/indian-express-malayalam/media/media_files/2024/11/13/eU9CK430oh0SKNW5IESi.jpg)
വയനാട് ലോക്സഭാ മണ്ഡലത്തിലെ താമരശേരി നൂറാംതോട് സ്കൂളിൽ വോട്ടുചെയ്യാനെത്തിയവരുടെ നീണ്ട നിര
ചേലക്കര/ കൽപ്പറ്റ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് സമയം അവസാനിച്ചു. രണ്ടിടത്തും ഭേതപ്പെട്ട നിലയിൽ പോളിങ് രേഖപ്പെടുത്തി. ദേശീയ ശ്രദ്ധനേടിയ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഇതുവരെ 64.71 ശതമാനം പോളിങ് രേഖപ്പെടുത്തി.
ചേലക്കരയിൽ 72.77 ശതമാനം പോളിങ് രേഖപ്പെടുത്തി. മിക്ക ബൂത്തുകളിൽ രാവിലെ മുതൽ വോട്ടുചെയ്യാൻ എത്തിയവരുടെ നീണ്ടനിര കാണാമായിരുന്നു. അതേസയമം വയനാട്ടിലെ പോളിങ് ശതമാനത്തിൽ കാര്യമായ ഇടിവുണ്ട്.
വോട്ടിങ് തടസ്സപ്പെട്ടു
വോട്ടിങ് യന്ത്രത്തിലെ തകരാർ മൂലം ചിലയിടങ്ങളിൽ വോട്ടിങ് തടസ്സപ്പെട്ടു. വയനാട്ടിലെ 117-ാം ബൂത്തിൽ യന്ത്രതകരാറിനെ തുടർന്ന് അൽപ്പസമയം വോട്ടെടുപ്പ് നിർത്തിവെച്ചു.
/indian-express-malayalam/media/media_files/2024/11/13/wayanad-by-election-photo-05.jpg)
ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി സ്‌കൂളിൽ 116-ാം നമ്പർ ബൂത്തിൽ സാങ്കേതിക പ്രശ്‌നം ഉണ്ടായി. ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ യന്ത്രത്തിൽ ഇൻവാലിഡ് എന്ന് കാണിക്കുകയായിരുന്നു. തിരുവമ്പാടി മണ്ഡലത്തിൽ രണ്ടിടത്ത് വോട്ടിങ് മെഷീനിൽ തകരാറുണ്ടായി.
കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് ബൂത്ത് 86 ലും അഗസ്ത്യമുഴിയിലെ 117 ആം നമ്പർ ബൂത്തിലുമാണ് തകരാർ ഉണ്ടായത്. തകരാർ വേഗത്തിൽ പരിഹരിച്ചതിനാൽ വോട്ടെടുപ്പിനെ കാര്യമായി ബാധിച്ചില്ല.
പോളിങ് ദിനത്തിലെ പുസ്തക വിവാദം
പോളിങ് ദിനത്തിൽ ഇടതുമുന്നണിയെ വെട്ടിലാക്കി ഒരു ഇപി ജയരാജന്റെ ആത്മകഥ വിവാദം. 'കട്ടൻചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പുസ്തകമാണ് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതും, ബിജെപിയിൽ ചേരാൻ ശോഭാ സുരേന്ദ്രനെ കണ്ടതും പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയായി മുൻ കോൺഗ്രസ് നേതാവ് പി സരിനെ സിപിഎം പരിഗണിച്ചതുമടക്കമുള്ളവയെക്കുറിച്ചുള്ള പരാമർശങ്ങളാണ് ഇപിയുടെ ആത്മകഥയെന്ന നിലയിൽ പ്രചരിക്കുന്ന പുസ്തകഭാഗങ്ങളിലുള്ളത്.
എന്നാൽ, താൻ എഴുതിയ ഭാഗങ്ങളല്ല പുസ്തകത്തിൽ പുറത്തുവന്നതെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഇപി ജയരാജൻ തന്നെ രംഗത്തെത്തിയതോടെ ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ പുസ്തകവിവാദം ആളിപ്പടരുകയാണ്. തെറ്റായ വാർത്തകളാണ് പുറത്തുവരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വിഷയത്തിൽ പ്രതികരിച്ചു. എന്നാൽ വിഷയം രാഷ്ട്രീയായുധമാക്കുകയാണ് യുഡിഎഫും ബിജെപിയും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.