/indian-express-malayalam/media/media_files/2025/01/06/makaram-horoscope-astrological-predictions.jpg)
Monthly Horoscope: മകര മാസം നിങ്ങൾക്കെങ്ങനെ?
2025 ജനുവരി 14 ചൊവ്വാഴ്ചയാണ് മകരം ഒന്നാം തീയതി. അന്നുരാവിലെ ഏതാണ്ട് 9 മണിക്ക് സൂര്യൻ മകരം രാശിയിൽ പ്രവേശിക്കുന്നു. (മകരസംക്രമം). ആറുമാസം നീളുന്ന ഉത്തരായനം ആരംഭിക്കുന്ന സമയം കൂടിയാണത്. 2025 ഫെബ്രുവരി 12 വരെ മകരമാസം നീളും. (മകരം 30 ദിവസം) ഇക്കാലത്ത് ആദിത്യൻ മകരം രാശിയിലും ഉത്രാടം, തിരുവോണം, അവിട്ടം എന്നീ നക്ഷത്രങ്ങളിലും (ഞാറ്റുവേലകളിലും) സഞ്ചരിക്കുന്നു.
മകരം ഒന്നിന് കറുത്ത പക്ഷം തുടങ്ങുകയാണ്. മകരം 16 ന്, ജനുവരി 29 ന് കറുത്തവാവ് വരുന്നു. പിറ്റേന്നു മുതൽ വെളുത്ത പക്ഷം തുടങ്ങുകയാണ്. മകരം 30 ന്, ഫെബ്രുവരി 12 ന് ആണ് മകരത്തിലെ വെളുത്തവാവ് ഭവിക്കുന്നത്. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലാണ്. വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിൽ വക്രഗതിയിൽ സഞ്ചരിക്കുന്നു. മകരം 24 ന് / ഫെബ്രുവരി 6 ന് വ്യാഴം രോഹിണിയിൽ നേർഗതിയാരംഭിക്കും.
രാഹു മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലും കേതു കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിലും തുടരുകയാണ്. ചൊവ്വ മകരം 8 വരെ / ജനുവരി 21 വരെ കർക്കടകം രാശിയിൽ പുണർതം നക്ഷത്രത്തിൽ വക്രഗതിയിലും അതിനു ശേഷം മിഥുനം രാശിയിലും (പുണർതം - വക്രഗതി) സഞ്ചരിക്കുന്നു. മകരം 11 ന് (ജനുവരി 24 ന്) ബുധൻ ധനുരാശിയിൽ നിന്നും മകരം രാശിയിൽ പ്രവേശിക്കും.
മകരം 7 / ജനുവരി 20 മുതൽ ബുധന് ക്രമമൗഢ്യം തുടങ്ങും. പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം എന്നീ നാലുനക്ഷത്രങ്ങളിലൂടെ ബുധൻ മകരമാസത്തിൽ കടന്നുപോകുന്നു. ചന്ദ്രനൊഴികെ 4 നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഗ്രഹം മകരമാസത്തിൽ ബുധൻ മാത്രമാണ്. ശുക്രൻ മാസത്തിൻ്റെ പകുതി വരെ കുംഭം രാശിയിലാണ്. മകരം15 ന് / ജനുവരി 28 ന് ഉച്ചരാശിയായ മീനത്തിൽ പ്രവേശിക്കുന്നു. ചതയം, പൂരൂരുട്ടാതി എന്നീ നക്ഷത്രങ്ങളിലൂടെ ശുക്രൻ സഞ്ചരിക്കുകയാണ്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകളിൽ ജനിച്ച വ്യക്തികളുടെ മകര മാസഫലം ഇവിടെ വിശദീകരിക്കുന്നു.
അശ്വതി
ആദിത്യൻ കർമ്മസ്ഥാനത്ത് പ്രവേശിക്കുകയാൽ കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങളെ അപേക്ഷിച്ച് കർമ്മരംഗം ഉണരും. അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും നല്ല സ്വീകാര്യത വന്നെത്തുന്നതാണ്. മുൻപ് പല കാരണങ്ങളാൽ മാറ്റിവെച്ച കാര്യങ്ങൾ നടത്താൻ ഇപ്പോൾ അവസരം ഭവിക്കും. ആദായത്തിൽ വർദ്ധനവുണ്ടാവും. ധനനിക്ഷേപവും ഉയരുന്നതായിരിക്കും. തൊഴിൽ തേടുന്നവർക്ക് അർഹമായ അവസരങ്ങൾ കരഗതമാവുന്നതാണ്. പ്രണയത്തിൽ വിജയിക്കാൻ ശുക്രൻ്റെ അനുകൂലസ്ഥിതി സഹായകമാണ്. ആഢംബര വസ്തുക്കൾ സമ്മാനം ലഭിക്കാം. ചൊവ്വ ജനുവരി 20 വരെ നീചഭാവത്തിൽ തുടരുകയാൽ മനസ്സമാധാനം കുറയാനിടയുണ്ട്. വസ്തു / വീട് / വാഹനം ഇവ സംബന്ധിച്ച അലോസരങ്ങൾ സാധ്യതയാണ്. അമ്മയുടെ ആരോഗ്യത്തിലും കരുതൽ വേണം.
ഭരണി
നക്ഷത്രനാഥനായ ശുക്രൻ്റെ പതിനൊന്ന്, ഉച്ചം എന്നീ ഭാവങ്ങളിലെ സ്ഥിതി ജനുവരി മാസത്തിൽ ഭൗതിക നേട്ടങ്ങൾക്ക് കാരണമാകുന്നതാണ്. ആദിത്യൻ, വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങളും ഇഷ്ടഭാവങ്ങളിൽ തുടരുകയാൽ പദവിയിൽ ഉയർച്ച വരും. ബിസിനസ്സ് വിപുലീകരിക്കാനുള്ള തീരുമാനം നിർവഹണത്തിലെത്തും. ആദായം വർദ്ധിക്കുന്നതാണ്. വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കാം. വിശിഷ്ട ഭോജ്യങ്ങൾ, വിനോദാനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം. സ്ത്രീകളുടെ സൗഹൃദം അനുരാഗം തടസ്സങ്ങളെ മറികടക്കും. ദാമ്പത്യം സുഖകരമാവും. വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്കാവശ്യമായ മുന്നൊരുക്കങ്ങൾ തൃപ്തികരമായി ചെയ്യാൻ കഴിയും. രോഗഗ്രസ്തർക്ക് ചികിൽസ ഫലപ്രദമാവും. വസ്തുസംബന്ധിച്ച വ്യവഹാരം ചിലപ്പോൾ പ്രതികൂലമായേക്കാം. സഹോദരരുമായി പിണങ്ങാനിടയുണ്ട്. അകാരണമായി മനസ്സുഖം കുറയുന്നതാണ്.
കാർത്തിക
മേടക്കൂറുകാർക്ക് കൂടുതൽ അനുകൂലതയുണ്ടാവും. ഇടവക്കൂറുകാർക്ക് സമ്മിശ്ര ഫലങ്ങൾ ഭവിക്കുന്നതാണ്. ഔദ്യോഗിക രംഗത്ത് വളർച്ച വന്നുചേരും. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വേതന വർദ്ധനവ് പ്രതീക്ഷിക്കാം. രാഷ്ട്രീയമായ സ്വാധീനം ഉയരും. മത്സരങ്ങളിൽ അനായാസേന ജയിക്കുന്നതായിരിക്കും. കുടുംബത്തിൻ്റെ പിന്തുണയാൽ ബിസിനസ്സ് പുഷ്ടിപ്പെടുന്നതാണ്. പ്രൊഫഷണലുകൾ കിടമത്സരങ്ങളിൽ മുന്നേറിയേക്കും. ഇടവക്കൂറുകാർക്ക് അനുകൂലമല്ലാത്ത സ്ഥലംമാറ്റത്തിനിടയുണ്ട്. ധനവരവ് ഏറിയും കുറഞ്ഞുമിരിക്കും. വായ്പകളുടെ തിരിച്ചടവ് ക്ലേശകരമാവും. എന്നാൽ മാസത്തിൻ്റെ രണ്ടാം പകുതിയിൽ പ്രണയസാഫല്യം, മത്സര വിജയം, നറുക്കെടുപ്പുകളിലൂടെ ധനാഗമം എന്നിവ ഉണ്ടായേക്കും. പരാശ്രയത്വം കുറയുന്നതാണ്. നവസംരംഭങ്ങൾ തുടക്കം കുറിക്കപ്പെടും.
രോഹിണി
അഷ്ടമരാശിയിൽ നിന്നും ആദിത്യൻ മാറുന്നത് ആശ്വാസദായകമാണ്. കരാർ പണികൾ തടസ്സമില്ലാതെ ലഭിക്കുന്നതാണ്. പത്താം ഭാവത്തിലെ ശനിശുക്രന്മാരും ജന്മത്തിലെ വ്യാഴവും തൊഴിൽ/ വൈയക്തിക സമ്മർദങ്ങൾക്ക് കാരണമാവും. വേണ്ടപ്പെട്ടവർ അവിശ്വസിക്കാം. ബന്ധുക്കളുടെ പിണക്കം വിഷമിപ്പിക്കും. മൂന്നിലെ ചൊവ്വയും പതിനൊന്നിലെ രാഹുവും നഷ്ടങ്ങളെ ലഘുകരിക്കാനും ചെറിയ തോതിൽ നേട്ടങ്ങൾ സൃഷ്ടിക്കാനും കാരണമായേക്കും. മകരം പകുതിക്കുമേൽ ഭൗതിക നേട്ടങ്ങൾ കൂടും. കലാപരമായ കഴിവുകൾ പുറം ലോകമറിയുന്നതാണ്. ഹൃദയത്തിൽ അനുരാഗത്തിൻ്റെ പരാഗരേണുക്കൾ പതിക്കാം. ദമ്പതികൾ കൂടുതൽ ഐക്യപ്പെടും. പഴയ വാഹനം മാറ്റി വാങ്ങാനാവും. മകളുടെ ഉപരി പഠനം സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങൾ നീങ്ങുന്നതാണ്.
മകയിരം
നേട്ടങ്ങൾ കൈവരിക്കാൻ ആവർത്തിത ശ്രമങ്ങൾ വേണ്ടി വരും. സ്വന്തമായി സ്ഥാപനം നടത്തുന്നവർക്ക് ക്ലേശങ്ങൾ അധികരിക്കുന്നതാണ്. വേണ്ടപ്പെട്ട ചിലരുടെ ഉപദേശം വഴിതെറ്റിക്കാനിടയുണ്ട്. ന്യായമായ ആവശ്യങ്ങളും പതിവ് കാര്യങ്ങളും വീഴ്ച വരാതെ നടന്നു കിട്ടും. സുഖഭോഗങ്ങളുണ്ടാവും. മകൻ്റെ നിരന്തര ആവശ്യം നിറവേറ്റും. ജീവിത പങ്കാളിയുടെ ജോലിയിലെ വരുമാനം ഉപയോഗിച്ച് വസ്തു / വീട് വാങ്ങാൻ ശ്രമിക്കുന്നതാണ്. ചെറിയ വിനോദയാത്ര സാധ്യമാവും. വിദേശത്തുള്ളവർക്ക് തൊഴിലിടത്തിൽ സമാധാനം കുറയാം. ചെറുപ്പക്കാരുടെ വിവാഹാലോചനകൾ മകരം15 ന് ശേഷം ത്വരിതഗതിയിലായേക്കും. കുടുംബ വീട്ടിൽ നിന്നും മാറിത്താമസിക്കേണ്ട സാഹചര്യം ഉരുവാകും. പ്രധാന രേഖകളിൽ ഒപ്പുവെക്കുന്നതിന് മുൻപ് വ്യവസ്ഥകൾ മനസ്സിലാക്കേണ്ടത് അനിവാര്യം.
തിരുവാതിര
ആദിത്യൻ അഷ്ടമത്തിൽ സഞ്ചരിക്കുന്നതിനാൽ ഉദ്യോഗസ്ഥർക്ക് പരീക്ഷണ കാലമാണ്. കൃത്യനിഷ്ഠ പാലിക്കാൻ വിഷമിക്കും. ദൗത്യങ്ങൾ നിർവഹിക്കുന്നതിൽ പാളിച്ചകൾ വരാം. അന്യദിക്കിൽ താത്കാലികമായിട്ടെങ്കിലും ജോലി ചെയ്യേണ്ട സ്ഥിതി ഭവിച്ചേക്കാം. ചെറുകിട സംരംഭങ്ങളിൽ നിന്നും ഏജൻസികളിൽ നിന്നും ആദായം ഉണ്ടാവും. സംഘടനകളിൽ തർക്കങ്ങൾ ഉയരാം. മക്കളുടെ പഠിപ്പിൽ ശ്രദ്ധയുണ്ടാവണം. സാഹസകർമ്മങ്ങൾക്ക് മുതിരരുത്. കച്ചവടത്തിൻ്റെ ചുമതല മറ്റാരെയെങ്കിലും ഏല്പിക്കുന്നത് ഉചിതമായിരിക്കില്ല. ചെലവുകളിൽ നിയന്ത്രണം വേണ്ടതുണ്ട്. സാമൂഹ്യ മാധ്യമത്തിൽ കൂടുതൽ സമയം ചെലവഴിക്കും. സ്ത്രീ സൗഹൃദം സന്തോഷമേകും. തൊഴിൽ യാത്രകൾ വേണ്ടി വരുന്നതാണ്.
പുണർതം
നക്ഷത്രനാഥൻ്റെ വക്രസഞ്ചാരം, ആദിത്യൻ്റെ അഷ്ടമസ്ഥിതി, ചൊവ്വയുടെ ജന്മനക്ഷത്ര സ്ഥിതി എന്നിവയുള്ളതിനാൽ കരുതൽ വേണം, സർവ്വകാര്യങ്ങളിലും. പറയാത്ത കാര്യങ്ങൾക്കും ചെയ്യാത്ത കർമ്മങ്ങൾക്കും പഴി കേൾക്കേണ്ടി വരും. സുലഭവസ്തുക്കൾ ദുർലഭമായേക്കാം. ശുക്രനും ബുധനും അനുകൂലമാകയാൽ ദോഷാനുഭവങ്ങൾ ലഘൂകരിക്കപ്പെടും. പഠനത്തിൽ പുരോഗതി ദൃശ്യമാകും. ശാസ്ത്രീയ അന്വേഷണങ്ങൾ സംതൃപ്തി നൽകാം. സുഖഭോഗങ്ങൾ പ്രതീക്ഷിക്കാം. ബന്ധുക്കൾ പിന്തുണക്കും. സിമ്പോസിയങ്ങളിൽ ശോഭിക്കുന്നതാണ്. ആഢംബര വസ്തുക്കൾ പാരിതോഷികമായി കിട്ടാനിടയുണ്ട്. ക്ഷേത്രോത്സവാദികളുടെ നടത്തിപ്പിന് സമയം കണ്ടെത്തും. രാഷ്ട്രീയ പ്രവർത്തനം ശത്രുക്കളെ സൃഷ്ടിച്ചേക്കാം.
പൂയം
സ്വയം തൊഴിലിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. കൂട്ടുകച്ചവടത്തിൽ ലാഭം കുറയുന്നതാണ്. ചെറിയ / വലിയ യാത്രകളുണ്ടാവും. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. പുതിയ വാഹനം വാങ്ങാൻ കഴിയുന്നതാണ്. മകരം15 ന് ശേഷം മുന്തിയ ഇലക്ട്രോണിക് ഉല്പന്നങ്ങൾ സ്വന്തമാക്കും. പാരമ്പര്യവസ്തുക്കൾ സംബന്ധിച്ച തർക്കം ഉടലെടുക്കാനിടയുണ്ട്. ജീവിതപങ്കാളിയുടെ ആരോഗ്യപ്രശ്നങ്ങൾ മനക്ലേശത്തിന് കാരണമാകുന്നതാണ്. മറ്റുള്ളവരുടെ ദോഷവശങ്ങൾ ചികഞ്ഞ് കണ്ടെടുക്കും. സ്വന്തം പരിമിതികളെ കണ്ടില്ലെന്ന് നടിക്കുന്നതാണ്. ചൊവ്വ ജന്മരാശിയിൽ നിന്നും മാറുന്നതുമൂലം ക്ഷോഭശീലം കുറയും. ബന്ധുക്കളുടെ ഉപദേശനിർദ്ദേശങ്ങളെ നിരാകരിക്കുന്നതാണ്. ധനസ്ഥിതി ആത്മവിശ്വാസം സൃഷ്ടിക്കും.
ആയില്യം
നക്ഷത്രനാഥനായ ബുധന് ആദിത്യയോഗം ഉള്ളതിനാൽ അധികാരികളുടെ പ്രീതി നേടുന്നതാണ്. തൊഴിലിൽ നൈപുണ്യമേറും. കാര്യനിർവഹണത്തിൽസുഗമതയുണ്ടാവും. വ്യവഹാരങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. വീടുപണിയിലെ തടസ്സങ്ങൾ അകലുന്നതാണ്. ഗവേഷണത്തിൽ സംതൃപ്തിയുണ്ടാവും. കലാരംഗത്തുള്ളവർക്ക് മുൻപത്തെതിലും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതാണ്. നിരങ്കുശമായിട്ടുള്ള അഭിപ്രായപ്രകടനം ശത്രുക്കളെ സൃഷ്ടിക്കാനേ ഉതകുകയുള്ളു. ഗൃഹസ്ഥന്മാരായവർക്ക് കുറച്ചുകാലം മകളോടൊപ്പം പോയി താമസിക്കേണ്ടി വരുന്നതാണ്. ചിട്ടി, ഇൻഷ്വറൻസ് ഇവയിൽ നിന്നും പ്രതീക്ഷിച്ച ധനം കൈവശമെത്തും. പാരമ്പര്യമായിട്ടുള്ള തൊഴിലിനോട് വിപ്രതിപത്തി തോന്നിയേക്കും. അവ ഉപേക്ഷിക്കാൻ ആലോചനയുണ്ടാവും.
മകം
ആദിത്യൻ്റെ ആറാം ഭാവത്തിലൂടെയുള്ള സഞ്ചാരം സൂചിപ്പിക്കുന്നത് നേട്ടങ്ങൾ അഭംഗുരമാവും എന്നാണ്. മുൻപ് പരാജയപ്പെട്ട കാര്യങ്ങൾ ഇപ്പോൾ വലിയ യത്നം കൂടാതെ നേടിയെടുക്കാനാവും. ലക്ഷ്യം നേടാൻ ഒപ്പമുള്ളവരുടേയും കുടുംബത്തിൻ്റെയും അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നതാണ്. സർക്കാരിൽ നിന്നും കിട്ടേണ്ട രേഖകൾ, അനുമതിപത്രങ്ങൾ എന്നിവയ്ക്ക് തടസ്സം വരില്ല. ബിസിനസ്സിൽ വ്യക്തത കൈവരുന്നതാണ്. സാങ്കേതിക കാര്യങ്ങൾ വിദഗ്ദ്ധരിൽ നിന്നും മനസ്സിലാക്കും. വിദ്യാർത്ഥികൾക്കും ലക്ഷ്യബോധം ദൃഢമാവും. ഏഴാം ഭാവത്തിൽ കണ്ടകശനി തുടരുകയാൽ ദാമ്പത്യത്തിൽ നല്ല ശ്രദ്ധയുണ്ടാവണം. മാസാന്ത്യത്തിൽ ചൊവ്വ പതിനൊന്നിലേക്ക് മാറുന്നത് ആശാവഹമാണ്. ഭൂമിതർക്കങ്ങൾ പരിഹരിക്കപ്പെട്ടേക്കും.
പൂരം
നക്ഷത്രനാഥനായ ശുക്രൻ്റെ ആരോഹണവും മകരം15 ന് ശേഷമുള്ള ഉച്ചസ്ഥിതിയും ഗുണകരമാണ്. വ്യക്തിത്വം അംഗീകരിക്കപ്പെടും. ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. ആദിത്യൻ കർമ്മരംഗത്തെ ദീപ്തമാക്കും. വിഘ്നങ്ങളെ അനായാസം മറികടക്കുവാനാവും. ഉദ്യോഗസ്ഥർക്ക് ചുമതലകളും പദവിയും ഉയരാനിടയുണ്ട്. സംരംഭങ്ങൾ ലാഭകരമാവുന്നതാണ്. വിദ്യാഭ്യാസത്തിലെ അലസതയും ഏകാഗ്രതയില്ലായ്മയും മാറുന്നതാണ്. പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കും. എന്നാൽ ചില മനപ്രയാസങ്ങൾ അവയിൽ ഇടയ്ക്കിടെ ഉണ്ടാവുന്നതാണ്. മകൻ്റെ ആവശ്യങ്ങൾ ഒരു സമ്മർദ്ദമായി മാറുന്നതിലും വിഷമിക്കും. വീടുപണിക്ക് മകരം പകുതിക്കുമേൽ പുനരാരംഭിക്കാൻ കഴിയുന്നതാണ്. ജീവിതശൈലീരോഗങ്ങൾ ഉപദ്രവിക്കാം.
ഉത്രം
ചിങ്ങക്കൂറുകാർക്ക് കർമ്മദീപ്തി പ്രതീക്ഷിക്കാം. കഴിവുകൾക്ക് അംഗീകാരമുണ്ടാവും. നിലപാടുകൾക്ക് തൊഴിലിടത്തിൽ സ്വീകാര്യത വന്നെത്തും. രാഷ്ട്രീയ സ്വാധീനം ഇരട്ടിക്കുന്നതാണ്. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് വായ്പകൾ ലഭിക്കാൻ തടസ്സമുണ്ടാവില്ല. സർക്കാരിൽ നിന്നുള്ള അനുമതി കിട്ടും. കന്നിക്കൂറുകാർക്ക് ലാഭനഷ്ടങ്ങൾ മാറിമറിഞ്ഞു കൊണ്ടിരിക്കും. മനസ്സ് അസ്ഥിരമാവും. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ വിഷമിക്കുന്നതാണ്. ദാമ്പത്യത്തിൽ സമ്മിശ്രമായ അനുഭവങ്ങൾ ഭവിക്കും. ഭൂമിയിൽ നിന്നും ആദായം പ്രതിക്ഷിക്കാം. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഭാഗ്യാനുഭവങ്ങൾ വന്നുചേരുന്നതാണ്. ധനയോഗമുണ്ട്. രോഗങ്ങൾക്ക് അനുവർത്തിക്കുന്ന ചികിത്സാരീതി മാറേണ്ടി വന്നേക്കും.
അത്തം
ശനിയും വ്യാഴവും അനുകൂല നില തുടരുകയാൽ ഒട്ടൊക്കെ ജീവിതത്തിന് സ്വച്ഛന്ദഗതിയുണ്ടാവും. കർമ്മരംഗത്ത് ആരോഹണാവരോഹണങ്ങൾ ആവർത്തിക്കുന്നതാണ്. പിതൃസ്വത്തിൽ നിന്നും അനുഭവങ്ങൾ പ്രതീക്ഷിക്കാം. സഹോദരരുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ സഫലമാവും. പ്രണയികൾക്ക് ശുക്രൻ്റെയും രാഹുവിൻ്റെയും പ്രതികൂല സ്ഥിതിയാൽ തടസ്സങ്ങൾ വരാനിടയുണ്ട്. വയോജനങ്ങൾ മകൻ്റെ/ മകളുടെ വീട്ടിലേക്ക് മാറിത്താമസിക്കാൻ സാധ്യത കാണുന്നു. കടബാധ്യതകൾ ഭാഗികമായി പരിഹരിക്കപ്പെടും. ഉപാസനകൾ, ദൈവിക സമർപ്പണങ്ങൾ ഇവ സാധ്യമാകും. ഭാവികാര്യങ്ങൾ കുടുംബത്തോട് ആലോചിച്ച് തീരുമാനമെടുക്കും.
ചിത്തിര
ചിന്താപരത കൂടും. ക്രിയാത്മകത കുറയുന്നതാണ്. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ഉപദേശങ്ങൾ കേൾക്കും. പക്ഷേ പ്രാവർത്തികമാക്കില്ല. പ്രൈവറ്റ് സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവർ സമ്മർദ്ദങ്ങൾക്ക് വിധേയരാവും. മകൻ്റെ ജോലിക്കാര്യം ശരിയാവുന്നതാണ്. യാത്രകൾ കൂടി വരുന്ന കാലമായിരിക്കും. റിയൽ എസ്റ്റേറ്റിൽ നേട്ടം പ്രതീക്ഷിക്കാം. പ്രൊഫഷണലുകൾക്ക് ധാരാളം അവസരം ലഭ്യമാകുന്നതാണ്. അയൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വിജയിക്കും. കലഹപ്രേരണകളെ നിയന്ത്രിക്കണം. അന്യസംസ്ഥാനത്ത് പഠിക്കുന്നവർക്ക് അവധിക്കാലത്ത് നാട്ടിലെത്താനാവും. സ്വന്തം സ്ഥാപനത്തിൻ്റെ നടത്തിപ്പിന് പാർട്ണേർസിനെ തേടുന്നതാണ്. ജീവകാരുണ്യ പ്രവർത്തനത്തിൽ സന്തോഷിക്കും. കുടുംബസൗഖ്യം ഉണ്ടാവും.
ചോതി
നിലവിലെ സ്ഥിതിഗതികൾക്ക് വലിയമാറ്റമൊന്നും ഉണ്ടാവാനിടയില്ല. തൊഴിൽ രംഗത്ത് വളർച്ചയും താഴ്ചയും ആവർത്തിക്കും. ബന്ധുക്കളും സുഹൃത്തുക്കളും വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ സങ്കടമുണ്ടാവും. അന്യായങ്ങളുമായി വ്യവഹാരത്തിന് മുതിരുവാൻ ഗ്രഹാനുകൂല്യമില്ല. വാഹനത്തിന് അറ്റകുറ്റപ്പണി വരാനിടയുണ്ട്. മാസാദ്യ പകുതിയിൽ ഭോഗസുഖം, കുടുംബ ജീവിതത്തിൽ സംതൃപ്തി ഇവ പ്രതീക്ഷിക്കാം. ഭാവനാശാലികളായ കലാകാരന്മാർക്കും സന്തോഷിക്കാനാവും. പലതരത്തിലുള്ള യാത്രകൾ ഭവിക്കുന്നതാണ്. ചിലതൊക്കെ ഭാവിക്ക് പ്രയോജനകരമാവും. പെൻഷൻപറ്റിയവർക്ക് ആനുകൂല്യങ്ങൾ മിക്കതും ലഭിക്കാനിടയുണ്ട്. മധുരവാക്കുകളുമായി അടുത്തു കൂടുന്നവരുടെ യാഥാർത്ഥ്യം മനസ്സിലാക്കപ്പെടണം.
വിശാഖം
വിപരീത സാഹചര്യങ്ങളിൽ ജീവിക്കാൻ പഠിക്കും. എതിർശബ്ദങ്ങളെ ജീവിതത്തിൻ്റെ ഭാഗമായി കരുതും. തുലാക്കൂറുകാർക്ക് വ്യാഴം അഷ്ടമത്തിലും ആദിത്യൻ നാലിലുമാകയാൽ നേട്ടങ്ങൾ കരഗതമാവാൻ സഹിഷ്ണുതയാർന്ന കാത്തിരിപ്പ് വേണ്ടിവരും. വലിയ പ്രോജക്ടുകളുടെ ചുമതല ഏറ്റെടുക്കേണ്ടതായുണ്ടാവും. ഏജൻസി / കമ്മീഷൻ വ്യാപാരം ഗുണകരമായേക്കും. സ്വാശ്രയ ബിസിനസ്സിൻ്റെ പുരോഗതിക്കായി കടം വാങ്ങുന്ന രീതി അഭിലഷണീയമല്ല. ആത്മീയ സാധനകൾ തടസ്സപ്പെടാം. മകൻ്റെ വാക്കുകൾ മനസ്സിനെ വിഷമിപ്പിക്കാനിടയുണ്ട്. രോഗാവസ്ഥയിൽ കഴിയുന്നവർക്ക് ഉപരി ചികിൽസ ആവശ്യമായേക്കും. വൃശ്ചികക്കൂറുകാർക്ക് അഭ്യുദയങ്ങൾ ഭവിക്കും. തൊഴിലിൽ വളർച്ച പ്രകടമാവും. രാഷ്ട്രീയ സ്വാധീനം ഒപ്പമുള്ളവർക്ക് ബോധ്യമാവുന്നതാണ്.
അനിഴം
പ്രവർത്തന രംഗം ഉന്മേഷകരമാവും. ഉദ്യോഗമായാലും വ്യാപാരമായാലും കരാർപണികളായാലും പുരോഗതി വന്നെത്തും. ഇച്ഛാശക്തിയും ക്രിയാപരതയും ഏകോപിപ്പിക്കുന്നതിന് സാധിക്കുന്നതാണ്. കുടുംബത്തിനകത്തും പുറത്തും നിന്ന് നിർലോഭമായ പിന്തുണ ലഭിക്കും. ഗൃഹനവീകരണം വലിയ ചെലവില്ലാതെ പൂർത്തിയാക്കുന്നതാണ്. സാഹിത്യം, അഭിനയം, സംഗീതം തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിക്കും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനമുണ്ടാകുന്നതാണ്. അന്യനാട്ടിൽ പഠനം - ജോലി എന്നിവയ്ക്ക് അനുകൂല സന്ദർഭമാണ്. സ്ത്രീ സുഹൃത്തുക്കൾ മൂലം നേട്ടങ്ങളുണ്ടാവും. രോഗഗ്രസ്തർക്ക് പുതുചികിൽസ ആവശ്യമായി വരും. ചൊവ്വ അഷ്ടമത്തിൽ വരുന്നത് മനക്ലേശങ്ങൾ സൃഷ്ടിച്ചേക്കാം.
തൃക്കേട്ട
മൂന്നിലെ ആദിത്യസഞ്ചാരം നവോന്മേഷമേകും. തൊഴിൽപരമായ സന്ദേഹങ്ങൾ പരിഹരിക്കപ്പെടുന്നതാണ്. മേലധികാരികൾ ഉപദേശം തേടും. സ്വാശ്രയ വ്യാപാരം ലാഭകരമാവുന്നതാണ്. കൂടുകച്ചവടം മെച്ചപ്പെടും. പിതാവിനും പലതരം ശ്രേയസ്സുകൾ ഉണ്ടാവുന്നതാണ്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ഗവേഷണത്തിൽ ഉയർച്ച പ്രതീക്ഷിക്കാം. അവിവാഹിതരുടെ ദാമ്പത്യസ്വപ്നങ്ങൾ സഫലമാവാനുള്ള സാഹചര്യം ഉണ്ടാവും. വീടുമോടിപിടിപ്പിക്കും. പുതുവാഹനം വാങ്ങുന്നതാണ്. അനുബന്ധ ജോലികളിൽ നിന്നും പണം വന്നുചേരും. ചൊവ്വയുടെ അനുകൂലത കുറയുന്നതിനാൽ ആരോഗ്യകാര്യങ്ങളിലെ അലംഭാവം ഉപേക്ഷിക്കണം. ഉടമ്പടികളുടെ എല്ലാ വശങ്ങളും അറിയേണ്ടതുണ്ട്. വസ്തു കച്ചവടത്തിൽ കരുതലുണ്ടാവണം.
മൂലം
ജന്മരാശിയിൽ നിന്നും ആദിത്യൻ മാറുന്നു എന്നത് നേരിയ ഗുണമായി കണക്കാക്കാം. അധികാരികളുടെ അനാവശ്യ സമ്മർദ്ദങ്ങളും അലച്ചിലും ഒഴിവാകും. സ്വതന്ത്ര തീരുമാനങ്ങൾ എടുത്തേക്കും. എന്നാലവ നടപ്പിലാക്കാൻ തടസ്സങ്ങളുണ്ടാവും. ആവശ്യങ്ങൾ നിറവേറ്റാൻ കൈവായ്പകളെ ആശ്രയിക്കേണ്ട സ്ഥിതി വന്നേക്കും. സഹോദരരുടെ സഹായം സ്വീകരിക്കും. ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതാണ്. വിദ്യാഭ്യാസത്തിൽ മുന്നേറാൻ കഴിയും. ബൗദ്ധിക വിനോദങ്ങളിൽ താല്പര്യമുണ്ടായിരിക്കും. സ്വന്തമായ ഇഷ്ടങ്ങൾ കുടുംബത്തിനായി വേണ്ടെന്ന് വെക്കേണ്ട സ്ഥിതിയുണ്ടാവും. വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ ആശുപത്രിവാസത്തിലേക്ക് നയിക്കാം.
പൂരാടം
സമ്മിശ്രാനുഭവങ്ങളുടെ മാസമായിരിക്കും. അത്യധ്വാനം ചെയ്തിട്ടാണെങ്കിലും വാഗ്ദാനങ്ങൾ നിറവേറ്റാൻ സാധിക്കും. എന്നാൽ പലരും നൽകിയ ഉറപ്പുകൾ പാഴായേക്കും. തൊഴിലന്വേഷണം സഫലമാവും. എന്നാൽ ദൂരദിക്കിലാവും ജോലി കിട്ടുക. വീട്ടിൽ നിന്നും വിട്ടുനിൽക്കേണ്ട സ്ഥിതി വരാം. അനുബന്ധ തൊഴിൽ ഗുണകരമുണ്ടാക്കും. സാമ്പത്തിക ഞെരുക്കത്തിന് അയവ് വരുന്നതാണ്. ബുധൻ്റെ രണ്ടാം ഭാവത്തിലെ സഞ്ചാരം പണ്ഡിതോചിതമായി സംസാരിപ്പിക്കും. പഠനത്തിൽ വളർച്ച സ്വാഭാവികമാവും. മക്കളുടെ ഉപരിപഠനത്തിലെ ആശയക്കുഴപ്പം നീങ്ങുന്നതാണ്. ജന്മനക്ഷത്രാധിപനായശുക്രൻ മകരം 15 നു മേൽ ഉച്ചസ്ഥിതി പ്രാപിക്കുകയാൽ തൊഴിലിലും വ്യക്തിപരമായും ഉയർച്ച വരാവുന്നതാണ്. ആരോഗ്യപരമായി ജാഗ്രത വേണ്ടതുണ്ട്.
ഉത്രാടം
നക്ഷത്രനാഥനായ ആദിത്യൻ തൻ്റെ ശത്രുവായ ശനിയുടെ രാശിയിൽ സഞ്ചരിക്കുന്നത് കാര്യങ്ങളുടെ സുഗമതയെ തുരങ്കം വെക്കാം. ശത്രുക്കളെ പ്രതിരോധിക്കാൻ ക്ലേശിച്ചേക്കും. നേട്ടങ്ങൾ കൈവശമെത്താൻ വൈകുന്നതാണ്. ജോലി തേടുന്നവർക്ക് കാത്തിരിപ്പ് നീളും. അന്യ സംസ്ഥാനത്ത് പഠിപ്പിന് അവസരം ലഭിക്കുന്നതാണ്. ഭാര്യാഭർത്താക്കന്മാർക്ക് ഒരു ദിക്കിലേക്ക് സ്ഥലംമാറ്റം കിട്ടണമെന്നില്ല. കടബാധ്യത ഭാഗികമായി പരിഹരിക്കും. ബിസിനസ്സ് യാത്രകൾ നിരന്തരമാവും. സാമ്പത്തിക കാര്യങ്ങളിൽ കൃത്യത പുലർത്തണം. സ്ത്രീകളുടെ പിന്തുണയും പ്രോൽസാഹനവും ലഭിക്കുന്നതാണ്. വയോജനങ്ങൾക്ക് മകൾക്കൊപ്പം താമസിക്കേണ്ടി വരാം. രോഗഗ്രസ്തർക്ക് ഗുണപ്രദമായ ചികിൽസ ലഭിക്കാം. മാനസികോല്ലാസത്തിന് അവസരം വന്നു ചേരും.
തിരുവോണം
ജന്മത്തിൽ ആദിത്യൻ സഞ്ചരിക്കുന്നത് ദേഹ മനക്ലേശങ്ങൾക്ക് കാരണമാകാം. ആഗ്രഹ സഫലീകരണത്തിന് കുറുക്കുവഴികൾ ഉണ്ടാവില്ല. ക്ഷമ പരീക്ഷിക്കപ്പെടുന്ന സന്ദർഭങ്ങൾ വരാം. പുതിയ സംരംഭങ്ങൾക്ക് ലഭിക്കേണ്ട സർക്കാർ അനുമതി വൈകുന്നതാണ്. നിലവിലെ തൊഴിൽ ഉപേക്ഷിച്ചുകൊണ്ട് പുതിയ തൊഴിൽ തേടുന്നത് നല്ലതാവില്ല. വ്യാഴാനുകൂല്യം ഉള്ളതിനാൽ ധനപരമായി മോശസ്ഥിതി വന്നേക്കില്ല. ന്യായമായ ആവശ്യങ്ങൾ ഭംഗിയായിത്തന്നെ നിർവഹിക്കപ്പെടും. ഒപ്പം ആഢംബരത്തിനായുള്ള ചെലവുകൾ കൂടാം. സൗഹൃദം മെച്ചപ്പെടുന്നതാണ്. പഴയ കൂട്ടുകാരെ കാണാനാവും. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് കരുതലോടെയാവണം. ദാമ്പത്യത്തിൽ സമ്മിശ്രാനുഭവങ്ങൾക്ക് സാധ്യത കാണുന്നു.
അവിട്ടം
ഉന്നമനേച്ഛ ഉയരും. എന്നാൽ അത് പ്രവർത്തനത്തിൽ പ്രതിഫലിക്കാൻ സാധ്യത കുറവാണ്. കുംഭക്കൂറുകാർ എതിർപ്പുകളെ മറികടക്കുവാൻ ശക്തിയുള്ളവരാവും. മകരക്കൂറുകാർ അല്പം പകച്ചുനിന്നേക്കും. സർക്കാരിൽ നിന്നും നേരിട്ടോ അല്ലാതെയോ ലഭിക്കേണ്ട കാര്യങ്ങൾ തടസ്സപ്പെടാനിടയുണ്ട്. പൊതുപ്രവർത്തകർ യശസ്സ് നഷ്ടമാകാതെ നോക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ പരാശ്രയത്വം വരാം. സുഹൃത്തുക്കളുടെ അനഭിലഷണീയ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യും. തന്മൂലം വിരോധം സമ്പാദിക്കുന്നതാണ്. ഗൃഹനിർമ്മാണത്തിൽ ഇടക്കിടെ തടസ്സങ്ങൾ വരുമെങ്കിലും മുന്നോട്ടുപോകും. വിദേശത്തുനിന്നുള്ള ബന്ധു സഹായം ലഭിക്കാം. സഭകളിലും സംഘടനകളിലും ശോഭിക്കും. വസ്തുനിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിക്കും. കുടുംബവസ്തുക്കൾ ഭാഗം വെക്കാൻ തീരുമാനിക്കുന്നതാണ്.
ചതയം
പന്ത്രണ്ടിൽ രവി, ജന്മത്തിൽ ശനി, രണ്ടിൽ രാഹു എന്നിങ്ങനെ പാപഗ്രഹങ്ങൾ വലയം ചെയ്യുകയാൽ കാര്യതടസ്സം ഉണ്ടാവുന്നതാണ്. കർമ്മനിർവ്വഹണത്തിൽ ബാഹ്യശക്തികൾ ഇടപെടുന്നതായി തോന്നിയേക്കും. പലകാര്യങ്ങൾ ഏറ്റെടുക്കേണ്ടി വരും. തൊഴിൽ സമ്മർദ്ദം ഉണ്ടാവും. നവസംരംഭങ്ങൾ, വിശേഷിച്ചും വലിയ മുതൽമുടക്കുള്ളവ, തുടങ്ങാൻ ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ല. ബുധൻ്റെ പ്രതികൂലഗതി ബന്ധങ്ങളുടെ ദാർഢ്യം കുറയ്ക്കുന്നതാണ്. പഠിപ്പിൽ പരാങ്മുഖത്വം വരാം. ചൊവ്വ ആറാം ഭാവത്തിൽ സഞ്ചരിക്കുന്നത് ശത്രുക്കളെ പ്രതിരോധിക്കാൻ ഉതകുന്നതാണ്. ഭൂമിയിൽ നിന്നും ആദായം വർദ്ധിക്കും. ശുക്രസ്ഥിതിയാൽ സുഖഭോഗങ്ങളുണ്ടാവും. മധുരമായി സംസാരിക്കും. പ്രണയം പുഷ്കലമായേക്കും. കലാപ്രവർത്തനം സുഗമമാവുന്നതാണ്.
പൂരൂരുട്ടാതി
നക്ഷത്രനാഥനായ വ്യാഴത്തിൻ്റെ വക്രഗതി മൂലം തീരുമാനങ്ങൾ പുനരാലോചിക്കേണ്ടി വരുന്നതാണ്. കർത്തവ്യങ്ങൾ ഓർമ്മിപ്പിക്കപ്പെടേണ്ട സ്ഥിതിയുണ്ടാവും. ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്ന ശനി ആലസ്യവും ശാരീരികാവശതകളും നൽകിയേക്കും. കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണ ലഭിക്കുന്നതാണ്. ഭക്ഷണ ക്രമീകരണം, വ്യായാമം ഇവയിൽ ശ്രദ്ധയുണ്ടാവണം. കുംഭക്കൂറുകാർക്ക് വസ്തുവിൽ നിന്നും ആദായം പ്രതീക്ഷിക്കാം. കൃഷികാര്യങ്ങളിൽ ഔൽസുക്യമുണ്ടാവും. ദൂരസ്ഥലങ്ങളിൽ പോയി ഉപരിപഠനം നടത്താൻ സാഹചര്യം ഇണങ്ങി വരും. കച്ചവടം വിപുലീകരിക്കാൻ സാമ്പത്തിക സഹായം സ്വീകരിക്കുന്നത് കരുതലോടെ വേണം. സഹപ്രവർത്തകരുടെ തെറ്റിദ്ധാരണ നീക്കാൻ ശ്രമിക്കും. ജീവിതശൈലി രോഗങ്ങൾക്കെതിരെ ജാഗ്രത വേണം.
ഉത്രട്ടാതി
ജന്മരാഹുവിൻ്റെ പ്രതിലോമത ശക്തമാണ്. ഏഴരശനിയുടെ സാന്നിധ്യവുമുണ്ട്. ആദിത്യൻ്റെ പതിനൊന്നിലെ സ്ഥിതി ആശാവഹമാണ്. ഉദ്യോഗത്തിൽ സ്വാധികാരം സ്ഥാപിക്കാനാവും. മനശ്ശക്തിയോടെ എതിർപ്പുകളെ മറികടക്കുന്നതാണ്. കാര്യങ്ങൾ പഠിച്ചവതരിപ്പിക്കുകയാൽ പൊതുമധ്യത്തിൽ അംഗീകാരം ഉയരും. രാഷ്ട്രീയ നേട്ടങ്ങൾ വന്നു ചേരും. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിക്കാം. പൈതൃക സ്വത്തിൽ നിന്നും ധനാഗമം ഭവിക്കും. നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ ലാഭത്തിലായേക്കും. ശുക്രൻ്റെ പന്ത്രണ്ടിലെ സ്ഥിതിയാൽ മാസാദ്യം ആഢംബരച്ചെലവുകൾ വർദ്ധിക്കുന്നതാണ്. രണ്ടാം പകുതിയിൽ പ്രണയസാഫല്യം, ഭോഗസുഖം എന്നിവയുണ്ടാവും. ഇടയ്ക്ക് ചെറുപരാജയങ്ങളുടെ കയ്പുരസം കൂടി കുടിക്കേണ്ടി വരുന്നതാണ്.
രേവതി
നക്ഷത്രനാഥനായ ബുധനും ആദിത്യനും പതിനൊന്നിൽ വരുന്നത് ഏറെ അനുകൂലമാണ്. തടസ്സങ്ങളാൽ നിലച്ചുപോയ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഇതാണ് ഉചിത സമയം. പ്രൈവറ്റ് കമ്പനി ജോലിയിൽ സ്ഥാനക്കയറ്റമുണ്ടാവും. വേതനം വർദ്ധിച്ചേക്കാം. കരാറുപണികളിലെ കുടിശ്ശികയായിട്ടുള്ള തുക ലഭിക്കുന്നതാണ്. ഉദ്യോഗത്തിൽ നിന്നും വിരമിച്ചവർക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ട തുക കൈവശമെത്തും. സുഹൃത്തുക്കൾ തമ്മിലുള്ള തെറ്റിദ്ധാരണ അകലുന്നതാണ്. കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾക്കും പരിഹാരം തെളിയും. പിതാവിൻ്റെ ഉപദേശം മനക്ലേശമകറ്റും സാഹിത്യകാരന്മാർക്ക് ഗ്രന്ഥരചനയിൽ പ്രശസ്തിയുണ്ടാവും. തൊഴിൽ യാത്രകൾ കൂടും. നറുക്കെടുപ്പ്, ചിട്ടി ഇവയിലൂടെ ധനാഗമത്തിന് സാധ്യതയുണ്ട്. പതിവ് ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.