scorecardresearch

Monthly Horoscope January 2025: ജനുവരി മാസത്തെ സമ്പൂർണ നക്ഷത്ര ഫലം

January Monthly Horoscope 2025 in Malayalam: അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് 2025 ജനുവരി മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

January Monthly Horoscope 2025 in Malayalam: അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് 2025 ജനുവരി മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

January Monthly Horoscope 2025

ആദിത്യൻ ജനുവരി 13 വരെ ധനുരാശിയിലും 14 പ്രഭാതം മുതൽ മകരം രാശിയിലും സഞ്ചരിക്കുന്നു. ജനുവരിയിൽ പൂരാടം, ഉത്രാടം, തിരുവോണം എന്നീ ഞാറ്റുവേലകളുണ്ട്. ജനുവരി 13 ന് വെളുത്തവാവും 29 ന് കറുത്തവാവും വരുന്നു. ഏതാണ്ട് മാസാവസാനം വരെ ശുക്രൻ കുംഭം രാശിയിലാണ്. ജനുവരി 28 ന് ശുക്രൻ ഉച്ചരാശിയായ മീനത്തിൽ പ്രവേശിക്കും. ബുധൻ ജനുവരി 4 വരെ വൃശ്ചികം രാശിയിലും 24 വരെ ധനു രാശിയിലും തുടർന്ന് മകരം രാശിയിലും സഞ്ചരിക്കുന്നു.

Advertisment

ചൊവ്വ കർക്കടകം രാശിയിലാണ്, മാസത്തിൻ്റെ മൂന്നിൽ രണ്ടുഭാഗവും. ജനുവരി 21 ന് വക്രഗതി തുടർന്നുകൊണ്ട്  മിഥുനം രാശിയിൽ പ്രവേശിക്കുന്നു. പൂയം, പുണർതം നക്ഷത്രങ്ങളിലാണ് ചൊവ്വ. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലാണ്. വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിൽ വക്രഗതി തുടരുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിലും അപ്രദക്ഷിണ ഗതിയിലാണ്. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെയും ജനുവരി മാസത്തെ നക്ഷത്രഫലം ഇവിടെ അവലോകനം ചെയ്യുന്നു.

അശ്വതി

ആദിത്യൻ ജനുവരി 13 വരെ ഒമ്പതാം ഭാവത്തിലും തുടർന്ന് പത്താം ഭാവത്തിലും സഞ്ചരിക്കുന്നു. മാസാവസാനം വരെ ശുക്രൻ പതിനൊന്നിലാണ്. ആകയാൽ സാമാന്യത്തിലധികം നേട്ടങ്ങളും കാര്യവിജയവും കരഗതമാവും. വിജയ സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കാനും സാഹചര്യം ഒത്തുവരുന്നതാണ്. മാസാദ്യം മനക്ലേശമോ ആരോഗ്യപ്രശ്നങ്ങളോ വരാം. തൊഴിലിടത്തിൽ അല്പം സമാധാനക്കുറവ് അനുഭവപ്പെടാനിടയുണ്ട്. തിടുക്കത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളേണ്ട സ്ഥിതിയും വരാവുന്നതാണ്. സ്ത്രീകളുടെ പിന്തുണയും സഹായവും കൈവരും.  പുതിയ തലമുറയുടെ ആശയധാരകളുമായി ഇണങ്ങിപ്പോകാൻ വിഷമിക്കും. വേറെരൂപത്തിൽ ഈ പ്രശ്നം യുവാക്കളും അനുഭവിക്കുന്നതാണ്. സാമ്പത്തികമായി ഭേദപ്പെട്ട സ്ഥിതി തുടരും. ഭോഗവും ആഢംബര സുഖവും അനുഭവിക്കുന്നതാണ്.

Advertisment

ഭരണി

നക്ഷത്രാധിപനായ ശുക്രഗ്രഹത്തിൻ്റെ സുസ്ഥിതി ജീവിതനിലവാരം ഉയർത്തും. ഒട്ടൊക്കെ ദേഹസുഖവും മനസ്സുഖവും വന്നുചേരും. സാഹിത്യകാരന്മാർക്കും കലാകാരന്മാർക്കും ധാരാളം നല്ല അവസരങ്ങൾ ലഭിക്കും. പ്രശസ്തി വന്നെത്തുന്നതാണ്. പുതിയ സംരംഭങ്ങൾ തുടങ്ങാനും തുടങ്ങിയവ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോവാനും കഴിയുന്നതാണ്. പ്രണയികൾക്ക് വിവാഹസാഫല്യം സിദ്ധിച്ചേക്കും.  ദാമ്പത്യത്തിൽ സ്വസ്ഥത പ്രതീക്ഷിക്കാം.  കടബാധ്യതകൾ തീർക്കുന്നതിന് അവസരം വന്നെത്തും. നാലിൽ ചൊവ്വയും ഒമ്പതിൽ ആദിത്യനും ഉള്ളതിനാൽ മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ കരുതൽ അനിവാര്യമാണ്. നറുക്കെടുപ്പ്, ചിട്ടി, ഇൻഷ്വറൻസ് മേഖലകളിൽ നിന്നും ധനാഗമം വന്നുചേരും.

കാർത്തിക

കാര്യം നേടിയെടുക്കാൻ വളഞ്ഞവഴി സ്വീകരിക്കേണ്ടി വരുന്നതായിരിക്കും. പല കാര്യങ്ങളും  ഒറ്റയ്ക്ക് നടത്തേണ്ട സാഹചര്യം സംജാതമാകും. വേണ്ടത്ര പിന്തുണ വേണ്ടപ്പെട്ടവരിൽ നിന്നുപോലും ഉണ്ടായേക്കില്ല. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് കടുത്ത ദൗത്യങ്ങൾ ഉണ്ടാവും. സാമ്പത്തികമായി തരക്കേടില്ലാത്ത കാലമാണ്.   നിക്ഷേപങ്ങളിൽ നിന്നും ധനാഗമം കൈവരും. അവിവാഹിതരുടെ വിവാഹകാര്യത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. കുടുംബ സ്വത്തിന്മേൽ തർക്കങ്ങളുണ്ടാവും. വ്യവഹാരത്തിൻ്റെ വഴിയിലേക്ക് കാര്യങ്ങൾ നീങ്ങാതിരിക്കാൻ കരുതലുണ്ടാവണം. പഠനത്തിൽ വിദ്യാർത്ഥികൾക്ക് മുന്നേറാൻ സാധിക്കുന്നതാണ്.

രോഹിണി

ആദിത്യൻ എട്ടിലും ഒമ്പതിലുമായി സഞ്ചരിക്കുന്നതിനാൽ രാഷ്ട്രീയക്കാർക്ക് സമ്മർദ്ദങ്ങളേറും. സാധാരണക്കാർക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി രേഖകളും മറ്റും വൈകാനിടയുണ്ട്. പുതിയ തീരുമാനങ്ങൾ പുനരാലോചന നടത്തി കൈക്കൊള്ളുകയാവും ഉചിതം. സ്വകാര്യ സ്ഥാപനത്തിൽ ജോലി തേടുന്നവർക്ക് മാസത്തിൻ്റെ രണ്ടാം പകുതിയിൽ അവസരങ്ങൾ ലഭിച്ചേക്കാം.  ഗവേഷണ മേഖലയിൽ ഉന്നമനം ഉണ്ടാവും. നിരീക്ഷണങ്ങൾ ശ്രദ്ധിക്കത്തക്കതാവും.  യുവതലമുറയുമായി മുതിർന്ന തലമുറയുടെ അകൽച്ച തുടരപ്പെടും. വഴിവിട്ട രീതിയിൽ വരുമാനം ഉണ്ടാവാൻ സാധ്യതയുണ്ട്. അവയുടെ സ്വീകാര്യത സ്വന്തം മനസ്സാക്ഷി അനുസരിച്ചാവും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. കുടുംബത്തിൻ്റെ പിന്തുണ ആശ്വാസം നൽകുന്നതാണ്. രോഗഗ്രസ്തർക്ക് മാസാദ്യം ക്ലേശങ്ങൾ തുടരാം.

മകയിരം

ഏതുകാര്യത്തിൻ്റെയും ശാസ്ത്രീയവും പ്രായോഗികവുമായ വശം ചിന്തിക്കും. ജന്മായത്തമായ കഴിവുകൾ പുറത്തെടുക്കാൻ കഴിഞ്ഞെന്നു വരില്ല. വ്യായാമം,  ദിനചര്യകൾ എന്നിവ മുടങ്ങാനോ സമയനിഷ്ഠയോടെ പൂർത്തിയാക്കാനോ കഴിഞ്ഞേക്കില്ല. നക്ഷത്രനാഥനായ ചൊവ്വയുടെ നീചസ്ഥിതി മാസാന്ത്യംവരെ തുടരുന്നതിനാൽ പ്രതിബന്ധങ്ങൾ ആവർത്തിച്ചേക്കാം. ഗവൺമെൻറ് വിഷയങ്ങളിൽ കാലതാമസത്തിന് സാധ്യതയുണ്ട്. സഹോദരബന്ധത്തിൽ ഊഷ്മളത കുറയും. പ്രണയികൾക്ക് നല്ല കാലമാണ്. മുൻപ് വിരോധിച്ചവർ ഇണങ്ങാനിടയുണ്ട്. പണവരവ് കഴിഞ്ഞ മാസത്തെ പോലെയാവും. എന്നാൽ ചെലവേറുന്നതാണ്. ഉത്തരവാദിത്വങ്ങൾ അന്യരെ ഏല്പിക്കാതിരിക്കുക ഉത്തമം. ദൂരദിക്കിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കപ്പെടാം. വിവാദങ്ങളിൽ സംയമം പാലിക്കുന്നത് കരണീയം.

തിരുവാതിര

ആദിത്യൻ ഏഴിലും എട്ടിലുമായി സഞ്ചരിക്കുന്നതിനാൽ ക്ലേശങ്ങൾ പലതരത്തിലുണ്ടാവും. പ്രതീക്ഷിച്ച വേതന വർദ്ധനവ് വൈകാം. കരാർ പണികൾ സ്ഥിരപ്പെടുത്തിക്കിട്ടുക ദുഷ്കരമായേക്കും. ബിസിനസ്സുകാർക്ക് നിരന്തര യാത്രകൾ ഉണ്ടാവുന്ന കാലമാണ്. എന്നാൽ നേട്ടങ്ങൾ വന്നെത്തുക സാമാന്യമായ തോതിലായിരിക്കും. പാർട്ണർഷിപ്പ് ബിസിനസ്സിൽ പുനരാലോചനയ്ക്ക് സാധ്യതയുണ്ട്. സർക്കാർ കാര്യങ്ങൾ നേടിയെടുക്കാൻ അലച്ചിലുണ്ടാവും. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവർക്ക് കാര്യസാധ്യം വരുന്നതാണ്. ഉന്മേഷ രാഹിത്യം ഇടയ്ക്കിടെ ഉണ്ടാവും. സാമ്പത്തിക സഹായം നൽകാൻ കഴിയാത്തതിനാൽ ബന്ധുവിരോധം ഭവിക്കാം. ദൈവിക സമർപ്പണങ്ങൾ നിറവേറ്റാൻ സാഹചര്യം അനുകൂലമാണ്.

പുണർതം

ആദിത്യൻ പ്രതികൂല സ്ഥിതിയിലും നക്ഷത്രനാഥനായിട്ടുള്ളവ്യാഴം വക്രഗതിയിലും തുടരുകയാൽ പലതരം സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ട സ്ഥിതിയുണ്ടാവാം. ആത്മസംയമനം പുലർത്തേണ്ടതുണ്ട്. ധനപരമായി അമളി പറ്റാതെ നോക്കണം. തൊഴിലിടത്തിൽ രമ്യമായ അന്തരീക്ഷം നിലനിർത്താൻ വിട്ടുവീഴ്ചകൾ വേണ്ടി വന്നേക്കാം. പല കാര്യങ്ങളും അല്പം നീട്ടിവെക്കേണ്ടതായ സാഹചര്യം വരാം. ശുക്രൻ്റെ അനുകൂലതയാൽ പ്രണയത്തിൽ ആഹ്ളാദാനുഭവങ്ങൾ ദാമ്പത്യസൗഖ്യം എന്നിവയുണ്ടാവും. മറ്റുള്ളവർ അസൂയപ്പെടും വിധത്തിൽ വേഷഭൂഷകൾ വാങ്ങാനും അണിഞ്ഞൊരുങ്ങി നടക്കാനുമാവും. പുതിയ സുഹൃത്തുക്കളെ ലഭിക്കാം. വിദ്യാഭ്യാസപരമായി ആലസ്യം ഉണ്ടാവാനിടയുണ്ട്. അന്യദേശയാത്ര സാധ്യതയാണ്. ആരോഗ്യം, വാഹന ഉപയോഗം എന്നിവയിൽ ശ്രദ്ധ വേണം.

പൂയം

നക്ഷത്രനാഥനായ ശനി വ്യാഴത്തിൻ്റെ നക്ഷത്രത്തിൽ സഞ്ചരിക്കുന്നത് ആത്മശക്തി പകരും. പുതിയ കാര്യങ്ങൾ പഠിച്ചറിയാനും പഠിച്ചത് ഉറപ്പിക്കാനും സാധിക്കും. ആലസ്യം വെടിഞ്ഞ് കർമ്മരംഗത്ത് സജീവമാകുന്നതാണ്. ഇഷ്ടവസ്തുക്കൾ പാരിതോഷികമായി ലഭിക്കാനിടയുണ്ട്. സമൂഹത്തിലെ ആരാധ്യരായ വ്യക്തികളുടെ അംഗീകാരം ഉണ്ടാവും. സ്വന്തം തൊഴിലിനോട് ആത്മാർത്ഥതയും നീതിയും പുലർത്തും. ഭൂമി വിൽപ്പനയിലെ തടസ്സങ്ങൾ തുടരും. എന്നാൽ മാസാവസാനം മാറ്റം വരുന്നതാണ്.  കുടുംബാംഗങ്ങളുടെ ഉന്നമനത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ സഫലമാവും. പാരമ്പര്യ തൊഴിലുകൾ ഏറ്റെടുക്കേണ്ട സാഹചര്യം ഭവിക്കാം. കാര്യാലോചനകളിൽ അഭിപ്രായം മാനിക്കപ്പെടും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കാര്യങ്ങൾ മന്ദഗതിയിൽ ആവാനിടയുണ്ട്.

ആയില്യം

പ്രധാന തീരുമാനങ്ങൾ എടുക്കുന്നത് പുനരാലോചനയിലൂടെയാവുക നന്ന്. ഇഷ്ടബന്ധുക്കളെ കാണാനും പഴയ ഓർമ്മകളിൽ മുഴുകാനും അവസരമുണ്ടാവും. സാമ്പത്തിക കാര്യങ്ങളിൽ ഗുണകരമായ കാലമാണ്. ബിസിനസ്സിൽ പ്രതീക്ഷിച്ച ഇടപാടുകൾ നടന്നുകിട്ടും. സ്വാതന്ത്ര്യത്തോടെയുള്ള പെരുമാറ്റം ചിലർക്ക് അനിഷ്ടപ്രദമാവാം. ഉന്നത പഠനത്തിന് അവസരം ഒരുങ്ങും. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളവർക്ക് മാസത്തിൻ്റെ ആദ്യപകുതി പ്രയോജനകരമാവും. രണ്ടാം പകുതിയിൽ അലച്ചിലധികരിക്കും. കൂട്ടുകച്ചവടത്തിൽ അസ്വാരസ്യങ്ങൾ ഉയരാനിടയുണ്ട്. ദാമ്പത്യത്തിൻ്റെ വിജയം അനുരഞ്ജനത്തിൻ്റെ ശക്തി പോലെയാവും. കലാമത്സരങ്ങളിൽ വിജയം എളുപ്പമാവും. ജന്മരാശിയിൽ ചൊവ്വ തുടരുകയാൽ വീഴ്ചയും ക്ഷതവും സംഭവിക്കാം. മനോവാക്ക്കർമ്മങ്ങളിൽ ജാഗ്രത അനിവാര്യമാണ്.

മകം

ആദിത്യൻ 5,6 രാശികളിൽ സഞ്ചരിക്കുന്നതുമൂലം മാസാദ്യത്തിൽ അധികാരികളുടെ അനിഷ്ടം നേടും. ഉദ്യോഗസ്ഥലത്ത് പലതരം സമാധാനക്കേടുകൾ ഉണ്ടാവുന്നതാണ്. വെല്ലുവിളികൾ ഏറ്റെടുക്കാൻ ഭയമോ വൈമുഖ്യമോ തോന്നും. ഭൂമിയുടെ ക്രയവിക്രയം മാറ്റിവെക്കപ്പെടാം. പുതുമകളെ ആശ്ശേഷിക്കുമ്പോഴും പഴമയെ തള്ളിപ്പറയില്ല. ജനുവരി 14 നു ശേഷം സാമ്പത്തിക മെച്ചം വന്നുചേരുന്നതാണ്. ബിസിനസ്സിൽ നിന്നും തരക്കേടില്ലാത്ത ആദായം പ്രതീക്ഷിക്കാം. കുടുംബപരമായി സ്വസ്ഥതയുള്ള കാലമായിരിക്കും. മകനുമായുള്ള അഭിപ്രായ ഭിന്നതകൾക്ക് അയവുണ്ടാവും. ഇൻഷ്വറൻസ്, ചിട്ടി മുതലായവയിൽ നിന്നും ധനവരവ് പ്രതീക്ഷിക്കാം. കണ്ടകശ്ശനിക്കാലം തുടരുകയാൽ ദാമ്പത്യത്തിൽ സ്വൈരത കുറയുന്നതായിരിക്കും.

പൂരം

സാഹചര്യങ്ങൾ പൂർണ്ണമായും അനുകൂലമാണെന്ന് പറയുക വയ്യ. ഉദ്ദേശിച്ച കാര്യം നേടാൻ പ്രയത്നം ആവർത്തിക്കേണ്ടി വരും. സ്വാഭാവികമായ കഴിവുകൾ പുറത്തെടുക്കാൻ കഴിഞ്ഞെന്നു വരില്ല. കൂട്ടുകച്ചവടത്തിൽ  സംതൃപ്തി കുറയുന്നതാണ്. പൊതുപ്രവർത്തകർക്ക് കടുത്ത മത്സരങ്ങളെ മുഖാമുഖം നേരിടേണ്ട സ്ഥിതി സംജാതമാകും. താല്പര്യപ്പെട്ടിരിക്കുന്നവർക്ക് വിദേശത്ത് പോകാൻ അവസരമുണ്ടാവും. പാരമ്പര്യമായിട്ടുള്ള തൊഴിലുകളോട് വിപ്രതിപത്തി തോന്നും. ഗവേഷണത്തിൽ ശോഭിക്കുന്നതാണ്. കലാമത്സരങ്ങളിൽ തിളങ്ങാനാവും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ വസ്തുക്കച്ചവടം ലാഭത്തിലെത്തും. പ്രണയ സാഫല്യം പ്രതീക്ഷിക്കാം. ബന്ധുക്കളുടെ ഗൃഹത്തിലെ മംഗളകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കുന്നതാണ്. കുടുംബ സമേതം തീർത്ഥയാത്ര നടത്തും.

ഉത്രം

കാര്യസിദ്ധിക്കായി ആവർത്തിത ശ്രമങ്ങൾ വേണ്ടിവരുന്നതാണ്. സമൂഹത്തിൻ്റെ പിന്തുണ ആവശ്യപ്പെടാതെ തന്നെ ലഭിക്കുന്നതായിരിക്കും. ജീവിതശൈലീ രോഗങ്ങൾ സാന്നിദ്ധ്യമറിയിക്കുകയാൽ ഭക്ഷണം ക്രമീകരിക്കാനും വ്യായാമമുറകൾ പാലിക്കാനും ആരംഭിക്കും. അപരിചിതരുമായി കൂടിച്ചേർന്നുള്ള സംരംഭങ്ങളിൽ നിന്നും പിന്മാറുന്നതാവും ഉചിതകർമ്മം. അവിവാഹിതരുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനം ഉണ്ടാവുന്നതാണ്. തൊഴിൽ രഹിതർക്ക് സ്വകാര്യ സ്ഥാപനത്തിൽ ജോലി കിട്ടാൻ സാധ്യതയുണ്ട്. ജന്മനാട്ടിലെ പാരമ്പര്യവസ്തു വിൽക്കുന്നതിലെ തടസ്സം നീങ്ങിക്കിട്ടുന്നതാണ്. രോഗഗ്രസ്തർക്ക് ചികിൽസാമാറ്റം ആശ്വാസകരമായി അനുഭവപ്പെടും. ഭാവികാര്യങ്ങളുടെ ആലോചനയിൽ കുടുംബാംഗങ്ങളുടെ നിർദ്ദേശങ്ങൾ സ്വീകാര്യമാവും.

അത്തം

രാശിനാഥനായ ബുധൻ്റെ ധനുരാശി സഞ്ചാരം ബുദ്ധിക്ക് ഉന്മേഷമരുളും. എല്ലാക്കാര്യങ്ങളിലും കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സാധിക്കുന്നതാണ്. ബന്ധുജനങ്ങളുടെ നിർലോഭമായ പിന്തുണ കൈവരിക്കും. ആദിത്യൻ നാലിലും അഞ്ചിലുമായി സഞ്ചരിക്കുന്ന കാലമാകയാൽ തൊഴിൽ രംഗത്ത് സ്വാതന്ത്ര്യക്കുറവും നിരുന്മേഷമായ സാഹചര്യവും ഭവിച്ചേക്കാം. പുതിയ കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ തടസ്സങ്ങൾ വന്നെത്തുന്നതാണ്. വ്യാഴം ഒമ്പതാം ഭാവത്തിൽ വക്രഗതി തുടരുകയാൽ ഭാഗ്യാനുഭവങ്ങൾ സ്ഥിരമായിരിക്കില്ല. പൂജ, ഉപാസന മുതലായ പുണ്യകർമ്മങ്ങൾ മുടങ്ങുവാനിടയുണ്ട്. സാമ്പത്തികമായി കുറച്ചൊക്കെ ആശ്വാസം അനുഭവപ്പെടും. ചില കടബാധ്യതകൾ പരിഹരിക്കാൻ കഴിയുന്നതാണ്.

ചിത്തിര

ഇച്ഛയും ക്രിയയും സമാന്തരമായി സഞ്ചരിക്കും. സർവ്വകാര്യങ്ങളിലും ആദ്യം തടസ്സവും പിന്നീട് പൂർത്തീകരണവും ഭവിക്കുന്നതാണ്. സഹോദരരുമായി ചേർന്നു നടത്തുന്ന സംരംഭങ്ങൾക്ക് പുഷ്ടിക്കുറവുണ്ടാവും. പുത്തൻ ആശയങ്ങളോട് ഒപ്പമുള്ളവർ വൈമുഖ്യം കാട്ടുന്നതിൽ വിഷമമനുഭവപ്പെടും. ജോലിസ്ഥലത്ത് ചിലപ്പോൾ ഒറ്റപ്പെടുന്നതായി തോന്നും. സുഹൃത്തുക്കളുടെ ആവശ്യങ്ങൾക്ക് മുൻനിന്ന് പ്രവർത്തിക്കുന്നതാണ്. ഗാർഹികമായ അസ്വാരസ്യങ്ങൾക്ക് പരിഹാരം കണ്ടെത്തും. സ്ത്രീകളുടെ സഹകരണം ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനോന്മുഖത ഉണ്ടാവും. കലാപരമായി മെച്ചവും മാന്യതയും സിദ്ധിക്കുന്ന കാലമാണ്. നവസംരംഭങ്ങൾക്ക് പണം ചെലവഴിക്കുക വളരെ ആലോചിച്ചിട്ടാവണം.

ചോതി

തൊഴിലിൽ  വിജയിക്കാനാവും. തീരുമാനങ്ങൾ വേഗത്തിലെടുക്കും. അവ പ്രാവർത്തികമാക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ല. സ്വാഭിപ്രായം എവിടെയും നിർഭയമായി  പറയുന്നതിനാൽ ശത്രുക്കൾ അധികരിക്കുന്നതാണ്. സംഘടനയിൽ സ്വീകാര്യതയേറും. വ്യാപാരത്തിൽ പുതിയ ഉടമ്പടികൾ ഉണ്ടാക്കും. നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാൻ കഴിയുന്നതാണ്. ഭാവനാശക്തി ഉയരുന്നതിനാൽ സർഗകർമ്മങ്ങളിൽ വിജയമുണ്ടാവും. പ്രണയികൾക്ക് ആഹ്ളാദിക്കാനുള്ള സാഹചര്യം രൂപപ്പെടുന്നതാണ്. പുതിയ വീട് വാങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കും. പിതൃ-പുത്രബന്ധം രമ്യമാകുന്നതാണ്. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഉയർച്ചയുണ്ടാവും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ മനസ്സ്വസ്ഥത കുറയാം.  കരാറുകളിൽ ഏർപ്പെടുമ്പോൾ വ്യവസ്ഥകൾ വായിച്ചറിയുന്നത് നന്നായിരിക്കും.

വിശാഖം

നക്ഷത്രാധിപനായ വ്യാഴം വക്രഗതിയിൽ തുടരുകയാൽ പൊതുവേ വിശാഖം നാളുകാർക്ക് ജനുവരിയിൽ ആസൂത്രിത പദ്ധതികളിൽ നിന്നും പിന്മാറേണ്ട സാഹചര്യം വന്നേക്കാം. എന്നാൽ തുലാക്കൂറുകാർക്ക് അധികാരികളുടെ പ്രീതി നേടുവാൻ സാധിക്കുന്നതാണ്. കർത്തവ്യങ്ങൾ ശുഷ്കാന്തിയോടെ നിറവേറ്റാനാവും. സംഘടനകളിൽ അനിഷേധ്യത തുടരും. വൃശ്ചികക്കൂറുകാർ പഠനത്തിൽ അലസരാവുന്നതാണ്. വാക്കുകൾ പരുഷങ്ങളായേക്കും. സഹപ്രവർത്തകരുടെ നിർദ്ദേശങ്ങളെ എതിർക്കും. അപര്യാപ്തതകൾക്ക് അനുസരിച്ച് ജീവിക്കാൻ ക്ലേശിക്കും. വിശാഖം നാളുകാർക്ക് കലാപരമായി മുന്നേറാൻ കഴിയുന്ന കാലമാണ്. കാലാവസ്ഥ ആരോഗ്യത്തിന് ഇണങ്ങാത്തതായി അനുഭവപ്പെടും. ധനപരമായി കൃത്യത പുലർത്തേണ്ടതുണ്ട്.

അനിഴം

ഏതുകാര്യത്തിൻ്റെയും താത്ത്വിക വശം ചിന്തിക്കും. എന്നാൽ പ്രായോഗിക സമീപനം സ്വീകരിക്കുന്നതിൽ വൈമനസ്യം ഉണ്ടാവില്ല. ജന്മരാശ്യധിപനായ ചൊവ്വയ്ക്ക് നീചസ്ഥിതി തുടരുകയാൽ ആത്മാഭിമാനം മുറിവേൽക്കപ്പെടാൻ ഇടയുണ്ട്. മനക്ലേശം ഉണ്ടായേക്കും. കച്ചവടത്തിൽ സാമാന്യമായ പുരോഗതിയുണ്ടാവും. പണവരവ് കൂടിയും കുറഞ്ഞുമിരിക്കും. ഭാര്യാഭർത്താക്കന്മാർ ഇരുദിക്കുകളിൽ - ജോലിമൂലമാവാം - താമസിക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നതായി ഭാവിക്കും. എന്നാൽ ശത്രുവിനോട് പരോക്ഷമായി വിരോധം നിലനിർത്തും. നിലവിലെ ജോലി എന്തുകാരണത്താലും ഉപേക്ഷിക്കുന്നത് തൽക്കാലം ആശാസ്യമാവില്ല. ദൈവിക സമർപ്പണങ്ങൾക്കായി ജന്മനാട്ടിലേക്ക് പോകേണ്ടി വന്നേക്കാം

തൃക്കേട്ട

തൃപ്തികരമായ തൊഴിൽ സാഹചര്യമാണ് തുടരുന്നതെന്ന് പറയാനാവില്ല. ആലോചനാ ശൂന്യത മൂലം തിക്തഫലങ്ങൾ വരാനിടയുണ്ട്. ജോലിസമയത്തിൽ വ്യത്യാസം വരുവാൻ സാധ്യത കാണുന്നു. ആജ്ഞാശക്തിയുള്ള വാക്കുകളും അധികാര മനോഭാവവും ശത്രുക്കളെ സൃഷ്ടിച്ചേക്കാം. കൂട്ടുകച്ചവടത്തിൽ പരസ്പരവിശ്വാസം നഷ്ടപ്പെടാനിടയുണ്ട്. വ്യാവസായിക - വ്യാപാര മേഖലകളിൽ ലാഭം കുറയാം.  പുതിയ വീട് വാങ്ങുന്നതിൽ കുടുംബാംഗങ്ങൾക്കിടയിൽ  ഭിന്നപക്ഷം ഉണ്ടാവുന്നതാണ്. ദാമ്പത്യത്തിലെ അപശ്രുതികളെ പരിഹരിക്കേണ്ടതുണ്ട്. പൊതുപ്രവർത്തനത്തിൽ വെല്ലുവിളികൾ തലപൊക്കിയേക്കാം. ഭൂരിപക്ഷാഭിപ്രായത്തെ മനസ്സില്ലാമനസ്സോടെ പിന്തുണയ്ക്കേണ്ട സ്ഥിതിയുണ്ടാവും. ചെലവിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തും. മാസാവസാനം ചൊവ്വ അഷ്ടമത്തിലേക്ക് വരുന്നതിനാൽ ആരോഗ്യപരമായി കൂടുതൽ ശ്രദ്ധ വേണം.

മൂലം

ജന്മരാശിയിൽ ആദിത്യൻ സഞ്ചരിക്കുകയാൽ ആയാസവും വിഭവനാശവും പ്രാഥമിക ഫലങ്ങൾ. ഇടപാടുകളിൽ കൃത്യത സൂക്ഷിക്കണം. ചില കാര്യങ്ങളിൽ വ്യക്തമായ ധാരണയുണ്ടാവില്ല. പലതും "വന്നപാട് ചന്തം" എന്ന മട്ടിൽ നേരിടും. സഹോദരരുടെ പിന്തുണയും പ്രോൽസാഹനവും ഉണ്ടാവും. സെമിനാറുകളിലും സിമ്പോസിയങ്ങളിലും പങ്കെടുക്കുന്നതാണ്. സംയുക്ത സംരംഭങ്ങളിൽ നിന്നും പിന്മാറി സ്വന്തമായി സ്ഥാപനം തുടങ്ങുന്ന കാര്യം ചിന്തയിലുണ്ടാവും. സാമ്പത്തിക വിനിയോഗത്തിൽ ജാഗ്രത ആവശ്യമാണ്. പൂർവ്വസുഹൃത്തുക്കളെ കണ്ടുമുട്ടാനാവും. പ്രത്യുപകാരം ചെയ്യുന്നതിന് അവസരം വന്നെത്തും. സാങ്കേതിക കാര്യങ്ങളിൽ കൂടുതൽ അറിവു നേടും. വാഹനം ഉപയോഗിക്കുന്നതിൽ കരുതൽ വേണം.

പൂരാടം

ആദിത്യൻ്റെ അനുകൂലമല്ലാത്ത സഞ്ചാരത്താൽ പലതരം സ്വൈരക്കേടുകളും ദേഹമനക്ലേശങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. ന്യായമായിട്ടുള്ള കാര്യങ്ങൾ നടന്നുകിട്ടാൻ പോലും  തടസ്സങ്ങൾ വരുന്നതാണ്. സ്ത്രീകളുടെയും വയോജനങ്ങളുടെയും പ്രോൽസാഹനവും പ്രചോദനവും വലിയ ആശ്വാസം നൽകും. ഉപരിപഠനം സംബന്ധിച്ച ആലോചനകൾക്ക് ദിശാബോധമുണ്ടാവും.  ബന്ധുജനങ്ങളുടെ സമ്മർദ്ദ തന്ത്രങ്ങളെ സമർത്ഥമായി പ്രതിരോധിക്കും. ചെറുപ്പക്കാരുടെ വിവാഹ കാര്യത്തിൽ  ശുഭതീരുമാനം ഭവിക്കാം. സാമ്പത്തികമായി വലിയ മെച്ചം ഉണ്ടാവുന്ന കാലമല്ല. ചെലവുകളിൽ നല്ല നിയന്ത്രണം ആവശ്യമാണ്. ഗൃഹനിർമ്മാണം പുനരാരംഭിക്കാനാവും. ആരോഗ്യ സൗഖ്യത്തിന് വ്യായാമം, ഭക്ഷണനിയന്ത്രണം ഇവ അനിവാര്യമാണ്.

ഉത്രാടം

ഗ്രഹങ്ങളുടെ അനുകൂല പ്രതികൂലതകൾ മാറിമറിയുകയാൽ ഗുണദോഷസമ്മിശ്രമായ കാലമാവും . സമയബന്ധിതമായി തീർക്കേണ്ടവ നീട്ടിവെക്കപ്പെടാം. ആസൂത്രണം ചെയ്ത പോലെ കാര്യങ്ങൾ നടത്താൻ കഴിയാതെ വരുന്നതാണ്. വാഗ്ദാനലംഘനത്താൽ ദുഷ്കീർത്തിക്ക് സാധ്യതയുണ്ട്. പ്രധാന കാര്യങ്ങളുടെ നിർവഹണത്തിന് പരാശ്രയത്വമുണ്ടാവും. ഉന്നതോദ്യോഗസ്ഥർക്ക് അപ്രീതിക്ക് ഇടയുണ്ട്. എന്നാലും ജീവിതത്തിൻ്റെ ഒഴുക്ക് മുന്നോട്ടേക്ക് തന്നെയാവും. കുടുംബാംഗങ്ങളുടെ, വിശിഷ്യാ ജീവിത പങ്കാളിയുടെ പൂർണ്ണപിന്തുണ ലഭിക്കുന്നതാണ്. സാമ്പത്തിക സ്ഥിതി മോശമാവില്ല. കിട്ടേണ്ട ധനം കൈവശമെത്തും. ജന്മദേശത്തിലെ ഉത്സവാദികളിൽ പങ്കെടുക്കുന്നതാണ്. പുതിയ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്താൻ തീരുമാനിക്കും.

തിരുവോണം

പന്ത്രണ്ടാം രാശിയിലും ജന്മരാശിയിലും ആദിത്യൻ സഞ്ചരിക്കുകയാൽ അലച്ചിലുണ്ടാവും. ഗവൺമെൻ്റിൽ നിന്നും കിട്ടേണ്ട അനുമതി രേഖകൾക്കായി നിരന്തര ശ്രമങ്ങൾ ആവശ്യമായി വരും. പുതിയ കാര്യങ്ങൾ തുടങ്ങുവാൻ കടമ്പകൾ ഏറെയുണ്ടാവും.  ചൊവ്വ ഏഴിൽ തുടരുന്നതിനാൽ ദാമ്പത്യത്തിൽ സ്വൈരം കുറയുവാനിടയുണ്ട്. ശുക്രൻ രണ്ടാം ഭാവത്തിലാകയാൽ മധുരമായി സംസാരിക്കും. കലകളിൽ താല്പര്യമേറും. സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങും. ധന വരവ് മോശമാവില്ല. വിദ്യാർത്ഥികൾക്ക് അല്പം ശ്രദ്ധക്കുറവ് സംഭവിക്കാം. ഇഷ്ടമില്ലാത്തവരുടെ സഹായം ലഭിച്ചേക്കും. മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ ഉണ്ടാവാനിടയുണ്ട്. ആരോഗ്യപരിപാലനം, പഠനം, ബിസിനസ്സ് നടത്തിപ്പ് ഇവയിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട മാസമാണ്.

അവിട്ടം

ഉത്തരവാദിത്വം അന്യരെ ഏല്പിക്കുന്നത് പിന്നീട് ക്ലേശത്തിന് ഇടവരുത്തും. സങ്കുചിത ചിന്തയുള്ള സുഹൃത്തുക്കളെ ഒഴിവാക്കിയേക്കും. ഔദ്യോഗിക പരിശീലനത്തിൽ പങ്കെടുക്കേണ്ടി വരുന്നതാണ്. പൂർവ്വിക സ്വത്ത് സംബന്ധിച്ചുള്ള തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ ഫലിക്കണമെന്നില്ല. അപ്രിയ സത്യങ്ങൾ വിളിച്ചു പറയുകയാൽ ശത്രുക്കളുടെ എണ്ണം വർദ്ധിക്കുന്നതാണ്. രാഷ്ട്രീയ പ്രവർത്തനം സമാധാന ഭംഗത്തിന് കാരണമായേക്കും. ശത്രുവിനേയും മിത്രത്തേയും തിരിച്ചറിയാനാവാതെ കുഴങ്ങും. സാമ്പത്തിക ഇടപാടുകൾ കൃത്യമായി നിർവഹിക്കാനാവും. ബിസിനസ്സ് പങ്കാളികളുമായി സമരസപ്പെടാൻ ക്ലേശിക്കുന്നതാണ്. മകളുടെ ജോലിക്കാര്യത്തിൽ അനിശ്ചിതത്വം വരാം.

ചതയം

ജന്മശനിക്കാലം തുടരുന്നുണ്ടെങ്കിലും ജന്മനക്ഷത്രത്തിൽ നിന്നും ശനി മാറുന്നത് ഏറ്റവും ആശ്വാസകരമാണ്. തൊഴിൽ രംഗത്ത് തുടർവിജയം പ്രതീക്ഷിക്കാം. നവസംരംഭങ്ങളുമായി മുന്നോട്ടു പോകുന്നതിന് സാഹചര്യം ഒത്തിണങ്ങും. വ്യാപാരത്തിൽ മുതലിറക്കിയ പണം തിരികെ ലഭിച്ചു തുടങ്ങുന്നതാണ്. പഠനയാത്രകൾ സന്തോഷമേകും. ശുക്രൻ ജന്മരാശിയിൽ സഞ്ചരിക്കുകയാൽ ഭൗതിക നേട്ടങ്ങൾ വർദ്ധിക്കും. ഭോഗസുഖമുണ്ടാവും. പ്രായോഗിക ചിന്ത മുന്നിട്ടു നിൽക്കും. പ്രണയ ജീവിതം തടസ്സങ്ങളെ അതിജീവിക്കും. ശത്രുക്കളുടെ തന്ത്രങ്ങളെ നിർദ്ദാക്ഷിണ്യം എതിരിടുന്നതാണ്. വിദ്യാഭ്യാസത്തിൽ സുഗമതയും പുരോഗതിയും ദൃശ്യമാകും. കലാപരമായ യശസ്സ് ഉയരുന്നതാണ്. 

പൂരൂരുട്ടാതി

കുംഭക്കൂറുകാർക്ക് മാസത്തിൻ്റെ ആദ്യ പകുതി ഏറ്റവും ഗുണകരമാണ്. മുൻപ് പരിശ്രമിച്ചിട്ട് നടക്കാത്ത കാര്യങ്ങൾ നിർവ്വഹണത്തിൽ എത്തിക്കാനാവും.  ഉദ്യോഗത്തിൽ സംതൃപ്തി വന്നുചേരും. ബിസിനസ്സിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന തന്ത്രങ്ങൾ മെനയും. എതിർപ്പുകളെ കൈമെയ് മറന്ന് നേരിടുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കരുതൽ ധനം മറ്റു കാര്യങ്ങൾക്ക് ചെലവഴിക്കേണ്ട സ്ഥിതിയുണ്ടാവും. മീനക്കൂറുകാർക്ക് ആദിത്യൻ 10,11 ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ മാസം മുഴുവൻ അനുകൂലമാണ്. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയം വരിക്കാനാവും. യാത്രകൾ കൊണ്ട് ഉദ്ദിഷ്ടകാര്യം നേടാൻ കഴിയുന്നതാണ്. ബന്ധുജനങ്ങളുടെ പൂർണ്ണ പിന്തുണ പ്രതീക്ഷിക്കാം. ഗൃഹത്തിൽ സമാധാനം പുലരും.

ഉത്രട്ടാതി

കർമ്മഗുണം അഭിവൃദ്ധിപ്പെടുന്ന കാലമാണ്. മാറ്റിവെച്ചിരുന്ന പലകാര്യങ്ങളും പ്രവൃത്തിപഥത്തിലെത്തിക്കാൻ സാധിക്കുന്ന സാഹചര്യം വന്നെത്തുന്നതാണ്. ഔദ്യോഗിക പദവികളിൽ ഉയർച്ചയോ അധികാരമുള്ള ചുമതലയോ ലഭിക്കും.  ഉപരിപഠനത്തിലെ അവ്യക്തത നീങ്ങുന്നതാണ്. കുടുംബയോഗം വിളിച്ചുകൂട്ടാൻ മുൻകൈയെടുക്കും. വിദേശ യാത്രയ്ക്കുള്ള തടസ്സം നീങ്ങിയേക്കും. പാരമ്പര്യമായിട്ടുള്ള തൊഴിലിനോട് തോന്നിയിരുന്ന അനിഷ്ടം മാറുന്നതാണ്.  ദൈവിക സമർപ്പണങ്ങൾ പൂർത്തീകരിക്കും. മാനസിക വിഷാദം, അകാരണ ഭയം എന്നിവയ്ക്ക് ശമനം ഉണ്ടാവുന്നതാണ്. ജന്മരാഹു തുടരുകയാൽ സാഹസങ്ങൾ ഒഴിവാക്കുക കരണീയം. സാമ്പത്തികമായ അമളികൾ വരാതെ നോക്കേണ്ടതുണ്ട്.

രേവതി

തൊഴിൽ മേഖലയിൽ നിലനിന്ന മാന്ദ്യം നീങ്ങുന്നതാണ്. ഉന്മേഷവും പുരോഗതിയും പ്രകടമാവും. തൊഴിൽ തേടുന്ന ചെറുപ്പക്കാർക്ക് നിരാശപ്പെടേണ്ടി വരില്ല. അർഹതയ്ക്കനുസരിച്ചുള്ള ജോലി ലഭിക്കും. പണം മുടക്കിച്ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയുണ്ടാവണം. കുടുംബത്തിൻ്റെ, വിശേഷിച്ചും ജീവിത പങ്കാളിയുടെ പ്രോൽസാഹനം എല്ലാക്കാര്യത്തിലും കരുത്താകും. വലിയ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ആത്മവിശ്വാസം ഭവിക്കുന്നതാണ്. രോഗക്ലേശങ്ങൾക്ക് ചികിൽസാ മാറ്റത്താൽ ആശ്വാസമുണ്ടാവും. ഋണബാധ്യതകൾക്ക് ഭാഗികമായെങ്കിലും പോംവഴി തെളിയുന്നതാണ്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ധൈര്യവും പ്രത്യുല്പന്നമതിത്വവും പ്രകടിപ്പിക്കും. പഞ്ചമ ഭാവത്തിലെ ചൊവ്വയാൽ പ്രസവകാര്യങ്ങളിൽ ക്ലേശം അനുഭവപ്പെടാൻ സാധ്യതയുണ്ട്.

Read More

daily horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: