/indian-express-malayalam/media/media_files/2025/01/06/Fc4fcNkDzFPEMsEBzbVW.jpg)
ചിത്രം: ഫ്രീപിക്
തിരുവനന്തപുരം: ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സംസ്ഥാനത്തെ നിലവിലെ സ്ഥിതി വിലയിരുത്തി. എച്ച്എംപി വൈറസിനെ കണ്ടെത്തിയത് 2001ല്‍ മാത്രമാണെങ്കിലും കഴിഞ്ഞ 50 വര്‍ഷത്തില്‍ കൂടുതലായി ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ചും കുട്ടികളില്‍ ഈ വൈറസ് കാണപ്പെടുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതേ കാര്യം ഇന്ന് ഐസിഎംആര്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്ത്യയിലും കണ്ടുവരുന്ന ഒരു വൈറസാണ് എച്ച്എംപിവി എന്ന് പത്രക്കുറിപ്പിലൂടെ ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ആശങ്കപ്പെടേണ്ടതില്ല. എച്ച്എംപി വൈറസിനെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാന്‍ കഴിയില്ല. വൈറസില്‍ കാര്യമായ ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടില്ലെങ്കില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജനിതക വ്യതിയാനം ഉള്ളതായി ലോകാരോഗ്യ സംഘടനയോ, ചൈനയിലെ വിദഗ്ധരോ അറിയിച്ചിട്ടില്ല. നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതാണ്. അതോടൊപ്പം ചൈന ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ അവരെയും നിരീക്ഷിക്കുന്നതാണ്. ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങളുള്ളവര്‍ മാസ്‌ക് ധരിക്കുകയും കൃത്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുക.
എച്ച്.എം.പി.വി. ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള പ്രായമായവര്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, കിടപ്പ് രോഗികള്‍, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവര്‍ എന്നിവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇന്‍ഫ്ളുവന്‍സ പോലെ തന്നെ എച്ച്എംപിവി വരാതിരിക്കാന്‍ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. കൂടാതെ ശ്വാസകോശ അണുബാധയുള്ള ആളുകളില്‍ നിന്നും അകലം പാലിക്കുകയും വേണം. രോഗങ്ങളുള്ള സമയത്ത് കുട്ടികളെ സ്‌കൂളില്‍ വിടരുത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ മാസ്‌ക് ഉപയോഗിക്കുന്നതും കൈകളുടെ ശുചിത്വവും പ്രധാനമാണ്.
- അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക. ആശുപത്രിയില്‍ മാസ്‌ക് ഉപയോഗിക്കുക.
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം.
- മുറികളില്‍ ശരിയായ വായൂസഞ്ചാരം ഉറപ്പാക്കുക. ഇത് വൈറസിന്റെ വ്യാപനം കുറയ്ക്കും.
- കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, കരള്‍, വൃക്കരോഗങ്ങള്‍ തുടങ്ങിയവയുള്ളവരും രോഗ പ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണം.
- പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമാക്കുക.
- ജലനഷ്ടം ഉണ്ടാകാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണം.
- രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടി മതിയായി വിശ്രമിക്കണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.