/indian-express-malayalam/media/media_files/2025/05/27/tSJR93rhMZTIvuIULKkl.jpg)
കടലിൽ പടർന്ന് എണ്ണ തീരത്ത് എത്തിയാൽ വൻ അപകടം
Kochi Ship Accident Updates: കൊച്ചി: ആശങ്ക വിട്ടൊഴിയാതെ കൊച്ചി തീരത്ത് മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്‌നറുകൾ. കണ്ടയ്‌നറുകളിൽ നിന്ന് കടലിലേക്ക് ചോർന്ന ഇന്ധനം പുറം കടലിൽ തന്നെ തടയാനുള്ള ഊർജ്ജിത ശ്രമം വേണമെന്നാണ് സമുദ്രശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്. കടലിൽ ഒഴുകിയ രാസപദാർത്ഥങ്ങൾ തീരത്തെത്തിയാൽ ഏറെ അപകടമാണെന്നും മൺസൂൺ കാലമായതിനാൽ ശുചീകരണം ഏറെ പ്രയാസകരമാണെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ്് നൽകുന്നു.
വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലേക്ക് പോയ എം.എസ്.സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണ് അപകടത്തിൽപെട്ടത്. 28 വർഷം പഴക്കമുള്ള കപ്പലാണിത്. 1997 ലാണ് നിർമ്മിച്ചത്. കടലിൽ ചരിഞ്ഞ കപ്പൽ പിന്നീട് പൂർണമായും മുങ്ങുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തിയിരുന്നു.
Also Read: ഒന്നര ദശകത്തിന് കടലിൽ താണത് 20000-ത്തിലധികം കണ്ടെയ്‌നറുകൾ; കാത്തിരിക്കുന്നത് മഹാദുരന്തം
കപ്പലിൽ 643 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 13 എണ്ണത്തിൽ അപകടകരമായ രാസപദാർത്ഥങ്ങളാണ് ഉണ്ടായിരുന്നത്. 12 കണ്ടെയ്‌നറുകളിൽ കാൽസ്യം കാർബൈഡാണ് ഉള്ളത്്. കപ്പലിൽ 84.44 മെട്രിക് ടൺ ഡീസലും 367 മെട്രിക് ടൺ ഫർണസ് ഓയിലും ഉണ്ടായിരുന്നുവെന്നാണ് കോസ്റ്റ് ഗാർഡ് നൽകുന്ന വിവരം. കേരളത്തിന്റെ തീരപ്രദേശത്തിന് സമീപം ഇതുവരെ എണ്ണപ്പാടമോ ചോർച്ചയോ കണ്ടെത്തിയിട്ടില്ലെങ്കിലും, കണ്ടെയ്നറിലെ ഇന്ധനം അത് മറിഞ്ഞ സ്ഥലത്തിന് ചുറ്റുമുള്ള കടലിലേക്ക് ചോർന്നിരാക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
തീരദേശത്തെ ആഘാതങ്ങൾ പഠിക്കാൻ സംഘം
ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്നുള്ള ആഘാതങ്ങൾ പഠിക്കാൻ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിഎംഎഫ്ആർഐ) ശാസ്ത്രജ്ഞരുടെ വിവിധ സംഘങ്ങൾ കേരളത്തിലെത്തി. കേരളതീരത്ത് ഫീൽഡ് സർവേ, സാമ്പിൾ ശേഖരണം തുടങ്ങിയവ പഠിക്കാൻ മൂന്ന് സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. എറണാകുളം,ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് സംഘം പഠനം നടത്തുന്നത്. കടലിൽ കലർന്ന എണ്ണയുടെയും മറ്റ് രാസപദാർത്ഥങ്ങളുടെയും രാസഘടകങ്ങൾ കണ്ടെത്തുന്നതിന് വെള്ളത്തിന്റെ കണ്ടെയ്‌നർ മാലിന്യത്തിന്റെ അവശിഷ്ടങ്ങളും സംഘം വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.
Also Read: തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലും കണ്ടെയ്നറുകൾ; തീരദേശത്ത് ജാഗ്രത തുടരുന്നു
അതേസമയം, കണ്ടെയ്‌നറുകളിൽ നിന്നുള്ള ചോർച്ചയുടം വ്യാപ്തി വലുതാണെങ്കിൽ, നിയന്ത്രണ നടപടികൾ സഹായകരമാകില്ലെന്ന് കൊച്ചി സിഎംഎഫ്ആർഐ ഡയറക്ടർ ഗ്രിൻസൺ ജോർജ് പറഞ്ഞു. "തീരദേശത്ത് താമസിക്കുന്നവരെയും മത്സ്യതൊഴിലാളികളെയുമാണ് ഇത് ഏറ്റവുമധികം ബാധിക്കുന്നത്. കടലിൽ കലർന്ന് രാസപദാർത്ഥങ്ങൾ സമുദ്രജീവികൾക്ക് ഭീഷണിയാകും. മത്സ്യങ്ങളുടെ പ്രജനനത്തെയും ബാധിക്കും"- ഗ്രിൻസൺ ജോർജ് പറഞ്ഞു.
ദുരന്തത്തിന്റെ വ്യാപ്തി പഠിക്കാൻ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി നിന്നുള്ള വിദഗ്ധരുമെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനചോർച്ച മത്സ്യസമ്പത്തിനെ ബാധിക്കും
കണ്ടെയ്‌നറിൽ നിന്ന് ഉണ്ടാകുന്ന ഇന്ധന ചോർച്ച സമുദ്രജീവികളുടെ ആവാസവ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഫിഷറി സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ ശ്രീനാഥ് കെ.ആർ പറഞ്ഞു.
"കടൽ ജീവികളുടെ പ്രജനന സമയാണിത്. മത്സ്യങ്ങളെയും ലാർവകളെയും ഇത് ബാധിക്കും. എണ്ണചോർച്ച കേരളത്തിന്റെ തെക്കൻ തീരത്തേക്ക് ബാധിച്ചാൽ പവിഴപ്പുറ്റുകളെയും ബാധിക്കും"- ശ്രീനാഥ് കെ.ആർ.പറഞ്ഞു.
ചോർച്ച നിയന്ത്രിക്കാൻ എന്ത് ചെയ്യാം?
ബൂമുകൾ, സ്‌പ്രേകൾ, ബയോറെമീഡിയേഷൻ തുടങ്ങി സാധ്യമായ മാർഗങ്ങൾ ഉപയോഗിച്ച് കടലിലുണ്ടായ ഇന്ധന ചോർച്ച തടയണമെന്ന് മുംബൈ ആസ്ഥാനമായുള്ള സൃഷ്ടി കൺസർവേഷൻ ഫൗണ്ടേഷന്റെ ഡയറക്ടറും സമുദ്രഗവേഷകനുമായ ദീപക് ആപ്തെ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Also Read: കേരള തീരത്ത് കണ്ടെയ്നറുകൾ; എണ്ണ ചോർച്ചയുടെ അപകടസാധ്യതകൾ എന്തൊക്കെ? തയ്യാറെടുപ്പ് എങ്ങനെ?
2010-ൽ രണ്ട് ചരക്കുകപ്പലുകൾ കൂട്ടിയിടിച്ചുണ്ടായ ഇന്ധന ചോർച്ച പരിശോധിച്ച സംഘത്തിന് നേതൃത്വം നൽകിയത് ദീപക് ആപ്‌തെയാണ്. അപകടത്തെ തുടർന്ന് 800 ടൺ ഇന്ധനമാണ് കടലിൽ ചോർന്നത്. മുംബൈ, റായ്ഗഡ് ജില്ലകളിലെ സമുദ്രജീവികളെയും ലക്ഷക്കണക്കിന് കണ്ടൽക്കാടുകളെയും ഇത് ബാധിച്ചിരുന്നു.
Also Read: എണ്ണപ്പാട എവിടെ വേണമെങ്കിലും എത്താം, കേരള തീരത്ത് ജാഗ്രത നിർദേശം
മൺസൂൺ ആരംഭിച്ചു. മൺസൂണിന്റെ വേലിയേറ്റവും തിരമാലകളും മൂലം, ഇന്ധനം തീരത്ത് എത്തിയാൽ ശുചീകരണം ബുദ്ധിമുട്ടാകും. എത്ര അളവിൽ രാസപദാർത്ഥങ്ങൾ തീരത്ത് എത്തുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ഇതെല്ലാം. ചോർച്ചയുടെ അളവ് കൂടുതലാണെങ്കിൽ ദേശാടന പക്ഷികൾ, കടലാമകൾ എന്നിവയുടെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കും. മത്സ്യങ്ങളുടെ കടൽപക്ഷികളുടെ അവസ്ഥയും ഇതുതന്നെ ആയിരിക്കും- ദീപക് ആപ്‌തെ പറഞ്ഞു.
തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത
തിങ്കളാഴ്ച രാത്രി വരെ 34 കണ്ടെയ്‌നറുകളാണ് തീരത്ത് അടിഞ്ഞിട്ടുള്ളത്. ഭൂരിഭാഗം കണ്ടെയ്‌നറുകളും ശൂന്യമാണ്. ചിലതിൽ അപകടകരമല്ലാത്ത വസ്തുക്കളും കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിലെ അതിർത്തി തീര പ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ തീരങ്ങളിൽ ഇന്ന് രാവിലെ കണ്ടെയ്‌നറുകൾ അടിഞ്ഞു.
അഞ്ചുതെങ്ങ് ,മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീരങ്ങളിൽ കണ്ടെയ്‌നറിനുള്ളിലെ പാഴ്‌സലുകൾ ഒഴുകി നടക്കുന്നതായി കോസ്റ്റൽ പൊലീസ് അറിയിച്ചു.കൂടുതൽ കണ്ടെയ്‌നറുകൾ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.
Read More
- വിനാശകാരിയായ എണ്ണപ്പാട; ഓക്സിജൻ ഉത്പാദനം ഇല്ലാതെയാക്കും; അറിയേണ്ടതെല്ലാം
- തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലും കണ്ടെയ്നറുകൾ; തീരദേശത്ത് ജാഗ്രത തുടരുന്നു
- രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ; ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്
- 12 കോടി കോടിയുടെ വിഷു ബംപർ നറുക്കെടുപ്പ് നാളെ; ഇതുവരെ വിറ്റഴിച്ചത് 42ലക്ഷം ടിക്കറ്റുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.