/indian-express-malayalam/media/media_files/2024/11/27/december-1-to-7-weekly-horoscope-astrological-predictions-aswathi-to-ayilyam.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ വൃശ്ചികം രാശിയിൽ അനിഴം, തൃക്കേട്ട ഞാറ്റുവേലകളിലാണ്. ഞായറാഴ്ച കറുത്തവാവ് ആകുന്നു. പിറ്റേന്നു മുതൽ ചന്ദ്രൻ വെളുത്ത പക്ഷത്തിൽ സഞ്ചരിക്കുകയാണ്. ചൊവ്വ കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിൽ തുടരുന്നു. ഡിസംബർ 2 ന് ശുക്രൻ മകരം രാശിയിലേക്ക് സംക്രമിക്കുകയാണ്. ബുധൻ വൃശ്ചികം രാശിയിലാണ്. വാരാദ്യം മുതൽ ബുധൻ മൗഢ്യത്തിലാകും.
ശനി കുംഭം രാശിയിൽ നേർഗതിയിൽ ചതയം നക്ഷത്രത്തിലാണ്. വ്യാഴത്തിൻ്റെ വക്രഗതി തുടരുന്നു. വ്യാഴം മകയിരത്തിലാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലും കേതു കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിലും അപ്രദക്ഷിണ ഗതിയായി സഞ്ചാരം തുടരുന്നു. ഈയാഴ്ചയിൽ ഞായറും തിങ്കൾ സായാഹ്നം വരെയും മേടക്കൂറുകാരുടെ അഷ്ടമരാശിയാകൂ.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രക്കാരുടെയും സമ്പൂർണ്ണ വാരഫലം ഇവിടെ അപഗ്രഥിക്കാം.
അശ്വതി
ബന്ധങ്ങളുടെ ദൃഢതയും ഊഷ്മളതയും നിലനിർത്താനാവും. അധികാര കേന്ദ്രങ്ങളിലുള്ള സ്വാധീനശക്തി തുടരുന്നതാണ്. കൃത്യതയുള്ള നിരീക്ഷണങ്ങൾക്കൊപ്പം പ്രായോഗിക പരിചയവും ചെയ്യുന്ന തൊഴിലിനെ വിജയ പഥത്തിൽ എത്തിക്കും. സഹപ്രവർത്തകരുടെ സൃഷ്ടിശക്തികളെ ഏകോപിപ്പിക്കുവാനും ത്വരിതപ്പെടുത്തുവാനും സാധിക്കുന്നതാണ്. മാനസികമായി സൗഖ്യമുണ്ടാവും. സാമ്പത്തികമായി സുരക്ഷിതത്വം അനുഭവപ്പെടും. ദാമ്പത്യജീവിതത്തിൽ മുൻപെങ്ങുമില്ലാത്ത പാരസ്പര്യം വന്നുചേരുന്നതാണ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ കൂടുതൽ ജാഗ്രത വേണം.
ഭരണി
കർമ്മരംഗത്ത് പ്രയത്നത്തിനനുസരിച്ചുള്ള ന്യായമായ നേട്ടങ്ങൾ ഉണ്ടാകും. ലക്ഷ്യം നിശ്ചയിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ വിജയിക്കുന്നതാണ്. പ്രതിരോധശക്തി വർദ്ധിക്കുന്നതിനുള്ള മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കേണ്ടി വരാം. കുടുംബ ജീവിതത്തിൽ സമാധാനം പുലരുന്നതാണ്. കടബാധ്യതകൾ പരിഹരിക്കാൻ ചില പോംവഴികൾ തെളിഞ്ഞേക്കും. ന്യായമായ ആവശ്യങ്ങൾ നിർവഹിക്കാൻ ധനം ഒരു തടസ്സമാവില്ല. ഞായർ, തിങ്കൾ ദിവസങ്ങൾ അഷ്ടമരാശിക്കൂറ് ഭവിക്കുന്നതിനാൽ വാഹനം ഉപയോഗിക്കുന്നതിൽ ഏകാഗ്രത പുലർത്തണം.
കാർത്തിക
ദൈനന്ദിന കാര്യങ്ങളിലെന്നപോലെ രാഷ്ട്രീയ കാര്യങ്ങളിലും ശുഷ്കാന്തിയേറും. അവകാശങ്ങളെക്കുറിച്ച് ബോധമുണ്ടാവും. ഒപ്പമുളളവരിൽ സ്വാധീനം ചെലുത്തുവാൻ കഴിയുന്നതാണ്. പഠനവും ഗവേഷണവും ഏകാഗ്രതയോടെ തുടരാൻ സാധിക്കും. കുടുംബത്തിൻ്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിർവഹിക്കുന്നതാണ്. നാലിൽ ചൊവ്വ തുടരുകയാൽ വാഹനത്തിന് അറ്റകുറ്റപ്പണി വന്നേക്കും. സഹോദരരുടെ പിണക്കാൻ തീർക്കാൻ മുൻകൈയ്യെടുക്കും. മിതവ്യയ ശീലത്തിൽ നിഷ്ഠ പുലർത്തും. ചില ദിവസങ്ങൾക്ക് വിചാരിച്ചത്ര മേന്മയുണ്ടാവണം എന്നില്ല.
രോഹിണി
സ്വപ്രയത്നത്തിൻ്റെ ഫലം മറ്റാരെങ്കിലുമാവും അനുഭവിക്കുക. പൊതുവേ അനുകൂലമായ അനുഭവങ്ങൾ വന്നെത്തുന്ന വാരമാണ്. ആരുടെയെങ്കിലും ദുഷ്പ്രേരണയ്ക്ക് വിധേയമാകുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. കലാപ്രവർത്തനത്തിൽ തടസ്സങ്ങളുണ്ടായാലും മുന്നേറ്റം സാധ്യമാകും. കൊടുക്കൽ വാങ്ങലുകളിൽ ജാഗ്രത വേണം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ധനപരമായ അമളികൾ വരാൻ സാധ്യതയുള്ളതിനാൽ കരുതൽ പുലർത്തേണ്ടതുണ്ട്. പ്രണയ പരാജിതർക്ക് നവ്യമായ അനുരാഗത്തിന് അന്തരീക്ഷം ഇണങ്ങുന്നതാണ്.
മകയിരം
മുതിർന്നവരുടെ അഭിപ്രായം സ്വീകരിച്ച് മുന്നോട്ടുപോകുന്നതാണ്. സഹപ്രവർത്തകർ സഹകരിക്കുകയാൽ ഔദ്യോഗികരംഗം മോശമാവില്ല. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് സാങ്കേതിക പരിജ്ഞാനം ആവശ്യമായി വന്നേക്കും. ഇകഴ്ത്തി സംസാരിക്കുന്നവരോട് വക്കാണത്തിന് പോകേണ്ടതില്ല. സ്വന്തം കഴിവുകൾ കാലം തെളിയിച്ചു കഴിഞ്ഞതാണെന്ന് സമാധാനിക്കാം. പ്രതീക്ഷിച്ച വസ്തുവിൽപ്പന ഈയാഴ്ച നടക്കാൻ സാധ്യത കുറവാണ്. ഗൃഹാന്തരീക്ഷം മെച്ചമാകുന്നതിന് മൗനം സഹായിക്കും. മക്കളുടെ ന്യായമായ ആവശ്യങ്ങൾ നടത്തിക്കൊടുക്കാൻ സാധിക്കുന്നതാണ്.
തിരുവാതിര
ഉത്സാഹവും ഉന്മേഷവും പുലർത്തുന്നതിനാൽ വാരത്തിൻ്റെ തുടക്കത്തിൽ തന്നെ സ്വാഭാവികമായ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാവും. വിജയ ഘടകങ്ങൾ അനുകൂലമാകുന്നതാണ്. രാഷ്ട്രീയ പക്വത പുലർത്തും. ആകയാൽ എതിരാളികൾ ഇളിഭ്യരാവുന്നതാണ്. ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ വരാം. ദേഹക്ലേശമോ അലച്ചിലോ ഉണ്ടായാലും ബിസിനസ്സ് യാത്രകൾ ഗുണകരമാവും. അവസരങ്ങൾ തേടുന്നവർക്ക് വരുമാനമാർഗം തുറന്നു കിട്ടിയേക്കും. മകളുടെ വിദ്യാഭ്യാസത്തിലെ പുരോഗതി ആശങ്കകളകറ്റും. വ്യാഴം, വെള്ളി ദിവസങ്ങളിൽ വാഹന യാത്രയിൽ ജാഗ്രത വേണം.
പുണർതം
സമാദരണീയരുടെ സംസർഗം സന്തോഷമേകും. വിദഗ്ദ്ധോപദേശം സ്വീകരിച്ചത് തൊഴിൽ വളർച്ചയ്ക്ക് ഗുണകരമാവും. എന്നാൽ കൂടുതൽ ധനം മുടക്കുന്നതിന് ഇത് അത്ര അനുകൂല സന്ദർഭമല്ല. വ്യാഴനും ചൊവ്വയും മറ്റും പ്രതികൂല ഭാവങ്ങളിൽ തുടരുന്നതു തന്നെ കാരണം. മിതവ്യയം പുലർത്തണം. സഹോദരൻ്റെ ന്യായമായ ആവശ്യങ്ങൾക്ക് പണം കണ്ടെത്തുന്നതാണ്. അനാവശ്യമായ തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കണം. ക്ഷേത്രകാര്യങ്ങളും സമർപ്പണങ്ങളും മുടങ്ങാതിരിക്കാൻ ശ്രദ്ധ വേണ്ടതാണ്. വാക്പാരുഷ്യം ശത്രുക്കളെ സൃഷ്ടിച്ചേക്കും.
പൂയം
ജന്മനക്ഷത്രത്തിൽ ചൊവ്വ തുടരുകയാൽ കഴിവതും വാഗ്വാദങ്ങൾക്ക് മുതിരരുത്. മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കാൻ ആരെങ്കിലും ശ്രമിച്ചേക്കും. സംയമനം കൈവെടിയരുത്. വ്യവഹാരങ്ങളിൽ വിജയസാധ്യത കുറവായിരിക്കും. പുതിയ തൊഴിൽ തേടുന്നവർക്ക് അല്പം കൂടി കാത്തിരിക്കേണ്ട സ്ഥിതിയുണ്ടാവും. ധനപരമായി അത്ര ക്ലേശം വരില്ല. കരുതൽ ധനം അത്യാവശ്യങ്ങൾക്ക് പ്രയോജനപ്പെടും. പുതിയ വസ്തു വാങ്ങുന്നവർ മുൻപ്രമാണവും മറ്റും വിദഗ്ദ്ധരെക്കൊണ്ട് പരിശോധിപ്പിക്കണം. ശനിയാഴ്ച ശുഭകർമ്മങ്ങൾ തുടങ്ങരുത്. ആരോഗ്യകാര്യത്തിൽ അലംഭാവം ഉപേക്ഷിക്കണം.
ആയില്യം
നക്ഷത്രനാഥനായ ബുധന് വക്രഗതിയും മൗഢ്യവും വരികയാൽ മനസ്സ് ഉണർന്ന് പ്രവർത്തിച്ചേക്കില്ല. തെറ്റായ തീരുമാനങ്ങൾ എടുക്കാനിടയുണ്ട്. സഹജമായ സിദ്ധികൾ അല്പം മങ്ങിയേക്കും. ദൈനന്ദിന കാര്യങ്ങൾ മുടക്കം കൂടാതെ നിർവഹിക്കാനാവും. കൂടുതൽ സാമ്പത്തിക ബാധ്യതകൾ ഉണ്ടാവാതെ നോക്കേണ്ടതുണ്ട്. ആശയങ്ങളെയും വാക്കുകളെയും ചിലർ വളച്ചൊടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പൊതുപ്രവർത്തകർ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണം. കിട്ടേണ്ട ധനം കൈവശം വന്നുചേരുന്നതാണ്. ബന്ധുക്കളുടെ തർക്കം തീർക്കുന്നതിൽ വിജയിക്കും. പ്രധാന രേഖകൾ കൈവശം നിന്നും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത വേണം.
Read More
- Monthly Horoscope December 2024: ഡിസംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
- Daily Horoscope November 28, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- ശുക്രൻ ധനുരാശിയിലേക്ക്: അശ്വതി മുതൽ രേവതി വരെയുള്ള നാളുകാരുടെ ഫലങ്ങൾ
- Monthly Horoscope Vrischikam: വൃശ്ചിക മാസഫലം, അശ്വതി മുതൽ രേവതി വരെ
- നിങ്ങളെ തേച്ചിട്ടു പോകുമോ? പ്രണയിനിയുടെ നക്ഷത്രം നോക്കി ഫലമറിയാം
- Aswathy Star Predictions: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.