/indian-express-malayalam/media/media_files/2024/11/02/lfAmeDdqMAvVN0s4SgII.jpg)
ശുക്രൻ ധനുരാശിയിലേക്ക്
/indian-express-malayalam/media/media_files/2024/11/05/l1yAalESo4MbUq9oUCz8.jpg)
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
ശുക്രൻ ഭാഗ്യസ്ഥാനമായി അറിയപ്പെടുന്ന ഒമ്പതാം രാശിയിൽ സഞ്ചരിക്കുന്നതിനാൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. നറുക്കെടുപ്പ്, ചിട്ടി, ഇൻഷുറൻസ് എന്നിവയിലൂടെ ആദായം ഭവിക്കുന്നതാണ്. മാതാപിതാക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള ഉയർച്ച വന്നുചേരും. ജന്മനാട്ടിൽ നിന്നും ശുഭവാർത്തകളെത്തും. ഇഷ്ടദേവതയുടെ ക്ഷേത്രം ദർശിക്കാനും വഴിപാടുകൾ നടത്താനുമാവും. തടസ്സപ്പെട്ടിരുന്ന സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു. കലാപരമായ സിദ്ധികൾ വികസിപ്പിക്കാനായേക്കും. ഗുരുനാഥന്മാരെ കാണാനും അവരുടെ നല്ലവാക്കുകൾ കേൾക്കാനും സാധിക്കുന്നതാണ്. മനസ്സിനിണങ്ങിയ സുഹൃത്തുക്കളുമായി ഒത്തുകൂടാൻ സാഹചര്യം വന്നെത്തും. പ്രണയികളുടെ ഹൃദയബന്ധം ദൃഢമാകുന്നതാണ്. വൃദ്ധജനങ്ങൾക്ക് ആരോഗ്യപരമായി നല്ലകാലമാവും. പേരക്കുട്ടികളുടെ സാമീപ്യം സന്തോഷമേകും.
/indian-express-malayalam/media/media_files/2024/11/05/Of7LiDVeRfhgJFvImqW2.jpg)
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)
അഷ്ടമ ഭാവത്തിലാണ് ശുക്രൻ്റെ സഞ്ചാരം. പൊതുവേ ഗ്രഹങ്ങൾ അഷ്ടമത്തിൽ അനിഷ്ടകാരികളാണ്. എന്നാൽ ശുക്രൻ പ്രസ്തുത ഭാവത്തിൽ ഗുണകർത്താവായി മാറുന്നു. മറ്റു സന്ദർഭങ്ങളിൽ പരാജയപ്പെട്ട ദൗത്യങ്ങൾ ഇപ്പോൾ അല്പ യത്നം കൊണ്ടുതന്നെ വിജയകരമായേക്കാം. മുടങ്ങിയ ഗൃഹനിർമ്മാണം പുനരാരംഭിക്കാൻ സാധിക്കുന്നതാണ്. പിണങ്ങിക്കഴിക്കുന്ന പ്രണയികൾക്ക്, ഭാര്യാഭർത്താക്കന്മാർക്ക് ഇണങ്ങാനുള്ള സാഹചര്യം സഞ്ജാതമാകും. ആപത്തുകളെയും അപകടങ്ങളെയും അത്ഭുതകരമായി മറികടക്കുന്നതാണ്. ജീവകാരുണ്യ പ്രവർത്തനത്തിൽ മനസ്സന്തോഷം കണ്ടെത്തും. കൂട്ടുകാരുമൊത്തുള്ള സാഹസകർമ്മങ്ങൾ ഒഴിവാക്കുക കരണീയം. സാമ്പത്തിക ഇടപാടുകളിൽ അമളി പറ്റാതിരിക്കാൻ കരുതൽ വേണം.
/indian-express-malayalam/media/media_files/2024/11/05/ZG1rPouqGmEsqS11jPe6.jpg)
മിഥുനക്കൂറിന് (മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
ശുക്രൻ ഏഴാം ഭാവത്തിൽ സഞ്ചരിക്കുന്നു. 7, 6,10 എന്നീ ഭാവങ്ങളിൽ ശുക്രൻ പ്രായേണ പ്രതികൂലമായ ഫലങ്ങളാവും നൽകുക. ഇഷ്ടജനങ്ങളുമായി പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ പിണങ്ങേണ്ടി വരുന്നതാണ്. കൂട്ടുകച്ചവടം അത്ര ഗുണകരമാവില്ല. പാർട്ണേഴ്സുമായി അഭിപ്രായ ഭിന്നത രൂപപ്പെടാം. പ്രതീക്ഷിച്ച വിദേശ യാത്ര നീണ്ടുപോകുന്നതാണ്. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിച്ചേക്കാം. സ്ത്രീകൾ മൂലം തിരിച്ചടികളുണ്ടാവാം. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. അമളികൾ പറ്റാനിടയുണ്ട്. പഴയ വ്യവഹാരങ്ങൾ വീണ്ടും തലപൊക്കാൻ സാധ്യത കാണുന്നു. ജാമ്യം നിൽക്കുന്നത് ആലോചിച്ചാവണം. പ്രണയത്തിൽ ചിലർക്ക് കയ്പുനീർ കുടിക്കേണ്ടതായി വരുന്നതാണ്. കലാകാരന്മാരുടെ അവസരങ്ങൾ വേറെയാരെങ്കിലും തട്ടിയെടുത്തെന്നു വരാം.
/indian-express-malayalam/media/media_files/2024/11/05/Yb8Xy2LN1EOBC3r5EnqV.jpg)
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)
ശുക്രൻ ആറാം ഭാവമായ ധനുരാശിയിൽ സഞ്ചരിക്കുകയാൽ ലക്ഷ്യം നേടാൻ കൂടുതൽ പ്രയത്നിക്കേണ്ടി വരുന്നതാണ്. ചിലപ്പോൾ ആശയക്കുഴപ്പം കർമ്മവൈമുഖ്യത്തിന് കാരണമാകും. തൊഴിൽ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിഷമിക്കും. ദുഷ്പ്രേരണകൾക്ക് വേഗം വശംവദരാകും. സൗഹൃദത്തിൽ അലോസരങ്ങൾ സൃഷ്ടിക്കപ്പെടാം. കുടുംബകാര്യങ്ങളിൽ താളപ്പിഴകൾ വരാം. അനുരാഗബന്ധത്തിൽ വിശ്വാസം കുറയും. ഭൂമി കച്ചവടത്തിലും മറ്റും സാമ്പത്തിക ലാഭം പ്രതീക്ഷിച്ചത്ര ഉണ്ടായേക്കില്ല. ജീവിതശൈലീ രോഗങ്ങൾ , കഫജന്യ രോഗങ്ങൾ ഇവ ദേഹ ക്ലേശമുണ്ടാക്കും. തൊഴിലിടത്തിൽ സ്വാസ്ഥ്യം ഭംഗപ്പെടുവാൻ ഇടയുണ്ട്. കുടുംബത്തിലെ സ്ത്രീകളുടെ ക്ഷേമത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാവണം. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമാവില്ല. മിതവ്യയം ശീലമാക്കേണ്ടതുണ്ട്.
/indian-express-malayalam/media/media_files/2024/11/05/vBEYRvhIwW61C9ezsADh.jpg)
ചിങ്ങക്കൂറിന് (മകം , പൂരം, ഉത്രം ഒന്നാം പാദം)
അഞ്ചാമെടത്തിലാണ് ശുക്രൻ സഞ്ചരിക്കുന്നത്. അഞ്ചാമെടം സന്താനങ്ങൾ, ആലോചനാശക്തി, ഭാവന, സൃഷ്ടികർമ്മം തുടങ്ങിയവയെ കുറിക്കുന്ന ഭാവമാണ്. ഇക്കാര്യങ്ങളിൽ ചിങ്ങക്കൂറുകാർക്ക് ശുക്രൻ്റെ അഞ്ചിലെ സഞ്ചാരം അനുകൂലമായിട്ടുള്ള ഫലങ്ങളെ നൽകും. മക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള ഉയർച്ച വന്നുചേരും. പഠനം/ ജോലി /വിവാഹം പോലുള്ളവ സാധ്യതകളാണ്. അവനവൻ്റെ കലാഭിരുചികളും വികസിപ്പിക്കാനാവും. കലാപ്രവർത്തനത്തിന് കൂടുതൽ സമയം കണ്ടെത്തുന്നതാണ്. ആലോചനാശക്തി നേർവഴികളിൽ നീങ്ങും. ക്രിയാത്മകതയുണ്ടാവുന്നതാണ്. നല്ല ഉപദേശം ലഭിക്കും. അതുപോലെ വഴികാട്ടിയാവുന്ന ഉപദേശം കേൾക്കാൻ താല്പര്യമുള്ളവർക്ക് നൽകാനുമാവും. സാമ്പത്തിക സ്രോതസ്സുകൾ ശക്തമാകും. തൊഴിലിൻ വളർച്ച വന്നെത്തും. കുടുംബത്തിൽ സമാധാനം പുലരുന്നതാണ്.
/indian-express-malayalam/media/media_files/2024/11/05/muaQ8cxn86tF91CNztUe.jpg)
കന്നിക്കൂറിന് (ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
ശുക്രൻ നാലാമെടത്തിൽ സഞ്ചരിക്കുന്നു. മാതൃഗുണം ഭവിക്കും. അമ്മയെ പിരിഞ്ഞു കഴിയുന്നവർക്ക് അമ്മയെ കാണാനുള്ള സന്ദർഭം വന്നെത്തും. അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. വാഹനം മാറ്റി വാങ്ങാനോ, പുതിയത് വാങ്ങാനോ സാഹചര്യം ഒത്തിണങ്ങുന്നതാവും. ഗൃഹനവീകരണം പൂർത്തിയായേക്കും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് മാനസികവും ഭൗതികവുമായ സാഹചര്യം അനുകൂലമാവുന്നതായിരിക്കും. സുഹൃത്തുക്കളുടെ പ്രേരണയും പ്രോൽസാഹനവും തുടരുന്നതാണ്. മാതൃബന്ധുക്കൾ പിണക്കം നീങ്ങി ഇഷ്ടത്തിലാവും. വളർത്തുമൃഗങ്ങളുടെ പരിപാലനത്തിൽ സന്തോഷം കണ്ടെത്തും. ധനപരമായി മെച്ചം വരുന്ന കാലമാണ്. കുടുംബക്ഷേത്ര ദർശനം മനശ്ശാന്തിയരുളും. ഗാർഹസ്ഥ്യം സൗഖ്യപ്രദമാവും.
/indian-express-malayalam/media/media_files/2024/11/05/ex1slTQMXQzhpIaxMGUY.jpg)
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
സഹോദരസ്ഥാനമായ മൂന്നാമെടത്തിൽ ശുക്രൻ സഞ്ചരിക്കുകയാൽ സഹോദരീസഹോദരന്മാരുടെ പ്രോൽസാഹനം ലഭിക്കുന്നതാണ്. കുടുംബത്തിലെ അനൈക്യം ഒത്തുതീർപ്പാവും. പൊതുവേ പിന്തുണയ്ക്കാനും മാർഗ്ഗനിർദേശം നൽകുവാനും അഭ്യുദയകാംക്ഷികൾ പലരുമുണ്ടാവും. ന്യായമായ കാര്യങ്ങൾ തടസ്സം കൂടാതെ നേടിയെടുക്കാൻ സാധിക്കുന്നതാണ്. തൊഴിലിൽ കൃത്യമായ ആസൂത്രണം നടത്താനും പ്രാവർത്തികമാക്കാനും കഴിഞ്ഞേക്കും. സഹപ്രവർത്തകർ സഹായഹസ്തവുമായി സ്വയം മുന്നോട്ടുവരുന്നതാണ്. സ്ത്രീകളുടെ വിശ്വാസമാർജ്ജിക്കും. ഉല്പന്നങ്ങളുടെ പരസ്യങ്ങൾ ഉപഭോക്താക്കളുടെ ശ്രദ്ധ കവരും. കവികളുടെ ഭാവനാവിലാസം സഹൃദയപ്രശംസ നേടുന്നതായിരിക്കും. നറുക്കെടുപ്പ്, ചിട്ടി, ഊഹക്കച്ചവടം ഇവയിൽ നിന്നും ധനാഗമമുണ്ടാവും.
/indian-express-malayalam/media/media_files/2024/11/05/yG0QaHOeeSww5pkmDC55.jpg)
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
രണ്ടാം ഭാവത്തിൽ ശുക്രൻ സഞ്ചരിക്കുന്നു. ധനസ്ഥാനം, വാക്ഭാവം, കുടുംബ സ്ഥാനം എന്നിങ്ങനെ രണ്ടാമെടത്തിന് പല പേരുകളുണ്ട്. വൃശ്ചികക്കൂറുകാരായ വിദ്യാർത്ഥികൾക്ക് പഠിപ്പിൽ ഉയരാൻ കഴിയുന്ന കാലമാണ്. കലാ-കായിക മത്സരങ്ങളിൽ വിജയിക്കാനോ അതിനാവശ്യമായ ഫലപ്രദമായ മുന്നൊരുക്കം നടത്താനോ കഴിഞ്ഞേക്കും. ഇഷ്ടവസ്തുക്കൾ പാരിതോഷികമായി കൈവശമെത്തും. മുഖാഭരണങ്ങൾ വാങ്ങിയേക്കും. സംഭാഷണം ആകർഷണീയമാവും. പ്രണയാനുഭവത്തിലേക്ക് ആനയിക്കപ്പെടാൻ സാധ്യതയുണ്ട്. പ്രണയികൾക്കാകട്ടെ ഹൃദയൈക്യം ഭവിക്കുന്നതായിരിക്കും. കുടുംബ ജീവിതത്തിൽ പാരസ്പര്യമുണ്ടാവും. നവസംരംഭങ്ങൾ ബാലാരിഷ്ടകളെ മറികടക്കുന്നതാണ്. പഴയകടങ്ങൾ ഭാഗികമായി തിരികെക്കിട്ടും. ഉദ്യോഗസ്ഥർക്ക് സ്വസ്ഥമായി ദൗത്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുന്നതാണ്.
/indian-express-malayalam/media/media_files/2024/11/06/shukran-dhanukooru.jpg)
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ധനുക്കൂറുകാർക്ക് ജന്മരാശിയിലൂടെയാണ് ശുക്രൻ സഞ്ചരിക്കുന്നത്. നവഗ്രഹങ്ങളിൽ ചന്ദ്രനും ശുകനും മാത്രമാണ് ജന്മരാശിയിൽ സഞ്ചരിക്കുമ്പോൾ ഗുണദാതാക്കളാവുന്നത്. ശുക്രൻ മുഖ്യമായും ഭോഗസുഖമരുളും. അശനശയനസുഖം - സുഖഭക്ഷണം, മതിയായ വിശ്രമം - എന്നിവയുണ്ടാവും. പണ്ഡിതന്മാർ കുറിക്കുന്ന 'ശയനം' എന്ന വാക്കിനകത്ത് ഒരുപക്ഷേ തൃതീയ പുരുഷാർത്ഥം മൂലമുള്ള സംതൃപ്തിയും സൂചിപ്പിക്കപ്പെടുന്നുണ്ടാവാം. പ്രണയികൾക്കു ആഹ്ളാദകാലമാണ്. ആടയാഭരണങ്ങൾ, സുഗന്ധലേപനങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവ സമ്മാനം ലഭിക്കാനിടയുണ്ട്. ഇഷ്ടജനസല്ലാപം മറ്റൊരനുഭവമാവും. സ്ഥാനപ്രാപ്തി, സ്ത്രീ സൗഹൃദപുഷ്ടി, ധനലാഭം ഇവ ഭവിച്ചേക്കാം. സംഗീതചിത്രരചനാദികൾ പഠിക്കാൻ സന്ദർഭമുണ്ടാവും. മത്സരങ്ങളിൽ വിജയിക്കാനും കഴിയും.
/indian-express-malayalam/media/media_files/2024/11/06/dJSbPtHoP1IG6TwyhFHS.jpg)
മകരക്കൂറിന് (ഉത്രാടം ഒന്നാം പാദം, തിരുവോണം, അവിട്ടം 3, 4 പാദങ്ങൾ)
പന്ത്രണ്ടാം ഭാവത്തിലാണ് ശുക്രൻ സഞ്ചരിക്കുന്നത്. ഗോചരാൽ പന്ത്രണ്ടിൽ ഗുണാനുഭവങ്ങൾ നൽകുന്ന ഒരേയൊരു ഗ്രഹം ശുക്രൻ മാത്രമാണ്. ശത്രുവിൽ നിന്നുപോലും ധനലബ്ധിയുണ്ടാവും എന്നാണ് ജ്യോതിഷ നിയമങ്ങൾ വ്യക്തമാക്കുന്നത്. ദൂരദിക്കുകളിൽ പോകാനാഗ്രഹിക്കുന്നവർക്ക് അതിനവസരം വന്നെത്തുന്നതാണ്. ബിസിനസ്സ് ടൂറുകൾ വിജയം കാണും. അന്യനാട്ടിൽ തൊഴിൽ പ്രശ്നങ്ങളാൽ ക്ലേശിക്കുന്നവർക്ക് ആശ്വസിക്കാവുന്ന സാഹചര്യം ഉടലെടുക്കും. മകൻ്റെ / മകളുടെ പഠിപ്പ്, കല്യാണക്കാര്യം, ക്ഷേത്രവഴിപാടുകൾ തുടങ്ങിയവയിൽ ചെലവ് ഏർപ്പെടും. രോഗചികിൽസയിൽ മാറ്റം വരുത്തുന്നത് ഗുണകരമായേക്കാം. വ്യവഹാരങ്ങളിൽ അനുരഞ്ജനശ്രമം ഫലവത്താകും. കളവ് പോയ മുതൽ തിരികെ കിട്ടാം. ആദർശത്തിൻ്റെ ദന്തഗോപുരങ്ങൾ ഉപേക്ഷിച്ച് പ്രായോഗികതയിൽ വിശ്വാസം പുലർത്തും.
/indian-express-malayalam/media/media_files/2024/11/06/shukran-kumbhakooru.jpg)
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
പതിനൊന്നാം ഭാവത്തിലാണ് ശുക്രൻ സഞ്ചരിക്കുന്നത്. നവഗ്രഹങ്ങളും ഒരുപോലെ ഗുണദാതാക്കളാവുന്ന ഭാവമാണ് പതിനൊന്നാമെടം. ന്യായമായ ആഗ്രഹങ്ങളുടെ സഫലീകരണമാണ് ഇതിൻ്റെ പ്രധാന ഫലം. പ്രയത്നത്തിനുപരി അനുഭവങ്ങൾ വന്നെത്തും. ഭൗതികതൃഷ്ണകൾ ചിലതെങ്കിലും ശുക്രൻ നേടിത്തരും. പരീക്ഷയിൽ / മത്സരത്തിൽ വിജയം മികച്ച നേടാനാവും. സാമൂഹിക അംഗീകാരം പ്രതീക്ഷിക്കാം. നിലപാടുകൾക്ക് സ്വീകാര്യത വരുന്നതായിരിക്കും. ഭൂമിലാഭം , തൊഴിൽ ലാഭം എന്നിവയൊക്കെ സാധ്യതകളാണ്. സ്ത്രീകളുടെ സർവ്വാത്മനായുള്ള പിന്തുണയുണ്ടാവും. പ്രണയാനുഭവങ്ങൾ ഹൃദയത്തിലിടം പിടിക്കും. ദാമ്പത്യത്തിലും സംതൃപ്തിയുണ്ടാവും. മനസ്സിലാഗ്രഹിച്ച വസ്തുക്കൾ വാങ്ങാനോ പാരിതോഷികമായി ലഭിക്കാനോ ഇടയുണ്ട്.
/indian-express-malayalam/media/media_files/2024/11/06/shukran-meenakooru.jpg)
മീനക്കൂറിന് (പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി)
പത്താം ഭാവത്തിലാണ് ശുക്രൻ സഞ്ചരിക്കുന്നത്. 6,7,10 എന്നീ മൂന്നു ഭാവങ്ങളിലാണ് ഗോചരാൽ ശുക്രൻ അനിഷ്ടഫലം നൽകുക. അതിനാൽ മീനക്കൂറുകാർ തൊഴിൽപരമായ സാഹസങ്ങൾക്ക് ഇപ്പോൾ മുതിരരുത്. നിലവിലെ ജോലി ഉപേക്ഷിച്ചാൽ പുതിയതൊന്ന് ഉടനടി കിട്ടിക്കൊള്ളണമെന്നില്ല. ചെറിയ തർക്കമോ അസൗകര്യമോ മുൻനിർത്തി പുതിയ അവസരങ്ങൾ ഉപേക്ഷിക്കുന്നതും ആശാസ്യമല്ല. ഗൃഹനിർമ്മാണത്തിന് പ്രതീക്ഷിച്ചതിലും ചെലവേറുന്നതാണ്. ഗൃഹോപകരണങ്ങൾക്ക് കേടുപാടുകളുണ്ടാവും. കടം വാങ്ങേണ്ടി വരുന്നതാണ്. വാഹനം മാറ്റി വാങ്ങുന്നതിൽ നഷ്ടം ഉണ്ടായേക്കാം. കരാറുകാരാൽ ചതിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഏറ്റെടുത്ത ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ വിഷമിക്കുന്നതാണ്. സഹപ്രവർത്തകരുമായി അഭിപ്രായ ഭിന്നതകൾക്ക് അവസരം ഭവിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us