scorecardresearch

ആന എഴുന്നള്ളത്തിന് കൂച്ചുവിലങ്ങുമായി ഹൈക്കോടതി; കർശന നിയന്ത്രണങ്ങളോടെ മാർഗ്ഗരേഖ പുറത്തിറക്കി

നാട്ടാനകളുടെ ജീവിതം നാസി തടങ്കൽ പാളയത്തിനു സമാനമെന്ന് കോടതി വിമർശിച്ചു

നാട്ടാനകളുടെ ജീവിതം നാസി തടങ്കൽ പാളയത്തിനു സമാനമെന്ന് കോടതി വിമർശിച്ചു

author-image
WebDesk
New Update
Elephant, Elephant Procession

ഫയൽ ഫൊട്ടോ

കൊച്ചി: ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നതിന് മാർഗ്ഗരേഖ പുറത്തിറക്കി ഹൈക്കോടതി. ആനകളെ ഉപയോഗിക്കുമ്പോൾ ബന്ധപ്പെട്ട ജില്ല തല സമിതിയുടെ അനുമതി മുൻകൂട്ടി വാങ്ങണം, ജനങ്ങളും ആനയും തമ്മില്‍ എട്ടു മീറ്റർ ദൂരപരിധി ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളാണ് മാർഗരേഖയിൽ വ്യക്തമാക്കിയിരിക്കുന്നത്. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്.

Advertisment

ആനയും തീവെട്ടിപോലുള്ള ഉപകരണങ്ങളും തമ്മില്‍ അഞ്ച് മീറ്റര്‍ ദൂര പരിധിയുണ്ടായിരിക്കണം. ജനങ്ങളും ആനയും തമ്മില്‍ എട്ടു മീറ്റർ ദൂരപരിധി ഉറപ്പാക്കണം. ആനകള്‍ നില്‍ക്കുന്ന സ്ഥലത്ത് ബാരിക്കേഡ് സംവിധാനമുണ്ടാകണം. മാർഗ്ഗ നിർദേശങ്ങള്‍ പാലിക്കാത്ത എഴുന്നള്ളത്തുകള്‍ക്ക് ജില്ലാതല സമിതി അനുമതി നല്‍കരുത് തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.

തുടർച്ചയായി മൂന്നു മണിക്കൂറില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളത്തില്‍ നിര്‍ത്തരുത്. ദിവസം 30 കി.മീ കൂടുതല്‍ ആനകളെ നടത്തിയ്ക്കരുത്. രാത്രി 10 മുതല്‍ രാവിലെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്. രാത്രിയില്‍ ആനയ്ക്ക് ശരിയായ വിശ്രമ സ്ഥലം സംഘാടകർ ഉറപ്പു വരുത്തണം. ദിവസം 125 കി.മീ കൂടുതല്‍ ആനയെ യാത്ര ചെയ്യിക്കരുത്.

ആനകളെ ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട ജില്ലാ സമിതിയുടെ അനുമതി വാങ്ങണം. എഴുന്നള്ളിപ്പിനായി ഒരു മാസം മുൻപ് അപേക്ഷ സമർപ്പിക്കണം. ദിവസം ആറു മണിക്കൂറില്‍ കൂടുതല്‍ വാഹനത്തില്‍ ആനയെ കൊണ്ടുപോകരുത്. ആനയെ കൊണ്ടു പോകുന്ന വാഹനത്തിന്‍റെ വേഗത 25 കി.മീറ്ററില്‍ താഴെയാകണം. ആനയുടെ യാത്രയ്ക്കായി ഉപയോഗിക്കുന്ന വാഹനത്തിന് വേഗപ്പൂട്ട് നിർബന്ധമാണ്.

Advertisment

പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. ജില്ലാ തല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടത്.  നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം, പൊതുജനങ്ങളില്‍ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച്‌ ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

സർക്കാർ തലത്തില്‍ ഉള്ള ഡോക്ടർമാർ ആയിരിക്കണം ആനകള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കേണ്ടത്. ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജില്ലകള്‍ തോറും കമ്മിറ്റികള്‍ ഉണ്ടാക്കണം. ഇതില്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ അംഗത്തെയും ഉള്‍പ്പെടുത്തണം.

അമിക്കസ് ക്യൂറിയുടെ റിപ്പോർട് പരിഗണിച്ച് ജസ്റ്റിസ്‌ എ.കെ ജയശങ്കരൻ നമ്പ്യാരും, ജസ്റ്റിസ്‌ എ. ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബഞ്ചാണ് സുപ്രധാന ഉത്തരവിട്ടത്. ഉത്തരവിൽ നാസി തടങ്കൽ പാളയത്തെക്കുറിച്ച് കോടതി പരാമർശിച്ചു. നാട്ടാനകളുടെ ജീവിതം നാസി പാളയം ട്രെബ്ളിങ്കയിലെ ദുരിതത്തിന് സമാനമെന്ന് കോടതി വിമർശിച്ചു. 

Read More

Elephant High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: