/indian-express-malayalam/media/media_files/2025/09/10/chovva-thulam-2025-09-10-14-16-32.jpg)
Mars Transit: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ ആയില്യം വരെ
Mars Transit To Thulam Rashi: 2025 സെപ്തംബർ 13 ന് (1201 ചിങ്ങം 28) ചൊവ്വ അഥവാ കുജൻ (Mars) കന്നിരാശിയിൽ നിന്നും തുലാം രാശിയിലേക്ക് സംക്രമിക്കുന്നു. ഒക്ടോബർ 27 തുലാം 10 വരെ ചൊവ്വ തുലാം രാശിയിൽ സഞ്ചരിക്കും. ചിത്തിര നക്ഷത്രത്തിലാണ് ഇപ്പോൾ ചൊവ്വ. സെപ്തംബർ 24ന് ചോതി നക്ഷത്രത്തിൽ പ്രവേശിക്കും. ഒക്ടോബർ 13 ന് വിശാഖത്തിലേക്ക് സംക്രമിക്കുന്നതാണ്. ചിത്തിര 3, 4 പാദങ്ങൾ, ചോതി മുഴുവൻ 4 പാദങ്ങൾ, വിശാഖം 1, 2, 3 എന്നീ നക്ഷത്രപാദങ്ങളാണ് തുലാം രാശിയിലുള്ളത് എന്നോർമ്മിക്കാം.
ചൊവ്വയും തുലാം രാശിയുടെ അധിപനായ ശുക്രനും സമന്മാരാണ്. ഗുണം, ദോഷം എന്നിവ സമമായ അവസ്ഥയെന്ന് പറയാം. ഇംഗ്ലീഷിൽ പറഞ്ഞാൽ ഇതിനെ Neutrality എന്നു വിശേഷിപ്പിക്കുന്നത് ഉചിതമായിരിക്കും. ചുവന്ന നിറത്താൽ ചൊവ്വ (ലോഹിതൻ/ അംഗാരകൻ) എന്ന പേരുണ്ടായ ചൊവ്വ ഭൂമിപുത്രനായും വിശേഷിപ്പിക്കപ്പെടുന്നു. ഭൗമൻ, കുജൻ, മാഹേയൻ തുടങ്ങിയ പേരുകളുടെ പൊരുളതാണ്. മംഗലൻ, വക്രൻ, കുമാരൻ, ആരൻ, രക്തൻ തുടങ്ങിയ പേരുകളുമുണ്ട്.
ക്രൂരഗ്രഹം അഥവാ പാപഗ്രഹമായി ചൊവ്വ വിശേഷിപ്പിക്കപ്പെടുന്നു. ഗ്രഹങ്ങളിൽ ആദിത്യൻ, ചന്ദ്രൻ, വ്യാഴം എന്നിവ ചൊവ്വയുടെ മിത്രങ്ങൾ. ശുക്രനും ശനിയും തുല്യർ. ബുധൻ ശത്രുവാണ്. മേടം, വൃശ്ചികം എന്നിവ ചൊവ്വയുടെ സ്വക്ഷേത്രങ്ങൾ. മകരം ഉച്ചരാശിയും കർക്കടകം നീചരാശിയുമാകുന്നു. പവിഴം ചൊവ്വയുടെ രത്നം. തുവരയാണ് ധാന്യം. ചുവപ്പ് നിറമുള്ള വസ്ത്രം ചൊവ്വയുമായി ബന്ധപ്പെട്ടതാണ്. രക്തത്രികോണാകൃതിയാണ് ചൊവ്വയുടെ ഇരിപ്പിടത്തിന്. ആടാണ് വാഹനം. ശക്തി അഥവാ വേലാണ് ആയുധം. യുദ്ധത്തിൻ്റെ കാരകൻ ചൊവ്വയാണ്. അതിനാൽ 'ഗ്രഹങ്ങളുടെ സേനാനായകൻ' എന്ന പദവി ചൊവ്വ വഹിക്കുന്നു.
Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
വ്യാപാരരാശിയാണ് തുലാം രാശി. ത്രാസ്സ് അഥവാ തുലാസ്സ് കൈയ്യിൽ ധരിച്ച് അങ്ങാടിയിൽ ഇരിക്കുന്ന ഒരു കച്ചവടക്കാരനാണ് തുലാം രാശിയുടെ സ്വരൂപം. ലോകമെങ്ങും ഇപ്പോൾ കച്ചവടവും തൽസംബന്ധമായ ചുങ്കവും തർക്ക കോലാഹലത്തിലാണല്ലോ? ചൊവ്വ തുലാം രാശിയിൽ സഞ്ചരിക്കുമ്പോൾ പ്രസ്തുതവിഷയം കൂടുതലാവാനാണ് സാധ്യതയുള്ളത്! ഏതാണ്ട് ഒന്നരമാസം ചൊവ്വ തുലാം രാശിയിൽ സഞ്ചരിക്കുന്നു.
അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ രാശിഫലം ചൊവ്വയുടെ തുലാം രാശി സഞ്ചാരത്തെ അവലംബമാക്കി ഇവിടെ വിശദീകരിക്കുന്നു.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
അനുകൂലഭാവമായിരുന്ന ആറാമെടത്തിൽ നിന്നും പ്രതികൂലമായ ഏഴാമെടത്തിലേക്ക് കുജൻ മാറുന്നു. ഏഴാമെടം കൊണ്ട് വാഹനയാത്ര സൂചിതമാകയാൽ അക്കാര്യത്തിൽ കരുതലുണ്ടാവണം. യാത്രാക്ലേശത്തിന് സാധ്യത കാണുന്നു. പ്രണയഭാവങ്ങൾ ഏഴാമെടത്തിലെ കുജസ്ഥിതിയാൽ ശിഥിലമാവാനിടയുണ്ട്. ഉള്ളിലെ അഹംഭാവംകരുത്തുനേടുകയാൽ മസൃണഭാവങ്ങൾ തളരുകയും 'അഹം' അമിതബലമാർജ്ജിക്കുകയും ചെയ്യും. പൊരുത്തപ്പെടാനുള്ള മനസ്സ് പോയി, എല്ലാം പൊരുതി നേടണമെന്ന തോന്നൽ ശക്തി പ്രാപിക്കുന്നതാണ്.
ദാമ്പത്യ ജീവിതത്തെയും അസംതൃപ്തി ബാധിക്കാം. കൂട്ടുകച്ചവടത്തിൽ, പാർട്ണർമാർ തമ്മിൽ പ്രശ്നങ്ങൾ ഉൽഭവിക്കും. ദൂരയാത്രകൾക്ക് അവസരം ഒരുങ്ങുന്നതാണ്. ഏഴിൽ സഞ്ചരിക്കുന്ന ചൊവ്വ കർമ്മഭാവത്തെ നോക്കുകയാൽ തൊഴിലിടത്തിൽ സമ്മർദ്ദങ്ങൾ ഉയരും. മൗനം പാലിക്കുകയും പ്രതികരണശേഷി നിർവീര്യമാക്കുകയും ചെയ്താൽ കലഹങ്ങൾ ഒഴിവാക്കാം. രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവർ കരുതൽ കൈക്കൊള്ളണം.
ഇടവക്കൂറിന് (കാർത്തിക 1,2,3 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
ചൊവ്വആറാം ഭാവത്തിൽ സഞ്ചരിക്കുകയാൽ അനുകൂലഫലങ്ങൾ ഏറും. ഇഷ്ടകാര്യങ്ങൾ തടസ്സമില്ലാതെ പൂർത്തിയാക്കും. ആത്മവിശ്വാസം കൂടും. ശത്രുക്കളുടെ പ്രവർത്തനത്തെ പ്രതിരോധിക്കുന്ന തിനാവും. ഉദ്യോഗാർത്ഥികൾക്ക് തേടിയ അവസരങ്ങൾ സംജാതമാകും. കുടുംബ പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം കണ്ടെത്തുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റമുണ്ടാവും.
ബിസിനസ്സിൻ്റെ ആവശ്യങ്ങൾക്ക് വായ്പ ലഭിക്കുന്നതാണ്. മത്സരങ്ങളിൽ വിജയം കരഗതമാവും. ചൊവ്വയ്ക്ക് ഭൂമികാരകത്വമുണ്ട്. അതിനാൽ വസ്തുവാങ്ങാനുള്ള സാധ്യതയുണ്ട്. വീടുപണി തുടങ്ങിയേക്കാം. സിവിൽ വ്യവഹാരങ്ങളിൽ അനുകൂലവിധി സമ്പാദിക്കാനിടയുണ്ട്. സഹോദരരുടെ ഇടയിൽ അംഗീകാരം കൈവരുന്നതാണ്. ദാമ്പത്യത്തിൽ സമാധാനമുണ്ടാവും. യാത്രകൾ ഗുണം ചെയ്തേക്കും. രാഷ്ട്രീയ നിലപാടുകളിൽ നേട്ടം ഭവിക്കും. സ്വർണലാഭം, നിക്ഷേപങ്ങളിൽ നിന്നും ആദായം എന്നിവ പ്രതീക്ഷിക്കാം.
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
നാലാം ഭാവത്തിൽ നിന്നും അഞ്ചാം ഭാവത്തിലേക്ക് ചൊവ്വ മാറുന്നു. ഫലം ചിന്തിക്കുമ്പോൾ വലിയ വ്യത്യാസമൊന്നും പറയാനില്ല.പിടിവാശി കൂടും. മുതിർന്നവരായാലും കുട്ടികളുടെ കൂട്ട് ചെറുകാര്യങ്ങൾക്കും ശാഠ്യം കാട്ടും. പലപ്പോഴും മനസ്സ് വിഷാദാർദ്രമാവും. ആശയക്കുഴപ്പം തുടരുന്നതാണ്. ബൗദ്ധികമായ സമീപനം വേണ്ടിടത്ത് വൈകാരികമായി പ്രതികരിക്കും.
മക്കളുടെ കാര്യത്തിൽ കരുതൽ വേണം. അവരറിയാതെ അവരെ നിരീക്ഷിക്കുന്നതിൽ തെറ്റില്ല. മുത്തശ്ശൻ, വല്യമ്മാവൻ തുടങ്ങിയവർക്ക് ആരോഗ്യക്ലേശം ഭവിക്കാം. ഉപാസനകൾക്ക് തടസ്സമുണ്ടായേക്കും. മുന്നേകുട്ടി നിശ്ചയിച്ച കാര്യങ്ങൾ മാറ്റിവെക്കാനിടയുണ്ട്. ബിസിനസ്സുകാരെ മൗഢ്യം ബാധിക്കും. തൊഴിലിൽ വളർച്ച കുറയും. മേലധികാരികളുമായി രമ്യതയുണ്ടാവില്ല. കഠിനദൗത്യങ്ങൾ ഏൽപ്പിക്കപ്പെടാം. പ്രണയത്തിൽ ഇളക്കം തോന്നുന്നതാണ്. ശൈത്യം ദാമ്പത്യത്തെ ബാധിക്കാനിടയുണ്ട്. ചൊവ്വ പതിനൊന്നാമെടത്തി ൽ നോക്കുന്നതിനാൽ ധനവരവ് കുറയും.
കർക്കടകക്കൂറിന് (പുണർതം നാലാംപാദം, പൂയം, ആയില്യം)
അനുകൂലമായ മൂന്നാമെടത്തിൽ നിന്നും ചൊവ്വ വൈകാരിക ഭാവങ്ങളെ കുറിക്കുന്ന നാലാമെടത്തിലേക്ക് മാറുകയാണ്. മനസ്സിൽ അനാവശ്യമായ പിരിമുറുക്കം ഉണ്ടാവും. ക്ഷോഭം നിയന്ത്രിക്കാൻ കഴിഞ്ഞേക്കില്ല. ഗൃഹനിർമ്മാണത്തിന് വിഘ്നം വരാൻ സാധ്യതയുണ്ട്. നിശ്ചയിച്ച കാര്യങ്ങൾ തുടങ്ങാനും കഴിഞ്ഞേക്കില്ല. പലതരം തടസ്സങ്ങൾ വന്നുകൊണ്ടിരിക്കും.
സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ അഭിപ്രായഭേദത്തിന് സാഹചര്യം ഉണ്ടാവും. വാഗ്വാദം ഒഴിവാക്കാനും സംയമം പാലിക്കാനും ശ്രമിക്കണം. അമ്മയുടെ ആരോഗ്യകാര്യത്താൽ ജാഗ്രത വേണ്ടതുണ്ട്. വസ്തു തർക്കങ്ങൾ വ്യവഹാരമായി മാറാതിരിക്കാൻ കരുതൽ പുലർത്തണം. പുതിയ വാഹനം വാങ്ങുന്നതിന് ഇപ്പോൾ സമയം ഉചിതമല്ല. വിപണനതന്ത്രങ്ങൾ ശരിക്കും ഫലവത്തായേക്കില്ല. തൊഴിൽ തേടുന്നവർക്ക് കാത്തിരിക്കേണ്ടി വരുന്നതാണ്. അശ്രദ്ധകൊണ്ട് പണം നഷ്ടമാകാം. ചെലവിൽ മിതത്വം വേണം. ജന്മദേശത്തിലേക്കുള്ള യാത്ര പിന്നീടത്തേക്കാക്കും. അനുഷ്ഠാനങ്ങളിൽ ശ്രദ്ധ കുറയുന്നതാണ്.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ചൊവ്വ രണ്ടിൽ നിന്നും മൂന്നാമെടത്തേക്ക് മാറുകയാൽ ഗുണാനുഭവങ്ങളുണ്ടാവും. മുൻപ് ശ്രമിച്ച് പരാജയപ്പെട്ട കാര്യങ്ങളിൽ ഇപ്പോൾ നേട്ടമുണ്ടാവും. അധികാര സ്ഥാനത്തിലേക്കുള്ള മത്സരത്തിൽ വിജയിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്വാധീനമുയരും. സാമൂഹിക വിഷയങ്ങളിലെ അഭിപ്രായങ്ങൾ പരക്കെ സ്വാഗതം ചെയ്യപ്പെടും. വിദ്യാർത്ഥികൾക്ക് പഠന മികവുണ്ടാവും. കടബാധ്യതകൾ പരിഹരിക്കാനുള്ള ശ്രമം വിജയം കാണുന്നതാണ്. പ്രേമകാര്യത്തിലെ എതിർപ്പുകൾ അവസാനിച്ചേക്കും. ദാമ്പത്യത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.
ഭൂമിയിൽ നിന്നും ആദായം ലഭിക്കുന്നതാണ്. വ്യവഹാരങ്ങളിൽ അനുകൂല വിധി സമ്പാദിക്കും. ബിസിനസ്സാവശ്യത്തിന് വായ്പാ സഹായം കിട്ടും. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ സുഗമത സിദ്ധിക്കുന്നതാണ്. മനസ്സിനെ അലട്ടിയിരുന്ന പലകാര്യങ്ങൾക്കും പോംവഴി തെളിയും. ധനപരമായി സുസ്ഥിതി കൈവരിച്ചേക്കും.
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
ജന്മരാശിയിൽ നിന്നും രണ്ടാമെടത്തിലേക്ക് ചൊവ്വ മാറുന്നത് കുറച്ചൊക്കെ സമാശ്വാസം നൽകും. ആരോഗ്യകാര്യത്തിലെ ഉൽക്കണ്ഠകൾ ശമിച്ചേക്കും. അകാരണമായ ഭയത്തിൽ നിന്നും മോചനം കിട്ടും. ഭാവികാര്യങ്ങളിൽ വ്യക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കുന്നതാണ്. പരാശ്രയം കുറയ്ക്കാനാവും. എന്നാൽ വാക്കുകളിൽ ശ്രദ്ധയുണ്ടാവണം. പാരുഷ്യം വരും. കുത്തുവാക്കുകൾ പറയാൻ പ്രവണതയേറും. പരദൂഷണങ്ങൾക്ക് ചെവികൊടുക്കുകയുമരുത്. ധനവരവ് തടസ്സപ്പെടാനിടയുണ്ട്.
വിദ്യാർത്ഥികൾക്ക് പഠനത്തിൽ പരാങ്മുഖത്വം ഏർപ്പെടുന്നതാണ്. വാഗ്വാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കണം. അകാലയാത്രകൾ മാറ്റിവെക്കുക അഭികാമ്യം. കൂട്ടുകെട്ടുകളിൽ കരുതൽ പുലർത്തണം. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പിന്തുന്ന ലഭിച്ചേക്കില്ല. കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ അധികരിക്കാം. പുതുസംരംഭങ്ങളിൽ വിളംബമേർപ്പെടും. കുടുംബയോഗങ്ങളിൽ പ്രതീക്ഷിച്ച സ്വീകാര്യത കിട്ടിയേക്കില്ല.
തുലാക്കൂറുകാർക്ക് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
പന്ത്രണ്ടാം ഭാവത്തിലെ ചൊവ്വ വരുത്തിയ കഷ്ടനഷ്ടങ്ങളുടെ തുടർച്ചയാവും ജന്മരാശിയിലെ ചൊവ്വയും സൃഷ്ടിക്കുക. വൈകാരിക പ്രതികരണങ്ങൾ ശത്രുക്കൾ പെരുകാൻ കാരണമാവും. ക്ഷോഭശീലം അമിതമാവാനിടയുണ്ട്. പ്രണയത്തിൽ തളർച്ചയുണ്ടായേക്കാം. ദാമ്പത്യത്തിലും കലഹങ്ങൾ ആവർത്തിക്കുന്നതാണ്. കൂട്ടുകച്ചവടത്തിൽ വിരക്തി ഏർപ്പെടും. കടം വാങ്ങി കാര്യനിർവഹണത്തിന് മുതിരുന്ന പ്രവണത നിയന്ത്രിക്കപ്പെടണം.
മുൻപിൻ നോക്കാതെ ചാടിപ്പുറപ്പെടുകയാൽ പരാജയത്തിൻ്റെ കയ്പുരസം നുകരേണ്ടിവരും. തൊഴിൽ രംഗത്ത് മടുപ്പനുഭവപ്പെട്ടേക്കും. പുതുസംരംഭങ്ങൾ തുടങ്ങുന്നതിന് ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ലെന്നത് ഓർമ്മയിലുണ്ടാവണം. വഴിനടത്തമൂലം ക്ലേശിക്കും. രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് വൈദ്യസഹായം വേണ്ടിവരാം. എല്ലാക്കാര്യങ്ങളിലും ജാഗ്രത പുലർത്തണം. സഹിഷ്ണുത അനിവാര്യമാണ്.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
പതിനൊന്നിൽ ഇഷ്ടസ്ഥാനത്ത് നിന്നിരുന്ന ചൊവ്വ പ്രതികൂലമായ പന്ത്രണ്ടാം ഭാവത്തിലേക്ക് മാറുന്നു. പന്ത്രണ്ടാമെടം ദേശ / വിദേശങ്ങളെ സൂചിപ്പിക്കുകയാൽ യാത്രകൾക്ക് അവസരം സംജാതമാകും. തൊഴിൽ നേട്ടത്തിന് ഒരുപാട് വിയർപ്പൊഴുക്കേണ്ടി വന്നേക്കും. നിദ്രാസുഖം, വിശ്രമം എന്നിവ കുറയുന്നതാണ്. ധനവരവിൽ തടസ്സങ്ങളുള്ളതായി അനുഭവപ്പെടും. എന്നാൽ ചെലവ് അധികരിക്കും. എത്ര മിതവ്യയക്കാരനും ധാരാളിയാവും.
ബന്ധുക്കളുടെ സഹകരണം കുറയുന്നതാണ്. സുഹൃത്തുക്കളുടെ അഭിപ്രായങ്ങളോട് പൊരുത്തപ്പെടാൻ വിഷമിക്കും. രാഷ്ട്രീയ പ്രവർത്തനത്തിൽ ഭിന്നതയേറും. സർക്കാർ കാര്യങ്ങൾ നേടാൻ ആവർത്തിത ശ്രമം ആവശ്യമാവും. ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് സ്ഥലംമാറ്റം കിട്ടാൻ കാത്തിരിപ്പ് തുടരേണ്ടി വരുന്നതാണ്. ഗൃഹനിർമ്മാണത്തിൽ തടസ്സങ്ങൾ വരും. കടബാധ്യതയുള്ളവർ കൂടുതൽ കടം വരുത്താതിരിക്കാൻ കരുതൽ പുലർത്തണം. ആരോഗ്യപരമായും അനുകൂല കാലമല്ല. നവസംരംഭങ്ങൾ തുടങ്ങുന്നത് എത്രയും കരുതലോടെ വേണ്ടതാണ്.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
പത്താം ഭാവത്തിൽ നിന്നും പതിനൊന്നാം ഭാവത്തിലേക്ക് ചൊവ്വ മാറുന്നു. നവഗ്രഹങ്ങളും ഗുണപ്രദന്മാരായി മാറുന്ന ഒരുഭാവം പതിനൊന്നാമെടമാണ്. ലാഭസ്ഥാനം, സർവ്വാഭീഷ്ടഭാവം എന്നെല്ലാം പതിനൊന്നാമെടത്തെ സംബോധന ചെയ്യുന്നത് അതിനാലാവണം. ധനുക്കൂറുകാർക്ക് ന്യായമായ ആഗ്രഹങ്ങൾ സഫലമാവുന്ന കാലമായിരിക്കും. തടസ്സങ്ങൾ താനേ അകലുന്നതാണ്. പദവികൾ ലഭിക്കാം. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം വരും. വേതനവർദ്ധനവിനും അവസരം വന്നേക്കും.
ശത്രുക്കളുടെ പ്രവർത്തനങ്ങളെ നിഷ്പ്രഭമാക്കുന്നതാണ്. ആത്മവിശ്വാസം ഊന്നുവടി പോലെ ഏതുദുർഘടങ്ങളിലും കൂട്ടിനുണ്ടാവും. ബിസിനസ്സിൽ നിന്നും ആദായം അധികരിക്കുന്നതാണ്. ഭൂമിലാഭത്തിന് സാധ്യതയുണ്ട്. മത്സരങ്ങളിൽ വിജയമുണ്ടാവും. വലിയ കരാറുകൾ നേടിയെടുക്കും. പ്രണയികൾ ഭാവി സംബന്ധിച്ച കൃത്യമായ തീരുമാനം കൈക്കൊള്ളും. ദാമ്പത്യത്തിലും സൗഖ്യം പ്രതീക്ഷിക്കാവുന്നതാണ്. ചിട്ടി, നറുക്കെടുപ്പ്, ഇൻഷ്വറൻസ് മുതലായവയിലൂടെ ധനാഗമം വന്നെത്തുന്നതാണ്.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
ഒമ്പതാമെടത്തിൽ നിന്നും പത്താം ഭാവത്തിലേക്ക് ചൊവ്വ സംക്രമിക്കുന്നു. തൊഴിലിടത്തിൽ സംതൃപ്തി കുറയാനിടയുണ്ട്. കരുതിയ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞേക്കില്ല. ആസൂത്രണ മികവ് ഫലിച്ചുകൊള്ളണമെന്നില്ല. പുതിയ കാര്യങ്ങളുടെ നിർവഹണത്തിൽ വിഘ്നം ഭവിക്കും. ബിസിനസ്സ് യാത്രകൾ കൊണ്ട് പ്രതീക്ഷിച്ച നേട്ടം കൈവന്നേക്കില്ല. സരളമായും സുഗമമായും അനുഭവപ്പെട്ടിരുന്ന കാര്യങ്ങൾ സങ്കീർണ്ണമായി തോന്നും.
വിദ്യാർത്ഥികളുടെയും പഠന നിലവാരത്തിൽ അദ്ധ്യാപകർ ആശങ്കരേഖപ്പെടുത്താം. ഗവേഷകർക്ക് 'ഇരുട്ടിൽ തപ്പുന്ന' പ്രതീതിണ്ടാവുന്നതാണ്. തീർത്ഥാടനത്തിൽ നിന്നും പിന്മാറാനിടയുണ്ട്. എത്ര കിണഞ്ഞു ശ്രമിച്ചാലും ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടാത്തതിൽ വിഷമമുണ്ടാവും. ഭൂമിവാങ്ങാനോ/ ഗൃഹനിർമ്മാണം ആരംഭിക്കാനോ കാത്തിരിക്കേണ്ടി വരുന്നതാണ്. അനുരാഗികൾക്കിടയിൽ 'ego' യുണ്ടാവും. തന്മൂലം താത്കാലികമായെങ്കിലും ശൈഥില്യം ഏർപ്പെടാം.
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
അഷ്ടമത്തിൽ നിന്നും ചൊവ്വ മാറുന്നത് വലിയ ആശ്വാസമാണ്. എങ്കിലും ചിലദോഷഫലങ്ങൾ ഭവിക്കാം. ഒമ്പതിലെ ചൊവ്വ ഭാഗ്യഭ്രംശം ഉണ്ടാക്കും. സ്വയം പ്രതീക്ഷിച്ച സ്ഥാനക്കയറ്റം സഹപ്രവർത്തകന് ലഭിക്കുന്നതിൽ വിഷമിക്കും. നല്ല അവസരങ്ങൾ 'കപ്പിനും ചുണ്ടിനുമിടയിൽ' ഊർന്നുപോകാം. കലാകാരന്മാരുടെ കഴിവുകൾക്ക് അർഹിക്കുന്ന അംഗീകാരം ലഭിച്ചേക്കില്ല. സാമ്പത്തിക തട്ടിപ്പുകളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. തറവാടിൻ്റെ ഭാഗം നടന്നേക്കും. എന്നാൽ അർഹതയുള്ളത് ലഭിക്കാൻ തർക്കിക്കേണ്ടി വരുന്നതാണ്.
മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ കരുതലുണ്ടാവണം. ഉപാസനാദികൾ തടസ്സപ്പെടുന്നതിന് സാധ്യത കാണുന്നു. പൊതുപ്രവർത്തകർ അപവാദങ്ങളെ നേരിടും. ബിസിനസ്സിൽ ഉണർവുണ്ടായേക്കില്ല. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ പ്രതീക്ഷിച്ചത്ര മാർക്ക് ലഭിക്കില്ല. കരാർ പണികളിൽ സന്ദിഗ്ധതയുണ്ടാവും. സഹോദരാനുകൂല്യം കുറയാം. പരുക്കൻ സ്വഭാവത്താൽ സുഹൃത്തുക്കൾ വിരോധികളായേക്കും. വരുമാനമാർഗങ്ങൾ വിപുലീകരിക്കാനുള്ള ശ്രമങ്ങൾക്ക് മാന്ദ്യം നേരിടും.
മീനക്കൂറിന് (പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി)
ചൊവ്വ തുലാംരാശിയിൽ സഞ്ചരിക്കുമ്പോൾ ദോഷഫലങ്ങൾ കൂടുതലായി വന്നുചേരുക തുലാക്കൂറുകാർക്കും വൃശ്ചികക്കൂറുകാർക്കും പിന്നെ മീനക്കൂറുകാർക്കും ആണ്. മീനക്കൂറിൽ ജനിച്ചവർ ഇപ്പോൾ ഒരുവിധത്തിലുള്ള സാഹസങ്ങൾക്കും മുതിരരുത്. മൗനം ഭൂഷണം എന്നത് ആപ്തവാക്യം പോലെ മുറുകെ പിടിക്കണം.
വാഹനം, അഗ്നി, യന്ത്രം, വൈദ്യുതി ഇവ ഉപയോഗിക്കുമ്പോൾ നല്ലവണ്ണം കരുതൽ വേണ്ടതുണ്ട്. ആരോഗ്യപരിരക്ഷ യ്ക്ക് പ്രാമുഖ്യം നൽകണം. ചെറുതോ വലുതോ ആയ കാര്യങ്ങളിൽ പോലും ആസൂത്രണവും ഏകോപനവും കുറ്റമറ്റതാവണം. എങ്കിൽ തന്നെയും തടസ്സങ്ങൾ ഉണ്ടായേക്കാം. നവസംരംഭങ്ങൾ തുടങ്ങരുത്. നവജാതശിശുക്കൾക്ക് ബാലാരിഷ്ടയേറും. നിയമ വ്യവസ്ഥകൾ ഉറപ്പായും പാലിക്കണം. കളവ് പോകാനിടയുള്ളതിനാൽ പേഴ്സ്, ബാങ്കിംഗ് കാർഡുകൾ, മൊബൈൽ ഇത്യാദികൾ സൂക്ഷിക്കണം. ജാതകമനുസരിച്ച് അനുകൂലമായ സമയമാണെങ്കിൽ ചൊവ്വയുടെ ഗോചരഫലത്തിലുള്ള ദോഷങ്ങൾ ലഘൂകരിക്കപ്പെടും.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.