/indian-express-malayalam/media/media_files/2025/05/26/iXcDEvLqylpJhmtNrJGc.jpg)
ആര്യാടൻ ഷൗക്കത്ത് (ഇടത്), പി.വി.അൻവർ (വലത്)
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ അതൃപ്തി പരസ്യമാക്കി പി.വി.അൻവർ. ആരെയെങ്കിലും എംഎൽഎ ആക്കാനല്ല താൻ രാജിവച്ചതെന്ന് അൻവർ പറഞ്ഞു. പിണറായിസത്തെ തോൽപ്പിക്കാൻ ചെകുത്താന്‍റെ ഒപ്പം നിൽക്കും, പക്ഷെ ചെകുത്താൻ നല്ലത് ആയിരിക്കണം. താൻ മത്സരിക്കുമോ എന്നത് തള്ളുകയും കൊള്ളുകയും വേണ്ടെന്നും അൻവർ പറഞ്ഞു. ഇതോടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ താൻ അംഗീകരിക്കില്ലെന്ന വ്യക്തമായ സൂചന നൽകിയിരിക്കുകയാണ് അൻവർ.
യുഡിഎഫ് പ്രവേശനം വൈകുന്നതിലും അൻവർ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അസോസിയേറ്റഡ് മെമ്പർ ആക്കുമെന്നാണ് പറഞ്ഞത്, അതും ആക്കിയില്ല. അസോസിയേറ്റഡ് മെമ്പർ എന്നാൽ ബസിന്‍റെ വാതിലിൽ നിൽക്കുന്നത് പോലെയാണ്. സീറ്റ് കിട്ടിയാൽ അല്ലേ ഇരിക്കാനാകൂ. യുഡിഎഫ് പ്രവേശനം വേഗം വേണം. സഹകരണം പോരാ, ഘടകകക്ഷിയായി തൃണമൂലിനെ ഉൾപ്പെടുത്തണമെന്നും അൻവർ ആവശ്യപ്പെട്ടു.
Also Read:ഇന്നും അതിശക്തമായ മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതോടെ എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥി നിർണയത്തിനുള്ള തിരക്കിട്ട ചർച്ചകളിലാണ്. യുഡിഎഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലമ്പൂരിൽ ജൂൺ 19 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23 ന് വോട്ടെണ്ണൽ നടക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 2 ആണ്. ജൂൺ മൂന്നിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5 ആണ്.
സിപിഎം സ്വതന്ത്ര എംഎൽഎ പിവി അൻവർ നിലമ്പൂർ നിയോജക മണ്ഡലത്തിൽനിന്നും രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.