scorecardresearch

Mercury Transit 2025: ബുധൻ നീചാവസ്ഥയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

Mercury Transit in Pisces 2025: ഓരോ കൂറിലും ജനിച്ചവർക്ക് ബുധൻ്റെ നീച-മൗഢ്യാവസ്ഥകൾ സൃഷ്ടിക്കുന്ന ഫലങ്ങളുടെ വിശദവിവരം ഈ ലേഖനത്തിൽ നിന്നറിയാം

Mercury Transit in Pisces 2025: ഓരോ കൂറിലും ജനിച്ചവർക്ക് ബുധൻ്റെ നീച-മൗഢ്യാവസ്ഥകൾ സൃഷ്ടിക്കുന്ന ഫലങ്ങളുടെ വിശദവിവരം ഈ ലേഖനത്തിൽ നിന്നറിയാം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Mercury Transit in Pisces 2025

Mercury Transit in Pisces: ഗ്രഹങ്ങൾക്ക് ഉച്ചം, സ്വക്ഷേത്രം, എന്നിവ പോലെ നീചം എന്ന സ്ഥിതിയുമുണ്ട്. പന്ത്രണ്ടു രാശികളിൽ മീനം രാശിയിൽ സഞ്ചരിക്കുമ്പോൾ ബുധൻ / Mercury നീചസ്ഥിതി (Debilitated)യിലാവും. ഇങ്ങനെ വരുമ്പോൾ ഗുണഫലമില്ല. എന്നാൽ ദോഷഫലമുണ്ടുതാനും. 2025 ഫെബ്രുവരി 27 ന് / 1200 കുംഭം 15 ന് ബുധൻ മീനം രാശിയിൽ പ്രവേശിക്കുന്നു. മേയ് 7 വരെ/മേടം 24 വരെ മീനം രാശിയിൽ തുടരും. 

Advertisment

എഴുപതു ദിവസങ്ങൾ ബുധൻ നീചരാശിയായ മീനം രാശിയിൽ തുടരുന്നത് അസാധാരണമാണ്. സാധാരണ 25/27 ദിവസമാണ് ബുധൻ ഒരു രാശിയിലൂടെ സഞ്ചരിക്കുക. മാർച്ച് 16 / മീനം 2 മുതൽ ബുധന് വക്രസ്ഥിതിയും തുടർന്ന് മൗഢ്യവും സംഭവിക്കും. മാർച്ച് അവസാന ആഴ്ചവരെ ഇതുതുടരും. അതിനാൽ ബുധൻ നീചം, മൗഢ്യം എന്നീ രണ്ട് അവസ്ഥകളിലും കൂടി കടന്നുപോകുന്ന മാർച്ച് 18 മുതൽ ഏപ്രിൽ 2 വരെയാവും ബുധൻ ഏറ്റവും ദുർബലനാവുക.

ബുധൻ വിദ്യാഭ്യാസം, മാധ്യമരംഗം, അദ്ധ്യാപനം, വക്കീൽപ്പണി, സംഭാഷണം, കച്ചവടം, ബന്ധുക്കൾ, സാഹിത്യം, ശില്പം, ഗണിത വിദ്യ, വളർത്തുമൃഗങ്ങൾ എന്നിവയുടെ കാരകഗ്രഹമാണ്. കച്ചവടം തുടങ്ങാനും വിദ്യാരംഭത്തിനും ബുധൻ്റെ നീചസ്ഥിതി അനുകൂലമല്ലെന്ന് പറയാറുണ്ട്. മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ബുധന് ബലമില്ലാതാവുന്നത് ദോഷകരമാണ്. 

ഗോചരാൽ ജനിച്ച കൂറിൻ്റെ 2, 4, 6, 8, 10, 11 എന്നീ കൂറുകളിൽ സഞ്ചരിക്കുമ്പോൾ ബുധൻ ഗുണവാനാകുന്നു. അതായത് മീനം രാശി 2, 4, 6, 8, 10,11 എന്നീ കൂറുകളായി ആർക്കൊക്കെ വരുന്നുവോ അവർക്ക് ചെറിയ ആശ്വാസവും അല്പലാഭവും കൈവരും. മറ്റുള്ളവർക്ക് ബുധൻ്റെ നീചക്ഷേത്ര സഞ്ചാരം കൂടുതൽ ദോഷപ്രദമാവുന്നു. ഓരോ കൂറിലും ജനിച്ചവർക്ക് ബുധൻ്റെ നീച-മൗഢ്യാവസ്ഥകൾ സൃഷ്ടിക്കുന്ന ഫലങ്ങളുടെ വിശദവിവരം ഈ ലേഖനത്തിൽ നിന്നറിയാം. തുടർന്നു വായിക്കുക

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)

Advertisment

ബുധൻ്റെ നീചരാശിയിലെ സഞ്ചാരം പന്ത്രണ്ടാം രാശിയിലാണ്. ബുധനോടൊപ്പം പാപഗ്രഹമായ രാഹുവും ഉച്ചനായ ശുക്രനും ഉള്ളതിനാൽ ത്രിഗ്രഹയോഗം ഭവിക്കുന്നു. പൊതുവേ ചെലവ് കൂടുന്ന കാലമാവും. യാത്രകൾ പതിവിലുമേറുന്നതാണ്. നിസ്സാരമായിട്ടുള്ള കാര്യങ്ങളിൽ പോലും ആശയക്കുഴപ്പം തുടരുന്നതായിരിക്കും. സ്വന്തം വാക്കുകൾ ശരിയായ അർത്ഥത്തിലാവില്ല ഒപ്പമുള്ളവർ കൈക്കൊള്ളുക. കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും ആവിഷ്കാരങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്ന് വനേക്കാം. ബന്ധുക്കളുടെ കാര്യങ്ങളിൽ ഇടപെടുന്നത് കരുതലോടെ വേണം. വാദി പ്രതിയാവുന്ന അനുഭവം വരാം. ശാരീരികമായ അദ്ധ്വാനം കൂടാനിടയുണ്ട്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ പാഠഭാഗങ്ങൾ  ആവർത്തിച്ച് പഠിക്കുന്നത് ഉചിതം. കച്ചവടക്കാർ കൂടുതൽ മുതൽ മുടക്കുന്നത് നഷ്ടത്തിലേക്ക് നയിച്ചേക്കാം.

ഇടവക്കൂറിന് (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)

ബുധൻ പതിെനാന്നാം ഭാവത്തിലാണ്, ഇടവക്കൂറുകാർക്ക്. ദുർബലനാണ് ഗ്രഹം എങ്കിലും പതിനൊന്നാം ഭാവത്തിൽ ഗുണമേകും. ഒരുപാട് നേട്ടങ്ങൾ സ്വായത്തമാകുന്ന സന്ദർഭമാണ്. ജീവിതത്തിലെ അവിസ്മരണീയ കാലമായി മാറും. വ്യാപാരത്തിൽ  അഭ്യുദയംഭവിക്കും. പുതിയ ആശയങ്ങൾ നടപ്പിലാക്കുന്നതാണ്. തൊഴിൽപരമായ പരീക്ഷണങ്ങൾ വിജയിക്കും. ബന്ധുകലഹം രമ്യമായി പരിഹരിക്കാനാവും. ഉദ്യോഗസ്ഥർക്ക് അധികാരമുള്ള ചുമതലകൾ ഉണ്ടാവുന്നതാണ്. പരീക്ഷകളിൽ നന്നായി ശോഭിക്കും. കായിക രംഗത്തുള്ളവർ, ബൗദ്ധിക വിനോദങ്ങളിൽ ഏർപ്പെട്ടവർ എന്നിവർക്കും ഗുണകാലമാണ്. ഭൗതിക നേട്ടങ്ങൾ ഉണ്ടാവുന്നതിനൊപ്പം ഭാവിയിൽ പ്രയോജനകരമാവുന്ന കാര്യങ്ങളും ചെയ്യും. സ്വകാര്യ സ്ഥാപനത്തിൽ ജോലി കിട്ടാനിടയുണ്ട്. ഭാഷയും ആശയവിനിമയ ശേഷിയും ആകർഷകമാവും.

മിഥുനക്കൂറിന് (മകയിരം 3,4 പാങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)

ബുധൻ കർമ്മസ്ഥാനമായ പത്താം ഭാവത്തിൽ സഞ്ചരിക്കുകയാൽ കർമ്മരംഗത്ത് പുത്തനുണർവ്വുണ്ടാവുന്നതാണ്. കരാർ പണികൾ നീട്ടിക്കിട്ടാം. ചെറുകിട സംരംഭകർക്ക് ലോൺ ലഭിക്കാനിടയുണ്ട്. ഉപഭോക്താക്കളുടെ അഭിരുചിയനുസരിച്ചുള്ള വിപുലീകരണം കച്ചവടത്തിൽ സാധ്യമാകുന്നതാണ്. സുഹൃത്തുക്കൾക്കായി ചില ദൗത്യങ്ങൾ ഏറ്റെടുക്കും. ബന്ധുക്കളുടെ സഹായം ലഭിക്കുന്നതാണ്. സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയാനും പ്രായോഗികമാക്കാനും കഴിഞ്ഞേക്കും. പൊതുപ്രവർത്തനത്തിൽ കൂടുതൽ സ്വാധീനം വന്നു ചേരും. വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് അനുകൂലമായ സാഹചര്യമാണ്.  സാഹിത്യകാരന്മാരുടെ പ്രശസ്തി വർദ്ധിക്കും. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റം ഗുണകരമാവും. നല്ലവാക്കുകൾ കേൾക്കും. കുടുംബ ജീവിതത്തിൽ സംതൃപ്തി പ്രതീക്ഷിക്കാം.

കർക്കടകക്കൂറിന് (പുണർതം നാലാംപാദം, പൂയം, ആയില്യം)

ബുധൻ ഒമ്പതാം ഭാവത്തിൽ സഞ്ചരിക്കുന്നു. അനിഷ്ടകാരിയാണ് കർക്കടകക്കൂറുകാർക്ക് നീചരാശിയിലെ ബുധൻ. ഭാഗ്യഭ്രംശം ഉണ്ടാവാം. മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾ മാറ്റിവെക്കേണ്ടി വന്നേക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും പിണങ്ങാനിടയുണ്ട്. വ്യാപാരത്തിൽ നഷ്ടം വരാൻ സാധ്യത കാണുന്നു. പ്രമാണങ്ങളിലും കരാറുകളിലും ഏർപ്പെടുമ്പോൾ സേവനവേതന വ്യവസ്ഥകൾ മനസ്സിലാക്കാൻ മറക്കരുത്. 
പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഇക്കാലം ഗുണകരമല്ല. സാമ്പത്തികമായ കഷ്ടനഷ്ടങ്ങൾ സാധ്യതയാകയാൽ കരുതൽ വേണം. പരീക്ഷാർത്ഥികളുടെ കാര്യത്തിലും ജാഗ്രത പുലർത്തണം.  ലഘുപ്രയത്നത്താൽ നേടേണ്ട കാര്യങ്ങൾ കൂടുതൽ വിയർപ്പൊഴുക്കി നേടേണ്ടതായി വന്നേക്കും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ അലംഭാവമരുത്. കുടുംബത്തിൻ്റെ പിന്തുണ കരുത്തേകുന്നതാണ്.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

ബുധൻ എട്ടാമെടത്തിൽ സഞ്ചരിക്കുന്നു. ഗുണഫലങ്ങളോടൊപ്പം നീചസ്ഥാനത്താകയാൽ ചില വിപരീതമായ അനുഭവങ്ങളും ബുധൻ നൽകുന്നതാണ്. രാഹു-ശുക്രൻ - ആദിത്യൻ - ശനി എന്നീ ഗ്രഹങ്ങൾക്കൊപ്പം ബുധൻ ചേരുന്നതും നേട്ടങ്ങളും - കോട്ടങ്ങളും സൃഷ്ടിക്കും. ആസൂത്രണ മികവ് കാര്യവിജയത്തിന് കാരണമാകും. കിണഞ്ഞു പരിശ്രമിച്ചിട്ടും ചിലത് നേടാനാവാതെയും വന്നേക്കും. മിതമായി സംസാരിക്കുന്നവർ വാചാലരായി മാറും. സമയബന്ധിതമായി ചുമതലകൾ നിർവഹിക്കുന്നതിനാൽ അധികാരികളുടെ പ്രീതി ഉണ്ടാവും. കടബാധ്യതകൾ പരിഹരിക്കാൻ വഴിതെളിയുന്നതാണ്. വാഹനത്തിൻ്റെ വായ്പ അടഞ്ഞു തീരും. പുതിയ കാര്യങ്ങൾ പഠിക്കാൻ ഔത്സുക്യമുണ്ടാവും. ബിസിനസ്സിൽ പാർട്ണർമാരെ ചേർക്കുന്നത് കരുതലോടെ വേണ്ടതാണ്.  ഉത്സവാഘോഷങ്ങൾ, സമ്മേളനങ്ങൾ എന്നിവയിൽ സക്രിയ സാന്നിധ്യം പുലർത്തും. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിച്ചേക്കാം.

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)

ഏഴാമെടത്തിൽ ബുധൻ സഞ്ചരിക്കുന്നു. കന്നിക്കൂറിൻ്റെ അധിപൻ കൂടിയാണ് ബുധൻ. അതിനാൽ ബുധൻ്റെ ഏഴിലെ ദുർബല സ്ഥിതി കന്നിക്കൂറുകാർക്ക് നാമമാത്രമായ ഗുണങ്ങളാവും ഉണ്ടാക്കുക. അധികവും കഷ്ടനഷ്ടങ്ങളാവും. അകാരണമായ ദേഷ്യവും സന്തുലിതമല്ലാത്ത പെരുമാറ്റവും ഉണ്ടായേക്കാം.  കടക്കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധയുണ്ടാവണം. അടുത്തു നിൽക്കുന്നവരുടെ വഞ്ചന തിരിച്ചറിയാൻ കഴിയാതെ വരാം. കച്ചവടത്തിൽ ലാഭം കുറയുന്നതാണ്. നവസംരംഭങ്ങൾ തുടങ്ങുന്നത് ഇപ്പോൾ ഗുണകരമായേക്കില്ല. ചെറുപ്പക്കാരുടെ പ്രണയം ശിഥിലമാവാൻ സാധ്യതയുണ്ട്. ദാമ്പത്യത്തിലും പ്രശ്നങ്ങൾ തലപൊക്കാം. അന്യദേശ യാത്രകൾ നീട്ടിവെക്കേണ്ട സാഹചര്യം ഉദയം ചെയ്താൽ അത്ഭുതപ്പെടാനില്ല.  പഠനത്തിൽ പരാങ്മുഖത്വം വരാം. മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

ആറാം ഭാവത്തിലാണ് ബുധൻ സഞ്ചരിക്കുന്നത്. നേട്ടങ്ങളും കോട്ടങ്ങളും തുല്യമാകുന്നതാണ്. ശത്രുക്കളുടെ എതിർപ്പുണ്ടാവും. എന്നാൽ അവയെ അതിജീവിക്കാനാവും. രോഗഗ്രസ്തർക്ക് കുറച്ചൊക്കെ ആശ്വാസം വന്നെത്തുന്നതാണ്. ബിസിനസ്സ് കടം വാങ്ങി വിപുലീകരിക്കാൻ ശ്രമിക്കരുത്. പരിശ്രമശീലം ഫലം കാണുന്നതാണ്. ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ സമാധാനമുണ്ടാവും. എന്നാൽ സ്ഥാനക്കയറ്റമോ വേതന വർദ്ധനവോ പ്രതീക്ഷിക്കേണ്ടതില്ല. ഗവേഷണത്തിൽ ഉന്മേഷം ഉണ്ടാവും. വസ്തുക്കച്ചവടത്തിൽ അമളി പറ്റാതിരിക്കാൻ കരുതൽ വേണം. വഴിനടത്തം മൂലം ദേഹക്ലേശം വരാം. മകളുടെ വിദേശ പഠനക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളും. ഊഹക്കച്ചവടത്തിൽ വിജയിക്കാനാവും.  വേണ്ടപ്പെട്ടവരുടെ വിശ്വാസവഞ്ചന മനക്ലേശമുണ്ടാക്കും. കുടുംബ ജീവിതത്തിൽ സമാധാനം പുലരുന്നതാണ്.

വൃശ്ചികക്കൂറിന് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

അഞ്ചാം ഭാവത്തിൽ സഞ്ചരിക്കുന്ന ബുധൻ കാര്യാലോചനകളിലും യോഗങ്ങളിലും അപഹാസ്യതക്ക് കാരണമാവും.  കൃത്യമായ ധാരണയുണ്ടാവാതെ പലതും പറയേണ്ടിയും ചെയ്യേണ്ടിയും വന്നേക്കാം. മകൻ്റെ ആശയങ്ങളോട് പൊരുത്തപ്പെടാൻ കഴിഞ്ഞേക്കില്ല. പൂർവ്വിക സ്വത്തുക്കളെച്ചൊല്ലി തർക്കം ഉടലെടുക്കാം.  ആദ്ധ്യാത്മിക ചര്യകൾ തടസ്സപ്പെടാനിടയുണ്ട്. പൂർത്തീകരിക്കേണ്ട കാര്യങ്ങൾ നീളുന്നതിനാൽ മേലധികാരിയുടെ അനിഷ്ടം സമ്പാദിച്ചേക്കാം. പുതിയ ജോലിക്കുള്ള നിയമന ഉത്തരവ് വൈകുന്നതാണ്. ചെറുപ്പക്കാരുടെ വിവാഹാലോചനയിൽ തീരുമാനം ഉടനെ ഉണ്ടായേക്കില്ല. പണം സൂക്ഷിച്ച വേണം ചെലവഴിക്കാൻ. ബന്ധുസംഗമങ്ങൾക്ക് മുൻകൈയെടുക്കും. എന്നാൽ വിജയിപ്പിക്കാൻ ക്ലേശിക്കുന്നതാണ്. മുൻകൂർ പണം കൈപ്പറ്റാതെ ചെയ്യുന്ന കരാർ പണികളിൽ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

ബുധൻ നാലാമെടമായ മീനരാശിയിൽ സഞ്ചരിക്കുന്നു. നീചഭാവത്തിലാകയാൽ  പ്രതികൂല ഫലങ്ങളും കൂടി അനുഭവത്തിൽ വരും.  തൊഴിൽ പരമായി ചെറിയ തോതിൽ മുന്നേറ്റമുണ്ടാവും.  പ്രയത്നം ഫലിക്കുന്ന സ്ഥിതിയിലാവും. നിർബന്ധിത അവധിയിൽ കഴിഞ്ഞവർ വീണ്ടും ജോലിയിൽ പ്രവേശിച്ചേക്കും. പെൻഷൻ പറ്റിയവർക്ക് ആനുകൂല്യങ്ങൾ കൃത്യമായി കിട്ടിത്തുടങ്ങുന്നതാണ്. കരാർ തൊഴിലാളികൾക്ക് വീണ്ടും തുടരാനാവും. വിദേശത്ത് പോകാനുള്ള അനുമതി രേഖകൾ, എംബസികളുടെ അനുവാദം എന്നിവ ലഭിക്കുന്നതാണ്. ബന്ധുക്കളുടെ പിണക്കം തുടർന്നേക്കും. സുഹൃത്തുക്കളിൽ ചിലരുടെ തെറ്റിദ്ധാരണ മാറ്റാനായേക്കില്ല. വിദ്യാർത്ഥികൾ കൂടുതൽ ഏകാഗ്രത പുലർത്തണം.  കടബാധ്യത തീർക്കാൻ ഭാഗികമായി കഴിയും. രാഷ്ട്രീയ നിലപാടുകൾ കുടുംബത്തിലും എതിർപ്പിന് കാരണമാകാം.

മകരക്കൂറിന് (ഉത്രാടം 2, 3, 4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)

ബുധൻ്റെ മൂന്നാം ഭാവത്തിലെ സഞ്ചാരം മകരക്കൂറുകാർക്ക് ഉയർച്ചയ്ക്ക് കാരണമാകും എന്ന് പറയാനാവില്ല. തളർച്ചകൾ ഉണ്ടായിക്കൊണ്ടിരിക്കും. പ്രതീക്ഷിച്ച കാര്യങ്ങൾ സാക്ഷാൽകരിക്കാൻ കാത്തിരിപ്പ് തുടരേണ്ടി വരുന്നതാണ്. സ്വാശ്രയ സംരംഭങ്ങൾ തടസ്സപ്പെടാം. സഹായ വാഗ്ദാനങ്ങൾ സാർത്ഥകമായേക്കില്ല. പ്രധാന രേഖകൾ ഒപ്പിടുമ്പോൾ മുഴുവൻ വ്യവസ്ഥകൾ അറിയേണ്ടതുണ്ട്. പണയ വസ്തു വീണ്ടെടുക്കാൻ ബാങ്കിൽ നിന്നും മുന്നറിയിപ്പെത്തും. സഹപ്രവർത്തകർ സഹകരിക്കാത്തത് തൊഴിലിടത്തെ മ്ളാനമാക്കിയേക്കും. സഹോദര ബന്ധത്തിൽ ദാർഢ്യം കുറയുന്നതാണ്. പ്രണയികൾക്കിടയിൽ ശൈഥില്യത്തിന് സാധ്യത കാണുന്നു. ദാമ്പത്യത്തിലും സ്വൈരക്കേടുകൾ അരങ്ങേറാനിടയുണ്ട്.  അയൽക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് കരുതലോടെയാവണം.

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)

മീനം രാശിയിൽ രണ്ടാം ഭാവത്തിലാണ് ബുധൻ്റെ സഞ്ചാരം. അതിനാൽ സംഭാഷണ ശൈലി ആകർഷണീയമാവും. പുതിയ ഭാഷ പഠിക്കാനോ വൈദഗ്ദ്ധ്യം നേടാനോ അവസരം ലഭിക്കും. കുടുംബചുമതലകൾ ഭംഗിയായി നിർവഹിക്കുന്നതാണ്. ജീവിതപങ്കാളിയുടെ നിർലോഭമായ പിന്തുണയുണ്ടാവും. വേദിയിൽ പ്രസംഗം, പാട്ട്, കലാപ്രകടനം  ഇവ നടത്തി സഹൃദയപ്രശംസ നേടുവാൻ കഴിയും. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് അധികാരമുള്ള ചുമതലകൾ വന്നുചേരും. തീർത്ഥാടനത്തിന് അവസരം ഭവിക്കുന്നതാണ്. സമൂഹത്തിൽ സ്വന്തം വാക്കുകൾക്ക് വിലയുണ്ടാവും. വാഗ്ദാനം ഭംഗിയായി പൂർത്തിയാക്കും. ധനവരവ് മോശമാവില്ല. ബിസിനസ്സിലെ പുതിയ തന്ത്രങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതാണ്. ശത്രുക്കളുടെ കൗശലങ്ങളെ സമർത്ഥമായി മറികടക്കും.

മീനക്കൂറിന് (പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി)

ജന്മരാശിയിൽ ദുർബലനായ ബുധൻ സഞ്ചരിക്കുന്നത് വ്യക്തിത്വം, പ്രവർത്തനരംഗം, ആരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കാം. അകാരണമായ ഭയം മനസ്സിനെ മഥിക്കുന്നതാണ്. ദൗത്യങ്ങൾ നിറവേറ്റുന്നതിൽ കാലവിളംബമോ വീഴ്ചയോ വരാനിടയുണ്ട്. കുടുംബാംഗങ്ങൾക്കിടയിൽ അനൈക്യം അധികരിക്കാം. സാംക്രമികരോഗങ്ങൾ വിഷമിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. യഥാർത്ഥ്യം മനസ്സിലാക്കാതെ ഇരുട്ടിൽ തപ്പുന്ന പ്രതീതിയുണ്ടാവും. വിദേശയാത്ര നീട്ടിവെക്കപ്പെടാം. വരവറിയാതെയുള്ള ചെലവ് കടബാധ്യതയിൽ തള്ളിവിടാനിടയുണ്ട്. തെറ്റായ തീരുമാനങ്ങൾ മൂലം പരാജയം വരാം. ബന്ധുക്കളുടെ നിസ്സഹകരണം വിഷമത്തിന് കാരണമാകുന്നതാണ്. സാമ്പത്തികമായി കബളിപ്പിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണം. വ്യവഹാരങ്ങൾക്ക് മുതിരരുത്. ചെറിയ നേട്ടങ്ങൾ മാത്രം പ്രതീക്ഷിച്ചാൽ മതിയാകും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: