scorecardresearch

മനസ്സിന് തെളിച്ചവും വെളിച്ചവും ഉണ്ടാകും, കഠിനധ്വാനികൾ: സിനിമ, ആതുരശുശ്രൂഷ ഈ നക്ഷത്രക്കാരുടെ സ്വഭാവഗുണങ്ങളും തൊഴിൽ മികവുകളും

മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകളുടെ പഠിപ്പ്, പ്രണയം, ദാമ്പത്യം, തൊഴിൽ അന്വേഷണം, പൊതുസ്വഭാവം ഈ ലേഖനത്തിൽ വിശദമായി അറിയാം

മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകളുടെ പഠിപ്പ്, പ്രണയം, ദാമ്പത്യം, തൊഴിൽ അന്വേഷണം, പൊതുസ്വഭാവം ഈ ലേഖനത്തിൽ വിശദമായി അറിയാം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Womens Day horoscope

മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനം. 

ഗ്രഹങ്ങളിലും രാശികളിലും മാത്രമല്ല നക്ഷത്രങ്ങളിലുമുണ്ട്, പ്രപഞ്ചത്തിൻ്റെ ആ മധുരമനോഹരമായ അർദ്ധനരത്വവും അർദ്ധനാരീത്വവും ചേർന്ന മുഴുമനുഷ്യത്വം. 

Advertisment

27 നക്ഷത്രങ്ങളിൽ 14 എണ്ണം പുരുഷനക്ഷത്രം. 13 എണ്ണം സ്ത്രീനക്ഷത്രം. പക്ഷേ പുരുഷനിൽ സ്ത്രീയും, സ്ത്രീയിൽ പുരുഷനും അടങ്ങുന്നതുപോലെ ഓരോ നാളിലും അവിഭാജ്യമായ വിധത്തിൽ മനുഷ്യത്വം പൂർണ്ണത തേടുന്നത് കാണാനാവും.

ഇവിടെ ഓരോ നക്ഷത്രത്തിലും ജനിച്ച സ്ത്രീ എങ്ങനെ ലോകത്തെ നോക്കിക്കാണുന്നു, എന്താണ് അവൾക്ക് ലോകം നൽകുന്ന അനുഭവം.? തണലിൻ്റെ കുട നൽകുകയാണോ ലോകം? അതോ ചവുട്ടിക്കയറാൻ ഊഷരമായ വഴിത്താര മുന്നിലേക്ക് നീട്ടിയിട്ടുകൊടുക്കുകയാണോ? അവളുടെ പഠിപ്പ് ? പ്രണയം? ദാമ്പത്യം? തൊഴിൽ അന്വേഷണത്തിൻ്റെ വിശദ വാങ്മയം ഈ ലേഖനത്തിൽ ഇതൾ വിടരുന്നു.

മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകളുടെ പൊതുസ്വഭാവം ഇവിടെ അപഗ്രഥിക്കപ്പെടുന്നു. നക്ഷത്ര ചിന്തയിലെ വ്യത്യസ്തമായ 'തോന്ന്യാക്ഷരങ്ങൾ' (ഒ. എൻ.വിയുടെ പ്രയോഗം) എന്ന വിശേഷണം ഇവിടെ അനുരൂപമാവും.

Advertisment

Also Read: നക്ഷത്രങ്ങളിൽ തെളിയുന്ന സ്ത്രീ മനസ്സ്-അശ്വതി മുതൽ ആയില്യം വരെ

മകം

'മകം പിറന്ന മങ്ക' മലയാളിയുടെ നാവിലിടം പിടിച്ച ചൊല്ലാണ്. എല്ലാ രംഗത്തും വിജയശ്രീലാളിതയാവുന്നവൾ എന്നാണ് സങ്കല്പം. അതിൽ മുഴുസത്യമില്ലെങ്കിലും ഭാഗിക സത്യമുണ്ട്.

കേതുദശയിൽ ജനിക്കുകയാൽ ബാല്യകാലത്ത് ക്ലേശാനുഭവങ്ങൾ വരാം.  രണ്ടാം ദശ 20 വർഷം നീളുന്ന ഏറ്റവും വലിയ ദശയായ ശുക്രദശയാകയാൽ പ്രായേണ പഠനം പൂർത്തിയായി ജോലിയിൽ പ്രവേശിക്കാനും ചിലർക്ക് വിവാഹം തന്നെ നടക്കാനും ഇടയുണ്ട്.

അസുരഗണ നക്ഷത്രം ആകയാൽ പ്രായോഗികമായി ഏതുകാര്യവും ചിന്തിക്കും. കാര്യപ്രാപ്തി കൂടുതലായിട്ടുണ്ടാവും. കുടുംബത്തിൽ മിക്കപ്പോഴും 'അധികാരിയുടെ റോൾ' സ്വയം കൈക്കൊള്ളും. ആജ്ഞാശക്തി വാക്കിലും നോക്കിലുമുണ്ടാവും.  

ഗുമസ്തപ്പണി മുതൽ ബാങ്കിംഗ്, അഭിഭാഷകവൃത്തി,  രാഷ്ട്രീയം, എഞ്ചിനിയറിംഗ്, പുത്തൻ സാങ്കേതിക മേഖല വരെയുള്ള കർമ്മരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കും.

പൂരം

ശുക്രൻ ഭരിക്കുന്ന നക്ഷത്രമാണ് പൂരം. ഒരു മനുഷ്യഗണ നക്ഷത്രമാണിത്. മറഞ്ഞുനിൽക്കുന്ന ആത്മീയതയെക്കാൾ തെളിഞ്ഞു നിൽക്കുന്ന ഭൗതികതയാണ് ഇവരെ ആകർഷിക്കുന്നത്.

ജീവിതത്തെ ഹൃദയം കൊണ്ട് സ്നേഹിക്കും. ഹൃദയത്തോട് ചേർത്തുനിർത്തുകയും ചെയ്യും. പൂരം നാളുകാരി സ്വതേ പ്രണയലോലുയായിരിക്കും. ഒരു പൂവ് ചോദിച്ചാൽ ഒരു പൂക്കാലം തിരികെ നൽകുന്നവളാണ്. ഇവരുടെ  ആത്മാർത്ഥതയെ സമൂഹം തിരിച്ചറിയണമെന്നില്ല.

 കല, സിനിമ, മനുഷ്യവിഭവശേഷി, കമ്പ്യൂട്ടർ സംബന്ധിച്ച വിവിധ ജോലികൾ, ആതുരശുശ്രൂഷ, കോസ്റ്റ്യൂമസ്, ചെറുസംരംഭം എന്നിവ ഇവർക്കിണങ്ങും.

ആൾക്കൂട്ടത്തെ ഇഷ്ടപ്പെടും. ഏകാന്തതയെ വെറുക്കുകയും ചെയ്യും. മധ്യമരജ്ജുവിൽ വരുന്ന ഒമ്പതുനക്ഷത്രങ്ങളിൽ പൂരം നാളുമുണ്ട്. പൊരുത്തം പരിശോധിച്ചില്ലെങ്കിൽ ദാമ്പത്യത്തിൽ പൊരുത്തം കുറയുമെന്നാണ് നിയമം.

ഉത്രം

പുരുഷ നക്ഷത്രം ആണ്. നക്ഷത്രനാഥൻ ആദിത്യൻ. മനസ്സിന് വെളിച്ചവും തെളിച്ചവും ഉണ്ടാവും. ജീവിതത്തിൽ നിന്ന് ഒളിച്ചോടുകയില്ല. കൂട്ടുകാരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിൽ ഒപ്പം നിൽക്കും.

മനുഷ്യഗണത്തിൽ വരുന്ന നക്ഷത്രമാകയാൽ മനുഷ്യൻ്റെ പ്രായോഗിക ചിന്താഗതി എപ്പോഴുമുണ്ടാവും. കൗമാരം തൊട്ട് യൗവ്വനം മദ്ധ്യം വരെ ചൊവ്വ, രാഹു എന്നീ പാപഗ്രഹങ്ങളുടെ രണ്ടുതുടർദശകൾ വരുന്നതിനാൽ അക്കാലയളവിൽ ജീവിതം സങ്കീർണ്ണമാവാം. എല്ലാക്കാര്യങ്ങളിലും കരുതലുണ്ടാവണം. 

പഠനത്തിൽ മിടുക്കുകാട്ടും. പ്രശസ്ത വിജയം നേടുകയും ചെയ്യും.കുടുംബത്തിൻ്റെ ഹൃദയവും മസ്തിഷ്കവും  ഉത്രം നാളുകാരിയാവാനാണ് സാധ്യത.

അഡ്മിനിട്രേഷൻ, സൂപ്പർവൈസർ, സർക്കാർ ഉദ്യോഗം, വ്യാപാരം, മാനവിക വിഷയങ്ങൾ, എന്നിവയിലെല്ലാം മുന്നണിയിലെത്തും.

അത്തം

'ഹസ്തം' എന്ന സംസ്കൃതപദത്തിൻ്റെ തദ്ഭവം ആണ് അത്തം. കൈകൾ കർമ്മേന്ദ്രിയങ്ങൾ ആകയാൽ എപ്പോഴും കർമ്മനിരതരാവും. പ്രവൃത്തികളിൽ വിജയിക്കാനാവും. കാര്യനിർവഹണശേഷി ഉന്നതമായിരിക്കും.

ദേവഗണനക്ഷത്രമാണ്. അതിനാൽ ആദർശത്തിൽ ഉറച്ചുനിൽക്കും. ബുധൻ അധിപനായ കന്നിരാശിയിൽ വരുന്ന നക്ഷത്രമാണ്. അതിനാൽ ബുദ്ധിമതിയുമാവും. നിശബ്ദത നിറഞ്ഞതായിരിക്കും, പ്രവർത്തനരീതി. പ്രദർശനോത്സുകത ഒട്ടും ഉണ്ടാവില്ല. 

'പെണ്ണത്തം പൊന്നത്തം' എന്ന പഴമൊഴി സൂചിപ്പിക്കുന്നത് അത്തം നാളുകാരിയുടെ സ്വഭാവ മഹത്വമോ പ്രാധാന്യമോ ആവാം. 

ഭരണനിർവഹണം, വൈദ്യം, കമ്പ്യൂട്ടർ മേഖല, സാഹിത്യം, ആതുരശുശ്രൂഷ, അധ്യാപനം, വക്കീൽപ്പണി, കച്ചവടം, ഹോട്ടൽ, കേറ്ററിംഗ്, കലാപ്രവർത്തനം, ചമയം തുടങ്ങിയ വൈവിധ്യപൂർണങ്ങളായ മേഖലകളിൽ ഇവർക്ക് വിജയിക്കാനാവും.

ചിത്തിര

'ചിത്രാ' എന്നാണ് സംസ്കൃതനാമം. ജീവിതത്തിൻ്റെ വർണ്ണശബളിമ ഇഷ്ടപ്പെടുന്നവരാവും. അസുരഗണത്തിൽ വരുന്ന നാളാകയാൽ ഇച്ഛാശക്തി ഉണ്ടാവും. അതുനിറവേറ്റാനുള്ള ജ്ഞാനം സമ്പാദിക്കുന്നതാണ്. ക്രിയാപഥത്തിൽ എത്തിച്ച് വിജയം നേടാനും കഴിയുന്നവരാവും.

ചൊവ്വ നക്ഷത്രനാഥനായതിനാൽ എതിർപ്പുകളെ തൃണവൽഗണിച്ച് മുന്നേറും. നേതൃപദവി  കാംക്ഷിക്കും. വീട്ടിലും തൊഴിലിടത്തിലും ആജ്ഞാശക്തി പുലർത്തും.

അലങ്കാരം, ആടയാഭരണങ്ങൾ, കലാരംഗം, ഹാൻഡി ക്രാഫ്റ്റ്സ്, ഭരണനിർവഹണം, ആധുനിക വൈദ്യശാസ്ത്രം, ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ,  ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ നവീന സാങ്കേതിക വിദ്യ എന്നിവയിൽ തിളങ്ങാൻ കഴിയും.

കർമ്മരംഗത്തെ അതുല്യത ചിലർക്ക് കുടുംബജീവിതത്തിൽ ഉണ്ടാവണമെന്നില്ല. ദാമ്പത്യത്തിൽ ക്ലേശങ്ങൾ വരാനിടയുണ്ട്. മധ്യമരജ്ജുവിൽ വരുന്ന നാളാകയാൽ വിവാഹപ്പൊരുത്തം കിട്ടുക എളുപ്പമായേക്കില്ല.

ചോതി

വായു നക്ഷത്രദേവനാകയാൽ ചോതി നാളുകാരിക്ക് സ്വാതന്ത്ര്യം പ്രാണവായു തന്നെയാവും. പാരതന്ത്ര്യം ഏറ്റവും ദുസ്സഹമായിരിക്കും.  സ്വതന്ത്ര്യം തടയപ്പെടുമ്പോൾ അവളുടെ ജീവിതത്തിൽ സംഘർഷം കടന്നുവരും.

ത്രാസ്സ് അടയാളമായ തുലാക്കൂറിൽ ജനിക്കുകയാൽ മുന്നിലുള്ള യാഥാർത്ഥ്യത്തെ കൃത്യമായി തുലനം ചെയ്ത് വിലയിരുത്തുന്നതിൽ വിജയിക്കും. രാഹുദശയിലാണ് ജനനം. അതിനാൽ ബാല്യകൗമാരങ്ങൾ ക്ലേശിപ്പിക്കാം, പലനിലയ്ക്കും.

പൊതുവേ സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരാണ്. സ്വാശ്രയ ജോലികളിൽ വിജയ സാധ്യത കൂടും. അധ്യാപനം, സിനിമാ രംഗം, വ്യാപാരം, സൗന്ദര്യ പോഷണം, ചമയം, ആടയാഭരണം, ഹോസ്പിറ്റാലിറ്റി, ആതുര ശുശ്രൂഷ എന്നിവയിൽ ആത്മവിശ്വാസത്തോടെ മുന്നേറും. 

ദാമ്പത്യ- വിവാഹ സ്ഥാനമായ ഏഴാമെടം ചൊവ്വയുടെ രാശിയായ മേടമാകയാൽ അക്കാര്യത്തിൽ സ്വസ്ഥതയും സമാധാനവും കുറയാം.

വിശാഖം

അസുരഗണത്തിൽ വരുന്ന പുരുഷനക്ഷത്രമാണ്, വിശാഖം. തുലാം - വൃശ്ചികം രാശികളിലായി ഉൾപ്പെടുന്നു. വിവിധ കാര്യങ്ങളിൽ വൈഭവമുണ്ടാവും. ലക്ഷ്യത്തിലെത്താനായി കഠിനാദ്ധ്വാനം ചെയ്യാൻ മടിക്കാത്തവരാണ്. സ്വാഭിപ്രായം വെട്ടിത്തുറന്നു പറയും.  മിത്രങ്ങൾ പോലും ശത്രുക്കളാവുന്ന സ്ഥിതിയുണ്ടാവും, തന്മൂലം.  

വ്യത്യസ്തമായ വിഷയങ്ങൾ പഠിച്ച് ബിരുദങ്ങൾ നേടും. ഒന്നിലധികം കർമ്മമേഖലകളിൽ വ്യാപരിക്കേണ്ടതായി വരാം. വ്യാഴം നക്ഷത്രനാഥനാകയാൽ പാരമ്പര്യ വിഷയങ്ങളെ തള്ളിപ്പറയില്ല. ഒപ്പം നവീനമായിട്ടുള്ള അഭിരുചികളും പുലർത്തും. 

വൈദ്യശാസ്ത്രം, അധ്യാപനം, ബിസിനസ്സ് മാനേജ്മെൻ്റ്, കമ്പ്യൂട്ടർ ഹാർഡ് വെയർ, കലാരംഗം എന്നിവ സാധ്യതകൾ.  

ചരരാശിയിൽ ജനിക്കുന്നവരാകയാൽ പഠനം, ജോലി എന്നിവ അന്യദേശത്താവാൻ സാധ്യതയുണ്ട്. കുടുംബ ജീവിതം സുഖകരമായിരിക്കും എന്ന് മുഴുവാനായി പറയാൻ കഴിയില്ല.

അനിഴം

ആദിത്യൻ്റെ മറ്റൊരു രൂപമോ ഭാവമോ ആയ മിത്രൻ ആണ് അനിഴത്തിൻ്റെ നക്ഷത്രദേവത. അതിനാൽ ലോകത്തോട് 'മൈത്രീഭാവം' പുലർത്തുന്നവരാണ് അനിഴം നാളുകാർ എന്ന് കരുതുന്നതിൽ സാംഗത്യമുണ്ട്. കുടുംബത്തിൽ പിണക്കങ്ങൾ തലപൊക്കുമ്പോൾ അനിഴം നാളുകാരുടെ അനുരഞ്ജനശക്തി എല്ലാവരുമറിയും.

ജനനം ശനിദശയിലാകയാൽ ബാല്യ കൗമാരങ്ങളിൽ കയ്പും കണ്ണീരും കൂടുതലായേക്കും. പൊതുധാരണയും സാമാന്യബുദ്ധിയും ഇവർക്ക് വളരെയുണ്ടാവും. പഠനത്തിൽ ശരാശരിക്കാരായേക്കാം. കായികാധ്വാനം അടക്കമുള്ള ജോലികൾക്ക് സന്നദ്ധത കാട്ടുന്നവരാണ്. മുൻവിധികളില്ലാതെ ഏതുജോലി ചെയ്യാനും തയ്യാറാവും. 

മനുഷ്യവിഭവശേഷി, ആതുര ശുശ്രൂഷ, മാനവിക വിഷയങ്ങൾ, കാറ്ററിംഗ്,  ഇവൻ്റ് മാനേജ്മെൻ്റ്, മാധ്യമ പ്രവർത്തനം, അദ്ധ്യാപനം എന്നിവ ഇവർക്ക് സ്വച്ഛതയേകും. ദാമ്പത്യത്തിൽ പ്രായേണ സമാധാനവും സംതൃപ്തിയും അനുഭവിക്കും.

തൃക്കേട്ട

'ജ്യേഷ്ഠാ' എന്നതാണ് സംസ്കൃതം. ദക്ഷപ്രജാപതിയുടെ പെൺമക്കളാണ് നക്ഷത്രങ്ങൾ എന്നാണ് മിത്ത്. അവരിൽ ഏറ്റവും മൂത്തവൾ എന്നതാണ് 'ജ്യേഷ്ഠാ' എന്ന വാക്കിൻ്റെ അകപ്പൊരുൾ. അതിനാൽ അധീശരാവാനും നേതൃത്വം സ്വീകരിക്കാനും ഇവർക്ക് ജന്മവാസനയുണ്ട്. ഇത് അംഗീകരിക്കപ്പെടാതെ വരുമ്പോൾ പ്രശ്നങ്ങളുണ്ടാവും. 

ഇന്ദ്രനാണ് നക്ഷത്രദേവത എന്നതും സ്മരണീയമാണ്. ബുധൻ നക്ഷത്രാധിപനാകുന്നു. ബൗദ്ധികമായി ഉയർന്ന നിലവാരം പുലർത്തുന്നവരാണ് തൃക്കേട്ടക്കാർ എപ്പോഴും. ഇവർ പഠന മേഖലയിൽ ബുദ്ധിയുടെ തിളക്കം പ്രകടിപ്പിക്കും. ആശയങ്ങളിലും ആവിഷ്കാരങ്ങളിലും പ്രതിഭാവിലാസം കാണും.   

അധ്യാപനം, ഡിജിറ്റൽ ക്രിയേഷൻ, എഞ്ചിനിയറിംഗ്, മോട്ടിവേഷണൽ മേഖല, മാനേജ്മെൻ്റ്, വൈദ്യശാസ്ത്രം, സാഹിത്യം, ഗണിതം, പത്രപ്രവർത്തനം എന്നിവ ഉപജീവനമായാൽ വിജയിക്കും. പ്രണയത്തിലും ദാമ്പത്യത്തിലും അപസ്വരങ്ങളെ അഭിമുഖീകരിച്ചേക്കാം.

-തുടരും

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: