/indian-express-malayalam/media/media_files/2024/12/28/january5-to-january-11-weekly-horoscope-astrological-predictions-aswathi-to-ayilyam.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ ധനുരാശിയിൽ പൂരാടം - ഉത്രാടം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്തപക്ഷത്തിൽ ഷഷ്ഠി മുതൽ ത്രയോദശി വരെയുള്ള തിഥികളിലാണ്. പൂരൂരുട്ടാതി മുതൽ രോഹിണി വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രൻ കടന്നുപോകുന്നത്. ചൊവ്വ വക്രഗതിയിൽ കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിലാണ്. ബുധൻ ധനുരാശിയിൽ മൂലം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ശുക്രൻ കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലാണ്.
ശനി കുംഭത്തിൽ പൂരൂരുട്ടാതിയിലും വ്യാഴം ഇടവം രാശിയിൽ വക്രഗതിയിൽ രോഹിണിയിലും സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലും കേതു കന്നി രാശിയിൽ ഉത്രം നക്ഷത്രത്തിലും തുടരുകയാണ്. ഞായറാഴ്ച രാവിലെ വരെ കർക്കടകക്കൂറുകാർക്കും തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് 6 മണി വരെ ചിങ്ങക്കൂറുകാർക്കും അഷ്ടമരാശിക്കൂറാണ്. അതിനുമേൽ വ്യാഴാഴ്ച സന്ധ്യവരെ കന്നിക്കൂറുകാർക്കും തുടർന്ന് വാരാന്ത്യംവരെ തുലാക്കൂറുകാർക്കും അഷ്ടരാശിക്കൂറുണ്ട്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.
അശ്വതി
ശുക്രനും ശനിയും പതിനൊന്നിൽ സഞ്ചരിക്കുന്ന വാരമാകയാൽ ഭോഗസുഖം, മനസ്സന്തോഷം, സ്ത്രീ സൗഹൃദം മൂലം നേട്ടങ്ങൾ എന്നിവ ന്യായമായും പ്രതീക്ഷിക്കാം. ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടുന്നതാണ്. വാരാദ്യത്തിലെ രണ്ടുമൂന്നു ദിവസങ്ങൾക്ക് ചന്ദ്രൻ്റെ പന്ത്രണ്ടാം ഭാവത്തിലെ സഞ്ചാരത്താൽ മനസ്സുഖം കുറഞ്ഞേക്കും. ചിന്താപരത ഏറുന്നതാണ്. ബുധനാഴ്ച മുതൽ കാര്യപ്രാപ്തി സുഗമമായിരിക്കും. തൊഴിലിടത്തിൽ മേധാവിത്വം ഉച്ഛ്രംഖലമായി തുടരുന്നതാണ്. നവംനവങ്ങളായ കാര്യങ്ങൾ നിർവഹണസന്ധിയിൽ എത്തിക്കാനാവും.
ഭരണി
ലക്ഷ്യം വെക്കുന്ന കാര്യങ്ങൾ എളുപ്പത്തിൽ നേടാനാവും. അതിന് കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടായിരിക്കും. പുതിയതായി ചിലതൊക്കെ പഠിക്കാൻ കഴിഞ്ഞേക്കും. സമത്വബോധം ആദരിക്കപ്പെടുന്നതാണ്. മറ്റുള്ളവരുടെ സങ്കടങ്ങളിൽ അലിവുണ്ടാവും. കൂട്ടുബിസിനസ്സിൽ നിന്നും മാറാനാഗ്രഹിക്കും. എന്നാൽ അതത്ര എളുപ്പമല്ലെന്നും തിരിച്ചറിയും. അനുബന്ധ തൊഴിലുകൾ കൂടുതൽ സാമ്പത്തിക ലാഭത്തിന് കാരണമാകുന്നതാണ്. പഴയ ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങിക്കും. കലാപരമായ സിദ്ധികൾക്ക് അംഗീകാരം ലഭിക്കുന്നതാണ്.
കാർത്തിക
തെറ്റുകുറ്റങ്ങളുടെ പഴുതടച്ച് മുന്നോട്ട് പോകാനാവും. ആദർശം പുലർത്തുമ്പോഴും പ്രായോഗികതയിലാവും ഊന്നൽ. ഗൃഹത്തിലെ മുതിർന്നവരുടെ അഭിപ്രായം മാനിക്കും. ഉപരിവിദ്യാഭ്യാസത്തിന് തൽസംബന്ധമായ സ്ഥാപനങ്ങളുടെ ഉപദേശം സ്വീകരിക്കുന്നതാണ്. സമൂഹത്തിൻ്റെ പ്രതികരണത്തെ കൊള്ളുകയും തള്ളുകയുമില്ല. ധനക്ലേശത്തിന് അയവുണ്ടാവുന്ന കാര്യങ്ങൾ നടക്കും. ബന്ധുക്കളുടെ തർക്കത്തിൽ മാധ്യസ്ഥത്തിന് മുതിരുന്നതാണ്. നവവർഷ പ്രതിജ്ഞകളിൽ ചിലതൊക്കെ മുളയിലെ വാടുന്നത് വിഷമമുണ്ടാക്കാം.
രോഹിണി
എളുപ്പത്തിൽ കാര്യസാധ്യം പ്രതീക്ഷിക്കുന്നവ വൈകിയേക്കും. എന്നാൽ ചില ദുർഘട വിഷയങ്ങൾ വേഗം കരഗതമാവുകയും ചെയ്യും. അദ്ധ്വാനം വിലമതിക്കപ്പെടുന്നതാണ്. ഉദ്യോഗസ്ഥർക്ക് ഒപ്പമുള്ളവരുടെ പ്രോൽസാഹനം കൈവരുന്നതാണ്. വ്യാപാരത്തിൽ സാമ്പത്തിക ലാഭം വന്നെത്തും. കരാറുകൾ പുതുക്കപ്പെടുന്നത് ആശ്വാസമേകും. ഏജൻസികളുടെ വിപുലനം സാധ്യമാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉന്മുഖതയുണ്ടാവും. ബുധനും വ്യാഴനും മനക്ലേശം അധികരിക്കാം. പണച്ചെലവ് കൂടും. മറ്റു ദിവസങ്ങളിൽ സുഖഭക്ഷണം, ആവശ്യത്തിന് വിശ്രമം ഇവയുണ്ടാവും.
മകയിരം
പ്രാരബ്ധങ്ങളെക്കുറിച്ച് വേവലാതിപ്പെടും. ചുമതലകൾ എങ്ങനെ പൂർത്തിയാക്കുമെന്ന് വിഷമിക്കും. എന്നാലും അനുകൂലമായ അനുഭവങ്ങൾ തന്നെയാവും അധികവും ആവർത്തിക്കുക. നല്ലതു പറയാനും വഴിതെളിക്കാനും ആളുണ്ടാവുന്നതാണ്. ബിസിനസ്സിൽ മുടക്കിയത് മടക്കിക്കിട്ടാതിരിക്കില്ല. ചെറുപ്പക്കാരുടെ പ്രണയത്തിന് കുടുംബം പച്ചക്കൊടി കാട്ടിയേക്കും. മകളുടെ ജോലിക്കാര്യത്തിൽ ശുഭവാർത്തയുണ്ടാവുന്നതാണ്. മുതിർന്നവർ സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധ കാട്ടണം. മൂന്നാം തലമുറയെ ലാളിക്കാൻ അവസരം വന്നു ചേർന്നേക്കും.
തിരുവാതിര
ചന്ദ്രസഞ്ചാരം 9 മുതൽ 12 വരെയുള്ള രാശികളിലാകയാൽ അനുകൂലമായ ഫലങ്ങൾക്കാവും മുൻതൂക്കം. മുൻപ് കഠിനമായി യത്നിച്ചിട്ടും പരാജയപ്പെട്ട കാര്യങ്ങൾ ലഘുശ്രമത്താൽ ഇപ്പോൾ നേടാനാവും. സംഘടനയിൽ നിലപാടിന് ആദരം ലഭിക്കുന്നതാണ്. കച്ചവടത്തിൽ നിന്നും ലാഭം കണ്ടുതുടങ്ങും. കുടുംബ ജീവിതത്തിൽ ക്ലേശങ്ങൾ അകന്ന് സ്നേഹമധുരം നിറയും. ബന്ധുസമാഗമത്തിൽ സന്തോഷമുണ്ടാവും. കലാമത്സരങ്ങളിൽ അഭിനന്ദിക്കപ്പെടും. ധനവിനിയോഗത്തിൽ ശ്രദ്ധയുണ്ടാവണം. വെള്ളി, ശനി ദിവസങ്ങളിൽ ചെലവേറും. യാത്രകൾ ക്ലേശിപ്പിച്ചേക്കാം. പ്രവർത്തികളിൽ കൃത്യതയുണ്ടാവണം.
പുണർതം
പ്രയത്നം പൂർത്തീകരിക്കാനും മത്സരങ്ങളിലും മറ്റും വിജയം നേടാനുമാവും. സാമൂഹികമായ അംഗീകാരം മുൻപത്തേക്കാൾ ഉയരുന്നതാണ്. വിദ്യാർത്ഥികൾ അലസത കൈവെടിയും. കടം കൊടുത്ത പണം കുറശ്ശെയെങ്കിലും മടക്കിക്കിട്ടും. അതുപോലെ മുൻപ് ചെയ്തതിൻ്റെ പ്രതിഫലം കൈവശമെത്തും. സഹോദരരുമായുള്ള ഭിന്നത മാധ്യസ്ഥന്മാരിലൂടെ രാജിയാവും. സർക്കാർ കാര്യങ്ങളിൽ പലതരം തടസ്സങ്ങൾ അനുഭവപ്പെടും. ആരാധനാലയങ്ങൾ സന്ദർശിച്ച് പ്രാർത്ഥന നടത്തുവാനാവും. കലോപാസകർക്ക് സന്തോഷം ഭവിക്കുന്നതാണ്. രോഗക്ലേശങ്ങൾ കുറഞ്ഞുതുടങ്ങും.
പൂയം
ജീവിതത്തിൻ്റെ സുഖവും ദുഃഖവും നിറഞ്ഞ ഇരുവശങ്ങളെക്കുറിച്ചോർമ്മിക്കാൻ അവസരം ഉണ്ടാവും. ജീവിത യാത്രയിൽ തെറ്റാകുമോ തീരുമാനമെന്ന് ആദ്യം സന്ദിഗ്ദ്ധരാവും. എന്നാലും ഉറപ്പിച്ചുതന്നെ മുന്നോട്ടു നീങ്ങാൻ സാഹചര്യം അനുവദിക്കുന്നതാണ്. ജീവിത പങ്കാളിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിൽ ആഹ്ളാദമുണ്ടാവും. സ്വാശ്രയ വ്യാപാരത്തിൽ ലാഭം കുറഞ്ഞാലും വരുമാനത്തിൽ താഴ്ചയുണ്ടാവില്ല. ആവശ്യത്തിന് വിശ്രമം കിട്ടും. മംഗളകർമ്മങ്ങളിൽ സകുടുംബം പങ്കെടുക്കുവാനാവും. ധനപരമായ അമളികൾ വരാനിടയുണ്ട്. അതിൽ കരുതൽ വേണം.
ആയില്യം
ന്യായമായ ആഗ്രഹങ്ങളുടെ സഫലീകരണം പ്രതീക്ഷിക്കാവുന്ന വാരമാണ്. കർമ്മരംഗത്ത് വ്യക്തമായ മുന്നേറ്റം ഭവിക്കുന്നതായിരിക്കും. ഉദ്യോഗത്തിൽ സംതൃപ്തിയുണ്ടാവും. മേലധികാരികളുടെ പ്രീതി കൈവരും. ദാമ്പത്യത്തിലെ അലോസരങ്ങൾ അകലുന്നതാണ്. പ്രണയികൾക്ക് സന്തോഷിക്കാനവസരം സഞ്ജാതമാകും. ദൗത്യങ്ങളിൽ വിജയിക്കും. മനസ്സിലെ ഭാവനാപരത ന്യായമായിത്തന്നെ ആവിഷ്കരിക്കാൻ കഴിയുന്നതാണ്. എഴുതിത്തള്ളിയ ചില കിട്ടാക്കടങ്ങൾ കുറച്ചെങ്കിലും കിട്ടിയേക്കാം. ചിട്ടി, നറുക്കെടുപ്പ്, ഇൻഷ്വറൻസ് ഇവയിലൂടെ ധനാഗമം ഉണ്ടാവും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.