/indian-express-malayalam/media/media_files/X3vv0so9UidyUI8Fwa3x.jpg)
അറസ്റ്റിലായ ഫാക്ടറി ഉടമസ്ഥനായ പ്രതി ഹൈദരാബാദിലെ അറിയപ്പെടുന്ന സിനിമ നിർമാതാവാണ്
തിരുവനന്തപുരം: രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രം തന്നെ കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പൊലീസിന് ചരിത്രനേട്ടം. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കേരള പൊലീസ് കണ്ടെത്തിയത്. 2024 ജൂലൈ രണ്ടിന് തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് എംഡിഎംഎ കൈവശമുണ്ടായിരുന്നയാളെ പിടികൂടിയിരുന്നു.
ചോദ്യം ചെയ്തതിൽ കൈവശം ഉണ്ടായിരുന്നതിനു പുറമേ രണ്ടര കിലോ മയക്കുമരുന്ന് താമസസ്ഥലത്തുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് അത് കണ്ടെടുത്തു. തുടരന്വേഷണത്തിൽ ഇയാൾക്ക് മയക്കുമരുന്ന് നൽകിയ മൂന്നുപേരെ അന്വേഷണസംഘവും തൃശൂർ ലഹരി വിരുദ്ധസേനയും ചേർന്ന് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. മയക്കുമരുന്ന് ഹൈദരാബാദിൽ നിന്നാണ് എത്തിച്ചതെന്ന് ഇവരിൽ നിന്ന് അങ്ങനെയാണ് മനസ്സിലാക്കിയത്. മയക്കുമരുന്ന് ഇവർക്ക് നൽകിയയാളെ ഹൈദരാബാദിലെത്തി അന്വേഷണസംഘം പിടികൂടി. അവിടെയുള്ള മയക്കുമരുന്ന് നിർമ്മാണകേന്ദ്രത്തിന്റെയും ഉടമയുടെയും വിവരവും പ്രതിയിൽ നിന്ന് ലഭിച്ചു. ഹൈദരാബാദ് കക്കാട്ടുപള്ളി നരസിംഹ രാജുവിന്റേതാണ് മയക്കുമരുന്ന് നിർമ്മാണകേന്ദ്രം. അയാളെ അറസ്റ്റ് ചെയ്യുകയും ലഹരിമരുന്ന് നിർമ്മാണകേന്ദ്രം പൊലീസ് കണ്ടെത്തുകയും ചെയ്തു. വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ വൻതോതിൽ മയക്കുമരുന്ന് ഉല്പാദിപ്പിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്.
തൃശ്ശൂർ റീജണൽ ഫോറൻസിക് സയൻസ് ലാബിലെ സയന്റിഫിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ലാബിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ നിർമ്മിക്കുന്ന രാസവസ്തുക്കൾ പിടിച്ചെടുത്തു. പൊലീസിനെ പോലും ഞെട്ടിപ്പിക്കുന്ന ആധുനിക വിദേശ ഉപകരണങ്ങൾ ഫാക്ടറിയിൽ ഉണ്ടായിരുന്നു. മൂത്രാശയം, വൃക്ക എന്നീ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സയ്ക്കായി നിർമ്മിക്കുന്ന മരുന്നുകളുടെ മറവിലാണ് ലഹരിവസ്തുക്കൾ ഉൽപ്പാദിപ്പിച്ചിരുന്നത്.
അറസ്റ്റിലായ ഫാക്ടറി ഉടമസ്ഥനായ പ്രതി ഹൈദരാബാദിലെ അറിയപ്പെടുന്ന സിനിമ നിർമാതാവും കോടീശ്വരനും ആണ്. രണ്ട് പതിറ്റാണ്ടിലേറെയായി കെമിക്കൽ ബിസിനസിലുള്ള ഇയാൾക്ക് വിദേശ രാജ്യങ്ങളിലേക്ക് കെമിക്കൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയുണ്ട്. സിനിമ മേഖലയിലും ഇയാൾ മയക്കുമരുന്ന് വിതരണം നടത്തിയിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു. ലഹരിമരുന്ന് വിദേശത്തേക്കും സിനിമാ മേഖലയിലും വിതരണം നടത്തിയതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ ആർ, മുൻ ഒല്ലൂർ എസിപി മുഹമ്മദ് നദീമുദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണം തുടങ്ങിയപ്പോഴത്തെ ഒല്ലൂർ ഇൻസ്‌പെക്ടർ അജീഷ് എ, ഇപ്പോഴത്തെ ഇൻസ്‌പെക്ടർ ബെന്നി ജേക്കബ്, തൃശ്ശൂർ സിറ്റി ലഹരിവിരുദ്ധ സേനയിലെയും ഒല്ലൂർ പൊലീസ് സ്റ്റേഷനിലേയും എസ്.ഐ മാരായ എഫ്.ഫയാസ്, കെ.സി ബൈജു, രാകേഷ്, ജയൻ ടി. ജി, എ.എസ് ഐമാരായ ടി.വി ജീവൻ, പ്രതീഷ് ഇ. സി, എസ് സി പി ഒ ഉല്ലാസ് പോൾ, സി പി ഒമാരായ എം എസ് ലികേഷ്, കെ.ബി വിപിൻ ദാസ്, അബീഷ് ആന്റണി എന്നിവരും തൃശൂർ റീജണൽ ഫോറൻസിക് സയൻസ് ലാബിലെ സയൻറിഫിക് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ സാഹസികവും ശാസ്ത്രീയവുമായ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read More
- കോഴിക്കോട് ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ ദുരന്തബാധിതമായി പ്രഖ്യാപിക്കും
- മുകേഷിന്റെ രാജി: ഇടതുപക്ഷത്ത് ഭിന്നത
- മുകേഷിന്റെ അറസ്റ്റ്; അഞ്ച് ദിവസത്തേക്ക് കോടതി തടഞ്ഞു
- ഹേമ കമ്മറ്റി: തിമിംഗലങ്ങളുടെ പേരുകൾ ഇപ്പോഴും ഇരുട്ടിലെന്ന് ടി.പത്മനാഭൻ
- കോൺഗ്രസ് എംഎൽഎമാർ രാജി വച്ചില്ലല്ലോ? മുകേഷിന്റെ രാജി ആവശ്യം അംഗീകരിക്കാതെ ഇ.പി.ജയരാജൻ
- നടിയുടെ പരാതി: മണിയൻപിള്ള രാജുവിനും ഇടവേള ബാബുവിനുമെതിരെ കേസ്
- മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.