/indian-express-malayalam/media/media_files/TSk1hqBP9wBZrmZML8T1.jpg)
പ്രതിപക്ഷ നേതാവ് സ്പീക്കറെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി
തിരുവനന്തപുരം:പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള പോർവിളി ശക്തമായതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നേരത്തെ, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ നിയമസഭ 12 മണിക്ക് അടിയന്തപ്രമേയം ചർച്ചയ്‌ക്കെടുക്കാൻ ഇരിക്കെയാണ് ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞത്.
രാവിലെ ചോദ്യോത്തര വേള തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതിനിടെ ആരാണ് പ്രതിപക്ഷ നേതാവെന്ന് ചോദ്യം സ്പീക്കർ എഎൻ ഷംസീർ ഉന്നയിച്ചത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. സ്പീക്കർക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എംബി രാജേഷും രംഗത്തെത്തിയതോടെ നാടകീയ രംഗങ്ങളാണ് പിന്നീട് നിയമസഭയിൽ അരങ്ങേറിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും മുഖ്യമന്തിയും തമ്മിൽ നേർക്കുനേർ വാക്‌പോരിനും സഭ ഇന്ന് സാക്ഷ്യം വഹിച്ചു. അതിനിടെ സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷ അംഗങ്ങൾ കയറി. ഇതിനിടെ വാച്ച് ആൻഡ് വാർഡൻമാരും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ കയ്യാങ്കളിയും ഉണ്ടായി. ഇതോടെയാണ് സഭ ഇന്നത്തേക്ക് നിർത്തിവെക്കാൻ സ്പീക്കർ തീരുമാനിച്ചത്.
രാവിലെ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളുടെ നക്ഷത്രചിഹ്നം ഒഴിവാക്കിയ നിയമസഭ സെക്രട്ടേറിയറ്റിന്റെയും സർക്കാരിന്റെയും നടപടിക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉന്നയിച്ചു. മന്ത്രിമാർ ചോദ്യത്തിന് ഉത്തരം നൽകാതിരിക്കാനാണ് ഇത്തരത്തിൽ നടപടിയെങ്കിൽ പ്രതിപക്ഷം ചോദ്യം ചോദിക്കില്ലെന്ന് തീരുമാനിക്കേണ്ടി വരും. സ്പീക്കറുടെ മുൻകാല റൂളിങ്ങുകൾ ലംഘിച്ചു കൊണ്ടുള്ളതാണ് നടപടിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
എന്നാൽ ഇതിൽ യാതൊരു വിധത്തിലുള്ള വിവേചനവും ചെയർ കാണിച്ചിട്ടില്ലെന്ന് സ്പീക്കർ അറിയിച്ചു. ഭരണപക്ഷ എംഎൽഎമാർ സമർപ്പിക്കുന്ന നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ചട്ടം 36 (2) പ്രകാരം നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമാക്കി മാറ്റിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ പരാതിയിൽ ഉന്നയിച്ചിട്ടുള്ള പരാതിയിൽ നോട്ടീസുകളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തിലും, തദ്ദേശീയ പരിഗണന മാത്രമുള്ളത് പരിഗണിച്ചാണ് നക്ഷത്ര ചിഹ്നം ഒഴിവാക്കിയിട്ടുള്ളത്. ഇതിൽ മനപൂർവമായ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.
എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചു. സർക്കാരിന്റെ കൊള്ളരുതായ്മകൾക്ക് സ്പീക്കർ കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. മടിയിലെ കനമാണ് പ്രശ്നമെന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ നേതാവ് സ്പീക്കറെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണെന്ന് സതീശൻ തെളിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ചോദ്യവും വെട്ടിയിട്ടില്ലെന്നും, ഒരു ചോദ്യത്തിനും ഉത്തരം മറച്ചു വെക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More
- ലൈംഗികാതിക്രമ കേസ്; നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി
- കൊല്ലം എറണാകുളം സ്പെഷ്യൽ മെമു സമയക്രമത്തിൽ മാറ്റം
- ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
- ഒടുവിൽ നടപടി: എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലകളിൽ നിന്ന് നീക്കി
- മലബാറിൽ പുതിയ ജില്ല വേണം;നയം വ്യക്തമാക്കി അൻവറിന്റെ സംഘടന
- അൻവറുമായി സംഖ്യത്തിനില്ല;നിലപാട് വ്യക്തമാക്കി ഡിഎംകെ
- കെടി ജലീലിന്റെ നികൃഷ്ടമായ പ്രസ്താവനയെന്ന് മുസ്ലിം ലീഗ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us