/indian-express-malayalam/media/media_files/2025/01/07/ZACQlfY4nCoFtTP3I3oX.jpg)
കൊല്ലപ്പെട്ട രഞ്ജിനി, പ്രതികളായ ദിബിൽ കുമാർ, രാജേഷ്
കൊല്ലം: അഞ്ചലിൽ യുവതിയെയും ഇരട്ട കുഞ്ഞുങ്ങളെയും കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ മുൻ സൈനികരായ പ്രതികളെ സിബിഐ കണ്ടെത്തിയതിൽ നിർണ്ണായകമായി എഐ സാങ്കേതിക വിദ്യ .
പ്രതികളായ കൊല്ലം അലയമൺ ചന്ദ്രവിലാസത്തിൽ ദിബിൽകുമാർ (41), കണ്ണൂർ ശ്രീകണ്ഠാപുരം ക്രൈതപ്രം പുതുശേരി വീട്ടിൽ രാജേഷ് (46) എന്നിവരെ 18 വർഷത്തിന് ശേഷമാണ് പുതുച്ചേരിയിൽ നിന്നും പിടികൂടിയത്.
എഐ കണ്ടെത്തി; പോലീസ് സ്ഥിരീകരിച്ചു
കേരള പോലീസിന്റെ ടെക്‌നിക്കൽ ഇന്റലിജൻസ് ടീം എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതികളെ കണ്ടെത്താനായതെന്ന്് എഡിജിപി മനോജ് ഏബ്രഹാം ഇന്ത്യൻ എക്‌സപ്രസിനോട് പറഞ്ഞു.
പ്രതികളിൽ ഒരാളുടെ ജീവിത പങ്കാളിയായ അധ്യാപിക പുതുച്ചേരിയിൽ നിന്ന് സ്വന്തം സാമൂഹിക മാധ്യമ അക്കൗണ്ടിൽ ചിത്രം പങ്കുവെച്ചതാണ് വിനയായത്. ഏകദേശം 10,000 സോഷ്യൽമീഡിയ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് അന്വേഷണസംഘം പ്രതികളിലേക്ക് എത്തിയത്.
ഒളിവിൽ പോകുമ്പോൾ ദിബിൽകുമാറിന് 23 വയസ്സും രാജേഷിന് 28 വയസ്സുമായിരുന്നു പ്രായം. പത്തുവർഷമായി ഒളിവിൽ കഴിയുന്ന പ്രതികളുടെ ചിത്രങ്ങൾ കേരള പൊലീസിന്റെ സഹായത്തോടെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കുകയായിരുന്നു. അന്നത്തെ ഇവരുടെ ലഭ്യമായ ചിത്രങ്ങൾ ശേഖരിച്ച ശേഷം ഓരോ അഞ്ചുവർഷം കൂടുമ്പോഴും രൂപത്തിലുണ്ടാകുന്ന മാറ്റം എഐയുടെ സഹായത്തോടെ അന്വേഷണസംഘം ചിത്രീകരിച്ചു.
ഈ ചിത്രങ്ങളുമായി സാദൃശ്യമുള്ള ആരുടേയെങ്കിലും ചിത്രങ്ങൾ നിരീക്ഷണത്തിലുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്താൽ പൊലീസിന്റെ സൈബർ കുറ്റാന്വേഷണ വിഭാഗത്തിന് മുന്നറിയിപ്പ് ലഭിക്കുമായിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടയിൽ പത്തിലധികം അലർട്ടുകൾ ഇത്തരത്തിൽ ലഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് അധ്യാപിക യാത്രക്കിടെ എടുത്ത ഒരു കുടുംബ ചിത്രം സോഷ്യൽമീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.
തുടർന്ന് അന്വേഷണ സംഘം രണ്ടാഴ്ച്ചയോളം അധ്യാപികയുടെ പോസ്റ്റുകൾ നിരീക്ഷിക്കുകയായിരുന്നു. ഇവർ നേരത്തെ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ പരിശോധിച്ച ശേഷമാണ് യുവാവിനെ നേരിട്ട് നിരീക്ഷിക്കാൻ പുതുച്ചേരിയിലെത്തിയത്. ഇയാൾ നടത്തുന്ന സ്ഥാപനത്തിൽ കണ്ടെത്തിയ മറ്റൊരാളുമായി രണ്ടാമത്തെ പ്രതിയുടെ എഐ ചിത്രത്തിനും സാദൃശ്യം കണ്ടെത്തിയതോടെ കേരള പോലീസ് സിബിഐയ്ക്ക് വിവരം കൈമാറുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ 2006 ജനുവരി മുതൽ ഏപ്രിൽ വരെ ഇരുവരും അവധിയിലായിരുവെന്ന് പൊലീസ് കണ്ടെത്തി. രാജ്യത്തിനകത്തും പുറത്തും അന്വേഷണം ഊർജിതമാക്കിയെങ്കിലും ഇരുവരെയും കുറിച്ച് പൊലീസിന് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ആദ്യം 50,000 രൂപ ഇനാമും പിന്നീടത് രണ്ട് ലക്ഷവുമാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഇവരെക്കുറിച്ച് സിബിഐ അന്വേഷണം നടത്തിവരികയായിരുന്നു.
കൊലപാതകം 2006ൽ
2006 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം അഞ്ചൽ സ്വദേശിനിയായ രഞ്ജിനിയും രണ്ട് പെൺകുഞ്ഞുങ്ങളും കൊല്ലപ്പെട്ട കേസിൽ സൈനികരായ പ്രതികൾക്ക് പങ്കുണ്ടെന്ന് സംസ്ഥാന പൊലീസും സിബിഐയും കണ്ടെത്തിയിരുന്നു. അവിവാഹിതയായിരുന്നു രഞ്ജിനി. 2006 മുതൽ പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു. സൈന്യത്തിലേക്ക് ഇവർ തിരികെ പോയതുമില്ല. ഇരുവരും രാജ്യത്തിന് പുറത്തേക്ക് പോയി എന്ന രീതിയിലായിരുന്നു അന്വേഷണം.
എന്നാൽ കഴിഞ്ഞ രണ്ടാഴ്ചകളിലായി ഇവരെക്കുറിച്ചുള്ള വിവരം ചെന്നൈ യൂണിറ്റിലെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. മറ്റൊരു വിലാസത്തിലും വ്യാജപേരുകളിലുമായാണ് ഇവർ കഴിഞ്ഞിരുന്നത്. ഇരുവരും വിവാഹിതരായിരുന്നു. ഈ വിവാഹത്തിൽ ഇവർക്ക് കുട്ടികളുണ്ട്. ഇന്റീരിയർ ഡിസൈൻ സ്ഥാപനം നടത്തിവരികയായിരുന്നു ഇരുവരും.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ദിബിൽ കുമാറിന് രഞ്ജിനിയിൽ രണ്ട് കുഞ്ഞുങ്ങൾ ജനിച്ചിരുന്നു. എന്നാൽ കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ ദിബിൽ കുമാർ തയ്യാറായില്ല. ഇതോടെ രഞ്ജിനിയും കുടുംബവും ദിബിൽ കുമാറിനെതിരെ വനിതാ കമ്മീഷൻ അടക്കമുള്ളവർക്ക് പരാതി നൽകി.
ഇതിന് പിന്നാലെ കുട്ടികളുടെ ഡിഎൻഎ അടക്കം പരിശോധിക്കാൻ വനിത കമ്മീഷൻ നിർദേശം നൽകി. ഈ സമയത്താണ് തെളിവുകൾ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രഞ്ജിനിയേയും കുഞ്ഞുങ്ങളേയും കൊലപ്പെടുത്താൻ ദിബിൽ കുമാർ തീരുമാനിച്ചത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയം ദിബിൽ കുമാറും രാജേഷും അവിടെയെത്തി ഇവരെ കൊലപ്പെടുത്തുകയായിരുന്നു. രഞ്ജിനിയേയും കുഞ്ഞുങ്ങളെയും കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.