scorecardresearch

"ഈ റോഡിന് എത്ര ടോൾ വേണമെങ്കിലും അടയ്ക്കും"; മനംകവർന്ന് കേരളത്തിലെ ഹൈറേഞ്ച് പാത

കുന്നുകളെ തഴുകിയുണർത്തുന്ന മേഘങ്ങളാണ് പ്രധാന ആകർഷണം. മുട്ടുകാടിലെ വയലും കണ്ണുകൾക്ക് കുളിർമയേകും. ഹൈറേഞ്ച് കാഴ്ചകളും, ചൊക്രമുടി കുന്നുകൾക്ക് താഴെ സ്ഥിതി ചെയ്യുന്ന ഗ്യാപ്പ് റോഡിലെ വിശാലമായ പാർക്കിംഗ് സൗകര്യവും ആകർഷകമാണ്

കുന്നുകളെ തഴുകിയുണർത്തുന്ന മേഘങ്ങളാണ് പ്രധാന ആകർഷണം. മുട്ടുകാടിലെ വയലും കണ്ണുകൾക്ക് കുളിർമയേകും. ഹൈറേഞ്ച് കാഴ്ചകളും, ചൊക്രമുടി കുന്നുകൾക്ക് താഴെ സ്ഥിതി ചെയ്യുന്ന ഗ്യാപ്പ് റോഡിലെ വിശാലമായ പാർക്കിംഗ് സൗകര്യവും ആകർഷകമാണ്

author-image
WebDesk
New Update
Munnar-Bodimettu highway

ഫൊട്ടോ: എക്സ്/ Rajaneesh

ഇടുക്കി: കേരളം 2018ലെ ഭയാനാകമായ പ്രളയം നേരിടുന്നതിനിടെ, ഇടുക്കി റിസർവോയറിന് താഴെ പെരിയാറിന് കുറുകെയുള്ള ചെറുതോണി പാലത്തിന് മുകളിലൂടെ ഒരു കുട്ടിയേയും കൊണ്ട് ഓടുന്ന ജീവൻരക്ഷാ പ്രവർത്തകന്റെ ദൃശ്യം ആരാണ് മറക്കുക? കഴിഞ്ഞ ദിവസം ഈ ചെറുതോണി പാലം ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. ചെറുതോണി പാലം ഉദ്ഘാടനം ചെയ്തതിന് പുറമെ, നവീകരിച്ച മൂന്നാർ-ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം കൂടി ജനുവരി അഞ്ചിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർവഹിച്ചു.

Advertisment

ദേശീയപാത 85ന്റെ ഭാഗമായി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്ത മൂന്നാർ-ബോഡിമെട്ട് ഹൈവേ സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരുടെ മനംകവരുകയാണ്. കേരളത്തിലെ ഏറ്റവും മനോഹരമായ റൂട്ടുകളിലൊന്നായി ഇത് വേറിട്ടുനിൽക്കുന്നുവെന്നാണ് ആളുകൾ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക്, സേലം-ഡിണ്ടിഗൽ റോഡിനെ ദേശീയപാത 85മായി (കൊച്ചി-ധനുഷ്‌കോടി പാത) ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ റോഡ്. 

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ (NH85) 42 കിലോമീറ്റർ റോഡ് നവീകരണ പദ്ധതി 381.76 കോടി രൂപ ചെലവിലാണ് പൂർത്തിയാക്കിയത്. നേരത്തെ നാല് മീറ്റർ വീതിയുണ്ടായിരുന്ന റോഡ് 15 മീറ്റർ വീതിയിൽ കാര്യമായ രൂപമാറ്റം വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം സുരക്ഷയും സഞ്ചാരസുഗവും വർദ്ധിപ്പിക്കുന്നതിനായി സീബ്രാ ലൈനുകളും സൈൻ ബോർഡുകളും സ്ഥാപിക്കുന്നതും നവീകരണത്തിൽ ഉൾപ്പെടുന്നുണ്ട്.

Advertisment

രജനീഷ് എന്നൊരാൾ എക്സിൽ പങ്കുവച്ച ചിത്രങ്ങൾ ഇന്റർനെറ്റിൽ ഇതിനോടകം വൈറലായിട്ടുണ്ട്. നിരവധി പേരാണ് റോഡിന്റെ മനോഹാരിതയെ വർണ്ണിച്ച് കമന്റിടുന്നത്. “ഡിസംബർ ആദ്യവാരം ഞാൻ ആ റോഡിൽ സഞ്ചരിച്ചിരുന്നു. സമീപകാലത്തെ ഏറ്റവും മികച്ച യാത്രകളിൽ ഒന്നായിരുന്നു അത്,” ഒരാൾ പോസ്റ്റിന് താഴെ കുറിച്ചു. 

അതേസമയം, പ്രകൃതി സ്നേഹിയായ മറ്റൊരാളുടെ കമന്റും ശ്രദ്ധേയമാകുന്നുണ്ട്. “ഇതുപോലുള്ള സ്ഥലങ്ങളിൽ കൂടുതൽ റോഡുകൾ വരരുതെന്ന് ചിലപ്പോൾ ഞാൻ ആഗ്രഹിക്കുന്നു. സ്വാർത്ഥതയാണെന്ന് എനിക്കറിയാം, എങ്കിലും," അദ്ദേഹം കുറിച്ചു. ഈ റോഡിന് എത്ര ടോൾ വേണമെങ്കിലും ഞാൻ അടയ്ക്കുമെന്നാണ് മറ്റൊരാൾ കമന്റിടുന്നത്.

കുന്നുകളെ തഴുകിയുണർത്തുന്ന മേഘങ്ങളാണ് പ്രധാന ആകർഷണം. മുട്ടുകാടിലെ വയലും കണ്ണുകൾക്ക് കുളിർമയേകും. ഹൈറേഞ്ച് കുളിർമ്മയേകുന്ന കാഴ്ചകളും, ചൊക്രമുടി കുന്നുകൾക്ക് താഴെ സ്ഥിതി ചെയ്യുന്ന ഗ്യാപ്പ് റോഡിലെ വിശാലമായ പാർക്കിംഗ് സൗകര്യവും ഈ പാതയെ ആകർഷകമാക്കുന്നുണ്ട്.

അതേസമയം, റോഡിന്റെ നിർമ്മാണത്തിനുള്ള ക്രെഡിറ്റ് കേന്ദ്രത്തിനാണോ, അതോ സംസ്ഥാനത്തിനാണോ എന്നതാണ് സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ചകൾ. നിര്‍മ്മാണ അവകാശത്തെകുറിച്ചുള്ള ചോദ്യത്തിന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് കേന്ദ്രത്തിന്‍റെ പേരാണ് പറയുന്നത്.

അതേസമയം, മൂന്നാറില്‍ എത്തുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സഞ്ചാരികള്‍ക്ക് മികച്ച അനുഭവമായി ഈ റോഡ് മാറിയെന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. മാസത്തിലൊരിക്കല്‍ ഈ റോഡിന്‍റെ നിര്‍മ്മാണ പ്രവൃത്തി പ്രത്യേകമായി റിവ്യൂ ചെയ്തിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ തടസങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിച്ചു.

ഇപ്പോള്‍ എല്ലാ തടസങ്ങളും നീക്കി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുകയാണ്. കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള രണ്ടാം ഘട്ട റോഡ് വികസന പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രപ്പോസല്‍ അംഗീകരിക്കുകയും, പോസിറ്റീവായ സമീപനം കൈക്കൊള്ളുകയും ചെയ്ത കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്കും, പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കഠിനാധ്വാനം ചെയ്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സഹകരിച്ച എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും പ്രത്യേക നന്ദി അറിയിക്കുന്നുവെന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More

National Highway Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: