scorecardresearch

Kochi Ship Accident: ചരക്കു കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്, ആരും തൊടരുതെന്ന് മുന്നറിയിപ്പ്

Kochi Ship Accident: വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പോയ എംഎസ്‌സി എൽസ 3 എന്ന ചരക്കു കപ്പലാണ് അപകടത്തിൽപ്പെട്ടത്

Kochi Ship Accident: വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പോയ എംഎസ്‌സി എൽസ 3 എന്ന ചരക്കു കപ്പലാണ് അപകടത്തിൽപ്പെട്ടത്

author-image
WebDesk
New Update
news

തീരത്ത് അടിഞ്ഞ കണ്ടെയ്നർ

Kochi Ship Accident: കൊച്ചി: കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ചരിഞ്ഞ എംഎസ്‍‌സി എൽസ 3 ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞു. ഇന്നു പുലർച്ചയോടെ കൊല്ലം തീരദേശത്തെ വിവിധ ഇടങ്ങളിലാണ് കണ്ടെയ്നറുകൾ അടിഞ്ഞത്. പുലർച്ചെ നാലു മണിയോടെ ആലപ്പാട് തീരത്താണ് ആദ്യ കണ്ടെയ്നർ അടിഞ്ഞത്. പിന്നാലെ ചവറയിലെ പരിമണം ഭാഗത്തും ശക്തികുളങ്ങരയിലും കണ്ടെയ്നറുകൾ തീരത്തടിഞ്ഞു. തീരത്ത് അടിഞ്ഞ കണ്ടെയ്നറുകളെല്ലാം കാലിയായിരുന്നു.

Advertisment

ചെറിയഴീക്കല്‍ സിഎഫ്ഐ ഗ്രൗണ്ടിനു സമീപം കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയ നിലയിൽ നാട്ടുകാരാണ് കണ്ടെയ്നര്‍ കണ്ടത്. ഉടന്‍ അധികൃതരെ വിവരം അറിയിക്കുകയും കലക്ടര്‍ എന്‍. ദേവിദാസ്, സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തുകയും ചെയ്തു. കണ്ടെയ്നർ അടിഞ്ഞ പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 

Also Read: വിനാശകാരിയായ എണ്ണപ്പാട; ഓക്സിജൻ ഉത്പാദനം ഇല്ലാതെയാക്കും; അറിയേണ്ടതെല്ലാം

ആലപ്പുഴയിലെ തീരദേശത്തും കണ്ടെയ്നറുകൾ അടിയാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ചരക്കു കപ്പലിൽ നിന്നുള്ള വസ്തുക്കളെന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത് പോകരുത്, ഉടൻ തന്നെ 112 വിൽ അറിയിക്കുക. ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കുക. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നിൽക്കുവാൻ ശ്രദ്ധിക്കുക. പൊതുജനങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇത് മത്സ്യത്തൊഴിലാളികൾക്കും ബാധകമാണ്.

Advertisment

news

കപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിയുകയാണ്. കണ്ടെയ്നറുകള്‍ പരിശോധിച്ചശേഷമായിരിക്കും സ്ഥലത്ത് നിന്ന് മാറ്റുകയെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആലപ്പുഴ ജില്ലാ കലക്ടര്‍ അറിയിച്ചു. ജാഗ്രത നിര്‍ദേശം തുടരുന്നുണ്ടെന്നും ആളുകള്‍ അടുത്തേക്ക് പോകരുതെന്നും കലക്ടര്‍ പറഞ്ഞു.

Also Read:കടലിൽ എണ്ണ പടരുന്നു; 36-48 മണിക്കൂറിനുള്ളിൽ ആലപ്പുഴ, അമ്പലപ്പുഴ, ആറാട്ടുപുഴ തീരങ്ങളിലെത്തിയേക്കും

വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പോയ എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണ് അപകടത്തിൽപെട്ടത്. 28 വർഷം പഴക്കമുള്ള കപ്പലാണിത്. 1997 ലാണ് നിർമ്മിച്ചത്. കടലിൽ ചരിഞ്ഞ കപ്പൽ പിന്നീട് പൂർണമായും മുങ്ങുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. കപ്പലിൽ 643 കണ്ടെയ്നറുൾ ഉണ്ടായിരുന്നതായാണ് വിവരം. ഇതിൽ 73 എണ്ണവും കാലിയാണ്. കണ്ടെയ്നറിൽ എന്താണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. സൾഫർ കലർന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്.

Read More

Ship Kochi Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: