scorecardresearch

Monthly Horoscope March 2025: മാർച്ച് മാസഫലം, അശ്വതി മുതൽ രേവതി വരെ

Monthly Horoscope for March 2025 in Malayalam: അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് 2025 മാർച്ച് മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Monthly Horoscope for March 2025 in Malayalam: അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് 2025 മാർച്ച് മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

March Monthly Horoscope 2025

March Monthly Horoscope 2025: ആദിത്യൻ മാർച്ച് 14 വരെ കുംഭം രാശിയിലും തുടർന്ന് മീനം രാശിയിലും സഞ്ചരിക്കുന്നു. ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി എന്നീ ഞാറ്റുവേലകൾ മാർച്ചിൽ വരുന്നുണ്ട്. മാസാവസാനം രേവതി ഞാറ്റുവേലയും തുടങ്ങുന്നു. മാർച്ച് 14ന് വെളുത്തവാവും മാർച്ച് 29ന് കറുത്ത വാവും ഭവിക്കുന്നു. മാർച്ച് 30 ന് ആണ്  'വിശ്വാവസു' എന്നുപേരുള്ള  ചാന്ദ്രവർഷം തുടങ്ങുന്നത്. 'പ്രഭവാദി ഷഷ്ടി സംവത്സരം' എന്നറിയപ്പെടുന്ന 60 വർഷങ്ങളിൽ 39-ാം വർഷമാണിത്.

Advertisment

മാർച്ച് 29 ന് ശനിക്ക് രാശിമാറ്റം സംഭവിക്കുന്നു. കുംഭം രാശിയിൽ നിന്നും ശനി മീനം രാശിയിൽ പ്രവേശിക്കുകയാണ്. ഫെബ്രുവരി അവസാനം മുതൽ മാർച്ചുമാസം മുഴുവൻ ശനി മൗഢ്യത്തിലാണെന്നതും പ്രസ്താവ്യമാണ്. വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലാണ്. മാർച്ച് 17 ന് പൂരൂരുട്ടാതിയിൽ പ്രവേശിക്കുന്നു. പിറകിലോട്ടാണ്  (Anti- clockwise) രാഹു-കേതു സഞ്ചരിക്കുന്നത് എന്ന കാര്യം ഓർമ്മിക്കുമല്ലോ? കേതു കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിൽ തുടരുകയാണ്..  

ബുധന് മാർച്ചിൽ രാശിമാറ്റമില്ല - നീചക്ഷേത്രമായ മീനത്തിലാണ് ബുധസഞ്ചാരം. ബുധന്  മാർച്ച് 16-ാം തീയതി മുതൽ രണ്ടാഴ്ചത്തേക്ക് വക്രമൗഢ്യവുമുണ്ട്. ബുധൻ മാർച്ചുമാസം മുഴുവൻ ഉത്രട്ടാതി നക്ഷത്രമണ്ഡലത്തിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന കാര്യവും പരാമർശിക്കേണ്ടതാണ്. ശുക്രൻ തൻ്റെ ഉച്ചക്ഷേത്രമായ മീനം രാശിയിലൂടെ കടന്നു പോകുന്നു. ശുക്രനും മാർച്ച് 17 മുതൽ 27 വരെ വക്രമൗഢ്യാവസ്ഥ സംഭവിക്കുകയാണ്. ശുക്രൻ്റെ സഞ്ചാരം ഉത്രട്ടാതിയിൽ തന്നെയാണ്!

ചൊവ്വ അഥവാ കുജൻ മാർച്ച് മാസത്തിൽ മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിലാണ്. നവഗ്രഹങ്ങളുടെ ഇപ്രകാരമുള്ള രാശിസഞ്ചാരം / നക്ഷത്രസഞ്ചാരം എന്നിവയെ മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെയും മാർച്ച് മാസഫലം  ഇവിടെ വിശദീകരിക്കുന്നു.

അശ്വതി

മാസത്തിൻ്റെ ആദ്യപകുതിയിൽ ആദിത്യനും ശനിയും പതിനൊന്നിൽ സഞ്ചരിക്കുകയാൽ തൊഴിൽ മേഖലയിൽ അധീശത്വം തുടരും. പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കും. പരിഹാരം വേഗം കണ്ടെത്തി, പ്രാവർത്തികമാക്കുവാനും സാധിക്കുന്നതാണ്. ശ്രമിക്കുന്നപക്ഷം സർക്കാരിൽ നിന്നും കാര്യസാധ്യം ഭവിക്കും. അച്ഛനമ്മമാർക്ക് ക്ഷേമകാലമാവും.  രാഹുബുധശുക്ര യോഗം പന്ത്രണ്ടാം ഭാവത്തിൽ ഉള്ളതിനാൽ പൊതുവേ അലച്ചിലുണ്ടാവുന്ന കാലം കൂടിയാണ്. വിശേഷിച്ചും മാസത്തിൻ്റെ രണ്ടാം പകുതിയിൽ. ചെലവധികരിക്കും. അതിൽ ദുർവ്യയം, ആഢംബരച്ചെലവുകൾ എന്നിവയും ഉൾപ്പെടുന്നതാണ്. കുടുംബ ബന്ധങ്ങളിലെ സ്നേഹവും ഐക്യപ്പെടലും സമാധാനമേകും. വ്യാഴസ്ഥിതി മിക്ക കാര്യങ്ങളിലും സന്തുലിതത്വം നൽകിയേക്കും. നവസംരംഭങ്ങൾ ആരംഭിക്കാൻ ഗ്രഹാനുകൂല്യമില്ല. പഠനത്തിൽ മനസ്സ് കേന്ദ്രീകരിക്കാൻ വിഷമിക്കുന്നതാണ്.

ഭരണി

Advertisment

നക്ഷത്രാധിപനായ ശുക്രൻ ഉച്ചത്തിൽ തുടരുന്നതിൻ്റെ ആനുകൂല്യമുണ്ടാവും. സാമൂഹ്യ സ്വീകാര്യത മുൻപത്തെക്കാൾ പ്രതീക്ഷിക്കാം. എതിർപ്പുകൾ കുറയുന്നതിനിടയുണ്ട്. ബിസിനസ്സിൽ ലാഭം അധികരിക്കുന്നതാണ്. അതോടൊപ്പം വിപുലീകരണവും സാധ്യമായേക്കും. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് ജോലിക്കയറ്റത്തിന് സാഹചര്യത്തിൻ്റെ ഇണക്കമുണ്ട്. പ്രിയപ്പെട്ടവർക്കൊപ്പം വിനോദയാത്രക്ക് അവസരം ലഭിച്ചേക്കും. വിദേശധനം കൈവശമെത്താം. രോഗക്ലിഷ്ടതകൾ ചികിൽസാ മാറ്റത്താൽ ലഘൂകരിക്കാനാവും. പാരമ്പര്യമായിട്ടുള്ള തൊഴിലുകളിൽ വീണ്ടും താല്പര്യമുണ്ടായേക്കും. മാസത്തിൻ്റെ രണ്ടാം പകുതിക്ക് മേന്മ കുറവാണ്. നക്ഷത്രാധിപൻ ദുർബലനാവുകയാൽ അക്കാലത്ത് ഊഹക്കച്ചവടത്തിൽ നഷ്ടം ഏർപ്പെടാം. പ്രണയ പരാജയം സാധ്യതയാണ്.

കാർത്തിക

സ്വതന്ത്ര ചിന്താഗതി പുലർത്തുകയാൽ ശത്രുക്കളുണ്ടാവും. മേടക്കൂറുകാർക്ക് മാസാദ്യ പകുതിയും ഇടവക്കൂറുകാർക്ക് മാസത്തിൻ്റെ രണ്ടാം പകുതിയും ഗുണകരമായിരിക്കും. ഗുണങ്ങളിൽ അധികാരലാഭം, തൊഴിൽ മുന്നേറ്റം, ധനാഗമം എന്നിവ ഉൾപ്പെടുന്നതാണ്. സംഘടനകളിൽ നേതൃപദവി വഹിക്കുവാനവസരം കൈവന്നേക്കും. ഉത്സവാഘോഷങ്ങളുടെ നടത്തിപ്പിൽ ഭാഗഭാക്കാവുന്നതാണ്. കുടുംബാംഗങ്ങളെ ഏകോപിപ്പിക്കുന്നതിൽ വിജയിക്കും. അവരുടെ അഭിപ്രായം കൂടി പരിഗണിക്കും. ഊഹക്കച്ചവടത്തിൽ നിന്നും ധനലാഭം വന്നെത്തുന്നതാണ്. ചെറുപ്പക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹാർദ്ദമായ ശ്രമം നടത്തുവാൻ കഴിയും. പ്രതികൂല കാര്യങ്ങളിൽ അനാരോഗ്യവും ഉൾപ്പെടും. സുഹൃത്തുക്കളുടെ വഞ്ചന, ബന്ധുക്കളുടെ നിസ്സഹകരണം എന്നിവ വിഷമിപ്പിക്കുന്നതാണ്. യാത്രകൾ ക്ലേശിപ്പിക്കും.

രോഹിണി

സ്വന്തം തൊഴിലിൽ കൂടുതൽ ശ്രദ്ധ വേണ്ട സന്ദർഭമാണ്. കാര്യസാധ്യത്തിന് പലരുടെയും സഹായം ആവശ്യമായി വരുന്നതായിരിക്കും. വിദ്യാഭ്യാസത്തിൽ ഉയർച്ച പ്രതീക്ഷിക്കാം. പുതിയ ജോലി തേടുന്നവർക്ക് ശ്രമം ഒട്ടൊക്കെ വിജയിക്കുന്നതാണ്. അവധിയിൽ കഴിഞ്ഞവർക്ക് വീണ്ടും പഴയ തസ്തികയിൽ പ്രവേശിക്കാനാവും. ചെറുപ്പക്കാർക്ക് പ്രണയ കാലമാണ്. വിവാഹസാഫല്യത്തിനും സാധ്യത കാണുന്നു. പലവഴിക്ക് ധനവരവുണ്ടാവും.  നിക്ഷേപങ്ങൾ വിജയിക്കുന്നതാണ്. ഭോഗസുഖങ്ങൾ അനുഭവിക്കും. ആഢംബര വസ്തുക്കൾ സ്വന്തമാക്കുവാനാവും. രണ്ടാം ഭാവത്തിലെ ചൊവ്വ കലഹങ്ങൾക്ക് കാരണമായേക്കാം. നക്ഷത്രനാഥനായ ചന്ദ്രന് പക്ഷബലം ഉള്ളതിനാൽ മാർച്ച് 7 മുതൽ 22 വരെ കൂടുതൽ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം.

മകയിരം

മാനസിക സംഘർഷങ്ങൾക്ക് ഒട്ടൊക്കെ അയവുണ്ടാവും. പ്രത്യേകിച്ചും ഇടവക്കൂറുകാർക്ക്!ഒന്നും ചെയ്യാനില്ലെന്ന സ്ഥിതി മാറുന്നതാണ്. തൊഴിലന്വേഷകർക്ക് നിരാശപ്പെടേണ്ടി വരില്ല. സ്വന്തം കഴിവുകൾ തിരിച്ചറിയാനും അവ പ്രയോഗികമാക്കാനും സാധിച്ചേക്കും. കുടുംബത്തിൻ്റെ പൂർണ്ണമായ പിന്തുണ ലഭിക്കുന്നതാണ്.  വീടുവിട്ടുപോയവർക്ക് വീണ്ടും വീട്ടിലേക്ക് മടങ്ങാൻ കഴിയും. നിലവിലെ ജോലി  ശ്രമിക്കുന്ന പക്ഷം മാറാൻ സാധിക്കുന്നതാണ്. പൈതൃകലബ്ധമായ വസ്തുവകകളിൽ നിന്നും ആദായം കരഗതമാവും. രഹസ്യനിക്ഷേപങ്ങൾ ലാഭകരമാവുന്നതാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുഗമമായേക്കും. ഗൃഹം നവീകരിക്കുന്നതിന്  പണം സ്വരൂപിക്കും. വിദേശത്ത് പോകാനുള്ള പരിശ്രമങ്ങൾ ശുഭകരമാവും. ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതാണ്.

തിരുവാതിര

നക്ഷത്രാധിപനായ രാഹുവിന് ശുഭഗ്രഹങ്ങളായ ബുധശുക്രന്മാരുടെ യോഗം വരികയാൽ സുഹൃൽലാഭം, ഔദ്യോഗികാംഗീകാരം എന്നിവയുണ്ടാവും. ന്യായമായ ആഗ്രഹങ്ങൾ വേഗം സാക്ഷാല്കരിക്കപ്പെടും. പാരിതോഷികം ലഭിക്കാം. കലാരംഗം പുഷ്ടിപ്പെടുന്നതാണ്. തൊഴിലന്വേഷണം ഫലവത്തായേക്കും. പൂർവ്വിക സ്വത്തുക്കളുടെ പ്രമാണത്തിലെ അവ്യക്തതകൾ നീങ്ങി കൈവശാവകാശം സുഗമമാവും. ചെറുസംരംഭങ്ങളിൽ ഏർപ്പെട്ടവർക്ക് ലാഭം കിട്ടിത്തുടങ്ങുന്നതാണ്. ഭോഗസുഖം പ്രതീക്ഷിക്കാം. വിദേശത്തു കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങിവരാനാവും. മകളുടെ വിവാഹത്തിലെ തടസ്സങ്ങൾ നീങ്ങി ശുഭതീരുമാനം ഭവിക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. ഉത്സവകാര്യങ്ങളിൽ മുഴുകുവാനും ചുമതലകൾ വഹിക്കാനും സാധ്യതയുണ്ട്.

പുണർതം

ഗുണാനുഭവങ്ങൾ വർദ്ധിക്കുന്ന കാലമാണ്. ജന്മനക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുന്നത് വൈകാരിക ക്ഷോഭം സൃഷ്ടിച്ചേക്കാം. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. മനോനിയന്ത്രണം ശീലിക്കേണ്ടതുണ്ട്. കാര്യസാധ്യത്തിന് പലവഴികൾ തെളിയുന്നതായിരിക്കും. കർമ്മരംഗം ഉത്സുകമാവും. പ്രതീക്ഷകൾ ഉയരും. സഹപ്രവർത്തകരുടെ നിർദ്ദേശം സ്വീകരിക്കുന്നതിൽ ഒരുതരത്തിലുള്ള മുൻവിധിയുമുണ്ടാവില്ല. വാഗ്ദാനങ്ങൾ ക്ലേശിച്ചിട്ടായാലും പാലിക്കാനാവും. ധനപരമായ സമ്മർദ്ദങ്ങൾ ലഘൂകരിക്കപ്പെടാം. പണയത്തിലായിരുന്ന സ്വർണ്ണാഭരണങ്ങൾ മടക്കിയെടുക്കും. മത്സരാധിഷ്ഠിതമായ കരാർ പണികൾ ഏറ്റെടുക്കുവാൻ സാധിക്കുന്നതാണ്. മകൻ്റെ ജോലിലബ്ധിയിൽ സന്തോഷിക്കും. ഭാവികാര്യങ്ങളിൽ കുടുംബാംഗങ്ങളുടെ അഭിപ്രായം തേടുന്നതാണ്.

പൂയം

വലിയ പരിവർത്തനങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലാത്ത സാഹചര്യമാണ്. എന്നിരുന്നാലും ന്യായമായ കാര്യങ്ങൾ തടസ്സപ്പെടുകയുമില്ല. എട്ട്, ഒമ്പത് ഭാവങ്ങളിലായി അഞ്ച് ഗ്രഹങ്ങൾ സഞ്ചരിക്കുന്നത് പലതും നേടാൻ കൂടുതൽ അദ്ധ്വാനിക്കണം എന്നതിൻ്റെ സൂചനയാണ്. ക്രയവിക്രയങ്ങളിൽ അമളി പിണയാതെ സൂക്ഷിക്കണം. രോഗഗ്രസ്തരുടെ സ്ഥിതിയിൽ വലിയ മാറ്റം ഉണ്ടായേക്കില്ല. കുടുംബത്തിൻ്റെ അനിഷ്ടം പരിഗണിക്കാതെ ചില കാര്യങ്ങൾ ചെയ്യേണ്ടി വരാം. പഴയ വാഹനം മാറ്റിവാങ്ങാനിടയുണ്ട്. വ്യവസായ സംരംഭങ്ങൾക്ക് പുതിയ ശാഖ തുടങ്ങാനായേക്കും. പ്രതീക്ഷിച്ച ജോലി  കിട്ടാൻ അല്പം കൂടി കാത്തിരിപ്പ് ആവശ്യമാണ്. ബന്ധുകലഹത്തിൽ തൻ്റെ പങ്ക് സംശയിക്കപ്പെടാം.

ആയില്യം

നക്ഷത്രനാഥനായ ബുധന് നീചം സംഭവിച്ചിരിക്കുന്നത് ആത്മശക്തി ചോരാൻ കാരണമായേക്കാം. ചില കണക്കുകൂട്ടലുകൾ പിഴക്കാനിടയുണ്ട്. എന്നാൽ ഭാഗ്യസ്ഥാനത്ത് ശുക്രൻ ഉച്ചസ്ഥിതി തുടരുകയാൽ അപ്രതീക്ഷിത  ഭാഗ്യാനുഭവങ്ങൾക്കും സാധ്യതയുണ്ട്. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ/അനുമതികൾ ഇവ തടസ്സപ്പെടാം. കച്ചവടസ്ഥാപനം തുടങ്ങുന്നതിന് അല്പം കാത്തിരിക്കേണ്ടി വരും. വിദ്യാർത്ഥികൾക്ക് പഠനത്തിലുള്ള ഉത്സാഹം കുറഞ്ഞേക്കാം. പ്രണയാർത്ഥികൾക്ക് സന്തോഷിക്കാൻ കഴിയുന്ന കാലമാണ്. കുടുംബകാര്യങ്ങളിൽ ശ്രദ്ധയുണ്ടാവും. എന്നാൽ ദാമ്പത്യത്തിൽ  അനൈക്യം തലപൊക്കാം. ഭൂമയിടപാടുകൾ സുതാര്യമാവാൻ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് ക്ലേശിക്കുന്നതാണ്. ആരോഗ്യ ജാഗ്രത പുലർത്തണം.

മകം

ആദിത്യൻ ഏഴിലും എട്ടിലും സഞ്ചരിക്കുന്നത് തൊഴിൽ രംഗത്ത് പുഷ്ടിക്കുറവുണ്ടാക്കാം. ലഘുനേട്ടങ്ങൾക്ക് പോലും കൂടുതലായ അദ്ധ്വാനം ആവശ്യമായി വരുന്നതാണ്. ബന്ധുജനങ്ങളുമായി ഭിന്നാഭിപ്രായം ഉണ്ടാവും. അവ പറഞ്ഞുതീർക്കാൻ ഊർജ്ജവും സമയവും ചെലവാകും. സഹോദരിയുടെ വിവാഹം സംബന്ധിച്ച  തീരുമാനമുണ്ടാവും. ചെറുയാത്രകൾ ഗുണകരമായിത്തീരും. കൂട്ടുചേർന്നുള്ള പ്രവൃത്തികളിൽ നിന്നും അധികമായ ആദായം പ്രതീക്ഷിക്കാം. സ്വാശ്രയ സംരംഭത്തിനായി ലോൺ കിട്ടാനിടയുണ്ട്. മകളുടെ ഉപരിവിദ്യാഭ്യാസത്തിലെ ആശയക്കുഴപ്പം തീർന്നേക്കാം. കലാരംഗവുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെട്ടവർക്ക് നേട്ടങ്ങളുണ്ടാവും. പതിനൊന്നിലെ കുജസ്ഥിതി രഹസ്യ വരുമാനത്തിന് കാരണമാകും. വസ്തുവില്പനയിലെ തടസ്സം നീങ്ങിയേക്കാം.

പൂരം

നക്ഷത്രാധിപനായ ശുക്രൻ ഉച്ചസ്ഥനാകയാൽ ഭൗതിക നേട്ടങ്ങൾ അഭംഗുരമാവും. സ്ഥാനമാനങ്ങൾക്കുള്ള അർഹത അധികാരികളെ ബോധ്യപ്പെടുത്തുന്നതിൽ വിജയിക്കും. സാമ്പത്തികമായി മെച്ചമുണ്ടാവുന്ന കാലമാണ്. മികവിൻ്റെ അംഗീകാരമായി പുരസ്കാരങ്ങൾ കിട്ടാൻ സാധ്യതയുണ്ട്. കച്ചവടം വിപുലീകരിക്കാൻ ചിലരുടെ കൈവായ്പകൾ പ്രയോജനപ്പെടുത്തും. ഊഹക്കച്ചവടം, ഇൻഷ്വറൻസ്, നറുക്കെടുപ്പ് ഇവയിലൂടെയും ധനാഗമം കൈവരുന്നതാണ്. സ്വതന്ത്ര ചിന്താഗതി പുലർത്തുന്നതിനാൽ  സംഘടനകളിൽ ഒറ്റപ്പെട്ടേക്കാം. വിമർശനങ്ങൾ ക്ഷോഭിപ്പിച്ചേക്കും. പാരമ്പര്യവസ്തുവിൽക്കാൻ ശ്രമം തുടരുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷിച്ച നിയമന ഉത്തരവ് നീണ്ടേക്കാം. പ്രണയപരവശർ ശുഭവാർത്ത കേൾക്കാനിടയുണ്ട്.

ഉത്രം

നക്ഷത്രനാഥനായ ആദിത്യന് ശുഭ - പാപ ഗ്രഹങ്ങളുമായി യോഗം വരുന്നതിനാൽ സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാവും. പ്രയത്‌നിക്കാതെ തന്നെ ചില നേട്ടങ്ങൾ കൈവരുന്നതാണ്. ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ സമാധാനം കുറയുന്നതിനിടയുണ്ട്. ദൗത്യങ്ങളുടെ പൂർത്തീകരണത്തിന് സഹപ്രവർത്തകരുടെ ഒത്താശ ലഭിച്ചേക്കില്ല. ഏജൻസികളും കമ്മീഷൻ വ്യാപാരവും തൃപ്തികരമായിരിക്കും. പിതാവിന് ആരോഗ്യപ്രശ്നങ്ങൾ വലച്ചേക്കും. നിവേദനങ്ങൾ അധികാരികൾ പരിഗണിക്കാൻ വൈകുന്നതാണ്.  അല്പകാലം വീടുവിട്ടു നിൽക്കേണ്ട സാഹചര്യം ഉദയം ചെയ്യാം. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടാവുന്നതാണ്. കന്നിക്കൂറുകാരായ ഉത്രം നാളുകാർക്ക് താരതമ്യേന നേട്ടങ്ങൾ അധികരിക്കും.

അത്തം

മാസത്തിൻ്റെ ആദ്യ പകുതി കൂടുതൽ ഗുണകരമാവും. പ്രയത്നങ്ങൾ പാഴായിപ്പോകില്ല. സമയോചിതമായ നീക്കങ്ങളും വൈദഗ്ദ്ധ്യവും മൂലം മേലധികാരികളുടെ പ്രീതിക്ക് പാത്രമാവുന്നതാണ്. സ്വന്തമായി ചെയ്യുന്ന വ്യാപാരത്തിൽ കുറച്ചൊക്കെ ഉണർവുണ്ടാവും. മകൻ്റെ പഠന കാര്യത്തിൽ പ്രത്യേകമായ ശ്രദ്ധയുണ്ടാവേണ്ട സന്ദർഭമാണ്. സ്വന്തമായി വീടുണ്ടാക്കാൻ നടത്തുന്ന ശ്രമങ്ങൾ തടസ്സപ്പെട്ടേക്കാം. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് വിസ പുതുക്കിക്കിട്ടും. ആത്മീയ സാധനകൾക്ക് സമയം കണ്ടെത്തുന്നതാണ്. രോഗഗ്രസ്തർക്ക് വലിയ തോതിൽ ആശ്വാസം ഉണ്ടാവണമെന്നില്ല. പഴയ സുഹൃത്തുക്കളുമായി സൗഹൃദം പുതുക്കാം. രണ്ടാം പകുതിയിൽ ദാമ്പത്യപ്രശ്നങ്ങൾ  സ്വൈരക്കേടുണ്ടാക്കും.

ചിത്തിര

കന്നിക്കൂറുകാർക്ക് മാസാദ്യവും തുലാക്കൂറുകാർക്ക് രണ്ടാം പകുതിയും ശോഭനമായിരിക്കും. ബാഹ്യസമ്മർദ്ദമില്ലാതെ സ്വന്തം മേഖലയിൽ പ്രവർത്തിക്കാനും കഴിവു തെളിയിക്കാനും സാധിക്കുന്നതാണ്.  ലക്ഷ്യപ്രാപ്തിക്ക് ചിലപ്പോൾ കുമാർഗ്ഗങ്ങൾ തേടേണ്ടി വന്നേക്കാം. കടബാധ്യത പരിഹരിക്കാൻ പോംവഴി തെളിയുന്നതാണ്. സംഘടനകളുമായി ബന്ധപ്പെട്ടവർക്ക് അധികാരം കൈവരും. ശത്രുക്കളുടെ കുതന്ത്രങ്ങളെ ചെറുക്കാൻ സാധിക്കും. സുഹൃൽ - ബന്ധു സമാഗമങ്ങൾ മാനസികോല്ലാസത്തിന് കാരണമാകാം. പഠനത്തിൽ ഏകാഗ്രതയുണ്ടാവും. ഗവേഷകരുടെ നിരീക്ഷണങ്ങൾക്ക് അറിവുള്ളവരുടെ സ്വീകാര്യത ലഭിക്കുന്നതാണ്. സാമൂഹ്യമാധ്യമങ്ങളിലെ വിവിധ വിനോദങ്ങളിൽ ആസക്തി വരാതിരിക്കാൻ ജാഗ്രത വേണ്ടതുണ്ട്.

ചോതി

മാസത്തിൻ്റെ ആദ്യപകുതിയിൽ തൊഴിൽരംഗത്ത് ഉന്മേഷരാഹിത്യം അനുഭവപ്പെടും. ആർക്കും തന്നോട് അനുഭാവം ഇല്ലെന്ന് തോന്നിയേക്കും. സാമൂഹ്യ പ്രവർത്തനത്തിന് നേരം കണ്ടെത്തും. തന്മൂലം മാനസിക സന്തോഷം അനുഭവിക്കുന്നതാണ്. സാമ്പത്തിക നഷ്ടം വന്നാൽ അദ്ഭുതപ്പെടാനില്ല. പൈതൃക സ്വത്തിന്മേൽ സഹോദർ തമ്മിൽ തർക്കങ്ങൾ ഉടലെടുക്കാനിടയുണ്ട്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കച്ചവടമേഖല ഉണരും. പ്രയത്നത്തിലധികം നേട്ടങ്ങൾ വന്നെത്തുന്നതാണ്. പലരും സഹായിക്കാൻ മുന്നോട്ടു വരും. ഉദ്യോഗസ്ഥർക്ക് ചുമതലകൾ വിജയിപ്പിക്കാൻ സാധിക്കുന്നതാണ്. കിട്ടാനുള്ള ധനം കൈവശം വന്നെത്തും. ദാമ്പത്യത്തിൽ ഐക്യത്തിൻ്റെ ആനന്ദമുണ്ടാവും. വാഹനം വാങ്ങാനോ/അറ്റകുറ്റപ്പണി കഴിഞ്ഞ് നിരത്തിലിറക്കാനോ സാധിച്ചേക്കും.

വിശാഖം

രോഗഗ്രസ്തർക്ക് ആശ്വാസകാലമാവും. പ്രതിഭ തെളിയിക്കാൻ സമുചിത സന്ദർഭം സമാഗതമാവുന്നതായിരിക്കും. പാരമ്പര്യ തൊഴിലിൽ ഏർപ്പെട്ടവർക്ക് നിരാശപ്പെടേണ്ടി വരില്ല. കോടതി വ്യവഹാരങ്ങൾ  അനുരഞ്ജനത്തിലൂടെ പരിഹരിക്കപ്പെടാം. വാസ്തുശാസ്ത്രരീത്യാ ഗൃഹത്തിൽ ചില പൊളിച്ചുപണികൾ നടത്തിയേക്കും. വാഹനം വാങ്ങാനുള്ള മകൻ്റെ നിർബന്ധത്തിന് വഴങ്ങുന്നതാണ്. തുലാക്കൂറിൽ ജനിച്ചോർക്ക് മാസത്തിൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ അഭ്യുദയം പ്രതീക്ഷിക്കാം. വൃശ്ചികക്കൂറിൽ ജനിച്ചവർക്ക് വിവാഹാലോചനകളിൽ തീരുമാനം ഭവിക്കുന്നതാണ്. പണമെടപാടുകളിൽ കൃത്യതയുണ്ടാവണം. രേഖകൾ സൂക്ഷിക്കുന്നത് ഉത്തമം. അവധിക്കാല വിനോദയാത്രകൾ ആസൂത്രണം ചെയ്യും. കർമ്മപുരോഗതിക്കായി കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

അനിഴം

നക്ഷത്രാധിപനായ ശനി മൗഢ്യത്തിലാകയാൽ പലതരം സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ട സ്ഥിതിയുണ്ടാവും. ഇഷ്ടമില്ലെങ്കിലും കാര്യസാധ്യത്തിനായി നേർവഴികൾ ഉപേക്ഷിക്കേണ്ടി വരുന്നതാണ്. എല്ലാക്കാര്യത്തിലും മാന്ദ്യം അനുഭവപ്പെടും. ഗൃഹത്തിൽ സ്വൈരം കുറയാനിടയുണ്ട്. ദമ്പതികൾ  പരസ്പരം പഴിചാരുന്ന രീതി തലപൊക്കാം. ധനപരമായി കരുതലുണ്ടാവണം.  പൊതുവേ കായികമായ അധ്വാനം കൂടുന്നതായിരിക്കും. എഴുത്തുകാർക്കും കലാകാരന്മാർക്കും അവസരങ്ങൾ വർദ്ധിക്കുന്നതാണ്. പ്രണയികളുടെ ഹൃദയബന്ധം ദൃഢമാകും. വസ്തുവിൽപ്പനയിൽ പ്രതീക്ഷിച്ച ആദായം ഉണ്ടായേക്കില്ല. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിയുള്ളവർക്ക് അസൗകര്യമുള്ള ഷിഫ്റ്റുകളിൽ പ്രവർത്തിക്കേണ്ടി വരാം. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയുണ്ടാവണം.

തൃക്കേട്ട

കൃത്യമായ ഒരു ടൈംടേബിൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് പ്രവർത്തികളിൽ മുഴുകുന്നതാണ്. ആശയക്കുഴപ്പം ഉണ്ടാവാതെ മുന്നേറാനാവും. പ്രധാന തീരുമാനങ്ങൾ സഹപ്രവർത്തകരോട് ആലോചിച്ചേക്കും. നക്ഷത്രാധിപനായ ബുധന് നീചം വരുന്നതിനാൽ ചിലപ്പോൾ ആത്മവിശ്വാസം കുറയുന്നതായിരിക്കും. എന്നാൽ ബുധശുക്രയോഗം ചില നേട്ടങ്ങൾക്കും കാരണമാകുന്നതാണ്. കൂട്ടുകെട്ടുകൾ പൂർണമായും ഗുണകരമാവും എന്നുപറയാനില്ല. ബന്ധുക്കളോടുള്ള പിണക്കം ഇങ്ങോട്ടുമങ്ങോട്ടും തുടരപ്പെടും. വ്യാപാരത്തിൽ പാർട്ണർമാരെ ഉൾപ്പെടുത്തിയേക്കും. അക്കാരണത്താൽ സാമ്പത്തിക ഞെരുക്കത്തിന് കുറവുണ്ടാവും. ബിസിനസ്സിൽ സാമാന്യമായ നവീകരണത്തിന് തുടക്കമിടാനും കഴിയുന്നതാണ്. വിവാഹകാര്യത്തിൽ ചെറുപ്പക്കാർക്ക് വീട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടി വന്നേക്കും.

മൂലം

കർമ്മരംഗത്ത് ശോഭിക്കാനാവും. പുതിയ ആശയങ്ങൾ ഒപ്പമുള്ളവരുമായി പങ്കുവെക്കുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണത്തോടെ ചുമതലകളിൽ വിജയിക്കുന്നതിന് സാധിക്കും. ബിസിനസ്സിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ലാഭം പ്രതീക്ഷിക്കാൻ കഴിയുന്ന കാലമാണ്. ഉപഭോക്താക്കളെ ആകർഷിക്കുവാനാവും ജോലി തേടുന്നവർക്ക് നല്ല അവസരങ്ങൾ കൈവന്നേക്കും. വിദേശത്തുപോയി പഠിക്കാനോ ജോലിതേടാനോ സാഹചര്യം അനുകൂലമാണ്. കുടുംബ ബന്ധങ്ങളുടെ ദാർഢ്യം നിലനിർത്താൻ സ്വയം തീരുമാനിക്കും. ജീവകാരുണ്യ പ്രവർത്തനത്തിലൂടെ സാമൂഹ്യമായ അംഗീകാരം നേടും. കലാസാഹിത്യ പ്രവർത്തനത്തിന് ഉചിതമായ പശ്ചാത്തലം സംജാതമാകുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ അല്പം ധനപരമായ ഞെരുക്കം ഉണ്ടാവും. ആരോഗ്യപരമായി ശ്രദ്ധ പുലർത്തണം.

പൂരാടം

ന്യായമായ ആഗ്രഹങ്ങളും പ്രതീക്ഷകളും സഫലമാവുന്ന കാലഘട്ടമാണ്. പൊതുമധ്യത്തിൽ സ്വാധീനം വളരുന്നതായിരിക്കും. ഉദ്യോഗസ്ഥരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ വിലമതിക്കപ്പെടാം. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതിന് വഴിതെളിയുന്നതാണ്. ബിസിനസ്സ് യാത്രകൾ ഗുണപ്രദമായിത്തീരും. ഉന്നത വ്യക്തികളുടെ പിന്തുണയോടെ സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുന്നതാണ്. പണയത്തിലായിരുന്ന വസ്തു ലേലത്തിൽ പോകാതിരിക്കാൻ നടത്തുന്ന ശ്രമം വിജയിച്ചേക്കും. ആത്മീയമായ കാര്യങ്ങൾക്കും നേരം കണ്ടെത്തുന്നതാണ്. മാസാന്ത്യത്തിൽ ശനി നാലാം ഭാവത്തിലേക്ക് മാറുകയാൽ കണ്ടകശ്ശനിക്കാലം തുടങ്ങുകയാണെന്ന് തത്ത്വത്തിൽ പറയാം. ഗൃഹനിർമ്മാണത്തിൽ തടസ്സങ്ങൾ വരാനിടയുണ്ട്. മാനസികാരോഗ്യത്തിൽ ശ്രദ്ധയുണ്ടാവണം. സുഹൃൽബന്ധങ്ങൾ പുനപ്പരിശോധിക്കാൻ അവസരം വന്നേക്കും.

ഉത്രാടം

ധനുക്കൂറുകാർ മാസത്തിൻ്റെ ഒന്നാം പകുതിയിൽ നേട്ടങ്ങൾ കൈവരിക്കും. സർക്കാരിൽ നിന്നും കിട്ടേണ്ട അനുമതികൾ /ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. സ്ഥാപനത്തിൻ്റെ ചുമതല ഏറ്റെടുക്കും. പുതിയ പദവികളിൽ ശോഭിക്കാനാവും. സഹോദരർക്ക് സാമ്പത്തിക സഹായം ചെയ്യും. മകരക്കൂറുകാർക്ക് മാസത്തിൻ്റെ രണ്ടാം പകുതിയിൽ ബന്ധുക്കളുടെ സഹായം ലഭിക്കും. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയുന്നതാണ്. വീടിൻ്റെ ലോൺ തിരിച്ചടവ് പൂർത്തിയാവുന്നതിൽ ആശ്വാസമുണ്ടാവും. സമയോചിതമായി പ്രവർത്തിക്കാൻ കഴിയാത്തതുമൂലം ഉത്രാടം നാളുകാർ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കും. ദാമ്പത്യത്തിൽ അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കാൻ കഴിയാത്തത് സ്വൈരക്കേടിന് കാരണമാകാം. സാമ്പത്തികമായ അച്ചടക്കം അനിവാര്യമാണ്.

തിരുവോണം

ആദിത്യൻ രണ്ടിലും മൂന്നിലുമായി സഞ്ചരിക്കുന്നതിനാൽ ദോഷവും ഗുണവും കലരും. മാസാദ്യപകുതിയിൽ ദേഹാസ്വാസ്ഥ്യം ഉണ്ടാവും. മനക്ലേശത്തിനും സാധ്യത. ഇഷ്ടവസ്തുക്കൾ കൈമോശം വരാം. വിരോധികളുടെ പ്രവർത്തനം തിരിച്ചറിയപ്പെടാനും കഴിഞ്ഞേക്കില്ല. രണ്ടാം പകുതിയിൽ ഗുണമേറും. ലഘുപ്രയത്നത്താൽ കാര്യസാധ്യമുണ്ടാവും. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. തൊഴിലന്വേഷണം സഫലമായേക്കും. സമൂഹത്തിൽ അംഗീകാരമുണ്ടാവും. കുടുംബ പ്രശ്നങ്ങൾ മാധ്യസ്ഥർ മുഖേന പരിഹരിക്കപ്പെട്ടേക്കും. സ്ത്രീകളുടെ പിന്തുണ ലഭിക്കുന്നതാണ്. സ്വകീയമായ സമ്പാദ്യം ഉപയോഗിച്ച് ബിസിനസ്സ് തുടങ്ങാൻ വ്യാഴമാറ്റം വരെ കാത്തിരിക്കണം. വിദ്യാർത്ഥികളുടെ പഠനത്തിൽ രക്ഷിതാക്കളുടെ മേൽനോട്ടം വേണ്ടതുണ്ട്. മാസാന്ത്യം ശനി മീനം രാശിയിൽ പ്രവേശിക്കുന്നതോടെ ഏഴരശ്ശനിക്കാലം അവസാനിക്കുകയായി.

അവിട്ടം

ഭാവിയെ സംബന്ധിച്ച പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുന്ന സന്ദർഭമാണ്. കുടുംബത്തിൻ്റെ ഇഷ്ടാനിഷ്ടങ്ങളും പരിഗണിക്കേണ്ടതുണ്ട്. പാർട്ണർഷിപ്പ് ബിസിനസ്സിൽ പുരോഗതി ദൃശ്യമാകും. സ്ത്രീകളുടെ പിന്തുണയുണ്ടാവും. വസ്തുവിൽ വേലികെട്ടുക, കള പറിച്ച് വൃത്തിയാക്കുക തുടങ്ങിയ ചിലവുകൾ സാധ്യതയായിപ്പറയാം. പുതുതലമുറയെ അടച്ച് ആക്ഷേപിക്കുന്നതിന് പകരം അവരെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും. ഉപരിപഠനം നടത്താൻ ബാങ്ക് വായ്പ ലഭിക്കുന്നതാണ്. മത്സരാധിഷ്ഠിത കരാറുകൾ ഏറ്റെടുക്കാൻ സന്നദ്ധതയുണ്ടാവും. മകരക്കൂറുകാർക്ക് മാസാന്ത്യത്തിലെ ശനിമാറ്റത്തോടെ ഏഴരശ്ശനിക്കാലം തീരും. കുംഭക്കൂറുകാർക്ക് ജന്മശനിക്കാലം അവസാനിക്കുന്നതും ആശ്വാസകരമാണ്. ജീവതത്തിലെ ക്ലേശനിർഭരമായ ഒരു വലിയ കാലഘട്ടത്തിന് സമാപ്തി വരികയാണ്.

ചതയം

ജന്മത്തിലും രണ്ടിലും ആദിത്യൻ സഞ്ചരിക്കുകയാൽ അലച്ചിലുണ്ടാവും. വേണ്ടാത്ത, പ്രയോജനരഹിതമായ കാര്യങ്ങൾ ചെയ്ത് നേരം കളയും. ഊർജ്ജം പാഴാവും.  അനർഹർക്ക് ഉയർച്ച ലഭിക്കുന്നതിൽ വിഷമിക്കുന്നതാണ്. മനസ്സംഘർഷം അനുഭവപ്പെടും. രണ്ടാം ഭാവത്തിലെ ശുക്രബുധയോഗം കലാവാസനകൾ പുഷ്ടിപ്പെടാനുള്ള സാഹചര്യം ഒരുക്കുന്നതാണ്. പ്രസംഗവും കവിതയും അഭിനയവും ചിത്രം വരയും തുടരപ്പെടും. പരീക്ഷകളിൽ ശോഭിക്കാനാവും. ബിസിനസ്സിനോട് മടുപ്പ് തോന്നിയേക്കും. പകരക്കാരെ കണ്ടെത്താൻ വ്യർത്ഥശ്രമം നടത്തുന്നതാണ്. ഉത്സവാദികളിലും കുടുംബ വിരുന്നുകളിലും പങ്കെടുക്കുവാനാവും. മകൻ്റെ നിർബന്ധശീലം മനക്ലേശം ഉണ്ടാക്കും. മാസാന്ത്യത്തിൽ ജന്മശനി ഒഴിയുന്നതിൻ്റെ ഗുണം ഒരുപക്ഷേ വൈകാതെ അനുഭവ തലത്തിൽ എത്തിയേക്കാം.

പൂരൂരുട്ടാതി

ശനിയും സൂര്യനും ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ പലതരം സമ്മർദ്ദങ്ങൾ അനുഭവിക്കേണ്ടി വരുന്നതാണ്. സമയബന്ധിതമായി ചുമതലകൾ പൂർത്തിയാക്കാൻ വിഷമിക്കും. ആലസ്യം പിടികൂടുന്നതാണ്. കൂടുതൽ സാമ്പത്തിക ബാധ്യതകൾ വരാൻ ഇടയുള്ളതിനാൽ ഇടപാടുകളിൽ കരുതൽ വേണം. ചെറിയ സംരംഭംങ്ങൾ ആദായകരമാവും. ബന്ധുക്കളിൽ നിന്നും സഹായം ലഭിക്കുന്നതാണ്. പണയപ്പെടുത്തിയ വസ്തുക്കൾ ലേലത്തിലേക്ക് നീങ്ങാതിരിക്കാനുള്ള ശ്രമം വിജയിച്ചേക്കും. ഭൂമിയിൽ നിന്നും ചെറിയ ആദായം കൈവരാനിടയുണ്ട്. ദാമ്പത്യത്തിൽ ഇണക്കം കുറയുകയുകയും പിണക്കം കൂടുകയും ചെയ്യുന്നതാണ്. നിർബന്ധ ബുദ്ധി കൊണ്ട് ശത്രുക്കളെ സമ്പാദിക്കും. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങിവരാൻ സാഹചര്യം ഉണ്ടാവും.

ഉത്രട്ടാതി

രാഹുവും ശുക്രനും ബുധനും ഉത്രട്ടാതിയിലൂടെ സഞ്ചരിക്കുന്നു. ആ സമ്മർദ്ദം ഈ നക്ഷത്രത്തിൽ ജനിച്ചവരിലുണ്ടാവും. ഏകാഗ്രത കുറഞ്ഞേക്കും. ഇച്ഛാജ്ഞാനക്രിയാ ശക്തികളുടെ കേന്ദ്രീകരണം വിഷമകരമാവും. ആഢംബരച്ചെലവുകൾ അമിതമാവാനും കടക്കെണി വരാനും സാധ്യതയുണ്ട്. അതിനാൽ സാഹസങ്ങൾ ഒഴിവാക്കപ്പെടണം. മിതവ്യയം പരിശീലിക്കുകയും വേണം. കുടുംബത്തിൻ്റെ, വിശേഷിച്ചും മക്കളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ട സന്ദർഭമാണ്. മനസിൻ്റെ ചാഞ്ചല്യം പരിഹരിക്കാൻ യോഗ, ധ്യാനം, ആത്മീയചര്യകൾ എന്നിവ സഹായിച്ചേക്കും. വലിയ മുതൽമുടക്കുകൾക്ക് ഇപ്പോൾ അനുകൂലമല്ലാത്ത കാലമാണെന്നത് പ്രത്യേകം ഓർമ്മിക്കണം. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത കുറയരുത്.

രേവതി

പന്ത്രണ്ടിലും ജന്മത്തിലുമായി ആദിത്യൻ സഞ്ചരിക്കുന്ന കാലമാകയാൽ ആവർത്തിത ശ്രമം കൊണ്ടേ നേട്ടങ്ങൾ സാധ്യമാവൂ എന്ന നിലവരും. പൊതുപ്രവർത്തനത്തോട് വിരക്തിയാവും. നിലവിലെ തൊഴിൽ ഉപേക്ഷിക്കാൻ തോന്നുന്നതാണ്. പക്ഷേ തീരുമാനം കരുതലോടെ വേണം. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അനുകൂലമല്ലാത്ത ഷിഫ്റ്റിലേക്ക് മാറേണ്ടി വന്നേക്കും. ബിസിനസ്സിൽ കൂടുതൽ പണം മുടക്കാതിരിക്കുകയാണ് ഇപ്പോൾ നല്ലത്. ജന്മരാശിയിലെ ഗ്രഹബാഹുല്യത്താൽ മനശ്ചാഞ്ചല്യം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ സൃഷ്ടിക്കപ്പെടുന്നതാണ്. അപവാദങ്ങൾക്ക് ശരവ്യരായേക്കും. ഭോഗാനുഭവങ്ങൾ, കീർത്തി എന്നിവ സാധ്യതകളാണ്. ന്യായമായ ആവശ്യങ്ങൾക്കുള്ള ധനാഗമം ഭവിക്കും. സുഹൃത്തുക്കൾ പിന്തുണയ്ക്കും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: