/indian-express-malayalam/media/media_files/TCzoIlpoSsVpjkFT70HD.jpg)
പന്തീരടി മനയിൽ ഓണപ്പൊട്ടൻമാർ എത്തിയപ്പോൾ
കൊച്ചി: പതിവുതെറ്റാതെ ഉത്രാടപ്പുലരിയിൽ പന്തീരടി തറവാട്ട് മുറ്റത്ത് ഓണപ്പൊട്ടൻമാരെത്തി. എട്ടുകെട്ട് തറവാടിന്റെ പൂമുഖപ്പടിയിൽ ആടയും കീരിടവും ഓലക്കുടയുമേന്തി വന്ന ഓണപ്പൊട്ടൻമാരെ തറവാട്ടംഗങ്ങൾ സ്വീകരിച്ചു. കാരണവർ അരിയും കോടിയും ദക്ഷിണയും നൽകി സ്വീകരിച്ചു. തറവാട്ടിലെ എല്ലാവരെയും അനുഗ്രഹിച്ച ഓണപ്പൊട്ടൻമാർ, പുറത്തേക്കിറങ്ങി. ഇനി ഓണത്തിന്റെ വരവറിയിച്ചുള്ള ദേശസഞ്ചാരം. ആരോടും മിണ്ടാതെ ഉരിയാടാതെ പരമാവധി വീടൂകളിൽ എത്തണം. എല്ലാവർക്കും ഐശ്വര്യവും നല്ലകാലവും നേരണം. മലബാറിലെ ഗ്രാമീണ വിശുദ്ധിയുടെ ദേശസഞ്ചാരം ഇവിടെ തുടങ്ങുകയാണ്.
ഐശ്വര്യം ചൊരിഞ്ഞ് യാത്ര
മലബാറിലെ ഗ്രാമ വീഥികളിൽ ഓണത്തിന്റെ വരവറിയിച്ച് എത്തുന്ന കെട്ടിക്കോലമാണ് ഓണപ്പൊട്ടൻ. ഉത്രാടത്തിന് കോഴിക്കോട് നിട്ടൂർ ഗ്രാമത്തിലുള്ള പന്തീരടി മനയിലാണ് ആദ്യം ഓണപ്പൊട്ടൻമാർ എത്തുന്നത്. അവിടെ നിന്ന്, ദക്ഷിണ വാങ്ങി വേർപിരിഞ്ഞ് ഓരോ വീടുകളിലും കയറി അനുഗ്രഹം നൽകി മടങ്ങും.
നിട്ടൂർ വെള്ളൊലിപ്പിൽ മലയ സമുദായത്തിൽ ഉൾപ്പെട്ടവർക്കാണ് ഓണപ്പൊട്ടൻ വേഷം കെട്ടാനുള്ള അവകാശം."പണ്ട് വടയത്തായിരുന്നു ഓണപ്പൊട്ടൻ വേഷം കെട്ടിയിരുന്ന മലയസമുദായക്കാരുടെ ദേശം. അവിടെ നിന്ന് നടന്ന് പന്തീരടിമനയിൽ എത്താൻ സമയം എടുക്കുമെന്നതിനാൽ ഒരു കാരണവരാണ് നീട്ടൂർ വെള്ളൊലിപ്പിലേക്ക് ഇവരെ മാറ്റിപാർപ്പിച്ചത്. അതുകൊണ്ടാണ് അവർ മനയിലെത്തിയ ശേഷം ദേശയാത്ര തുടങ്ങുന്നത്."പന്തീരടി മനയിലെ അംഗമായ കപ്പേക്കാട്ട് പ്രകാശൻ പറഞ്ഞു
മണിക്കിലുക്കി ഓരോ വീട്ടിലുമെത്തുന്ന ഓണപ്പൊട്ടനെ ദക്ഷിണ നൽകി വീട്ടുകാർ സ്വീകരിക്കും. പിന്നെ, അരിനിറച്ച നാഴിയിൽ നിന്ന് അല്പം അരിയെടുത്ത് പൂവും ചേർത്ത് ചൊരിഞ്ഞ് അനുഗ്രഹം നൽകി അടുത്ത വീട്ടിലേക്ക്. ഓണപ്പൊട്ടനെ വിളക്കും അരിയും, കിണ്ടിയിൽ വെള്ളവും നിറച്ച് വെച്ചാണ് ഓരൊ വീട്ടുകാരും സ്വീകരിക്കുന്നത്.
എല്ലാവരും ഓണപ്പൊട്ടന് കൈ നീട്ടവും നൽകുന്നു.ഒരിടത്തും നിൽക്കാതെ ഗ്രാമീണ വഴികളിലൂടെ വേഗത്തിലുള്ള നടപ്പാണ് ഓണപ്പൊട്ടന്റേത്. പരമാവധി വീടുകളിലെത്താനുള്ള പ്രയത്നമാണത്. ഓണപ്പൊട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്യും. മണികിലുക്കിയാണ് വരവ്.
മിണ്ടാതെ...ഉരിയാടാതെ
ഓണപ്പൊട്ടൻ വാ തുറന്ന് ഒന്നും ഉരിയാടാറില്ല. അതുകൊണ്ടാണ് ഓണപ്പൊട്ടൻ എന്ന വിളിപ്പേര് ഉണ്ടായതും. വൈകിട്ട് ഏഴിന് വീട്ടിൽ തിരിച്ചെത്തും വരെ ആരോടും മിണ്ടാൻ പാടില്ലെന്നാണ് ചിട്ട.
ഉത്രാടപ്പുലരിയിൽ തുടങ്ങുന്ന ഓണപ്പൊട്ടന്റെ യാത്ര തിരുവോണ ദിവസം വൈകീട്ട് വരെയുണ്ടാവുമെന്ന് പ്രദേശവാസിയും അധ്യാപകനുമായ പിപി ദിനേശൻ പറയുന്നു. "മലബാറിലെ ഗ്രാമങ്ങളിൽ ഓണം എന്നാൽ ആദ്യം മനസ്സിലെത്തുന്ന ചിത്രം ഓണപ്പൊട്ടന്റെയാണ്. ഓണേശ്വരൻ എന്നും ഈ തെയ്യക്കോലത്തിന് വിളിപ്പേരുണ്ട്. ഓണപ്പൊട്ടൻ മഹാബലിയുടെ പ്രതിരൂപമാണെന്നാണ് പഴമക്കാരുടെ വിശ്വാസം."-ദിനേശൻ പറയുന്നു.
മനോഹരം... വേഷം
ഓണപ്പൊട്ടന്റെ വേഷവും മനോഹരമാണ്. മനയോലയും ചായില്യവും ചേർത്ത മുഖത്തെഴുത്ത്. ചൂഡകവും ഹസ്തകടവും ചേർന്ന ആടകൾ. തെച്ചിപ്പൂവിനാൽ അലങ്കരിച്ച പൊക്കമുള്ള കിരീടം. ചിത്രത്തുന്നലുള്ള ചുവന്ന പട്ടും ഉടുക്കും. തോളിൽ സഞ്ചിയും കൈയ്യിൽ ചെറിയ ഓലക്കുടയും ഉണ്ടാകും.ഇതാണ് ഓണപ്പൊട്ടന്റെ വേഷം.
എന്നാൽ, ഒറ്റനോട്ടത്തിൽ ഓണപ്പൊട്ടനെ വ്യത്യസ്തനാക്കുന്നത് താടിയാണ്.കമുകിൻ പൂക്കുല കൊണ്ടുള്ള നീണ്ട വെള്ളത്താടി ഓണപ്പൊട്ടൻ ചുണ്ടിന് മുകളിലാണ് കെട്ടുക. അതുകൊണ്ട് മൗനിയായ ഓണപ്പൊട്ടൻ ചുണ്ടനക്കിയാലും ആരും കാണില്ല. നാല്പത്തിയൊന്നു ദിവസത്തെ ചിട്ടയായ വ്രതത്തിനു ശേഷം ഉത്രാടം നാളിൽ പുലർച്ചെ കുളിച്ച്, പിതൃക്കൾക്ക് കലശം സമർപ്പിച്ച് പൂജ നടത്തിയാണ് വേഷം കെട്ടുക.
സമയം എടുത്ത് വേഷം നിർമാണം
കാണാൻ മനോഹരമെങ്കിലും നിരവധി ദിവസത്തെ പ്രയ്‌നത്തിനൊടുവിലാണ് ഓണപ്പൊട്ടന്റെ വേഷം നിർമിക്കുന്നത്. ഓണപ്പൊട്ടൻ വേഷം കെട്ടുന്നവരും കുടുംബാഗംങ്ങളും സുഹൃത്തുക്കളും ചേർന്നാണ് ഈ വേഷം നിർമിക്കുന്നത്. കാലം മാറുന്നതിനനുസരിച്ച് പരമ്പരാഗത വസ്ത്രനിർമാണത്തിന് ആവശ്യമായ സാധനങ്ങൾ ലഭിക്കാത്തത് ഇവരെ ബാധിക്കുന്നുണ്ട്. ഇത്തവണ ഒൻപത് പേരാണ് ഓണപ്പൊട്ടൻ വേഷമിടുന്നത്. ജനുവരിയോടെ തുടങ്ങുന്ന നിർമാണമാണ് ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തിൽ പൂർത്തിയാകുന്നത്.
ഓണത്തപ്പന്റെ വേഷ നിർമാണം മാസങ്ങൾ നീണ്ട പ്രയ്‌നത്തിനൊടുവിലാണ് പൂർത്തിയാകുന്നതെന്ന് ഓണപ്പൊട്ടൻ വേഷം കെട്ടുന്ന നീട്ടുർ വെള്ളൊലിപ്പിൽ വീട്ടിൽ രാജേഷ് പണിക്കർ പറയുന്നു.
/indian-express-malayalam/media/media_files/aabQXySwQjcSNE5t17hs.jpg)
ഓണപ്പൊട്ടൻമാരുടെ വേഷനിർമാണം
"കദളി വാഴയുടെ പോള കൊണ്ട് ചീന്തിയെടുക്കുന്നതാണ് മുടിയും താടിയും. ഒറോപ്പ കൈത ചീന്തിയെടുത്ത് അതിന്റെ നാരു കൊണ്ടുണ്ടാക്കുന്നതാണ് കിരീടം.ആഭരണങ്ങളിൽ പ്രധാനമായ വള നിർമ്മിക്കുന്നത് മുരിക്ക് കൊണ്ടാണ്.ഒരു വർഷം മുമ്പെ മുരിക്ക് മുറിച്ച് പുകയത്ത് വെച്ച് ഉണക്കിയ ശേഷം കൈകൊണ്ട് ചെത്തിയെടുക്കുന്നതാണ് വളകൾ.ചുവപ്പ് കച്ചമുണ്ട് (കാണി) മുന്നാക്ക്, ഓലക്കുട, മണി, ദക്ഷിണ വാങ്ങിയെടുക്കാനുള്ള തോൾ സഞ്ചി (തൊക്കാമ്പ്) ഇതൊക്കെ വസ്ത്രത്തിൽ ഉൾപ്പെടുന്നതാണ്. മുഖത്ത് പുരട്ടാനുള്ള ഛായങ്ങളിൽ ചായില്യം മനയോലയിൽ ചേർത്തതും, നിലവിളക്കിന്റെ കരി ഉപയോഗിച്ചുള്ള പുരികം എഴുത്തും പ്രധാനമാണ്."-രാജേഷ് പണിക്കർ പറഞ്ഞു.
Read More
- ക്രിസ്മസിന് മാത്രമല്ല; ഇവിടെ ഓണത്തിനുമുണ്ട് കരോൾ
- കാണാൻ കാഴ്ചകളേറെ...അറിയാം ആറൻമുളയുടെ പെരുമ
- ജെയിംസ് പറയുന്നു...ചീനവലയുടെ അറിയാക്കഥകൾ
- മുരളിയുടെ കരുതൽ പ്രകൃതിക്കും നാളേക്കും
- ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി അടിയ്ക്കടിയുള്ള പ്രകൃതി ദുരന്തങ്ങൾ
- കോട്ടയത്ത് വീണ്ടും ആമ്പൽ വസന്തം
- വിപ്ലവം പറഞ്ഞ് കോട്ടപ്പള്ളി പേടിപ്പിച്ച സന്ദേശത്തിലെ ആ പെൺകുട്ടി ഇവിടെയുണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.