/indian-express-malayalam/media/media_files/2025/04/17/jdMqJQK0alJtbOXuOUbX.jpg)
പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് വിൻസി അലോഷ്യസും വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു
കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നടനെതിരെ നടി വിൻസി അലോഷ്യസ് ഉയർത്തിയ ആരോപണങ്ങളിൽ നടിയുടെ മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ് വകുപ്പ്. എന്നാൽ, എക്‌സൈസ് നടപടികളുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നാണ് നടിയുടെ കുടുംബത്തിന്റെ നിലപാട്. സിനിമയിലെ പരാതി സിനിമാ മേഖലകളിലെ ഘടകങ്ങളിൽ തീർക്കാമെന്നാണ് കുടുംബത്തിന്റെ നിലപാട്.
നേരത്തെ, പോലീസ് പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് വിൻസി അലോഷ്യസും വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു."താനൊന്നും പുറത്തുപറഞ്ഞിട്ടില്ലെന്നും വളരെ രഹസ്യമായിട്ടാണ് പരാതി സമർപ്പിച്ചതെന്നും നടി പറഞ്ഞു. നടന്റെ പേരോ സിനിമയുടെ പേരോ പറയാൻ ഉദ്ദേശിച്ചിട്ടില്ല. ആരോപണം സിനിമയ്ക്കെതിരെയല്ല, നടനെതിരെയാണ്. സിനിമ സെറ്റിലെ എല്ലാവരും നന്നായി സഹകരിച്ചു. സംഭവത്തിൽ നടന് സംവിധായകൻ താക്കീത് നൽകിയിരുന്നു. നടനെതിരെ പൊലീസിൽ പരാതി നൽകില്ല'. കൂടെ നിന്ന എല്ലാവർക്കും നന്ദി"- വിൻസി പറഞ്ഞു.
ഷൂട്ടിങ് സെറ്റിൽ ഒരു നടൻ ലഹരി ഉപയോഗിക്കുന്നത് കണ്ടുവെന്നാണ് ആദ്യം ഇൻസ്റ്റാഗ്രാമിലൂടെ നടി വെളിപ്പെടുത്തിയത്. ഇതിനുപിന്നാലെ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഫിലിം ചേംബറിലും താരസംഘടനയായ അമ്മയിലും പരാതി നൽകുകയായിരുന്നു. ഇതിനുപിന്നാലെ നടിയുടെ ആരോപണം ഗൗരവ്വമുള്ളതാണെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് തുടർ നടപടികളുമായി മുന്നോട്ട് പോകാൻ എക്‌സൈസ് സംഘം തീരുമാനിച്ചത്.
അതേസമയം, നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രം കേസ് എടുക്കാനാവില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിൻസിയിൽ നിന്ന് കൂടുതൽ വിവരങ്ങളും തെളിവുകളും ലഭിച്ചാൽ കേസ് എടുക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിന് ഇടയിൽ ഒരു നടൻ, എന്തോ ഒരു വെള്ള പൊടി വായിൽ നിന്ന് പുറത്തേക്ക് തുപ്പുന്നത് കണ്ടുവെന്നാണ് നേരത്തെ ഇൻസ്റ്റാ ഗ്രാമിലൂടെ നടി വെളിപ്പെടുത്തിയത്. നടൻറെ പേര് വെളിപ്പെടുത്താതെയാണ് വിൻസി അന്ന് ഇക്കാര്യം പറഞ്ഞത്. നടൻ സിനിമാസെറ്റിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും സിനിമ പൂർത്തിയാക്കിയത് സഹപ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരമായിരുന്നെന്നും നേരത്തെ വിൻസി പറഞ്ഞു. ഇതിനുപിന്നാലെയാണ് നടന്റെ പേര് പരാമർശിച്ചുള്ള പരാതി സിനിമാസംഘടനകൾക്ക് നൽകിയത്.
അതേസമയം, ഷൈനിനെതിരായ പരാതി അന്വേഷിക്കാൻ താരസംഘടനായ അമ്മ നിയോഗിച്ച മൂന്നംഗ സമിതി വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കും. ഷൈൻ ടോം ചാക്കോയുടെ വിശദീകരണം കൂടി കേട്ടതിന് ശേഷം റിപ്പോർട്ട് സമർപ്പിക്കുമെന്ന് സമിതിയിലെ അംഗമായ നടൻ വിനുമോഹൻ പറഞ്ഞു. ഷൈനിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടുന്നില്ലെന്നും വിനുമോഹൻ പറഞ്ഞു.
Read More
- ഷൂട്ടിങ് ലൊക്കേഷനിൽ ലഹരി ഉപയോഗം കണ്ടുവെന്ന് വെളിപ്പെടുത്തൽ; വിൻസി അലോഷ്യസിൽ നിന്ന് എക്‌സൈസ് വിവരം തേടും
- MVD Guidelines on Fine: ഓടുന്ന വണ്ടിയുടെ ഫോട്ടോയെടുത്ത് പിഴ വേണ്ട; മാർഗനിർദ്ദേശവുമായി ഗതാഗത വകുപ്പ്
- മുനമ്പത്ത് ബിജെപിയും സംഘപരിവാറും കുളം കലക്കി മീന്പിടിക്കാന് ശ്രമിച്ചു: മുഖ്യമന്ത്രി
- CMRL Case: മാസപ്പടി കേസിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശം
- Waqf Amendment Bill: മുനമ്പം നിവാസികളെ പ്രധാനമന്ത്രി കാണും; രാഷ്ട്രീയക്കാർ തെറ്റിദ്ധരിപ്പിച്ചെന്ന് സഭാ നേതൃത്വം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.