scorecardresearch

'സമാനതകളില്ലാത്ത ധീരനേതാവ്,' സീതാറാം യെച്ചൂരിയെ ഓർത്ത് പിണറായി വിജയൻ

അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാർത്ത കേൾക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു

അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാർത്ത കേൾക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
sitaram yechury

സീതാറാം യെച്ചൂരി

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാർത്ത കേൾക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisment

വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് ഉയർന്നു വന്ന അദ്ദേഹം ഒൻപത് വർഷക്കാലം സിപിഐഎമ്മിന്റെ ജനറൽ സെക്രട്ടറിയായി വൈഷമ്യമേറിയ രാഷ്ട്രീയ ഘട്ടങ്ങളിലൂടെ പാർട്ടിയെ നിയിച്ചു. പാർട്ടിയുടെ നേതൃപദവികളിലിരുന്ന് കൃത്യമായ നിലപാടുകൾ രൂപീകരിച്ചുകൊണ്ട് സിപിഐഎമ്മിനും ഇടതുപക്ഷത്തിനു പൊതുവിലും ഇന്ത്യൻ രാഷ്ട്രീയത്തിനാകെത്തന്നെയും മാർ​ഗനിർദ്ദേശകമാവിധം സീതാറാം പ്രവർത്തിച്ചു. 

രാജ്യവും ജനങ്ങളും ​ഗുരുതരമായ പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ സീതാറാമിന്റെ അഭാവം രാജ്യത്തിന് പൊതുവിൽ തന്നെ നികാത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വച്ചാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചത്. 

രാഷ്ട്രീയത്തിലെ പ്രായോഗികതയ്ക്ക് മുൻതൂക്കം നൽകിയ നേതാവാണ് സീതാറാം യെച്ചൂരിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. "വ്യക്തതയുള്ള നിലപാടുകളുമായി പ്രത്യയ ശാസ്ത്രത്തിൻ്റെ അടിസ്ഥാന തത്വങ്ങളിൽ അടിയുറച്ച് നിൽക്കുമ്പോഴും പ്രായോഗികതയുള്ള രാഷ്ട്രീയ സമീപനമായിരുന്നു സീതാറാം യെച്ചൂരിയുടേത്. സൈദ്ധാന്തിക കടുംപിടുത്തങ്ങൾക്കും അപ്പുറം രാഷ്ട്രീയത്തിലെ  പ്രായോഗികതയ്ക്ക് മുൻതൂക്കം നൽകിയ നേതാവ്.

Advertisment

ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടാതെയും ഇന്ത്യ എന്ന ആശയത്തെ നിലനിർത്തിയും മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാനാകൂവെന്ന് യെച്ചൂരി അടിയുറച്ച് വിശ്വസിച്ചു. അതിൽ കോൺഗ്രസിൻ്റെ നേതൃപരമായ പങ്കിനെ കുറിച്ച് യെച്ചൂരിക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. കൃത്യമായും വ്യക്തമായും ആ രാഷ്ട്രീയ സമീപനം യെച്ചൂരി തുറന്നു പറഞ്ഞിട്ടുമുണ്ട്.

ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരിക്കുമ്പോഴും നിലപാടിലെ കാർക്കശ്യം അദ്ദേഹം തുടർച്ചയായി  ബോധ്യപ്പെടുത്തി കൊണ്ടിരുന്നു. ഹർകിഷൻ സിംഗ് സുർജിത്തിന് ശേഷം രാജ്യം വലിയ തോതിൽ ശ്രദ്ധിച്ച സി.പി.എം ജനറൽ സെക്രട്ടറി കൂടിയായിരുന്നു സീതാറാം യെച്ചൂരി. കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഊഷ്മളമായ ബന്ധം കാത്ത് സൂക്ഷിച്ച നേതാവാണ് യെച്ചൂരി. ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിലും യെച്ചൂരിയുടെ കയ്യൊപ്പുണ്ട്. എനിക്ക് വ്യക്തിപരമായി അടുത്ത് പരിചയമുള്ള നേതാവ് കൂടിയാണ് യെച്ചൂരി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു, വി.ഡി സതീശൻ പറഞ്ഞു."

സഖാവ് സീതാറാം യെച്ചൂരി ദാർശനിക വ്യക്തതയോടെ, ബഹുജന പ്രസ്ഥാനങ്ങൾക്കായി ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക ഭൂപ്രകൃതി രൂപപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തം ഏറ്റെടുത്ത നേതാവായിരുന്നു എന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തെ സമരങ്ങളിലൂടെ ജന നേതാവായി ഉയർന്നുവന്ന രാഷ്ട്രീയ പ്രവർത്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇന്ത്യയ്ക്ക് തന്നെയും ഇടതുപക്ഷത്തിനും,  പ്രത്യേകിച്ച് സിപിഐഎമ്മിനും വലിയ നഷ്ടമാണ് ഉണ്ടായത്.  വ്യക്തിപരമായി എനിക്കും വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അത്ര അടുത്ത ബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. റെഡ് സല്യൂട്ട്, സഖാവെ,"-  വി. ശിവൻകുട്ടി.

സീതാറാം യെച്ചൂരിയുടെ വിയോഗം അത്യന്തം വേദനാജനകമാണെന്ന്, സിപിഐഎം സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിലൂടെ പങ്കുവച്ചു. "സിപിഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നുവെന്ന വർത്ത കേരളത്തിലെ പാർട്ടി പ്രവർത്തകർക്കാകെ അത്യന്തം വേദനാജനകമാണ്. കേരളത്തെ സ്നേഹിക്കുകയും ഇവിടുത്തെ പാർട്ടിയെയും സംഘടനയെയും രാഷ്ട്രീയവും സംഘടനാപരവുമായി ഏറെ സഹായിക്കുകയും ചെയ്ത ഉന്നതനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് സഖാവിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. 

കേരളത്തിലെ പാർട്ടിക്ക് ആശയപരവും സംഘടനാപരവുമായ കരുത്ത് നൽകിയ നേതാവ് കൂടിയാണ് നമ്മെ കടന്നുപോകുന്ന സഖാവ് സീതാറാം. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം അൽപസമയം മുമ്പാണ് നമ്മോട് വിടപറഞ്ഞത്. സിപിഐ എമ്മിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും  ഇടതുപക്ഷ പാർട്ടികളുടെയും രാജ്യത്തെ ഏറ്റവും പ്രധാന നേതാവായിരുന്നു സഖാവ് സീതാറാം.

സഖാവ് സീതാറാമിന്റെ വിയോഗം സിപിഐ എമ്മിനും ജനാധിപത്യ മതേതര വിശ്വാസികൾക്കും രാജ്യത്തിനാകെയും തീരാവേദനയും നഷ്ടവുമാണ്. അദ്ദേഹത്തിന്റെ വേർപാടിന് മുന്നിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സഖാവ് സീതാറാമിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് മൂന്നു ദിവസം ദുഃഖാചരിക്കും. സമ്മേളനങ്ങളടക്കം എല്ലാ പാർട്ടി പരിപാടികളും മാറ്റി വെക്കും.  ശനിയാഴ്ച വൈകിട്ട് നാലിന് ശേഷം ലോക്കൽ അടിസ്ഥാനത്തിൽ അനുശോചന പരിപാടികൾ സംഘടിപ്പിക്കും. ദുഃഖസൂചകമായി ഒരാഴ്ച പാർടി പതാക താഴ്ത്തിക്കെട്ടും,"- സിപിഐഎം സംസ്ഥാന കമ്മിറ്റി.

സീതാറാം യെച്ചൂരിയുടെ വേർപാടിൽ സിപിഐഎം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തി. ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ മികച്ച നേതാവും അറിയപ്പെടുന്ന മാർക്‌സിസ്റ്റ് സൈദ്ധാന്തികനുമായ സീതാറാം യെച്ചൂരി ഉന്നത നേതാവായിരുന്നെന്ന് പിബി പറഞ്ഞു.

ഫാസിസത്തിനും നവകോളണീകരണത്തിനുമെതിരായ ഇന്ത്യയുടെ ശക്തമായ നാവാണ് നിലച്ചുപോയിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. ഏറ്റവും നിർണ്ണായകമായ കാലത്ത് മതനിരപേക്ഷ ഇന്ത്യയുടെ പതാക ഉയർത്തിപ്പിടിക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തിന് സംഭാവന ചെയ്ത വിപ്ലവപ്രതിഭയെയാണ് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി അനുസ്മരിച്ചു.

Read More

Sitaram Yechury

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: