scorecardresearch

വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Jan 05 -Jan 11

Weekly Horoscope, January 05-January 11: ജനുവരി 05 ഞായർ മുതൽ ജനുവരി 11 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, January 05-January 11: ജനുവരി 05 ഞായർ മുതൽ ജനുവരി 11 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ ധനുരാശിയിൽ പൂരാടം - ഉത്രാടം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്തപക്ഷത്തിൽ ഷഷ്ഠി മുതൽ ത്രയോദശി വരെയുള്ള തിഥികളിലാണ്. പൂരൂരുട്ടാതി മുതൽ രോഹിണി വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രൻ കടന്നുപോകുന്നത്. ചൊവ്വ വക്രഗതിയിൽ കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിലാണ്. ബുധൻ ധനുരാശിയിൽ മൂലം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ശുക്രൻ കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലാണ്.  

Advertisment

ശനി കുംഭത്തിൽ പൂരൂരുട്ടാതിയിലും വ്യാഴം ഇടവം രാശിയിൽ വക്രഗതിയിൽ രോഹിണിയിലും സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലും കേതു കന്നി രാശിയിൽ ഉത്രം നക്ഷത്രത്തിലും തുടരുകയാണ്. ഞായറാഴ്ച രാവിലെ വരെ കർക്കടകക്കൂറുകാർക്കും തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് 6 മണി വരെ ചിങ്ങക്കൂറുകാർക്കും അഷ്ടമരാശിക്കൂറാണ്. അതിനുമേൽ വ്യാഴാഴ്ച സന്ധ്യവരെ കന്നിക്കൂറുകാർക്കും തുടർന്ന് വാരാന്ത്യംവരെ തുലാക്കൂറുകാർക്കും അഷ്ടരാശിക്കൂറുണ്ട്. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.

അശ്വതി

ശുക്രനും ശനിയും പതിനൊന്നിൽ സഞ്ചരിക്കുന്ന വാരമാകയാൽ ഭോഗസുഖം, മനസ്സന്തോഷം, സ്ത്രീ സൗഹൃദം മൂലം നേട്ടങ്ങൾ എന്നിവ ന്യായമായും പ്രതീക്ഷിക്കാം. ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടുന്നതാണ്. വാരാദ്യത്തിലെ രണ്ടുമൂന്നു ദിവസങ്ങൾക്ക് ചന്ദ്രൻ്റെ പന്ത്രണ്ടാം ഭാവത്തിലെ സഞ്ചാരത്താൽ മനസ്സുഖം കുറഞ്ഞേക്കും. ചിന്താപരത ഏറുന്നതാണ്. ബുധനാഴ്ച മുതൽ കാര്യപ്രാപ്തി സുഗമമായിരിക്കും. തൊഴിലിടത്തിൽ മേധാവിത്വം ഉച്ഛ്രംഖലമായി തുടരുന്നതാണ്. നവംനവങ്ങളായ കാര്യങ്ങൾ നിർവഹണസന്ധിയിൽ എത്തിക്കാനാവും.

ഭരണി

Advertisment

ലക്ഷ്യം വെക്കുന്ന കാര്യങ്ങൾ എളുപ്പത്തിൽ നേടാനാവും. അതിന് കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടായിരിക്കും. പുതിയതായി ചിലതൊക്കെ പഠിക്കാൻ കഴിഞ്ഞേക്കും.  സമത്വബോധം ആദരിക്കപ്പെടുന്നതാണ്. മറ്റുള്ളവരുടെ സങ്കടങ്ങളിൽ അലിവുണ്ടാവും. കൂട്ടുബിസിനസ്സിൽ നിന്നും മാറാനാഗ്രഹിക്കും. എന്നാൽ അതത്ര എളുപ്പമല്ലെന്നും തിരിച്ചറിയും. അനുബന്ധ തൊഴിലുകൾ കൂടുതൽ സാമ്പത്തിക ലാഭത്തിന് കാരണമാകുന്നതാണ്. പഴയ ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങിക്കും. കലാപരമായ സിദ്ധികൾക്ക് അംഗീകാരം ലഭിക്കുന്നതാണ്.

കാർത്തിക

തെറ്റുകുറ്റങ്ങളുടെ പഴുതടച്ച് മുന്നോട്ട് പോകാനാവും. ആദർശം പുലർത്തുമ്പോഴും പ്രായോഗികതയിലാവും ഊന്നൽ.  ഗൃഹത്തിലെ മുതിർന്നവരുടെ അഭിപ്രായം മാനിക്കും.  ഉപരിവിദ്യാഭ്യാസത്തിന്  തൽസംബന്ധമായ സ്ഥാപനങ്ങളുടെ ഉപദേശം സ്വീകരിക്കുന്നതാണ്. സമൂഹത്തിൻ്റെ പ്രതികരണത്തെ കൊള്ളുകയും തള്ളുകയുമില്ല. ധനക്ലേശത്തിന് അയവുണ്ടാവുന്ന കാര്യങ്ങൾ നടക്കും. ബന്ധുക്കളുടെ തർക്കത്തിൽ മാധ്യസ്ഥത്തിന് മുതിരുന്നതാണ്. നവവർഷ പ്രതിജ്ഞകളിൽ ചിലതൊക്കെ മുളയിലെ വാടുന്നത് വിഷമമുണ്ടാക്കാം.

രോഹിണി

എളുപ്പത്തിൽ കാര്യസാധ്യം പ്രതീക്ഷിക്കുന്നവ വൈകിയേക്കും. എന്നാൽ ചില ദുർഘട വിഷയങ്ങൾ വേഗം കരഗതമാവുകയും ചെയ്യും. അദ്ധ്വാനം വിലമതിക്കപ്പെടുന്നതാണ്. ഉദ്യോഗസ്ഥർക്ക് ഒപ്പമുള്ളവരുടെ പ്രോൽസാഹനം കൈവരുന്നതാണ്. വ്യാപാരത്തിൽ സാമ്പത്തിക ലാഭം വന്നെത്തും. കരാറുകൾ പുതുക്കപ്പെടുന്നത് ആശ്വാസമേകും. ഏജൻസികളുടെ വിപുലനം സാധ്യമാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉന്മുഖതയുണ്ടാവും. ബുധനും വ്യാഴനും മനക്ലേശം അധികരിക്കാം. പണച്ചെലവ് കൂടും. മറ്റു ദിവസങ്ങളിൽ സുഖഭക്ഷണം, ആവശ്യത്തിന് വിശ്രമം ഇവയുണ്ടാവും.

മകയിരം

പ്രാരബ്ധങ്ങളെക്കുറിച്ച് വേവലാതിപ്പെടും. ചുമതലകൾ എങ്ങനെ പൂർത്തിയാക്കുമെന്ന് വിഷമിക്കും. എന്നാലും അനുകൂലമായ അനുഭവങ്ങൾ തന്നെയാവും അധികവും ആവർത്തിക്കുക. നല്ലതു പറയാനും വഴിതെളിക്കാനും ആളുണ്ടാവുന്നതാണ്. ബിസിനസ്സിൽ മുടക്കിയത് മടക്കിക്കിട്ടാതിരിക്കില്ല. ചെറുപ്പക്കാരുടെ പ്രണയത്തിന് കുടുംബം പച്ചക്കൊടി കാട്ടിയേക്കും. മകളുടെ ജോലിക്കാര്യത്തിൽ ശുഭവാർത്തയുണ്ടാവുന്നതാണ്. മുതിർന്നവർ സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധ കാട്ടണം. മൂന്നാം തലമുറയെ ലാളിക്കാൻ അവസരം വന്നു ചേർന്നേക്കും.

തിരുവാതിര

ചന്ദ്രസഞ്ചാരം 9 മുതൽ 12 വരെയുള്ള രാശികളിലാകയാൽ അനുകൂലമായ ഫലങ്ങൾക്കാവും മുൻതൂക്കം. മുൻപ് കഠിനമായി യത്നിച്ചിട്ടും പരാജയപ്പെട്ട കാര്യങ്ങൾ ലഘുശ്രമത്താൽ ഇപ്പോൾ നേടാനാവും. സംഘടനയിൽ നിലപാടിന് ആദരം ലഭിക്കുന്നതാണ്. കച്ചവടത്തിൽ നിന്നും ലാഭം കണ്ടുതുടങ്ങും. കുടുംബ ജീവിതത്തിൽ ക്ലേശങ്ങൾ അകന്ന് സ്നേഹമധുരം നിറയും.   ബന്ധുസമാഗമത്തിൽ സന്തോഷമുണ്ടാവും. കലാമത്സരങ്ങളിൽ അഭിനന്ദിക്കപ്പെടും. ധനവിനിയോഗത്തിൽ ശ്രദ്ധയുണ്ടാവണം. വെള്ളി, ശനി ദിവസങ്ങളിൽ ചെലവേറും. യാത്രകൾ ക്ലേശിപ്പിച്ചേക്കാം. പ്രവർത്തികളിൽ കൃത്യതയുണ്ടാവണം.

പുണർതം

പ്രയത്നം പൂർത്തീകരിക്കാനും മത്സരങ്ങളിലും മറ്റും വിജയം നേടാനുമാവും. സാമൂഹികമായ അംഗീകാരം മുൻപത്തേക്കാൾ ഉയരുന്നതാണ്. വിദ്യാർത്ഥികൾ അലസത കൈവെടിയും. കടം കൊടുത്ത പണം കുറശ്ശെയെങ്കിലും മടക്കിക്കിട്ടും. അതുപോലെ മുൻപ് ചെയ്തതിൻ്റെ പ്രതിഫലം കൈവശമെത്തും. സഹോദരരുമായുള്ള ഭിന്നത മാധ്യസ്ഥന്മാരിലൂടെ രാജിയാവും. സർക്കാർ കാര്യങ്ങളിൽ പലതരം തടസ്സങ്ങൾ അനുഭവപ്പെടും. ആരാധനാലയങ്ങൾ സന്ദർശിച്ച് പ്രാർത്ഥന  നടത്തുവാനാവും. കലോപാസകർക്ക് സന്തോഷം ഭവിക്കുന്നതാണ്. രോഗക്ലേശങ്ങൾ കുറഞ്ഞുതുടങ്ങും.

പൂയം

ജീവിതത്തിൻ്റെ സുഖവും ദുഃഖവും നിറഞ്ഞ ഇരുവശങ്ങളെക്കുറിച്ചോർമ്മിക്കാൻ അവസരം ഉണ്ടാവും. ജീവിത യാത്രയിൽ തെറ്റാകുമോ തീരുമാനമെന്ന് ആദ്യം സന്ദിഗ്ദ്ധരാവും. എന്നാലും ഉറപ്പിച്ചുതന്നെ മുന്നോട്ടു നീങ്ങാൻ സാഹചര്യം അനുവദിക്കുന്നതാണ്. ജീവിത പങ്കാളിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിൽ ആഹ്ളാദമുണ്ടാവും. സ്വാശ്രയ വ്യാപാരത്തിൽ ലാഭം കുറഞ്ഞാലും വരുമാനത്തിൽ താഴ്ചയുണ്ടാവില്ല. ആവശ്യത്തിന് വിശ്രമം കിട്ടും. മംഗളകർമ്മങ്ങളിൽ സകുടുംബം പങ്കെടുക്കുവാനാവും. ധനപരമായ അമളികൾ വരാനിടയുണ്ട്. അതിൽ കരുതൽ വേണം.

ആയില്യം

ന്യായമായ ആഗ്രഹങ്ങളുടെ സഫലീകരണം പ്രതീക്ഷിക്കാവുന്ന വാരമാണ്. കർമ്മരംഗത്ത് വ്യക്തമായ മുന്നേറ്റം ഭവിക്കുന്നതായിരിക്കും. ഉദ്യോഗത്തിൽ സംതൃപ്തിയുണ്ടാവും. മേലധികാരികളുടെ പ്രീതി കൈവരും.  ദാമ്പത്യത്തിലെ അലോസരങ്ങൾ അകലുന്നതാണ്. പ്രണയികൾക്ക് സന്തോഷിക്കാനവസരം സഞ്ജാതമാകും. ദൗത്യങ്ങളിൽ വിജയിക്കും. മനസ്സിലെ ഭാവനാപരത ന്യായമായിത്തന്നെ ആവിഷ്കരിക്കാൻ കഴിയുന്നതാണ്. എഴുതിത്തള്ളിയ ചില കിട്ടാക്കടങ്ങൾ കുറച്ചെങ്കിലും കിട്ടിയേക്കാം. ചിട്ടി, നറുക്കെടുപ്പ്, ഇൻഷ്വറൻസ് ഇവയിലൂടെ ധനാഗമം ഉണ്ടാവും.

മകം

ശത്രുതാമനോഭാവം പുലർത്തിയ ചിലർ മിത്രങ്ങളായി മാറാം. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ അപ്പടി അനുസരിക്കുന്നതു മൂലം സുഹൃത്തുക്കളുടെ പരിഹാസത്തിന് പാത്രമായേക്കും.  സാമ്പത്തിക വരുമാനം പ്രതീക്ഷിച്ചതിലും കുറയില്ല. സമയബന്ധിതമായി ചുമതലകൾ തീർക്കാൻ ക്ലേശിക്കുന്നതാണ്. ഗൃഹത്തിൻ്റെ അറ്റകുറ്റപ്പണി നീണ്ടേക്കാം. അമിതോത്സാഹവും അമിതമായ ആത്മവിശ്വാസവും ഒഴിവാക്കുക കരണീയം. വ്യാപാരികൾക്കും വ്യവസായികൾക്കും വിപണിയിൽ ചലനം സൃഷ്ടിക്കാനാവും. ഞായർ മുതൽ ചൊവ്വ വരെ ദിവസങ്ങളിൽ ശുഭാരംഭം ഒഴിവാക്കേണ്ടതുണ്ട്.

പൂരം

ഔദ്യോഗികമായി സമ്മിശ്രമായ കാലമാണ്. മേലധികാരിയുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് അബദ്ധത്തിലാവാനിടയുണ്ട്. കലാകാരന്മാർ പുതിയ അവസരങ്ങൾ തേടുന്നതാണ്. ഗൃഹത്തിൽ സ്വസ്ഥത കുറയാം. പിതൃ-പുത്ര ബന്ധത്തിൽ രമ്യത ഉണ്ടായേക്കില്ല. ദാമ്പത്യത്തിൽ സമരസം  വേണ്ടി വരുന്നതാണ്. വയോജനങ്ങളുടെ ആരോഗ്യ പരിശോധനയ്ക്ക് സമയം കണ്ടെത്തും.  വിദ്യാഭ്യാസപരമായി തെളിമയുള്ള വാരമാണ്. ഭൂമി വ്യാപാരത്തിൽ അമളി വരാനിടയുണ്ട്.  സുഹൃത്തുക്കളുമായി വിനോദയാത്ര നടത്തും. വാരാദ്യ ദിവസങ്ങളിൽ അഷ്ടമരാശി വരികയാൽ കരുതൽ വേണം.

ഉത്രം

കരുതിയതുപോലെ പ്രവർത്തിക്കാൻ കഴിഞ്ഞേക്കില്ല.  അകാരണമായ വിഷാദം ബാധിക്കാം. ഊർജ്ജം വീണ്ടെടുക്കാൻ സ്വയം തയ്യാറാവണം. സംഘടനയിൽ
നേതൃത്വത്തോട് കലഹിക്കാനിടയുണ്ട്.  സാമ്പത്തിക ശോച്യത മാറുന്നതിനാൽ ആശ്വാസമുണ്ടാവും. വിദേശത്തുള്ള ബന്ധുക്കളുടെ സഹായം ലഭിക്കുന്നതാണ്. സാങ്കേതിക വിഷയമോ പുതിയ ഭാഷയോ പഠിക്കാൻ ശ്രമം തുടർന്നേക്കും. വായ്പകൾ തിരിച്ചടക്കാൻ സാധിക്കും. പ്രണയികൾക്ക് ശനി - ശുക്ര യോഗത്താൽ തടസ്സങ്ങൾ അനുഭവത്തിൽ വരാം. വാരാവസാന ദിനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാവും.

അത്തം

ഉന്നമനേച്ഛ നിലനിർത്തുന്നതാണ്. കർമ്മരംഗത്ത് ആത്മാർത്ഥമായി പ്രവർത്തിക്കും.  ബിസിനസ്സിൽ വിപുലീകരണം സാധ്യമാകുന്നതാണ്. താത്കാലിക ജോലി തുടർന്ന് ലഭിക്കുന്നതിൽ അനിശ്ചിതത്വം വരാം. ബന്ധുക്കളുടെ പ്രീതിക്ക് പാത്രമാവും. ദാമ്പത്യസുഖം ഉണ്ടാവും.  കുടുംബാംഗങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച് ഭാവിതീരുമാനങ്ങൾ കൈക്കൊള്ളും. ചിലവുകളെ നിയന്ത്രിക്കാൻ ക്ലേശിക്കുന്നതാണ്. ഉപാസന, ദൈവിക സമർപ്പണങ്ങൾ ഇവ പൂർത്തീകരിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ മനോവാക്കർമ്മങ്ങളിൽ ശ്രദ്ധ വേണം.

ചിത്തിര

നക്ഷത്രനാഥനായ ചൊവ്വയുടെ നീചവും വക്രഗതിയും കാരണം കാര്യതടസ്സം നിരന്തരമാവും. മറ്റുള്ളവരെ അപേക്ഷിച്ച് ലക്ഷ്യപ്രാപ്തിക്ക് കൂടുതൽ അധ്വാനം ആവശ്യമാവുന്നതാണ്. പാരമ്പര്യ ബിസിനസ്സിൽ താല്പര്യക്കുറവ് ഉണ്ടായേക്കും. കൂട്ടുകച്ചവടത്തിൽ ചില ഭിന്നതകൾ രൂപപ്പെടാം. എങ്കിലും ധനപരമായി ക്ലേശിക്കേണ്ടി വരില്ല. കടം കൊടുത്ത തുക മടക്കി ലഭിക്കാം. ഗൃഹം / വാഹനം മുതലായവയുടെ പ്രതിമാസ വായ്പ അവസാനിച്ചതിനാൽ ആശ്വാസമുണ്ടാവും.  ദാമ്പത്യബന്ധം ദൃഢമാകും. പൊതു പ്രവർത്തനം തൃപ്തികരമായി തോന്നും. സാഹസകർമ്മങ്ങളിൽ നിന്നും ഒഴിയുന്നത് ഉത്തമം.

ചോതി

തൊഴിലിടത്തിൽ സമാധാനമുണ്ടാവും. മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം സൂക്ഷിക്കാൻ കഴിയുന്നതാണ്. കുടുംബ ജീവിതത്തിൽ സ്വസ്ഥത പ്രതീക്ഷിക്കാം. മകൻ്റെ പഠനോത്സുകതയിൽ സന്തോഷിക്കും. സ്വന്തം ഭാവനാത്മകത ഉയരുന്നതാണ്.  എന്തിലും പുതുമ വരുത്താൻ ശ്രമിക്കും. വയോജനങ്ങൾക്ക് ഏകാന്തത അനുഭവപ്പെട്ടേക്കാം. അവരുടെ പരിരക്ഷയിൽ അലംഭാവമരുത്. വിദേശത്തുള്ളവർക്ക് തൊഴിലവസരങ്ങൾ സംജാതമായേക്കും. മത്സരങ്ങളിലും വ്യവഹാരങ്ങളിലും തൽകാലം ശോഭിക്കാൻ കഴിഞ്ഞേക്കില്ല.

വിശാഖം

വാരാദ്യദിനങ്ങളിൽ കുറച്ചു മനപ്രയാസം വരാനിടയുണ്ട്. എത്ര ശ്രമിച്ചിട്ടും ചിലരെ നന്നാക്കാനാവാത്തത് ആത്മഖേദത്തിന് വഴിതെളിക്കും. കുടുംബ ബഡ്ജറ്റിൽ ആശുപത്രിച്ചെലവുകൾ കൂടി ഇടം പിടിച്ചേക്കാം. തൊഴിലിൽ വലിയ മാറ്റമൊന്നും തത്കാലം പ്രതീക്ഷിക്കേണ്ടതില്ല. നിലവിലെ സ്ഥിതി തുടരപ്പെടും. വിദ്യാർത്ഥികൾ പഠനയാത്രയുടെ ഭാഗമായേക്കും. തുലാക്കൂറുകാർ വാരാന്ത്യത്തിൽ എതിർപ്പുകളെ നേരിടുന്നതാണ്. വൃശ്ചികക്കൂറുകാർക്ക് പാർട്ണർഷിപ്പിൽ ലാഭമുണ്ടാവും. പ്രണയം മൂലം സന്തോഷം ഭവിക്കുന്നതാണ്.

അനിഴം

പ്രവർത്തന മികവുണ്ടാവും. നന്നായി ആസൂത്രണം ചെയ്ത കാര്യങ്ങൾ നന്നായിത്തന്നെ നിർവഹണത്തിലെത്തിക്കാനും കഴിയും. ഔദ്യോഗിക കാര്യങ്ങളിൽ സഹപ്രവർത്തകർ ഉപദേശം തേടിയേക്കും. മക്കളെ സംബന്ധിച്ച കാര്യങ്ങളിൽ ചില മനപ്രയാസങ്ങൾക്ക് സാധ്യതയുണ്ട്. പണ്ഡിതോചിതമായ സംഭാഷണവും മറുപടിയും മതിപ്പ് കൂട്ടുന്നതാണ്. ദാമ്പത്യത്തിൽ സ്വൈരാനുഭവങ്ങൾ കുറയില്ല. ബന്ധുജനങ്ങളുടെ ഇടയിൽ സ്വീകാര്യത വർദ്ധിക്കുന്നതാണ്. രാശിനാഥനായ ചൊവ്വ നീചരാശിയിൽ തുടരുകയാൽ അമിതമായ ആത്മവിശ്വാസമുണ്ടോ എന്ന് സ്വയം ചിന്തിക്കേണ്ടതുണ്ട്.

തൃക്കേട്ട

നക്ഷത്രനാഥനായ ബുധൻ രണ്ടാമെടത്ത് സഞ്ചരിക്കുകയാൽ വാക്സിദ്ധി വർദ്ധിക്കും. സിമ്പോസിയങ്ങളിലും പ്രഭാഷണങ്ങളിലും കീർത്തി നേടുന്നതാണ്. ധനക്ലേശങ്ങൾക്ക് അയവുണ്ടാവും. ചിന്തിച്ച് തീരുമാനമെടുക്കും.  പുതിയ ചുമതലകളിൽ  പ്രവർത്തന നിരതത്വം വന്നുചേരുന്നതാണ്. സുഖസ്ഥാനത്ത് ശുക്രൻ തുടരുകയാൽ മാനസികവും ശാരീരികവുമായ സൗഖ്യം അനുഭവപ്പെടും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചന്ദ്രന് രാഹുബന്ധം വരികയാൽ സർവ്വകാര്യങ്ങളിലും ജാഗ്രതയുണ്ടാവണം. മറ്റു ദിവസങ്ങളിൽ ന്യായമായ കാര്യങ്ങൾ അഭംഗുരമായി നടന്നുകിട്ടുന്നതാണ്. ഗതകാലസ്മരണകൾ മനസ്സിൽ നിറയാം.

മൂലം

സ്വതന്ത്ര നിലപാടുകൾക്ക് സ്വീകാര്യത ഉണ്ടായേക്കില്ല. സഹപ്രവർത്തകർ അകലം പാലിച്ചേക്കും. എന്നാലും രാഷ്ട്രീയവും കാഴ്ചപ്പാടുകളും ഭേദഗതി ചെയ്തേക്കില്ല. നാലാംഭാവത്തിലെ ചന്ദ്രരാഹു യോഗം വാരാദ്യദിവസങ്ങളിൽ മനക്ലേശം സൃഷ്ടിക്കാം. പ്രശ്നങ്ങൾ പരിഹരിക്കാൻ തലപുകഞ്ഞ് ആലോചിച്ചേക്കും. ചെറുകിട സംരംഭങ്ങൾ ആദായകരമാവും. രോഗഗ്രസ്തർക്ക് ചികിൽസാമാറ്റം ഗുണം ചെയ്യുന്നതാണ്. പണയ ഉരുപ്പടികൾ വീണ്ടും പുതുക്കിവെക്കാൻ സാധിക്കും. ഗുരുസ്ഥാനീയർ വഴികാട്ടികളായെത്താം.

പൂരാടം

ശുക്രശനിയോഗം തുടരുകയാൽ കൂട്ടുകെട്ടിൽ ശ്രദ്ധയുണ്ടാവണം. വാക്കിലും പ്രവൃത്തിയിലും കരുതൽ അനിവാര്യമാണ്. മക്കളുടെ ആവശ്യങ്ങൾ ന്യായമാണോ എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. ഭൂമി വ്യാപാരത്തിൽ നഷ്ടസാധ്യത നിലനിൽക്കുന്നുണ്ട്. കടം വാങ്ങിയ തുക ഭാഗികമായി മടക്കി നൽകാനായേക്കും. വാഗ്ദാനം നൽകും മുൻപ് അവ പ്രാവർത്തികമാക്കാൻ കഴിയുമോ എന്ന് ആലോചിക്കുന്നത് നന്നായിരിക്കും. കുടുംബത്തിൻ്റെ പിന്തുണ എപ്പോഴും ഉണ്ടാവും. ഭക്തിസാധനയ്ക്ക് വാരാന്ത്യത്തിൽ അവസരം വന്നെത്തുന്നതാണ്.

ഉത്രാടം

അധിക ഗ്രഹങ്ങളും അനുകൂല നിലയിലല്ലാത്തതിനാൽ പുതുസംരംഭങ്ങൾ തുടങ്ങുന്നത് ഇപ്പോൾ ശുഭകരമാവില്ല. നേട്ടങ്ങൾക്ക് ഒരുപാട് വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. മേലധികാരികൾ പ്രത്യേക പരിഗണന നൽകിയേക്കും. ബിസിനസ്സിൽ ലാഭം നാമമാത്രമാവും. വിദ്യാർത്ഥികളെ പഠനത്തിന് നിരന്തരം പ്രേരിപ്പിക്കേണ്ടി വന്നേക്കും. സാഹിത്യ പ്രവർത്തനത്തിൽ ഉന്മേഷം കുറയും. പ്രണയത്തിൽ തടസ്സങ്ങളെ വകവെക്കാതെ മുന്നോട്ടു പോകാനാവും. ആരോഗ്യപരിരക്ഷയ്ക്ക് പ്രാധാന്യം നൽകണം. ഞായർ, തിങ്കൾ, വ്യാഴം ദിവസങ്ങൾ മെച്ചപ്പെട്ടതായിരിക്കും.

തിരുവോണം

നക്ഷത്രനാഥനായ ചന്ദ്രൻ പൂർണ്ണബലത്തിലേക്ക് നീങ്ങുകയാൽ ആത്മശക്തി കൂടുന്നതായിരിക്കും. സഹായിക്കാൻ പലരും മുന്നോട്ടുവരും. വാക്കാലുള്ള പിന്തുണയും കുറയില്ല. തള്ളണോ കൊള്ളണോ എന്ന വിവേകം അവനവനിൽ മാത്രം നിക്ഷിപ്തമെന്നത് മറക്കരുത്. മുൻചെയ്തികളിലെ കെടുകാര്യസ്ഥത തിരിച്ചറിഞ്ഞ് തിരുത്തും. വിവാദങ്ങളിൽ മൗനം ഭൂഷണമാവുമെന്ന് തിരിച്ചറിയേണ്ടതുണ്ട്. സ്വാശ്രയ വ്യാപാരത്തിൽ നഷ്ടം കുറഞ്ഞുകുറഞ്ഞു വരുന്നത് ആശ്വാസമേകും. മകളുടെ ജോലിക്കാര്യത്തിലെ ആശങ്കകൾ ഒഴിയുന്നതാണ്.

അവിട്ടം

പരിശ്രമങ്ങൾ സഫലമാവാൻ കാലതാമസമുണ്ടാവും. എങ്കിലും ആകസ്മികമായ നേട്ടങ്ങളും വന്നെത്തുന്നതാണ്. അധികാരികളുടെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടമാക്കും. രാഷ്ട്രീയത്തിൽ താല്പര്യം കുറയുന്നതാണ്. മകൻ്റെ ഉപരിവിദ്യാഭ്യാസം സംബന്ധിച്ച ആശയക്കുഴപ്പം തുടരപ്പെടാം. നവസംരംഭങ്ങൾക്ക് അത്ര അനുകൂലമായ കാലഘട്ടമല്ല. പണമെപാടുകൾ കരുതലോടെ വേണം. താത്കാലികമായ ജോലികൾ തേടുന്നവർക്ക് അവസരങ്ങൾ വരും. വാക്കുകളിൽ മാധുര്യവും കയ്പും മാറിമാറി ഇടം പിടിക്കും.

ചതയം

ശുക്രൻ ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ഭോഗസുഖമുണ്ടാവും. ശനി ജന്മനക്ഷത്രത്തിൽ നിന്നും മാറിയത് ആലസ്യം നീങ്ങാൻ കാരണമാവും. ബുധൻ്റെ പതിനൊന്നിലെ സ്ഥിതി പഠന മികവിനും കച്ചവടത്തിൽ വിലപേശി നേട്ടങ്ങൾ കൈവരിക്കാനും സഹായകമാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂലത പ്രതീക്ഷിക്കാം. ശത്രുപക്ഷത്തെ നിരാകരിച്ചുകൊണ്ട് മുന്നോട്ടുപോകും. കടബാധ്യതകൾ തീർക്കാനുള്ള പോംവഴി തെളിയുന്നതാണ്. ഊഹക്കച്ചവടത്തിൽ നിന്നും ആദായം പ്രതീക്ഷിക്കാം. തിങ്കൾ, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയാം.

പൂരൂരുട്ടാതി

ശനി ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ആലസ്യമോ കർമ്മപരാങ്മുഖത്വമോ ഉണ്ടാവാനിടയുണ്ട്. കരുതിയ കാര്യങ്ങളിൽ നിന്നും അവസാന നിമിഷം പിന്മാറാൻ സാധ്യതയുണ്ട്. ചീത്തക്കൂട്ടുകെട്ടുകളെ തിരിച്ചറിയണം. ധനപരമായി വഞ്ചിക്കപ്പെടാനിടയുണ്ട്. മാതാപിതാക്കളുടെ വാക്കുകൾ കൗമാരക്കാർക്ക് അനിഷ്ടകാരിയാവും. ആദിത്യൻ്റെ അനുകൂല നില തുടരുന്നതിനാൽ ഏർപ്പെട്ടിരിക്കുന്ന സംരംഭങ്ങൾ ലാഭകരമാവും. ദാമ്പത്യം സുഖകരമായിരിക്കും. ജന്മരാശിയിൽ ശുക്രൻ സഞ്ചരിക്കുന്നത് പ്രണയത്തിലെ തടസ്സങ്ങളകലാൻ സഹായകമാവും. ആഢംബര വസ്തുക്കൾ വാങ്ങുവാൻ ചെലവേറും.

ഉത്രട്ടാതി

ഒന്നിനോടും മാനസികമായ ചായ്‌വ് അനുഭവപ്പെടില്ല. കർമ്മരംഗത്ത് സമ്മിശ്രാവസ്ഥ തുടരുന്നതാണ്. പണം മുടക്കി തൊഴിൽ ചെയ്യുന്നവർക്ക് ഗുണം കുറയും. ഞായർ മുതൽ ചൊവ്വ വരെ ദിവസങ്ങളിൽ ബന്ധുസമാഗമം, ഇഷ്ടഭക്ഷണ യോഗം, പാരിതോഷിക ലബ്ധി ഇവ സാധ്യതകളാണ്. ബുധനും വ്യാഴവും ആരോടെങ്കിലും കലഹിക്കാനിടയുണ്ട്. പ്രതീക്ഷിച്ച ധനം കൈവശമെത്താൻ താമസമുണ്ടാവും. സ്ഥാപനത്തിൻ്റെ നടത്തിപ്പിന് പങ്കാളികളെ തേടും. വെള്ളി, ശനി ദിവസങ്ങളിൽ മനസ്സ് അല്പം ശാന്തതയിൽ എത്തും. കാര്യസാധ്യം ദുഷ്കരമല്ലെന്ന തോന്നൽ ഉണ്ടാവുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണ കിട്ടും.

രേവതി

സന്തോഷിക്കാൻ ധാരാളം സന്ദർഭങ്ങളുണ്ടാകും. സുഹൃൽ സമാഗമം പ്രതീക്ഷിക്കാം. തൊഴിൽ രംഗത്തെ ഉന്മേഷമില്ലായ്മ വിടപറഞ്ഞേക്കും. ബിസിനസ്സ് യാത്രകൾ ലാഭത്തിലേക്ക് നയിക്കുന്നതാണ്. ആരോഗ്യപരമായ ഉത്കണ്ഠകൾ കുറയും. വിമർശകർ ചൂണ്ടിക്കാട്ടാനിടയുള്ള കാര്യങ്ങൾക്ക് കൃത്യമായ ഉത്തരം കണ്ടെത്തുന്നതാണ്. വാരമധ്യത്തിൽ മനസ്സമാധാനത്തിന് നേരിയ ഭംഗം വരാം. അനാവശ്യ കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക കരണീയം. പണമെടപാടുകളിൽ സൂക്ഷ്മത അനിവാര്യം. മറ്റുള്ള ദിവസങ്ങളിൽ ശുഭവാർത്ത കേൾക്കും.  ജീവിത പങ്കാളിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഔത്സുക്യമുണ്ടാവും.

Read More

daily horoscope weekly horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: