/indian-express-malayalam/media/media_files/2024/10/30/Gfhold3PWBp6TxmLZPVe.jpg)
Weekly Horoscope, October 12-October 18
ആദിത്യൻ കന്നി - തുലാം രാശികളിലായി സഞ്ചരിക്കുന്നു. ഒക്ടോബർ 17 ന്/കന്നി 31 ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ആദിത്യൻ്റെ തുലാസംക്രമം. ചിത്തിര ഞാറ്റുവേലക്കാലമാണ്.
ചന്ദ്രൻ കറുത്ത പക്ഷത്തിൽ ഷഷ്ഠി മുതൽ ദ്വാദശി വരെ തിഥികളിൽ സഞ്ചരിക്കുന്നു. മകയിരം മുതൽ പൂരം വരെ നക്ഷത്രങ്ങളിലൂടെയും കടന്നുപോകുകയാണ്.
വ്യാഴം രാശിമാറുന്നു എന്നതാണ് ഈ വാരത്തിലെ മുഖ്യസംഭവം. ഒക്ടോബർ 18 ശനിയാഴ്ച (തുലാം ഒന്നിന്) രാത്രി 7:47 ന് വ്യാഴം കർക്കടകം രാശിയിൽ പ്രവേശിക്കുന്നു. വ്യാഴത്തിൻ്റെ അതിചാരമാണിത്. ഡിസംബർ 5 വരെ വ്യാഴം കർക്കടകം രാശിയിൽ തുടരും.
ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിൽ വക്രസഞ്ചാരത്തിലാണ്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും, കേതു കന്നിയിൽ പൂരത്തിലും പിൻഗതി തുടരുന്നു. ചൊവ്വ തുലാം രാശിയിൽ ചോതി നാളിലാണ്. ബുധനും തുലാത്തിലുണ്ട്. ശുക്രൻ നീചരാശിയായ കന്നിയിലാണ്.
ഈ ഗ്രഹസ്ഥിതിയെ അവലംബിച്ച് അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം അപഗ്രഥിക്കുന്നു.
Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ
അശ്വതി
വാരാദ്യദിവസങ്ങളിൽ ഉന്മേഷമുണ്ടാവും. തീരുമാനങ്ങൾ ബുദ്ധിപൂർവ്വം കൈക്കൊള്ളും. കാര്യങ്ങളുടെ സൂക്ഷ്മമായിട്ടുള്ള ചിത്രം മനസ്സിലുദിക്കും. സുഹൃൽബന്ധം സന്തോഷത്തിന് കാരണമാകുന്നതാണ്. തീരുമാനിച്ചവ പ്രാവർത്തികമാക്കുന്നതിൽ ചില തടസ്സങ്ങൾ ഉയരുന്നതാണ്. ആറാമെടത്ത് ശുക്രൻ സഞ്ചരിക്കുകയാൽ ദേഹസുഖം കുറയുവാനിടയുണ്ട്. സ്ത്രീകളുടെ അനിഷ്ടം നേടാം. ഇഷ്ടവസ്തുക്കൾ വാങ്ങാൻ പണം തികയാതെ വരുന്നതാണ്. പകരക്കാരെ ചുമതലകൾ ഏല്പിക്കുമ്പോൾ കരുതൽ വേണം. ചന്ദ്രന് കേതുബന്ധം വരികയാൽ വെള്ളി, ശനി ദിവസങ്ങളിൽ സ്വാസ്ഥ്യം കുറയുന്നതാണ്.
ഭരണി
നക്ഷത്രാധിപനായ ശുക്രന് നീചം ഭവിച്ചിരിക്കുന്നതും അനിഷ്ടഭാവമായ ആറാമെടത്തിൽ സഞ്ചരിക്കുന്നതും അനുകൂലമല്ല. ആത്മവിശ്വാസം കുറയാം. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാനിടയുണ്ട്. കരുതൽ വേണം. ഔദ്യോഗികമായ തിരക്കേറുന്ന കാലമാണ്. സഹപ്രവർത്തകൻ അവധിയിൽ പ്രവേശിച്ചതിനാൽ ആ കടമ കൂടി ഏറ്റെടുക്കേണ്ടിവരും. അപ്രസക്ത കാര്യങ്ങളെക്കുറിച്ച് വെറുതെ ചിന്തിച്ചു കൂട്ടും. ചിലരുടെ നല്ലവാക്കുകൾ മനസ്സിൽ ഊർജ്ജം നിറയ്ക്കും. ഗാർഹസ്ഥ്യം സാമാന്യം തൃപ്തികരമായിരിക്കും. വാരമദ്ധ്യത്തിലെ ദിവസങ്ങൾക്ക് കൂടുതൽ ഗുണം പ്രതീക്ഷിക്കാം.
Read More: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
കാർത്തിക
സമ്മിശ്രാനുഭവങ്ങൾ വന്നെത്തുന്നതാണ്. പ്രവൃത്തിരംഗത്ത് ചുമതലകളേറുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ പദവി ഉയരാനിടയുണ്ട്. ബിസിനസ്സ് വളർച്ചയുടെ പാതയിലാണെന്നത് ആശ്വാസം നൽകും. വായ്പക്കുള്ള അപേക്ഷയിൽ ഫലമുണ്ടാവും. പുതിയ ജോലിക്കാരെ നിയമിക്കും. രാഷ്ട്രീയരംഗത്ത് മുന്നേറാൻ തടസ്സങ്ങളനുഭവപ്പെടും. ഇടവക്കൂറുകാർക്ക് പ്രണയാനുഭവങ്ങൾ ഭംഗപ്പെടാം. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് കരുതലോടെ വേണം. സിവിൽ വ്യവഹാരം അവസാനിപ്പിക്കാനുള്ള ശ്രമം നീളാം. ഞായർ, തിങ്കൾ, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.
രോഹിണി
നക്ഷത്രനാഥനായ ചന്ദ്രൻ്റെ പരിക്ഷീണതയാൽ മനക്ലേശം, ഉന്മേഷരാഹിത്യം എന്നിവ അനുഭവപ്പെടുന്നതാണ്. തൊഴിലിടത്തിൻ ഇല്ലാത്ത വിരോധികൾ ഉള്ളതായി ഭാവന ചെയ്യും. അവർക്കുനേരെ നിഴൽയുദ്ധം നടത്തുന്നതാണ്. സഹോദരാനുകൂല്യം ഉണ്ടാവും. സഹായം ലഭിച്ചേക്കും. ബന്ധുക്കളെ സന്ദർശിക്കുന്നതാണ്. വായ്പകളുടെ അടവ് മുടങ്ങുകയില്ല. കലാപ്രവർത്തനത്തിന് ക്ഷീണം വരും. അവസരങ്ങൾ പ്രതീക്ഷിക്കും. ഗവേഷകർക്ക് വസ്തുതാസമാഹരണത്തിന് യാത്രകൾ വേണ്ടിവരുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങൾക്ക് ശുഭത്വമേറും.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
മകയിരം
മനസ്സിൻ്റെ ഉന്മേഷം കുറയുന്നതായി അനുഭവപ്പെടും. ജോലിഭാരം കൂടാനിടയുണ്ട്. പുതിയ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കും. എന്നാൽ അതിനായി ശ്രമിക്കുകയില്ല. കലഹബുദ്ധി നിയന്ത്രിക്കപ്പെടണം. സ്വാഭിപ്രായം വെട്ടിത്തുറന്നു പറയുന്നത് എതിർസ്വരം ഉയരുന്നതിന് കാരണമാകും. നവസംരംഭത്തിന് രജിസ്ട്രേഷൻ കിട്ടുന്നതാണ്. തന്മൂലം കൂടുതൽ പ്രവർത്തന നിരതരാവേണ്ടതായി വന്നേക്കും. കാമുകീ കാമുകന്മാർക്കിടയിൽ 'സൗന്ദര്യപ്പിണക്കം' കൂടുന്നതാണ്. വിദ്യാർത്ഥികൾ കലാകായിക മത്സരങ്ങളിൽ പരിശീലനമാരംഭിക്കും. ചൊവ്വ, ബുധൻ ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.
തിരുവാതിര
ഉദ്യോഗസ്ഥർക്ക് മടുപ്പനുഭവപ്പെടും. ക്രിയാശക്തി നിർജീവമായേക്കും.ഒന്നും ചെയ്യാനില്ലെന്ന തോന്നൽ ശക്തമാകുന്നതാണ്. ചിന്തകൾ കാടുകയറും.സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിക്കാൻ കഴിയുന്നതിനാൽ മനസ്സന്തോഷം ഭവിക്കും. അപ്രതീക്ഷിത സഹായം കിട്ടുന്നതാണ്. മകനെച്ചൊല്ലി ഉത്കണ്ഠകൾ തുടരും. നാലിലെ ശുക്രൻ പ്രേമാഭിലാഷം നിറയ്ക്കുന്നതാണ്. കാമുകീ കാമുകന്മാർക്കിടയിൽ ദൃഢബന്ധം സംജാതമാകും. ബിസിനസ്സിൽ ലാഭം കുറയില്ല. പുതിയ ശാഖ തുടങ്ങാനുള്ള പദ്ധതികൾ പുരോഗമിക്കാം.
പുണർതം
ഔദോഗികമായി പ്രധാനപ്പെട്ട തീരുമാനങ്ങളുണ്ടാവും. കാര്യനിർവഹണത്തിന് അധികം ഊർജ്ജം ചെലവഴിക്കപ്പെടും. സാങ്കേതികമായ അറിവുകൾ മനസ്സിലാക്കുന്നതിൽ ആർജ്ജവം പുലർത്തും. വിമർശകരെ അവഗണിക്കുകയാവും ഉചിതം. ബുധനും ചൊവ്വയും പഞ്ചമ ഭാവത്തിൽ യോഗം ചെയ്യുന്നത് മാനസികക്ലേശത്തിന് കാരണമാകാം.ചിന്തകൾക്ക് സമന്വയം കുറയും. പ്രണയാനുഭവങ്ങൾ പുഷ്കലമായേക്കും. ഗൃഹനവീകരണം തുടരപ്പെടുന്നതാണ്. വാഹനം വാങ്ങുന്നതിൽ തടസ്സം ഭവിക്കാം. വ്യാപാരത്തിൽ ലാഭം ശോഷിക്കില്ല. വാരാദ്യ ദിവസങ്ങളിൽ അലച്ചിലുണ്ടാവും.
Also Read:വ്യാഴം ഉച്ചരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
പൂയം
നക്ഷത്രാധിപനായ ശനി വക്രഗതി തുടരുകയാൽ കാര്യങ്ങൾ അല്പം മന്ദഗതിയിലാവും. പുതിയ സംരംഭങ്ങൾ തുടങ്ങരുത്. സാമ്പത്തിക കാര്യങ്ങൾ മോശമാവില്ല. പൂജയും വഴിപാടും തുടരും. ന്യായം പറഞ്ഞ് ചിലതൊക്കെ നേടിയെടുക്കേണ്ട സ്ഥിതി ഭവിച്ചേക്കാം. പ്രതീക്ഷിച്ച വ്യക്തികൾ സഹായിക്കില്ല. സ്ത്രീകളിൽ നിന്നും പിന്തുണയും അനുഭാവവും ഉണ്ടാവുന്നതാണ്. പണയ സ്വർണം വീണ്ടെടുക്കാനാവും. പഠനത്തിൽ ഏകാഗ്രത കുറയില്ല. മത്സരങ്ങൾക്ക് തയ്യാറെടുക്കും. യാത്രകൾ വേണ്ടി വരാം. ഗൃഹത്തിൽ സമാധാനം കുറയും. ഞായർ, ബുധൻ, വ്യാഴം ഉത്തമഫലങ്ങൾ.
ആയില്യം
നക്ഷത്രാധിപനായ ബുധൻ കേന്ദ്രഭാവത്തിലിരിക്കയാൽ കാര്യവിജയം പ്രതീക്ഷിക്കാം. പഠനത്തിൽ മുന്നേറാനാവും. ഏകോപനം സുഗമമായി നിർവഹിക്കും. എന്നാലും ശത്രുക്കളുടെ പ്രവർത്തനത്തിൽ കരുതൽ വേണം. രോഗപീഢിതർക്ക് ചികിൽസാമാറ്റം ഫലപ്രദമാവും. നിശ്ചയദാർഢ്യം ലക്ഷ്യപ്രാപ്തിയെ വേഗത്തിലാക്കും. സഹോദരർക്ക് സഹായം നൽകും. ബിസിനസ്സിനായി അപേക്ഷിച്ച വായ്പ കരഗതമാവുന്നതാണ്. സുഹൃത്തുക്കൾക്കായി സന്ധിസംഭാഷണം നടത്തും. സാമൂഹിക മാധ്യമങ്ങളിൽ സജീവമാവും. ഭാവികാര്യങ്ങളെക്കുറിച്ച് ചിന്തിക്കും. പ്രണയം പുഷ്ടിപ്പെടുന്നതാണ്.
Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us