/indian-express-malayalam/media/media_files/2024/11/23/URcY81se7zHqExoCTpew.jpg)
December Monthly Horoscope 2024
ഡിസംബർ ഒന്ന് മുതൽ 15 വരെ വൃശ്ചിക മാസം തുടരുകയാൽ ആദിത്യൻ വൃശ്ചികം രാശിയിലാവും. ഡിസംബർ 16 മുതൽ 31 വരെ ധനുമാസം ആവുകയാൽ ആദിത്യൻ ധനുരാശിയിലാവും. ആദ്യം അനിഴം ഞാറ്റുവേല ഭാഗികമായും തൃക്കേട്ട, മൂലം ഞാറ്റുവേലകൾ പൂർണമായും ഒടുവിൽ പൂരാടം ഞാറ്റുവേല ഭാഗികമായും ഡിസംബർ മാസത്തിൽ സംഭവിക്കുന്നു. സൂര്യൻ സഞ്ചരിക്കുന്ന നക്ഷത്രങ്ങളെ ആസ്പദമാക്കിയാണ് ഞാറ്റുവേല കണക്കാക്കുക എന്നത് ഓർമ്മിക്കുമല്ലോ?
ഡിസംബർ 1നും 30നും അമാവാസി അഥവാ കറുത്തവാവ് വരുന്നു. ഡിസംബർ 15 ന് പൗർണമി അഥവാ വെളുത്ത വാവും വരുന്നു. ഡിസംബർ രണ്ടുമുതൽ ഹേമന്ത ഋതുവും ചാന്ദ്രമാസമായ മാർഗശീർഷമാസവും ആരംഭിക്കുന്നു. ചന്ദ്രൻ അനിഴം നക്ഷത്രമണ്ഡലത്തിലാണ് ഡിസംബർ 1 ന് സഞ്ചരിക്കുന്നത്. ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ഡിസംബർ 31 ന് പൂരാടം നക്ഷത്രത്തിൽ എത്തുന്നു.
ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലാണ്. ഡിസംബർ 27 ന് പൂരൂരുട്ടാതിയിൽ പ്രവേശിക്കും. 2025 ൽ ശനിയുടെ രാശിമാറ്റം (കുംഭം - മീനം) വരുന്നതുവരെയും തുടർന്ന് ഏതാനും മാസങ്ങളും ശനി പൂരൂരുട്ടാതിയിൽ തന്നെ തുടരും. ശനി ശരാശരി 13 മാസക്കാലമാണ് ഒരു നക്ഷത്രമണ്ഡലത്തിൽ തുടരുന്നത്.
വ്യാഴം ഇടവം രാശിയിൽ രോഹിണിയിൽ വക്രഗതിയിലായി തുടരുകയാണ്. അടുത്ത നാലുമാസക്കാലം വ്യാഴം രോഹിണിയിൽ തന്നെയാവുംരാഹു മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. 2025 മാർച്ച് പകുതി വരെ രാഹു ഉത്രട്ടാതിയിലാവും. കേതു കന്നിരാശിയിലാണ്. ഉത്രം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു.
ചൊവ്വ നീചരാശിയായ കർക്കടകത്തിൽ പൂയം നക്ഷത്രത്തിലാണ്. ആ സ്ഥിതിക്ക് ഡിസംബറിൽ മാറ്റമില്ല. 2025 ജനുവരി പകുതിയോളം ചൊവ്വ പൂയം നാളിലാണ്. ബുധൻ മാസം മുഴുവൻ വൃശ്ചികം രാശിയിലുണ്ട്. ഡിസംബർ 8 വരെ തൃക്കേട്ടയിലും തുടർന്ന് അനിഴത്തിലും ആണ്. മാസാന്ത്യത്തിൽ വക്രഗതിയിലുമാവും. ഡിസംബർ 1 മുതൽ 11 വരെ ബുധൻ മൗഢ്യത്തിലാണെന്നതും സ്മരണീയം. ശുക്രൻ ഡിസംബർ 2ന് ധനുരാശിയിൽ നിന്നും മകരത്തിലേക്കും മാസാന്ത്യത്തിൽ കുംഭം രാശിയിലേക്കും സംക്രമിക്കുന്നതാണ്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ 2024 ഡിസംബർ മാസത്തിലെ അശ്വതി മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളുടെയും സമ്പൂർണ്ണ മാസഫലം ഇവിടെ അപഗ്രഥിക്കുകയാണ്.
അശ്വതി
തീരുമാനിച്ച കാര്യങ്ങൾ കുറച്ചൊക്കെ നടപ്പിലാക്കാനായേക്കും. ആദിത്യൻ അഷ്ടമത്തിൽ തുടരുകയാൽ മാസത്തിൻ്റെ ആദ്യപകുതിക്ക് മേന്മകുറയാനിടയുണ്ട്. പ്രത്യേകിച്ചും കർമ്മരംഗത്ത് ഏകോപനം വിഷമകരമായേക്കും. പറയുന്ന കാര്യങ്ങൾ ഒപ്പമുള്ളവർ തെറ്റായി മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും സാധ്യതയുണ്ട്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കാര്യങ്ങൾ മെച്ചപ്പെട്ട അവസ്ഥയിലെത്തും. അന്യനാട്ടിൽ കഴിയുന്നവർക്ക് ജന്മദേശത്ത് മടങ്ങാൻ അവസരം ലഭിക്കും. ജീവിതത്തിൻ്റെ സ്വാഭാവികമായ താളം ആസ്വദിക്കാനായേക്കും. സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ഒന്നാം വട്ട ചർച്ചകൾ ഭംഗിയായി പൂർത്തിയാക്കും. മിതവ്യയം ഉപേക്ഷിക്കരുത്. നാലിൽ സ്ഥിതിചെയ്യുന്ന ചൊവ്വ ഇടക്കിടെ മനസ്സമാധാനം കളയാം. വാഹനയാത്രയിൽ ജാഗ്രത വേണം. ഒപ്പം സുഹൃത്തുക്കളുടെ കാര്യത്തിലും ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
ഭരണി
നക്ഷത്രനാഥനായ ശുക്രൻ തൻ്റെ ഉച്ചരാശിയെ ലക്ഷ്യമാക്കി സഞ്ചരിക്കുകയാൽ ഭരണി നാളുകാർ നാനാതരം നേട്ടങ്ങൾ കരസ്ഥമാക്കും. മനസ്സിന് സന്തോഷമുണ്ടാവും. കലാപഠനം / കലാമത്സരം എന്നിവയിൽ പുരോഗതി പ്രതീക്ഷിക്കാം. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. ആദിത്യൻ്റെ അനിഷ്ട സ്ഥിതിയാൽ അലച്ചിലിന് ഇടയുണ്ടെന്നതും പ്രസ്താവ്യമാണ്. പിതാവിൻ്റെ കാര്യങ്ങളിൽ ശ്രദ്ധയുണ്ടാവണം. അധികാരികൾക്കെതിരെ നീങ്ങുന്നത് പിന്നീട് ക്ലേശത്തിന് കാരണമാകും. പൊതുപ്രവർത്തനത്തിൽ പ്രതിസന്ധികൾ വന്നു ചേരാം. ഭൂമിവിൽപ്പന/ ഭൂമി വാങ്ങൽ എന്നിവയ്ക്കൊട്ടും അനുകൂലത ഇല്ലാത്ത കാലമാണ്. സഹോദരരുമായുള്ള ബന്ധത്തിൽ നിറക്കേടുകൾ വരാം. സമനിലയോടെ പെരുമാറാനും മധുരമായി സംസാരിക്കാനും സാധിക്കുന്നതായിരിക്കും
കാർത്തിക
ബുധാദിത്യയോഗത്താൽ കാർത്തിക നാളുകാർക്ക് അറിവുള്ളവരുടെ സംസർഗം ഗുണം ചെയ്യും. പുതിയ ഭാഷയോ സാങ്കേതിക വിദ്യയോ പഠിക്കാനവസരം വരും. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയരുന്നതായിരിക്കും. ബിസിനസ്സിൽ പരീക്ഷണത്തിനോ തൊഴിൽ മാറ്റത്തിനോ കാലം അനുകൂലമല്ല. മേടക്കൂറുകാർക്ക് വാടകവീട് മാറേണ്ട സാഹചര്യമുണ്ടാവാം. കെട്ടിട നിർമ്മാണത്തിനായി വായ്പ വാങ്ങേണ്ട സ്ഥിതിയുണ്ടാവും. വാഹനയാത്രയിൽ ജാഗ്രത പുലർത്തണം. ഇടവക്കൂറുകാർക്ക് സഹോദരുടെ സഹായവും സഹകരണവും പ്രതീക്ഷിക്കാം. ആത്മീയ സാധനകൾക്ക് സമയം കണ്ടെത്തും. തീർത്ഥയാത്രകൾ നടത്താൻ സാധ്യതയുണ്ട്. സാമ്പത്തികമായ അമളികളിൽ പെടാതെ നോക്കേണ്ടതുണ്ട്. സമൂഹമാധ്യമങ്ങളിലെ പക്ഷങ്ങളിൽ അണിചേരുന്നത് കരുതലോടെ വേണം.
രോഹിണി
ആദിത്യൻ 7,8 രാശികളിലൂടെ നീങ്ങുകയാൽ വ്യക്തിപരവും ഔദ്യോഗികവും ആയ സഞ്ചാരമേറും. എന്നാൽ ബിസിനസ്സ് യാത്രകളിൽ സഫലത കുറയാനിടയുണ്ട്. കൂട്ടുകച്ചവടത്തിലും അത്രയൊന്നും സംതൃപ്തിയുണ്ടാവില്ല. അതിൽ നിന്നും സ്വയം പിന്മാറാൻ ശ്രമിച്ചേക്കും. കണ്ടകശനി ശക്തിയാർജ്ജിക്കുകയാൽ പൊതുവേ കർമ്മരംഗത്ത് വെല്ലുവിളികൾ ഉയരുവാനാണ് സാധ്യത. ദാമ്പത്യത്തിൽ പിണക്കങ്ങളും ഇണക്കങ്ങളും ആവർത്തിക്കാം. രഹസ്യധനമോ, രഹസ്യ നിക്ഷേപങ്ങൾ മൂലമുള്ള ആദായമോ കൈവരുന്നതാണ്. ശത്രുക്കളുടെ എതിർപ്പുകളിൽ കരുത്താർജ്ജിക്കും. മറുതന്ത്രങ്ങളാൽ ശത്രുക്കളെ ഭയപ്പെടുത്തുവാനും മടിക്കില്ല. കലാപഠനത്തിന് ഉചിത സന്ദർഭമാണിത്. ഭൂമിയുടെ ക്രയവിക്രയം സുഗമമായി നടക്കും.
മകയിരം
ഗാർഹികമായും ഔദ്യോഗികമായും ഉത്തരവാദിത്വങ്ങൾ വർദ്ധിക്കുന്നതാണ്. സഹപ്രവർത്തകർ അവധിയിലായതിനാൽ അദ്ധ്വാനഭാരം അധികമാവും. അഭിമുഖങ്ങളിലും പരീക്ഷകളിലും ശോഭിക്കാൻ സാധിച്ചേക്കും. പുതിയ അവസരങ്ങൾ വന്നെത്തുമെന്ന പ്രതീക്ഷ പുലർത്തുന്നതിൽ അസാംഗത്യമില്ല. കാര്യങ്ങളെ വൈകാരികമായി സമീപിക്കുകയാൽ ചിലപ്പോൾ ക്ഷോഭം ഉണ്ടാവുന്നതാണ്. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധയുണ്ടാവണം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ സഹായം ആവശ്യമായി വരും. അതിനു വേണ്ടുന്ന പിന്തുണ നൽകാൻ സന്നദ്ധതയുണ്ടാവണം. സാമ്പത്തികമായി സമ്മർദ്ദം ഭവിക്കാം. എന്നാൽ കൂടുതൽ കടം വാങ്ങുന്നത് ഭാവിയിൽ കുഴപ്പം സൃഷ്ടിച്ചേക്കാം എന്ന യാഥാർത്ഥ്യവും വിഷമിപ്പിക്കും. കുടുംബ ക്ഷേത്രത്തിലെ ഉത്സവാദികളുടെ നടത്തിപ്പിൽ മുഖ്യത്വം വഹിക്കേണ്ടി വരുന്നതാണ്.
തിരുവാതിര
ആദിത്യൻ ആറിൽ തുടരുകയാൽ മാസത്തിൻ്റെ ആദ്യ പകുതി മെച്ചമുള്ളതാവും. പ്രവർത്തനോർജ്ജം വർദ്ധിക്കുന്നതാണ്. പരിമിതികളെ മറികടന്നും നേട്ടങ്ങളുണ്ടാക്കും. ഉന്നതോദ്യോഗസ്ഥർ അനുകൂലരാവും. സാമൂഹികമായ അംഗീകാരം ഉയരുന്നതായിരിക്കും. മത്സരാധിഷ്ഠിത കരാറുകൾ സ്വന്തമാക്കുന്നതാണ്. ഏജൻസികളിൽ നിന്നും ലാഭം അധികമായേക്കും. വ്യാഴം പന്ത്രണ്ടിൽ തുടരുകയാൽ മക്കളുടെ പഠിപ്പ്/വിവാഹം/വിദേശയാത്ര ഇത്യാദികൾക്ക് ചെലവുണ്ടാകും. ജീവകാരുണ്യപരമായ പ്രവർത്തനങ്ങൾക്ക് നേരം കണ്ടെത്തും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ വലിയ മുതൽ മുടക്കുക ആശാസ്യമാവില്ല. സംഘടനകളിൽ നിലപാടുകൾ വിമർശിക്കപ്പെടാം. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ വിഷമിക്കുന്നതാണ്.
പുണർതം
തൊഴിൽ പരമായി ഗുണമുള്ള സമയമാണ്. ചെയ്യുന്ന ജോലിയിലെ മികവും ആത്മാർത്ഥതയും അഭിനന്ദിക്കപ്പെടും. സഹപ്രവർത്തകർക്ക് പ്രായോഗികമായ നിർദ്ദേശങ്ങൾ നൽകും. മത്സര സ്വഭാവമുള്ള കരാറുകൾ ഏറ്റെടുക്കും. രണ്ടാം നക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുകയാൽ ചിലപ്പോൾ വാക്കുകൾക്ക് ആജ്ഞയുടെ സ്വഭാവം വന്നേക്കാം. സംഘടനാരംഗത്തുള്ളവർ ഇതുമൂലം ശത്രുക്കളെ സമ്പാദിക്കുന്നതാണ്. കിട്ടാനുള്ള സാമ്പത്തികം കൈവശമെത്താൻ അല്പം സമ്മർദ്ദം വേണ്ടി വരാം. വ്യവഹാരാദികൾക്ക് ഒട്ടും അനുകൂലമായ സന്ദർഭമല്ല. അനുരഞ്ജനത്തിൻ്റെ പാതയാവും ഗുണകരമാവുക. പുറം നാടുകളിൽ പഠനം / തൊഴിൽ ഇവയ്ക്ക് ശ്രമിക്കുന്നവർക്ക് കാര്യസാധ്യമുണ്ടാവും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ നേട്ടങ്ങൾ സാമാന്യമാവും.
പൂയം
സ്വന്തം ജോലിയിൽ ഒരുവിധം തൃപ്തിയുണ്ടാവും. ഉപഭോക്താക്കളെ ആകർഷിക്കുന്ന തന്ത്രങ്ങൾ ആവിഷ്കരിക്കും. ഉദ്യോഗസ്ഥർക്ക് കൂടുതൽ തിരക്കുകളുണ്ടാവും. പ്രതീക്ഷിച്ച സ്ഥാനക്കയറ്റം, വേതന വർദ്ധനവ് മുതലായവ നീണ്ടുപോയേക്കാം. താമസസ്ഥലം മാറുന്ന കാര്യത്തിൽ കുടുംബാംഗങ്ങൾ തമ്മിൽ തർക്കം ഉടലെടുക്കാം. കടബാധ്യതകൾ പരിഹരിക്കാനുള്ള ശ്രമം ഭാഗികമായി വിജയിച്ചേക്കും. പൊതുജനമദ്ധ്യത്തിൽ സ്വീകാര്യതയുണ്ടാവും. കലാപ്രവർത്തനത്തിന് പുരസ്കാരങ്ങൾ ലഭിക്കാനിടയുണ്ട്. സന്താനതടസ്സമോ വിളംബമോ മൂലം ചികിൽസയിൽ ഏർപ്പെട്ടവർക്ക് ശുഭവാർത്ത പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യപരമായി ശ്രദ്ധ വേണ്ടതുണ്ട്. ജന്മനക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുകയാൽ മനോവാക്കർമ്മങ്ങളിൽ ശ്രദ്ധ പുലർത്തണം.
ആയില്യം
കരാർ പ്രവർത്തനത്തിൽ ഉയർച്ച വരുന്നതാണ്. അനുബന്ധ ജോലികൾക്കുള്ള ശ്രമം സഫലമാവും. സാങ്കേതിക കാര്യങ്ങളിൽ അറിവ് വർദ്ധിപ്പിക്കാനുള്ള പരിശ്രമം വിജയിക്കുന്നതാണ്. സഹപ്രവർത്തകരുമായി ഭിന്നാഭിപ്രായം ഉണ്ടായേക്കും. അനാവശ്യമായ തിടുക്കവും ഉൽക്കണ്‌ഠയും ഉപേക്ഷിക്കേണ്ടതുണ്ട്. കലഹ പ്രേരണകളെയും നിയന്ത്രിക്കേണ്ടതാണ്. വ്യവഹാരത്തോളം ചെന്നാലും പൂർവ്വികസ്വത്തുക്കൾ അനുഭവ യോഗ്യമായേക്കും. മകൻ്റെ ഉപരിപഠനത്തിനുള്ള പണം വായ്പകൾ പ്രയോജനപ്പെടുത്തി കണ്ടെത്തുവാൻ കഴിഞ്ഞേക്കും. പ്രണയികൾക്ക് അനുകൂല സന്ദർഭമാണ്. ദാമ്പത്യത്തിൽ സംതൃപ്തിയുണ്ടാവും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. മകളുടെ ജോലിസ്ഥലത്ത് താമസിക്കേണ്ടതായി വരാം.
മകം
സ്ഥിരോത്സാഹവും സ്ഥിരപ്രയത്നവും നേട്ടങ്ങൾ സൃഷ്ടിക്കാം. പതിവുകാര്യങ്ങൾ ഒരുവിധം ഭംഗിയായി നടന്നേക്കും. തൊഴിൽ മാറ്റത്തിന് ഗ്രഹാനുകൂല്യം ഇല്ല. ആദിത്യൻ 4,5 രാശികളിൽ സഞ്ചരിക്കുകയാൽ കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതായി വരും. മകൻ്റെ പലതരം ആവശ്യങ്ങൾക്ക് പണം കണ്ടെത്തേണ്ട സ്ഥിതി ഭവിക്കാം. ഇക്കാര്യം മൂലം അല്പം സമാധാനക്കേടിനും ഇടയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രത കുറയുന്നതാണ്. ഗവേഷകർക്ക് പ്രബന്ധപൂർത്തീകരണത്തിന് കൂടുതൽ കാര്യങ്ങൾ ഇനിയും ഗ്രഹിക്കപ്പെടണം എന്ന നിലയുണ്ടാവും. നിക്ഷേപങ്ങൾ , ഊഹക്കച്ചവടം ഇവയിൽ നിന്നും കരുതിയതിലധികം ധനം കരഗതമായേക്കും. സുഹൃത്തുക്കൾ സഹായിച്ചില്ലെന്ന പരിഭവം തോന്നും. ബന്ധുക്കളുടെ കാര്യത്തിൽ ഇണക്കവും പിണക്കവും തുടരപ്പെടും.
പൂരം
വ്യാപാരമേഖല പുഷ്ടിപ്പെടാനിടയുണ്ട്. എല്ലാക്കാര്യങ്ങളും ശ്രദ്ധിച്ചുകൊണ്ട് മുന്നേറുകയാൽ ശത്രുക്കളുടെ പ്രവർത്തനങ്ങൾ ഏശുകയില്ല. വായ്പകൾ അടക്കാൻ സാധിക്കുന്നതാണ്. അനുബന്ധം സ്ഥാപനം തുടങ്ങുന്ന കാര്യം താൽകാലികമായി നീട്ടി വെക്കുകയാവും ഉചിതം. വീട്ടിലെ അന്തരീക്ഷം ആശ്വാസമേകുന്നതാവും. ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ തികച്ചും പ്രായോഗികമായി അനുഭവപ്പെടും. ചികിൽസാ മാറ്റത്താൽ വയോജനങ്ങൾക്ക് ആശ്വാസം ലഭിച്ചേക്കും. കലാകാരന്മാർക്ക് അർഹിക്കുന്ന അവസരം കൈവരുന്നതാണ്. വിനോദോപാധികൾക്കായും ആഢംബരത്തിനായും പണം ചെലവു ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുന്നത് ഇപ്പോൾ നന്നായിരിക്കും. ചെറുപ്പക്കാരുടെ വിവാഹാലോചനകൾ തീരുമാനത്തിലെത്താതെ നീണ്ടുപോയേക്കാം. ആരോഗ്യത്തിൽ ജാഗ്രത വേണം.
ഉത്രം
മറ്റുള്ളവരുടെ ഉപദേശം ശ്രദ്ധാപൂർവ്വം കേൾക്കുമെങ്കിലും അനുസരിക്കാൻ കൂട്ടാക്കുകയില്ല. എന്നാൽ, ആരെയും പിണക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്. രാഷ്ട്രീയ നിലപാടുകൾ മുറുകെ പിടിക്കും. പൊതുപ്രവർത്തകർക്ക് സ്വീകാര്യത വർദ്ധിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് സാമാന്യമായ തിരക്കുണ്ടാവും. ചുമതലകൾ പൂർത്തീകരിക്കുവാൻ കൂടുതൽ സമയം വേണ്ടിവരുന്നതാണ്. വഴിവിട്ട കാര്യം ചെയ്യാൻ തയ്യാറാവില്ല. സ്വന്തം തൊഴിൽ വിപുലീകരിക്കുവാൻ ആലോചനയുണ്ടാവും. ചിങ്ങക്കൂറുകാർ ഭൂമി വ്യാപാരത്തിൽ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. സഹോദരരുമായി തർക്കങ്ങൾ വരാം. കന്നിക്കൂറുകാർക്ക് വസ്തു വില്പനയിൽ ലാഭം അധികരിക്കുന്നതാണ്. ഉല്ലാസയാത്രകൾക്ക് സാധ്യതയുണ്ട്. മാനസികമായ സന്തോഷമുണ്ടാകും.
അത്തം
നേട്ടങ്ങൾക്കാവും മുൻതൂക്കം. ആദിത്യൻ മൂന്നിലും നാലിലുമായി സഞ്ചരിക്കുകയാൽ പ്രവർത്തിരംഗം ഉന്മേഷകരമാവും. ആദർശചിന്തയുടെയും പ്രായോഗിക ബുദ്ധിയുടെയും സമന്വയം ഗുണം ചെയ്യും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിക്കാം. സ്ഥാനക്കയറ്റവും സാധ്യതയാണ്. നീണ്ടകാലമായുള്ള വായ്പ അടച്ചുതീരുകയാൽ ധനകാര്യത്തിൽ സ്വയം പര്യാപ്തത ഉണ്ടാവുന്നതാണ്. കുടുംബാംഗങ്ങളുടെ പിന്തുണ പ്രതീക്ഷിക്കാം. പൂർവ്വിക വസ്തുവിറ്റ ധനം ഉപയോഗിച്ച് മറ്റൊരു വസ്തു വാങ്ങാനുള്ള ശ്രമം വിജയം കണ്ടേക്കും. സാഹിത്യവും കലാരംഗവും പുഷ്ടിപ്പെടുന്നതാണ്. സുഹൃൽ സംഗമങ്ങൾക്ക് മുൻകൈയ്യെടുക്കും. വിദേശത്തുനിന്നും ധനം, പാരിതോഷികം ഇവ ലഭിക്കാം. ജന്മനാട്ടിലെ ക്ഷേത്രോത്സവത്തിൽ സകുടുംബം പങ്കെടുക്കുന്നതാണ്.
ചിത്തിര
ശിഥില ചിന്തികളെ ഏകീകരിക്കാനും പ്രാവർത്തികമാക്കാനും വിഷമിക്കും. സുഹൃത്തുക്കളുടെ ഉപദേശത്തിൽ വേണ്ടത്ര വിശ്വാസമുണ്ടാവില്ല. സ്വയം സംരംഭകർക്ക് പിടിച്ചു നിൽക്കാനാവും. തരക്കേടില്ലാത്ത വരുമാനം കൈവരുന്നതാണ്. കന്നിക്കൂറുകാർക്ക് മാസാദ്യ പകുതിയിൽ മനസ്സമാധാനമേറും. സാമൂഹ്യ സ്വീകാര്യത വലിയ തോതിലുണ്ടാവും. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. പുതിയ ഇലക്ട്രോണിക് ഉല്പന്നങ്ങൾ സ്വന്തമാക്കിയേക്കും. തുലാക്കൂറുകാർക്ക് മാസത്തിൻ്റെ രണ്ടാം പകുതിയിൽ വ്യാപാരാദിവൃദ്ധി പ്രതീക്ഷിക്കാം. സർക്കാരിൽ നിന്നും അനുമതി രേഖ ലഭിച്ചേക്കും. അവിവാഹിതരുടെ വിവാഹം തീരുമാനിക്കപ്പെടാം. കടബാധ്യതകൾ പരിഹരിക്കാനുള്ള ശ്രമം ഭാഗികമായി ഫലം കാണുന്നതാണ്.
ചോതി
ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാവും. വിദേശ സർവ്വകലാശാലയിൽ പഠിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അവസരമുണ്ടാവും. കഴിഞ്ഞ കുറച്ചു നാളുകളായി അനുഭവപ്പെട്ടിരുന്ന ആത്മസംഘർഷത്തിന് അയവുവരും. ഇഷ്ടജനങ്ങളുടെ മാനസിക പിന്തുണ ലഭിക്കുന്നതാണ്. കച്ചവടത്തിൽ ക്രമേണ ഉയർച്ച വന്നെത്തും. ഉപഭോക്താക്കളുടെ സ്വീകാര്യത സന്തോഷമേകും. സാമൂഹ്യ കാര്യങ്ങളിൽ അഭിപ്രായം തുറന്നുപറയുകയാൽ ശത്രുക്കളുണ്ടാവും. എന്നാൽ അതിൽ വ്യാകുലപ്പെടില്ല. മകൾക്ക് കഴിവിനൊത്ത ജോലി ലഭിക്കാനിടയുണ്ട്. പിതൃ-പുത്ര ബന്ധത്തിലെ പിരിമുറുക്കം അയയും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ വന്നു ചേരും. വ്യാഴം അഷ്ടമത്തിൽ സഞ്ചരിക്കുകയാൽ ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തണം.
വിശാഖം
നക്ഷത്രനാഥനായ വ്യാഴം വക്രഗതിയിൽ സഞ്ചരിക്കുന്നതിനാൽ നിലപാടുകളിൽ നിന്നും പിന്നോട്ടുപോകാൻ സാധ്യതയുണ്ട്. ഇഷ്ടമുണ്ടായിട്ടാവില്ല, എങ്കിലും ചില കാര്യങ്ങൾ പിന്നീടത്തേക്ക് മാറ്റിവെക്കാനോ റദ്ദാക്കാനോ ഉള്ള സാഹചര്യം തള്ളിക്കളയാനാവില്ല. കായിക - കലാ മത്സരങ്ങൾ വിചാരിച്ചതിലധികം കടുത്തതാവും. വരുമാനം പതിവുപോലെ തന്നെയായിരിക്കും. അദ്ധ്വാനം കൂടുതലായതിന് തക്ക ഫലം കിട്ടിയേക്കില്ല. അമിതവ്യയം ഒഴിവാക്കപ്പെടണം. വേണ്ടപ്പെട്ടവരെന്ന് കരുതപ്പെടുന്നവരുടെ ഉപദേശം ചിലപ്പോൾ വഴിതെറ്റിച്ചേക്കും. സദസ്സുകളിലും സംഘടനകളിലും ബഹുമാന്യത കുറയാം. ഗൃഹനിർമ്മാണം തുടരാൻ വായ്പകളെ ആശ്രയിച്ചേക്കും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ നല്ലഫലങ്ങൾ കൈവരുന്നതാണ്.
അനിഴം
കണ്ടകശനിയും ജന്മത്തിൽ ആദിത്യനും ഒമ്പതാം ഭാവത്തിൽ നീചക്ഷേത്രസ്ഥനായി രാശിനാഥനായ ചൊവ്വയും ഉള്ളതിനാൽ ജീവിതത്തിൽ പ്രതിസന്ധികൾ ഒപ്പം സഞ്ചരിക്കുന്നതായി അനുഭവപ്പെടാം. അനായാസമായ നേട്ടങ്ങൾക്കുപോലും ഒത്തിരി വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. മുൻപ് സഹായം കൈപ്പറ്റിയവർ പോലും മറുപക്ഷത്താണല്ലോ എന്ന ഖേദം ഉയർന്നേക്കും. എന്നാലും അനുകൂല ഘടകങ്ങളും കുറവല്ല. വ്യാഴവും കേതുവും ശുക്രനും അപ്രതീക്ഷിത ഭാഗ്യങ്ങൾക്കും കരുത്തുള്ള പിന്തുണകൾക്കും സാമ്പത്തിക സമാശ്വാസങ്ങൾക്കും കാരണമാകാം. കുടുംബം ഒന്നടങ്കം ഒപ്പമുണ്ടാവുന്നത് മനക്കരുത്തേകും. സഹിഷ്ണുത ഫലവത്താകാം. അനുബന്ധ തൊഴിലുകളിൽ നിന്നും ആദായം കിട്ടിത്തുടങ്ങും.
തൃക്കേട്ട
നക്ഷത്രനാഥനായ ബുധന് മാസാദ്യം വരെ മൗഢ്യം തുടരുന്നതിനാൽ ആശയക്കുഴപ്പം കുറയില്ല. ആദിത്യൻ ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നത് ദേഹക്ലേശത്തിനും മനസ്സമ്മർദ്ദത്തിനും കാരണമാകാം.അഞ്ചിലെ രാഹ അനാവശ്യമായ ചിന്തകളെ ഉണർത്തി വിടും. വ്യാഴം ഏഴിൽ തുടരുന്നത് വിവാഹതടസ്സം നീങ്ങാൻ കാരണമായേക്കും. കൂട്ടുകച്ചവടത്തിൽ നിന്നും കൂടുതൽ ലാഭം കിട്ടിത്തുടങ്ങുന്നതാണ്. ബിസിനസ്സ് യാത്രകൾ സഫലമാവും. വാഗ്ദാനങ്ങൾ പാലിക്കുന്നതിലൂടെ സാമ്പത്തികമായ വിശ്വസ്തത നേടിയെടുക്കാൻ കഴിയുന്നതാണ്. വസ്തുകച്ചവടത്തിൽ കബളിപ്പിക്കപ്പെടാൻ ഇടയുള്ളതിനാൽ ശ്രദ്ധ വേണ്ടതുണ്ട്. വൈജ്ഞാനിക കാര്യങ്ങളിൽ സമകാലികരാവാനുള്ള ശ്രമം വിജയിക്കും. മാസത്തിൻ്റെ രണ്ടാം പകുതി കൂടുതൽ ഗുണകരമാവും.
മൂലം
ആദിത്യൻ പന്ത്രണ്ടിലും ജന്മത്തിലുമായി സഞ്ചരിക്കുന്നു. രാഹു നാലിലുണ്ട്. വ്യാഴം ആറിലാണ്. അഷ്ടമത്തിൽ ചൊവ്വ സഞ്ചരിക്കുന്നു. സുലഭവസ്തുക്കൾ പോലും ദുർലഭമാവാം. വിജയിക്കാൻ അത്യദ്ധ്വാനം ചെയ്യേണ്ടി വരും. സൗഹൃദങ്ങളിൽ വിട്ടുവീഴ്ച വേണ്ടിവരുന്നതാണ്. ഉദ്യോഗസ്ഥർക്ക് വീട്ടിനടുത്തേക്കുള്ള സ്ഥലംമാറ്റം ലഭിക്കാൻ ശുപാർശ വേണ്ടിവരും. വയോധികരുടെ പിന്തുണ സന്തോഷം നൽകുന്നതാണ്. ശുക്രൻ്റെ അനുകൂലതയാൽ സുഖഭോഗങ്ങളുണ്ടാവും. പ്രണയികൾക്ക് പരസ്പരവിശ്വാസം ദൃഢമാകുന്നതാണ്. ജീവിതപങ്കാളിയുടെ വിശ്വാസാദരങ്ങൾ ശക്തമാകും. മക്കളുടെ പഠനത്തിലും പെരുമാറ്റത്തിലും പൂർണ്ണതൃപ്തിയുണ്ടാവില്ലെന്ന് പറയേണ്ടിവരും. ധനപരമായ ആശങ്കകൾ ഉയർന്നേക്കും. എന്നാൽ കാര്യങ്ങൾ ഒരുവിധം നടന്നുകൂടിയേക്കും.
പൂരാടം
ആശ്വാസമുണ്ടാവും, രോഗഗ്രസ്തർക്ക്. ചികിൽസാമാറ്റം ഗുണം ചെയ്യുന്നതാണ്. പുതിയ കൂട്ടുകെട്ടുകളിൽ സർവ്വാത്മനാ സഹകരിക്കും. ഇപ്പോൾ ചെയ്തു വരുന്ന തൊഴിലിൽ നിന്നും മാറുന്നത് ഗുണകരമാണെന്ന് വന്നേക്കാം. പക്ഷേ ഉടനുള്ള എടുത്തുചാട്ടം നല്ലതല്ല. പഴയ വീടോടുകൂടിയ പുരയിടം വാങ്ങുന്നത് പ്രമാണം നല്ലവണ്ണം പരിശോധിച്ചിട്ടാവണം. അഡ്വാൻസ് തുക ബന്ധുക്കൾ നൽകിയേക്കും. മകൻ്റെ പഠിപ്പിലെ പിന്നോട്ടുപോക്ക് വിഷമിപ്പിക്കും. കരാർ ജോലികൾ കടുത്ത ചില നിബന്ധനകളോടെ പുതുക്കിക്കിട്ടിയേക്കും. കലാപ്രവർത്തനം മാനസികോല്ലാസം, സാമ്പത്തിക നേട്ടം ഇവയ്ക്ക് സഹായകമാവാം. ചിലർക്ക് വീടുവിട്ടുനിൽക്കേണ്ട സാഹചര്യം വരാം. അനുരാഗികൾക്ക് ഭാവിയെക്കുറിച്ച് ആലോചിച്ച് ഉൽക്കണ്ഠ വർദ്ധിക്കുന്നതാണ്.
ഉത്രാടം
ഉദ്ദേശിച്ച വിധം കാര്യങ്ങൾ നടന്നു കിട്ടിയേക്കില്ല. ലഘുപ്രയത്നം കൊണ്ട് നേടിയവ ഇപ്പോൾ അത്യദ്ധ്വാനം കൊണ്ടു മാത്രമാവും നേടാൻ കഴിയുക. വിശേഷിച്ചും ധനുക്കൂറുകാർക്ക്. തൊഴിലിടത്തിൽ സഹപ്രവർത്തകർ തമ്മിൽ ആശയ വിഭിന്നത ഉടലെടുക്കാം. പൂർവ്വിക സമ്പാദ്യം ഇപ്പോൾ ധനക്ലേശം പരിഹരിക്കാൻ ഉതകുന്നതാണ്. ജീവിത പങ്കാളിയ്ക്ക് ഔദ്യോഗിക രംഗത്ത് ശോഭിക്കാനാവും. സംഘടനാ പ്രവർത്തനങ്ങളിൽ എതിർപ്പുയരും. മകരക്കൂറുകാർക്ക് ഗവേഷണത്തിൽ മുന്നേറാനും പ്രബന്ധം രചന പൂർത്തിയാക്കാനും കഴിഞ്ഞേക്കും. വേണ്ടപ്പെട്ടവരുടെ പ്രോൽസാഹനം ശക്തി പകരുന്നതാണ്. അവിവാഹിതരുടെ വിവാഹസ്വപ്നം സാക്ഷാല്ക്കരിക്കാൻ സാധ്യതയുണ്ട്. കാര്യാലോചനകളിൽ വാക്കുകൾക്ക് ബഹുമാന്യത കൈവരുന്നതാണ്.
തിരുവോണം
മാസത്തിൻ്റെ ആദ്യപകുതിയിൽ വരവധികരിക്കും. ഇഷ്ടവസ്തുക്കൾ പാരിതോഷികമായി ലഭിക്കുന്നതാണ്. സദ്ഭാവനയോടെ പ്രവർത്തിക്കും. ജീവകാരുണ്യപരമായ കർമ്മങ്ങളുടെ മുൻനിരയിലുണ്ടാവും. ഉന്നതാധികാരികളുടെ പിന്തുണ വേണ്ടുവോളം ലഭിക്കും. സഹപ്രവർത്തകരുടെ സമീപനം സമ്മിശ്രമായിരിക്കും. രാഷ്ട്രീയത്തിൽ സ്വാധീനമുറപ്പിക്കും. കലാകായിക മത്സരങ്ങളിൽ വിജയിക്കാൻ കഴിയും. പ്രണയികൾക്ക് അല്പം വിഷാദിക്കേണ്ടി വന്നേക്കും. ദാമ്പത്യത്തിൽ സ്വൈരക്കേടുകൾക്കും ഇടമുണ്ടാവും. മകളുടെ നേട്ടത്തിൽ അഭിമാനം വർദ്ധിക്കും. ബിസിനസ്സ് യാത്രകളിൽ ലാഭവും നഷ്ടവും കലരും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ വിവാദങ്ങളിലും തർക്കങ്ങളിലും ക്ഷീണം സംഭവിച്ചേക്കും. വരവിലധികം ചെലവുണ്ടാവാനും സാധ്യത കാണുന്നു.
അവിട്ടം
പരിഗണന നിശ്ചയിച്ച് ചുമതലകൾ ഒന്നൊന്നായി നിർവഹിക്കാൻ നൈപുണ്യമുണ്ടാവും. ദുർഘടമെന്ന് സഹപ്രവർത്തകൾ ഒഴിഞ്ഞുമാറിയ ദൗത്യങ്ങൾ സുഗമമായി പൂർത്തീകരിച്ചേക്കും. തൊഴിൽ തേടുന്നവർക്ക് താൽക്കാലികമായിട്ടെങ്കിലും വരുമാന മാർഗം തുറന്നുകിട്ടുന്നതാണ്. നീണ്ടകാലമായി തുടരുന്ന ഭവനവായ്പയുടെ അടവ് അവസാനിച്ചേക്കും. വിദേശത്തു കഴിയുന്നവർക്ക് തൊഴിൽപരമായി മെച്ചം ഭവിച്ചേക്കും. മകളുടെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങൾക്ക് കൂട്ടായ ചർച്ചയിലൂടെ പരിഹാരം കണ്ടെത്തുന്നതാണ്. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന തീർത്ഥാടനത്തിന് അവസരം സിദ്ധിക്കും. അയൽ തർക്കങ്ങൾക്ക് രമ്യമായ പരിഹാരം നിർദ്ദേശിക്കുന്നതാണ്. സംവാദങ്ങളിൽ വാദമുഖങ്ങൾ നിരത്തിക്കൊണ്ടുള്ള അവതരണ ശൈലി പ്രശംസിക്കപ്പെടും.
ചതയം
ദേഹസ്സുഖവും മനസ്സുഖവും ഉണ്ടാവും. പ്രത്യേകിച്ച് വിയർപ്പൊഴുക്കാതെ തന്നെ കർമ്മരംഗത്ത് ഉയരാൻ സാധിക്കുന്നതാണ്. ആത്മവിശ്വാസം അധികരിക്കുന്നതായിരിക്കും. ആറിലെ ചൊവ്വ ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കുവാൻ പര്യാപ്തമാണ്. ഒന്നുകിൽ ഭൂമിയിൽ നിന്നും വാടക, കൃഷി മുതലായവയിലൂടെ വരുമാനം വന്നെത്തും. അല്ലെങ്കിൽ വസ്തുകച്ചവടം ലാഭത്തിന് കാരണമായിത്തീരും. മറ്റുള്ളവരുടെ വാക്കുകൾ അധികം വിശ്വസിക്കരുത് എന്നത് ഒരു നയമായി സ്വീകരിക്കണം. സ്വയം ബോധ്യമായിട്ടുള്ള കാര്യങ്ങളിൽ ഏർപ്പെടുകയാവും ഉചിതമാവുക. ആഗ്രഹിക്കാതെയോ പ്രത്യേകിച്ച് പരിശ്രമിക്കാതെയോ തന്നെ അധികാരമോ പദവിയോ ലഭിച്ചേക്കാം. കുടുംബബന്ധം ദൃഢമാവുന്നതാണ്. കലാമത്സരങ്ങളിൽ പുരസ്കൃതരാവും.
പൂരൂരുട്ടാതി
കുംഭക്കൂറുകാർക്ക് ജീവിതം പുരോഗതിയിലാവും. വ്യർത്ഥപരിശ്രമങ്ങൾ ഇപ്പോൾ പഴങ്കഥയാവും. ലഘുത്വമാർന്ന യത്നങ്ങളിലൂടെ വിജയം കൈവരിക്കുവാനാവും. മകൻ്റെ കാര്യത്തിലെ സങ്കടം നീങ്ങി ശുഭകരമായ വാർത്തയെത്തും. വിദ്യാർത്ഥികൾക്ക് വീണ്ടും പഠനത്തിൽ ഏകാഗ്രത പുലർത്താൻ കഴിയും. ആരോഗ്യകാര്യങ്ങളിൽ സ്വസ്ഥത പ്രതീക്ഷിക്കാം. ചികിത്സാമാറ്റം ഫലവത്താകുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനം തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കുന്നതാണ്. സാമ്പത്തിക കാര്യത്തിൽ കരുതൽ വേണ്ടതുണ്ട്. ദുർവ്യയം നിയന്ത്രിക്കപ്പെടണം. മാസാന്ത്യത്തിൽ ശനി ജന്മനക്ഷത്രത്തിൽ പ്രവേശിക്കുകയാൽ സാഹസങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള ജീവിതചര്യ ശീലമാക്കേണ്ടതുണ്ട്. മീനക്കൂറുകാർക്ക് സാമാന്യമായിട്ടുള്ള നേട്ടങ്ങൾ ഉണ്ടാവുന്നതാണ്.
ഉത്രട്ടാതി
ഏഴരശ്ശനിക്കാലമാകയാൽ ആത്മനിയന്ത്രണം അനിവാര്യമാണ്. വാക്കിലും കർമ്മത്തിലും ജാഗ്രത പുലർത്തേണ്ടതുണ്ട്. തൊഴിൽപരമായി സാമാന്യമായ നേട്ടങ്ങൾ ഉണ്ടാവുന്നതാണ്. സൗകര്യപ്രദമായ ഷിഫ്റ്റോ വീട്ടിലിരുന്നുള്ള ജോലിയോ ചെയ്യാനാവും. ബിസിനസ്സ് വിപുലീകരണ ശ്രമങ്ങൾക്ക് പലതരം തടസ്സങ്ങൾ ഏർപ്പെടാനിടയുണ്ട്. നിർബന്ധശീലം അവനവനുതന്നെ വിരോധിയാകുന്നുണ്ടോ എന്നത് സ്വയം പരിശോധിക്കപ്പെടണം. അമിത സാമ്പത്തിക ഭാരമുള്ള കാര്യങ്ങൾ ഏറ്റെടുക്കരുത്. ബന്ധുക്കളുടെ വാഗ്ദാനലംഘനം വിഷമിപ്പിച്ചേക്കാം. വായ്പകൾ ലഭിക്കാൻ കാലതാമസം വരും. മകളുടെ ദാമ്പത്യപ്രശ്നങ്ങൾ പരിഹരിച്ചേക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കുന്നതാണ്.
രേവതി
ആദിത്യൻ ഒമ്പതിലും പത്തിലുമായി സഞ്ചരിക്കുന്നതിനാൽ മുൻകാലങ്ങളെ അപേക്ഷിച്ച് തൊഴിലിടം സമാധാനപൂർണമാകുന്നതാണ്. ധനവരവ് അഭംഗുരമാവും. ഉയർന്ന ഉദ്യോഗസ്ഥർ അഭിനന്ദിക്കും. സ്വാശ്രയമായി ചെയ്യുന്ന സംരംഭങ്ങൾക്ക് ഇടക്കിടെ വിഘ്നങ്ങൾ വന്നാലും നിരാശപ്പെടേണ്ടി സ്ഥിതിഭവിക്കില്ല. ശുക്രൻ പതിനൊന്നിൽ സഞ്ചരിക്കുകയാൽ തടസ്സങ്ങൾ നീങ്ങി പ്രണയം ദൃഢമാകും. കലാകാരന്മാർക്ക് മനസ്സിനിണങ്ങിയ അവസരങ്ങൾ ലഭിക്കുന്നതാണ്. ആടയാഭരണങ്ങളോ ഇലക്ട്രോണിക്ക് ഉല്പന്നങ്ങളോ സമ്മാനം കിട്ടാനിടയുണ്ട്. അഞ്ചാം ഭാവത്തിലെ ചൊവ്വ ഉദരരോഗം വരുത്തിയേക്കാം. വൈദ്യോപദേശം മുൻനിർത്തി ഭക്ഷണശീലങ്ങൾ പുനക്രമീകരിക്കേണ്ടി വരുന്നതാണ്.
ചില ശാഠ്യങ്ങൾ ശത്രുക്കളെ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
Read More
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, Dec 01-Dec 07
- Daily Horoscope November 28, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- ശുക്രൻ ധനുരാശിയിലേക്ക്: അശ്വതി മുതൽ രേവതി വരെയുള്ള നാളുകാരുടെ ഫലങ്ങൾ
- Monthly Horoscope Vrischikam: വൃശ്ചിക മാസഫലം, അശ്വതി മുതൽ രേവതി വരെ
- നിങ്ങളെ തേച്ചിട്ടു പോകുമോ? പ്രണയിനിയുടെ നക്ഷത്രം നോക്കി ഫലമറിയാം
- Aswathy Star Predictions: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.