scorecardresearch

Love Horoscope: പ്രണയപരാഗം കൂടുതൽ പേറുന്നത് ഏതു നക്ഷത്രത്തിൽ പിറന്ന ആളാണ്?

Valentine’s Love Horoscope 2025: ഹൃദയം പങ്കിടാൻ ഒരാളെ എല്ലാവർക്കും ആവശ്യമുണ്ട്. സ്നേഹത്തേരിലേറി വരുന്ന കാമുകനെ, കാമുകിയെ സ്വീകരിക്കാൻ കൊതിക്കാത്ത ആരുണ്ട്? വാലൻ്റെയിൻ ദിനം മുൻനിർത്തി ഒരു അന്വേഷണം

Valentine’s Love Horoscope 2025: ഹൃദയം പങ്കിടാൻ ഒരാളെ എല്ലാവർക്കും ആവശ്യമുണ്ട്. സ്നേഹത്തേരിലേറി വരുന്ന കാമുകനെ, കാമുകിയെ സ്വീകരിക്കാൻ കൊതിക്കാത്ത ആരുണ്ട്? വാലൻ്റെയിൻ ദിനം മുൻനിർത്തി ഒരു അന്വേഷണം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Valentine’s Day Love Horoscope: ആരുടെ മനസിലാണ് പ്രണയം പടിപ്പുര കടന്നെത്തുക?

Valentine’s Day Horoscope, Love Horoscope: 'പ്രണയപരവശേ! ശുഭം' എന്നത് കുമാരനാശാൻ്റെ 'ലീല' യിലെ ആരംഭവരിയാണ്. ആശാൻ്റെ വരിയിൽ ഒരു ബഹുവചനത്തിൻ്റെ അധികപ്രസംഗമാണ് 'പ്രണയപരവശരേ' എന്ന കൂട്ടിച്ചേർക്കൽ! സ്നേഹഗായകനായ കുമാരനാശൻ ക്ഷമിക്കുമെന്നുറപ്പ്!

തോഴിയായ മാധവി, ലീലയുടെ കാമുകൻ എവിടെയാണെന്ന് അന്വേഷിച്ചു കണ്ടെത്തിയ കാര്യം അവളെ അറിയിക്കുകയാണ്, ഈ പ്രസ്താവനയിലൂടെ. 'നെടുമോഹനനിദ്ര'യിലായിരുന്ന നിൻ്റെ പ്രണയത്തിന് ഇനിമേൽ പൂക്കാലം എന്നാണ് മാധവി ലീലയെ തുടർന്ന് അറിയിക്കുന്നത്. അതാണ് ആ വാർത്തയുടെ ശുഭത്വം!

Advertisment

മിടിക്കുന്ന മാനവഹൃദയം കാത്തിരിക്കുന്നു, തൻ്റെ അനുരാഗിയെ. കാടുമേടുകൾക്കപ്പുറം ആയാലും തുടരുന്ന കാത്തിരിപ്പ്! പ്രണയത്തിന് ഒരുപാടൊന്നും ഒളിച്ചിരിക്കാനാവില്ല. അത് ഒരുനാൾ വെട്ടപ്പെടുക തന്നെ ചെയ്യും. ഉറപ്പിച്ചു പറയാം, അതാവും ഒരാളുടെ, അല്ലെങ്കിൽ
ആ ഇരുവരുടെ മാധവമാസം! 

ഹൃദയം പങ്കിടാൻ ഒരാളെ എല്ലാവർക്കും ആവശ്യമുണ്ട്. സ്നേഹത്തേരിലേറി വരുന്ന കാമുകനെ, കാമുകിയെ സ്വീകരിക്കാൻ കൊതിക്കാത്ത ആരുണ്ട്?  ലോകത്തെ ഇരുപകുതിയാക്കാം, എന്ന് പണ്ഡിതർ. പ്രണയപ്പാതിയും യുദ്ധപ്പാതിയും.

ചരിത്രം ശൃംഗാരവും കാമവും രതിയും പ്രണയവുമായി ആ  വിലോലഭാവത്തെ എന്നും എവിടെയും ഉൾക്കൊണ്ടിട്ടുണ്ട്. പ്രണയത്തിന് ഒന്നുകിൽ താലപ്പൊലി, അല്ലെങ്കിൽ ചോരക്കുരുതി. പക്ഷേ പ്രണയത്തെ കണ്ടില്ലെന്ന് നടിക്കാൻ സമൂഹത്തിനാവില്ല!

Advertisment

പാശ്ചാത്യരുടെ മിത്തുകളിൽ നിന്നും കാലയവനികകൾ വകഞ്ഞുമാറ്റിക്കൊണ്ട് സ്നേഹത്തിൻ്റെ പനിനീർ മലരുകളുമായി ക്യുപിഡും (Cupid), അഫ്രോഡിറ്റും (Aphrodite), വീനെസും (Venus) ഇറങ്ങി വരുന്നു.

ഭാരതത്തിൻ്റെ പൊന്നോമനയായ  കാമദേവനും പ്രണയത്തിൻ്റെ എത്രയെത്ര കാഹളം മുഴുക്കി! മലയമാരുതനാകുന്ന തേരിൽ കയറി വസന്തനെന്ന കൂട്ടുകാരനുമായി 'രതിസുഖസാരേ' മൂളിക്കൊണ്ട് കാമദേവൻ വരുന്നു. കൈകളിൽ പൂവമ്പുകളെങ്കിലും കഠിനതപസ്സുകളുടെ ശിവഹൃദയങ്ങളെ കൺതുറപ്പിക്കാൻ പര്യാപ്തങ്ങളാണവ.  

മേഘമേദുരമായ ആകാശച്ചുവട്ടിൽ, തമാലശ്യാമ വനങ്ങളിൽ, യമുനാപുളിനങ്ങളിൽ 'യദുകുല രതിദേവനെ' നിത്യപ്രണയിനിയായ രാധ തേടുന്നു.ശകുന്തളയുടെ പ്രണയം പുരണ്ട തിരിഞ്ഞുനോട്ടവും നളദമയന്തിമാർ നേരിട്ട പരീക്ഷണങ്ങളും പ്രണയചരിത്രത്തിലെ പരിമളപർവ്വങ്ങളാണ്. 

സാറാമ്മയുടെയും കേശവൻ നായരുടെയും പ്രേമസുരഭില ഹൃദയങ്ങളെ വൈക്കം മുഹമ്മദ് ബഷീറിൻ്റെ തൂലിക കോറിയിടുന്നു. രമണൻ്റെ ചന്ദ്രികാചർച്ചിത രാത്രികളെ ചങ്ങമ്പുഴ മഴവിൽക്കൊടിയുടെ മുനകൊണ്ടു വരച്ചുകാട്ടി. അപ്പുണ്ണിയുടെ ഹൃദയത്താളുകളിലെ മയില്പീലിത്തുണ്ടുകളെ എം.ടി മായികമായി അഖ്യാനിക്കുന്നു. 

ചരിത്രത്തിലെ ഏതോ ഒരു യുഗസന്ധ്യയിൽ വാലെൻ്റയിൻ പാതിരി ചോരക്കറപ്പുതഞ്ഞു കിടക്കുകയാവാം. പക്ഷേ പ്രണയം മരിക്കുന്നില്ല. ശവകുടീരങ്ങളിൽ നിന്നും പ്രണയദേവതകൾ ഉയിർത്തെഴുന്നേല്ക്കുന്നു. വിപ്രലംഭവും സംഭോഗവുമായി ശൃംഗാരകാവ്യങ്ങൾ പിറക്കുന്നു. മനുഷ്യൻ ഏതു സൈബർകാലത്തിലേക്ക് പടർന്നാലും അനുരാഗപ്പൂക്കൾ വിരിഞ്ഞു നിൽക്കും.

ഏതു ഊഷരമായ ഹൃദയത്തിലും കാമനകളുടെ ഇണക്കുരുവികൾ കൂടുകെട്ടാതിരിക്കില്ല. ശാശ്വതമൊന്നേ സത്യം! അത് പ്രണയം എന്ന ത്ര്യക്ഷരി അല്ലാതെന്ത്? 

27 നക്ഷത്രങ്ങളിൽ ഒന്നിൽ ജനിക്കാനാണ് നമ്മുടെ ജന്മനിയോഗം. പ്രണയപരാഗം കൂടുതൽ പേറുന്നത് ഏതു നക്ഷത്രത്തിൽ പിറന്നയാളാണ്? ആരുടെ മനസ്സിലാണ് പ്രണയം പടിപ്പുര കടന്ന് നേരെ അകത്തളത്തിലക്ക് വരുന്നത്? പ്രണയത്തിൻ്റെ പരദേവതയായ ശുക്രൻ ഇരുകരങ്ങളും പൊക്കി അനുഗ്രഹിക്കുന്നത് ആരെ? 

വാലൻ്റെയിൻ ദിനം (Valentine's Day) മുൻനിർത്തി സവിശേഷമായ ഒരു അന്വേഷണം.

മകം

പ്രണയത്തിൻ്റെയും ദാമ്പത്യത്തിൻ്റെയും ഭാവമായ ഏഴാമെടത്തിൽ ശനി തുടരുന്നു. അതിനാൽ ഇപ്പോൾ കണ്ടകശ്ശനി മറ്റു പല ഭാവങ്ങളെയും എന്ന പോലെ പ്രണയത്തെയും നിർവീര്യമാക്കുന്നു. ഏപ്രിലിൽ ശനി കുംഭം രാശിയിൽ നിന്നും മാറുന്നതോടെ മകം നാളുകാരുടെ പ്രണയകാലം പുഷ്കലമാവും. മുല്ലവള്ളി തേന്മാവിൽ പടരാനാരംഭിക്കുന്നു. പിണങ്ങിയ കണ്ണികൾ വീണ്ടും ഇണങ്ങിയേക്കും. ചിലർക്ക് ആദ്യാനുരാഗം മൊട്ടിടാം. വ്യാഴം പതിനൊന്നാം ഭാവത്തിൽ വരികയാൽ  മൊട്ടിട്ട അനുരാഗം ജൂൺ മാസം മുതൽ തളിർക്കുകയും പുഷ്പിക്കുകയും ചെയ്യും. കോളേജുകാലത്തെ ഗാഢ സൗഹൃദം പ്രണയമായി നിറം മാറാനിടയുണ്ട്. പ്രണയത്തിന് അഷ്ടമംഗലവുമായി ഗൃഹത്തിലേക്ക് കുടിവെയ്ക്കാൻ മാലയോഗം തെളിഞ്ഞെന്നുവരാം.

പൂരം

സർവ്വ ഋതുക്കളിലും പുഷ്പിക്കും, പ്രണയച്ചെടി. വസന്ത ഋതുവരാതെ തന്നെ ജീവിതത്തെ ഒരു 'ഗീതഗോവിന്ദ' മാക്കി മാറ്റാൻ പ്രണയത്തിനാവും. പൂരം നാളുകാർ പ്രണയത്തിൻ്റെ പരമേശ്വരനായ ശുക്രൻ്റെ ശിഷ്യരാണ്. കാലം, ദേശം എന്നിവ വിപരീതമായാലും പ്രണയം അവരിൽ സദാ കുടചൂടി നിൽക്കും. അരസിക ശിരോമണിയായ കണ്ടകശ്ശനിക്കൊന്നും പൂരം നാളുകാരുടെ പ്രണയത്തെ തൊട്ടുകളിക്കാനാവില്ല. രണ്ടാം ഭാവത്തിലെ കേതു കീറി മുറിക്കുന്ന വാക്കുകളായി പ്രണയ ഹൃദയത്തെ തെല്ല് അലോസരപ്പെടുത്താം. തെറ്റിദ്ധാരണയാൽ അകന്നവർക്ക് വ്യാഴം പതിനൊന്നിൽ വരുന്നതൊടെ ഹൃദയം കൊണ്ട് ഇണങ്ങാനാവും.  ഗാർഹിക ജീവിതത്തിലെ ശുഷ്കമായ ദിനങ്ങളെ ഭാര്യയുടെ / ഭർത്താവിൻ്റെ മനസ്സുമാറ്റം വീണ്ടും രാഗാർദ്രമാക്കാം. പ്രേമത്തിൻ്റെ ഏഴിലമ്പാലയുടെ പരിമളം എങ്ങും പരക്കും.

ഉത്രം

ചിങ്ങക്കൂറുകാർക്ക് ഏഴിൽ ശനി, കന്നിക്കൂറുകാർക്ക് ഏഴിൽ രാഹു - പ്രണയത്തിൻ്റെ വഴികൾ അടഞ്ഞുകിടക്കുന്ന അനുഭവമായിരുന്നു , ഇത്രയും കാലം. ഇനി ആ സ്ഥിതി മാറാം. പ്രണയത്തിൻ്റെ സ്ലേറ്റിൽ  എഴുതി പഠിച്ച അക്ഷരങ്ങൾ വാട്സ്അപ്പിൽ കൈമാറാം. ടെക്സ്റ്റ് മെസ്സേജിൽ പുതിയ പ്രണയ കവിതകൾ പിറന്നേക്കും. 'ബെസ്റ്റി' ആയിരുന്ന ആൾക്ക് ജീവിതത്തിൽ മറ്റൊരു റോൾ ഉണ്ടെന്നു വരുമോ?  പരുക്കൻ ഹൃദയം പുതുവെണ്ണ പോലെ സ്നിഗ്ദ്ധവും മൃദുവുമാകുന്നത് എങ്ങനെ? തേച്ചിട്ടു പോയ ചരിത്രത്തെ മാച്ചെഴുതാൻ കാലത്തിനറിയാം.  ജോലിസ്ഥലം വിഭിന്നവും വിദൂരവുമാകയാൽ ദേഹമനസ്സുകളുടെ വിരഹം തീർന്നേക്കാം. സ്നേഹത്തിൻ്റെ അക്ഷരങ്ങളാൽ ചാലിച്ച ക്ഷണക്കത്ത് നിങ്ങളുടെ ഹൃദയത്തിന് വൈകാതെ ലഭിച്ചേക്കാം. ഇരുകരങ്ങളാൽ അതിനെ സ്വീകരിക്കാൻ ഒരുങ്ങുക.

അത്തം

ദേവഗണനക്ഷത്രമാണ് അത്തം. ചന്ദ്രൻ നക്ഷത്രനാഥനാകയാൽ മനസ്സ് ചന്ദ്രനെപ്പോലെ വൃദ്ധിയും ക്ഷയവും ഉള്ളതാവും. പ്രണയത്തോട് ആകർഷണം 
എന്ന പോലെ വികർഷണവും തോന്നാം. ഇക്കാലത്ത് രാഹു ഏഴിൽ തുടരുന്നത് പ്രണയത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. ശനി മാർച്ചവസാനം ഏഴിലേക്ക് വരും. അപ്പോൾ - ഏപ്രിൽ മുതൽ ജൂൺ വരെ - പ്രേമം അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നറിയാത്ത അവസ്ഥ സംജാതമാകും. പ്രണയം വെളിപ്പെടുത്താൻ വാക്കുകൾ തുണച്ചേക്കില്ല. നാക്കും വാക്കും ഹൃദയത്തോട് സഹകരിക്കാത്ത സ്ഥിതി കുറച്ചുകാലം കൂടി തുടരുന്നതാണ്. വ്യാഴം ഒമ്പതിൽ ഉള്ളത് ഭാഗ്യവിവാഹം സംഭവിക്കാൻ സാധ്യതയാണ്. പ്രേമിച്ചു കല്യാണം എന്നതിനെക്കാൾ ജീവിതപങ്കാളിയെ പ്രണയിക്കുക എന്നതാവും ഇവരുടെ ആദർശ പ്രണയ സങ്കല്പം.

ചിത്തിര

അസുര ഗണക്കാരാണ് ചിത്തിരക്കാർ. എതിർക്കാൻ ആളുണ്ടാവുമ്പോൾ ശക്തി കൂടും, ഇവർക്ക്. പ്രണയത്തിലും ഇതാണ് സ്ഥിതി. ആത്മാർത്ഥത വളരെയുണ്ടാവും. കരളുപറിച്ചു കൊടുക്കും. ചിത്തിര നാളുകാർക്ക് 'തേപ്പുകാരാവാൻ' കഴിയില്ല. കള്ളനാട്യക്കാരോടുള്ള ദേഷ്യം മിനിമം ഒരായുഷ്കാലം ഉള്ളിൽ സൂക്ഷിക്കും. തുലാക്കൂറുകാർക്ക് വ്യാഴം ഒമ്പതിൽ വരാൻ പോകുന്നു. തടസ്സങ്ങളെ അതിജീവിക്കാനാവും പ്രണയത്തിനെന്ന് ഉറപ്പിക്കാം. അല്പം കൂടി കാത്തിരിക്കണമെന്ന് മാത്രം.  പാരമ്പര്യവാദികളാണ്, ചിത്തിര നാളുകാർ എന്ന് രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ പറയാം. പ്രണയം താത്കാലികമായ ഏർപ്പാടാവുന്നതും 'ലിവിങ് ടുഗദർ' ആവുന്നതും ചിത്തിരക്കാർക്ക് അത്രയൊന്നും ദഹിക്കില്ല. പെണ്ണുകാണൽ, ജാതകപ്പൊരുത്തം, വിവാഹക്കുറി, കതിർമണ്ഡപം, താലികെട്ട് -- അതിൽ കുറഞ്ഞൊന്നും കോമ്പ്രമൈസ് ചെയ്യില്ല.

ചോതി

ദേവലോകരഥത്തിൽ സഞ്ചരിക്കുന്നവർ മനുഷ്യരുടെ ഇടയിൽ പെട്ടുപോയതാണ്. അതാണ് ചോതിക്കാരെ വിശേഷിപ്പിക്കാവുന്ന ഒൺലൈൻ!(One line). പ്രണയത്തിൻ്റെ വെമ്പൽ, രാഗവായ്പ് ചോതിക്കാരുടെ ഉള്ളിൽ വാടിക്കൊഴിയാതെ നിൽക്കും, എല്ലാക്കാലത്തും. പ്രായമൊന്നും മനസ്സിലെ അനുരാഗത്തെ തളർത്തില്ല. കൊതിച്ചതുപോലെയാവില്ല, പക്ഷേ വിധിച്ചത്. അങ്ങനെയാണ് അധികവും കണ്ടുവരുന്നത്. ഏഴാമെടം ചൊവ്വയുടെ വീടായ മേടം രാശി. പ്രണയത്തിൻ്റെ ഇതളുകളിൽ മുള്ളുപതിക്കുന്ന ക്രൂരത അനുഭവിക്കേണ്ട സ്ഥിതിയുണ്ടാവാം.  സ്നേഹ നിരാസം, ചേർത്തുപിടിച്ച ഹൃദയത്തെ തള്ളിപ്പറയൽ -- പങ്കാളിയുടെ മനോഭാവങ്ങൾ പ്രണയകാലത്തെയും  കടന്ന് ദാമ്പത്യത്തെയും കയ്പും ചവർപ്പുമാക്കിയേക്കാം. ജൂണിൽ വ്യാഴം ഭാഗ്യസ്ഥാനത്തു വരുന്നു. പ്രണയം ഭാഗ്യം കൊണ്ടുവരാൻ സാധ്യതയുണ്ട്!

വിശാഖം

തുലാം - വൃശ്ചികം രാശികളിൽ വരുന്ന നക്ഷത്രമാണ്, വിശാഖം. ഇന്ദ്രാഗ്നികൾ നക്ഷത്രദേവതകൾ! ഇന്ദ്രനെപ്പോലെ ഇവരും പ്രണയത്തിൽ മനസ്സർപ്പിക്കാം. അഗ്നിയെപ്പോലെ വൈകാരിക ദീപ്തി വരാം. പുരുഷനക്ഷത്രവും അസുരഗണ നക്ഷത്രവും ആണ് വിശാഖം. വളരെ ഗൗരവബുദ്ധികളാണ്. പക്ഷേ ഹൃദയത്തിൽ പ്രണയം മൊട്ടിടാൻ അധികം നേരമൊന്നും വേണ്ടി വരില്ല. കുംഭത്തിൽ സഞ്ചരിക്കുന്ന ശനി മൂന്നാം ദൃഷ്ടി കൊണ്ട് ഏഴാമെടമായ മേടം രാശിയെ നോക്കുന്നതിനാൽ കഴിഞ്ഞ ഒന്നുരണ്ടാണ്ടുകളായി പ്രണയത്തിൽ തടസ്സമാണ് ഇവർക്ക്. പരിചയം സ്നേഹബന്ധമായി വളരുന്നില്ല. സ്നേഹത്തിൻ്റെ മുല്ലവള്ളി മനസ്സിൻ്റെ തേന്മാവിൽ പടരുന്നുമില്ല. ശനി ഏപ്രിൽ മുതൽ മീനത്തിൽ സഞ്ചരിക്കും. വിശാഖം നാളുകാർക്ക് പ്രണയവും ദാമ്പത്യവുമെല്ലാം സന്തോഷാനുഭവങ്ങൾ പകരുന്ന കാലമാവും, പിന്നീടങ്ങോട്ട്.

അനിഴം

അനുരാധ എന്ന് സംസ്കൃതത്തിൽ അനിഴം നക്ഷത്രം വിളിക്കപ്പെടുന്നു. 'മിത്രൻ' ആണ് നക്ഷത്രദേവത. അതിനാൽ വളരെ സുഹൃത്തുക്കളുണ്ടാവും. 
ബാല്യകാലസൗഹൃദമോ ഔദ്യോഗിക പരിചയമോ ബന്ധങ്ങളിലേക്ക് നയിക്കാം. ജീവിതത്തിൽ കടും പിടിത്തമോ മർക്കടമുഷ്ടിയോ ഇല്ല. സ്നേഹം കൊതിക്കുന്നവരാണ്. സ്നേഹം പകർന്നു നൽകുന്നതിൽ പിശുക്കുമില്ല. പ്രണയ/വിവാഹ സ്ഥാനത്ത് കഴിഞ്ഞ മേയ് മുതൽ വ്യാഴം തുടരുന്നതിനാൽ (വരുന്ന മേയ് മാസം വരെ) പ്രണയത്തിന് സാഹചര്യം അനുകൂലമാണ്. നാലാം ഭാവത്തിലെ കണ്ടകശനി കൂടുകൂട്ടുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നതാവാം. മേയ് മാസം കഴിഞ്ഞാൽ മഴക്കാലം കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെയാവാനിടയുണ്ട്. ജീവിതത്തിൻ്റെ നാൽക്കവലയിൽ പ്രണയവണ്ടിക്കായുള്ള കാത്തിരിപ്പ്.

തൃക്കേട്ട

ജ്യേഷ്ഠാ എന്നാണ് സംസ്കൃത നാമം. ഒന്നാം സ്ഥാനം പേരിൽ തന്നെയുണ്ട്. അതിനാൽ ചിലപ്പോൾ 'വല്യേട്ടൻ കോംപ്ളക്സ്' ഇവരെ ഭരിക്കാം. പ്രണയിക്കണമെങ്കിൽ വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങണം. തൃക്കേട്ടക്കാർക്ക് അതൊക്കെ കഴിയും. മുൻകോപവും താൻപ്രമാണിത്തവും ഒപ്പമുള്ളവർ തെറ്റിദ്ധരിക്കുന്നതാവാം. നിലവിൽ അനുരാഗത്തിൻ്റെ ആലക്തിക പ്രഭയിലായിരിക്കാം. ശുക്രദശ കൗമാരത്തിൽ തുടങ്ങാനിടയുണ്ട്. അതിനാൽ പ്രണയ പരവശരാവാതിരിക്കാൻ ന്യായം പോരാ. ജനുവരി അവസാനം മുതൽ മൂന്നുമാസക്കാലം ശുക്രൻ ഭാവനയെ ഉണർത്തുന്ന അഞ്ചാം ഭാവത്തിൽ സഞ്ചരിക്കുന്നു. വ്യാഴവും അനുകൂലമാണ്. അനുരാഗത്തെ ആരുടെയും കണ്ണിൽപ്പെടാതെ കാക്കും. പ്രണയ തടസ്സങ്ങളെ തട്ടിനീക്കും.
 ഈ വർഷം ഇവരുടെ അനുരാഗത്തിന് സുപ്രധാനമായ നാഴികക്കല്ലാണ്. 

Read More

Valentines Day Astrology Horoscope Love

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: