/indian-express-malayalam/media/media_files/VR8ys9HPQCoX2wu4fFep.jpg)
ഉത്രാടത്തിന്റെ അന്നാണ് ചിലയിടങ്ങളിൽ ഏറ്റവും വലിയ പൂക്കളം ഒരുക്കുക(ഫയൽ ചിത്രം)
തിരുവനന്തപുരം : ഇന്ന് ഉത്രാടം. തിരുവോണദിനം ആഘോഷിക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് ഇന്ന് മലയാളി. നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും വ്യാപാരകേന്ദ്രങ്ങളിൽ ഓണക്കോപ്പുകൾ ഒരുക്കുകൂട്ടാനുള്ള തിരക്കിലാണ്.സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ അനുഭവപ്പെട്ടത്. ഉത്രാട ദിനമായതിനാൽ ഇന്നും തിരക്ക് വർധിക്കും.
ഉത്രാട ദിനത്തെ ഒന്നാം ഓണം എന്നാണ് വിളിക്കുന്നത്. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണം എന്നും വിളിക്കാറുണ്ട്. മുതിർന്നവർ തിരുവോണം കെങ്കേമമാക്കാൻ ഓടി നടക്കുമ്പോൾ കുട്ടികൾ വീട്ടിലിരുന്ന് ആഘോഷിക്കും. തിരുവോണം ആഘോഷിക്കാൻ വേണ്ട അവസാവട്ട സാധനങ്ങളെല്ലാം ഉത്രാട ദിനത്തിലാണ് വാങ്ങിക്കുന്നത്. കൂടാതെ തിരുവോണ സദ്യയിലേക്ക് വേണ്ട ചില വിഭവങ്ങളും ഉത്രാടദിനത്തിൽ രാത്രിയിൽ തന്നെ തയ്യാറാക്കി വെക്കും.
ഉത്രാടക്കാഴ്ചകളും വിളക്കും
തിരുവോണത്തിനാവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാലാണ് ഉത്രാടപ്പാച്ചിൽ എന്ന ശൈലി പോലും രൂപപ്പെട്ടത്.ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട ദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകൾ ഉത്രാടക്കാഴ്ചകളെന്നും അറിയപ്പെടും. ആയിരക്കണക്കിന് കാഴ്ചക്കുലകൾ ഭക്തർ ഗുരുവായൂരപ്പന് സമർപ്പിക്കുന്നത് ഇന്നാണ്.
ഉത്രാട ദിനത്തിൽ സന്ധ്യക്ക് ഉത്രാട വിളക്ക് തെളിയിക്കും. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. മലബാറിൽ ഓണത്തിന്റെ വരവറിയിച്ച് ഓണപ്പൊട്ടൻമാർ വീടുകളിൽ എത്തുന്നതും ഉത്രാടനാൾ മുതലാണ്.
ഉത്രാടദിനത്തിലെ പൂക്കളം
ഉത്രാടത്തിന്റെ അന്നാണ് ചിലയിടങ്ങളിൽ ഏറ്റവും വലിയ പൂക്കളം ഒരുക്കുക. അന്ന് മണ്ണു കൊണ്ടു തൃക്കാക്കരയപ്പന്റെ രൂപം ഉണ്ടാക്കുന്നു. ഉത്രാടദിവസം വൈകിട്ടുതന്നെ പൂക്കളത്തിലെ പൂക്കളെല്ലാം മാറ്റി പടിക്കൽ വെക്കും. ചാണകം കൊണ്ടു തറമെഴുകി തുമ്പക്കുടം വയ്ക്കും. ചിലയിടത്ത് അരകല്ലും വയ്ക്കാറുണ്ട്.എന്നാൽ ചിലയിടങ്ങളിൽ തിരുവോണ ദിവസമാണ് വലിയ പൂക്കളമിടുക.
ഓണവിപണി
സപ്ലൈകോയുടെ 14 ജില്ലാ ചന്തകളും 77 താലൂക്ക് ചന്തകളും പ്രവർത്തിക്കുന്നുണ്ട്. കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ 1500 സഹകരണച്ചന്ത പ്രവർത്തിക്കുന്നു. സർക്കാരിന്റെ 13 ഇന സബ്സിഡി സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ ഇവിടെ കിട്ടും.സപ്ലൈകോ ചന്ത അഞ്ചുമുതലും സഹകരണച്ചന്ത ആറിനും ആരംഭിച്ചിരുന്നു.
കൃഷി വകുപ്പ് 2000 പച്ചക്കറി ചന്ത തുറന്നിട്ടുണ്ട്. ഇവിടെ പച്ചക്കറിക്ക് 30 ശതമാനം വിലക്കുറവുണ്ട്. കർഷകരിൽ നിന്ന് പൊതുവിപണിയേക്കാൾ പത്തുശതമാനം അധികവില നൽകി സംഭരിച്ച പച്ചക്കറികളാണ് കൂടുതലും. കുടുംബശ്രീ നേതൃത്വത്തിലും സംസ്ഥാനത്തുടനീളം ചന്തകൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ ചന്തകളും ശനി വൈകിട്ടോടെ സമാപിക്കും.
Read More
- ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴി നൽകിയവരെ നേരിൽ കാണാൻ പ്രത്യേക അന്വേഷണ സംഘം
- മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണമില്ല; ഹർജി തള്ളി
- നിയമസഭയിലെ കൈയ്യാങ്കളി കേസ്; ഹൈക്കോടതി റദ്ദാക്കി
- കെ ഫോൺ അഴിമതിയാരോപണം;പ്രതിപക്ഷ നേതാവിന്റെ ഹർജി ഹൈക്കോടതി തള്ളി
- സുഭദ്രാ കൊലപാതകം; പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു
- ബഹിഷ്കരണം അവസാനിപ്പിച്ച് ഇപി; യെച്ചൂരിയെ കാണാൻ ഇൻഡിഗോയിൽ ഡൽഹിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us