scorecardresearch

തൃശൂർ പൂരം കലങ്ങിയെന്ന് സ്ഥാപിക്കാൻ കുടില നീക്കം; പ്രതിപക്ഷം സംഘപരിവാറിന്റെ ബി ടീം: മുഖ്യമന്ത്രി

പൂരവും ഉത്സവങ്ങളും വർഗീയ നേട്ടങ്ങൾക്ക് ഉപയോഗിക്കാനുള്ള താല്പര്യം സംഘപരിവാറിന്റേതാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി

പൂരവും ഉത്സവങ്ങളും വർഗീയ നേട്ടങ്ങൾക്ക് ഉപയോഗിക്കാനുള്ള താല്പര്യം സംഘപരിവാറിന്റേതാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി

author-image
WebDesk
New Update
Pinarayi Vijayan Thrissur Pooram

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി. തൃശൂർ പൂരം മൊത്തത്തിൽ കലങ്ങിയെന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്നും, പൂരവും ഉത്സവങ്ങളും വർഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനുള്ള താല്പര്യം സംഘപരിവാറിനാണ് ഉള്ളതെന്നും, വാർത്താക്കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment

"ജനസഹസ്രങ്ങൾ പങ്കാളികളായ തൃശൂർ പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ്  പ്രതിപക്ഷം നടത്തുന്നത്. ഇത്തവണത്തെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണ്. പൂരത്തോട് അനുബന്ധിച്ചുള്ള ചെറുപൂരങ്ങളും എഴുന്നള്ളിപ്പുകളും ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങിയ മറ്റെല്ലാ പ്രധാനപ്പെട്ട ചടങ്ങുകളും കൃത്യമായി നടക്കുകയുണ്ടായി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടുകൂടിയുള്ള എഴുന്നള്ളിപ്പുകൾ അവസാനിക്കുന്നതോടുകൂടിയാണ് വെടിക്കെട്ട് ആരംഭിക്കേണ്ടത്. 

വെടിക്കെട്ടിൻ്റെ  മുന്നോടിയായി തൃശ്ശൂർ റൗണ്ടിൽ നിന്നും (സ്റ്റെറയിൽ സോൺ) ജനങ്ങളെ  ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് തടസ്സവാദങ്ങൾ ഉന്നയിക്കപ്പെട്ടത്. വെടിക്കെട്ട് നടത്തുമ്പോഴുണ്ടാകേണ്ട നിയമാനുസൃതമായ സുരക്ഷാ ക്രമീകരണങ്ങളോട് ചില എതിർപ്പുകളും അതിന്റെ ഭാഗമായി ദീപാലങ്കാരങ്ങൾ ഓഫ്‌ ചെയ്യുന്നതുൾപ്പെടെയുള്ള ചില നടപടികളും ഉണ്ടായിട്ടുണ്ട്. പുലർച്ചെ മൂന്നുമണിയോടുകൂടി നടക്കേണ്ട വെടിക്കെട്ട് രാവിലെയാണ് നടന്നത്. പിറ്റേന്ന് നടക്കേണ്ട സമാപന വെടിക്കെട്ടും വൈകി," മുഖ്യമന്ത്രി പറഞ്ഞു. 

ദേവസ്വങ്ങൾ ആ സമയത്ത് ചില ആചാരങ്ങൾ ചുരുക്കി നടത്തുകയാണ് ഉണ്ടായതെന്നും, സംഭവിച്ചതിന്റെയെല്ലാം കാരണങ്ങൾ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ, പൂരം ആകെ അട്ടിമറിക്കപ്പെട്ടു എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത എന്തിനാണ് പ്രതിപക്ഷത്തിന് ഉണ്ടാവുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Advertisment

"പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താൻ ശ്രമങ്ങളുണ്ടായി എന്ന ഒരേ നിലപാടാണ് സർക്കാർ ഇക്കാര്യത്തിൽ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളത്. അന്വേഷണം സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിലും നിയമസഭയിലും ഇത് വ്യക്തമാക്കിയതാണ്. പൂരവും അതുപോലുള്ള ഉത്സവങ്ങളും വർഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനുള്ള താല്പര്യം സംഘപരിവാറിന്റേതാണ്.  

അത്തരം കുത്സിത നീക്കങ്ങൾ രാഷ്ട്രീയമായി തുറന്നു കാട്ടാനും തടയാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു പകരം സംഘപരിവാറിന്റെ അതേ ലക്ഷ്യത്തോടെ പൂരം കലങ്ങി എന്ന് സ്ഥാപിച്ച് നേട്ടം കൊയ്യാനുള്ള കുടില നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. അവ തുറന്നുകാട്ടുമ്പോൾ അസഹിഷ്ണുതയോടെ പൂരം കലങ്ങി എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് സംഘപരിവാറിന്റെ ബി ടീമായി കളിക്കുന്നത് കൊണ്ടാണ്. പൂരം കലക്കണം എന്നത് സംഘപരിവാറിന്റെ താല്പര്യം ആയിരുന്നു. കലങ്ങി എന്ന് സ്ഥാപിക്കാനുള്ളത് യുഡിഎഫിൻ്റെ താല്പര്യമായി മാറിയിരിക്കുന്നു. ഇതിന് രണ്ടിനോടും  ഒപ്പം അല്ല പൂര പ്രേമികളും ജനങ്ങളാകെയും. 

ഉദ്യോഗസ്ഥതലത്തിൽ ആരെങ്കിലും കുറ്റം ചെയ്യുകയോ അനാസ്ഥ കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് നിയമത്തിനു മുന്നിൽ കൊണ്ടുവരികയും അർഹമായ ശിക്ഷ നൽകുകയും ചെയ്യും എന്നതാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട്. പുരാഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും പരിശോധിക്കപ്പെടും. വരും വർഷങ്ങളിൽ കുറ്റമറ്റരീതിയിൽ പൂരം നടത്താനുള്ള ശ്രമങ്ങളാണ് സർക്കാരിന്റേത്," മുഖ്യമന്ത്രി അറിയിച്ചു.

Read More

Thrissur Pooram Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: