/indian-express-malayalam/media/media_files/uploads/2018/05/nipah-2018_5largeimg221_May_2018_182705277.jpg)
പ്രതീകാത്മക ചിത്രം
കോഴിക്കോട്: മലപ്പുറത്ത് നിപ ബാധിച്ച് പതിനാലുകാരൻ മരിച്ചതിന് പിന്നാലെ നിരീക്ഷണത്തിൽ കഴിയുന്നവരിൽ 7 പേരുടെ സാമ്പിളുകൾ നെഗറ്റീവ്. ആറ് പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശൂപത്രിയിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുളളത്. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കൾക്കും രോഗലക്ഷണമില്ല. 14 കാരന്റെ സമ്പർക്കപ്പട്ടികയിൽ 330 പേരാണുളളത്. ഇവരിൽ 101 പേരെ ഹൈറിസ്‌ക്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുളളത്.68 പേർ ആരോഗ്യ പ്രവർത്തകരാണ്.
അതേ സമയം, പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ (എൻ.ഐ.വി) നിന്നുള്ള മൊബൈൽ പരിശോധനാ ലാബ് ഞായറാഴ്ച മലപ്പുറത്തെത്തി. കോഴിക്കോട് മെഡിക്കൽ കോളെജിലും തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലും നിപ പരിശോധനയ്ക്ക് സംവിധാനമുണ്ടെങ്കിലും സ്ഥിരീകരണത്തിന് എൻഐവിയുടെ പരിശോധന ആവശ്യമാണ്. ഹൈറിസ്‌ക് വിഭാഗത്തിലുള്ള എല്ലാവരുടെയും സാമ്പികളും പരിശോധിക്കും. ആദ്യഘട്ടത്തിൽ ലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളാണ് എടുക്കുക.
പ്രത്യേക പനി ക്ലിനിക്കുകൾ തുടങ്ങും
നിപ സ്ഥിരീകരിച്ച പഞ്ചായത്തിനു സമീപമുള്ള വണ്ടൂർ, നിലമ്പൂർ, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ പ്രത്യേക പനി ക്ലിനിക്കുകൾ തുടങ്ങാൻ നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. നിലവിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിൽ വീടുവീടാന്തരം കയറി സർവ്വെ നടത്തും.
പാണ്ടിക്കാട് 16,711 വീടുകളും ആനക്കയത്ത് 16,248 വീടുകളുമാണ് ഉള്ളത്. ആരോഗ്യ, തദ്ദേശ സ്വയംഭരണ, മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വൊളണ്ടിയർമാരും ഉൾപ്പെടുന്ന സംഘമാണ് സർവെ നടത്തുക. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് നിരവധി കോളുകൾ കൺട്രോൾ റൂമിലേക്ക് ലഭിച്ചിട്ടുണ്ട്. സമ്പർക്കത്തിലുള്ള ഒരാളും വിട്ടുപോകാതിരിക്കാനായി മരണപ്പെട്ട കുട്ടി ആദ്യം ചികിത്സ തേടിയിരുന്ന പാണ്ടിക്കാട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അവലോകന യോഗങ്ങൾ ചേർന്നു
ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി രണ്ടാമത്തെ ദിവസമായ ഇന്ന് (ഞായർ) രാവിലെ 9 മണിക്ക് തന്നെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ അവലോകനം ചേർന്നു. ജില്ലാ കളക്ടർ വി.ആർ വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീന യോഗത്തിൽ പങ്കെടുത്തു. ഇന്ന് വൈകീട്ട് 5 ന് കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ വീണ്ടും യോഗം ചേരും.
നിപ സ്ഥിരീകരിച്ച പാണ്ടിക്കാടിന് ചുറ്റുമുള്ള തദ്ദേശ സ്ഥാപന അധ്യക്ഷർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വളണ്ടിയർമാർ തുടങ്ങിയവരുടെ ഓൺലൈൻ യോഗവും മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളിൽ ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ളവ എത്തിക്കുന്നതിന് സന്നദ്ധ പ്രവർത്തകരുടെ സേവനം ഉറപ്പാക്കാൻ മന്ത്രി നിർദ്ദേശം നൽകി. പാണ്ടിക്കാട്, ആനക്കയം, പോരൂർ, കീഴാറ്റൂർ, തുവ്വൂർ ഗ്രാമപഞ്ചായത്തുകൾ, മഞ്ചേരി, പെരിന്തൽമണ്ണ നഗരസഭകൾ എന്നിവിടങ്ങളിലെ അധ്യക്ഷരും ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്.
Read More
- നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ സംസ്കാരം ഇന്ന് നടക്കും
- നിപ രോഗലക്ഷണങ്ങളുമായി ഒരാൾക്കൂടി ചികിത്സയിൽ
- വീണ്ടും നിപ മരണം; കോഴിക്കോട് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു
- അർജുനായി ആറാംനാൾ; തെരച്ചിലിന് സൈന്യമെത്തും
- ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴി കേട്ടു: ജി.സുധാകരൻ
- ഹൃദയത്തിൽ കൈയ്യൊപ്പിട്ട കുഞ്ഞൂഞ്ഞ്: ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഒരാണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.