/indian-express-malayalam/media/media_files/2024/12/28/january-budha-horoscope-2024-astrological-predictions-aswathi-to-ayilyam.jpg)
ബുധന്റെ രാശിമാറ്റം
ജനുവരി മാസം തുടങ്ങുമ്പോൾ ബുധൻ (Mercury) വൃശ്ചികം രാശിയിലാണ്. രണ്ടുമാസത്തോളമായി ബുധൻ വൃശ്ചികരാശിയിൽ തുടരുകയാണ്. സാധാരണ
ഒരു മാസത്തിൽ താഴെ ദിവസങ്ങൾ മാത്രമാണ് ബുധൻ ഒരു രാശിയിൽ സഞ്ചരിക്കുന്നത്. ഇത്തവണ ആ പതിവ് തെറ്റുന്നു.
2025 ജനുവരി 4 ന് ഉച്ചയ്ക്ക് ബുധൻ വൃശ്ചികം രാശിയിൽ നിന്നും ധനുരാശിയിൽ പ്രവേശിക്കുന്നു. ഏതാണ്ട് 20 ദിവസം മാത്രം ധനുരാശിയിൽ തുടരുന്ന ബുധൻ, ജനുവരി 24 ന് വൈകുന്നേരം മകരം രാശിയിൽ പ്രവേശിക്കുന്നു. അതായത് ജനുവരി മാസത്തിൽ ബുധൻ വൃശ്ചികം, ധനു, മകരം എന്നീ മൂന്നു രാശികളിലൂടെ ക്രമത്തിൽ സഞ്ചരിക്കുകയാണ്.
ഈ രാശികളിൽ വരുന്ന തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം എന്നീ അഞ്ച് നക്ഷത്രമണ്ഡലങ്ങളിൽ കൂടി ബുധൻ കടന്നുപോകുന്നു.
വൃശ്ചികം രാശിയിൽ സഞ്ചരിച്ച അവസാന ഒരു മാസക്കാലം ബുധന് മൗഢ്യം ഉണ്ടായിരുന്നില്ല. ധനുരാശിയിൽ പ്രവേശിച്ചതോടെ ബുധന് സൂര്യയോഗം ഉണ്ടാവുന്നു. സൂര്യനുമായി അടുത്തു സഞ്ചരിക്കുമ്പോഴാണ് എല്ലാ ഗ്രഹങ്ങൾക്കും മൗഢ്യം അഥവാ പാട് ഭവിക്കുക. ജനുവരി 20 ന് ബുധന് വീണ്ടും മൗഢ്യം (combust) തുടങ്ങുകയാണ്.
ബുധൻ വിദ്യാഭ്യാസം, കച്ചവടം, പാണ്ഡിത്യം, ബന്ധുക്കൾ, സംഭാഷണം, പ്രസംഗം, ബുദ്ധി, കളി, കൗശലം, അറിവ് നേടൽ, ഗണിതം, ജ്യോതിഷം, ത്വക്ക്,
വളർത്തു പക്ഷികൾ, സൗമ്യശീലം, ഹാസ്യം, ഹാസ്യാനുകരണം എന്നിവയുടെ വക്താവായ, കാരകനായ ഗ്രഹമാണ്. ബുധൻ്റെ ബലാബലത്തെ മുൻനിർത്തിയാണ് മേല്പറഞ്ഞ കാര്യങ്ങളുടെ അനുഭവതലം ഒരാളുടെ ജീവിതത്തിൽ തെളിയുന്നത്.
2025 ജനുവരിയിൽ മൂന്നുരാശികളിലും അഞ്ചു നക്ഷത്രങ്ങളിലും ആയി കടന്നുപോകുന്ന ബുധൻ്റെ രാശിചക്രസഞ്ചാരം മേടക്കൂറു മുതൽ മീനക്കൂറു വരെയുള്ള പന്ത്രബുരാശികളിലെ അശ്വതി മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നു എന്ന അന്വേഷണമാണ്
ഈ ലേഖനം.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
ബുധൻ ജന്മരാശിയുടെ 8,10 ഭാവങ്ങളിൽ ഗുണപ്രദനാണ്. ഒമ്പതാം ഭാവത്തിൽ ഗുണരഹിതനും. ആകയാൽ ജനുവരി 4 വരെയും ജനുവരി 20 നു ശേഷവും ബുധൻ അനുകൂലഫലങ്ങളേകും. കച്ചവടത്തിൽ ഉയർച്ച പ്രതീക്ഷിക്കാം. വിദ്യാഭ്യാസത്തിൽ മികവുണ്ടാവും. വിശേഷിച്ചും ഗണിതം, ഹ്യൂമാനിറ്റീസ് തുടങ്ങിയ വിഷയങ്ങളിൽ. മത്സരങ്ങളിൽ അന്തിമ വിജയം നേടിയെടുക്കും.
വാർത്താ വിനിമയശേഷിയാൽ ഏവരുടെയും പ്രശംസ നേടുന്നതാണ്. പുതിയ കാര്യങ്ങൾ പഠിക്കാൻ നേരം കണ്ടെത്തും. ബന്ധുക്കളുമായുള്ള പിണക്കം അവസാനിക്കുന്നതാണ്. ദൂരദേശ യാത്രകൾക്ക് കളമൊരുങ്ങാം. ബുദ്ധിപരമായ വിനോദങ്ങളിൽ മെച്ചപ്പെടും.
നവസംരംഭങ്ങൾക്ക് സർക്കാരിൽ നിന്നുള്ള അനുമതി ലഭിച്ചേക്കും. ജനുവരി 5 മുതൽ 20 വരെ ദിവസങ്ങളിൽ ബന്ധുവിരോധം, ദേഹക്ലേശം, കാര്യതടസ്സം ഇവ സാധ്യതകൾ. പ്രമാണങ്ങളിലും കരാറുകളിലും ഏർപ്പെടുമ്പോൾ ശ്രദ്ധയുണ്ടാവണം.
ഇടവക്കൂറിന് (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
ബുധൻ 7, 9 ലും സഞ്ചരിക്കുമ്പോൾ അനുകൂലനല്ല. അതായത് ജനുവരി 4 വരെ വൃശ്ചികം രാശിയിലും ജനുവരി 20 നു ശേഷം മകരം രാശിയിലും സഞ്ചരിക്കുമ്പോൾ. ജനുവരി 5 മുതൽ 20 വരെ എട്ടാമെടമായ ധനുരാശിയിൽ ബുധൻ ഗുണാനുഭവങ്ങൾ സമ്മാനിക്കുന്നു. സ്വതസ്സിദ്ധമായ കഴിവുകൾ വർദ്ധിക്കും.
കാര്യാലോചനകളിൽ ബുദ്ധിപൂർവ്വം സംസാരിക്കുന്നതിനാൽ അധികാരികളുടെ പ്രീതി നേടുന്നതാണ്. കൂട്ടുകച്ചവടം വിജയിക്കുവാൻ ആവശ്യമായ തന്ത്രങ്ങൾ ആവിഷ്ക്കരിക്കും. കലാപരമായ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. സംവാദങ്ങളിൽ ശോഭിക്കുന്നതാണ്. ബന്ധുകലഹത്തിൽ മാധ്യസ്ഥം നിൽക്കും.
വിജ്ഞാനസമ്പാദനത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. കടബാധ്യതകൾ വീടാനാവും. വൈവിധ്യപൂർണമായ കർമ്മങ്ങൾ ചെയ്ത് സമൂഹത്തിൻ്റെ അംഗീകാരം നേടും.
മിഥുനക്കൂറിന് (മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)
മിഥുനക്കൂറുകാർക്ക് ജനുവരിയിൽ ബുധൻ അനുകൂലഫലങ്ങൾ നൽകുക തുടക്കത്തിലെ നാല് ദിവസവും ഒടുവിലെ പത്തുദിവസവുമാണ്. ഇക്കാലഘട്ടത്തിൽ ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. തൊഴിലിടത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.
ബിസിനസ്സിൽ ഫലവത്തായ കൂട്ടുകെട്ടുകളുണ്ടാവും. ഊഹക്കച്ചവടത്തിൽ ആദായം പ്രതീക്ഷിക്കാം. വ്യാപാരിഭിവൃദ്ധിക്കായി യാത്രകൾ വേണ്ടിവരും. ഗവേഷണം പൂർത്തീകരിക്കും. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയരുന്നതായിരിക്കും.
സാഹിത്യകാരന്മാരുടെ സർഗവൈഭവം ഉയരുന്നതാണ്. സംഭാഷണ ശക്തി സദസ്സിൻ്റെ കൈയ്യടി നേടുന്നതായിരിക്കും. സ്വന്തമാവശ്യങ്ങൾ മേലധികാരിയുടെ മുന്നിൽ ചാതുര്യത്തോടെ അവതരിപ്പിക്കും. തിരിച്ചടികളെ ഫലിതബോധത്തോടെ നേരിടാനുള്ള മനസ്സുണ്ടാവും. ജീവിതശൈലീ രോഗങ്ങൾക്ക് ചികിത്സ വേണ്ടിവരുന്നതാണ്.
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)
ബുധൻ കർക്കടകക്കൂറുകാർക്ക് ജനുവരിമാസത്തിൽ 5, 6, 7 ഭാവങ്ങളിലായി സഞ്ചരിക്കുന്നു. ഇതിൽ ശുഭത്വം ഭവിക്കുന്നത് ആറാം ഭാവത്തിലാണ്. ജനുവരി 5 മുതൽ 20 വരെ ബുധസഞ്ചാരം ഏറ്റവും അനുകൂലമായ അനുഭവങ്ങൾക്ക് കാരണമാകും. പദവികളോ ചുമതലയോ ഉയരാം. സഹപ്രവർത്തകർ നിർദ്ദേശങ്ങൾ സ്വീകരിക്കും.
വ്യാപാര-വ്യവസായം ആലസ്യം നീങ്ങി പുഷ്ടിപ്പെടുന്നതാണ്. വളർച്ചക്കാവശ്യമായ അച്ചടക്കം സ്വയം പുലർത്തും. സാമ്പത്തിക കാര്യങ്ങളിൽ കൃത്യത വേണ്ടതുണ്ട്. സാങ്കേതിക വിജ്ഞാനം നേടാൻ പരിശ്രമിക്കുന്നതാണ്. ഉപഭോക്താക്കളെ ആകർഷിക്കുന്ന തന്ത്രങ്ങൾ നടപ്പിലാക്കും.
കുടുംബ ജീവിതത്തിൽ സ്വസ്ഥതയുണ്ടാവും. ജീവിത പങ്കാളിയുടെ സഹകരണം വിജയത്തെ കൂടുതൽ മാധുര്യമുള്ളതാക്കും. ചെറുപ്പക്കാർക്ക് മത്സരം, അഭിമുഖം തുടങ്ങിയവയിൽ സ്വന്തം കഴിവുകൾ തെളിയിക്കാനാവും. വായ്പകൾ ലഭിക്കാനിടയുണ്ട്. സുഹൃത്തുക്കളുടെ ആശയങ്ങൾ സ്വീകാര്യമായിരിക്കും.
Read More
- Weekly Horoscope (December 29 – January 04, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- Monthly Horoscope January 2025: ജനുവരി മാസത്തെ സമ്പൂർണ നക്ഷത്ര ഫലം
- Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി, ഏഴര ശനി, അഷ്ടമ ശനി ആർക്കൊക്കെ?
- Monthly Horoscope for Dhanu: ധനു മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.