scorecardresearch

Love Horoscope in Malayalam: പ്രണയിക്കുന്നവർക്ക് ഈ വർഷം എങ്ങനെ?

Valentines Day Horoscope in Malayalam: പ്രണയിക്കുന്നവർക്ക് ഈ വർഷം എങ്ങനെ? എന്തൊക്കെയാണ് ഗുണഫലങ്ങൾ? അശ്വതി മുതൽ രേവതി വരെയുള്ള നാളുകളുടെ പ്രണയ ഫലങ്ങളിങ്ങനെ

Valentines Day Horoscope in Malayalam: പ്രണയിക്കുന്നവർക്ക് ഈ വർഷം എങ്ങനെ? എന്തൊക്കെയാണ് ഗുണഫലങ്ങൾ? അശ്വതി മുതൽ രേവതി വരെയുള്ള നാളുകളുടെ പ്രണയ ഫലങ്ങളിങ്ങനെ

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Love Horoscope: പ്രണയിക്കുന്നവർക്ക് ഈ വർഷം എങ്ങനെ?

Valentines Day Love Horoscope: 'പ്രണയപരവശേ! ശുഭം' എന്നത് കുമാരനാശാൻ്റെ 'ലീല' യിലെ ആരംഭവരിയാണ്. ആശാൻ്റെ വരിയിൽ ഒരു ബഹുവചനത്തിൻ്റെ അധികപ്രസംഗമാണ് 'പ്രണയപരവശരേ' എന്ന കൂട്ടിച്ചേർക്കൽ! സ്നേഹഗായകനായ കുമാരനാശൻ ക്ഷമിക്കുമെന്നുറപ്പ്!

തോഴിയായ മാധവി, ലീലയുടെ കാമുകൻ എവിടെയാണെന്ന് അന്വേഷിച്ചു കണ്ടെത്തിയ കാര്യം അവളെ അറിയിക്കുകയാണ്, ഈ പ്രസ്താവനയിലൂടെ. 'നെടുമോഹനനിദ്ര'യിലായിരുന്ന നിൻ്റെ പ്രണയത്തിന് ഇനിമേൽ പൂക്കാലം എന്നാണ് മാധവി ലീലയെ തുടർന്ന് അറിയിക്കുന്നത്. അതാണ് ആ വാർത്തയുടെ ശുഭത്വം!

Advertisment

മിടിക്കുന്ന മാനവഹൃദയം കാത്തിരിക്കുന്നു, തൻ്റെ അനുരാഗിയെ. കാടുമേടുകൾക്കപ്പുറം ആയാലും തുടരുന്ന കാത്തിരിപ്പ്! പ്രണയത്തിന് ഒരുപാടൊന്നും ഒളിച്ചിരിക്കാനാവില്ല. അത് ഒരുനാൾ വെട്ടപ്പെടുക തന്നെ ചെയ്യും. ഉറപ്പിച്ചു പറയാം, അതാവും ഒരാളുടെ, അല്ലെങ്കിൽ
ആ ഇരുവരുടെ മാധവമാസം! 

ഹൃദയം പങ്കിടാൻ ഒരാളെ എല്ലാവർക്കും ആവശ്യമുണ്ട്. സ്നേഹത്തേരിലേറി വരുന്ന കാമുകനെ, കാമുകിയെ സ്വീകരിക്കാൻ കൊതിക്കാത്ത ആരുണ്ട്?  ലോകത്തെ ഇരുപകുതിയാക്കാം, എന്ന് പണ്ഡിതർ. പ്രണയപ്പാതിയും യുദ്ധപ്പാതിയും.

ചരിത്രം ശൃംഗാരവും കാമവും രതിയും പ്രണയവുമായി ആ  വിലോലഭാവത്തെ എന്നും എവിടെയും ഉൾക്കൊണ്ടിട്ടുണ്ട്. പ്രണയത്തിന് ഒന്നുകിൽ താലപ്പൊലി, അല്ലെങ്കിൽ ചോരക്കുരുതി. പക്ഷേ പ്രണയത്തെ കണ്ടില്ലെന്ന് നടിക്കാൻ സമൂഹത്തിനാവില്ല!

Advertisment

പാശ്ചാത്യരുടെ മിത്തുകളിൽ നിന്നും കാലയവനികകൾ വകഞ്ഞുമാറ്റിക്കൊണ്ട് സ്നേഹത്തിൻ്റെ പനിനീർ മലരുകളുമായി ക്യുപിഡും (Cupid), അഫ്രോഡിറ്റും (Aphrodite), വീനെസും (Venus) ഇറങ്ങി വരുന്നു.

ഭാരതത്തിൻ്റെ പൊന്നോമനയായ  കാമദേവനും പ്രണയത്തിൻ്റെ എത്രയെത്ര കാഹളം മുഴുക്കി! മലയമാരുതനാകുന്ന തേരിൽ കയറി വസന്തനെന്ന കൂട്ടുകാരനുമായി 'രതിസുഖസാരേ' മൂളിക്കൊണ്ട് കാമദേവൻ വരുന്നു. കൈകളിൽ പൂവമ്പുകളെങ്കിലും കഠിനതപസ്സുകളുടെ ശിവഹൃദയങ്ങളെ കൺതുറപ്പിക്കാൻ പര്യാപ്തങ്ങളാണവ.  

മേഘമേദുരമായ ആകാശച്ചുവട്ടിൽ, തമാലശ്യാമ വനങ്ങളിൽ, യമുനാപുളിനങ്ങളിൽ 'യദുകുല രതിദേവനെ' നിത്യപ്രണയിനിയായ രാധ തേടുന്നു.ശകുന്തളയുടെ പ്രണയം പുരണ്ട തിരിഞ്ഞുനോട്ടവും നളദമയന്തിമാർ നേരിട്ട പരീക്ഷണങ്ങളും പ്രണയചരിത്രത്തിലെ പരിമളപർവ്വങ്ങളാണ്. 

സാറാമ്മയുടെയും കേശവൻ നായരുടെയും പ്രേമസുരഭില ഹൃദയങ്ങളെ വൈക്കം മുഹമ്മദ് ബഷീറിൻ്റെ തൂലിക കോറിയിടുന്നു. രമണൻ്റെ ചന്ദ്രികാചർച്ചിത രാത്രികളെ ചങ്ങമ്പുഴ മഴവിൽക്കൊടിയുടെ മുനകൊണ്ടു വരച്ചുകാട്ടി. അപ്പുണ്ണിയുടെ ഹൃദയത്താളുകളിലെ മയില്പീലിത്തുണ്ടുകളെ എം.ടി മായികമായി അഖ്യാനിക്കുന്നു. 

ചരിത്രത്തിലെ ഏതോ ഒരു യുഗസന്ധ്യയിൽ വാലെൻ്റയിൻ പാതിരി ചോരക്കറപ്പുതഞ്ഞു കിടക്കുകയാവാം. പക്ഷേ പ്രണയം മരിക്കുന്നില്ല. ശവകുടീരങ്ങളിൽ നിന്നും പ്രണയദേവതകൾ ഉയിർത്തെഴുന്നേല്ക്കുന്നു. വിപ്രലംഭവും സംഭോഗവുമായി ശൃംഗാരകാവ്യങ്ങൾ പിറക്കുന്നു. മനുഷ്യൻ ഏതു സൈബർകാലത്തിലേക്ക് പടർന്നാലും അനുരാഗപ്പൂക്കൾ വിരിഞ്ഞു നിൽക്കും.

ഏതു ഊഷരമായ ഹൃദയത്തിലും കാമനകളുടെ ഇണക്കുരുവികൾ കൂടുകെട്ടാതിരിക്കില്ല. ശാശ്വതമൊന്നേ സത്യം! അത് പ്രണയം എന്ന ത്ര്യക്ഷരി അല്ലാതെന്ത്? 

27 നക്ഷത്രങ്ങളിൽ ഒന്നിൽ ജനിക്കാനാണ് നമ്മുടെ ജന്മനിയോഗം. പ്രണയപരാഗം കൂടുതൽ പേറുന്നത് ഏതു നക്ഷത്രത്തിൽ പിറന്നയാളാണ്? ആരുടെ മനസ്സിലാണ് പ്രണയം പടിപ്പുര കടന്ന് നേരെ അകത്തളത്തിലക്ക് വരുന്നത്? പ്രണയത്തിൻ്റെ പരദേവതയായ ശുക്രൻ ഇരുകരങ്ങളും പൊക്കി അനുഗ്രഹിക്കുന്നത് ആരെ? 

വാലൻ്റെയിൻ ദിനം (Valentine's Day) മുൻനിർത്തി സവിശേഷമായ ഒരു അന്വേഷണം.

അശ്വതി

അശ്വതി മേടക്കൂറിൽ വരുന്ന നക്ഷത്രമാണ്. പ്രണയത്തെയും ദാമ്പത്യത്തെയും സൂചിപ്പിക്കുന്ന  ഏഴാമെടം തുലാം രാശിയാണ്. അതിൻ്റെ അധിപൻ ശുക്രൻ ആണ്. അതിനാൽ പ്രണയത്തിൻ്റെ പരാഗങ്ങൾ ഇവരുടെ ഹൃദയ പുഷ്പത്തിൽ എളുപ്പം വന്നുവീഴും. മേടം രാശിയുടെ അധിപൻ ചൊവ്വയും തുലാം രാശിയുടെ അധിപൻ ശുക്രനും സമന്മാരാണ്. രൂപം, വയസ്സ്, വിദ്യാഭ്യാസം, തൊഴിൽ എന്നിവയിൽ തനിക്ക് ഇണങ്ങുന്നതായ കാമുകിയെ / കാമുകനെ ഇവർക്ക് എളുപ്പം കണ്ടുമുട്ടാനാവും. ചൊവ്വയാണ് കൂറിൻ്റെ അധിപൻ എന്നതിനാൽ ചൊവ്വയുടെ ആധിപത്യ ശീലം   (Dominating Nature) ആണായാലും പെണ്ണായാലും ഇവരിൽ സഹജമായിരിക്കും. 

അശ്വതി പുരുഷ നക്ഷത്രം എന്ന വിഭാഗത്തിൽ വരുന്നു. അശ്വതിയുടെ നക്ഷത്രമൃഗം ആൺകുതിരയാണ്. നക്ഷത്ര വൃക്ഷമാകട്ടെ കാഞ്ഞിരവും. പുരുഷൻ്റെ ഞാനെന്ന ഭാവവും, കുതിരയുടെ പ്രവർത്തനത്തിലെ അതിവേഗശീലവും കാഞ്ഞിരത്തിൻ്റെ കയ്പൻ സ്വഭാവവും ഇവരെ പ്രണയത്തിലും ഗാർഹസ്ഥ്യത്തിലും പരാജയപ്പെടുത്തും. ഇവർ ദാമ്പത്യത്തെ ഒരു മത്സരമായി കാണാനിടയുണ്ട്. പ്രണയം ഉണ്ടായാലും ഇവരുടെ 'ഭരിക്കാൻ പിറന്നവർ' എന്ന മനോഭാവം പ്രണയത്തെ ശുഷ്കമാക്കും. ദാമ്പത്യത്തിൽ ഏർപ്പെട്ടാലും പിരിയാൻ സാധ്യത ഏറെയാണ്. തുടർന്നാലോ? സ്നേഹം അഭിനയിക്കും.

അശ്വതിക്കാർക്ക് ഏപ്രിൽ തൊട്ട് ജൂലായ് വരെ അനുരാഗത്തിൻ്റെ പരാഗങ്ങൾ നെഞ്ചേറ്റാനാവും. അതിനു മുന്നിലെ മാസങ്ങളിൽ  നിലവിലെ ബന്ധം ഉള്ളുപൊള്ളയാണെന്ന ഉൾവിളി തോന്നാൻ ഇടയുണ്ട്. കയ്പുരസം വെറുതെ കുടിക്കാൻ ആരാഗ്രഹിക്കും?

ഭരണി

ചൊവ്വ ഭരിക്കുന്ന മേടക്കൂറിൽ വരുന്ന നക്ഷത്രമാണ് ഭരണി. എന്നാൽ ഭരണിയുടെ നക്ഷത്രനാഥൻ പ്രണയത്തിൻ്റെ പരദേവതയായ ശുക്രനാകുന്നു. കാമുകനെ/ കാമുകിയെ സൂചിപ്പിക്കുന്ന ഏഴാമെടം തുലാം രാശി. അതാകട്ടെ ശുക്രൻ്റെ സ്വക്ഷേത്രവും. അതിനാൽ പ്രണയത്തിൻ്റെ ശ്രീകോവിൽ ഉള്ളിൽ പണിഞ്ഞുവെച്ച് അവിടെ പ്രതിഷ്ഠിക്കാൻ പ്രണയിയെ ഹൃദയപൂർവ്വം കാത്തിരിക്കുന്ന ശീലം കൗമാരത്തിൽ തന്നെ ഇവരിൽ മൊട്ടിടും. 

മനുഷ്യഗണക്കാരാകയാൽ എന്തിലുമെന്ന പോലെ പ്രണയത്തിലും വേഗം ഇണങ്ങാൻ ഇവർക്ക് സാധിക്കുന്നതാണ്. മധുരവാക്കുകൾ പറയും. കലകളിലുള്ള താല്പര്യം കൂടിയാവുമ്പോൾ പ്രണയത്തിൻ്റെ അന്തരീക്ഷം സ്വാഭാവികമായി വിരിഞ്ഞുവരും. നെല്ലിയാണ് നക്ഷത്രവൃക്ഷം. ആദ്യം കയ്പും ചവർപ്പും അനുഭവപ്പെട്ടാലും പ്രണയത്തിൻ്റെ നെല്ലിക്ക മധുരമുള്ളതാവും. ആരോഗ്യകരമായ ദാമ്പത്യത്തിന് അടിത്തറപാകും.

ശുക്രൻ ഉച്ചനാകയാൽ പ്രണയ ദേവതകൾ ഇപ്പോൾ ഭരണിയുടെ ചുറ്റും നൃത്തം ചവിട്ടുന്നുണ്ട്. ഏതു നിമിഷവും പ്രണയ നക്ഷത്രം ഹൃദയാകാശത്തിൽ ഉദിക്കാം. വർഷപ്പകുതിവരെ ആ സാധ്യത നിലനിൽക്കും. പിന്നെ മനസ്സ് മാറാനിടയുണ്ട്.

കാർത്തിക

മേടം ഇടവം കൂറുകളിലായി വരുന്ന നക്ഷത്രമാണ് കാർത്തിക. പ്രായേണ 2,3,4 പാദങ്ങൾ വരുന്ന ഇടവക്കൂറുകാരാവും പ്രണയത്തോട് അധികം ആഭിമുഖ്യം പുലർത്തുക. കാരണം ഇടവക്കൂറിൻ്റെ നാഥൻ ശുക്രനാണ്. മസൃണമായ ഭാവങ്ങൾ ഹൃദയത്തിൽ പൂത്തുലയും. കൗമാരം കഴിയുമ്പോഴേക്കും രാഹുദശ തുടങ്ങുകയാൽ ജീവിതത്തിൻ്റെ മായികഭാവങ്ങൾ വേഗത്തിൽ ആകർഷിച്ചെന്നു വരാം. 

പുരുഷ-സ്ത്രീ എന്ന രണ്ടു വിഭാഗത്തിൽ സ്ത്രീവിഭാഗ നക്ഷത്രമാണ് കാർത്തിക. എന്നാൽ  അസുരഗണ നക്ഷത്രവുമാണ്. പ്രണയത്തിൽ ഉറച്ചുനിൽക്കാനും ഏതറ്റം വരെ പോകാനും ഇവർക്ക് കഴിയും. നവഗ്രഹങ്ങളുടെ രാജാവായ സൂര്യനാണ് നക്ഷത്രാധിപൻ. അതിനാൽ പ്രണയത്തിലും ദാമ്പത്യത്തിലും സ്വന്തം ആധിപത്യം സ്ഥാപിക്കാനിടയുണ്ട്. ഈ വർഷം പ്രണയബന്ധത്തിന് സാധ്യതയുണ്ട്. വ്യാഴസ്ഥിതി അനുകൂലമാവുകയാൽ ജൂണിനുശേഷം പ്രണയം ദാമ്പത്യമായി പന്തലിച്ചേക്കാം.

രോഹിണി

സൃഷ്ടി നക്ഷത്രക്കാരും മനുഷ്യഗണക്കാരുമാണ് രോഹിണി നാളുകാർ. കലാഹൃദയം ഉണ്ട്. ഞാവൽ ആണ് വൃക്ഷം. ഞാവൽപ്പഴത്തിൻ്റെ  അല്പം ചവർപ്പു കലർന്ന മാധുര്യവും കടുംവർണ്ണവും ഇവരുടെ വികാരങ്ങൾക്കും ഇണങ്ങും. മനുഷ്യ മനസ്സിനെ തള്ളിപ്പറയാൻ അറിയാത്തവരാണ്. പ്രണയത്തിൽ മുഴുകിയവർക്ക് കൂടുതൽ സന്തോഷിക്കാൻ കഴിയുന്ന വർഷമാണിത്. 

പഠനകാലത്തായാലും  തൊഴിൽ മേഖലയിലായാലും പ്രണയം പൂത്തുലയാൻ സാഹചര്യം ഉദിക്കും. വീട്ടുകാരെ ചിന്തിക്കാതെ പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ മുതിർന്നാൽ അത്ഭുതപ്പെടാനില്ല. ഏഴാമെടം ചൊവ്വയാകയാൽ പ്രണയത്തിൽ ചതുപ്പുനിലങ്ങളും ചതിക്കുഴികളും കൂടി ഉള്ളതും തിരിച്ചറിയണം. രാഹുദശയിലൂടെ കടന്നുപോകുന്നവരെ പ്രണയ സൗരഭ്യം വേഗം തേടിവരുന്നതാണ്. ഗാർഹസ്ഥ്യത്തിൻ്റെ ദൃഢതയിലേക്ക് പോകാതെ തന്നെ ജീവിതത്തെ താത്കാലികമായ സ്നേഹക്കൂടാരമാക്കാൻ ഇവർ ആലോചിച്ചേക്കും.

മകയിരം

സ്ഥിതി നക്ഷത്രമാണ് മകയിരം. ദേവഗണത്തിൽ ഉൾപ്പെടുന്നു. ഇടവം - മിഥുനം രാശികളിലായി സ്ഥിതി. പ്രണയത്തിന് പൂത്തിരി കത്തിക്കുന്ന രാശികളാണ് രണ്ടും. ഇടവം ശുക്രൻ്റെ ആധിപത്യ രാശി. മിഥുനം രാശിയുടെ സ്വരൂപം ആണും പെണ്ണും ഉടൽ കലർന്നിരിക്കുന്ന വടിവത്തിലാണ്. പ്രണയികളല്ലാത്തവർക്ക് പ്രണയത്തിൻ്റെ തീക്ഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന വർഷമാണിത്. മധുരമോഹനഭാവങ്ങൾ ജീവിതത്തെ ആശ്ലേഷിക്കും. 

ചൊവ്വയാണ് മകീര്യത്തിൻ്റെ നാഥൻ. ആകയാൽ ചിലപ്പോൾ നിലവിലെ പ്രണയത്തോട് വിരക്തി തോന്നിയേക്കാം. വെട്ടൊന്ന് മുറി രണ്ട് മനോഭാവം ബന്ധങ്ങളെ ശിഥിലമാക്കാം. രാഗാർദ്ര ഭാവങ്ങൾ ദാമ്പത്യത്തിലും പൂവിരിക്കുന്നതാണ്. വിവാഹം വരെ പ്രണയം എന്നതല്ല, ശ്വാസം ഉള്ളിടത്തോളം അനുരാഗവായ്പ് എന്നതാണ് ഇവരുടെ പൊതുവായുള്ള മനോനില.

തിരുവാതിര

മനുഷ്യഗണത്തിൽ വരുന്ന നക്ഷത്രമാണ് തിരുവാതിര. വൈചാരികതയെക്കാൾ വൈകാരികത ഒരുപിടി കൂടും. പ്രണയം ഹൃദയത്തിൽ കൂടുകൂട്ടിയിട്ടുണ്ട്. 
ഈ വർഷം ശുക്രൻ്റെ അനുകൂലതയാൽ പ്രണയത്തിൽ മുന്നേറാനാവും. തകർന്ന പ്രണയത്തിൻ്റെ വിഷാദനീലിമ അകന്നേക്കും. ബാല്യകാലം തൊട്ടുള്ള പ്രണയം തടസ്സങ്ങൾ നീങ്ങി യാഥാർത്ഥ്യമായി മാറാൻ സാധ്യതയുണ്ട്. 

ദാമ്പത്യത്തിൽ തെറ്റിപ്പിരിഞ്ഞവർ മാധ്യസ്ഥ ശ്രമത്തിലൂടെ വീണ്ടും ഒരുമിച്ചെന്നും വന്നേക്കാം. ഇപ്പോൾ ചൊവ്വ ജന്മരാശിയിലുണ്ട്. തടസ്സങ്ങളുടെ ചുവപ്പ് സിഗ്നലാണ്, പ്രണയത്തിനും കാണുന്നത്. ക്രമേണ മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തും. 

ഏപ്രിലിൽ ശനി പത്താമെടത്തിൽ വരുന്നുണ്ട്. കണ്ടകശ്ശനിക്ക് നിങ്ങളുടെ തൊഴിലിടത്തിലെ ഗൂഡാനുരാഗത്തെ മന്ദീഭവിപ്പിക്കാൻ ശക്തിയുണ്ടെന്നറിയുക.

പുണർതം

ദേവഗണ നക്ഷത്രമാണ് പുണർതം. മുളയാണ് വൃക്ഷം. മുളയ്ക്ക് പുല്ലാങ്കുഴലാകാൻ കഴിയും. പ്രണയത്തിൻ്റെ സ്വരരാഗഗാനം ആലപിക്കാൻ വാസനയുണ്ടാവും.ഗുരു അഥവാ വ്യാഴം നക്ഷത്രനാഥനും. ദേവോചിത പ്രണയത്തിൽ അഭിരമിക്കുന്ന ശീലമാണ് ഇവരുടെത്.  ധീരമായ ചുവടുവെയ്പുകൾ നടത്തും, എല്ലാത്തിലുമെന്ന പോലെ അനുരാഗത്തിലും. 

ഇപ്പോൾ ജന്മരാശിയിൽ, ജന്മനക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുകയാണ്. ഏപ്രിൽ വരെ ചൊവ്വ അവിടെത്തന്നെയുണ്ട്. അതിനാൽ നിലവിലെ പ്രണയത്തെ സ്വന്തം മനോഭാവം, ഈഗോ കാര്യമായി ബാധിച്ചേക്കാം. സ്നേഹബന്ധം ചിലപ്പോൾ ഒരു പളുങ്കുപാത്രം പോലെയാവും. ദാമ്പത്യത്തിലും അധീശത്വ മനോഭാവം പുലർത്താനിടയുണ്ട്. ആകയാൽ അനുരഞ്ജനത്തിൻ്റെ വഴികൾ തേടാൻ തയ്യാറാവണം.

പൂയം

ശനി ഭരിക്കുന്ന നക്ഷത്രമാണ്, പൂയം. ഉദാസീനതയുണ്ടാവും. പ്രണയം പടിവാതിലിൽ വന്നുമുട്ടിയാലും 'നാളെ, നാളെ...' എന്ന് നീട്ടിവെക്കും. ദേവഗണനക്ഷത്രമാണ്. ദേവന്മാർക്ക് ആകാശത്തിലെ താരാഗണങ്ങളെയാണ് കാമ്യം. അതിനാൽ ആദർശപ്രേമത്തിൽ ഉറച്ചുനിൽക്കുന്നവരാകും. കർക്കടകക്കൂറിൽ വരുന്ന നക്ഷത്രമാണ് പൂയം. അതിനാൽ ചിലപ്പോൾ വൈകാരികമായ സമീപനവും കണ്ടേക്കും. 

പ്രണയം ഉള്ളിൽ സൂക്ഷിച്ചിട്ടെന്താ കാര്യം? മനസ്സിലെക്കാര്യം തുറന്നുപറയാൻ തയ്യാറാകണം. അതിന് മടിയുണ്ടാവും. ഇപ്പോൾ പന്ത്രണ്ടാം രാശിയിലും ഏപ്രിൽ മുതൽ ജന്മരാശിയിലും സഞ്ചരിക്കുന്ന ചൊവ്വ പ്രണയത്തിന് മാർഗ്ഗതടസ്സം സൃഷ്ടിച്ചേക്കാം. അതുകൊണ്ട് ദാമ്പത്യത്തിൽ അനുരാഗവീണ ഇപ്പോൾ വിപ്രലംഭം വായിക്കുന്നതായി കണക്കാക്കാം. നാലഞ്ചുമാസം കൂടി ഭാര്യാഭർത്താക്കന്മാർ വ്യത്യസ്ത സ്ഥലരാശികളിൽ ജോലി ചെയ്യുന്ന സ്ഥിതി തുടരപ്പെടുന്നതാണ്.

ആയില്യം

പുരുഷ നക്ഷത്രമാണ്, ആയില്യം. അസുരഗണത്തിൻ്റെ ജനിതക ഗുണമാണ് ഈ നക്ഷത്രത്തിൽ പ്രകടമാവുന്നത്. അസാധ്യകർമ്മങ്ങളെ കൈവെള്ളയിൽ ആക്കുവാൻ ഇവർക്ക് ആവേശമാണ്. കല്പനയുടെ ലോകത്ത് സഞ്ചരിച്ചാലും മണ്ണിൽ ചവിട്ടി നിൽക്കും. പ്രായോഗികത ചിന്തയാണ് ഇവരുടെ അനുരാഗത്തെ വ്യത്യസ്തമാക്കുന്നത്. 

പ്രണയം ഒരു ജ്വരാവേഗമാണിവർക്ക്. ചരരാശിയിലാകയാൽ പ്രണയത്തിന് യാത്രയുമായി ബന്ധമുണ്ടാവാം. ഒപ്പമുള്ള സഞ്ചാരങ്ങൾ, സഹപ്രവർത്തനം, സതീർത്ഥ്യത - പ്രണയത്തിന് അങ്ങനെ നൂറുവഴികളാണ് ആയില്യം നാളുകാർക്ക്. 

എട്ടിലെ ശനി ഏപ്രിൽ മുതൽ ഒമ്പതിൽ, ഒമ്പതിലെ രാഹു ജൂൺ മുതൽ എട്ടിൽ. ദാമ്പത്യത്തിൽ, അനുരാഗത്തിൽ, തൊഴിലിൽ എല്ലാം കരുതൽ വേണ്ട കാലഘട്ടമാണ് മുന്നിൽ ഉള്ളത്. തടസ്സങ്ങളെ തകർക്കാനാവണം. ആഗ്രഹസാഫല്യത്തിന് ഒരു ഗ്രഹം വിലങ്ങുതടിയാകുമ്പോൾ മറ്റൊരു ഗ്രഹം വിലങ്ങു തകർക്കുന്ന അനുഭവം ഇക്കൊല്ലം പ്രതീക്ഷിക്കാം.

മകം

പ്രണയത്തിൻ്റെയും ദാമ്പത്യത്തിൻ്റെയും ഭാവമായ ഏഴാമെടത്തിൽ ശനി തുടരുന്നു. അതിനാൽ ഇപ്പോൾ കണ്ടകശ്ശനി മറ്റു പല ഭാവങ്ങളെയും എന്ന പോലെ പ്രണയത്തെയും നിർവീര്യമാക്കുന്നു. ഏപ്രിലിൽ ശനി കുംഭം രാശിയിൽ നിന്നും മാറുന്നതോടെ മകം നാളുകാരുടെ പ്രണയകാലം പുഷ്കലമാവും. മുല്ലവള്ളി തേന്മാവിൽ പടരാനാരംഭിക്കുന്നു. പിണങ്ങിയ കണ്ണികൾ വീണ്ടും ഇണങ്ങിയേക്കും. ചിലർക്ക് ആദ്യാനുരാഗം മൊട്ടിടാം. വ്യാഴം പതിനൊന്നാം ഭാവത്തിൽ വരികയാൽ  മൊട്ടിട്ട അനുരാഗം ജൂൺ മാസം മുതൽ തളിർക്കുകയും പുഷ്പിക്കുകയും ചെയ്യും. കോളേജുകാലത്തെ ഗാഢ സൗഹൃദം പ്രണയമായി നിറം മാറാനിടയുണ്ട്. പ്രണയത്തിന് അഷ്ടമംഗലവുമായി ഗൃഹത്തിലേക്ക് കുടിവെയ്ക്കാൻ മാലയോഗം തെളിഞ്ഞെന്നുവരാം.

പൂരം

സർവ്വ ഋതുക്കളിലും പുഷ്പിക്കും, പ്രണയച്ചെടി. വസന്ത ഋതുവരാതെ തന്നെ ജീവിതത്തെ ഒരു 'ഗീതഗോവിന്ദ' മാക്കി മാറ്റാൻ പ്രണയത്തിനാവും. പൂരം നാളുകാർ പ്രണയത്തിൻ്റെ പരമേശ്വരനായ ശുക്രൻ്റെ ശിഷ്യരാണ്. കാലം, ദേശം എന്നിവ വിപരീതമായാലും പ്രണയം അവരിൽ സദാ കുടചൂടി നിൽക്കും. അരസിക ശിരോമണിയായ കണ്ടകശ്ശനിക്കൊന്നും പൂരം നാളുകാരുടെ പ്രണയത്തെ തൊട്ടുകളിക്കാനാവില്ല. രണ്ടാം ഭാവത്തിലെ കേതു കീറി മുറിക്കുന്ന വാക്കുകളായി പ്രണയ ഹൃദയത്തെ തെല്ല് അലോസരപ്പെടുത്താം. തെറ്റിദ്ധാരണയാൽ അകന്നവർക്ക് വ്യാഴം പതിനൊന്നിൽ വരുന്നതൊടെ ഹൃദയം കൊണ്ട് ഇണങ്ങാനാവും.  ഗാർഹിക ജീവിതത്തിലെ ശുഷ്കമായ ദിനങ്ങളെ ഭാര്യയുടെ / ഭർത്താവിൻ്റെ മനസ്സുമാറ്റം വീണ്ടും രാഗാർദ്രമാക്കാം. പ്രേമത്തിൻ്റെ ഏഴിലമ്പാലയുടെ പരിമളം എങ്ങും പരക്കും.

ഉത്രം

ചിങ്ങക്കൂറുകാർക്ക് ഏഴിൽ ശനി, കന്നിക്കൂറുകാർക്ക് ഏഴിൽ രാഹു - പ്രണയത്തിൻ്റെ വഴികൾ അടഞ്ഞുകിടക്കുന്ന അനുഭവമായിരുന്നു , ഇത്രയും കാലം. ഇനി ആ സ്ഥിതി മാറാം. പ്രണയത്തിൻ്റെ സ്ലേറ്റിൽ  എഴുതി പഠിച്ച അക്ഷരങ്ങൾ വാട്സ്അപ്പിൽ കൈമാറാം. ടെക്സ്റ്റ് മെസ്സേജിൽ പുതിയ പ്രണയ കവിതകൾ പിറന്നേക്കും. 'ബെസ്റ്റി' ആയിരുന്ന ആൾക്ക് ജീവിതത്തിൽ മറ്റൊരു റോൾ ഉണ്ടെന്നു വരുമോ?  പരുക്കൻ ഹൃദയം പുതുവെണ്ണ പോലെ സ്നിഗ്ദ്ധവും മൃദുവുമാകുന്നത് എങ്ങനെ?. തേച്ചിട്ടു പോയ ചരിത്രത്തെ മാച്ചെഴുതാൻ കാലത്തിനറിയാം.  ജോലിസ്ഥലം വിഭിന്നവും വിദൂരവുമാകയാൽ ദേഹമനസ്സുകളുടെ വിരഹം തീർന്നേക്കാം. സ്നേഹത്തിൻ്റെ അക്ഷരങ്ങളാൽ ചാലിച്ച ക്ഷണക്കത്ത് നിങ്ങളുടെ ഹൃദയത്തിന് വൈകാതെ ലഭിച്ചേക്കാം. ഇരുകരങ്ങളാൽ അതിനെ സ്വീകരിക്കാൻ ഒരുങ്ങുക.

അത്തം

 ദേവഗണനക്ഷത്രമാണ് അത്തം. ചന്ദ്രൻ നക്ഷത്രനാഥനാകയാൽ മനസ്സ് ചന്ദ്രനെപ്പോലെ വൃദ്ധിയും ക്ഷയവും ഉള്ളതാവും. പ്രണയത്തോട് ആകർഷണം എന്ന പോലെ വികർഷണവും തോന്നാം. ഇക്കാലത്ത് രാഹു ഏഴിൽ തുടരുന്നത് പ്രണയത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. ശനി മാർച്ചവസാനം ഏഴിലേക്ക് വരും. അപ്പോൾ - ഏപ്രിൽ മുതൽ ജൂൺ വരെ - പ്രേമം അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നറിയാത്ത അവസ്ഥ സംജാതമാകും. പ്രണയം വെളിപ്പെടുത്താൻ വാക്കുകൾ തുണച്ചേക്കില്ല. നാക്കും വാക്കും ഹൃദയത്തോട് സഹകരിക്കാത്ത സ്ഥിതി കുറച്ചുകാലം കൂടി തുടരുന്നതാണ്. വ്യാഴം ഒമ്പതിൽ ഉള്ളത് ഭാഗ്യവിവാഹം സംഭവിക്കാൻ സാധ്യതയാണ്. പ്രേമിച്ചു കല്യാണം എന്നതിനെക്കാൾ ജീവിതപങ്കാളിയെ പ്രണയിക്കുക എന്നതാവും ഇവരുടെ ആദർശ പ്രണയ സങ്കല്പം.

ചിത്തിര

അസുര ഗണക്കാരാണ് ചിത്തിരക്കാർ. എതിർക്കാൻ ആളുണ്ടാവുമ്പോൾ ശക്തി കൂടും, ഇവർക്ക്. പ്രണയത്തിലും ഇതാണ് സ്ഥിതി. ആത്മാർത്ഥത വളരെയുണ്ടാവും. കരളുപറിച്ചു കൊടുക്കും. ചിത്തിര നാളുകാർക്ക് 'തേപ്പുകാരാവാൻ' കഴിയില്ല. കള്ളനാട്യക്കാരോടുള്ള ദേഷ്യം മിനിമം ഒരായുഷ്കാലം ഉള്ളിൽ സൂക്ഷിക്കും. തുലാക്കൂറുകാർക്ക് വ്യാഴം ഒമ്പതിൽ വരാൻ പോകുന്നു. തടസ്സങ്ങളെ അതിജീവിക്കാനാവും പ്രണയത്തിനെന്ന് ഉറപ്പിക്കാം. അല്പം കൂടി കാത്തിരിക്കണമെന്ന് മാത്രം.  പാരമ്പര്യവാദികളാണ്, ചിത്തിര നാളുകാർ എന്ന് രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ പറയാം. പ്രണയം താത്കാലികമായ ഏർപ്പാടാവുന്നതും 'ലിവിങ് ടുഗദർ' ആവുന്നതും ചിത്തിരക്കാർക്ക് അത്രയൊന്നും ദഹിക്കില്ല. പെണ്ണുകാണൽ, ജാതകപ്പൊരുത്തം, വിവാഹക്കുറി, കതിർമണ്ഡപം, താലികെട്ട് -- അതിൽ കുറഞ്ഞൊന്നും കോമ്പ്രമൈസ് ചെയ്യില്ല.

ചോതി

ദേവലോകരഥത്തിൽ സഞ്ചരിക്കുന്നവർ മനുഷ്യരുടെ ഇടയിൽ പെട്ടുപോയതാണ്. അതാണ് ചോതിക്കാരെ വിശേഷിപ്പിക്കാവുന്ന ഒൺലൈൻ!(One line). പ്രണയത്തിൻ്റെ വെമ്പൽ, രാഗവായ്പ് ചോതിക്കാരുടെ ഉള്ളിൽ വാടിക്കൊഴിയാതെ നിൽക്കും, എല്ലാക്കാലത്തും. പ്രായമൊന്നും മനസ്സിലെ അനുരാഗത്തെ തളർത്തില്ല. കൊതിച്ചതുപോലെയാവില്ല, പക്ഷേ വിധിച്ചത്. അങ്ങനെയാണ് അധികവും കണ്ടുവരുന്നത്. ഏഴാമെടം ചൊവ്വയുടെ വീടായ മേടം രാശി. പ്രണയത്തിൻ്റെ ഇതളുകളിൽ മുള്ളുപതിക്കുന്ന ക്രൂരത അനുഭവിക്കേണ്ട സ്ഥിതിയുണ്ടാവാം.  സ്നേഹ നിരാസം, ചേർത്തുപിടിച്ച ഹൃദയത്തെ തള്ളിപ്പറയൽ -- പങ്കാളിയുടെ മനോഭാവങ്ങൾ പ്രണയകാലത്തെയും  കടന്ന് ദാമ്പത്യത്തെയും കയ്പും ചവർപ്പുമാക്കിയേക്കാം. ജൂണിൽ വ്യാഴം ഭാഗ്യസ്ഥാനത്തു വരുന്നു. പ്രണയം ഭാഗ്യം കൊണ്ടുവരാൻ സാധ്യതയുണ്ട്!

വിശാഖം

തുലാം - വൃശ്ചികം രാശികളിൽ വരുന്ന നക്ഷത്രമാണ്, വിശാഖം. ഇന്ദ്രാഗ്നികൾ നക്ഷത്രദേവതകൾ! ഇന്ദ്രനെപ്പോലെ ഇവരും പ്രണയത്തിൽ മനസ്സർപ്പിക്കാം. അഗ്നിയെപ്പോലെ വൈകാരിക ദീപ്തി വരാം. പുരുഷനക്ഷത്രവും അസുരഗണ നക്ഷത്രവും ആണ് വിശാഖം. വളരെ ഗൗരവബുദ്ധികളാണ്. പക്ഷേ ഹൃദയത്തിൽ പ്രണയം മൊട്ടിടാൻ അധികം നേരമൊന്നും വേണ്ടി വരില്ല. കുംഭത്തിൽ സഞ്ചരിക്കുന്ന ശനി മൂന്നാം ദൃഷ്ടി കൊണ്ട് ഏഴാമെടമായ മേടം രാശിയെ നോക്കുന്നതിനാൽ കഴിഞ്ഞ ഒന്നുരണ്ടാണ്ടുകളായി പ്രണയത്തിൽ തടസ്സമാണ് ഇവർക്ക്. പരിചയം സ്നേഹബന്ധമായി വളരുന്നില്ല. സ്നേഹത്തിൻ്റെ മുല്ലവള്ളി മനസ്സിൻ്റെ തേന്മാവിൽ പടരുന്നുമില്ല. ശനി ഏപ്രിൽ മുതൽ മീനത്തിൽ സഞ്ചരിക്കും. വിശാഖം നാളുകാർക്ക് പ്രണയവും ദാമ്പത്യവുമെല്ലാം സന്തോഷാനുഭവങ്ങൾ പകരുന്ന കാലമാവും, പിന്നീടങ്ങോട്ട്.

അനിഴം

അനുരാധ എന്ന് സംസ്കൃതത്തിൽ അനിഴം നക്ഷത്രം വിളിക്കപ്പെടുന്നു. 'മിത്രൻ' ആണ് നക്ഷത്രദേവത. അതിനാൽ വളരെ സുഹൃത്തുക്കളുണ്ടാവും. ബാല്യകാലസൗഹൃദമോ ഔദ്യോഗിക പരിചയമോ ബന്ധങ്ങളിലേക്ക് നയിക്കാം. ജീവിതത്തിൽ കടും പിടിത്തമോ മർക്കടമുഷ്ടിയോ ഇല്ല. സ്നേഹം കൊതിക്കുന്നവരാണ്. സ്നേഹം പകർന്നു നൽകുന്നതിൽ പിശുക്കുമില്ല. പ്രണയ/വിവാഹ സ്ഥാനത്ത് കഴിഞ്ഞ മേയ് മുതൽ വ്യാഴം തുടരുന്നതിനാൽ (വരുന്ന മേയ് മാസം വരെ) പ്രണയത്തിന് സാഹചര്യം അനുകൂലമാണ്. നാലാം ഭാവത്തിലെ കണ്ടകശനി കൂടുകൂട്ടുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നതാവാം. മേയ് മാസം കഴിഞ്ഞാൽ മഴക്കാലം കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെയാവാനിടയുണ്ട്. ജീവിതത്തിൻ്റെ നാൽക്കവലയിൽ പ്രണയവണ്ടിക്കായുള്ള കാത്തിരിപ്പ്.

തൃക്കേട്ട

ജ്യേഷ്ഠാ എന്നാണ് സംസ്കൃത നാമം. ഒന്നാം സ്ഥാനം പേരിൽ തന്നെയുണ്ട്. അതിനാൽ ചിലപ്പോൾ 'വല്യേട്ടൻ കോംപ്ളക്സ്' ഇവരെ ഭരിക്കാം. പ്രണയിക്കണമെങ്കിൽ വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങണം. തൃക്കേട്ടക്കാർക്ക് അതൊക്കെ കഴിയും. മുൻകോപവും താൻപ്രമാണിത്തവും ഒപ്പമുള്ളവർ തെറ്റിദ്ധരിക്കുന്നതാവാം. നിലവിൽ അനുരാഗത്തിൻ്റെ ആലക്തിക പ്രഭയിലായിരിക്കാം. ശുക്രദശ കൗമാരത്തിൽ തുടങ്ങാനിടയുണ്ട്. അതിനാൽ പ്രണയ പരവശരാവാതിരിക്കാൻ ന്യായം പോരാ. ജനുവരി അവസാനം മുതൽ മൂന്നുമാസക്കാലം ശുക്രൻ ഭാവനയെ ഉണർത്തുന്ന അഞ്ചാം ഭാവത്തിൽ സഞ്ചരിക്കുന്നു. വ്യാഴവും അനുകൂലമാണ്. അനുരാഗത്തെ ആരുടെയും കണ്ണിൽപ്പെടാതെ കാക്കും. പ്രണയ തടസ്സങ്ങളെ തട്ടിനീക്കും.  ഈ വർഷം ഇവരുടെ അനുരാഗത്തിന് സുപ്രധാനമായ നാഴികക്കല്ലാണ്. 

മൂലം

ബ്രേക്കപ്പ് കൊണ്ടു മനസ്സ് കലുഷവും വിഷാദമൂകവുമാകുന്ന ഒരു കാലഘട്ടത്തിലൂടെയാവും നിങ്ങൾ കടന്നുപോവുന്നത്. നാലാം ഭാവത്തിൽ കഴിഞ്ഞ ഒരു വർഷമായി രാഹു സഞ്ചരിക്കുന്നത് മനസ്സിനെ ഒട്ടൊക്കെ ശിഥിലമാക്കിക്കാണും. പറഞ്ഞറിയിക്കാൻ പറ്റാത്ത ഏകാന്തത അനുഭവിച്ചിരിക്കാം. ആ സ്ഥിതിയൊക്കെ മെല്ലെ മാറാൻ പോവുകയാണ്. ജൂൺ മുതൽ വ്യാഴം ഏഴാം ഭാവത്തിൽ ചേക്കേറുന്നു. ജീവിതത്തിൻ്റെ പുതിയ ചില്ലകളിലേക്ക് നിങ്ങൾക്കും പടരാനും പന്തലിക്കാനും സാധിക്കുന്നതാണ്. മൂലം നക്ഷത്രക്കാർ അസുരഗണത്തിലെ നക്ഷത്രക്കാരാണ്. ചിലപ്പോൾ 'ഈഗോ' മറ്റുള്ളവരെ വിഷമിപ്പിച്ചിരിക്കാം. ഇനി അതും കൂടി കണ്ടറിഞ്ഞ് സ്വയം തിരുത്താൻ സന്നദ്ധത കൈവരുമ്പോൾ വീണ്ടും പൂമാനം തെളിയും. പ്രണയത്തിൻ്റെ വാസന്തഭംഗികൾ നുണയാനും കഴിയുന്നതാണ്.

പൂരാടം

ശുക്രനാണ് നക്ഷത്രനാഥൻ. മനുഷ്യഗണത്തിൽ വരുന്ന നക്ഷത്രമാണ് പൂരാടം. നക്ഷത്രമൃഗമാകട്ടെ വാനരനാണ്. ചിലപ്പോൾ മനസ്സ് ഒരു കാട്ടുകുരങ്ങിനെപ്പോലെ പെരുമാറാം എന്ന് എഴുതിയത് കുമാരനാശാനാണ്. അനുരാഗത്തിൻ്റെ പുഷ്പവാടിയെ പിച്ചിച്ചീന്തിക്കളയാൻ മനസ്സിൻ്റെ ചാപല്യത്തിന് കഴിഞ്ഞേക്കും. എന്നാൽ ജീവിതം  മുറിവിൽ മരുന്നുവെച്ച് ഉണക്കുകയും ചെയ്യും. ആ സിദ്ധിയുമുണ്ട്. പ്രണയകലഹം പിടിവാശിയും ഈഗോയും ആയി വളർന്നതിനാൽ പിരിഞ്ഞകന്നവർക്ക് ഒത്തുചേരാൻ ഈ വർഷം അവസരം ഒരുങ്ങുന്നതാണ്. പ്രണയിക്കുന്നവർക്കും തടസ്സങ്ങളെ മറികടന്ന് ഒന്നിക്കാനായേക്കും. ഏഴിൽ ചൊവ്വ നിൽക്കുകയാൽ അടുത്ത ഒന്നുരണ്ടുമാസം അനുരാഗികൾ കരുതലോടെ പെരുമാറേണ്ടതുണ്ട്. ജൂൺ മുതൽ ദാമ്പത്യം സംതൃപ്തികരമാവും.

ഉത്രാടം

ആദർശവാദികളാണെങ്കിലും ജീവിതത്തെ പ്രായോഗികമായി സമീപിക്കാനും അറിയുന്നവരാണ്, ഉത്രാടം നാളുകാർ. ഈ പ്രായോഗികത ഇവരെ പ്രണയത്തിലും സഹായിക്കും. എന്നാൽ വളഞ്ഞ വഴികൾ പരിചയമില്ലാത്തതിനാൽ ഇവർ ചതിക്കപ്പെടാനുമിടയുണ്ട്. ധനുക്കൂറുകാർക്ക് ചൊവ്വ ഏഴിലാകയാൽ ഏപ്രിൽ വരെ നിലവിലെ അനുരാഗബന്ധം നിലനിർത്തുക എളുപ്പമായേക്കില്ല. ഭാര്യാഭർത്താക്കന്മാർക്ക് സകാരണമായോ അകാരണമായോ പിരിഞ്ഞു താമസിക്കേണ്ടി വരാം. അവഗണിക്കപ്പെടുന്നതായി തോന്നും. മകരക്കൂറുകാർക്ക് സ്നേഹബന്ധം ആശ്വാസമാവുന്ന കാലമാണ്. ഏഴരശ്ശനിക്കാലം മാർച്ചുമാസത്തോടെ അവസാനിക്കുന്നത് ബന്ധങ്ങൾ ദൃഢമാകാൻ സഹായിക്കും. ജീവിതയാത്രയിൽ കാരണവശാൽ ഒറ്റപ്പെട്ടവർക്ക് സ്നേഹബന്ധത്തിൽ ഏർപ്പെടാൻ സാഹചര്യം വന്നുചേരും.

തിരുവോണം

ദേവഗണത്തിൽ വരുന്ന ഒമ്പതു നക്ഷത്രങ്ങളിൽ ഒന്നാണ് തിരുവോണം. ശനിയുടെ രാശിയായ മകരത്തിൽ (മകരക്കൂറ്) വരികയാൽ പിടിവാശിയും ഉറച്ചശീലങ്ങളും ഇവരിൽ കണ്ടേക്കാം. പ്രണയത്തിൽ സത്യസന്ധത പുലർത്തും. എന്നാൽ പട്ടാളച്ചിട്ടയുടെ അച്ചടക്കത്തിൽ പ്രണയം, ദാമ്പത്യം എന്നിവയെ കൊണ്ടുവരാൻ ശ്രമിക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കാം. ഈ മാർച്ചിൽ ഏഴരശ്ശനിക്കാലം തീരുന്നത് തിരുവോണം നാളുകാർക്ക് നല്ലതാണ്. അവിവാഹിതർക്ക് വിവാഹബന്ധം ഉണ്ടാവും. തടസ്സങ്ങളെ തട്ടിനീക്കി പ്രണയികൾക്ക് ഒരുമിക്കാനും സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ കഴിയും. നല്ലജോലിയില്ലാത്തത് പ്രണയത്തിന്, വിവാഹത്തിന് തടസ്സമാകുന്നെന്നു വരാം. അതിനും പോംവഴി തെളിയും. ഈ വർഷം അർഹതയ്ക്കൊത്ത ജോലി ലഭിക്കാം.

അവിട്ടം

ചൊവ്വ ഭരിക്കുന്ന നക്ഷത്രമാണ് അവിട്ടം. മധ്യമരജ്ജുദോഷത്തിൽ വരുന്ന ഒമ്പത് നക്ഷത്രങ്ങളിലും ഈ നാളുണ്ട്. പ്രേമഭംഗവും ദാമ്പത്യവിരഹവും അനുഭവിക്കുന്നവർക്ക്  ഗുണമുണ്ടാവുന്ന വർഷമാണിത്. സാമ്പത്തികം / ജാതി/ മതം തുടങ്ങിയ കാരണങ്ങളാൽ തകർന്ന ബന്ധങ്ങൾ മാധ്യസ്ഥ ശ്രമത്താൽ വീണ്ടും അനുരഞ്ജനത്തിലേക്ക് നീങ്ങിയേക്കാം. പ്രണയത്തെ പുച്ഛിച്ച് കടന്നുപോയവരോടുള്ള പ്രതികാരമെന്നോണം സ്നേഹത്തിൻ്റെ മഹത്വം കാണിച്ചുകൊടുക്കാൻ കഴിയും. ശനി ദാമ്പത്യത്തിൽ സൃഷ്ടിച്ച തടസ്സങ്ങൾ കുറയുന്ന വർഷമാണിത്. പഴയ പരിചയത്തിലെ ദീപ്തമായ ഒരു മുഖം വീണ്ടും മനസ്സിലേക്ക് ഇടം പിടിക്കാവുന്ന ജീവിത സാഹചര്യങ്ങളും അന്യമല്ല. വിരഹത്തിൻ്റെ, വിയോഗത്തിൻ്റെ ഒരുപാടുകാലത്തെ കണ്ണീരിന് ശുഭോദർക്കമായ  ഒരു വഴിത്തിരിവ് വന്നുകൂടായ്കയില്ല!

ചതയം

"ചതയം ചതഞ്ഞുകിടക്കും" എന്നത് പ്രാസപ്രിയരായ ആരോ സൃഷ്ടിച്ച പഴമൊഴിയാവാനെ തരമുള്ളു. ചതയം നാളുകാർ പ്രണയത്തിൽ ഉന്മേഷവാന്മാരാകുന്ന വർഷമാണ് ഈ ജൂണിൽ ആരംഭിക്കുന്നത്. "എലിയെപ്പോലെയിരുന്നവൻ ഒരു പുലിയെപ്പോലെ വരുന്നതു കാണാം" എന്ന് കുഞ്ചൻ നമ്പ്യാർ പാടിയത് ഇനി ചതയം നാളുകാർക്കിണങ്ങും. തകർന്ന ബന്ധത്താൽ ഉറക്കം നഷ്ടപ്പെട്ടവർക്ക് വൈകാതെ തന്നെ മധുരസ്വപ്നങ്ങൾ കണ്ടു ഉറങ്ങാനാവും. ബ്രേക്കപ്പുകളെ അവയുടെ പാട്ടിന് വീടാനും ജീവിതത്തെ വീണ്ടും മേക്കപ്പു ചെയ്യാനും സാധിക്കുന്നതാണ്. വ്യാഴം ജൂൺ ആദ്യം അഞ്ചാം ഭാവത്തിൽ പ്രവേശിച്ച് പതിനൊന്നാം ഭാവത്തിലേക്ക് നോക്കുകയാൽ ആശാമരം പിന്നെയും പൂക്കുന്നതാണ്. കുടുംബത്തിലും പ്രണയത്തിന് പോസിറ്റീവായ സ്ഥിതി വരുത്താനാവും. മുഗ്ദ്ധപ്രണയം വാർദ്ധക്യത്തെയും വിലോലമാക്കാം.

പൂരൂരുട്ടാതി

ആത്മവിശ്വാസം വളരെക്കൂടുതലുള്ള നക്ഷത്രക്കാരാണ് പൂരൂരുട്ടാതിക്കാർ. ഇവരുടെ ആത്മവിശ്വാസം ചിലപ്പോൾ ego ആയി മാറാറുണ്ട്. പൊതുവേ ജീവിതത്തിൽ വിജയിക്കുന്നവരാണ്. പ്രണയത്തിൻ്റെ കാര്യത്തിൽ അത്രയും വിജയം പറയാനാവില്ല. കൗമാരത്തിൽ പ്രണയം ഉണ്ടായിരുന്നിരിക്കാം.യൗവ്വനത്തിൽ പ്രണയം സീരയസ്സാവും. തേന്മാവാണ് പൂരൂരുട്ടാതിയുടെ വൃക്ഷം. മുല്ലവള്ളിക്ക് പടർന്നുകയറാനും തലചായ്ക്കാനും തേന്മാവ് സന്നദ്ധമാണ്. കന്യകമാർക്ക് നവാനുരാഗങ്ങൾ എന്നത് കമ്രശോണങ്ങളായ  കുപ്പിവളകൾ പോലെയാണ് എന്ന് മഹാകവി വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്. ബ്രേക്കപ്പുകളിലും ക്രഷിലും തളരുന്നില്ല, പൂരൂരുട്ടാതിക്കാർ. ജീവിതത്തിൻ്റെ ബഹുസ്വരത ഇഷ്ടപ്പെടുന്നു. തകർച്ചകളിൽ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ കുതിച്ചുയരാൻ ഇവർക്ക് കഴിയും.

ഉത്രട്ടാതി

'ഉത്തരഭാദ്രപദം' എന്നാണ് ഈ നാളിൻ്റെ സംസ്കൃത നാമം. ജീവിതത്തിൻ്റെ രണ്ടാം പകുതിയിൽ ഭദ്രത അനുഭവിക്കുന്നവർ എന്ന് ആ വാക്കിനെ ചിലർ വ്യാഖ്യാനിക്കുന്നു. ഇപ്പോൾ ശുക്രൻ രണ്ടുമൂന്നുമാസക്കാലം ഈ നാളിൽ തന്നെ സഞ്ചരിക്കുകയാണ്. അതിനാൽ പ്രണയത്തിൻ്റെ പരാഗരേണുക്കൾ ഹൃദയ പുഷ്പത്തിൽ വീഴുന്ന കാലമാണിത്. ജരാനരകൾക്ക് മനസ്സിൻ്റെ പ്രണയ ഭാവങ്ങളെ തളർത്താനാവില്ല എന്നതിന് ഉത്രട്ടാതിക്കാർ ഉദാഹരണമായിരിക്കും. മദ്ധ്യമരജ്ജു നക്ഷത്രത്തിൽ വരുന്ന നാളാകയാൽ വിവാഹ പ്പൊരുത്തത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ തകർച്ച വരാം. ഏഴാം ഭാവത്തിൽ  കഴിഞ്ഞ ഒരാണ്ടായി കേതു തുടരുന്നതിനാൽ ഹൃദയബന്ധങ്ങളിൽ മുറുക്കമില്ലായ്മ ഇവരനുഭവിക്കുന്നു. അതേസമയം ജന്മശനി ഈ വർഷം ആരംഭിക്കുകയുമാണ്. മാലയോഗം ഇയ്യാണ്ട് സാധ്യത മാത്രമാണ്. 'താൻ പാതി ദൈവം പാതി ' എന്നാണല്ലോ? "അന്വേഷിക്കുവിൻ; കണ്ടെത്തും."

രേവതി

ദേവഗണനക്ഷത്രമാണ് രേവതി. വാലും തലയും ഇരുവശത്താക്കി നിൽക്കുന്ന ഇരുമത്സ്യങ്ങളാണ് മീനം രാശിയുടെ ചിഹ്നം. ഇരുമനസ്സ് ഇവർക്കുണ്ടാവും, എപ്പോഴും. ബന്ധങ്ങളെ  ശിഥിലമാക്കുന്നത് ആ സ്വഭാവം തന്നെയാവും. ഏഴരശ്ശനിക്കാലം കൂടി തുടരുന്നു. ജന്മത്തിൽ രാഹുവുമുണ്ട്. വിശ്വാസവഞ്ചനയ്ക്ക് എളുപ്പം വിധേയരാവുന്നു. കടലാസ്സു പൂക്കളെയാണ് സ്നേഹിച്ചതെന്ന് വൈകിമാത്രം അറിയും. 'പാവം മാനവഹൃദയ' ത്തിന് തേങ്ങാനല്ലേ കഴിയുകയുള്ളു? ഒരുപാട് പ്രേമസ്വപ്നങ്ങൾ നെയ്യുന്നവരാണ്. സങ്കല്പലോകത്തിൽ ജീവിക്കുന്നതിനാൽ ഒപ്പമുള്ളയാളിൻ്റെ ഹൃദയം കാണാൻ കഴിയാതെ പോയതായിരിക്കാം. ഗ്രഹങ്ങളുടെ പ്രതികൂലതകൾ എന്നും ഉണ്ടാവില്ല. അവ പ്രസന്നഭാവം കൈക്കൊള്ളുന്ന കാലം വൈകാതെ ആഗതമാവും. ഇണക്കുരുവികളിൽ ഒന്നായിമാറി ജീവിതഗാനം ആലപിക്കാൻ ഗ്രഹങ്ങൾ കനിയാതിരിക്കില്ല. പ്രതീക്ഷയാണ് ജീവിതം.

Read More

Valentines Day Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: