scorecardresearch

നിർമ്മലർ, എഴുതാപ്പുറം വായിക്കുന്നവർ: ആരോഗ്യമേഖല, അഭിഭാഷക, അഭിനയം ഈ നക്ഷത്രക്കാർ തിളങ്ങുന്ന മേഖലകൾ

അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകളുടെ പഠിപ്പ്, പ്രണയം, ദാമ്പത്യം, തൊഴിൽ അന്വേഷണം, പൊതുസ്വഭാവം ഈ ലേഖനത്തിൽ വിശദമായി അറിയാം

അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകളുടെ പഠിപ്പ്, പ്രണയം, ദാമ്പത്യം, തൊഴിൽ അന്വേഷണം, പൊതുസ്വഭാവം ഈ ലേഖനത്തിൽ വിശദമായി അറിയാം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Horoscope: ഓരോ നക്ഷത്രത്തിലും ജനിച്ച സ്ത്രീ എങ്ങനെ ലോകത്തെ നോക്കിക്കാണുന്നു, എന്താണ് അവൾക്ക് ലോകം നൽകുന്ന അനുഭവം?

മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനം. 

ഗ്രഹങ്ങളിലും രാശികളിലും മാത്രമല്ല നക്ഷത്രങ്ങളിലുമുണ്ട്, പ്രപഞ്ചത്തിൻ്റെ ആ മധുരമനോഹരമായ അർദ്ധനരത്വവും അർദ്ധനാരീത്വവും ചേർന്ന മുഴുമനുഷ്യത്വം. 

Advertisment

27 നക്ഷത്രങ്ങളിൽ 14 എണ്ണം പുരുഷനക്ഷത്രം. 13 എണ്ണം സ്ത്രീനക്ഷത്രം. പക്ഷേ പുരുഷനിൽ സ്ത്രീയും, സ്ത്രീയിൽ പുരുഷനും അടങ്ങുന്നതുപോലെ
ഒരോ നാളിലും അവിഭാജ്യമായ വിധത്തിൽ മനുഷ്യത്വം പൂർണ്ണത തേടുന്നത് കാണാനാവും.

ഇവിടെ ഓരോ നക്ഷത്രത്തിലും ജനിച്ച സ്ത്രീ എങ്ങനെ ലോകത്തെ നോക്കിക്കാണുന്നു, എന്താണ് അവൾക്ക് ലോകം നൽകുന്ന അനുഭവം? തണലിൻ്റെ കുട നൽകുകയാണോ ലോകം? അതോ ചവുട്ടിക്കയറാൻ ഊഷരമായ വഴിത്താര മുന്നിലേക്ക് നീട്ടിയിട്ടുകൊടുക്കുകയാണോ? അവളുടെ പഠിപ്പ് ? പ്രണയം? ദാമ്പത്യം? തൊഴിൽ അന്വേഷണത്തിൻ്റെ വിശദ വാങ്മയം ഈ ലേഖനത്തിൽ ഇതൾ വിടരുന്നു.

അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകളുടെ പൊതുസ്വഭാവം ഇവിടെ അപഗ്രഥിക്കപ്പെടുന്നു. നക്ഷത്ര ചിന്തയിലെ വ്യത്യസ്തമായ 'തോന്ന്യാക്ഷരങ്ങൾ' (ഒ. എൻ.വിയുടെ പ്രയോഗം) എന്ന വിശേഷണം ഇവിടെ അനുരൂപമാവും.


Also Read:നക്ഷത്രങ്ങളിൽ തെളിയുന്ന സ്ത്രീ മനസ്സ്-മകം മുതൽ തൃക്കേട്ടവരെ

അശ്വതി

Advertisment

ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ  14 എണ്ണം പുരുഷ നക്ഷത്രങ്ങൾ, 13 എണ്ണം സ്ത്രീ നക്ഷത്രങ്ങൾ എന്നാണ് വിഭജനം. അശ്വതി ഒരു പുരുഷ നക്ഷത്രമായി കരുതപ്പെടുന്നു. എന്നാൽ 'അശ്വതിയിൽ പിറന്ന അച്ചി' എന്നാണ് ചൊൽപ്പെരുമ. ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ ജീവിതസമരത്തിൽ വിജയിക്കുന്നവരാണ്.

എല്ലാക്കാലത്തും ഒന്നാംസ്ഥാനത്തിന് (ജന്മം/കർമ്മം ഇവകളാൽ) അർഹരാണെന്നും പറയാറുണ്ട്. എങ്കിലും പഴഞ്ചൊല്ലിൽ പറയുമ്പോലെ അശ്വതി നക്ഷത്രക്കാരിൽ ജീവിതവിജയം കൂടുതൽ സ്ത്രീക്കാവും, അശ്വതി നാളിലെ പുരുഷനുമായി  താരതമ്യം ചെയ്യുമ്പോൾ കൈവരിക്കാനാവുക. നേതൃപദവി അശ്വതിക്കാരിയുടെ മുഖമുദ്രയാണ്. ഒരേ ദിവസം ജോലിക്ക് ചേർന്നവരെക്കാൾ കൂടുതൽ 'പ്രൊമോഷൻ' കിട്ടി ഉയരുന്നത് അശ്വതിക്കാരിയാവും.

ഭർത്താവും കുട്ടികളും പിതാവും ആങ്ങളയും ഒക്കെ അശ്വതിക്കാരിയുടെ നിലപാടുകളെ അംഗീകരിക്കേണ്ട സ്ഥിതി വീട്ടിനുള്ളിലെ അലിഖിത നിയമമാവും. ദേവവൈദ്യന്മാരായ അശ്വിനീ കുമാരന്മാരാണ് നക്ഷത്രദേവത. അതിനാൽ ആധിവ്യാധികളാൽ ക്ലേശിപ്പിക്കുന്നവരെ വാക്കുകളാൽ, പ്രവൃത്തിയാൽ സാന്ത്വനിപ്പിക്കാൻ അശ്വതി നാളുകാരിക്ക് കഴിഞ്ഞേക്കും.

പാരമ്പര്യമായിട്ടുള്ള ജോലികൾക്കൊപ്പം ചലഞ്ചിംഗ് ആയിട്ടുള്ള ജോലികളിലും അശ്വതിക്കാരി  ശോഭിക്കും. മെഡിക്കൽ രംഗം, അധ്യാപനം , സ്വകാര്യ സംരംഭം എന്നിവകളിൽ വിജയിക്കുന്നതാണ്.

ഭരണി

ഭരണി ഒരു പുരുഷ നക്ഷത്രമാണ്. ശുക്രൻ ജന്മനക്ഷത്രാധിപൻ ആകയാൽ കലാപരമായ കഴിവുകളും സ്നേഹവാത്സല്യാദി മൃദുഭാവങ്ങളും മനസ്സിലുണ്ടാവും. സൗന്ദര്യബോധത്താൽ അനുഗൃഹീതരായിരിക്കും.

ചൊവ്വ നയിക്കുന്ന, ചൊവ്വ ഭരണാധികാരിയായ രാശിയാണ് മേടം. മേടക്കൂറിൽ വരുന്ന നക്ഷത്രങ്ങളിൽ ഭരണിയുമുണ്ട്. അതിനാൽ 'ചെങ്കോലും കിരീടവും' മനസ്സിലെങ്കിലും ഉണ്ടാവാതെ വയ്യ!

'ഭരണിപ്പെൺ ധരണി ആളും' എന്ന ചൊല്ല് ഭരണി നക്ഷത്രക്കാരി അധികാരശക്തിയുള്ളവളാവും എന്നതിൻ്റെ സൂചനയാണ്. സമൂഹത്തിൻ്റെ ചെറിയ ചലനങ്ങളെപ്പോലും ഒപ്പിയെടുക്കുവാൻ ഇവർക്കാവും. പ്രതിരോധിക്കേണ്ടിടത്ത്  പ്രതിരോധിക്കാൻ സാധിക്കുന്നതാണ്.

പോലീസ് വിഭാഗം, ചമയം, സംഗീതം, പാരമ്പര്യവും ആധുനികവുമായ ആരോഗ്യ മേഖല, സർക്കാർ ജോലി എന്നിവയിൽ ഉപജീവനം കണ്ടെത്തും.

കാർത്തിക

സ്ത്രീനക്ഷതങ്ങളിൽ  ഒന്നായ കാർത്തിക മേടം-ഇടവം എന്നീ രാശികളിലായി വരുന്നു. 'കാർത്തിക കീർത്തി കേൾപ്പിക്കും' എന്ന ചൊല്ല് പ്രാസപ്രിയന്മാർ സൃഷ്ടിച്ചതല്ലെന്ന് സ്വജീവിത മികവിനാൽ അവർ തെളിയിക്കുന്നു. അസുരഗണത്തിൽ വരുന്ന നക്ഷത്രമാണ് കാർത്തിക. നക്ഷത്രനാഥൻ സൂര്യനാകുന്നു. അതിനാൽ അധികാരത്തിൻ്റെ അധിത്യകകളിൽ എളുപ്പം എത്തിപ്പെടും.

അനീതികളെ നേരിടാൻ മനക്കരുത്തുണ്ടാവും. സഹനശക്തിയുണ്ട്. പക്ഷേ അന്യായങ്ങളെ കണ്ടില്ലെന്ന് നടിക്കില്ല. ശബ്ദമുയർത്താനും കാർത്തിക നാരിക്കറിയാം. ഓലപ്പാമ്പുകളെ കണ്ട് ഒരിക്കലും ഭയക്കുകയുമില്ല. നക്ഷത്രദേവത അഗ്നിയാണ്. അതിനാൽ മനസ്സിൻ്റെ ജ്വലനശക്തി ആർക്കും അളക്കാനാവില്ല.

കാർത്തികയുടെ സ്വരൂപം കൈവട്ടക/ചോറുകോരി ആണെന്ന് ചില ഗ്രന്ഥങ്ങളിൽ പറയുന്നു. പൊതുവേ ഹോട്ടൽ, കാറ്ററിംഗ്, ചമയം, സ്വന്തം സംരംഭം, സർക്കാർ ജോലി, കൺസ്ട്രക്ഷൻ മേഖല, അഭിഭാഷക വൃത്തി എന്നീ മേഖലകളിലെ പഠനവും തൊഴിലും ഇവർക്ക് ഗുണകരമാണ്.

രോഹിണി

പ്രജാപതിയാണ് രോഹിണിയുടെ നക്ഷത്രദേവത. മനുഷ്യഗണത്തിൽ വരുന്ന നക്ഷത്രമാണെന്നത് മറ്റൊരു സങ്കല്പം. ചന്ദ്രദേവന് ഏറ്റവും പ്രിയപ്പെട്ട പത്നിയും രോഹിണിയാണ്. അതിനാൽ മനുഷ്യസ്ത്രീയുടെ മനസ്സിൻ്റെ ആഴം രോഹിണി നാളുകാരിയിൽ ഉണ്ടാവും. സന്തോഷവും തേങ്ങലും പ്രണയവും വിഹ്വലതയും അവിടെയുണ്ട്. ഒരു സൃഷ്ടി നക്ഷത്രമാകയാൽ കവിതയും ചിത്രവും ഗാനവും മനസ്സിൽ തുടികൊട്ടിയുണരും.

കരിപുരണ്ട അടുക്കളയുടെ നാലുചുമരുകൾക്കുള്ളിൽ ഒതുക്കാൻ ശ്രമിക്കുന്നവരോട് രോഹിണി നാളുകാരി പൊറുക്കണമെന്നില്ല. സ്ത്രീകൾക്കു നേരെ പിന്തിരിപ്പൻ നയം പുലർത്തുന്നവർ രോഹിണിയുടെ ശുഭ്രമായ മനസ്സ് കാണാത്തവരാണ്.

കലയുമായി ബന്ധപ്പെട്ട പഠനം, അഭിനയമുൾപ്പെടെ സിനിമാ രംഗത്തെ വിവിധ തൊഴിലുകൾ എന്നിവ ഇവർക്ക് ഇണങ്ങും. വസ്ത്ര വ്യാപാരം, ആഭരണം, അന്നപാനീയാദികൾ, മനുഷ്യവിഭവശേഷി എന്നിവയും അനുയോജ്യമായ തൊഴിൽ മേഖലകളാണ്.

മകയിരം

ഉന്മേഷത്തോടെയും പ്രസരിപ്പോടെയും ജീവിതത്തിൻ്റെ വെല്ലുവിളികളെ ഏറ്റെടുക്കുന്നവരാണ് മകയിരം നാളുകാരികൾ. പെട്ടെന്ന് ക്ഷോഭം വരുന്ന ശീലവുമുണ്ടാവും. നക്ഷത്രാധിപൻ ചൊവ്വയാണ്. നാവ് മൂർച്ചയേറിയ ഉറുമിപോലെയാവും വാക്കങ്കം വെട്ടുമ്പോൾ. കള്ളനാട്യക്കാരോട് ക്ഷമിക്കുന്ന പ്രശ്നമില്ല. ഇടവം - മിഥുനം എന്നീ ഇരുരാശികളിൽ വരുന്ന നക്ഷത്രമാകയാൽ രാശിനാഥന്മാരായ ശുക്രൻ്റെ സൗന്ദര്യതൃഷ്ണയും ബുധൻ്റെ മസ്തിഷ്കബലവും ഇവരിലുണ്ടാവും.

മദ്ധ്യമരജ്ജുവിൽ വരുന്ന ഒമ്പത് നക്ഷത്രങ്ങളിൽ ഒന്നാണ് മകയിരം. അക്കാരണത്താൽ വിവാഹപ്പൊരുത്തം കിട്ടുക എളുപ്പമാവില്ല. ജീവിതത്തിൻ്റെ ഏതുരംഗവും ആടാൻ ഇവർക്കാവില്ല. മനസ്സിന് പൊരുത്തപ്പെടാനാവാത്ത കാര്യങ്ങൾ സ്ഥിരമായി ഉപേക്ഷിക്കുകയാണ് പതിവ്.

മൃദുവായ തൊഴിലുകൾ, പൊതുവേ വൈറ്റ് കോളർ ജോലികൾ എന്ന വിഭാഗത്തിൽ വരുന്ന കർമ്മങ്ങൾ ഒക്കെ ഇണങ്ങും. കമ്പ്യൂട്ടർ ഹാർഡ് വെയർ, എഞ്ചിനിയറിംഗ്, ആർക്കിടെക്റ്റ്, ജ്യോതിഷം, അഭിഭാഷകവൃത്തി എന്നിവയിലും മകയിരം നക്ഷത്രക്കാരി വിജയിക്കുന്നതായി കണ്ടുവരുന്നു.

തിരുവാതിര

രുദ്രൻ നക്ഷത്രദേവതയാകയാൽ എതിർപ്പിൻ്റെ കനൽ ഉള്ളിൽ സൂക്ഷിക്കുന്നവരാവും. എവിടെ മനുഷ്യത്വത്തിന് എതിരായ ശബ്ദം ഉയരുന്നുവോ അവിടെ പ്രതിഷേധസ്വരവുമായി എത്താൻ കഴിയുന്നവരാണ്. സാമൂഹിക ബോധം ഉള്ളിലെപ്പോഴും ഉണർന്നു തന്നെയിരിക്കും. സ്വന്തം മനസ്സ് തന്നെ പ്രഹേളികയാവും.

ചിലപ്പോൾ ചരട് പൊട്ടിയ പട്ടം പോലെ ചുറ്റിത്തിരിയും. പിറന്നൊരൂരിലും ചേക്കേറിയ ചില്ലയിലും അർഹിക്കുന്ന അംഗീകാരം, ചിലപ്പോൾ ഒരിത്തിരി സ്നേഹം പോലും കിട്ടിയില്ലെന്ന് വരാം. രാഹുദശയിൽ ജനിക്കുകയാൽ ബാല്യകൗമാരങ്ങൾ അശാന്തമായേക്കും. 

ബുധൻ്റെ രാശിയായ മിഥുനത്തിൽ പിറന്നതിനാൽ ബുദ്ധിപരമായ ജോലികളിൽ ശോഭിക്കും. ഗണിതവും തർക്കവും അധ്യാപനവും വ്യാകരണവും അക്കൗണ്ടൻസിയും പ്രവർത്തന മേഖലയായാൽ നൂറുമേനി കൊയ്യുവാൻ കഴിയും.

പുണർതം

ദേവമാതാവായ അദിതിയാണ് പുണർതത്തിൻ്റെ നക്ഷത്രദേവത. 27 നക്ഷത്രങ്ങളിൽ പുണർതത്തിന് മാത്രമാണ് സ്ത്രീ, നക്ഷത്രത്തിൻ്റെ ദേവതയായി വരുന്നത്. ഇവരുടെ മനസ്സിൽ എന്നും എപ്പോഴും മാതൃഭാവം ഉണ്ടാവും എന്ന് കരുതാം. ക്ഷമിക്കാനും പൊറുക്കാനും കഴിയുന്നവരാവും. പക്ഷേ ചുറ്റുമുള്ളവർ ആ നിർമ്മലഭാവങ്ങളെ ചൂഷണം ചെയ്യുന്നത് ഇവർ തിരിച്ചറിഞ്ഞേക്കില്ല.

ദേവഗണ നക്ഷത്രമാകയാൽ ഉന്നതമായി ചിന്തിക്കും. ആദർശത്തിൻ്റെ സൗരഭ്യം പരത്തും. എന്നാലോ മണ്ണിലെ ചെളി തെറിപ്പിക്കാനാവും പലരും മുതിരുന്നത്. തിന്മയെ തിരിച്ചറിയാൻ കഴിയാതെ വരുന്നത് പോരായ്മ തന്നെയാണ്. മുക്കാലും കാലുമായി രണ്ടുരാശികളിൽ വരുന്നതിനാൽ വ്യക്തിത്വത്തിൽ ഉദ്ഗ്രഥനം കുറയാനിടയുണ്ട്. 

കായികമായ അധ്വാനമുള്ള ജോലികളിൽ വിജയിക്കാറില്ല. എന്നാൽ ആതുര ശുശ്രൂഷയിലും അധ്യാപനത്തിലും മനുഷ്യവിഭവശേഷി, കമ്പനി സെക്രട്ടറി, സാങ്കേതിക ജോലികൾ എന്നിവയിൽ വിജയിക്കുന്നതാണ്. 

പൂയം

പൂയം നക്ഷത്രക്കാർ ജനിക്കുന്നത് ശനിദശയിലാണ്. അതിനാൽ കുട്ടിക്കാലത്തും കൗമാരത്തിലും അതിജീവനം  ക്ലേശകരമാവും. രോഗം, പഠനതടസ്സം, ധനക്ലേശം, ഒറ്റപ്പെടൽ, ഉറ്റവരുടെ വിയോഗം ഇവ വരാം. ഇഷ്ടമുള്ള വിഷയം പഠിക്കാനും, പഠനം കഴിഞ്ഞ്  ആ വിഷയത്തിൽ തന്നെ ജോലി കിട്ടാനും സാധ്യത കുറവാണ്.

മനുഷ്യവിഭവശേഷി, ബാങ്കിംഗ്, അധ്യാപനം, ചാരിറ്റി പ്രവർത്തനം, ആശുപത്രി ഭരണം, ഹോട്ടൽ - കാറ്ററിംഗ് തുടങ്ങിയ ജോലികളിൽ വിജയിച്ചു കാണാറുണ്ട്.

സഹനശക്തി ഉള്ളവരായിരിക്കും. എല്ലാവരെയും വിശ്വാസത്തിലെടുക്കും. ബൃഹസ്പതി അഥവാ വ്യാഴം നക്ഷത്രദേവതയാകയാൽ വ്യക്തിത്വത്തിൽ നിർമ്മലത സൂക്ഷിക്കും.

മറ്റുള്ളവരെ മനസ്സു തുറന്ന് അഭിനന്ദിക്കാൻ സന്നദ്ധത കാട്ടും. പ്രണയം  കയ്പാവാനിടയുണ്ട്. പൂയം മധ്യമരജ്ജു നക്ഷത്രത്തിൽ വരുന്ന നാളാകയാൽ വിവാഹപ്പൊരുത്തം എളുപ്പമായേക്കില്ല.

ആയില്യം

ബുധനാണ് നക്ഷത്രാധിപതി. അതിനാൽ ബൗദ്ധികത ഒരു ജന്മഗുണം തന്നെയാവും, ആയില്യം നാളുകാർക്ക്. പറഞ്ഞതിൻ്റെ അർത്ഥവും ധ്വനിയും പെട്ടെന്ന് മനസ്സിലാക്കും. എഴുതാപ്പുറം വായിക്കാനും കഴിവുകാട്ടുന്നവരാണ്.

എതിർപ്പിനെ തൃണവൽഗണിക്കും. എതിർക്കപ്പെടും തോറും ആയില്യം നാളുകാരിയുടെ കരുത്തേറുന്നതാണ്. ചന്ദ്രൻ ഭരിക്കുന്ന കർക്കടകം രാശിക്കാരാകയാൽ വൈകാരിക പ്രകൃതവും ഇവരിൽ കാണാനാവും.

പഠിച്ചിറങ്ങുമ്പോൾ ജോലി കിട്ടുന്നതാണ്.   കേറ്ററിംഗ്, ഗാർഡനിംഗ്, സർക്കാർ ജോലി, അഭിഭാഷകവൃത്തി, ഫാർമസി, ചമയം, ശാസ്ത്ര രംഗം, സാഹിത്യം, കലാരംഗം, ബാങ്കിംഗ് , പാചകം ഇതെല്ലാം ഇവർക്ക് ശോഭിക്കാനാവുന്ന കർമ്മരംഗങ്ങളാവും.  

അസുരഗണ നക്ഷത്രവും പുരുഷ നക്ഷത്രവുമാണ്, ആയില്യം.  ദാമ്പത്യത്തിൽ പൂർണമായും വിജയിക്കുമെന്ന് പറയാനാവില്ല. വിജയ കിരീടം ചൂടാൻ കല്ലും മുള്ളും നിറഞ്ഞ പാതകൾ താണ്ടേണ്ടി വന്നേക്കാം.

-തുടരും

Read More

International Womens Day Astrology Horoscope Women

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: