scorecardresearch

Weekly Horoscope Mar 02- Mar 08: സമ്പൂർണ വാരഫലം, അശ്വതി മുതൽ ആയില്യം വരെ

Weekly Horoscope, March 02 - March 08: മാർച്ച് 02 ഞായർ മുതൽ മാർച്ച് 08 ശനിയാഴ്ചവരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, March 02 - March 08: മാർച്ച് 02 ഞായർ മുതൽ മാർച്ച് 08 ശനിയാഴ്ചവരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope: ആദിത്യൻ കുംഭം രാശിയിൽ ചതയം-പൂരൂരുട്ടാതി ഞാറ്റുവേലകളിലാണ്. ചന്ദ്രൻ വെളുത്തപക്ഷത്തിൽ തൃതീയ മുതൽ ദശമി വരെ തിഥികൾ സഞ്ചരിക്കുന്നു. ബുധൻ നീചക്ഷേത്രമായ മീനം രാശിയിൽ ഉത്രട്ടാതിയിലാണ്. ശുക്രൻ ഉച്ചക്ഷേത്രമായ മീനത്തിൽ ഉത്രട്ടാതിയിലുണ്ട്. ചൊവ്വ മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിൽ ക്രമഗതിയിലാണ്. ശനി സൂര്യസാമീപ്യം മൂലം മൗഢ്യാവസ്ഥയിലാണ്.കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ സഞ്ചരിക്കുന്നു. വ്യാഴം ഇടവം രാശിയിൽ രോഹിണിയിലാണ്. 

Advertisment

രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിലും തുടരുന്നു. ഞായറാഴ്ച മുഴുവൻ ചിങ്ങക്കൂറുകാർക്കും തുടർന്ന് ബുധൻ പ്രഭാതം വരെ കന്നിക്കൂറുകാർക്കും അതിനുമേൽ വെള്ളി പകൽ 11 മണി വരെ തുലാക്കൂറുകാർക്കും ശേഷം വൃശ്ചികക്കൂറുകാർക്കും അഷ്ടമരാശിക്കൂറ് സംഭവിക്കുന്നു. 

ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

അശ്വതി

പന്ത്രണ്ടാം ഭാവത്തിൽ സഞ്ചരിക്കുകയാൽ ഞായറാഴ്ചക്ക് മെച്ചം കുറയും. പണച്ചെലവുണ്ടാവും. വേണ്ടത്ര വിശ്രമത്തിന് അവസരം ലഭിച്ചേക്കില്ല. തിങ്കളും ചൊവ്വയും സ്വസ്ഥത കിട്ടുന്നതായിരിക്കും. ആത്മവിശ്വാസം ശരീരഭാഷയിൽ തുളമ്പുന്നത് മറ്റുള്ളവർ മനസ്സിലാക്കും. സുഖഭോജനം, ശുഭവാർത്താ ശ്രവണം ഇവ പ്രതീക്ഷിക്കാം. ബുധനും വ്യാഴവും സ്വൈരം കുറയാം. വേണ്ടായിരുന്നു എന്ന് പിന്നീട് തോന്നുന്ന കാര്യങ്ങൾ ചെയ്തേക്കും. വെള്ളിയും ശനിയും ഗുണകരമാവും. പോക്കറ്റ് അധികം കാലിയാവില്ല. ഒപ്പം നിൽക്കാനും കൂട്ടുകൂടാനും ആളുണ്ടാവുന്നത് സന്തോഷിപ്പിക്കും.

ഭരണി

Advertisment

ജോലിയിൽ സമ്മർദ്ദങ്ങളുണ്ടാവും. എന്നാൽ ശാന്തമായ നിലപാടെടുക്കും. കാര്യങ്ങൾ ഒന്നുകൂടി മനസ്സിലിട്ട് വിശകലനം ചെയ്യാൻ പക്വത കാണിക്കുന്നതാണ്. ചിലവ് നിയന്ത്രിക്കാൻ കഴിയുന്നതാവും. എത്രമേൽ തിരക്കുണ്ടായാലും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം മാറ്റിവെക്കും. സഹപാഠികളുമായി കൂട്ടുചേർന്നുള്ള പഠനം പ്രയോജനകരമാവും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് ഞായർ, ചൊവ്വ,ശനി ദിവസങ്ങൾ സ്വീകരിക്കരുത്. ആഢംബര വസ്തുക്കൾ പാരിതോഷികമായി ലഭിക്കാം. സഹോദരരുടെ പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കാനാവും.

കാർത്തിക

ഒരു കാര്യത്തിലും ഉറച്ചുനിൽക്കാൻ കഴിയില്ല. മനസ്സ് ചഞ്ചലമായിരിക്കും. ആലസ്യവും പിടികൂടാം. വിദ്യാർത്ഥികളുടെ കാര്യത്തിൽ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധപുലർത്തണം. യാഥാർത്ഥ്യ ബോധത്തേക്കാൾ ഭാവനയാവും മനസ്സിനെ നയിക്കുക. ബിസിനസ്സിൽ നിന്നും ന്യായമായ ലാഭം പ്രതീക്ഷിച്ചാൽ മതി. കടം വാങ്ങി ബിസിനസ്സിൽ നിക്ഷേപിക്കുന്ന പ്രവണത നിയന്ത്രിക്കപ്പെടണം. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങൾ വിമർശിക്കപ്പെട്ടേക്കാം. ആധ്യാത്മിക സാധനകൾക്ക് തടസ്സം വരാനിടയുണ്ട്.

രോഹിണി 

ഞായറാഴ്ച ബന്ധുക്കളെ സന്ദർശിക്കും. സുഹൃൽ സമാഗമവും തന്മൂലം മനസ്സന്തോഷവും അനുഭവപ്പെടുന്നതാണ്. ധനലാഭത്തിന് സാധ്യതയുണ്ട്. തിങ്കളും ചൊവ്വയും ജോലിഭാരം കൂടുന്നതാണ്. സുഖാനുഭവങ്ങൾ കുറയാനിടയുണ്ട്. ഗുണമില്ലാത്ത കാര്യങ്ങൾക്കായി ഊർജ്ജം അധികം ചെലവഴിക്കേണ്ടി വന്നേക്കും. ബുധനും വ്യാഴവും കർമ്മരംഗത്ത് ശ്രദ്ധാപൂർവ്വം മുഴുകുവാനും ലക്ഷ്യം നേടാനും കഴിയും. വിരുന്നുകളിൽ പങ്കെടുത്തേക്കും. നല്ലവാക്കുകൾ പറയാനവസരം ലഭിക്കുന്നതുമാണ്. വെള്ളിയും ശനിയും ശരാശരി ദിവസങ്ങളായിരിക്കും. പണമെടപാടുകളിൽ സൂക്ഷ്മത വേണം.

മകയിരം

മിഥുനക്കൂറുക്കാർക്ക് ആഴ്ചയിലെ ആദ്യ മൂന്നു ദിവസങ്ങൾ ഗുണകരമാവും. സംഘടനകളിലും സഭകളിലും മറ്റും അനിഷേധ്യതയുണ്ടാവും. ആദർശത്തിന് ഇണങ്ങുമാറ് പ്രവർത്തിക്കാനും സാധിക്കുന്നതാണ്. ധനാഗമം സന്തോഷമേകും. ഇടവക്കൂറുകാർക്ക് സമ്മിശ്രാനുഭവങ്ങൾ കൂടുതലായിരിക്കും. ചിലപ്പോൾ കർമ്മവിമുഖത അനുഭവപ്പെടാം. ബന്ധുകലഹത്തിൽ സമദൂരം സ്വീകരിക്കുകയാവും ഉചിതമാവുക. കലാപ്രവർത്തനത്തിൽ ഉത്സാഹമേറുന്നതാണ്. കലാകാരന്മാർക്ക് അവസരം കുറയില്ല. പണയ വസ്തുക്കളുടെ തിരിച്ചടവ് മുടങ്ങാതിരിക്കാൻ പരമാവധി ശ്രമിക്കും.

തിരുവാതിര

സഹപ്രവർത്തകരുടെ സഹകരണം കുറയുന്നതാണ്. എങ്കിലും ചുമതലകൾ വെല്ലുവിളിയായേറ്റെടുത്ത് പൂർത്തിയാക്കും. പുതിയ കാലത്തിൻ്റെ സാങ്കേതിക വിദ്യകൾ പഠിച്ചുൾക്കൊള്ളാൻ സന്നദ്ധതയുണ്ടാവും. വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങൾ അനിഷ്ടത്തിലാകയാൽ ശ്രദ്ധിച്ചില്ലെങ്കിൽ ഏതുരംഗത്തും കബളിപ്പിക്കപ്പെടാം. വീഴ്ച, മുറിവ് ഇവയ്ക്കും സാധ്യതയുണ്ട്. സാമ്പത്തികമായി വാരാദ്യം ചില മെച്ചം പ്രതീക്ഷിക്കാം. ഉല്പന്നങ്ങൾ നല്ലരീതിയിൽ വിറ്റഴിക്കപ്പെടുന്നതാണ്. വാരാന്ത്യ ദിവസങ്ങളിൽ സ്വൈരക്കേടുണ്ടാവും. കുടുംബാംഗങ്ങളുടെ അനിഷ്ടത്തിന് പാത്രമാവും.

പുണർതം

പ്രവർത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. തൊഴിലിടത്ത് ഒരുവിധം സമാധാനമുണ്ടാവും. പുതിയതായി നേടിയ സാങ്കേതിക വൈദഗ്ദ്ധ്യം അഭിനന്ദിക്കപ്പെടും. അതിൻ്റെ സാധ്യതകൾ ബിസിനസ്സിൽ പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നതാണ്. ആത്മസുഹൃത്തുക്കളുടെ ഗൃഹം സന്ദർശിച്ചേക്കും. കടബാധ്യതകൾ  വ്യാകുലതയ്ക്ക് കാരണമാകുന്നതാണ്. വസ്തുവിൽക്കുന്നതിൽ തടസ്സം അനുഭവപ്പെടാം. അലച്ചിലിന് സാധ്യത കാണുന്നു. പഠനാർത്ഥികൾക്ക് ഏകാഗ്രത കുറയുന്നതാണ്.
 വ്യാഴം, വെള്ളി ദിവസങ്ങൾക്ക് ഗുണം കുറയും.

പൂയം

നക്ഷത്രാധിപനായ ശനിക്ക് മൗഢ്യാവസ്ഥ വന്നത് പൂയം നാളുകാരുടെ പ്രവർത്തനശേഷിയെ ബാധിച്ചേക്കാം. വിദ്യാർത്ഥികളുടെ ഓർമ്മശക്തി ബാധിക്കപ്പെടാം. തിടുക്കത്തിൽ എന്തെങ്കിലും ചെയ്ത് കുഴപ്പത്തിലാവാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇക്കാര്യങ്ങളിൽ കരുതലുണ്ടാവണം. ധനവരവ് തടസ്സപ്പെടാനിടയില്ല. കൈവായ്പകൾ മടക്കിക്കിട്ടാം. സഹപ്രവർത്തകരുടെ സഹകരണം പ്രയോജനപ്പെടുത്തും. ജീവിത പങ്കാളിയുടെ അഭിപ്രായം കുടുംബകാര്യത്തിൽ സ്വീകാര്യമാവും. ക്ഷേത്രദർശനം,  സമർപ്പണങ്ങൾ എന്നിവ നടന്നേക്കും. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തണം.

ആയില്യം

ചന്ദ്രസഞ്ചാരം ഒമ്പതു മുതൽ പന്ത്രണ്ടുവരെ രാശികളിലാകയാൽ അനുകൂല ഫലങ്ങൾക്ക് മുൻതൂക്കം ലഭിക്കുന്ന വാരമായിരിക്കും. ന്യായമായ അവകാശങ്ങൾ സ്ഥാപിച്ചു കിട്ടുന്നതാണ്. തടസ്സങ്ങളെ നിഷ്പ്രയാസം അതിജീവിക്കാനാവും. സർക്കാരുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട രേഖകൾ കൈവശമെത്തും. കുടുംബത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നതാണ്. എതിർക്കുന്നവരെ തമസ്കരിക്കും. ധനവരവ് മെച്ചപ്പെടും. ബിസിനസ്സിൽ സംതൃപ്തിയുണ്ടാവുന്നതാണ്. കൈവായ്പകൾ കൊടുത്തുതീർക്കും.  പരീക്ഷയെഴുതാനുള്ള ആത്മവിശ്വാസം നേടും. ശനിയാഴ്ച പുതുകാര്യങ്ങൾ തുടങ്ങരുത്.

മകം

ആലോചിച്ചുറപ്പിച്ചിട്ടുള്ള കാര്യങ്ങൾ അടുക്കടുക്കായി ചെയ്യാനാവും. ഏകാഗ്രത കുറയില്ല. തടസ്സങ്ങൾ ബാധിക്കുകയുമില്ല. മേലധികാരിയുടെ വിശ്വാസമാർജ്ജിക്കും. വ്യാപാരം -വ്യവസായം മെച്ചപ്പെടുന്നതാണ്. ഉല്പന്നങ്ങൾക്ക് സ്വീകാര്യത ലഭിക്കും. നിക്ഷേപങ്ങൾ നടത്തുമ്പോൾ ധനകാര്യ വിദഗ്ദ്ധരുടെ ഉപദേശം പ്രയോജനപ്പെടുത്തുക. ഹൃദയബന്ധം നിലനിർത്തുന്നതിൽ വിജയിക്കുന്നതാണ്. കൂടുതൽ നേരം കമ്പ്യൂട്ടർ, മൊബൈൽ ഉപയോഗിക്കുന്നതിൻ്റെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാം. അഷ്ടമരാശി തുടരുകയാൽ ഞായറാഴ്ച കരുതൽ വേണം. 

പൂരം

സ്വശക്തി തിരിച്ചറിഞ്ഞ് പ്രവർത്തിക്കും. സ്വയം തിരുത്താനും സന്നദ്ധതയുണ്ടാവും. ഔദ്യോഗികമായി മെച്ചപ്പെട്ട സന്ദർഭമാണ്. നിർദ്ദേശങ്ങൾക്ക് സ്വീകാര്യത ലഭിക്കും. മത്സരാധിഷ്ഠിതമായ കരാറുകൾ നേടിയെടുക്കും. ഭൂമി വ്യാപാരം ലാഭകരമാവുന്നതാണ്. അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ തീരുമാനിച്ചേക്കും. ഏജൻസികൾ നടത്തുന്നവർക്കും ലാഭം പ്രതീക്ഷിക്കാം. പ്രണയലോലുപർക്ക് മനസ്സു കുളിർക്കുന്ന അനുഭവങ്ങൾ ഉണ്ടാവുന്നതാണ്. സമീപഭാവിയിലെ യാത്രകൾക്കായി രേഖകൾ കൃത്യമാക്കാൻ ശ്രമമാരംഭിക്കും. ഞായർ, തിങ്കൾ ദിവസങ്ങൾക്ക് ഗുണം കുറയുന്നതാണ്. 

ഉത്രം

നക്ഷത്രാധിപനായ ആദിത്യൻ്റെ ശനിബന്ധം കൂട്ടുകെട്ടുകൾ മൂലം ക്ലേശങ്ങൾ വരാം എന്നതിൻ്റെ സൂചനയാണ്. ലക്ഷ്യം നേടാൻ ആവർത്തിത ശ്രമങ്ങൾ ആവശ്യമാവും.
അപ്രിയ സത്യങ്ങളുമായി പൊരുത്തപ്പെടുക വെല്ലുവിളിയാവും. തൊഴിലിൽ നിന്നും വരുമാനം ഉയരുന്നതായിരിക്കും. കുടുംബത്തിൻ്റെ ആവശ്യങ്ങൾ ഭംഗിയായി നിർവഹിക്കും. പരീക്ഷകളിലും അഭിമുഖങ്ങളിലും ശോഭിക്കുന്നതാണ്. ദാമ്പത്യത്തിൽ പൂർണതൃപ്തി പ്രതീക്ഷിക്കേണ്ടതില്ല. ചിങ്ങക്കൂറുകാർക്ക് ഞായറും തിങ്കളും കന്നിക്കൂറുകാർക്ക് തിങ്കളും ചൊവ്വയും കരുതൽ വേണ്ട ദിവസങ്ങളാണ്.

അത്തം

കർമ്മരംഗത്ത് മനസ്സർപ്പിക്കും. തടസ്സങ്ങൾ താത്കാലികം എന്ന ബോധ്യം ഉണ്ടായിരിക്കും. ഒപ്പമുള്ളവരുടെ വാക്കുകൾക്ക് ചെവികൊടുക്കും.  എന്നാൽ അവ തൻ്റെ ആദർശത്തെ സ്വാധീനിക്കാതിരിക്കാനും ശ്രദ്ധയുണ്ടാവും. ആദായം തൃപ്തികരമായിരിക്കും. ഇഷ്ടവസ്തുക്കൾ വാങ്ങാൻ കുറച്ചുപണം ചെലവഴിച്ചേക്കും. പ്രണയികൾക്ക് മനസ്സന്തോഷം അധികരിക്കുന്നതാണ്. പിതാവിൽ നിന്നോ  പിതൃസ്വത്തുക്കളിൽ നിന്നോ ധനം ലഭിക്കും. വിദ്യാർത്ഥികൾ പ്രധാന പരീക്ഷകൾക്ക് പൂർണ്ണ സജ്ജരായിക്കഴിയും. തിങ്കൾ, ചൊവ്വ ദിവസങ്ങൾ അഷ്ടമരാശിക്കൂറാകയാൽ ജാഗ്രത പാലിക്കണം.

ചിത്തിര

ലക്ഷ്യത്തിൽ എത്താനായി ചീത്തവഴികളുടെ പ്രലോഭനം ഉണ്ടാവും. മുന്നേറാനുള്ള ശക്തി ഉള്ളിലുണരുകയാൽ ആലസ്യം അകലും. സ്വകാര്യ സ്ഥാപനത്തിൽ അസൗകര്യമുള്ള  ഷിഫ്റ്റിൽ ജോലിചെയ്യേണ്ടി വന്നേക്കും. പഴയ വാഹനം വിൽക്കാനുള്ള ശ്രമം തുടരുന്നതാണ്. വിദ്യാർത്ഥികളുടെ 'പരീക്ഷപ്പേടി' കണ്ടറിഞ്ഞ് പരിഹരിക്കേണ്ടതുണ്ട്. നിക്ഷേപം കാലാവധിയെത്തുകയാൽ കുറച്ചുകൂടി ഉറപ്പുള്ള ബാങ്കിൽ മാറ്റി നിക്ഷേപിക്കും. കന്നിക്കൂറുകാർക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളും തുലാക്കൂറുകാർക്ക് ബുധൻ, വ്യാഴം ദിവസങ്ങളും അനുകൂലമാവില്ല.

ചോതി

ഉദ്യോഗസ്ഥരുടെ കൃത്യനിഷ്ഠയും പ്രായോഗിക പരിചയവും അഭിനന്ദിക്കപ്പെടും. പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ ഔത്സുക്യമുണ്ടാവും. തൊഴിലിടത്തിൽ സമാധാനാന്തരീക്ഷം പ്രതീക്ഷിക്കാം.  രോഗക്ലേശിതർക്ക് ആശ്വാസിക്കാനാവും. ബിസിനസ്സിൽ കൂടുതലായി പണം മുടക്കുന്നതിന് ഇത് ഉചിത കാലമല്ല. സൗഹൃദം പുഷ്ടിപ്പെടുന്നതാണ്. ബന്ധുൾക്ക് ഉപകാരം ചെയ്യാൻ മടിക്കില്ല. ദാമ്പത്യത്തിൽ ഭോഗസുഖമുണ്ടാവും. ശനിയും ആദിത്യനും അഞ്ചാം ഭാവത്തിൽ വരികയാൽ കുട്ടികളുടെ കാര്യത്തിൽ / കുട്ടികളെച്ചൊല്ലി സമ്മർദ്ദം ഉണ്ടാവും. ബുധനും വ്യാഴവും ശുഭാരംഭത്തിന് കൊള്ളാത്ത ദിവസങ്ങൾ.

വിശാഖം

അവസരോചിതമായി ഉയരാനാവും. അവധിയിലായ സഹപ്രവർത്തകയുടെ ജോലി ഏറ്റെടുത്ത് പൂർത്തിയാക്കും. കരാറുകൾ പുതുക്കപ്പെടുവാൻ സാധ്യതയുണ്ട്. പൊതുപ്രവർത്തകർക്ക് ജനസ്വാധീനം ബോധ്യമാകും. ചെറുപ്പക്കാരുടെ പ്രണയത്തിന് ആദ്യമുണ്ടായിരുന്ന എതിർപ്പ് കുറയുന്നതാണ്. കലാപ്രവർത്തനത്തിൽ സന്തോഷം കണ്ടെത്തും. പുതുതലമുറയെ മനസ്സിലാക്കാൻ കഴിയാതെ മുതിർന്നവർ ധർമ്മസങ്കടത്തിലാവും. അമിതമായ ആത്മവിശ്വാസം നന്നല്ലെന്ന് ഓർക്കേണ്ടിവരും. വാരത്തിൻ്റെ ആദ്യ നാല് ദിവസങ്ങൾ മെച്ചപ്പെട്ടതായിരിക്കും.

അനിഴം

ആരാധ്യരായ വ്യക്തികളുടെ സൗഹൃദം ലഭിക്കുന്നതായിരിക്കും. ചില ശുപാർശകൾ ഫലം കാണുന്നതാണ്. നക്ഷത്രാധിപനായ ശനിയുടെ മൗഢ്യാവസ്ഥയാൽ മികച്ച അവസരങ്ങൾ നഷ്ടമാകാനും ഇടയുണ്ട്. സാമ്പത്തിക സ്ഥിതിയിൽ മെച്ചമുണ്ടാകും. പക്ഷേ വസ്തുവാങ്ങുന്നതിന് കാലം അനുകൂലമല്ല. കിട്ടാക്കടങ്ങൾ നേടിയെടുക്കുള്ള ശ്രമം പകുതിയിൽ ഉപേക്ഷിക്കേണ്ട വരുന്നതാണ്. തർക്കങ്ങൾക്ക് മുതിരരുത്. ദമ്പതികൾക്കിടയിൽ ഹൃദയ ബന്ധം ഉടലെടുക്കുന്നതാണ്. കുടുംബത്തിലെ വയോജനങ്ങളുടെ ശാരീരിക-മാനസിക കാര്യങ്ങളിൽ ശ്രദ്ധിക്കണം.

തൃക്കേട്ട

പഠനത്തിലും ജോലിയിലും കൂടുതൽ ശ്രദ്ധിക്കേണ്ട സന്ദർഭമാണ്. നാലാം ഭാവത്തിലെ ശനി - സൂര്യ യോഗം മാനസിക പിരിമുറുക്കം സൃഷ്ടിക്കാനിടയുണ്ട്. ചെറിയ ദൗത്യങ്ങൾ വലുതായനുഭവപ്പെടാം. ആഴ്ചമധ്യത്തിൽ കേസരിയോഗം വരുന്നതിനാൽ നേട്ടങ്ങളും ഗുണാനുഭവങ്ങളും പ്രതീക്ഷിക്കുന്നതിൽ സാംഗത്യമുണ്ട്. ദാമ്പത്യം സുഖകരമാവും. ജീവിത പങ്കാളിയിൽ നിന്നും നിർലോഭമായ പിന്തുണ ലഭിക്കുന്നതാണ്. പാർട്ണർഷിപ്പ് ബിസിനസ്സ് ലാഭകരമാവും. വിദേശയാത്രക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാകും. ശനിയാഴ്ചക്ക് മേന്മ കുറയുന്നതായിരിക്കും.

മൂലം

വാരാദ്യ ദിവസങ്ങളിൽ സമ്മിശ്രാനുഭവങ്ങൾ വന്നേക്കാം. ദേഹസുഖം കുറയുന്നതാണ്. ജോലിക്കുപോകാൻ മടിച്ചു നിൽക്കും. വെറുതേ ദ്വേഷ്യം തോന്നാനുമിടയുണ്ട്. തീരെ പ്രയോജനമില്ലാത്ത കാര്യങ്ങൾ ചെയ്ത് സമയം കളയും. മക്കളുടെ കാര്യത്തിൽ ചില ഉത്കണ്ഠകൾ ഉണ്ടാവുന്നതാണ്. വ്യാഴം തൊട്ട്  അനുകൂലഗതി പ്രതീക്ഷിക്കാം. തൊഴിലിൽ ഔൽസുക്യം പ്രകടിപ്പിക്കുന്നതാണ്. കൃത്യനിർവഹണത്തിൽ സമയനിഷ്ഠയുണ്ടാവും. വീട്ടുകാര്യങ്ങൾക്കും സമയം കണ്ടെത്തുവാൻ കഴിയും. ക്ഷേത്രദർശനം, കുടുംബ സമേതം ഷോപ്പിംഗ് എന്നിവ സന്തോഷമേകും.

പൂരാടം

ഭൗതികമായി മെച്ചമുണ്ടാവുന്നതാണ്. ഭോഗസുഖം പ്രതീക്ഷിക്കാം. ഇടക്കിടെ അല്പസങ്കടങ്ങളും കടന്നുവന്ന് ജീവിതത്തിൻ്റെ സമ്മിശ്രപ്രകൃതം കാണിച്ചുതരും. രോഗാർത്തന്മാർക്ക് വിദഗ്ദ്ധ ചികിൽസ ഫലിക്കുന്നതാണ്. കാര്യനിർവഹണത്തിൽ മിടുക്കുകാട്ടും. മേലധികാരികളാൽ അംഗീകരിക്കപ്പെടും. കുട്ടികളുടെ ഭാവികാര്യത്തിൽ അനിശ്ചിതത്വം ഉണ്ടാവുന്നതാണ്. കടബാധ്യതകൾ കുറച്ചൊക്കെ പരിഹൃതമായേക്കും. ജീവകാരുണ്യത്തിന് സമയം കണ്ടെത്തും. താമസിക്കുന്ന അപ്പാർട്ടുമെൻ്റിൻ്റെ ഭരണത്തിൽ സക്രിയമായ സാന്നിദ്ധ്യമാവും.

ഉത്രാടം

പലതവണ ശ്രമം ആവശ്യമാവും, നേട്ടങ്ങൾക്ക്. സുഹൃത്തുക്കളുടെ സഹായം സ്വീകരിച്ചേക്കും. വാരാദ്യം വേണ്ടത്ര സുഗമത ഉണ്ടാവില്ല. പ്രയത്നങ്ങൾ തടസ്സപ്പെടുന്നതിൽ വിഷമിക്കുന്നതാണ്. സഹപ്രവർത്തകരുടെ പിന്തുണ കുറയും. ദാമ്പത്യത്തിലെ പ്രശ്നങ്ങൾക്ക് എളുപ്പം ഉത്തരം കിട്ടിയേക്കില്ല. ബുധൻ മുതൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങും. യാത്രകളും സന്ദർശനങ്ങളും പ്രയോജനകരമാവും. കൂടുതൽ കടം വാങ്ങുകയില്ലെന്ന് സ്വയം ഉറപ്പുവരണം. അതാണ് പ്രധാനം മക്കളുടെ കാര്യത്തിൽ ജാഗ്രത പുലർത്താൻ മടികാട്ടരുത്.

തിരുവോണം

രാശിനാഥനായ ശനി മൗഢ്യത്തിലായത് ആരോഗ്യത്തെ ബാധിച്ചേക്കും. മനസ്സിന് സ്വസ്ഥതക്കുറവ് വരാം. ശത്രുക്കളുടെ പ്രവർത്തനങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞേക്കില്ല. എന്നാലും ജീവിതത്തിൻ്റെ സഹജമായ ഒഴുക്ക് തടസ്സപ്പെടാതെ മുന്നേറുന്നതാണ്. കൃത്യനിർവഹണത്തിൽ വീഴ്ചയുണ്ടാവില്ല. ബിസിനസ്സിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കും. അനുബന്ധമായി മറ്റൊരു തൊഴിൽ സജീവ പരിഗണനയിൽ ഉണ്ടാവും. വീടുവിട്ടുനിൽക്കുന്നവർക്ക് വീട്ടിലേക്ക് മടങ്ങാൻ സാധിക്കും. മിതവ്യയം പുലർത്തേണ്ട സന്ദർഭമാണെന്നത് മറക്കരുത്.

അവിട്ടം

പഠനകാര്യത്തിൽ ആലസ്യം വരാം. ഗവേഷണ രംഗം ഇഴയുന്നതായി അനുഭവപ്പെടും. കർമ്മരംഗത്ത് തടസ്സങ്ങൾ വരും. കായികമായ അധ്വാനം കൂടുന്നതാണ്.
എന്നാൽ സ്വതസ്സിദ്ധമായ കഴിവുകളാൽ മുന്നേറ്റം ഭവിക്കുന്നതിന് സാധിച്ചേക്കും. നല്ലകാര്യങ്ങൾക്കായി ചെലവ് ഉണ്ടാവും. ലഭിക്കാനുള്ള തുക കൈവശമെത്താൻ വൈകുന്നതാണ്. സർക്കാർ കാര്യങ്ങളിൽ ആവർത്തിത ശ്രമം ആവശ്യമായി വരും. സംഘടനകളിൽ സ്ഥാനമാനങ്ങൾ ഉയരുന്നതാണ്. കരാറുകൾ നീട്ടിക്കിട്ടാനിടയുണ്ട്. വ്യവഹാരങ്ങളിൽ നിന്നും ഒഴിയുന്നതാവും ഉത്തമമായിട്ടുള്ളത്.

ചതയം

ആരാൻ്റെ കാര്യത്തിൽ കാട്ടുന്ന താത്പര്യം സ്വന്തം കാര്യത്തിലില്ലെന്ന് വീട്ടുകാർ പഴിച്ചേക്കും. ആദർശം മുറുകെ പിടിക്കുകയാൽ ചില കാര്യങ്ങളിൽ ധർമ്മസങ്കടം ഉണ്ടാവുന്നതാണ്. പാരമ്പര്യവസ്തു വകകൾക്ക് പ്രതീക്ഷിച്ച വില കിട്ടാത്തതിൽ വിഷമമുണ്ടാവും. പുതിയ തൊഴിൽ നേടാൻ തീവ്രമായി പരിശ്രമിക്കേണ്ടേ സാഹചര്യമാണുള്ളത്. കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന മനോഭാവം ഗുണം ചെയ്തേക്കില്ല.  പുതുതലമുറയുടെ നിർബന്ധ ശീലത്തിൽ പകച്ചുനിൽക്കും. സാമ്പത്തികമായി ആശ്വാസം വന്നെത്തും. തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങൾ  ഗുണകരമായിരിക്കും. 

പൂരൂരുട്ടാതി

സൂര്യനും ശനിയും ജന്മനക്ഷത്രത്തിൽ തുടരുന്നതിനാൽ ചിന്താപരത കൂടും. ജോലിയിൽ മടിയുണ്ടാവുന്നതാണ്. ചിലപ്പോൾ പണം ലുബ്ധിച്ച് ചിലവാക്കുന്നതായി തോന്നും. ചിലപ്പോൾ ആഡംബരത്തിലോട്ട് പോവും. ഔദ്യോഗിക ചുമതലകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വന്നേക്കും. കലാകാരന്മാർക്ക് സർഗപരമായ കഴിവുകളേറും. പഠനാർത്ഥികൾ കൂടുതൽ ജാഗ്രത കാണിക്കേണ്ട സന്ദർഭമാണ്. ബന്ധുകലഹങ്ങളിൽ ഇടപെടാതിരിക്കുക ഉത്തമം. യാത്രകൾ വേണ്ടി വന്നേക്കും. കക്ഷിരാഷ്ട്രീയത്തോട് താല്പര്യം കുറഞ്ഞേക്കും.

ഉത്രട്ടാതി

ജന്മനക്ഷത്രത്തിൽ രാഹുവും ശുക്രനും ബുധനും മറ്റും സഞ്ചരിക്കുകയാൽ പലതരം സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കും. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുക ശ്രമകരമാവും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയാം. തൊഴിലിടത്തിൽ കൂടുതൽ മാനസികാദ്ധ്വാനം വേണ്ടിവരുന്നതാണ്. ഭക്ഷണക്രമം, സമയം എന്നിവ തെറ്റാം. വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തത് ക്ലേശിപ്പിക്കാം. വ്യാപാരത്തിൽ ചെറിയ ലാഭം കൈവരും. നവസംരംഭങ്ങളുടെ ആസൂത്രണത്തിന് ഉചിതസമയമാണ്. പണം മുതൽമുടക്കുവാൻ ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ലെന്നത് മറക്കരുത്. ആരോഗ്യപാലനം പ്രധാനമാണ്.

രേവതി

സത്വരമായി പ്രവർത്തിക്കേണ്ടി വരുന്ന സന്ദർഭങ്ങൾ ഉണ്ടാവും. മനസ്സിൻ്റെ ആലസ്യഭാവം എളുപ്പം വിട്ടുപോകില്ല. ജന്മരാശിയിലും നാലിലും പന്ത്രണ്ടിലുമെല്ലാം പാപഗ്രഹങ്ങൾ സഞ്ചരിക്കുന്നതിനാൽ തടസ്സങ്ങളുണ്ടാവും. കരുതിയതുപോലെ മുന്നോട്ടുള്ള പ്രയാണം എളുപ്പമാവില്ല. സുഹൃത്തുക്കളുടെ പിന്തുണയും ജ്യേഷ്ഠാനുജന്മാരുടെ സഹായം ലഭിക്കും. ദാമ്പത്യത്തിൽ വിട്ടുവീഴ്ച വേണ്ടിവരുന്നതാണ്. ശുക്രൻ ജന്മരാശിയിൽ ഉള്ളത് ഭൗതികസുഖങ്ങൾ ഉണ്ടാവുമെന്നതിൻ്റെ സൂചനയാണ്. വിലപിടിച്ച വസ്തുക്കൾ കളവുപോകാതിരിക്കാൻ കരുതലുണ്ടാവണം. അത്രയൊന്നും പ്രയോജനമില്ലാത്ത യാത്രകൾ ഉണ്ടാവും. വാതരോഗമുള്ളവർക്ക് ക്ലേശങ്ങൾ ഭവിക്കാം.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: