/indian-express-malayalam/media/media_files/uploads/2020/07/k-muraleedharan-mp.jpg)
ഫയൽ ചിത്രം
ഡൽഹി: പത്മജയുടെ കളം മാറ്റത്തിന് ബിജെപിക്ക് തൃശ്ശൂരിൽ മറുപടി നൽകാൻ കെ.മുരളീധരനെ തന്നെ രംഗത്തിറക്കി കോൺഗ്രസിന്റെ വമ്പൻ ട്വിസ്റ്റ്. കരുണാകരന്റെ തട്ടകത്തിലേക്ക് വടകര വിട്ട് കെ.മുരളീധരനെ ഇറക്കാനാണ് കോൺഗ്രസിന്റെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള കൂറുമാറ്റം ഉണ്ടാക്കുന്ന രാഷ്ട്രീയ വിമർശനങ്ങളെ മുരളീധരനെ തന്നെ തൃശ്ശൂരിലേക്കിറക്കി വൈകാരികമായി തന്നെ നേരിടാനാണ് കോൺഗ്രസിന്റെ നീക്കം. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ മത്സരിക്കാനും യോഗത്തിൽ തീരുമാനമായി.
മുരളീധരൻ തൃശ്ശൂരിലേക്ക് മാറുമ്പോൾ വടകരയിൽ കെ.കെ ശൈലജയെ നേരിടാൻ ഷാഫി പറമ്പിലോ ടി.സിദ്ദിഖോ എത്തുമെന്നാണ് സൂചന.മത്സരിക്കാനില്ലെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ തീരുമാനത്തിന് ഹൈക്കമാൻഡിന്റെ പച്ചക്കൊടി ലഭിച്ചട്ടില്ല. അതിനാൽ കണ്ണൂരിൽ സുധാകരൻ തന്നെ കളത്തിലിറങ്ങും. ബാക്കി സീറ്റുകളിലെല്ലാം തന്നെ സിറ്റിങ് എംപിമാർ തന്നെ വീണ്ടും മത്സരിക്കും.
ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥി കാര്യത്തിൽ പൂർണ്ണമായും വ്യക്തത വന്നിട്ടില്ലെങ്കിലും മണ്ഡലം തിരിച്ച് പിടിക്കാൻ കെ.സി വേണുഗാപാൽ തന്നെ രംഗത്തിറങ്ങുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ഇന്ന് വൈകിയും നടന്ന ചർച്ചയോടെ മത്സരിക്കാൻ കെ.സി വേണുഗോപാലിന് ഹൈക്കമാന്റ് അനുമതി നൽകിയതായാണ് വിവരം. അങ്ങനെയെങ്കിൽ രണ്ട് ദേശീയ നേതാക്കളാകും വയനാടും ആലപ്പുഴയുമായി കോൺഗ്രസിനായി കേരളത്തിൽ കളത്തിലിറങ്ങുക.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി കൂടി പങ്കെടുത്ത സിഇസി യോഗമാണ് സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്. കേരളം കൂടാതെ കർണാടക, തെലങ്കാന, ഡൽഹി, ഛത്തീസ്ഗഢ് എന്നിവയുൾപ്പെടെ 10 സംസ്ഥാനങ്ങളിൽ നിന്നുള്ള 60 സ്ഥാനാർത്ഥികളുടെ കാര്യത്തിൽ സിഇസി യോഗം തീരുമാനത്തിലെത്തിയിട്ടുണ്ട്.
ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ രാജ്നന്ദ്ഗാവ് സീറ്റിലും മുൻ മന്ത്രി തമർദ്വാജ് സാഹുവിനെ മഹാസമുന്ദിലും മത്സരിപ്പിക്കാൻ തീരുമാനിച്ചതെന്നും ജ്യോത്സ്ന മഹന്ത് ഛത്തീസ്ഗഡിലെ കോർബയിൽ നിന്ന് മത്സരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. .
ഇന്നോ നാളെയോ ഔദ്യോഗികമായ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കും. അതേ സമയം ഡൽഹിയിലെ ചാന്ദ്‌നി ചൗക്ക്, നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ് സീറ്റുകളിൽ ഒന്നിലധികം പേരുകൾ ഉള്ളതിനാൽ പാർട്ടിയുടെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് തീരുമാനത്തിലെത്താൻ സിഇസിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. ചാന്ദ്‌നി ചൗക്കിൽ, ജെ പി അഗർവാൾ, മുൻ എംപി സന്ദീപ് ദീക്ഷിത്, മഹിളാ കോൺഗ്രസ് മേധാവി അൽക്ക ലാംബ എന്നിവരുടെ പേരുകൾ പാനലിന് മുന്നിൽ വെച്ചതായി വൃത്തങ്ങൾ അറിയിച്ചു.
Read More
- സിദ്ധാർത്ഥന്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.