/indian-express-malayalam/media/media_files/2024/11/24/CndsAAEgEwCYj6L7dlTU.jpg)
ചിത്രം: ഫേസ്ബുക്ക്
കോഴിക്കോട്: പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമർശനം സാദിഖലി തങ്ങള്‍ക്കെതിരെ അല്ലെന്നും രാഷ്ട്രിയ നിലപാടിനെതിരെ ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളുടെ ഉത്തരവാദിത്തം പ്രസിഡന്റായ സാദിഖലി തങ്ങള്‍ക്കായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബാബരി മസ്ജിദ് തകർക്കാൻ കൂട്ടുനിന്ന കോൺഗ്രസിനൊപ്പം മന്ത്രി സ്ഥാനം മോഹിച്ച് ലീഗ് നിന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു. 'ബാബരി മസ്ജിദ് രാജ്യത്തിന്റെ മതനിരപേക്ഷതയുടെ പ്രശ്നമായിരുന്നു. ബാബരി മസ്ജിദ് തകർക്കുന്നതിന് എല്ലാ സഹായങ്ങളും പിന്തുണയും ചെയ്തുകൊടുത്ത കോൺഗ്രസിന്റെ കൂടെ കേരളത്തിലെ മന്ത്രിസഭയിൽ ഇരിക്കുകയായിരുന്നു, മുസ്ലിം ജനവിഭാഗങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നവരെന്ന് അവകാശപ്പെടുന്ന മുസ്ലിം ലീഗ് അന്ന്.'
'മതനിരപേക്ഷ ചിന്താഗതിക്കാരിലും മുസ്ലിങ്ങളിലും ശക്തമായ എതിർപ്പ് ഉണ്ടായി. കോൺഗ്രസ് നിലപാടിനോട് എതിർപ്പ് വേണം എന്ന് ലീഗിൽ അഭിപ്രായം ഉണ്ടായി. ലീഗിന് അപ്പോൾ കോൺഗ്രസിനോട് ചേർന്നുള്ള മന്ത്രി സ്ഥാനം ആയിരുന്നു ആവശ്യം. ആ സമയത്താണ് ഒറ്റപ്പാലം തിരഞ്ഞെടുപ്പ് വരുന്നത്. മുസ്ലിം ലീഗ് നിലപാടിൽ അണികൾക്കും മുസ്ലിം ജനങ്ങൾക്കും രോഷം ഉണ്ടായി.
രോഷം തണുപ്പിക്കുന്നതിനായി പാണക്കാട് തങ്ങൾ ഒറ്റപ്പാലത്തു പോയി. പക്ഷേ തങ്ങളെ കാണാൻ ആരും പോയില്ല. ഈ അനുഭവത്തിൽ നിന്ന് ലീഗ് എന്തെങ്കിലും പഠിച്ചോ? അധികാരം നിലനിർത്താൻ ചെയ്യാൻ പറ്റാത്ത പലതും ചെയ്യുന്ന രൂപത്തിൽ ലീഗ് മാറിയെന്ന്,' മുഖ്യമന്ത്രി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും വലിയതോതിൽ സഹകരിപ്പിക്കാൻ ലീഗ് മുൻപ് തയ്യാറായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ഇപ്പോഴാണ് ആ നിലയിലേക്ക് ലീഗ് മാറിയിത്. ആ മാറ്റത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഇപ്പോഴത്തെ ലീഗ് പ്രസിഡന്റായ പാണക്കാട് സാദിഖലി തങ്ങളെ കുറിച്ച് പറഞ്ഞു. വിമർശനം സാദിഖലി തങ്ങള്‍ക്കെതിരെ അല്ല, ലീഗിന്റെ രാഷ്ട്രിയ നിലപാടുകൾക്ക് എതിരെയാണ്,' കോഴിക്കോട് സിപിഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.