/indian-express-malayalam/media/media_files/2025/01/24/february-horoscope-2025-astrological-predictions.jpg)
February Monthly Horoscope 2025
Monthly Horoscope February 2025: ആദിത്യസഞ്ചാരം ഫെബ്രുവരി 12 വരെ മകരം രാശിയിലും തുടർന്ന് കുംഭം രാശിയിലുമാണ്. തിരുവോണം, അവിട്ടം, ചതയം എന്നീ നക്ഷത്രങ്ങളിൽ - ഞാറ്റുവേലകളിൽ- സൂര്യൻ ഇക്കാലത്ത് സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. ഫെബ്രുവരി 12 ന് വെളുത്തവാവ് വരുന്നു. തുടർന്ന് കറുത്തപക്ഷമാണ്. ഫെബ്രുവരി 27 നാണ് കറുത്തവാവ് ഭവിക്കുന്നത്.
ചൊവ്വ മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിൽ വക്രഗതിയിലാണ്. ബുധൻ മകരം, കുംഭം, മീനം എന്നീ രാശികളിലൂടെ കടന്നുപോകുന്നു. തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി എന്നീ നക്ഷത്രമണ്ഡലങ്ങളാണ് ബുധൻ്റെ യാത്രാപഥം. ശുക്രൻ ഉച്ചരാശിയായ മീനത്തിലാണ്. ഫെബ്രുവരി ഒന്നിന് ഉത്രട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കുന്നു.
ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലാണ്. ഫെബ്രുവരി 24 ന് ശനിക്ക് വാർഷികമായ മൗഢ്യം തുടങ്ങുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ ഉത്രത്തിലുമാണ്. വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിൽ വക്രഗതിയിലാണ്, (Retrograde Motion) മാസാദ്യം. എന്നാൽ ഫെബ്രുവരി 6 മുതൽ വ്യാഴം നേർഗതിയിൽ (Direct motion) സഞ്ചരിക്കുന്നു. ഈ ഗ്രഹനിലയെ മുൻനിർത്തി ഫെബ്രുവരിയിലെ അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രഫലം അപഗ്രഥിക്കുന്നു.
അശ്വതി
ആദിത്യൻ 10, 11 ഭാവങ്ങളിലും, ശനി 11ലും, വ്യാഴം 2 ലും സഞ്ചരിക്കുന്നത് അനുകൂലമാണ്. പദവിയിൽ ഉയർച്ചയും വേതനത്തിൽ വളർച്ചയും സാധ്യതകളാണ്. സഹപ്രവർത്തകരെ കൂടെ നിർത്തിക്കൊണ്ട് മുന്നേറാൻ സാധിക്കും. തേഞ്ഞുപഴകിയ ആശയങ്ങൾ ഉപേക്ഷിച്ച് നവം നവങ്ങളായ ചിന്തകൾ സാക്ഷാല്കരിക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതികൾ വേഗത്തിൽ കരഗതമാവുന്നതാണ്. സാമ്പത്തിക കാര്യത്തിൽ നല്ല രീതിയിലുള്ള ആസൂത്രണം സാധ്യമാകും. അവ ഭാവിയിൽ പ്രയോജനം ചെയ്യുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവും. കുടുംബപരമായ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റും. മനസ്സമാധാനത്തിന് ഉലച്ചിലുണ്ടാവില്ല. രാഹു-ശുക്ര യോഗം പന്ത്രണ്ടാം ഭാവത്തിൽ തുടരുന്നതിനാൽ അലച്ചിലുണ്ടാവാം. ദുശ്ശീലങ്ങളെ നിയന്ത്രിക്കാൻ ക്ലേശിച്ചേക്കും. അനാവശ്യ ചെലവുകൾ കൂടുന്നതാണ്.
ഭരണി
നിഗമനങ്ങൾ ശരിയായി വരുന്നതിൽ അത്ഭുതപ്പെടും. പുതിയ കാലത്തിൻ്റെ മാറ്റങ്ങൾ സ്വാംശീകരിക്കാൻ സന്നദ്ധത കാട്ടുന്നതാണ്. എന്നാൽ പഴമയെ മുഴുവനായി തള്ളിപ്പറയുവാൻ കൂട്ടാക്കില്ല. തൊഴിൽ തേടുന്നവർക്ക് അർഹതക്കനുസരിച്ച അവസരം ലഭിക്കുന്നതായിരിക്കും. ബിസിനസ്സ് നവീകരണം പൂർത്തിയാവും. ഉപഭോക്താക്കളെ ആകർഷിക്കുന്ന തന്ത്രങ്ങൾ മെനയുന്നതാണ്. ദാമ്പത്യം, കുടുംബ ജീവിതം എന്നിവയിൽ സംതൃപ്തി അനുഭവപ്പെടുന്നതാണ്. സ്പോട്സ് രംഗത്ത് മുടങ്ങാത്ത പരിശീലനം സാധ്യമാവും. ആരോഗ്യക്ലേശം ചികിൽസാ മാറ്റത്താൽ പരിഹൃതമാവും. സാമ്പത്തികമായി ആശ്വാസത്തിൻ്റെ കാലമാണ്. രാഹു- ശുക്ര യോഗം കൂട്ടുകെട്ടുകളിൽ കരുതൽ വേണമെന്ന സൂചന നൽകുന്നു. ചെലവുകൾ അമിതമാവാനും സാധ്യതയുണ്ട്.
കാർത്തിക
ഗ്രഹാനുകൂല്യം ഉള്ള കാലമാണ്. കാര്യവിഘ്നം നീങ്ങി കാര്യസിദ്ധി വരുന്നതായിരിക്കും. സംരംഭങ്ങളുടെ സാക്ഷാല്കാരം സാധ്യമാകും. ഉദ്യോഗസ്ഥരുടെ തൊഴിലിടത്തിലെ പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കപ്പെടും. കടബാധ്യതകൾ വീട്ടാൻ ഉറ്റവരുടെ പിന്തുണ പ്രതീക്ഷിക്കാം. ചെറുപ്പക്കാർക്ക് സ്വകാര്യ സ്ഥാപനത്തിൽ ജോലി കിട്ടുന്നതാണ്. കരാർപണികൾ നീട്ടിക്കിട്ടിയേക്കും. വായ്പ കുടിശ്ശികകൾ അടച്ചുതീർക്കും. ഇടവക്കൂറുകാർക്ക് രഹസ്യ നിക്ഷേപങ്ങളിൽ നിന്നും സമ്പാദ്യമുണ്ടാവും. ആഢംബരവസ്തുക്കൾ വാങ്ങുന്നതിന് മടിക്കില്ല. ചൊവ്വയുടെ അനിഷ്ടസ്ഥിതി സഹോദരരുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താം. ജീവിതശൈലി രോഗങ്ങൾക്ക് ചികിത്സ ആവശ്യമായേക്കും.
രോഹിണി
പതിനൊന്നിൽ രാഹുവും ശുക്രനുമുള്ളതിനാൽ പ്രണയസാഫല്യം ഉണ്ടാവും. ഭൗതിക നേട്ടങ്ങൾക്കും കാരണമാകും. ഭോഗസുഖം ഭവിക്കും. നേർവഴിയിലൂടെയും അല്ലാതെയും ധനവരവ് ഉണ്ടാവുന്നതാണ്. പുതുവാഹനം വാങ്ങുന്നതിനാവും. മുന്തിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വന്തമാക്കുന്നതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട രജിസ്ട്രേഷൻ, അനുമതി മുതലായവ മാസത്തിൻ്റെ രണ്ടാം പകുതിയിൽ പ്രതീക്ഷിച്ചാൽ മതിയാകും. ബന്ധുക്കളുടെ നിലപാട് വിഷമത്തിനിട വരുത്തും. സ്വന്തം പരുഷവാക്കുകളും ശത്രുതയ്ക്ക് കാരണമായേക്കും. മേലധികാരികളുടെ നിലപാട് അനുകൂലമാവില്ല. ബിസിനസ്സ് യാത്രകൾ കൂടുതലായി വേണ്ടിവരുന്നതാണ്. സ്വന്തമായി മുതൽമുടക്കി സ്ഥാപനം തുടങ്ങാൻ അല്പം കൂടി കാത്തിരിപ്പ് ആവശ്യമാണ്.
മകയിരം
നിലവിലെ സ്ഥിതി തുടരുപ്പെടും. കൂടുതൽ നേട്ടങ്ങൾക്ക് സാധ്യത കുറവാണ്. ചെയ്തുവരുന്ന ജോലി ഉപേക്ഷിച്ചുകൊണ്ട് പുതുജോലി തേടുന്നത് ഗുണകരമാവില്ല. വ്യാഴം, ആദിത്യൻ, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങൾ പ്രതികൂല ഭാവത്തിലാണെന്ന് ഓർമ്മിക്കണം. കൂടുതൽ കടം വാങ്ങാൻ പ്രേരണയുണ്ടായേക്കും. ചെലവുകൾ നിയന്ത്രിക്കുകയാണ് കരണീയമായത്. വ്യവഹാരങ്ങൾ പിന്നെയും നീളും. ഫെബ്രുവരി പകുതിക്കുശേഷം ഇടവക്കൂറുകാർക്ക് സമ്മർദ്ദം കുറയാം. മുതൽമുടക്കി സംരംഭം ആരംഭിക്കാൻ അല്പം കൂടി കാത്തിരിക്കുക ഉചിതം. വസ്തുവില്പനയിൽ ചെറിയ ലാഭം പ്രതീക്ഷിച്ചാൽ മതി. കമ്മീഷൻ വ്യാപാരത്തിൽ നിന്നും ആദായം ഉണ്ടായേക്കും. മത്സരങ്ങൾക്കുള്ള തീവ്രപരിശീലനം തുടരുന്നത് സമീപഭാവിയിൽ ഗുണം ചെയ്തേക്കും. മിഥുനക്കൂറുകാർക്ക് ഫെബ്രുവരി 20 ന് ശേഷം സാമ്പത്തിക ഞെരുക്കം കുറയാം.
തിരുവാതിര
മാസത്തിൻ്റെ ആദ്യ പകുതിയിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടതാവില്ല. ഉല്പന്നങ്ങൾക്ക് ഉദ്ദേശിച്ച വിലകിട്ടാതെ വിഷമിക്കും. ലഘുമായ നേട്ടങ്ങൾക്ക് അധിക പ്രയത്‌നം ആവശ്യമായി വരികയും ചെയ്യും. അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കാൻ നിർബന്ധിതരാവും. വായ്പാ തുക അടയ്ക്കാൻ വിഷമിച്ചേക്കാം. ദേഹക്ഷീണമനുഭവപ്പെടുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ചില മാറ്റങ്ങൾ വന്നുചേരുന്നത് ആഹ്ളാദം സൃഷ്ടിക്കും. രാഷ്ട്രീയ മത്സരങ്ങളിൽ വിജയിക്കും. പാർട്ണർഷിപ്പിൽ ലാഭം ഉണ്ടാവുന്നതാണ്. പെൻഷൻ പറ്റിയതുമൂലം ഉള്ള ആനുകൂല്യങ്ങൾ കൈവരാനിടയുണ്ട്. വിദേശത്ത് കഴിയുന്നവർക്ക് തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവും. ഭാവി സംബന്ധിച്ച നല്ല തീരുമാനങ്ങൾ കൈക്കൊള്ളും.
പുണർതം
പാർട്ണമാരെ ചേർത്ത് നിലവിലെ ബിസിനസ്സ് വിപുലീകരിക്കുവാൻ ശ്രമം തുടരും. ദൂരദേശത്ത് പഠിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നതാണ്. ചെലവുകൾ നടത്തുവാനാവശ്യമായ ധനം കൈവശം വന്നുചേരും. എന്നാൽ നിക്ഷേപം നടത്തുവാൻ സാധിച്ചേക്കില്ല. പാരമ്പര്യസ്വത്ത് അനുഭവത്തിലാവും. അതിൻ്റെ നിയമവശങ്ങൾ പരിശോധിച്ച് ആധികാരികത വരുത്തും. കരാർ പണികൾ പുതുക്കിക്കിട്ടും. ഫ്രീലാൻസ് ആയി ജോലിചെയ്യുന്നവർക്ക് ധാരാളം അവസരങ്ങൾ സംജാതമാകുന്നതാണ്. കുടുംബാംഗങ്ങളുമായി ചേർന്ന് യാത്രകൾ നടത്തുവാനാവും. മകൻ്റെ വാഹനം വാങ്ങാനുള്ള ആവശ്യം അല്പം കൂടി കഴിഞ്ഞ് പരിഗണിക്കുന്നത് ഉചിതമായിരിക്കും. ചെറുകിട കൃഷികളിലെ താല്പര്യം പ്രാവർത്തികമാക്കും. ആരോഗ്യപരമായി ശ്രദ്ധയുണ്ടാവണം.
പൂയം
ഏഴ്, എട്ട് ഭാവങ്ങളിൽ ആദിത്യനും ശനി അഷ്ടമത്തിലും സഞ്ചരിക്കുന്നതിനാൽ ആവർത്തിത ഉദ്യമങ്ങൾ വേണ്ടിവരും, കാര്യസാധ്യത്തിന്. യാത്രകൾ, ആലോചനാ യോഗങ്ങൾ എന്നിവയുടെ എണ്ണം കൂടാം. ശുക്രനും രാഹുവും ഒമ്പതിൽ സഞ്ചരിക്കുകയാൽ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും. പുരസ്കാരങ്ങൾ, പാരിതോഷികങ്ങൾ എന്നിവ ലഭിച്ചേക്കാം. പതിനൊന്നിലെ വ്യാഴത്തിൻ്റെ വക്രഗതി ആദ്യ ആഴ്ചയോടെ തീരുകയാൽ സാമ്പത്തികമായി സുസ്ഥിതി വന്നുചേരും. മാനസികമായി സ്വൈരമുണ്ടാവും. കുടുംബ ജീവിതത്തിൽ അനുരഞ്ജനത്തിലൂടെ സമാധാനം നിലനിർത്താൻ കഴിഞ്ഞേക്കും. പഠനകാര്യങ്ങളിൽ ഉത്സാഹം കുറയില്ല. ചൊവ്വയുടെ അനിഷ്ടസ്ഥിതി വസ്തുവ്യാപാരത്തിൽ നഷ്ടമുണ്ടാക്കാം. രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിൽ കരുതൽ വേണം.
ആയില്യം
വ്യക്തിപരമായും ജോലി സംബന്ധമായും കൂടുതൽ യാത്ര ചെയ്യേണ്ടി വരുന്നതായിരിക്കും. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തടസ്സങ്ങൾ അനുഭവപ്പെടാം. സഹപ്രവർത്തകരുടെ പിന്തുണയുണ്ടാവും. ഗൃഹനിർമ്മാണം, മതിൽ കെട്ടൽ, അറ്റകുറ്റം എന്നിങ്ങനെ ഭൂമി സംബന്ധിച്ച ചെലവുകൾക്ക് സാധ്യത കാണുന്നു. ബിസിനസ്സിൽ നഷ്ടങ്ങൾ വരാമെന്നുള്ളതിനാൽ നല്ല കരുതൽ വേണം. പതിനൊന്നാം ഭാവാധിപൻ ശുക്രന് ഭാഗ്യരാശിയിൽ ഉച്ചസ്ഥിതി ഉള്ളതിനാൽ കഷ്ടങ്ങളുടെ ഇടയിൽ ഭാഗ്യാനുഭവങ്ങളും കൂടി ഉണ്ടാവുന്നതാണ്. നറുക്കെടുപ്പ്/ ചിട്ടി അനുകൂലമാവും. അന്യർക്കുവേണ്ടി ഊർജ്ജവും സമയവും കളയാനിടയുണ്ട്. അതിനെച്ചൊല്ലി ദാമ്പത്യത്തിൽ പിണക്കങ്ങൾ ആവർത്തിക്കാം. കലാപരമായി നല്ലകാലമാണ്. ഗ്രന്ഥരചനയ്ക്കായി സമയം കണ്ടെത്തുന്നതാണ്.
മകം
മാസത്തിൻ്റെ ആദ്യപകുതിയിൽ പലതരം അനുകൂലമായ അനുഭവങ്ങൾ വന്നെത്തും. പദവിയിൽ ഉയർച്ച വരാം. രാഷ്ട്രീയ നേട്ടങ്ങൾ, മത്സര വിജയം ഇവ സാധ്യതകളാണ്. വിപണിമൂല്യം അറിഞ്ഞുള്ള കച്ചവടത്തിലൂടെ ലാഭം നേടുവാനാവും. കലാകാരന്മാരുടെ സഹജമായ കഴിവുകൾ അംഗീകരിക്കപ്പെടും. വസ്തുതർക്കങ്ങൾ / വ്യവഹാരങ്ങൾ രാജിയാവുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ സമ്മിശ്രമായ ഫലം വന്നുചേരുന്നതാണ്. സ്വന്തം വിശ്വാസത്തിൽ, ആദർശത്തിൽ ഉറച്ചുനിൽക്കുന്നത് ശത്രുക്കളെ സൃഷ്ടിക്കാനിടയുണ്ട്. ദാമ്പത്യത്തിൽ സ്വൈരം കുറയാം. പ്രണയത്തിൽ പൊരുത്തക്കേടുകൾ പ്രത്യക്ഷപ്പെട്ടേക്കും. കൂട്ടുകച്ചവടത്തിൽ ലാഭം നാമമാത്രമാവും. വേണ്ടാത്ത കാര്യങ്ങൾക്ക് അലച്ചിലുണ്ടാവും. ആരോഗ്യപരമായും സ്വസ്ഥത കുറയും.
പൂരം
നക്ഷത്രനാഥനായ ശുക്രൻ ഉച്ചരാശിയിൽ സ്ഥിതിചെയ്യുകയാൽ സുഖാനുഭവങ്ങൾ വർദ്ധിക്കും. ഭൗതിക നേട്ടങ്ങൾ വന്നുചേരുന്നതാണ്. പുതിയ കാലത്തിൻ്റെ തുടിപ്പുകൾ തിരിച്ചറിഞ്ഞ് കാലാനുസൃതരാവും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ ഇടയിൽ സ്വാധീനമുണ്ടാവും. മുന്തിയ ആടയാഭരണങ്ങൾ, നവീന ഇലക്ട്രോണിക് ഉല്പന്നങ്ങൾ എന്നിവ വാങ്ങുന്നതിന് സാമ്പത്തികം തടസ്സമാവില്ല. ഗവേഷണ പ്രബന്ധം എഴുതിത്തീർക്കും. വിനോദ സഞ്ചാരത്തിന് അവസരം വന്നുചേരുന്നതാണ്. മനസ്സ് പ്രേമസുരഭിലമാവും. ഫെബ്രുവരിയിലെ ആദ്യത്തെ രണ്ടാഴ്ചകൾ കഴിഞ്ഞാൽ സ്ഥിതിഗതികൾ സമ്മിശ്രമായേക്കും. അദ്ധ്വാനഭാരം കൂടുന്നതായിരിക്കും. കുടുംബ ജീവിതത്തിൽ ചില അസ്വാരസ്യങ്ങൾ ഉയരുന്നതാണ്. പതിവ് ആരോഗ്യ പരിശോധനകൾ മുടക്കരുത്.
ഉത്രം
യോഗ്യതയുടെ മാനദണ്ഡത്തിൽ പുതിയ ജോലി കിട്ടിയേക്കും. കരാർ പണികളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് അതിൽ തുടർച്ചയുണ്ടാവും. നിലവിലെ തൊഴിലിലും അഭ്യുദയം പ്രതീക്ഷിക്കാം. എല്ലാ രംഗത്തും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുവാൻ സാഹചര്യമുദയം ചെയ്യും. സാങ്കേതിക വിദ്യാഭ്യാസത്തിൽ മികവ് തെളിയിക്കുവാനാവും. സഹോദരരുമായി ചേർന്നു നടത്തുന്ന സംരംഭങ്ങളിൽ വിജയിക്കുവാൻ സാധിക്കുന്നതാണ്. സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയ തുക മടക്കിക്കൊടുക്കാൻ കഴിഞ്ഞേക്കും. സന്താനജന്മം കൊണ്ട് ദാമ്പത്യ ജീവിതം ധന്യമാവുന്നതാണ്. ആത്മീയ സാധനകൾ പൂർത്തിയാക്കാൻ അവസരം ലഭിച്ചേക്കാം. സാമൂഹ്യ മാധ്യമങ്ങളിലെ പ്രസ്താവനകൾ ശത്രുക്കളെ സൃഷ്ടിക്കാം.
അത്തം
മകരമാസം തുടരുകയാൽ ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചയിൽ പലതരം സമ്മർദ്ദങ്ങൾ ഉണ്ടാവുന്നതാണ്. ജോലിസ്ഥലത്ത് സ്വസ്ഥത കുറയാനിടയുണ്ട്. അധ്വാനഭാരം കൂടുന്നതായിരിക്കും. ബിസിനസ്സിൽ അല്പം സാമ്പത്തിക നഷ്ടത്തിനും സാധ്യതയുണ്ട്. പണയവസ്തു തിരിച്ചെടുക്കാൻ ക്ലേശിക്കും. മകൻ്റെ നിലപാടുകൾ വിഷമിപ്പിക്കുന്നതാണ്. കുംഭമാസം തുടങ്ങുന്ന ഫെബ്രുവരി 13 മുതൽ സ്വതന്ത്രമായി പ്രവർത്തിക്കാനാവും. നിലപാടുകൾ മറ്റുള്ളവരെക്കൊണ്ട് സമ്മതിപ്പിക്കാൻ കഴിയുന്നതാണ്. ചെറുപ്പക്കാരുടെ വിവാഹാലോചനയിൽ ശുഭതീരുമാനം ഉണ്ടാവും. പ്രോജക്ടുകൾക്ക് അംഗീകാരം കിട്ടുന്നതാണ്. സ്വന്തം സംരംഭങ്ങൾ സാക്ഷാൽകരിക്കാൻ സാഹചര്യം അനുകൂലമാവും. ജീവിത നിലവാരം ഉയരുന്നത് കുടുംബാംഗങ്ങളിൽ സംതൃപ്തി സൃഷ്ടിക്കുന്നതാണ്.
ചിത്തിര
ചെറുപ്പക്കാർ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ തയ്യാറാകുന്നതാണ്. കഠിനാദ്ധ്വാനത്തിൻ്റെ പാത സ്വീകാര്യമായേക്കും. മാതാപിതാക്കളുടെ മനസ്സിൽ സന്താനങ്ങളുടെ ശ്രേയസ്സ് ധന്യത നിറയ്ക്കുന്നതാണ്. കടബാധ്യതകൾ ഭാഗികമായി കൊടുത്തുതീർക്കാൻ വഴിതെളിഞ്ഞേക്കും. തുലാക്കൂറുകാർക്ക് അഷ്ടമവ്യാഴം മൂലം മനക്ലേശം ഭവിക്കുന്നതാണ്. അപവാദങ്ങളെ കരുതിയിരിക്കണം. ദൗത്യങ്ങൾ വിജയിപ്പിക്കുകയാൽ മേലധികാരികളുടെ പ്രീതിയുണ്ടാവും. ആസന്നഭാവിയിൽ തന്നെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കപ്പെടാം. കന്നിക്കൂറുകാർക്ക് ഗാർഹികമായി സ്വസ്ഥതയുണ്ടാവുന്ന കാലമാണ്. ജീവിതപങ്കാളിയുടെ സാമ്പത്തിക പിന്തുണ അപ്രതീക്ഷിത ചെലവുകൾ നിറവേറ്റാൻ സഹായകമാവും. ആത്മിക കാര്യങ്ങൾക്കും നേരം കണ്ടെത്തുന്നതാണ്.
ചോതി
സർവ്വകാര്യങ്ങളും പുനരാലോചിച്ചും എല്ലാവശങ്ങളും ചിന്തിച്ചും വേണം നിർവ്വഹിക്കാൻ. സ്വാഭാവികമായ കഴിവുകൾ പുറത്തെടുക്കാൻ ക്ലേശിച്ചെന്നു വരാം. സ്വയം മാറണമെന്നും പുതിയ മാറ്റങ്ങൾ കൊണ്ടുവരണമെന്നും ആഗ്രഹിക്കുമെങ്കിലും പല തടസ്സങ്ങൾ ഉള്ളതായി കണ്ടെത്തും. നക്ഷത്രനാഥനായ രാഹുവിന് ശുക്രയോഗം ഉണ്ടാവുകയാൽ പ്രണയാനുഭവങ്ങൾ ഉണ്ടാവാം. സുഹൃത്തുക്കളുമായി ചേർന്നു നടത്തുന്ന സംരംഭങ്ങൾ പുരോഗതിയിലാവും. സ്വാശ്രയ സംരംഭങ്ങൾ വിപുലീകരിക്കുന്നതിന് അല്പം കൂടി കാത്തിരിക്കുന്നത് ഉചിതമായിരിക്കും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ പിന്തുണയോടെ വലിയ ഉത്തരവാദിത്വങ്ങൾ പൂർത്തികരിക്കാൻ കഴിയുന്നതാണ്. ഗൃഹനിർമ്മാണത്തിന് സാമ്പത്തികം സ്വരൂപിക്കാൻ കഴിഞ്ഞേക്കും. മകളുടെ ജോലിക്കാര്യത്തിനായി അന്യസംസ്ഥാന യാത്രകൾ വേണ്ടിവരുന്നതാണ്.
വിശാഖം
തടസ്സങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്താനുള്ള ആത്മവിശ്വാസം ഉണ്ടാവും. ആദർശത്തിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും പ്രായോഗികതയിൽ മുഴുകുന്നതാണ്. സാമ്പത്തിക കബളിപ്പിക്കലിനുള്ള ശ്രമങ്ങളെ പ്രത്യുല്പന്ന ബുദ്ധിയാൽ ചെറുക്കാനാവും. വ്യാപാര തന്ത്രങ്ങൾ ഭാഗികമായി ഫലവത്തായി തുടങ്ങും. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റം ആശ്വാസമായേക്കും. പൊതുപ്രവർത്തകർ രാഷ്ട്രീയ അടവുകൾ പയറ്റാൻ നിർബന്ധിതരാവും. കുടുംബാംഗങ്ങളുടെ അനൈക്യം വിഷമിപ്പിച്ചേക്കാം. കരാറുകളിലും ഏജൻസികളിലും ശോഭിക്കാനാവും. കലാപ്രവർത്തകർക്ക് അവസരങ്ങളും ആദായവുമുണ്ടാവും. വീടുവാങ്ങാൻ സാമ്പത്തിക വഴി തെളിയുന്നതാണ്. ഉപരിപഠനത്തിനായി അന്യനാട്ടിൽ പോകാൻ സന്നദ്ധതയുണ്ടാവും.
അനിഴം
വ്യാഴവും ആദിത്യനും ശുക്രനും മറ്റും സഹായക സ്ഥാനത്താകയാൽ വ്യക്തിപരമായും തൊഴിൽപരമായും മുന്നേറാനാവും. സർക്കാരിൽ നിന്നും രജിസ്ട്രേഷൻ / അനുമതി ലഭിക്കുന്നതുമൂലം നവസംരംഭം തുടങ്ങാൻ സാധിക്കുന്നതാണ്. നിലവിലെ ബിസിനസ്സിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന കാര്യങ്ങൾ ഉൾപ്പെടുത്തുന്നത് ഫലം കാണും. സ്വകാര്യ സ്ഥാപനത്തിൽ അർഹതയുള്ള നിയമനം ലഭിക്കുന്നതാണ്. ക്രിയാത്മകത പുഷ്ടിപ്പെടുന്നതിനാൽ കലാകാരന്മാർക്ക് ശോഭിക്കാനാവും. കുടുംബ ബന്ധങ്ങളുടെ ദൃഢത നിലനിർത്തുക എളുപ്പമായേക്കും. ചൊവ്വ അനിഷ്ടഭാവത്തിൽ തുടരുകയാൽ വസ്തുസംബന്ധിച്ച തർക്കങ്ങൾക്ക് സാധ്യതയുണ്ട്. വാഹനം, വൈദ്യുതി, യന്ത്രം ഇവ കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പുലർത്തണം.
തൃക്കേട്ട
നക്ഷത്രനാഥനായ ബുധൻ മൂന്നുരാശികളിലൂടെ സഞ്ചരിക്കുന്നു. അതിനാൽ പതിവിലും യാത്രകൾ വേണ്ടിവരാം. വിദ്യാർത്ഥികൾ പഠനത്തിൽ അല്പം ഉദാസീനരാവാൻ സാധ്യതയുണ്ട്. ബന്ധുക്കളുമായി ഇണക്കവും പിണക്കവും തുടരും. സൂര്യൻ്റെ ആനുകൂല്യം തൊഴിൽ രംഗത്ത് വളർച്ചയുണ്ടാക്കും. മേലധികാരികൾ കഴിവുകൾ മനസ്സിലാക്കുന്നതാണ്. പാരമ്പര്യ വസ്തുക്കൾ സംരക്ഷിക്കാനാവും. പഴയ വീടിൻ്റെ ജീർണ്ണോദ്ധാരണത്തിന് ശ്രമം തുടങ്ങും. പ്രണയികൾക്ക് വിവാഹസാഫല്യത്തിന് സാഹചര്യം ഒത്തുവരാം. കലാപ്രവർത്തനം വിജയിക്കുന്നതാണ്. മക്കളില്ലാത്തവർക്ക് നവീനചികിൽസകൾ ഫലവത്താകുന്നതാണ്. പതിനൊന്നിലെ കേതു ഗൂഢമാർഗങ്ങളിൽ നിന്നുള്ള ആദായത്തെ സൂചിപ്പിക്കുന്നു. ചൊവ്വയുടെ അനിഷ്ടസ്ഥിതി ആരോഗ്യത്തിൽ ജാഗ്രത വേണമെന്നതിനെ കുറിക്കുന്നു.
മൂലം
സാധാരണ കൃത്യങ്ങളെല്ലാം മുടങ്ങാതെ നടക്കുന്നതാണ്. അഭ്യുദയം ഉണ്ടാവുന്നത് വളരെ പതുക്കെയാവും. മാസത്തിൻ്റെ ഒന്നാം പകുതിയിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതാണ്. വേണ്ടപ്പെട്ടവരുടെ സഹകരണം കുറയാം. ഫെബ്രുവരി 13 മുതൽ തൊഴിലിടത്തിൽ സംതൃപ്തിയുണ്ടാവും. മുന്നേറാൻ വഴി തെളിയുന്നതായിരിക്കും. ആ വഴിയിലൂടെ നീങ്ങാൻ മനസ്സ് സന്നദ്ധമാവുന്നതാണ്. പഠനോന്മുഖത വന്നുചേരും. മത്സരബുദ്ധി ഉണ്ടാവും. എല്ലാക്കാര്യത്തിലും കുടുംബത്തിൻ്റെ അഭിപ്രായൈക്യം പ്രതീക്ഷിക്കാം. പദവിയിലെ ചാഞ്ചല്യം മാറി, സ്ഥിരത വരുന്നതാണ്. ആത്മീയോന്നമനത്തിനും അവസരം ലഭിക്കുന്ന കാലമായിരിക്കും. ഭക്തിപ്രഭാഷണങ്ങൾ, യജ്ഞങ്ങൾ ഇവയിൽ പങ്കുകൊള്ളുവാൻ അവസരമുണ്ടാവും.
പൂരാടം
രണ്ടുമനസ്സും രണ്ടുചിന്തയും പുലർത്തുന്നത് വിജയത്തെ താമസിപ്പിക്കാം. അദ്ധ്വാനിച്ചിട്ടും കാര്യമായ സാമ്പത്തിക ലാഭം ഉണ്ടാവുന്നില്ലെന്ന് ഖേദിക്കാനിടയുണ്ട്. തൊഴിൽ തേടുന്നവർക്ക് പ്രതീക്ഷിച്ച അവസരം നീങ്ങിനീങ്ങിപ്പോകാം. എന്നാൽ മാസത്തിൻ്റെ രണ്ടാം പകുതി ഊർജ്ജദായകമാവും. ആദിത്യൻ്റെ അനുകൂലസ്ഥിതി വളർച്ചക്ക് ഇടവരുത്തും. ഏകാഗ്രതയും പ്രായോഗികതയും സമന്വയിക്കുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ചേക്കാം. മത്സരാധിഷ്ഠിതമായ കരാറുകൾ നേടുന്നതാണ്. വ്യാപാരികൾക്ക് വിപണിയുടെ സ്പന്ദനം തിരിച്ചറിയാനാവും. നക്ഷത്രനാഥനായ ശുക്രൻ ഉച്ചസ്ഥനാവുകയാൽ ഭൗതികമായ സുഖങ്ങൾ തേടിവരും. ദേഹസ്സുഖത്തിനൊപ്പം മനസ്സുഖവും ഉണ്ടാവും. ജീവിത നിലവാരം ഉയരുന്നതാണ്. നവീന ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വന്തമാക്കും.
ഉത്രാടം
ഉദ്ദേശിച്ച കാര്യങ്ങൾ മുഴുവനായും പ്രാവർത്തികമാക്കാൻ ഭഗീരഥ പ്രയത്നം വേണ്ടി വരുന്നതാണ്. എന്നാൽ നിത്യജീവിതത്തിന് പുഷ്ടിയും സമാധാനവും ഉണ്ടാവുന്ന കാര്യങ്ങൾ അധികം ക്ലേശിക്കാതെ തന്നെ നേടിയെടുക്കാനാവും. ചെറുസംരംഭങ്ങൾ തുടങ്ങാനും നിലവിലെ വ്യാപാരത്തിൽ കൂടുതൽ മുതൽമുടക്കാനും കഴിയുന്നതാണ്. മകൻ്റെ നിരന്തരമായിട്ടുള്ള ആവശ്യമായ വാഹനം വാങ്ങിക്കൊടുക്കാൻ തയ്യാറാവും. മാസത്തിലെ ആദ്യ രണ്ടാഴ്ചയുമായി തുലനം ചെയ്യുമ്പോൾ പിന്നീടത്തെ രണ്ടാഴ്ച കുറച്ചുകൂടി ഗുണദായകമായി അനുഭവപ്പെടും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കുന്നതാണ്. കലാപരമായ സിദ്ധികൾ വികസിപ്പിക്കാനായേക്കും. ധനുക്കൂറുകാർക്ക് ഏഴിലെ ചൊവ്വയാൽ ദാമ്പത്യസൗഖ്യം തെല്ല് കുറയാം. മകരക്കൂറുകാർക്ക് ചൊവ്വ ശത്രുവിജയം സമ്മാനിക്കുന്നതാണ്.
തിരുവോണം
ജന്മത്തിൽ ആദിത്യൻ സഞ്ചരിക്കുകയാൽ അലച്ചിലുണ്ടാവും. കാര്യപ്രാപ്തിക്ക് അധികമായ പരിശ്രമം ആവശ്യമായി വരുന്നതാണ്. മേലധികാരികളുടെ തീരുമാനം ഉൾക്കൊള്ളാൻ കഴിയില്ലെന്നു വന്നാലും പ്രവൃത്തിക്കേണ്ട സ്ഥിതിയുണ്ടാവും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കാര്യങ്ങൾ ഒട്ടൊക്കെ വരുതിയിലാവും. എങ്കിലും തർക്കങ്ങളിൽ കക്ഷിചേരാതിരിക്കുക അഭികാമ്യം. വരവിനനുസരിച്ചു മാത്രം ചെലവുണ്ടാവും. അനുബന്ധ തൊഴിലുകൾ പുഷ്ടിപ്പെടുന്നതാണ്. മകളുടെ ശ്രേയസ്സിൽ അഭിമാനിക്കും. പുതിയ സാങ്കേതിക കാര്യങ്ങൾ മനസ്സിലാക്കാൻ ഔത്സുക്യം പുലർത്തും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. മൂന്നാം ഭാവത്തിലെ ശുക്ര സഞ്ചാരത്താൽ സ്ത്രീകളുടെ സഹായവും സഹകരണവും ഉണ്ടാവും. അവ നേട്ടങ്ങൾക്ക് വഴിയൊരുക്കുന്നതാണ്.
അവിട്ടം
മുൻപ് പല സന്ദർഭങ്ങളിലും തള്ളിപ്പറഞ്ഞവർ ഇപ്പോൾ സ്വാഗതം ചെയ്തേക്കും. തൊഴിലിടത്തിലെ പ്രതിഷേധങ്ങൾക്ക് ഫലം കാണുന്നതാണ്. ആത്മവിശ്വാസം ഗോപുരം പോലെ ഉയരും. എന്നാൽ ഒരു കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കാൻ മനസ്സിനായേക്കില്ല. വിദ്യാർത്ഥികളെ ഈ മനോഭാവം ദോഷകരമായി ബാധിച്ചേക്കാം. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റം കൊണ്ട് ഗുണമുണ്ടാവും. മകരക്കൂറുകാർക്ക് വസ്തു വ്യാപാരം ആദായമുണ്ടാക്കും. കുംഭക്കൂറുകാരെ മകൻ്റെ ശാഠ്യബുദ്ധി വിഷമിപ്പിക്കുന്നതാണ്. വിദേശത്ത് പോകാൻ ഒരുങ്ങുന്നവർക്ക് അവസരം സംജാതമാകും. പാരമ്പര്യ തൊഴിലിൽ ഏർപ്പെട്ടവർക്ക് അംഗീകാരം ലഭിക്കുന്നതാണ്. മധുരോദാരമായ സംഭാഷണശൈലി പലരേയും ആകർഷിക്കും. പ്രണയികൾക്ക് ജീവിതം ഒരു വസന്തോദ്യാനമായി അനുഭവപ്പെടും.
ചതയം
പന്ത്രണ്ടിലും ജന്മരാശിയിലും ആദിത്യൻ സഞ്ചരിക്കുന്നത് ഔദ്യോഗികമായി സ്വസ്ഥതക്കുറവുണ്ടാക്കും. വ്യർത്ഥയാത്രകൾ മറ്റൊരു സാധ്യതയാണ്. ബിസിനസ്സിൽ വലിയ മാറ്റങ്ങൾ വരാനിടയില്ല. ശുക്രൻ രണ്ടാം ഭാവത്തിൽ ഉച്ചനാവുകയാൽ മുൻപില്ലാത്ത വിധം മധുരകോമളമായി സംസാരിക്കുന്നതാണ്. ധനവരവ് മോശമാവില്ല. പാരിതോഷികങ്ങൾ കിട്ടാനിടയുണ്ട്. വിദ്യാർത്ഥികളുടെ പഠനകാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധപുലർത്തേണ്ട കാലമാണ്. ചിലപ്പോൾ ശാഠ്യശീലം സുഹൃത്തുക്കളുമായി പിണങ്ങാൻ ഇടവരുത്തിയേക്കും. പൈതൃക സ്വത്തുക്കളിൽ കൈവശാവകാശം സിദ്ധിക്കുന്നതാണ്. ഗാർഹിക ജീവിതത്തിൽ ഒട്ടൊക്കെ സ്വസ്ഥത പ്രതീക്ഷിക്കാം. വാഹനത്തിൻ്റെ അറ്റകുറ്റപ്പണി കഴിഞ്ഞ് വീണ്ടും സഞ്ചാരയോഗ്യമാവും.
പൂരൂരുട്ടാതി
ജന്മരാശിയിൽ, ജന്മനക്ഷത്രത്തിൽ ശനി സഞ്ചരിക്കുകയാണ്. കൂടാതെ ആദിത്യൻ്റെ പ്രതികൂലഗതിയും പരിഗണിക്കണം. അതിനാൽ സമ്മർദ്ദങ്ങൾ ഉണ്ടാവുന്ന കാലഘട്ടമാണ്. കുടുംബത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുക എളുപ്പമാവില്ല. തൊഴിലിലെ വളർച്ച മന്ദഗതിയിലായിരിക്കും. കടം വാങ്ങിയ തുക വീട്ടാൻ വേറെ കടം വാങ്ങേണ്ട ദുസ്ഥിതിയുണ്ടാവും. പരീക്ഷകളിലും മത്സരങ്ങളിലും വിജയിക്കാൻ നിരന്തരമായ പഠനം ആവശ്യമാണ്. പുതിയ ജോലി തേടുന്നത് നല്ലതു തന്നെ. പക്ഷേ നിലവിലെ ജോലി ഉപേക്ഷിച്ചു കൊണ്ടാവരുത് അന്വേഷണം. കമ്മീഷൻ വ്യാപാരം, ഏജൻസികൾ, ദിവസ വേതനം ഇവ തുണയാവും. ചിട്ടി വട്ടം കൂടുന്നതിലൂടെ ധനാഗമം പ്രതീക്ഷിക്കാം. ഇൻഷ്വറൻസ്/ഊഹക്കച്ചവടം ഗുണകരമാവും.
ഉത്രട്ടാതി
നേട്ടങ്ങളിൽ പ്രധാനം തൊഴിൽ വളർച്ച തന്നെയാവും. സംരംഭങ്ങൾക്ക് സർക്കാരിൽ നിന്നുള്ള അനുമതി ലഭിക്കുന്നതാണ്. പിതാവിനും നേട്ടങ്ങൾ വന്നുചേരും. ആരോഗ്യപ്രശ്നങ്ങൾ കുറയും. ജന്മരാശിയിൽ രാഹു സഞ്ചരിക്കുന്നതുമൂലമുള്ള ആലസ്യവും മറ്റു ക്ലേശങ്ങളും അവിടെ ശുക്രനും കൂടി സഞ്ചരിക്കുകയാൽ പരിഹൃതമാവും. ഭോഗസുഖം ഭവിക്കും. മുന്തിയ ആടയാഭരണങ്ങൾ പാരിതോഷികമായി ലഭിക്കാനിടയുണ്ട്. അണിഞ്ഞൊരുങ്ങാനും കണ്ണാടി നോക്കി നിൽക്കാനും കൂടുതൽ സമയം ചെലവഴിക്കും. കലാപ്രവർത്തനത്താൽ കീർത്തിയുയരും. നാലാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രതയുണ്ടാവണം. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ദൂരയാത്രകൾ ഉണ്ടായേക്കും. വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനങ്ങൾ ശത്രുക്കളെ സൃഷ്ടിക്കുന്നതാണ്.
രേവതി
സാമൂഹികമായ സ്വീകാര്യത മുമ്പത്തേക്കാൾ കൂടും. സ്വന്തം സിദ്ധികൾ സ്വയം തിരിച്ചറിയും. പൊതുപ്രവർത്തനം ജനകീയമാവുന്നതാണ്. ഔദ്യോഗിക ജീവിതത്തിൽ സമാധാനമുണ്ടാവും. സഹപ്രവർത്തകരുടെ സഹകരണം തൃപ്തികരമായിരിക്കും. തൊഴിൽ തേടുന്നവർക്ക് സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾ ഏകാഗ്രത പുലർത്തുന്നതാണ്. കലാ-സാഹിത്യ രംഗങ്ങളിലുള്ളവർക്ക് പുരസ്കാരം ലഭിച്ചേക്കാം. സാങ്കേതിക വിഷയങ്ങൾ ഉൾക്കൊള്ളുവാൻ മുന്നോട്ടു വരുന്നതാണ്. വ്യവഹാരങ്ങളിൽ തിരിച്ചടി വരാനുള്ള സാധ്യതയുണ്ട്. ബന്ധുക്കൾ / സുഹൃത്തുക്കൾ പിണങ്ങിയാലും പരിഹരിക്കാനായി മുൻകൈയെടുക്കണം. വീടിൻ്റെ നവീകരണത്തിന് കരുതിയതിലുമധികം ചെലവുണ്ടാവും. ദൂരസ്ഥലത്തുള്ളവർക്ക് നാട്ടിലേക്കുള്ള മടക്കം നീളാനിടയുണ്ട്
Read More
- Valentine’s Day Horoscope: പ്രണയപരാഗം കൂടുതൽ പേറുന്നത് ഏതു നക്ഷത്രത്തിൽ പിറന്ന ആളാണ്?
- ശുക്രൻ ഉച്ചത്തിൽ; ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
- മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
- Mercury Transit 2025: ജനുവരിയിൽ ബുധന്റെ രാശിമാറ്റം: ഗുണം ആർക്കൊക്കെ?
- Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി, ഏഴര ശനി, അഷ്ടമ ശനി ആർക്കൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.