scorecardresearch

"നരേന്ദ്രമോദി ശക്തനായ നേതാവ്;" ബിജെപി പ്രവേശനത്തിന് പിന്നാലെ പദ്മജ വേണുഗോപാല്‍

കഴിഞ്ഞ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും മറുപടിയുണ്ടായിരുന്നില്ലെന്ന് പത്മജ

കഴിഞ്ഞ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും മറുപടിയുണ്ടായിരുന്നില്ലെന്ന് പത്മജ

author-image
WebDesk
New Update
Padmaja Venugopal, New

പത്മജയെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ അവസാന നീക്കവും ഫലം കണ്ടില്ല

ഡൽഹി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. ബിജെപി പ്രവേശത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തനായ നേതാവാണെന്നും, കോണ്‍ഗ്രസിന് മികച്ച നേതൃത്വം ഇല്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

Advertisment

ആദ്യമായാണ് പാര്‍ട്ടി മാറുന്നതെന്നും, കോണ്‍ഗ്രസില്‍ സന്തോഷവതി ആയിരുന്നില്ലെന്നും, കഴിഞ്ഞ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും മറുപടിയുണ്ടായിരുന്നില്ലെന്നും പത്മജ പറഞ്ഞു. "വര്‍ഷങ്ങളായി കോണ്‍ഗ്രസുമായി അകന്നുകഴിയുകയായിരുന്നു, തനിക്ക് സമാധാനപരമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തണം, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മികച്ച നേതൃത്വം ഇല്ലെ. മോദിജി ശക്തനായ നേതാവാണ്," പദ്മജ കൂട്ടിച്ചേർത്തു. 

തിരെഞ്ഞുടുപ്പിൽ തന്നെ തോൽപ്പിച്ചത് ആരാണെന്ന് അറിയാമെന്നും, വിഷയം ഉന്നയിച്ച് നൽകിയ പരാതി പരിഗണിക്കാതെ ചവറ്റുകുട്ടയിലേക്ക് പോയെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു. 'തന്നെ തേൽപ്പിച്ച് വ്യക്തിയെ തന്നെ കോൺഗ്രസ് മണ്ഡലത്തിൽ നിർത്തി. അതുകൊണ്ട് അവിടെയും പ്രവർത്തിക്കാൻ കഴിയാതെയായി. തൃശൂരിൽ പോലും പോകാൻ പറ്റാതെയായി. അവർ എന്നെ വല്ലാതെ ദ്രോഹിച്ചിട്ടുണ്ട്. രാഷ്ട്രീയം അവസാനിപ്പിച്ചാലോ എന്നുപോലും ആലോചിച്ചിരുന്നു,' പദ്മജ പറഞ്ഞു.

ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് പദ്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവദേക്കറുടെ വീട്ടിൽ വച്ച് നടത്തിയ ചര്‍ച്ചകൾക്ക് ശേഷമാണ് പദ്മജ ബിജെപി ഓഫീസിലെത്തിയത്.  ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി ഡല്‍ഹിയില്‍ ഇന്നലെ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പാര്‍ട്ടി അംഗത്വമെടുക്കാന്‍ പത്മജ വേണുഗോപാല്‍ വ്യാഴാഴ്ച തീരുമാനിച്ചത്. ഒഴിവുള്ള ഗവർണർ സ്ഥാനം ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്

 ബിജെപി നേതൃത്വവുമായുള്ള ചർച്ചകൾ പൂർത്തീകരിച്ചുവെന്നും വൈകിട്ട് ബിജെപി അംഗത്വം സ്വീകരിക്കുമെന്നും പത്മജ വ്യക്തമാക്കിരുന്നു. തന്നെ ബിജെപി ആക്കുന്നത് കോൺഗ്രസ് തന്നെയാണെന്നും പാർട്ടിയുടെ ഭാഗത്ത് നിന്നും വളരെ വലിയ അവഗണനയാണ് നേരിട്ടതെന്നും പത്മജ പറഞ്ഞു. 

Advertisment

ഏറെ മടുത്തതുകൊണ്ടാണ് കോൺഗ്രസ് വിടാനുള്ള തീരുമാനമെടുത്തതെന്നും സമാധാനത്തോടെയുള്ള രാഷ്ട്രീയ പ്രവർത്തനം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും പത്മജാ വേണുഗോപാൽ പറഞ്ഞു. തന്റെ തീരുമാനം കെ.കരുണാരന്റെ ആത്മാവിനെ വേദനിപ്പിക്കുമെന്ന കെ.മുരളീധരന്റെ പ്രസ്താവനയക്കും പത്മജ മറുപടി നൽകി. ജീവിച്ചിരുന്ന കാലത്ത് കെ.കരുണാകരനെ ഏറെ വേദനിപ്പിച്ചയാളാണ് മുരളീധരനെന്നും രാഷ്ട്രീയത്തിന്റെ പേരിൽ താനുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെങ്കിൽ ആ തീരുമാനം മുരളീധരന് ഭാവിയിൽ മാറ്റേണ്ടി വരുമെന്നും പത്മജ പ്രതികരിച്ചു. 

അതേ സമയം പത്മജയെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ അവസാന നീക്കവും ഫലം കണ്ടില്ല എന്നാണ് വിവരം. രാജ്യസഭാ സീറ്റ് നിഷേധിച്ചതടക്കമുള്ള പാർട്ടിയിൽ നിന്നുള്ള അവഗണനയും കെ.കരുണാകരന്റെ സ്മാരകം നിർമ്മിക്കുന്നതിൽ പാർട്ടി നേതൃത്വം പുലർത്തുന്ന നിസംഗതയുമാണ് പാർട്ടി വിടാനുള്ള കാരണങ്ങളായി പത്മജ ഉയർത്തിക്കാട്ടുന്നത്. 

എന്നാൽ പത്മജയ്ക്ക് വേണ്ട എല്ലാ പരിഗണനകളും നൽകിയിട്ടുണ്ട് എന്നതാണ് ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന വിശദീകരണം. തിരഞ്ഞെടുപ്പുകളിൽ അവസരവും കെ.ടി.ഡി.സി ചെയർമാൻ സ്ഥാനവും പാർട്ടിയിൽ വേണ്ട നേതൃസ്ഥാനവും പത്മജയ്ക്ക് നൽകിയിട്ടുണ്ടെന്നും പാർട്ടി നേതൃത്വം വിശദീകരിക്കുന്നു. പത്മജയുടെ ബിജെപി പ്രവേശനം സംബന്ധിച്ച നീക്കങ്ങൾ നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്നാണ് വിവരം.

അതേ സമയം ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പത്മജയുടെ നീക്കത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം. ആര് ബിജെപിയിൽ ചേരുന്നു എന്നതല്ല മറിച്ച് കോൺഗ്രസിന്റെ വിശ്യാസ്യത ഇല്ലാതാകുന്നു എന്നതാണ് പ്രധാന കാര്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഡസൻ കണക്കിന് നേതാക്കളാണ് കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് കൂടു മാറുന്നത്. അതിനാൽ തന്നെയാവും കേരളത്തിൽ തങ്ങൾ രണ്ടക്ക സീറ്റുകൾ നേടുമെന്ന് ബിജെപി പറയുന്നത്. മത്സരിച്ച് ജയിക്കുന്ന കോൺഗ്രസ് എംപിമാർ നാളെ ബിജെപിയിലേക്ക് മാറുന്നതിനെ ആവും അവർ ഉദ്ദേശിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു.  

നിലവിൽ ഡൽഹിയിലുള്ള പത്മജ ബിജെപിയുടെ ദേശീയ ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. ദേശീയ നേതാക്കളുമായി കഴിഞ്ഞ ദിവസം ഇവര്‍ ചർച്ച നടത്തിയതായും വിവരങ്ങൾ പുറത്തുവന്നിരുന്നു. ഫെയ്സ്‌ബുക്ക് പ്രൊഫൈലിൽ നിന്നും കോൺഗ്രസ് എന്നത് നീക്കിയ പത്മജ  ഇന്ത്യൻ പൊളിറ്റിഷൻ ഫ്രം കേരളയെന്നാണ് പുതുതായി എഴുതി ചേർത്തത്.

Read More

Congress Bjp Kerala Politics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: