scorecardresearch

Weekly Horoscope Feb 16 - Feb 22: വാരഫലം, അശ്വതി മുതൽ ആയില്യം വരെ

Weekly Horoscope, February 16 - February 22: ഫെബ്രുവരി 16 ഞായർ മുതൽ ഫെബ്രുവരി 22 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, February 16 - February 22: ഫെബ്രുവരി 16 ഞായർ മുതൽ ഫെബ്രുവരി 22 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope: ആദിത്യൻ കുംഭം രാശിയിലാണ്. അവിട്ടം - ചതയം ഞാറ്റുവേലകളുണ്ട്. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ ചതുർത്ഥി മുതൽ ദശമി വരെയുള്ള തിഥികളിലാണ്. ഈയാഴ്ച ചന്ദ്രൻ അത്തം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു.

Advertisment

ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ തുടരുന്നു. വ്യാഴം ഇടവം രാശിയിൽ രോഹിണിയിലാണ്. രാഹു മീനത്തിൽ ഉത്രട്ടാതിയിലും 
കേതു കന്നിയിൽ ഉത്രത്തിലും സഞ്ചിരിക്കുന്നു.

ബുധൻ കുംഭം രാശിയിൽ ചതയത്തിലൂടെ നീങ്ങുന്നു. ബുധൻ മൗഢ്യാവസ്ഥയിലാണ്. ചൊവ്വ മിഥുനം രാശിയിൽ പുണർതത്തിൽ വക്രഗതിയിൽ തുടരുന്നു. ശുക്രൻ ഉച്ചസ്ഥനായി മീനത്തിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. 

ഞായറും തിങ്കൾ സായാഹ്നം വരെയും കുംഭക്കൂറുകാരുടെ അഷ്ടമരാശിയാണ്. തുടർന്ന് ബുധനാഴ്ച അർദ്ധരാത്രി വരെ  മീനക്കൂറുകാർക്കും അതിനുമേൽ ശനിയാഴ്ച വൈകുന്നേരം വരെ മേടക്കൂറുകാർക്കും അഷ്ടമരാശിയാണ്. ശനിയാഴ്ച സന്ധ്യ മുതൽ തുടങ്ങി അടുത്ത ആഴ്ചയിലേക്കും പകരുന്നു, ഇടവക്കൂറുകാരുടെ അഷ്ടമരാശിവേള.

Advertisment

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെയും സമ്പൂർണ്ണ വാരഫലം ഇവിടെ വിലയിരുത്തുന്നു.

അശ്വതി

ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുവാൻ കഴിയുന്നതാണ്. ഒപ്പമുള്ളവരുടെ വാക്കുകളിൽ കൊള്ളേണ്ടത് കൊള്ളാനും തള്ളേണ്ടത് തള്ളാനും ഉള്ള വിവേകമുണ്ടാവും. കരുതിയ മാതിരിയൊക്കെ തന്നെ കാര്യങ്ങൾ നീങ്ങും. സർക്കാരുമായി  ബന്ധപ്പെട്ട  വിഷയങ്ങൾ ക്ലേശിക്കാതെ തന്നെ നേടിയെടുക്കാനാവും. സൗഹൃദം പുഷ്ടിപ്പെടും. ചില കൂടിച്ചേരലുകൾ മനസ്സിന് നവോന്മേഷം പകരുന്നതായിരിക്കും. അനാവശ്യമായ തിടുക്കം 
ഒരു കാര്യത്തിലും വേണ്ടി വരില്ല. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചെലവ് കൂടാനിടയുണ്ട്. അഷ്ടമരാശിയാകയാൽ വാഹനം ഉപയോഗിക്കുന്നതിൽ നല്ലശ്രദ്ധ വേണം.

ഭരണി

തൊഴിൽ മേഖലയിൽ സമാധാനമുണ്ടാവും. കാര്യങ്ങൾ സുഗമമായി മുന്നോട്ടു പോകും. സാമ്പത്തിക സ്ഥിതിയിൽ ആശ്വാസം തോന്നുന്നതാണ്. ഭാവിനിക്ഷേപങ്ങളെക്കുറിച്ച് ചിന്തിക്കുവാനാവും. നവസംരംഭങ്ങളുമായി മുന്നോട്ടു പോകുന്നതിന് സാഹചര്യങ്ങൾ അനുകൂലമാവും. കുടുംബ ജീവിതത്തിലും സന്തോഷാനുഭവങ്ങൾ ഉണ്ടാകുന്നതാണ്. ഭക്ഷണം, വിനോദം, വ്യായാമം, വിശ്രമം ഇവയെല്ലാം പതിവുപോലെയാവും. ബന്ധുസമാഗമം പൂർവ്വകാല സ്മരണകളുണർത്തും. വിദ്യാർത്ഥികൾ പരീക്ഷക്ക് വേണ്ട തയ്യാറെടുപ്പുകളിൽ മുഴുകുന്നതാണ്.  വ്യാഴം, വെള്ളി ദിവസങ്ങൾക്ക് വേണ്ടത്ര മേന്മയുണ്ടാവില്ല.

കാർത്തിക

അപ്രസക്ത കാര്യങ്ങൾക്കായി ധാരാളം സമയവും ഊർജ്ജവും ചെലവഴിക്കേണ്ട സ്ഥിതിയുണ്ടാവും. തീയതികൾ തെറ്റായി എഴുതുകയോ ഓർമ്മിക്കുകയോ ചെയ്യാനിടയുണ്ട്. പുതുസംരംഭങ്ങൾ തുടങ്ങുന്നതിനായുള്ള മീറ്റിംഗിൽ പങ്കെടുത്തേക്കും. ധനസമാഹരണം എളുപ്പമല്ലെന്ന് മുൻ അനുഭവങ്ങളിൽ നിന്നറിയുന്നതാണ്.  പ്രിയപ്പെട്ടവരുടെ മംഗളവേളകളിൽ പങ്കെടുത്ത് ഉചിതമായ പാരിതോഷികം നൽകുവാനാവും. ചെറുപ്പക്കാരുടെ ഉന്നമനേച്ഛയില്ലായ്മ ഗൃഹാന്തരീക്ഷത്തെ കലുഷമാക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ ചുമതലകൾ കൂടി നിർവഹിക്കേണ്ട സാഹചര്യം 
വന്നുചേരും.

രോഹിണി

ആലോചനകൾ പ്രാവർത്തികമാക്കാൻ തടസ്സങ്ങളുള്ളതായി അനുഭവപ്പെടും. മകൻ്റെ കാര്യങ്ങളിൽ  മനക്ലേശമുണ്ടാവാം. പുതുതലമുറയുടെ നിർബന്ധ ശീലങ്ങൾ അമ്പരപ്പിച്ചേക്കും. ചൊവ്വ മുതൽ വെള്ളി വരെ ദിവസങ്ങളിൽ കർമ്മരംഗത്ത് മുന്നേറാനും വ്യക്തിമുദ്ര പതിപ്പിക്കാനും കഴിയുന്നതാണ്. ചുമതലകളിൽ വീഴ്ചയുണ്ടാവില്ല. സഹപ്രവർത്തകരുമായുള്ള ആശയവിനിമയം ഫലപ്രദമായി ഭവിക്കും. വ്യാപാരത്തിൽ ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദം പങ്കിടാനാവും. വാങ്ങാൻ ആഗ്രഹിച്ചവ പാരിതോഷികമായി ലഭിച്ചേക്കും.

മകയിരം

സ്വൈരവും സ്വൈരക്കേടുകളും വന്നുംപോയുമിരിക്കും. സാമ്പത്തികമായ അരക്ഷിതാവസ്ഥയ്ക്ക് മാറ്റം വരുന്നതാണ്. ആത്മാർത്ഥമായി പെരുമാറിയാലും ഉറ്റവർ ചെലപ്പോൾ വിശ്വസിക്കുന്നില്ല എന്ന സങ്കടത്തിന് സാധ്യതയുണ്ട്. ബിസിനസ്സ് യാത്രകൾ ഗുണകരമാവും. കൂടുതൽ ഉല്പന്നങ്ങൾ വിൽക്കപ്പെടുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനകാര്യത്തിൽ ശ്രദ്ധ കുറയാം. ഉൽസവങ്ങൾക്കും ഉല്ലാസങ്ങൾക്കും കൂടുതൽ സമയം ചെലവഴിക്കപ്പെട്ടേക്കും. പുതു ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങുന്നതാണ്. ചെറുപ്പക്കാരുടെ മനസ്സ് പ്രണയാർദ്രമാകും. വാക്കുകൾക്ക് മൂർച്ച കൂടാതിരിക്കാൻ ശ്രദ്ധയുണ്ടാവണം.

തിരുവാതിര

ഔദ്യോഗികമായ കൂടിയാലോചനകൾ കൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടായില്ലെന്നു വരും. ഉദ്യോഗസ്ഥർക്ക് തൊഴിൽ രംഗത്ത് സമ്മർദ്ദങ്ങൾ തുടരുന്നതാണ്. കച്ചവടത്തിൽ ഇപ്പോൾ കൂടുതൽ പണം മുടക്കുന്നതിൽ ജാഗ്രത വേണ്ടതുണ്ട്. കുടുംബകാര്യങ്ങളിൽ കലഹ സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞാലും പ്രതികരണ രാഹിത്യത്താൽ അതിനെ മറികടക്കുക ഉചിതമായിരിക്കും. പൊതുക്കാര്യത്തിൽ സല്പേര് നിലനിർത്താൻ ക്ലേശിക്കേണ്ടി വരുന്നതാണ്. സുഹൃത്തുക്കളുടെ ആശ്വാസവാക്കുകളും പിന്തുണയും പ്രതീക്ഷിക്കാം. വെള്ളി, ശനി ദിവസങ്ങളിൽ കൂടുതൽ സ്വസ്ഥത അനുഭവപ്പെടുന്നതാണ്.

പുണർതം

ഔദ്യോഗികമായ ചുമതലകൾ കൂടാം. തന്മൂലം ചിലരെങ്കിലും എല്ലാം ഇട്ടെറിഞ്ഞ് ഒരാഴ്ച അവധി എടുത്താലോ എന്ന് ആലോചിച്ചേക്കും. എന്നാൽ ജീവിതത്തിന് ഒരു താളമുണ്ടെന്നും അതിനനുസരിച്ച് ചലിക്കാനാണ് നമ്മുടെ വിധിയെന്നും ഉടനെതന്നെ മനസ്സിലാവും. മകൻ്റെ പഠന കാര്യങ്ങൾക്കായോ വാഹനത്തിന് മുൻകൂർ അടയ്ക്കാനായോ  ധനം കണ്ടെത്തും. സ്വതന്ത്രമായ ജോലികളിൽ ഏർപ്പെട്ടവർക്ക് മുന്നേറ്റമുണ്ടാവും.  കുടുംബത്തിലെ വയോജനങ്ങളുടെ സംരക്ഷണത്തിൽ അലംഭാവമരുത്. വാരാന്ത്യദിവസങ്ങളിൽ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം.

പൂയം

വാരാദ്യം അവസരോചിതമായ പ്രവൃത്തികൾ ചെയ്യുവാനും തന്മൂലം അഭിനന്ദനം നേടുവാനും സാധിക്കും. ആസൂത്രണ മികവിലൂടെ കാര്യവിജയമുണ്ടാവും. വാരമധ്യ ദിവസങ്ങളിൽ അല്പം ആലസ്യമോ ഉന്മേഷക്കുറവോ അനുഭവപ്പെട്ടേക്കും. കുടുംബാംഗങ്ങളോട് നിസ്സാര കാര്യങ്ങളെച്ചൊല്ലി പിണങ്ങാനിടയുണ്ട്. മകൻ്റെ / മകളുടെ ചെറിയ ആവശ്യങ്ങൾ സാധിക്കാൻ പരാങ്മുഖത്വം കാട്ടും. പിന്നീട് അതിനെക്കുറിച്ച് പശ്ചാത്തപിച്ചേക്കും. വെള്ളിയും ശനിയും ക്ഷേത്ര - ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കൂടുതൽ നേരം കണ്ടെത്തുന്നതായിരിക്കും.

ആയില്യം

നക്ഷത്രനാഥനായിട്ടുള്ള ബുധൻ്റെ മൗഢ്യാവസ്ഥ തുടരപ്പെടുകയാൽ സുഗമം എന്നു വിചാരിച്ചവ ദുർഗമം ആയേക്കും. താത്കാലിക പദവികൾ ഒഴിഞ്ഞു കൊടുക്കേണ്ടി വരാനിടയുണ്ട്. പഠനത്തിൽ ആലസ്യത്തിന് സാധ്യത കാണുന്നു. വ്യാഴം പതിനൊന്നിൽ തുടരുകയാൽ സാമ്പത്തിക സ്ഥിതി മോശമാവില്ല. ഇടപാടുകളിലെ കൃത്യത അഭിനന്ദിക്കപ്പെടും. വസ്തുവ്യാപാരത്തിൽ അപ്രതീക്ഷിത തടസ്സങ്ങൾ വരാം.  കുടുംബ സമേതം തീർത്ഥസ്നാനത്തിന് അവസരം ലഭിക്കുന്നതാണ്. പാരമ്പര്യമായി ചെയ്തുവരുന്ന തൊഴിലുകളിൽ ഇപ്പോൾ നേട്ടങ്ങൾ വന്നുചേരുന്ന കാലമാണ്.

Read More

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: