/indian-express-malayalam/media/media_files/2025/01/11/chovva-horoscope-2025-astrological-predictions-aswathi-to-ayilyam.jpg)
ചൊവ്വ മിഥുനം രാശിയിൽ
2025 ജനുവരി 21 ന്, 1200 മകരം 8 ന് പ്രഭാതത്തിൽ ചൊവ്വ (Mars) കർക്കടകത്തിൽ നിന്നും വക്രഗതിയായി (Retrograde) മിഥുനത്തിലേക്ക് സഞ്ചരിക്കുന്നു. ഏപ്രിൽ 3 / മീനം 20 വരെ (ഏതാണ്ട് 70 ൽ അധികം ദിവസങ്ങൾ) ചൊവ്വ മിഥുനം രാശിയിൽ തുടരും. ഇക്കാലയളവിൽ ചൊവ്വ പുണർതം നക്ഷത്രത്തിലാണ് സഞ്ചരിക്കുക. അതിൽ ഫെബ്രുവരി 26 / കുംഭം 14 വരെ ചൊവ്വ വക്രഗതിയിലാണ് എന്നത് പ്രസ്താവ്യമാണ്. തുടർന്ന് നേർഗതി (Direct motion) യിലാവുന്നു.
കുജൻ്റെ ചുരുക്കെഴുത്തായ 'കു' എന്ന അക്ഷരത്താൽ ഗ്രഹനിലയിൽ അടയാളപ്പെടുത്തുന്ന ചൊവ്വയെ പുരുഷഗ്രഹം, പാപഗ്രഹം എന്നിങ്ങനെ ജ്യോതിഷം വർണ്ണിക്കുന്നു. ക്രൂരഗ്രഹം എന്ന വിശേഷണവുമുണ്ട്. നവഗ്രഹങ്ങളുടെ അധികാരശ്രേണിയിൽ സേനാനായക പദവിയാണ് ചൊവ്വയ്ക്ക് നൽകപ്പെട്ടിട്ടുള്ളത്. ഗ്രഹങ്ങൾക്കിടയിൽ ശത്രുമിത്രത്വമുണ്ട്. ചൊവ്വയ്ക്ക് ഒരു ശത്രുഗ്രഹമേയുള്ളൂ-- അത് ബുധനാണ്. ബുധൻ്റെ സ്വക്ഷേത്രമാണ് മിഥുനം രാശി. ശത്രുവിൻ്റെ രാശിയിലൂടെയാണ് അടുത്ത 70 ദിവസങ്ങൾ ചൊവ്വ കടന്നുപോകുന്നതെന്ന് ചുരുക്കം. ചൊവ്വ നൽകുന്ന ഫലങ്ങളെ അതും സ്വാധീനിക്കാം.
പാപഗ്രഹങ്ങൾ വക്രഗതിയിലാവുമ്പോൾ ശക്തി വർദ്ധിക്കും എന്നാണ് നിയമം. 'ശക്തൻ' എന്ന് വക്രസഞ്ചാരി ഗ്രഹത്തെ വിളിക്കുന്നു. ഫെബ്രുവരി 26 വരെ ചൊവ്വ വക്രഗതിയിൽ ( Retrograde motion) സഞ്ചരിക്കുകയാൽ ചൊവ്വ നൽകുന്ന അനുഭവങ്ങൾ ശക്തങ്ങളായിരിക്കും. നേർഗതിയിൽ സഞ്ചരിക്കുന്ന ഒടുവിലത്തെ പത്തുമുപ്പത്തഞ്ചു ദിവസങ്ങൾ ശത്രുക്ഷേത്രത്തിൽ ആകയാൽ ചൊവ്വയുടെ ദുർബലത വർദ്ധിപ്പിക്കാം.
ഭൂമി,വസ്തു, ദേഹബലം, ധൈര്യം, സാഹസികത, സാഹോദര്യം, അഗ്നി, ആയുധങ്ങൾ, ക്രമസമാധാന പാലനം, മിലിട്ടറി ഫോഴ്സ്, യുദ്ധം, നേതൃഗുണം ഇവയുടെ കാരകൻ ചൊവ്വയാണ്. ഗോചരാലും വ്യക്തികളുടെ ജാതകത്തിലും ചൊവ്വയെക്കൊണ്ട് ഇക്കാര്യങ്ങൾ പരിഗണിക്കുന്നു. ജന്മരാശിയിലും അഥവാ കൂറിലും ജനിച്ച കൂറിൻ്റെ 8,12 എന്നീ രാശികളിലും സഞ്ചരിക്കുമ്പോൾ ചൊവ്വയുടെ ക്രൗര്യം വർദ്ധിക്കും. ദോഷഫലങ്ങൾക്ക് മുൻതൂക്കമുണ്ടാവും.
ജനിച്ച കൂറിൻ്റെ 3, 6, 11 എന്നീ രാശികളിൽ സഞ്ചരിക്കുമ്പോൾ ഗുണാധിക്യം പ്രതീക്ഷിക്കാം. മറ്റുള്ള ആറ് ഭാവങ്ങളിൽ ശുഭാശുഭഫലങ്ങൾ സമ്മിശ്രമായി ചൊവ്വ നൽകുന്നു. മേടക്കൂറ് മുതൽ മീനക്കൂറു വരെയുള്ള പന്ത്രണ്ടു രാശികളിൽ ജനിച്ചവർക്ക് ചൊവ്വയുടെ 'മിഥുന രാശി സഞ്ചാരം' എപ്രകാരമുള്ള ഫലങ്ങൾ നൽകും എന്ന അന്വേഷണമാണ് ഇവിടെ നടക്കുന്നത്.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
ഏതു പാപഗ്രഹവും മൂന്ന്, ആറ്, പതിനൊന്ന് എന്നീ ഭാവങ്ങളിൽ ശക്തരാണെന്നും ഗുണാനുഭവങ്ങൾ നൽകുമെന്നും ജ്യോതിഷ നിയമങ്ങൾ ഉറപ്പിക്കുന്നു. പാപഗ്രഹമായ ചൊവ്വ മേടക്കൂറുകാരുടെ മൂന്നാമെടമായ മിഥുനം രാശിയിൽ സഞ്ചരിക്കുന്നത് ശോഭന ഫലങ്ങൾക്ക് കാരണമാകും. മേടക്കൂറിൻ്റെ അധിപൻ കൂടിയാകയാൽ ചൊവ്വയുടെ അനുകൂലത ഇരട്ടി നേട്ടങ്ങൾ സൃഷ്ടിക്കുന്നതാണ്. കർമ്മമേഖലയിൽ ഉയർച്ചയുണ്ടാവും. ജീവിതത്തിന് ദിശാബോധം കൈവരും. നേതൃപദവി ശ്രമിക്കാതെ തന്നെ ലബ്ധമാകുന്നതാണ്. അടുക്കും ചിട്ടയും പ്രവൃത്തികളിൽ പ്രതിഫലിക്കും. ശത്രുപക്ഷത്തിനു നേരെ ഉരുക്കുകവചം തീർക്കുന്നതാണ്. സാമ്പത്തിക ഉന്നമനം ഉണ്ടാവും. വസ്തുവാങ്ങുന്നതിന് ശ്രമിക്കുന്നവർക്ക് കാര്യസാധ്യം ഭവിക്കും. സഹോദരാൽ തനിക്കും, തന്നാൽ സഹോദരർക്കും നേട്ടങ്ങൾ ഉണ്ടാവും. അമിതമായ ആത്മവിശ്വാസം ദോഷകരമായേക്കും.
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
കുജൻ അഥവാ ചൊവ്വ ഇടവക്കൂറിൻ്റെ രണ്ടാം ഭാവത്തിൽ സഞ്ചരിക്കുകയാണ്.വാക്ക്, വിദ്യ, കുടുംബം, ധനം തുടങ്ങിയവ രണ്ടാമെടം കൊണ്ട് കണക്കാക്കപ്പെടുന്നു. വാക്കുകൾ പരുഷങ്ങളാവാൻ സാധ്യതയുണ്ട്. തന്മൂലം ശത്രുക്കൾ പെരുകാം. വാഗ്ദാനലംഘനങ്ങൾ നഷ്ടങ്ങളും മനക്ലേശവും വരുത്തിയേക്കും. കുടുംബത്തിൽ സുഖവും സമാധാനവും കുറഞ്ഞും കൂടിയുമിരിക്കും. ആഭരണങ്ങൾ കളവ് പോകാനോ കളഞ്ഞ് പോകാനോ സാധ്യതയുണ്ട്. കുട്ടികളുടെ പഠനത്തിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ട സന്ദർഭമാണ്. കടം വാങ്ങി ചെലവ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. കാര്യസാധ്യത്തിനായി അലച്ചിലുണ്ടാവാൻ സാധ്യത കാണുന്നു. തൊഴിൽ രംഗത്തെ പുരോഗതി സാമാന്യമാവും. അനാവശ്യമായ തിടുക്കം ഒഴിവാക്കുക കരണീയം. ദൈവിക കാര്യങ്ങൾക്ക് മുടക്കം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
ജന്മരാശിയിലാണ് ചൊവ്വയുടെ സഞ്ചാരം. ഫെബ്രുവരി അവസാനം വരെ വക്രഗതിയിലും തുടർന്ന് ഏപ്രിൽ മൂന്നുവരെ നേർഗതിയിലും ചൊവ്വ തുടരുന്നു. ജനിച്ച കൂറിൽ ചൊവ്വ സഞ്ചരിക്കുന്നത് അനുകൂല ഫലങ്ങൾ സൃഷ്ടിച്ചേക്കില്ല. തീരുമാനിച്ച കാര്യങ്ങൾ നീട്ടിവെക്കേണ്ടിവരും. ലഘുത്വം കൊണ്ട് നേടേണ്ടവ ക്ലേശിച്ച് കൈവരിക്കേണ്ട സ്ഥിതി വരാം. സ്വാശ്രയ ബിസിനസ്സുകളിൽ അധികം മുതൽ മുടക്കിന് ഇക്കാലം ഉചിതമാവില്ല. ആരോഗ്യപരമായി അനാസ്ഥയരുത്. ക്രയവിക്രയങ്ങളിൽ സൂക്ഷ്മത പുലർത്തണം. പ്രത്യേകിച്ചും ഭൂമി വ്യാപാരത്തിൽ. വാഹനം, അഗ്നി, ആയുധം, യന്ത്രം ഇവ കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും ജാഗ്രത ആവശ്യമാണ്. സാഹസകർമ്മങ്ങൾ ഒഴിവാക്കുക ഉചിത്രം. നവസംരംഭങ്ങളിൽ നിന്നും പ്രതീക്ഷിച്ചത്ര പുരോഗതി വന്നേക്കില്ല. കഴിവിനനുസരിച്ചുള്ള സ്ഥാനക്കയറ്റം, ശമ്പള വർദ്ധന എന്നിവ വൈകിയേക്കാം. ഈശ്വരസമർപ്പണങ്ങൾ മുടങ്ങാതിരിക്കാൻ കരുതൽ വേണം.
കർക്കടകക്കൂറിന് (പുണർതം 4-ാം പാദം, പൂയം, ആയില്യം)
ജനിച്ച കൂറിൻ്റെ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ താരതമ്യേന പ്രതികൂല ഫലങ്ങൾ വന്നേക്കാം. ദൂരദിക്കിലേക്ക് സ്ഥിരമായോ താത്കാലികമായോ, വ്യക്തിപരമായോ തൊഴിൽപരമായോ മാറേണ്ടി വരുന്നതാണ്. വരവ് കുറയില്ലെങ്കിലും ചെലവ് കൂടുന്നതായിരിക്കും. സൗഹൃദം കൊണ്ട് ഗുണത്തോടൊപ്പം ദോഷവും ഭവിക്കാം. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പേര് ചീത്തയാവാൻ ഇടയുണ്ട്. സ്വന്തമായി ചെയ്തുപോരുന്ന തൊഴിലിൽ സമ്മർദ്ദം ഉയർന്നേക്കും. പൊതു പ്രവർത്തകർക്ക് ശത്രുക്കളേറും. രോഗക്ലേശങ്ങൾ അലട്ടാം. ഭൂമി വ്യാപാരത്തിൽ അബദ്ധം പിണയും. വീഴ്ച, ചതവ്, ഒടിവ് ഇവ സാധ്യതയാകയാൽ കരുതൽ വേണ്ടതുണ്ട്. രഹസ്യ ശത്രുക്കൾ മൂലം ക്ലേശങ്ങൾ ഭവിച്ചേക്കാം. വിദേശത്ത് ജോലി തേടിപ്പോയവർക്ക് നല്ല അവസരങ്ങൾക്കായി കാത്തിരിപ്പ് തുടരേണ്ടി വരുന്നതായിരിക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.