/indian-express-malayalam/media/media_files/8jM5dIKBnPujZhPJDatB.jpg)
അൻവറിനായി സുധാകരൻ, പറഞ്ഞതിൽ മാറ്റമില്ലെന്ന് സതീശൻ
Nilambur By-Election Updates: കൊച്ചി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പി.വി.അൻവറിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. അൻവറിന് പരസ്യപിന്തുണയുമായി മുൻ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ രംഗത്തെത്തിയതോടെയാണ് കോൺഗ്രസിൽ ഭിന്നത രൂക്ഷമായത്. അൻവർ നിലമ്പൂരിൽ നിർണായക ശക്തിയാണെന്നും യുഡിഎഫ്് ഒപ്പം കൂട്ടണമെന്നുമാണ് സുധാകരൻ ആവശ്യപ്പെട്ടത്. ഇത്തരം കാര്യങ്ങളിൽ ഒറ്റയ്ക്ക് തീരുമാനം എടുക്കുന്നത് ഉചിതമല്ലെന്നും കെ.സുധാകരൻ വ്യക്തമാക്കി.
Also Read: ഇനി യുഡിഎഫിന്റെ കാലുപിടിക്കാനില്ല, പ്രതീക്ഷ കെ.സി.വേണുഗോപാലിൽ: പി.വി.അൻവർ
അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറാണ് ആദ്യം നിലപാട് പറയേണ്ടതെന്ന ഇന്നലെ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും കോൺഗ്രസിൻറെയും യുഡിഎഫിൻറെയും നിലപാടാണ് താൻ പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു. ഇതോടെയാണ് അൻവറിനെ ചൊല്ലി കോൺഗ്രസിൽ വിഡി സതീശനും കെ.സുധാകരനും രണ്ട് തട്ടിലായത്.
പിവി അൻവറിനെ ഒപ്പം കൂട്ടണമെന്ന് നിലപാടാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്വീകരിച്ചത്. പിവി അൻവറുമായി സംസാരിച്ചു. ശുഭകരമായ തീരുമാനത്തിലെത്തും. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒരുമിച്ച് നിർത്തും. ഒരു ഘടകക്ഷിയെ മുന്നണിയിലെടുക്കുമ്പോൾ ചില ഫോർമാലിറ്റീസുണ്ട്.താൻ പറയുന്നതും പ്രതിപക്ഷനേതാവ് പറയുന്നതും ഒരേ കാര്യമാണ്. അന്തിമതീരുമാനം എടുക്കാൻ പ്രതിപക്ഷനേതാവിനെ യുഡിഎഫ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ചില കാലതാമസം സ്വാഭാവികമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, അൻവറിനെ പൂർണമായും തള്ളിയാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തിയത്.അൻവർ യുഡിഎഫ് സ്ഥാനാർഥിയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്ന് സണ്ണി ജോസഫ് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Also Read: താൻ യുഡിഎഫിന്റെ ഭാഗമായിട്ടില്ല; ആര്യാടൻ ഷൗക്കത്തിനെതിരായ നിലപാടിൽ മാറ്റമില്ലെന്നും പിവി അൻവർ
സ്ഥാനാർത്ഥിയെ കോൺഗ്രസ് നേതൃത്വമാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ കോൺഗ്രസിന്റെ ഇലക്ഷൻ കമ്മിറ്റി, നേരിട്ട് യോഗം ചേരാൻ സാധിച്ചില്ല, ഞാനും പ്രതിപക്ഷനേതാവും മുൻ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി ഒറ്റപ്പേരിൽ എത്തി. അത് എഐസിസി പരിശോധിച്ച് പരിഗണിച്ച് അത് പ്രഖ്യാപിച്ചാൽ പിന്നെ യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരാളും പാർട്ടിയും അതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഞങ്ങളെങ്ങനെ അംഗീകരിക്കും. ആ ചോദ്യത്തിന് അൻവർ കൃത്യമായും വ്യക്തമായും ഉത്തരം പറയണം.- സണ്ണി ജോസഫ് മാധ്യമങ്ങളോട് സംസാരിക്കവേ വിശദമാക്കി.
ഹൈക്കമാൻഡ് ചർച്ച നടത്തും
അൻവറിനെ ചൊല്ലി തർക്കം രൂക്ഷമായതോടെ വിഷയത്തിൽ ഇടപെട്ട് ഹൈക്കമാൻഡ്. അൻവറിനെ ഒറ്റപ്പെടുത്തണമെന്ന് ചിന്ത ആർക്കുമില്ലെന്ന് സംഘടനാ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. അൻവറിനെ മോശമാക്കണമെന്ന് ചിന്ത ആർക്കുമില്ല. ആശയവിനിമയത്തിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കും. ഇക്കാര്യം കെ.പി.സി.സി. നേതൃത്വവുമായി ചർച്ചചെയ്യും- കെ.സി.വേണുഗോപാൽ വ്യക്തമാക്കി.
നേരത്തെ, കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പിവി അൻവർ രംഗത്തെത്തിയിരുന്നു. ഇനി യുഡിഎഫിന്റെ കാലുപിടിക്കാനില്ലെന്നും കാലു പിടിക്കുമ്പോ മുഖത്ത് ചവിട്ടരുതെന്നും അൻവർ പറഞ്ഞു. തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുത്തവർ ഇപ്പോൾ ചെളിവാരിയെറിയുന്നു. താൻ ധിക്കാരിയെന്ന് വരുത്തി തീർക്കാനാണ് ശ്രമമെന്നും അൻവർ തുറന്നടിച്ചു.കെ.സി. വേണുഗോപാലിലാണ് തൻറെ പ്രതീക്ഷയെന്നും അൻവർ തുറന്നടിച്ചിരുന്നു.
അൻവർ കോഴിക്കോട്ടേക്ക്
കെ.സി.വേണുഗോപാലുമായി ചർച്ച നടത്താൻ പിവി അൻവർ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. ബുധനാഴ്ച വൈകീട്ടോടെയാണ് കെസി വേണുഗോപാലുമായി കൂടിക്കാഴ്ത നടത്താൻ അൻവർ പുറപ്പെട്ടത്. യുഡിഎഫ് പ്രവേശനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ചർച്ചയിൽ തീരുമാനം ഉണ്ടാകുമെന്നാണ് അൻവർ പ്രതീക്ഷിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.