/indian-express-malayalam/media/media_files/2025/01/19/sukra-horoscope-2025-1.jpg)
ശുക്രൻ ഉച്ചരാശിയിലേക്ക്
2025 ജനുവരി 28 ന്, 1200 മകരം15 ന് ശുക്രൻ തൻ്റെ ഉച്ചരാശിയായ (Exalted House) മീനം രാശിയിൽ പ്രവേശിക്കുന്നു. ഇത്തവണത്തെ ശുക്രൻ്റെ മീനംരാശിയിലെ ഉച്ചസ്ഥിതി സഞ്ചാരത്തിന് വലിയൊരു സവിശേഷതയുണ്ട്. ഏതാണ്ട് 4 മാസക്കാലത്തിലധികം ശുക്രൻ ഉച്ചരാശിയിൽ സഞ്ചരിക്കുന്നു എന്നതാണത്. ശരാശരി ഒരുമാസക്കാലമാണ് ശുക്രൻ ഒരു രാശിയിൽ ഉണ്ടാവുക. ഇത്തവണ 120 ൽ അധികം ദിവസം മീനം രാശിയിൽ സഞ്ചരിക്കുന്നു.
ജനുവരി 28 മുതൽ മേയ് 31 വരെ,(മകരം 15 മുതൽ ഇടവം 17 വരെ) ശുക്രൻ മീനം രാശിയിലൂടെ കടന്നുപോവുകയാണ്. മീനക്കൂറിലെ നക്ഷത്രങ്ങളായ പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയിലാവും ഇക്കാലത്ത് ശുക്രൻ്റെ സഞ്ചാരം എന്ന് പ്രത്യേകിച്ച് പറയാനില്ല. നിലവിൽ ശുക്രൻ കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലാണ്. ജനുവരി 28 ന് മീനം രാശിയിൽ പ്രവേശിച്ച് പൂരൂരുട്ടാതി നാലാംപാദത്തിലൂടെ സഞ്ചരിക്കുന്നു. ഫെബ്രുവരി 1-ാം തീയതി വരെ പൂരൂരുട്ടാതി നക്ഷത്രത്തിലുണ്ടാവും. തുടർന്ന് ഏപ്രിൽ 1-ാം തീയതി വരെ ഉത്രട്ടാതിയിൽ സഞ്ചരിക്കുന്നു.
പിന്നീട് വക്രഗതിയായി (Retrograde Motion) പൂരൂരുട്ടാതിയിലേക്ക് വരുന്നു. ഏപ്രിൽ 25 ന് വീണ്ടും നേർഗതിയായി (Direct Motion) ഉത്രട്ടാതിയിൽ പ്രവേശിക്കുകയാണ്. മേയ് മാസം 16 ന് രേവതിയിലേക്ക് സംക്രമിക്കുന്നു. ഇതുകൂടാതെ മാർച്ച് മാസം 18 മുതൽ 28 (മീനം 4 മുതൽ 14) വരെ മൗഢ്യാവസ്ഥയും (Debilitated stage) ശുക്രന് വരുന്നു.
ഗ്രഹങ്ങളിൽ ഭൗതികതയുടെ, ലൗകിക സുഖാനുഭവങ്ങളുടെ അധിപൻ അഥവാ കാരകഗ്രഹമാണ് ശുക്രൻ (Venus). മനുഷ്യൻ്റെ ജീവിതാസക്തിയും പ്രേമവും വാത്സല്യവും ധനധാന്യസമൃദ്ധിയും കലയും സൗന്ദര്യാരാധനയും എല്ലാം ശുക്രൻ്റെ വരുതിയിൽ വരുന്ന കാര്യങ്ങളാണ്. മണ്ണിൽ നിൽക്കുമ്പോഴും വിണ്ണിലെന്നോണം സുഖാലസതയിൽ മുഴുകാൻ ശുക്രൻ മനുഷ്യന് വഴിയൊരുക്കുന്നു.
ഗോചരാൽ ജന്മരാശിയുടെ/ ജനിച്ച കൂറിൻ്റെ 6,7,10 എന്നീ മൂന്ന് ഭാവങ്ങളിലൊഴികെ മറ്റുള്ള ഒമ്പത് ഭാവങ്ങളിലും അനുകൂലഫലം തരുന്ന ഗ്രഹമാണ് ശുക്രൻ. ഇത്രയും വദാന്യത (Generosity) മറ്റൊരു ഗ്രഹത്തിനും പറയാനുമില്ല. പ്രതികൂല ഫലങ്ങളാകട്ടെ, എപ്പോഴും നാമമാത്രമായിരിക്കും. മേടക്കൂറു മുതൽ മീനക്കൂറു വരെയുള്ള പന്ത്രണ്ട് കൂറുകളിൽ വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ജീവിതത്തെ ശുക്രൻ്റെ മീനം രാശിസ്ഥിതി/ഉച്ചസ്ഥിതി ഓരോ തരത്തിൽ സ്വാധീനിക്കുന്നു. അതിൻ്റെ വിശദഫലങ്ങൾ ഇവിടെ അപഗ്രഥിക്കപ്പെടുന്നു.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
പന്ത്രണ്ടാം രാശിയായ മീനത്തിൽ ശുക്രൻ ഉച്ചനാവുന്നു. മേടക്കൂറുകാർക്ക് ധനസ്ഥാനമായ ഇടവം രാശിയുടെ അധിപനാണ് ശുക്രൻ. അതിനാൽ ധനപരമായി പലനിലയ്ക്കും മെച്ചം വന്നുചേരുന്ന കാലമായിരിക്കും. കിട്ടാക്കടങ്ങൾ എന്നുകരുതിയവ തിരികെ കിട്ടാനിടയുണ്ട്. സ്വന്തം അദ്ധ്വാനത്തിന് ഫലമുണ്ടാവും. യാത്രകൾ കൊണ്ട് മെച്ചം പ്രതീക്ഷിക്കാം. വിദേശത്ത് കഴിയുന്നവർക്ക് തൊഴിൽ മാറ്റത്തിന് സാഹചര്യം അനുകൂലമായി വരും. ഉപരി വിദ്യാഭ്യാസത്തിന് ബാങ്കുകളിൽ നിന്നും ലോൺ ലഭിക്കുന്നതാണ്. സ്ത്രീകളുടെ ഇടയിൽ സ്വീകാര്യതയുണ്ടാവും. ആഢംബര വസ്തുക്കൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ വാങ്ങാനിടയുണ്ട്. സുഹൃൽ സമാഗമങ്ങൾ സംഘടിപ്പിക്കുവാൻ ചെലവുണ്ടാകും. പ്രണയികൾക്കും ദമ്പതികൾക്കും സന്തോഷ കാലമായിരിക്കും.
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
ശുക്രൻ ഏറ്റവും അനുകൂലമായ പതിനൊന്നാം ഭാവത്തിലാണ്. ആഗ്രഹ പൂർത്തീകരണം പ്രതീക്ഷിക്കാം. ജീവിത നിലവാരം മെച്ചപ്പെടുന്നതാണ്. പരീക്ഷ /മത്സരം/അഭിമുഖം ഇവയിൽ വിജയിക്കുന്നതിനാവും. ജോലി തേടുന്നവർ നിരാശപ്പെടേണ്ടി വരില്ല. ഉദ്യോഗസ്ഥർക്ക് ഉയർച്ചയുണ്ടാവും. പ്രണയബന്ധത്തിന് വിവാഹസാഫല്യം ഭവിക്കാം. ഗൃഹനിർമ്മാണം പൂർത്തീകരിക്കപ്പെടാം. പിണങ്ങിക്കഴിയുന്നവർ ദമ്പതികൾ/കൂട്ടുകാർ/ ബന്ധുക്കൾ ഇണക്കത്തിലാവും. വാഹനം വാങ്ങാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ നിന്നും ലാഭം വർദ്ധിക്കും. കലാപ്രവർത്തകരെ ധാരാളം പുതിയ അവസരങ്ങൾ തേടി വരുന്നതാണ്. നവസംരംഭങ്ങൾ തുടങ്ങുന്നതിനാവും. പുതിയ ആശയങ്ങൾ, ആവിഷ്കാരങ്ങൾ എന്നിവ ജനപ്രീതി പിടിച്ചുപറ്റുന്നതാണ്. സുഖഭോഗം, സമ്മാന ലബ്ധി, മാനസിക സ്വച്ഛത എന്നിവ കരഗതമാവും.
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
ശുക്രൻ ജന്മരാശിയുടെ 6, 7,10 ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ അനുകൂലത കുറയും എന്ന് പറയാറുണ്ട്. എന്നാൽ ഉച്ചസ്ഥിതിയിലാവുകയാൽ സാമാന്യമായ ഗുണാനുഭവങ്ങൾ മിഥുനക്കൂറിലെ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് പ്രതീക്ഷിക്കാം. വരുമാനമാർഗം തടസ്സപ്പെടില്ല. നിലവിലെ ബിസിനസ്സ് ആ നിലയിൽ തന്നെ തുടരുവാനാവും. എന്നാൽ നവീകരണ ശ്രമങ്ങൾ ചിലപ്പോൾ തടസ്സപ്പെടാനിടയുണ്ട്. പുതിയ ശാഖകൾ തുടങ്ങുവാൻ സാധിച്ചേക്കില്ല. ധനപരമായ സഹായ വാഗ്ദാനങ്ങൾ നേടിയെടുക്കാൻ കാത്തിരിക്കണം. വരവിലധികം ചെലവുണ്ടായേക്കാം. ഗാർഹികമായ ആവശ്യങ്ങൾ കൂടാനിടയുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിൽ ആഗ്രഹിച്ച മുന്നേറ്റം കൈവന്നേക്കില്ല. ബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിർത്താൻ സഹിഷ്ണുതയും അനുരഞ്ജനവും ആവശ്യമായി വരുന്നതാണ്.
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)
ഭാഗ്യസ്ഥാനത്ത് ശുക്രന് ഉച്ചസ്ഥിതി വന്നിരിക്കുന്നത് ശുഭാനുഭവങ്ങൾ സൃഷ്ടിക്കുന്നതാണ്. പൊതുവേ ഭാഗ്യമുള്ള കാലമായിരിക്കും. നറുക്കെടുപ്പ്, ചിട്ടി മുതലായവയിൽ വിജയിക്കാം. ധനവരവ് സുഗമമായിരിക്കും. ക്ലേശിച്ചാലും നേടാനാവാത്തവ അയത്നമായി നേടാൻ കഴിയുന്നതാണ്. പുതുവസ്ത്രാഭരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഇവ പാരിതോഷികമായി ലഭിക്കാനിടയുണ്ട്. മത്സരങ്ങളിൽ തിളങ്ങാനാവും. ജോലി തേടുന്നവർക്ക് മികച്ച അവസരങ്ങൾ കൈവരുന്നതാണ്. പ്രണയാനുഭവങ്ങൾ ഹൃദയത്തെ തരളമാക്കും. ഗാർഹിക ജീവിതത്തിൽ ശാന്തിയും സമാധാനവും പുലരുന്നതാണ്. ചെറുപ്പക്കാർക്ക് വിവാഹതടസ്സം നീങ്ങും. കുടുംബ സ്വത്തിന്മേലുള്ള തർക്കങ്ങൾ പരിഹൃതമാവും. ഭൗതിക വളർച്ചക്കൊപ്പം ആത്മീയ സാധനകൾ നിർവഹിക്കാനും സാഹചര്യം ഒരുങ്ങും.
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
എട്ടാമെടത്തിലെ സ്ഥിതിയിൽ മറ്റുള്ള ഗ്രഹങ്ങൾ അനിഷ്ടഫലങ്ങൾ നൽകുമ്പോൾ ശുക്രൻ അനുകൂലമായ അനുഭവങ്ങൾ സമ്മാനിക്കുന്നു. കാര്യതടസ്സം നീങ്ങി കർമ്മമേഖല ക്രിയോന്മുഖമാവും. കരാർ പണികളിൽ തുടർച്ച കൈവരുന്നതാണ്. തൊഴിലിടത്തിൽ സമാധാനം പുലരും. സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണ സിദ്ധിക്കുന്നതായിരിക്കും. വ്യാപാരത്തിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന തന്ത്രങ്ങൾ ആവിഷ്കരിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള ലോൺ പാസ്സാവും. രോഗാരിഷ്ടകളാൽ വലയുന്നവർക്ക് ആശ്വാസത്തിൻ്റെ കാലമാണ്. മകളുടെ വിവാഹ കാര്യത്തിൽ ശുഭതീരുമാനം പ്രതീക്ഷിക്കാം. വിദേശത്തു കഴിയുന്നവർക്ക് ജന്മനാട്ടിലെത്താൻ സാധിക്കുന്നതാണ്. പാഴ്ച്ചെലവുകൾ, മേനിനടിക്കാനുള്ള പ്രവണത, ദുസ്സ്വാതന്ത്ര്യത്താൽ വ്യക്തിബന്ധങ്ങളിൽ വിള്ളൽ എന്നിവയും സാധ്യതകളാണ്.
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 )
ഏഴാമെടം ഗോചരത്തിൽ ശുക്രന് അനുകൂലമല്ലെന്നുണ്ട്. എന്നാൽ ഉച്ചസ്ഥിതിയാൽ ഗുണാനുഭവങ്ങൾക്ക് മുൻതൂക്കമുണ്ടാവും. ബിസിനസ്സ് യാത്രകൾ നിരന്തരമാവും. പഠനം, തൊഴിൽ ഇവയ്ക്കായി വിദേശത്തു പോകാൻ കാത്തിരിക്കുന്നവർക്ക് അവസരം ഉദിക്കുന്നതാണ്. വ്യാപാരത്തിൽ ഏർപ്പെട്ടവർക്ക് ലാഭം വർദ്ധിച്ചേക്കാം. എന്നാൽ പാർട്ണർഷിപ്പ് സംരംഭങ്ങളിൽ കുറച്ചൊക്കെ അതൃപ്തിയുണ്ടാവും. നിക്ഷേപങ്ങൾ, ഊഹക്കച്ചവടം ഇവയിൽ കരുതൽ വേണ്ടതുണ്ട്. പുതിയ വാഹനം വാങ്ങാനാവും. ഗൃഹനിർമ്മാണ പുരോഗതിക്ക് കടം വാങ്ങേണ്ടി വന്നേക്കും. ജീവിതച്ചെലവുകൾ കൂടുന്നതായിരിക്കും. പ്രണയികൾക്ക് സമ്മിശ്രാനുഭവം വരും. വ്യത്യസ്ത ദിക്കുകളിൽ ജോലി ചെയ്യുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒരേദിക്കിൽ സ്ഥലംമാറ്റം ലഭിക്കുന്നതിന് കാത്തിരിപ്പ് ആവശ്യമാണ്. മുൻകാല സുഹൃത്തുക്കളെ കാണാനാവും.
തുലാക്കൂറിന് (ചിത്തിര 3,4, ചോതി, വിശാഖം 1,2,3)
തുലാക്കൂറുകാർക്ക് ആറാമെടത്തിലാണ് ശുക്രൻ സഞ്ചരിക്കുന്നത്.
6, 7, 10 എന്നീ ഭാവങ്ങളിൽ ശുക്രൻ്റെ ഗുണപരത കുറയാം. എന്നാലും ഉച്ചസ്ഥിതി എന്ന മേന്മയുണ്ടാവും. രോഗഗ്രസ്തർക്ക് ഫലപ്രദമായ തുടർ ചികിൽസ ലഭിക്കാം. ആത്മവിശ്വാസം ഏറിയും കുറഞ്ഞും കൂട്ടിനുണ്ടാവും. സുഹൃൽ ബന്ധങ്ങൾ ദൃഢമാകുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ ഭാഗികമായി ചെറുക്കാനാവും. കടബാധ്യത കുറയ്ക്കാൻ സാധിക്കുമ്പോൾ തന്നെ കൂടുതൽ കടബാധ്യത വരാനും സാഹചര്യം ഉരുത്തിരിയാം. സ്വന്തം തൊഴിലിൽ കൂടുതൽ മുതൽമുടക്കിന് ഈ സന്ദർഭം അനുയോജ്യമാവില്ല. കമിതാക്കൾക്കിടയിൽ 'ഈഗോ' കടന്നുവരുന്നതാണ്. വിവാഹ തീരുമാനം നീളാനിടയുണ്ട്. ദൂരയാത്രകൾക്കുളള ഒരുക്കം പകുതിവഴിയിൽ നിലയ്ക്കാം. മത്സരങ്ങളിൽ കഴിവിനനുസരിച്ചുള്ള നേട്ടങ്ങൾ ഉണ്ടായില്ലെന്ന് വന്നേക്കും.
വൃശ്ചികക്കൂറിന് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
അഞ്ചാം ഭാവത്തിൽ ശുക്രൻ ഉച്ചസ്ഥിതിയിൽ വരികയാൽ സന്താനങ്ങൾക്ക് ക്ഷേമമുണ്ടാവും. പഠിപ്പ്, ജോലി, വിവാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള സന്തോഷം സംജാതമാകുന്നതാണ്. പുണ്യകർമ്മങ്ങൾ ചെയ്യാൻ അവസരം വന്നുചേരും. ഭാവനയും പ്രതിഭാവിലാസവും സമൂഹത്തിൻ്റെ അംഗീകാരം നേടുന്നതാണ്. കുടുംബത്തിൽ സമാധാനം പുലരും. തൊഴിൽ ക്ലേശങ്ങൾ ഒട്ടൊക്കെ പരിഹരിക്കപ്പെടും. ആദായം ഉയരുന്നതായിരിക്കും. നറുക്കെടുപ്പ്, ചിട്ടി മുതലായവയിൽ വിജയമുണ്ടാകും. ഭൗതിക നേട്ടങ്ങൾക്ക് ഒപ്പം ആത്മീയമായ ഉന്നതിയും നേടുന്നതാണ്. സുഖഭോഗം, മനസ്സമാധാനം ഇവയെല്ലാമുണ്ടാവും. പദവികളും പുരസ്കാരങ്ങളും പ്രതീക്ഷിക്കുന്നവർക്ക് അവ കരഗതമാവും. ബന്ധുക്കളുടെ ഇടയിൽ സ്വീകാര്യത വർദ്ധിക്കും. നവസംരംഭങ്ങൾ സമാരംഭിക്കുന്നതിന് അനുകൂലമായ കാലഘട്ടമാണ്.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
നാലാമെടത്ത് ശുക്രൻ സഞ്ചരിക്കുന്നു. തന്മൂലം നാലിൽ സ്ഥിതിചെയ്യുന്ന രാഹു കുറച്ചുകാലമായി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രതിലോമ ഫലങ്ങൾ ലഘൂകരിക്കപ്പെടും. വാഹനം വാങ്ങാനോ വീട് വാങ്ങാനോ ശ്രമിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമായിരിക്കും. രോഗക്ലേശിതർക്ക് പുതുചികിൽസ ഫലപ്രദമാവും. ആത്മാഭിമാനം ഉയരും. ഗൃഹത്തിലെ അനൈക്യം അകലുന്നതാണ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായ സഹകരണം അനപേക്ഷിതമായിത്തന്നെ ലഭിക്കും. ജന്മനാട്ടിൽ പോയി കുടുംബ ക്ഷേത്രം, വിവാഹാദികൾ എന്നിവയിൽ സംബന്ധിക്കാൻ കഴിയുന്നതാണ്. തൊഴിൽ രംഗത്തുണ്ടായിരുന്ന ആലസ്യം മാറിക്കിട്ടും. നവസംരംഭങ്ങൾ സാക്ഷാല്കരിക്കാൻ സാധിച്ചേക്കും. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. വസ്തുവകകളിൽ നിന്നും ധനാഗമം ഉണ്ടാവും. പൊതുവേ ക്ഷേമവും സമാധാനവും പുലരുന്ന കാലമായിരിക്കും.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
സഹായസ്ഥാനമെന്ന് വിളിക്കപ്പെടുന്ന മൂന്നാമെടത്തിൽ സഞ്ചരിക്കുന്ന ഉച്ചശുക്രൻ പിണങ്ങിയവരെ ഇണക്കും. അകന്നുപോയവരെ അടുപ്പിക്കും. നിസ്സഹകരണം തുടർന്നുകൊണ്ടിരിക്കുന്നവർ സഹകാരികളായി മാറാം. ഒറ്റപ്പെട്ടുപോയവർക്ക് അർഹമായ പിന്തുണ കരഗതമാവുന്നതാണ്. ന്യായമായ ആവശ്യങ്ങൾ തടസ്സങ്ങളകന്ന് യാഥാർത്ഥ്യമാവും. രാഷ്ട്രീയ രംഗത്ത് സ്വാധീനതയേറുവാൻ സാഹചര്യം വന്നുചേർന്നേക്കും. സാങ്കേതിക വിദ്യാഭ്യാസത്തിൽ വളർച്ച പ്രതീക്ഷിക്കാം. തൊഴിൽ തേടുന്നവർക്ക് സ്വകാര്യമേഖലയിൽ അവസരങ്ങൾ സംജാതമാകും. സ്ത്രീസൗഹൃദം പുഷ്ടിപ്പെടുന്നതാണ്. ശാസ്ത്രജ്ഞരുടെ നവീനങ്ങളായ ചിന്തകൾ സമൂഹത്തിൽ ചലനമുണ്ടാക്കും. കടക്കെണിയിൽ നിന്നും ഒട്ടൊക്കെ പുറത്തുവരാനാവും. സഹോദരരുടെ ക്ഷേമത്തിനായി ചില നടപടികൾ സ്വീകരിക്കും. സ്വന്തം കഴിവുകൾ തിരിച്ചറിയപ്പെടുന്ന കാലം കൂടിയാവും
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
രണ്ടാം ഭാവത്തിലാണ് ശുക്രസഞ്ചാരം. വാക്കുകൾ പണ്ടത്തേ അപേക്ഷിച്ച് കൂടുതൽ മാധുര്യമുള്ളതാവും. രണ്ടാം ഭാവത്തിൽ രാഹുസഞ്ചരിക്കുകയാൽ അനുഭവപ്പെട്ടിരുന്ന ധനക്ലേശം പരിഹരിക്കപ്പെടും. കുടുംബ ജീവിതത്തിലെ പിണക്കങ്ങൾ മറക്കും. വിദ്യാഭ്യാസത്തിൽ ഏകാഗ്രതയുണ്ടാവും. കലാപഠനത്തിന് അവസരം തുറന്നുകിട്ടുന്നതാണ്. സൗഹൃദം ദൃഢീഭവിക്കും. പ്രണയികൾക്ക് ആഹ്ളാദകാലമാണ്. പൊതുമധ്യത്തിൽ സ്വീകാര്യതയുണ്ടാവും. പരാജയപ്പെട്ട പ്രവർത്തനങ്ങൾ ഇപ്പോൾ വിജയിപ്പിക്കാൻ കഴിഞ്ഞേക്കും. വീടിൻ്റെ അറ്റകുറ്റം പൂർത്തിയാക്കാനോ മോടിപിടിപ്പിക്കാനോ സാധിക്കുന്നതാണ്. അന്യദേശവാസം അവസാനിപ്പിക്കാനും ജന്മനാട്ടിലേക്ക് മടങ്ങാനും സാഹചര്യം സംജാതമാകും. ആഢംബര വസ്തുക്കൾ പാരിതോഷികമായി ലഭിക്കുന്നതാണ്. വിലകൂടിയ മുഖാഭരണങ്ങൾ വാങ്ങും.
മീനക്കൂറിന് (പൂരുരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)
ജന്മരാശിയിൽ ശുക്രൻ ഉച്ചനാണ്. ചന്ദ്രനും ശുക്രനുമൊഴികെ മറ്റു ഗ്രഹങ്ങൾ ജന്മരാശിയിൽ സഞ്ചരിക്കുമ്പോൾ ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതാണ്. ശുക്രനാകട്ടെ സുഖഭോഗങ്ങൾക്ക് കാരണമാകും. മനസ്സിൽ പ്രണയ ഭാവങ്ങൾ മൊട്ടിടും. അനുരാഗികൾക്ക് ദാമ്പത്യ പ്രവേശം സഫലമാവുന്നതാണ്. കൂട്ടുകച്ചവടത്തിൽ ലാഭമുണ്ടാവും. പ്രതീക്ഷിച്ച പോലെ സകുടുംബം വിദേശത്ത് പോവാനോ അന്യനാട്ടിൽ താമസം മാറ്റാനോ സാധിക്കും. കലാകാരന്മാർക്ക് അരങ്ങത്തും അണിയറയിലും ശോഭിക്കാനാവും. അധികാരമുള്ള പദവികൾ തേടി വരുന്നതാണ്. ചന്തമേറിയ വേഷഭൂഷകൾ അണിയാൻ തയ്യാറാവും. ഏജൻസി വ്യാപാരത്തിൽ ലാഭം ഉയരും. സ്ത്രീകളുടെ സഹകരണവും പിന്തുണയും കൂടും. സഹോദരരുമായുള്ള സ്വത്തുതർക്കം അവസാനിക്കും. സാമ്പത്തിക സമ്മർദത്തിൽ നിന്നും മോചനമുണ്ടാവും.
Read More
- Weekly Horoscope (January 19 – January 25, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, 19 - 25 January
- ചൊവ്വ മിഥുനം രാശിയിൽ, അശ്വതി മുതൽ രേവതി വരെ
- Mercury Transit 2025: ജനുവരിയിൽ ബുധന്റെ രാശിമാറ്റം: ഗുണം ആർക്കൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.