്ലൂർ ശാല എന്ന പുരാതന സർവകലാശാല ആരംഭിച്ചതോടെ വിഴിഞ്ഞം സൈനിക ശക്തി കേന്ദ്രം കൂടിയായി. ഇതിനിടെ ആയ് രാജവംശം മറ്റ് നാട്ടുരാജ്യങ്ങൾ കൂടിചേർന്ന് ചേര രാജവംശമായി പരിണമിച്ചു.
എഡി എട്ടാം നൂറ്റാണ്ടിൽ ചേര രാജാവ് വിക്രമാദിത്യ വരഗുണൻറെ ഭരണകാലത്താണ് ചോളന്മാർ പുരാതന വിഴിഞ്ഞത്തെ വിസ്മൃതിയാക്കിയ സൈനിക മുന്നേറ്റം നടത്തുന്നത്. പിന്നീട് തുടരെ തുടരെയുള്ള ആക്രമണങ്ങളിൽ പിടിച്ച് നിൽക്കാനാകാതെ ചേരന്മാർ വിഴിഞ്ഞം ഉപേക്ഷിച്ചു. പശ്ചിമ ഘട്ടത്തെയും വിഴിഞ്ഞത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ജലപാത പലയിടത്തും വറ്റി വരളാനും കൂടി തുടങ്ങിയതോടെ വാണിജ്യ തുറമുഖമെന്ന നിലയിൽ വിഴിഞ്ഞം തുറമുഖം വീണ്ടും ക്ഷയിക്കാൻ തുടങ്ങി. ബിസി 12-ാം നൂറ്റാണ്ടിന് ശേഷം വിഴിഞ്ഞത്തിന് പഴയ പ്രതാപം വീണ്ടെടുക്കാനായില്ലെന്നും ചരിത്രരേഖകൾ പറയുന്നു.
ആധൂനിക കാലത്തെ സാധ്യതകൾ
1940-കളിൽ സിപി രാമസ്വാമി അയ്യരാണ് ആധൂനിക ഇന്ത്യയിൽ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ ആദ്യം തിരിച്ചറിഞ്ഞത്. സമുദ്ര-വാണിജ്യ മേഖലയുടെ കവാടമായി വിഴിഞ്ഞത്തിന് മാറാൻ കഴിയുമെന്ന് സി.പി. വർഷങ്ങൾക്കു മുന്നേ തിരിച്ചറിഞ്ഞു. സ്വതന്ത്ര്യ ഇന്ത്യയിൽ തൊണ്ണൂറുകളിലാണ് തുറമുഖ നിർമ്മാണം സജീവ ചർച്ചയിലെത്തുന്നത്.
2015 ൽ കരാർ ഒപ്പിട്ടു. അതേവർഷം, ഡിസംബറിൽ നിർമ്മാണം തുടങ്ങി. 2019ൽ പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമെങ്കിലും പ്രതിസന്ധികൾ പലതു തടസമായി. 2024 ജൂലായ് 11ന് ആദ്യ ചരക്കു കപ്പലെത്തി.ട്രയൽറൺ കാലത്തു തന്നെ ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകൾ എത്തിയ അപൂർവം തുറമുഖങ്ങളിലൊന്നാണ് വിഴിഞ്ഞം.
പ്രത്യേകതകൾ നിരവധി
വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേകതകൾ അനവധിയാണ്. പ്രകൃതി ഒരുക്കിയ സ്വഭാവിക ആഴമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. 20 മീറ്ററാണ് ആഴമാണ് വിഴിഞ്ഞത്തുള്ളത്. അതിനാൽ തടസ്സങ്ങളൊന്നുമില്ലാതെ തുറമുഖത്ത് മദർഷിപ്പുകൾ അടുപ്പിക്കാനാവും. സ്വാഭാവിക ആഴമുള്ള,ഏതു കാലാവസ്ഥയിലും കപ്പൽ അടുപ്പിക്കാവുന്ന കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട് എന്ന് വിഴിഞ്ഞത്തെ വിശേഷിപ്പിക്കാനുള്ള പ്രധാന കാരണമിതാണ്.
ഡ്രഡ്ജിങ് ഇല്ലാതെ 20 മീറ്റർ വരെ ആഴം സദാസമയം നിലനിർത്താനാകുന്ന തുറമുഖങ്ങൾ ലോകത്ത് തന്നെ അപൂർവ്വമാണ്. കൊളംബോ, സിംഗപ്പൂർ, ദുബയ് തുടങ്ങിയ തുറമുഖങ്ങളെ അപേക്ഷിച്ചു വിഴിഞ്ഞത്തിന്റെ പ്രാധാന്യം വർധിക്കുന്നത് ഡ്രഡ്ജ് ചെയ്യാതെ തന്നെ ലഭിക്കുന്ന ഈ സ്വാഭാവിക ആഴമാണ്. പദ്ധതി പ്രദേശത്തു മണൽ സഞ്ചാരവും കുറവായത് വിഴിഞ്ഞത്തിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു.
രണ്ട് കപ്പൽ ചാലുകളുടെ സാമീപ്യം
ലോകത്തെ തിരക്കേറിയ രണ്ടു കപ്പൽ ചാലുകളുമായുള്ള സാമീപ്യമാണ് വിഴിഞ്ഞത്തിന്റെ വാണിജ്യ സാധ്യതകൾ വർധിപ്പിക്കുന്നത്. ആഗോള ചരക്കു നീക്കത്തിന്റെ 40 ശതമാനവും വിഴിഞ്ഞത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെ കൂടിയാണ് നടക്കുന്നത്. ആഫ്രിക്ക,യൂറോപ്പ്,മധ്യേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾ സിങ്കപ്പൂർ,ഹോങ്കോങ്,ചൈന,കൊളംബോ എന്നിവിടങ്ങളിലേക്ക് പോകുന്നത് വിഴിഞ്ഞത്തിനു സമീപത്തെ കപ്പൽ ചാലിലൂടെയാണ്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിലെ സൂപ്പർ താരം പുലിമുട്ട് അഥവാ ബ്രേക്ക് വാട്ടറാണ്. അതിസങ്കീർണമായ വിഴിഞ്ഞത്തെ കൂറ്റൻ തിരമാലകളെ നിയന്ത്രിച്ച് വലിയ കപ്പലുകൾക്ക് വിഴിഞ്ഞത്തേക്ക് വഴിയൊരുക്കുന്നു.
ഇനിയും വളരാനുണ്ട്
വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ടം മാത്രമാണ് ഇപ്പോൾ കമ്മിഷനിങ് ചെയ്യുന്നത്. രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾ ഇനിയും പൂർത്തിയാകാനുണ്ട്. 2028 ഓട് കൂടി ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അത് കൂടി പൂർത്തിയാകുമ്പോൾ ബർത്തിന്റെ നീളം 2000 മീറ്ററാകും. അതായത് അഞ്ചു മദർഷിപ്പുകളെ സ്വീകരിക്കാൻ വിഴിഞ്ഞം തുറമുഖം സജ്ജമാകും.
2034 മുതൽ തുറമുഖ വരുമാനത്തിൽ നിന്നുള്ള വിഹിതം കേരളത്തിന് കിട്ടി തുടങ്ങും. തുറമുഖം കേരളത്തിന് സ്വന്തമാകണമെങ്കിൽ 60 വർഷം കാത്തിരിക്കണം. അത്കൊണ്ടു തന്നെഅടുത്ത തലമുറയ്ക്ക് നമ്മൾ കാത്ത് വെയ്ക്കുന്ന നിധിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.
Read More
- സ്വപ്‌ന സാക്ഷാത്കാരം; വിഴിഞ്ഞം തുറമുഖം ഇന്ന് നാടിന് സമർപ്പിക്കും
- ചാൻസിലറായാൽ മിണ്ടാതിരിക്കണോ? ആശസമരത്തിന് പിന്തുണയുമായി മല്ലിക സാരാഭായ്
- സ്വർണവില താഴേക്ക്; ഒറ്റയടിയ്ക്ക് കുറഞ്ഞത് 1640 രൂപ
- ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
- പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് നാളെ
- തെറ്റ് തിരുത്തും; ലഹരി ഉപയോഗവും മദ്യപാനവും നല്ല ശീലമല്ല: വേടൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.