scorecardresearch

സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, 19 - 25 January

Weekly Horoscope, January 19-January 25: ജനുവരി 19 ഞായർ മുതൽ ജനുവരി 25 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, January 19-January 25: ജനുവരി 19 ഞായർ മുതൽ ജനുവരി 25 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മകരം രാശിയിൽ ഉത്രാടം നക്ഷത്രത്തിൽ (ഞാറ്റുവേലയിൽ) സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ ഉത്രം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിലാണ്.  

Advertisment

ചൊവ്വ 21ന് കർക്കടകത്തിൽ നിന്നും വക്രഗതിയായി മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്നു. പുണർതം നാളിലാണ് ചൊവ്വ. ബുധൻ ധനുരാശിയിൽ പൂരാടം ഉത്രാടം നക്ഷത്രങ്ങളിലാണ്. 

24 ന് മകരം രാശിയിൽ പ്രവേശിക്കുന്നു. ജനുവരി 21 മുതൽ ബുധന് ക്രമമൗഢ്യം ആരംഭിക്കുകയാണ്. ശുക്രനും ശനിയും കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. വ്യാഴം ഇടവം രാശിയിൽ രോഹിണിയിൽ (വക്ര ഗതിയിൽ) സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലും
 കേതു കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിലും തുടരുന്നു. 

ഞായറാഴ്ച രാവിലെ 10 മണി വരെ മകരക്കൂറുകാരുടെ അഷ്ടമരാശി  കഴിഞ്ഞ ആഴ്ചയിൽ നിന്നും തുടരുകയാണ്. തുടർന്ന് ചൊവ്വാഴ്ച പ്രഭാതം വരെ കുംഭക്കൂറുകാർക്കും പിന്നീട് വ്യാഴാഴ്ച സന്ധ്യവരെ മീനക്കൂറുകാർക്കും അതിനുമേൽ വാരാന്ത്യം വരെ മേടക്കൂറുകാർക്കും അഷ്ടമരാശിയുണ്ട്. 

Advertisment

ഈ ഗ്രഹസ്ഥിതി മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെയും സമ്പൂർണ്ണ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.

അശ്വതി

ഹിതകരങ്ങളായ നടപടികൾ സ്വീകരിക്കാനും സുഖകരമായ അനുഭവങ്ങളിലൂടെ കടന്നുപോകാനും കഴിയുന്ന വാരമാണ്.  ആത്മാർത്ഥത അഭിനന്ദിക്കപ്പെടും. തീരുമാനങ്ങൾ കൈക്കൊള്ളാനും അവ പ്രവൃത്തിമാർഗ്ഗത്തിൽ എത്തിക്കാനും സ്വതസ്സിദ്ധമായ ചടുലത നിലനിർത്തും. ഒപ്പമുള്ളവരുടെ വാക്കുകൾ കേൾക്കും. അവയുടെ ഗുണദോഷ വിചാരത്തിന് മുതിരുന്നതാണ്. ചൊവ്വ നാലാമെടത്തു നിന്നും മാറുന്നത് മനസ്സിന് സ്വസ്ഥത വരുത്തും. ഗൃഹത്തിൽ പല നിലയ്ക്കും സ്വസ്ഥത അനുഭവപ്പെടുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ കരുതൽ വേണം. വാഹന ഉപയോഗം, ധന വിനിയോഗം എന്നിവയിൽ വിശേഷിച്ചും.

ഭരണി

ആറ്, ഏഴ്, എട്ട് ഭാവങ്ങളിലൂടെ ചന്ദ്രൻ കടന്നുപോവുകയാൽ സ്വസ്ഥതയുണ്ടാവും. വ്യാപാരരംഗത്ത് മുന്നേറാനാവും. ബിസിനസ്സ് തന്ത്രങ്ങൾ ഫലപ്രദമായി പ്രയോഗിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് സമാധാനമുണ്ടാവും. ആരുടേയും അനാവശ്യമായ ഇടപെടലുകൾക്ക് വിധേയരാവുന്നില്ല എന്നതിൽ അഭിമാനിക്കും. ഗാർഹികമായി സ്വൈരം ഭവിക്കുന്നതാണ്. പ്രണയികൾക്ക് ഏറെ സന്തോഷിക്കാനാവും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അനുകൂല വാക്കുകൾ കേൾക്കാനാവും.  ആസന്നഭാവിയിൽ ചെയ്യേണ്ട കാര്യങ്ങൾ ആലോചിച്ചുറപ്പിക്കും. വാരാന്ത്യദിവസങ്ങൾക്ക് മേന്മ കുറയും. ആരോഗ്യക്ലേശം അനുഭവപ്പെടാം.

കാർത്തിക

ഔദ്യോഗിക രംഗത്ത് ചുമതലകൾ കൂടുന്നതാണ്. നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിൽ പിറകോട്ടു പോവില്ല. ചിലരുടെ നിസ്സഹകരണത്തെ തമസ്കരിച്ചു കൊണ്ട് മുന്നോട്ടു പോകും. കച്ചവടത്തിലും വളർച്ചയുടെ കാലം തന്നെയാവും ഭവിക്കുക. ഉപഭോക്താക്കളുടെ  പിന്തുണ ശക്തിയേകും. പൊതു പ്രവർത്തനത്തിൽ സ്വാധീനം ഉയരുന്നതായിരിക്കും. കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയുടെ അഭിപ്രായം വിലമതിക്കും. ഇടവക്കൂറുകാരുടെ വാക്കുകൾ പരുഷമാവാനിടയുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ആലസ്യം അനുഭവപ്പെടുന്നതാണ്.

രോഹിണി

ആത്മവിശ്വാസത്തിന് തെല്ല് മങ്ങൽ വരുന്നതായി തോന്നും. മുഖ്യ തീരുമാനങ്ങൾ കൈക്കൊള്ളാൻ ആശങ്കയുണ്ടാവും. ചിലരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നത് പിന്നീട് ക്ലേശത്തിന് കാരണമാകുന്നതാണ്. ബിസിനസ്സിൽ പ്രതീക്ഷിച്ച വളർച്ച ഉണ്ടായില്ലെങ്കിലും  കാര്യങ്ങൾ ഒരുവിധം മുന്നോട്ടു തന്നെ നീങ്ങുന്നതാണ്.  ഭാവി സംബന്ധിച്ച ചില തീരുമാനങ്ങളോട് കുടുംബത്തിൻ്റെ വിയോജിപ്പുണ്ടാവും. വിദ്യാർത്ഥികൾക്ക് കുറച്ചൊക്കെ ഏകാഗ്രത പുലർത്താൻ കഴിയും.  ആഴ്ചയുടെ തുടക്കത്തിൽ ധനപരമായ ഇടപാടുകളിൽ സൂക്ഷ്മത പാലിക്കണം. വായ്പ തിരിച്ചടവിൽ ക്ലേശിക്കാം.

മകയിരം

ലഘുത്വവും ഗുരുത്വവും മനസ്സിൽ മാറിമാറി വരും. നക്ഷത്രനാഥനായ ചൊവ്വ വക്രഗതിയിൽ തുടരുകയാൽ പ്രവർത്തന രംഗത്ത് ഉന്മേഷം കുറയുവാനിടയുണ്ട്. എന്നാൽ ആത്മാർത്ഥതയ്ക്ക് അംഗീകാരമുണ്ടാവും. ചെറുകിട സംരംഭങ്ങൾക്ക് വായ്പ ലഭിച്ചേക്കാം. കമ്മീഷൻ വ്യാപാരത്തിൽ ലാഭം പ്രതീക്ഷിച്ചത്ര തന്നെയാവും. മത്സരം, പരീക്ഷ,  അഭിമുഖം ഇവക്കായി യാത്ര വേണ്ടി വരുന്നതാണ്. കലാപ്രവർത്തനം നടത്തുന്നവർക്ക് അവസരങ്ങൾ കൈവരുന്നതാണ്. ആത്മീയ സാധനകളിൽ ഏർപ്പെടുവാൻ സാഹചര്യം ഉണ്ടാവും.

തിരുവാതിര

ചന്ദ്രഗതി 4, 5, 6 കൂറുകളിലാകയാൽ അനുകൂലവും പ്രതികൂലവും ആയ അനുഭവങ്ങളുണ്ടാവും. കർമ്മമേഖലയിൽ അസാധാരണമായ കാര്യങ്ങളൊന്നുമുണ്ടാവില്ല. നിശ്ചയങ്ങൾ സാക്ഷാല്കരിക്കും. അധികം തടസ്സങ്ങൾ ഉണ്ടാവില്ല. അവധിക്കാല വിനോദയാത്രകൾക്ക് മുന്നൊരുക്കം നടത്തും. പുതുതലമുറയോട് ഇണങ്ങാനാവാതെ വിഷമിക്കുന്ന സ്ഥിതിയുണ്ടാവാം. ഗാർഹിക ജീവിതത്തിൽ തന്മൂലം ചില അലോസരങ്ങൾ വന്നുചേരുന്നതാണ്.  അപരിചതരുമായി ബിസിനസ്സ് ബന്ധത്തിന് മുതിരരുത്. പ്രണയികൾക്ക് ശുക്രശനിയോഗം മൂലം മനസ്സന്തോഷം നഷ്ടമാകുന്നതാണ്.

പുണർതം

ഔദ്യോഗികമായും വ്യക്തിപരമായും തിരക്കുകളുണ്ടാവും. വ്യക്തമായ കാഴ്ചപ്പാട് പുലർത്താൻ സാധിക്കുന്നതാണ്. സഹപ്രവർത്തകരുടെ നിർദ്ദേശങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തും. പാരമ്പര്യത്തിൻ്റെ സവിശേഷതകൾ കളയാതെ പുതുമയുടെ സാങ്കേതികമികവ് ഉൾക്കൊള്ളാൻ ശ്രമിക്കുന്നതാണ്. നക്ഷത്രനാഥനായ വ്യാഴത്തിൻ്റെ വക്രഗതിയാൽ നേട്ടങ്ങൾക്കും ലക്ഷ്യപ്രാപ്തിക്കും ആവർത്തിത ശ്രമങ്ങൾ വേണ്ടി വരുന്നതാണ്. ചൊവ്വ ജന്മനക്ഷത്രത്തിൽ തുടരുകയാൽ സമ്മർദ്ദങ്ങൾ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. ആരോഗ്യ പാലനത്തിൽ ജാഗരൂകത വേണം.

പൂയം

നക്ഷത്രാധിപനായ ശനിക്ക് ശുക്രയോഗം ഉള്ളതിനാൽ സ്ത്രീസൗഹൃദത്താൽ ഗുണമുണ്ടാവും. കാര്യസാധ്യത്തിന് വഴിതെളിയുന്നതാണ്. സമയബന്ധിതമായി ചുമതലകൾ നിർവഹിക്കുന്നതിൽ വിജയം വരിക്കും. വിദേശത്ത് ഉപരിപഠനത്തിന് വഴിതെളിഞ്ഞേക്കും. കച്ചവടത്തിൽ മുതലിറക്കിയത് അല്പാല്പമായി കിട്ടിത്തുടങ്ങുന്നതാണ്. കുടുംബ ക്ഷേത്ര സന്ദർശനത്തിന് അവസരം ഒരുങ്ങും. രാഷ്ട്രീയത്തോട് വിരക്തി വരാം. ബന്ധുക്കളുടെ തർക്കത്തിൽ പക്ഷം പിടിക്കുന്നത് ദോഷത്തിന് ഇടയാക്കാം. സഹോദരന് ധനസഹായം നൽകേണ്ടി വരാം.

ആയില്യം

സ്ഥാനപ്രാപ്തി പ്രതീക്ഷിക്കുന്നവർ നിരാശപ്പെടില്ല. മത്സരങ്ങളിൽ / അഭിമുഖത്തിൽ വിജയിച്ചതായി അറിയിപ്പ് ലഭിക്കുന്നതാണ്. 
കുടുംബ ജീവിതത്തിൽ സംതൃപ്തിയുണ്ടാവും. പുതുതലമുറയെ മനസ്സിലാക്കാനുള്ള  തുറന്ന മനസ്സോടുകൂടിയ ശ്രമം തുടരുന്നതാണ്. പ്രണയികൾക്ക് തടസ്സങ്ങൾ ഒഴിഞ്ഞ് ഭാവിസ്വപ്നങ്ങളിൽ മുഴുകാനും കഴിയും. വിപൽ സാഹചര്യങ്ങളിൽ പ്രത്യുല്പന്നമതിത്വം പ്രദർശിപ്പിക്കുന്നതാണ്. യാത്രകൾ കൂടുന്നതിന് സാധ്യത കാണുന്നു. ആരോഗ്യ പരിപാലനത്തിലെ അലംഭാവം മാറ്റാൻ പ്രേരിതനാവും. വാരാദ്യം ലഭിക്കുന്ന അനുകൂല സാഹചര്യം നിലനിർത്താൻ യത്നിക്കേണ്ടിവരും

മകം

രണ്ടാമെടത്ത്, മൂന്നാം നക്ഷത്രത്തിൽ കേതു സഞ്ചരിക്കമൂലം തീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനും ക്ലേശിക്കും. തടസ്സങ്ങൾ ഉള്ളതായി തോന്നും. ആദിത്യസഞ്ചാരം അനുകൂലമാകയാൽ അധികാരമുള്ള പദവികളിൽ ശോഭിക്കുന്നതാണ്. പിതാവിന് നേട്ടങ്ങൾ ഉണ്ടാവും. ബന്ധുക്കളുമായി നിലനിന്ന വസ്തുതർക്കം പരിഹരിച്ചേക്കും. വ്യാപാര ചുമതല മറ്റാരെയെങ്കിലും ഏൽപ്പിക്കുന്നത് ദോഷം ചെയ്യുന്നതാണ്. പണം കൈകാര്യം ചെയ്യുന്നത് ശ്രദ്ധയോടെ വേണം. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റം ഫലം കണ്ടുതുടങ്ങുന്നതാണ്.

പൂരം

പുതിയ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹമുണ്ടാവും. പ്രണയികൾക്ക് ആഹ്ളാദം ഭവിക്കും. വില കൂടിയ വസ്തുക്കൾ പാരിതോഷികമായി ലഭിക്കാം. വ്യവഹാരങ്ങളിൽ അനുകൂല വിധി സമ്പാദിക്കാൻ സാധിക്കുന്നതാണ്. വ്യാപാര രംഗം മെച്ചപ്പെടും. ഉപഭോക്താക്കളുടെ അഭിരുചി മനസ്സിലാക്കി പ്രവർത്തിക്കും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ ചുമതല കൂടി ഏറ്റെടുക്കേണ്ട സ്ഥിതി വന്നേക്കാം. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. മകൻ്റെ പഠന കാര്യത്തിൽ ഉത്കണ്ഠയുണ്ടാവും.

ഉത്രം

അനുകൂലമായ സാഹചര്യത്തെ പ്രയോജനപ്പെടുത്താൻ സന്നദ്ധനാവണം. ഭൗതിക നേട്ടങ്ങൾക്ക് ആസൂത്രണം ആവശ്യമാണ്. പൂർവ്വികമായ വസ്തുവകകളിൽ നിന്നും ആദായമുണ്ടാവും. ഊഹക്കച്ചവടം , ഇൻഷ്വറൻസ് ഇത്യാദികളാൽ ധനാഗമം പ്രതീക്ഷിക്കാം. ചെറുപ്പക്കാരും കൗമാരക്കാരും സമൂഹമാധ്യമങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളിൽ പെട്ടുപോകാതിരിക്കാൻ കരുതൽ വേണം. വ്യാപാരാഭിവൃദ്ധി ഉണ്ടായേക്കും. ബാല്യകാല സതീർത്ഥ്യരെ കാണുന്നതാണ്. ഭാര്യാഭർത്താക്കന്മാരുടെ പുനസ്സമാഗമത്തിന് കളമൊരുങ്ങും.

അത്തം

പ്രവർത്തനമേഖലയിൽ സ്വാതന്ത്ര്യമുണ്ടാവും. ആവർത്തിത യത്നങ്ങൾ ഫലവത്താകുന്നതാണ്.  സുഹൃത്തുക്കളുടെ തർക്കങ്ങൾ പരിഹരിക്കാൻ മുന്നോട്ടിറങ്ങും. ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും. വിദേശത്തുനിന്നും ധനമോ സമ്മാനമോ ലഭിച്ചേക്കാം. പ്രധാന രേഖകളിൽ ഒപ്പിടും മുൻപ് സേവന വേതന വ്യവസ്ഥകൾ അറിഞ്ഞിരിക്കണം. പാർട്ണർഷിപ്പ് സംരംഭങ്ങൾ ലാഭകരമാവുന്നതാണ്. മംഗളകർമ്മങ്ങളിൽ സംബന്ധിക്കുവാൻ സാധിക്കും. കലാസാഹിത്യ മേഖലകളിൽ താത്പര്യമേറും. വാരമദ്ധ്യത്തിലെ ദിവസങ്ങൾക്ക് മേന്മ കുറയാം.

ചിത്തിര

ഗവേഷണത്തിന് സഹായധനം കിട്ടുന്നതാണ്. ഔദ്യോഗിക യാത്രകൾ ഗുണകരമാവും. ബന്ധുക്കളുമായുളള വിരോധം പറഞ്ഞു തീർക്കുവാനാവും. പ്രായോഗിക പരിശീലനത്തിന് അവസരം കൈവരുന്നതാണ്. സഹപ്രവർത്തകരുടെ അഭിപ്രായം വിലമതിക്കും. ജന്മനാട്ടിൽ നടക്കുന്ന ഉത്സവത്തിൽ കുടുംബ സമേതം പങ്കെടുക്കുവാനാവും. ആരോഗ്യപരമായി സ്വസ്ഥതയുണ്ടാവും. സാമ്പത്തിക ഞെരുക്കത്തിൽ നിന്നും ആശ്വാസം ലഭിക്കുന്നതാണ്. ആഡംബരച്ചെലവുകൾ നിയന്ത്രിക്കപ്പെടണം.  വസ്തു സംബന്ധിച്ച വ്യവഹാരങ്ങൾക്കുള്ള സാഹചര്യത്തെ അനുരഞ്ജനത്തിലൂടെ മറികടക്കുവാനാവും.

ചോതി

അപ്രധാന കാര്യങ്ങൾക്കായി സമയവും ഊർജ്ജവും ചെലവഴിക്കും. സമയബന്ധിതമായ ചുമതലകൾ പൂർത്തീകരിക്കാൻ ശ്രമിക്കും. എന്നാൽ അതിൽ പൂർണവിജയം ഉണ്ടായേക്കില്ല. പുതുമയുള്ള കാര്യങ്ങൾ ഇഷ്ടപ്പെടുമ്പോഴും പഴമയെ തള്ളിപ്പറയില്ല. വാരാദ്യം അവിചാരിത യാത്രകളുണ്ടാവും. ബിസിനസ്സിൻ്റെ പുരോഗതിക്കുള്ള മാർഗങ്ങൾ ആരായും. ഉദ്യോഗസ്ഥർക്ക് ഗുണകരമല്ലാത്ത സ്ഥാനമാറ്റം സാധ്യതയാണ്. കുടുംബകാര്യത്തിൽ ഭിന്നപക്ഷം രൂപപ്പെടാം. എന്നാൽ വാക്കുകളിൽ ശ്രദ്ധ വേണ്ടതുണ്ട്. വാരമദ്ധ്യത്തിൽ സുഖം സമാധാനവും അനുഭവപ്പെടുന്നതാണ്.

വിശാഖം

നക്ഷത്രനാഥനായ വ്യാഴം വക്രഗതിയിൽ തുടരുന്നതിനാൽ മുൻനിശ്ചയങ്ങളിൽ തിരുത്തൽ വേണ്ടിവരുന്നതാണ്. യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടും. നവസംരംഭം തുടങ്ങാൻ അല്പം കൂടി കാത്തിരിപ്പ് ആവശ്യമാകും. സന്താനങ്ങളുടെ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതാണ്. പുതിയ തൊഴിൽ കിട്ടാതെ നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമാവില്ല. പൊതു പ്രവർത്തനത്തിൽ ഊർജ്ജിതത്വം കുറയുന്നതാണ്. കലാ-സാഹിത്യ പ്രതിഭകൾക്ക് സർഗ്ഗവ്യാപാരത്തിൽ മുഴുകാനാവും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ധനവരവുണ്ടാകും. മനസ്സുഖവും ഭവിക്കുന്നതാണ്.

അനിഴം

പുതിയ സുഹൃത്തുക്കളെ ലഭിക്കാം. പ്രണയികൾക്ക് സന്തോഷമുണ്ടാവും. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുഭവപ്പെട്ടിരുന്ന തടസ്സം നീങ്ങുന്നതാണ്. സ്വയം സംരംഭകർക്ക് വേണ്ടത്ര പിന്തുണ ലഭിക്കും. സത്യസന്ധമായ നിലപാടുകൾ ശത്രുക്കളെ സൃഷ്ടിക്കാനിടയുണ്ട്. രാഷ്ട്രീയ പ്രവർത്തകർക്ക് സമൂഹത്തിൽ സ്വാധീനം വർദ്ധിക്കുന്നതാണ്. മകളോടൊപ്പം താമസിച്ചിരുന്ന അച്ഛനമ്മമാർക്ക് ജന്മനാട്ടിലേക്ക് മടങ്ങാൻ അവസരം ഉണ്ടാവും. സാമ്പത്തികമായ കാര്യങ്ങളിൽ സമ്മർദ്ദം കുറയുന്നതാണ്.

തൃക്കേട്ട

മനസ്സിന് സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിന് മേലധികാരികളുടെ അഭിനന്ദനം ലഭിക്കും. ധനപരമായ ഞെരുക്കം മാറിക്കിട്ടും. കലാപ്രവർത്തകർക്ക് കൂടുതൽ അവസരങ്ങൾ വന്നുചേരുന്നതാണ്. തൊഴിൽ രംഗത്തെ കിടമത്സരങ്ങളെ തിരിച്ചറിയാനാവും.  ബന്ധുക്കളുടെ അനാരോഗ്യ പ്രവണതകളെ വിമർശിക്കുവാൻ ഒരുമ്പെടുന്നത് ശത്രുക്കളെ സൃഷ്ടിക്കാം. കൂട്ടത്തിൽ ആത്മപരിശോധന നടത്താനും മുതിരുന്നതാണ്. കൃത്യമായ രേഖകൾ സമർപ്പിക്കുകയാൽ ലൈസൻസ്, രേഖകൾ ഇവ കാലതാമസം കൂടാതെ ലഭിക്കും.

മൂലം

ഉന്മേഷവും ഉന്നമനവും ഉണ്ടാകുന്ന വാരമാണ്. അധികം അധ്വാനം ഇല്ലാതെ തന്നെ കാര്യസാധ്യമുണ്ടാവും. ഒപ്പമുള്ളവരെ സഹകരിപ്പിക്കാൻ കഴിയുന്നതാണ്. കച്ചവടത്തിൽ  കരുതിയ ലാഭം കരഗതമാവും. സംഘടനയിൽ നിലപാടുകൾ ആദരിക്കപ്പെടുന്നതാണ്. സുഹൃത്തുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങും. എതിരാളികളുടെ പ്രവർത്തനങ്ങൾ തിരിച്ചറിയാൻ  കഴിഞ്ഞേക്കും. കൂട്ടുകച്ചവടത്തിൽ നിന്നും പിൻവാങ്ങുന്നതിന് ശ്രമിക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ പണച്ചെലവ് ഉയർന്നേക്കും. ദേഹക്ലേശത്തിന് സാധ്യതയുണ്ട്. 

പൂരാടം

കുറച്ചുനാളായി അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും പോംവഴിയുണ്ടാവും. കർമ്മരംഗത്ത് അനുഭവപ്പെട്ടിരുന്ന ആലസ്യം നീങ്ങും. കടം കൊടുത്ത തുക മടക്കിക്കിട്ടാൻ സാധ്യതയുണ്ട്. വിവേകികളായുള്ള കൂട്ടുകാരുടെ ഉപദേശം സ്വീകാര്യമാവും. മക്കളുടെ പഠനം സംബന്ധിച്ച ഉൽക്കണ്ഠകൾ പരിഹരിക്കപ്പെടും. പഴയ വാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കുന്നതാണ്. ചിട്ടി, ഇൻഷ്വറൻസ് ഇവ മൂലം ധനാഗമം ഉണ്ടാവും. കമ്മീഷൻ വ്യാപാരം ആദായകരമായേക്കും. കുടുംബകാര്യങ്ങളിൽ സമ്മിശ്രമായ അനുഭവം ഉണ്ടാവുന്നതാണ്. അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കുന്നത് ഗുണം ചെയ്യും.

ഉത്രാടം

സ്വാതന്ത്ര്യത്തെയും ആത്മാഭിമാനത്തെയും വിലമതിക്കുന്നതിനാൽ പലരുടെയും എതിർപ്പ് സമ്പാദിക്കും.  ബിസിനസ്സ് വിപുലീകരണത്തിന് ശ്രമം തുടരുന്നതാണ്.  സർക്കാരിൽ നിന്നും പ്രതീക്ഷിച്ച അനുമതി വൈകിയേക്കാം. പഠനം, ഗവേഷണം എന്നിവയിൽ ഉത്സുകത കുറയുന്നതായിരിക്കും.  വ്യവഹാരം കോടതിക്ക് പുറത്തു വെച്ച് സമരസപ്പെടുകയാവും ഉചിതം. പണയവസ്തു / ആഭരണം തിരിച്ചെടുക്കാനാവും. കുടുംബത്തിലെ വയോജനങ്ങളെ അവരുടെ ആഗ്രഹമനുസരിച്ച് തീർത്ഥാടനത്തിന് കൊണ്ടുപോവും. വാരാന്ത്യദിനങ്ങൾ ഒഴികെ മറ്റു ദിവസങ്ങളിൽ സാമാന്യമായ സ്വസ്ഥതയുണ്ടാവും.

തിരുവോണം

ഔദ്യോഗികമായി വളർച്ചയുണ്ടാവും. തൊഴിലിടത്തിൽ സ്വന്തം നിലപാടുകൾക്ക് അംഗീകാരം കിട്ടും. സഹപ്രവർത്തകരുടെ പിന്തുണ കാര്യങ്ങൾ സുഗമമാക്കും. വാഗ്ദാനങ്ങൾ ഭംഗിയായി നിറവേറ്റുന്നതാണ്. പൂർവ്വിക സ്വത്ത് പണം കൊടുത്തു വാങ്ങാൻ സന്നദ്ധത കാട്ടും.  പ്രാദേശിക രാഷ്ട്രീയത്തിൽ സ്വാധീനമുറപ്പിക്കും. ബന്ധുജനങ്ങളുടെ ഗൃഹസന്ദർശനം ബന്ധങ്ങൾ ദൃഢമാകാൻ സഹായിക്കും. അന്യനാട്ടിൽ കഴിയുന്നവർ ജന്മനാട്ടിലെ ഉത്സവാദികളിൽ പങ്കെടുക്കാൻ ഒരുക്കം തുടങ്ങിയേക്കും. ധനപരമായി മെച്ചമുണ്ടാവുന്ന വാരമാണ്.

അവിട്ടം

ഏതുകാര്യത്തിലും യുക്തമായ തീരുമാനങ്ങൾ വളരെ വേഗത്തിൽ തന്നെ കൈക്കൊള്ളുന്ന രീതി പ്രശംസിക്കപ്പെടും.  നീതി ലഭിക്കാനുള്ള പോരാട്ടങ്ങളിൽ പങ്കുചേരുന്നതാണ്. ബിസിനസ്സിൽ സാമാന്യമായ വളർച്ച പ്രതീക്ഷിക്കാം. നവസംരംഭങ്ങൾക്കായി കൂടിയാലോചനകൾ നടന്നേക്കും. കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്. മകരക്കൂറുകാർക്ക് ശത്രുപക്ഷത്തെ തമസ്കരിച്ചുകൊണ്ട് മുന്നേറാനാവും. കുംഭക്കൂറുകാർ ചില പിടിവാശികൾ തുടരുന്നതാണ്. വാരാദ്യ ദിവസങ്ങളിൽ മനക്ലേശവും ദേഹക്ലേശവും അനുഭവപ്പെടാനിടയുണ്ട്.

ചതയം

കർമ്മരംഗത്ത് ഒട്ടൊക്കെ സമാധാനമുണ്ടാവും. കർത്തവ്യ നിർവഹണം സുഗമമാകുന്നതാണ്. മക്കളുമായി ചില അഭിപ്രായ ഭിന്നതകൾ ഉടലെടുത്തേക്കാം. ആവർത്തിച്ചുള്ള ന്യായീകരണം ഒഴിവാക്കുക കരണീയം. ജന്മരാശിയിൽ ശുക്രൻ സഞ്ചരിക്കുന്നത് പ്രണയികൾക്ക് ഗുണകരമായിരിക്കും. ആത്മീയ സാധനകൾക്ക് ഏകാഗ്രത കുറയാനിടയുണ്ട്. അനാവശ്യമായ ആധി ഒഴിവാക്കപ്പെടണം. ഞായറും, തിങ്കളും അഷ്ടമരാശിയാകയാൽ ശുഭകാര്യങ്ങൾ തുടങ്ങുന്നത് ഗുണകരമാവില്ല. സാമ്പത്തിക കാര്യങ്ങളിൽ തീരെ മോശം കാലമല്ല.

പൂരൂരുട്ടാതി

ജോലിഭാരം കൂടുമെങ്കിലും നിഷ്കർഷ എല്ലാരംഗത്തും പുലർത്തുന്നതാണ്. കവികൾക്കും കലാകാരന്മാർക്കും പുതിയ ആവിഷ്കാരങ്ങൾ നടത്താനാവും. ദാമ്പത്യസൗഖ്യം പ്രതീക്ഷിക്കാം. ഭൗതികമായ നേട്ടങ്ങൾ ഉണ്ടാവുന്നതാണ്. വില കൂടിയ വസ്തുക്കൾ പാരിതോഷികമായി ലഭിച്ചേക്കും. പാർട്ണർഷിപ്പ് ബിസിനസ് വിപുലീകരിക്കാൻ ശ്രമം തുടരുന്നതാണ്. സ്ത്രീ സൗഹൃദത്താൽ ആശ്വാസം ഭവിക്കും. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര ഉണ്ടായേക്കും. വാരാദ്യത്തിൽ കാര്യവിഘ്നമോ ദേഹസുഖക്കുറവോ അനുഭവപ്പെടാം.

ഉത്രട്ടാതി

പലതരം സമ്മർദ്ദങ്ങളെ നേരിട്ടുകൊണ്ട് കർമ്മരംഗത്ത് പ്രവർത്തിക്കേണ്ടി വരുന്നതാണ്. എങ്കിലും അനാവശ്യമായ ആധി ഒഴിവാക്കപ്പെടണം.  പ്രതീക്ഷയോടെ ഉറ്റുനോക്കിയവർ സഹകരിച്ചില്ലെന്ന സ്ഥിതിയുണ്ടാവാം. ഗൃഹനിർമ്മാണത്തിലെ മന്ദഗതി തുടരപ്പെടും. വ്യാപാരയാത്രകൾ  ചെറിയ നേട്ടങ്ങൾ ഉണ്ടാക്കുന്നതാണ്. ഏജൻസി ഏർപ്പാടുകൾ ഗുണകരമായിരിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അഷ്ടമരാശിയുള്ളതിനാൽ വാഹനം, യന്ത്രം, അഗ്നി ഇവയുടെ ഉപയോഗത്തിൽ ശ്രദ്ധ പുലർത്തണം.  പഠനകാര്യത്തിൽ ആത്മാർത്ഥമായി പരിശ്രമിക്കും. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും.

രേവതി

സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതികളും രേഖകളും മറ്റും കരഗതമാവും. ഉദ്യോഗസ്ഥർക്ക് കാര്യനിർവഹണത്തിൽ ഉന്മേഷം പുലർത്താൻ കഴിയുന്നതാണ്. സഹപ്രവർത്തകർക്ക് പ്രയോജനകരമായ നിർദ്ദേശങ്ങൾ നൽകിയേക്കും. സുഹൃൽ ബന്ധം ദൃഢമാകും. നാലാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുകയാൽ ഗൃഹത്തിന് ചെറുതോ വലുതോ ആയ മെയിൻ്റനൻസ് വേണ്ടി വരുന്നതാണ്. സാമൂഹിക സേവനങ്ങൾക്ക് മുന്നിട്ടിറങ്ങും. പ്രബന്ധ രചന, പ്രഭാഷണം ഇവയിലൂടെ പേരെടുക്കാൻ കഴിഞ്ഞേക്കും. അയൽ തർക്കങ്ങൾക്ക് മുതിരരുത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശുഭകാര്യാരംഭം ഒഴിവാക്കണം.

Read More

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: