/indian-express-malayalam/media/media_files/2024/10/16/2Juy7p8CyPecyVm7p1fZ.jpg)
നവീൻ ബാബു
കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസ് പ്രത്യേക സംഘം അന്വേഷിക്കുന്നത് തുടരും. കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷണ മേൽനോട്ടം വഹിക്കണമെന്ന് കോടതി നിർദേശിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജിയിൽ വിധി പറഞ്ഞത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടുകൾ ഡിഐജിക്ക് കൈമാറണം. മാത്രമല്ല, അന്വേഷണത്തിലെ പുരോഗതിയെക്കുറിച്ച് അന്വേഷണ സംഘം ഹർജിക്കാരിയെ അറിയിക്കണം. ഹർജിയിൽ പറഞ്ഞിരിക്കുന്ന കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന ആരോപണങ്ങളെക്കുറിച്ചും പ്രത്യേക സംഘം അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം, കോടതി വിധിയിൽ തൃപ്തിയില്ലെന്നും അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും ഭാര്യ മഞ്ജുഷ വ്യക്തമാക്കി.
നവീൻ ബാബുവിന്റേത് തൂങ്ങിമരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംശയാസ്പദമായ പരുക്കുകൾ ഒന്നും ശരീരത്തിൽ ഇല്ലെന്നും ബലപ്രയേഗം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നുതന്നെ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് ഹൈക്കോടതിയിൽ നൽകിയ സത്യാവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. നവീൻ ബാബുവിനെ കൊന്നു കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
നവീൻ ബാബുവിനെ കണ്ണൂരിലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ എഡിഎമ്മിന് നൽകിയ യാത്രയയപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ എഡിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവിതങ്ങളാണെന്ന് ഓർമിപ്പിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിമർശനം ഉന്നയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനം ചർച്ചയായതിന് പിന്നാലെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.