scorecardresearch

Kanni Month Horoscope: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

Monthly Horoscope for Kanni Ashwathy to Revathy: കന്നി മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Monthly Horoscope for Kanni Ashwathy to Revathy: കന്നി മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Monthly Horoscope: കന്നി മാസം നിങ്ങൾക്കെങ്ങനെ?

Kanni Month Horoscope: ആദിത്യൻ കന്നിരാശിയിൽ സഞ്ചരിക്കുന്ന കാലത്തെയാണ് കന്നിമാസം എന്നുപറയുന്നത്. ഉത്രം, അത്തം, ചിത്തിര എന്നീ ഞാറ്റുവേലകൾ കന്നിമാസത്തിലുണ്ട്. സെപ്തംബർ 17 ബുധനാഴ്ചയാണ് കന്നി ഒന്നാം തീയതി. ഒക്ടോബർ 17 വരെ (31 ദിവസങ്ങൾ) കന്നിമാസമുണ്ട്. കന്നിമാസം അഞ്ചാം തീയതി അമാവാസി. പിറ്റേന്ന് വെളുത്തപക്ഷ പ്രഥമയിൽ ചാന്ദ്രമാസമായ ആശ്വിനം തുടങ്ങും. ശരത് ഋതുവും അന്നാണ് ആരംഭിക്കുക. കേരളത്തിൽ നവരാത്രിയുടെ തുടക്കം കന്നി 6/ കന്നി 7 തീയതികളിലാണ്. 

Advertisment

കന്നിമാസം 14, 15, 16 തീയതികളിൽ യഥാക്രമം ദുർഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവ വരുന്നു. (സെപ്തംബർ 30, ഒക്ടോബർ 1,2). കന്നി 20/21ന് വെളുത്തവാവ്. പിറ്റേന്നു മുതൽ കറുത്തപക്ഷം തുടങ്ങുന്നു. ബുധൻ കന്നി 16 വരെ ഉച്ചരാശിയായ കന്നിയിൽ സഞ്ചരിക്കുന്നു. തുടർന്ന് തുലാം രാശിയിലും. കന്നി 16 ന് ഒരുമാസമായി തുടരുന്ന ബുധൻ്റെ മൗഢ്യം അവസാനിക്കും. ശുക്രൻ മാസാദ്യം ചിങ്ങം രാശിയിലാണ്. കന്നി 23 ന് കന്നിരാശിയിൽ പ്രവേശിക്കും.

കന്നി ശുക്രൻ്റെ നീചരാശിയാകുന്നു. ചൊവ്വ മാസം മുഴുവൻ തുലാം രാശിയിലാണ്. വ്യാഴം മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ശനി മീനം രാശിയിൽ ഉത്രട്ടാതി ഒന്നാം പാദത്തിൽ വക്രഗതിയിലാണ്. കന്നി 16 ന് ശനി പൂരൂരുട്ടാതി നാലാംപാദത്തിൽ പ്രവേശിക്കും. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി രണ്ടാം പാദത്തിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രം ഒന്നാം പാദത്തിലും പിൻഗതിയായി തുടരുന്നു. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ കന്നിമാസഫലം ഇവിടെ വിശദീകരിക്കുന്നു.

Advertisment

Also Read: സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

അശ്വതി

നിലവിലെ അനുഭവങ്ങളെക്കാൾ മെച്ചപ്പെട്ട ഫലങ്ങൾ കന്നിമാസത്തിൽ പ്രതീക്ഷിക്കാം. തൊഴിലിടത്തിൽ സമാധാനമുണ്ടാവും. കൃത്യനിർവഹണത്തിൽ തടസ്സങ്ങളുണ്ടാവില്ല. പുതുമയുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ സന്നദ്ധത വന്നെത്തും. കൂടിയാലോചനകളിൽ ശോഭിക്കുന്നതാണ്. ബുധൻ ആറാം ഭാവത്തിലുള്ളതിനാൽ ആശയവിനിമയശേഷി അതുല്യമായിരിക്കും. ഭിന്നപക്ഷങ്ങൾ കേൾക്കാനും നിലപാടുകൾ ഏകോപിപ്പിക്കാനും ആർജ്ജവമുണ്ടാവുന്നതാണ്. മേലധികാരികളുടെ പിന്തുണ കിട്ടും. സാമ്പത്തിക സമ്മർദ്ദത്തിന്  അയവുണ്ടാകുന്നതാണ്. ഏഴാം ഭാവത്തിലെ ചൊവ്വ വൈകാരിക പ്രശ്നങ്ങൾ ഉണ്ടാക്കും. ദാമ്പത്യത്തിലുമതെ, പ്രണയത്തിലുമതെ സ്വസ്ഥത കുറഞ്ഞേക്കും. വിദേശയാത്രകൾക്ക് കാലവിളംബം ഭവിക്കാം.

ഭരണി

പ്രവർത്തനത്തിൽ ഏകാഗ്രതയും തന്മൂലം വിജയവും പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനമികവ് വന്നെത്തും. തൊഴിലിടത്തിൽ വിരോധികളെ പരാജയപ്പെടുത്താൻ കഴിയും. അർഹതയ്ക്ക് അംഗീകാരം കിട്ടുന്നതാണ്. സ്ഥാനക്കയറ്റത്തിന്  സാധ്യതയുണ്ട്. തൊഴിലില്ലാത്തവർക്ക് താത്കാലികമായെങ്കിലും തൊഴിൽ ലഭിച്ചേക്കാം. ബുദ്ധിപരമായ നിലപാടുകൾക്ക് സ്വീകാര്യത കൈവരും. സഹപ്രവർത്തകർ നിർദ്ദേശങ്ങൾ ചെവിക്കൊള്ളുന്നതാണ്. കുടുംബകാര്യങ്ങളിൽ സമ്മിശ്രഫലം ഉണ്ടാവും. ഏഴാം ഭാവത്തിലെ ചൊവ്വ പ്രണയാനുഭവങ്ങളെ തടസ്സപ്പെടുത്താം. അന്യദേശയാത്രകൾ ക്ലേശകരമാവും. ഭാര്യാഭർത്താക്കന്മാർക്ക് വ്യത്യസ്ത സ്ഥലങ്ങളിൽ കഴിയേണ്ടി വരുന്നതാണ്. ജോലിയോ കുടുംബവിഷയങ്ങളോ ആയതിന് കാരണമായേക്കും.

കാർത്തിക

നിർബന്ധബുദ്ധികൊണ്ട് ചില കാര്യങ്ങൾ നേടിയേക്കും. തന്മൂലം ഒറ്റപ്പെടലോ ശത്രുതയോ വന്നെത്തിയാൽ അത്ഭുതപ്പെടാനില്ല. പ്രതികൂല സാഹചര്യങ്ങളിൽ ഉണർന്നു പ്രവർത്തിക്കുന്നതാണ്. സ്ഥിരജോലിയിൽ ഉയർച്ചയില്ലാത്തത് മടുപ്പിച്ചേക്കും. പുതിയജോലിക്കായുള്ള ശ്രമങ്ങൾ ഫലവത്താകാത്തതിൽ സ്വയംനിന്ദ തോന്നാം. വ്യാപാരത്തിൽ നിന്നുള്ള ധനവരവ് അത്ര മോശമാവില്ല. പാരമ്പര്യ വസ്തുവിൻ്റെ ആധാരവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ സമയം കണ്ടെത്തുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ ശുഷ്കാന്തിയുണ്ടാവണം. അപ്രതീക്ഷിത യാത്രകൾക്ക് സാധ്യത കാണുന്നു. ഗൃഹനിർമ്മാണമാരംഭിക്കുന്നതിൽ അവ്യക്തത മാറിക്കിട്ടാം. ഭാവികാര്യങ്ങളിൽ പ്രതീക്ഷയേറും. മകളുടെ വിവാഹ കാര്യത്തിന് ശുഭപര്യവസായിത്വം ഉണ്ടാവും.

രോഹിണി

അഞ്ചാംഭാവത്തിലെ ബുധാദിത്യയോഗം കാര്യപ്രാപ്തിക്ക് അവസരമൊരുക്കും. പുതിയ കാര്യങ്ങൾ പഠിക്കാനാവും. പാരമ്പര്യത്തിൻ്റെ മികവുകളും ഉൾക്കൊള്ളുന്നതാണ്. നാലാം ഭാവത്തിലെ ശുക്രൻ ദേഹസുഖം, ആഡംബര വസ്തുക്കൾ കൈവരിക ഇത്യാദികൾ നൽകും. ഗൃഹം മോടിപിടിപ്പിച്ചേക്കും. ആറാം ഭാവത്തിലെ കുജൻ ശത്രുവിജയം സമ്മാനിക്കുന്നതാണ്. പൊതുവേ നേട്ടങ്ങൾക്ക് മുൻതൂക്കമുണ്ടാവും. ഭൂമിയിൽ നിന്നും വരുമാനത്തിന് സാധ്യത കാണുന്നു. ശനി പതിനൊന്നിൽ വക്രഗതി തുടരുകയാൽ പിൻവാതിൽ നിയമനത്തിലൂടെ ധനം നേടാനിടയുണ്ട്. കുടുംബസൗഖ്യം പ്രതീക്ഷിക്കാം. ചെറുപ്പക്കാരുടെ പ്രണയം അംഗീകരിക്കപ്പെടും. സംഘടനാമത്സരങ്ങളിൽ വിജയിക്കുന്നതാണ്.

മകയിരം

കാര്യവിജയത്തിന് കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. ഉന്നതോദ്യോഗസ്ഥരുടെ എതിർപ്പുണ്ടാവും.  രാഷ്ട്രീയത്തിൽ ശത്രുക്കൾ കൂടുന്നതായി തോന്നിയേക്കും. വരുമാനമാർഗ്ഗം ഉയർത്തുവാൻ സുഹൃത്തുക്കളുമായി കൂടിയാലോചനകൾ നടത്തും. ഗാർഹികാന്തരീക്ഷം  സമ്മിശ്രമായിരിക്കും. മിഥുനക്കൂറുകാർക്ക് പുതിയ ബിസിനസ്സ് തുടങ്ങാൻ സാഹചര്യം അനുകൂലമാവുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനസഹായം ആവശ്യമാവും. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി തേടുന്നവർക്ക് അർഹതയ്ക്കൊത്ത അവസരം കിട്ടാം.  ഭൗതികാവശ്യങ്ങൾക്കായി കടം വാങ്ങേണ്ടി വന്നേക്കാം. നിക്ഷേപങ്ങളിൽ കരുതലുണ്ടാവണം. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ഉത്കണ്ഠക്ക സാധ്യത കാണുന്നു.

തിരുവാതിര

ജന്മരാശിയുടെ അധിപനായ ബുധന് ഉച്ചസ്ഥിതിയുള്ളതിനാൽ ആത്മവിശ്വാസം ഉണ്ടാകും. നിപുണയോഗത്താൽ ശ്രമസാധ്യങ്ങളായ ദൗത്യങ്ങളിൽ വിജയിക്കുന്നതാണ്. സഹപ്രവർത്തകർക്ക് സാങ്കേതിക വിഷയങ്ങളിൽ ഉപദേശം നൽകും. ബന്ധുക്കളെക്കൊണ്ട് ഉപകാരമുണ്ടാവും. മാധ്യസ്ഥ ശ്രമങ്ങൾ ഫലം കാണുന്നതാണ്. ഉപരിവിദ്യാഭ്യാസത്തിന് വായ്പ കിട്ടിയേക്കും. സ്ത്രീകളുടെ പിന്തുണ പ്രതീക്ഷിക്കാം. മകൻ്റെ ജോലിക്കാര്യത്തിൽ തടസ്സങ്ങൾ തുടരുന്നതിൽ വിഷമമുണ്ടാകും. ദൈവികകാര്യങ്ങൾക്ക് സമയം കണ്ടെത്തുന്നതാണ്. വസ്തുവിൽപ്പനയിൽ ഉയർന്ന കമ്മീഷൻ ലഭിക്കാനിടയുണ്ട്. കലാപ്രവർത്തനത്തിൽ കൂടുതൽ അവസരങ്ങൾ സംജാതമാകും. ഒരേ തസ്തികയിൽ തുടരുന്നവർക്ക് സ്ഥാനമാറ്റത്തിന് സാധ്യത കാണുന്നു.

പുണർതം

ജന്മരാശിയിൽ ഗുരുവും നാലാം രാശിയിൽ ആദിത്യനും സഞ്ചരിക്കുന്നതിനാൽ അദ്ധ്വാനഭാരം അധികരിക്കും. സ്വാശ്രയത്തിനായി അഭിലഷിക്കുമെങ്കിലും പരാശ്രയം അനിവാര്യമായേക്കും. ധനപരമായി കബളിപ്പിക്കപ്പെടാം. വ്യാപാരത്തിൽ വരവ് കുറയുന്നതാണ്. കൂട്ടുകാരുമൊത്ത് കൂട്ടുബിസിനസ്സുകൾ തുടങ്ങാനായേക്കും.  സുഹൃത്തുക്കൾക്കായി ജാമ്യം നിൽക്കുന്നതിൽ കരുതൽ വേണം. മകൻ്റെ പിടിവാശിയിൽ ഉൽക്കണ്ഠയുണ്ടാവും. ആദർശചിന്ത പ്രായോഗികതയ്ക്ക് വഴിതുറക്കുന്നതാണ്. വസ്തുവാങ്ങുന്നതിൽ  താല്പര്യമുണ്ടാവും. അതിനായി ശ്രമം തുടരും. പ്രണയികൾക്കിടയിൽ തെറ്റിദ്ധാരണകൾ വരാനിടയുണ്ട്. രോഗക്ലേശിതർക്ക് പുതുചികിൽസ ആവശ്യമായേക്കും. വിവാദങ്ങളിൽ താർക്കിക കരുത്ത് പ്രകടിപ്പിക്കും. സിമ്പോസിയം/ ചർച്ചകളിൽ ശോഭിക്കുന്നതാണ്.

പൂയം

പൂർവ്വികസ്വത്തിൽ നിന്നും വരുമാനമുണ്ടാവും. ജോലിയിൽ സ്ഥിരീകരണത്തിന് സാധ്യത കാണുന്നു. സ്വകാര്യ സ്ഥാപനത്തിൽ വേതനവർദ്ധനവ് പ്രതീക്ഷിക്കാം. 
എതിർശബ്ദങ്ങളെ നിസ്സാരീകരിച്ച് മുന്നേറുന്നതാണ്. പുതിയ വരുമാനമാർഗം ആലോചനയിലുണ്ടാവും. നാലാംഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നത്  മനക്ലേശത്തിന് ഇടവരുത്തുന്നതാണ്. അമ്മയുടെ ആരോഗ്യകാര്യത്തിൽ ജാഗരൂകത വേണം. കടബാധ്യതകൾ  കുറയ്ക്കാനാവും. ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങുന്നതാണ്. പരസ്യങ്ങളുടെ സാധ്യത ബിസിനസ്സിൻ്റെ വളർച്ചക്ക് പുഷ്ടിപ്പെടുത്തും. ശുക്രൻ അനുകൂല ഭാവത്തിലാകയാൽ പ്രണയാനുഭവങ്ങൾ പുഷ്കലമാവും. കലാപ്രവർത്തനത്തിന് തടസ്സമുണ്ടാവില്ല. നക്ഷത്രാധിപനായ ശനിയുടെ വക്രഗതി ചിലപ്പോൾ തീരുമാനങ്ങളിൽ നിന്നും പിന്നോട്ടുള്ള പോക്കിന് കാരണമായേക്കാം.

ആയില്യം

നക്ഷത്രാധിപനായ ബുധൻ ഉച്ചക്ഷേത്രത്തിൽ സഞ്ചരിക്കുന്നതും മൂന്നാംഭാവത്തിലെ ബുധാദിത്യയോഗവും അനുകൂലമാണ്. പ്രവൃത്തിരംഗം പുഷ്ടിപ്പെടുന്നതാണ്. ശില്പം, ഗണിതം, വ്യാകരണം, ജ്യോതിഷം, നിയമം മുതലായ മേഖലകളിലുള്ളവർക്ക് വലിയ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ജോലിതേടുന്നവർ നിരാശപ്പെടില്ല. ബന്ധുക്കളുടെ സർവ്വാത്മനാ ഉള്ള പിന്തുണ ലഭിക്കുന്നതാണ്. മുതൽമുടക്കുകളിൽ നിന്നും നല്ലലാഭം പ്രതീക്ഷിക്കാം. വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത് ഉത്തമം.നാലാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ ജന്മനാട്ടിലെ വസ്തുവിൽക്കാൻ തടസ്സം നേരിട്ടേക്കാം. മാനസിക ക്ഷോഭങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. ആത്മീയ കാര്യങ്ങളിൽ ഏകാഗ്രത കുറയാനിടയുണ്ട്.

Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ

മകം

ജന്മരാശിയിൽ ശുക്രനും കേതുവും സഞ്ചരിക്കുന്നതിനാൽ ദേഹാരിഷ്ടത്തിനൊപ്പം ഭോഗസുഖങ്ങളും ഭവിക്കും. ലൗകികമായ കാര്യങ്ങളിൽ താല്പര്യമേറുന്നതാണ്. രണ്ടാം ഭാവത്തിൽ ബുധാദിത്യയോഗം ഭവിച്ചതിനാൽ പ്രവൃത്തികളിൽ നൈപുണ്യം ഉണ്ടാവും. വാക് വൈഭവം ശ്രദ്ധിക്കപ്പെടും. പഠനത്തിൽ ഔന്നത്യം ഭവിക്കുന്നതാണ്. പതിനൊന്നിലെ വ്യാഴം ധനവരവ് അഭംഗുരമാവുമെന്നതിൻ്റെ സൂചനയാണ്. കിട്ടാക്കടങ്ങൾ കിട്ടാനിടയുണ്ട്. പുതുസംരംഭങ്ങളുമായി മുന്നോട്ടുപോകും. പൊതു പ്രവർത്തകർക്ക് സ്വീകാര്യതയേറും. മൂന്നാം ഭാവത്തിലെ ചൊവ്വ ആത്മവീര്യം ഉയർത്തുന്നതാണ്. പരിശ്രമങ്ങളിൽ മികച്ച വിജയം നേടിയെടുക്കും. തൊഴിൽ നേട്ടത്തിന് സാധ്യതയുണ്ട്. പ്രണയത്തിൽ/ദാമ്പത്യത്തിൽ കരുതലുണ്ടാവണം. രാഹു, ശനി എന്നിവ അനിഷ്ടസ്ഥിതിയിൽ തുടരുകയാൽ കരുതൽ വേണം.

പൂരം

നക്ഷത്രാധിപനായ ശുക്രൻ ജന്മരാശിയിൽ സഞ്ചരിക്കുകയാൽ ഭോഗാനുഭവങ്ങൾ, ഭൗതിക നേട്ടങ്ങൾ, പാരിതോഷിക ലബ്ധി ഇവയുണ്ടാവും.
 വ്യാഴം പതിനൊന്നിൽ തുടരുന്നത് ധനകാര്യത്തിലെ സ്ഥിരത്വത്തെ സൂചിപ്പിക്കുന്നു. ധനസ്രോതസ്സുകളിൽ നിന്നും ഒഴുക്കുതുടരുന്നതാണ്. ഭാഗ്യാനുഭവങ്ങളുണ്ടാവും. രണ്ടാമെത്തിലെ ബുധാദിത്യയോഗം പഠിപ്പിൽ ഉയർച്ചയുണ്ടാക്കും. തർക്കം, ചർച്ച, പ്രബന്ധാവതരണം, പരീക്ഷ ഇവകളിൽ ശോഭിക്കുന്നതാണ്. മൂന്നാമെടത്തിലെ ചൊവ്വ ഉണർവ്വും കർമ്മഗുണവും പ്രദാനം ചെയ്യുന്നതാണ്. കരാറുകൾ പുതുക്കിക്കിട്ടാം. നവാരംഭങ്ങൾ സാധ്യതയാണ്. കേതു ജന്മനക്ഷത്രത്തിലും രാഹു ഏഴാം രാശിയിലും തുടരുകയാൽ ദേഹക്ലേശമുണ്ടാവും. പ്രണയബന്ധത്തിൽ ശൈഥില്യം വരാം. ദാമ്പത്യത്തിലെ അനൈക്യം പ്രകടമായേക്കും. ശനിയുടെ അഷ്ടമസ്ഥിതി ആരോഗ്യത്തെ ബാധിക്കാനിടയുണ്ട്.

ഉത്രം

ആദിത്യൻ ഉത്രം നക്ഷത്രത്തിൽ തുടരുകയാൽ ദേഹസൗഖ്യം കുറയും. അലച്ചിലുണ്ടാവുന്നതാണ്. വ്യാഴസ്ഥിതിയാൽ സാമ്പത്തിക കാര്യങ്ങളിൽ മെച്ചം പ്രതീക്ഷിക്കാം. ചൊവ്വ പാരുഷ്യശീലം വർദ്ധിപ്പിച്ചേക്കാം. പുതിയ കോഴ്സുകൾക്ക് ചേരാൻ/ നവഭാഷാ പഠനത്തിന്  അവസരം ഒരുക്കുന്നതാണ്. കാര്യസാധ്യത്തിന് അലച്ചിലുണ്ടാവും. മേലുദ്യോഗസ്ഥന്മാർ കൂടുതൽ ദോഷൈകദൃക്കുകളാവും. ഉദ്യോഗസ്ഥരായ ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് സ്ഥലം മാറ്റാൻ ലഭിക്കാൻ കാത്തിരിപ്പ് തുടരേണ്ടി വരുന്നതാണ്. ചെലവുകളിൽ നിയന്ത്രണം വേണ്ടതുണ്ട്. രാഹു, കേതു, ശനി എന്നീ ഗ്രഹങ്ങളുടെ അനിഷ്ടസ്ഥിതി കാര്യവിഘ്നം, അഭിമാനക്ഷതം എന്നിവയുണ്ടാക്കും. ആകസ്മിക നേട്ടങ്ങൾ, ഏജൻസി പ്രവർത്തനങ്ങളിലൂടെ കർമ്മഗുണം എന്നിവയും പ്രതീക്ഷിക്കാം.

അത്തം

ജന്മത്തിൽ ആദിത്യനും രണ്ടിൽ ചൊവ്വയും ഏഴിൽ ശനിയും പന്ത്രണ്ടിൽ കേതുവും സഞ്ചരിക്കുകയാൽ ആരോഗ്യപരമായി കരുതൽ വേണം. തൊഴിലിടത്തിൽ അധിക ജോലിഭാരം ഉണ്ടാവുന്നതാണ്. പ്രൈവറ്റ് ജോലിയിൽ സമ്മർദ്ദങ്ങൾ വർദ്ധിക്കും. സ്ഥാനക്കയറ്റം പ്രതീക്ഷിച്ചവർക്ക് കാത്തിരിക്കേണ്ടതായി വന്നേക്കും. വീടുമാറ്റം സംബന്ധിച്ച ആലോചനകൾ ഉയരാം. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിന് തടസ്സമുണ്ടാവാം. പ്രണയികൾക്കിടയിൽ പിണക്കമേർപ്പെടും. ഗവേഷണം, പഠനം, ഏകോപനം എന്നിവയിൽ നൈപുണ്യം പ്രദർശിപ്പിക്കും. കമ്മീഷൻ ബിസിനസ്സിൽ ലാഭമുണ്ടാക്കും. സാഹിത്യകാരന്മാർക്ക് അംഗീകാരം കൈവരുന്നതാണ്. ജീവിതശൈലീരോഗങ്ങൾ ഉപദ്രവിച്ചേക്കാം. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

ചിത്തിര

കാര്യസിദ്ധിക്ക് ധാരാളം തടസ്സങ്ങൾ മുന്നിലുണ്ടാവും. എന്നാലും അവയെ പരാജയപ്പെടുത്താൻ സാധിക്കുന്നതാണ്. ഭൂമിവിൽപന എളുപ്പമായേക്കില്ല. വൈകാരികമായി പരുക്കത്തം വരാനുള്ള സാധ്യത കാണുന്നു. 'അഹങ്കാരി' എന്ന് മുതിർന്ന തലമുറ കണക്കാക്കിയേക്കും. വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ വിജയിക്കാൻ കഴിയും. ഉപദേശങ്ങളോട് വൈമുഖ്യം തോന്നിയേക്കും. ബന്ധുക്കളുടെ സഹായം സ്വീകരിക്കുന്നതാണ്. സുഹൃത്തുക്കളുടെ പിന്തുണ വന്നെത്തും. പ്രണയികൾക്ക് നല്ലകാലമാണ്. ദാമ്പത്യത്തിൽ സമ്മിശ്രാനുഭവങ്ങളുണ്ടാവും. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് പിരിമുറുക്കം ഭവിക്കാം. ഉദ്യോഗസ്ഥർക്ക് അമിതജോലിഭാരം പ്രതീക്ഷിക്കാം. വിരോധികളുണ്ടാവും. ആത്മാർത്ഥത അപഹസിക്കപ്പെടും. അല്പ സന്തോഷങ്ങൾ അനുഭവത്തിലെത്തും.

ചോതി

ഭാഗ്യഭാവത്തിൽ ഗുരു സഞ്ചരിക്കുന്നതിനാൽ ശോഭനഫലങ്ങൾക്ക് കാരണമാകുന്നതാണ്. പ്രവർത്തിരംഗത്ത് വിജയിക്കാനാവും. ആസൂത്രണ മികവ് മേലധികാരികളുടെ പ്രശംസ നേടും. സാമ്പത്തിക ദുഃസ്ഥിതി മാറുന്നതാണ്. നറുക്കെടുപ്പ്, ചിട്ടി ഇവകളിലൂടെ ധനസമാഹരണം സാധ്യമാകും. പന്ത്രണ്ടിൽ സൂര്യൻ സഞ്ചരിക്കുന്നതിനാൽ ചെലവധികരിക്കാം. ആഢംബരച്ചെലവുകൾ ഉണ്ടാവും. പുതിയ സൗഹൃദം രൂപമെടുക്കുന്നതാണ്. ഗാർഹികമായി അസ്വസ്ഥതകൾ തലപൊക്കാം. ജന്മരാശിയിലെ ചൊവ്വ വികാരവിക്ഷോഭങ്ങൾ സൃഷ്ടിക്കുന്നതാണ്. സംഘടനകളിൽ എതിർപ്പുയരും. ഗൃഹനിർമ്മാണത്തിൽ വിളംബം വരും. പഞ്ചമരാഹു മകൻ്റെ പഠനം/ തൊഴിൽ ഇവകളിൽ സ്വൈരക്കേടുണ്ടാക്കാനിടയുണ്ട്. ആരോഗ്യ പരിശോധന മുടക്കരുത്.

വിശാഖം

ആദിത്യൻ പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ തുലാക്കൂറുകാർക്ക് ഗുണം കുറയുന്നതാണ്. അലച്ചിലുണ്ടാവും. ചെലവേറുകയും ചെയ്യും. അധികാരികളുടെ അപ്രീതി വന്നെത്തും. വൃശ്ചികക്കൂറുകാരായ വിശാഖം നാളുകാർക്ക് തൊഴിൽപരമായി പലതരം നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. നക്ഷത്രാധിപനായ വ്യാഴം ഉച്ചരാശിയിലേക്ക്  അടുക്കുകയാൽ ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ ഉയർച്ചയുണ്ടാവും. ആദർശം പറയുമെങ്കിലും പ്രായോഗികമായ സമീപനം കൈക്കൊള്ളും.  സഹോദരൻ്റെ ജോലിക്കാര്യത്തിൽ പരിശ്രമം ഫലവത്താകും. ദോഷൈകദൃക്കുകളായ ചങ്ങാതിമാരുടെ വാക്കുകൾ  ആശയക്കുഴപ്പം സൃഷ്ടിക്കാം. ഗ്രാമക്ഷേത്രത്തിലെ ഉത്സവാദികളുടെ നടത്തിപ്പിന് മുൻകൈയെടുക്കും. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ കരുതലുണ്ടാവണം.

അനിഴം

പ്രാധാന്യമുള്ള കാര്യങ്ങൾ ഭംഗിയായി നിർവഹിക്കും. പകരക്കാരെ ചുമതല ഏൽപ്പിക്കുകയാൽ ചിലതൊക്കെ 'ഒപ്പിച്ചുമാറൽ' എന്ന സ്ഥിതിയിലായേക്കും. ആദിത്യബുധന്മാർ ലാഭസ്ഥാനത്ത് സഞ്ചരിക്കുകയാൽ ഉദ്യോഗത്തിൽ അഭ്യുദയം വരുന്നതാണ്. ബുദ്ധിപരമായ നീക്കങ്ങളിലൂടെ വിജയപ്രാപ്തിയുണ്ടാവും. തൊഴിലിൽ നിന്നും വിരമിച്ചവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ മുക്കാൽപ്പങ്കും കിട്ടുന്നതാണ്. വ്യാഴം അഷ്ടമഭാവത്തിൽ തുടരുകയാൽ ധാർമ്മിക കാര്യങ്ങളിൽ ഭ്രംശം വരാനിടയുണ്ട്. ആത്മീയ സാധനകളിൽ ഉന്മേഷം കുറഞ്ഞേക്കാം. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. പ്രണയികൾക്കിടയിൽ ചെറിയ പിണക്കങ്ങൾ ഏർപ്പെടാം. വസ്തുസംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാനിടയില്ല. സിവിൽ വ്യവഹാരത്തിന് മുതിരുന്നത് കരുതലോടെയാവണം.

തൃക്കേട്ട

നക്ഷത്രാധിപനായ ബുധന് ഉച്ചസ്ഥിതി വന്നിരിക്കുകയാൽ ആത്മവിശ്വാസം ഉയരുന്നതാണ്. അഭിമുഖങ്ങളിൽ ശോഭിക്കും. ജോലി തേടുന്നവർ നിരാശപ്പെടില്ല. പുതുകാര്യങ്ങളിൽ, ജ്ഞാനസമ്പാദനത്തിൽ മനസ്സ് താല്പര്യം പ്രകടിപ്പിക്കും. ഉദ്യോഗസ്ഥർക്ക് കർമ്മമേഖല സുഖകരമാവും. ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന് സഹകരണം ലഭിക്കുന്നതാണ്. ഗൃഹവാഹനാദികൾ പുതുക്കാൻ ശ്രമം നടത്തും. ചിലപ്പോൾ അഞ്ചാം ഭാവത്തിലെ ശനി കാരണം പലകാര്യങ്ങളിലും ആശയക്കുഴപ്പത്തിനും സാധ്യതയുണ്ട്. സ്വതസ്സിദ്ധമായ കഴിവുകളും കലാചാതുരിയും പ്രദർശിപ്പിക്കാൻ സന്ദർഭം വരാനിടയുണ്ട്. ദൈവികകാര്യങ്ങളിൽ ശ്രദ്ധ കുറയാനും സാഹചര്യം ഉദിക്കാം. ചൊവ്വ പന്ത്രണ്ടിൽ സഞ്ചരിക്കുന്നത് യാത്രകൾക്ക് കളമൊരുക്കും.

Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ

മൂലം

ആദിത്യബുധന്മാർ പത്താം ഭാവത്തിൽ സഞ്ചരിക്കുകയാൽ കർമ്മരംഗത്ത് നൈപുണ്യം ഭവിക്കും. തൊഴിൽ തേടുന്നവർക്ക് അർഹതക്കൊത്ത അവസരങ്ങളുണ്ടാവും. കാലത്തിൻ്റെ മാറ്റം വേഗം തിരിച്ചറിയും. പഠനത്തിൽ ഏകാഗ്രതയും മത്സരങ്ങളിൽ വിജയവും നേടും. കച്ചവടത്തിൽ അഭ്യുദയം ഭവിക്കുന്നതാണ്. പതിനൊന്നിൽ ചൊവ്വ സഞ്ചരിക്കുകയാൽ  ഭൂമി വാങ്ങാനുള്ള / വിൽക്കാനുള്ള ആഗ്രഹം സഫലമാവും. വ്യാഴം ഏഴാം ഭാവത്തിൽ തുടരുകയാൽ ദാമ്പത്യരംഗത്തിൽ സംതൃപ്തിയുണ്ടാവും. പ്രണയികൾക്ക് ആഹ്ളാദിക്കാനുള്ള സാഹചര്യം സംജാതമാകും. പിന്തുണയ്ക്കാൻ പലരുമുണ്ടാവും. ഗുണാനുഭവങ്ങൾക്ക് മുൻതൂക്കമുള്ള കാലം തന്നെയാണ്. കണ്ടകശ്ശനിക്കാലം കൂടിയാകയാൽ അമിതമായ ആത്മവിശ്വാസം നന്നല്ല. വാക്കിലും പ്രവൃത്തിയിലും കരുതലുണ്ടാവണം.

പൂരാടം

പുതുകാര്യങ്ങൾ തുടങ്ങാനായേക്കും. കർമ്മരംഗത്ത് ഉണർവ്വുണ്ടാവുന്നതാണ്. ബിസിനസ്സുകാർക്ക് വിപണനതന്ത്രങ്ങൾ ഫലിച്ചുതുടങ്ങുന്നതിൽ സന്തോഷം വന്നെത്തും. മേലധികാരികളുടെ വിശ്വസ്തരായി മാറും. ആഗ്രഹിച്ചതുപോലെ സ്ഥലംമാറ്റം കിട്ടാം. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കുള്ള ശ്രമം ഫലവത്താകുന്നതാണ്. വിദ്യാഭ്യാസരംഗത്തും ഗവേഷണരംഗത്തും മികവ് പുലർത്താനാവും. രാഷ്ട്രീയ പ്രവർത്തകർക്ക് ജനകീയ പിന്തുണ കൂടുന്ന കാലമാണ്. പുതിയ കോഴ്സുകളിൽ പ്രവേശനം സിദ്ധിക്കും. പ്രണയികളുടെ വിവാഹകാര്യത്തിൽ വീട്ടുകാർ അനുകൂലരാവും. ഗാർഹസ്ഥ്യത്തിൽ ശുഭത്വമുണ്ടാവും. മകൻ്റെ ജോലിക്കാര്യത്തിലെ ഉൽക്കണ്ഠകൾ മാറുന്നതാണ്. വസ്തുവാങ്ങാനോ വിൽക്കാനോ ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങിക്കിട്ടും. നാലാം ഭാവത്തിലെ കണ്ടകശനി തുടരുകയാൽ ചില മനക്ലേശങ്ങളും കൂടി സാധ്യതയാണ്

ഉത്രാടം

ധനുക്കൂറുകാർക്ക് കന്നിമാസത്തിൽ കൂടുതൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. കാര്യസിദ്ധി എളുപ്പത്തിലാവും. ഉദ്യോഗസ്ഥർ ചുമതലകളിൽ ശോഭിക്കുന്നതാണ്. ബൗദ്ധികമായി ഉണർന്ന് പ്രവൃത്തിക്കും. ആത്മവിശ്വാസമുണ്ടാവും. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കുന്നതാണ്. സഹോദരഗുണം പ്രതീക്ഷിക്കാം. നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുനീങ്ങും. ശത്രുക്കളുടെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചേക്കും. പുതുതലമുറയുമായി പൊരുത്തമുണ്ടാവും. മകരക്കൂറുകാർ നല്ല അവസരങ്ങൾക്കായി അന്വേഷണം ഊർജ്ജിതമാക്കേണ്ടതുണ്ട്. ധനവരവിൽ ഏറ്റക്കുറച്ചിലുണ്ടാവും. കലാകാരന്മാർക്ക്  ഇച്ഛാഭംഗം ഭവിക്കാനിടയുണ്ട്. ആവർത്തിത ശ്രമങ്ങളിലൂടെ വിജയം വരിക്കാനാവും. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ കുറയില്ല.

തിരുവോണം

സ്വതസിദ്ധമായ കഴിവുകൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ കഴിഞ്ഞേക്കില്ല. അവസരങ്ങൾ തേടുന്നതിൽ അലസത വന്നേക്കാം. പരിശ്രമത്തിലൂടെ മാത്രമേ നേട്ടങ്ങൾ കരഗതമാവുകയുള്ളു. പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കും. പുതുമയുള്ള ആവിഷ്കാരങ്ങൾ സാധ്യമാവുന്നതാണ്. നിർബന്ധശീലം കുടുംബത്തിൽ മനക്ലേശങ്ങൾ ഉയർത്താം. ധനപരമായി സാമാന്യമായ രീതിയിൽ മെച്ചമുണ്ടാവും. ചെലവുകൾ കൂടാനിടയുണ്ട്. ദാമ്പത്യത്തിൽ സംയമവും അനുരഞ്ജനവും അനിവാര്യമാണ്. കുട്ടികളെച്ചൊല്ലി ഉൽക്കണ്ഠകൾ പുലർത്താം. സംഘടനകളിൽ ശോഭിക്കുവാനാവും. യാത്രകളിൽ കരുതലുണ്ടാവണം. ഗൃഹനിർമ്മാണം തുടങ്ങാൻ വൈകും. വിദേശത്ത് അവസരങ്ങൾ ലഭിച്ചേക്കാം.

അവിട്ടം

മകരക്കൂറുകാർക്ക് ആദിത്യൻ ഒമ്പതിലും കുംഭക്കൂറുകാർക്ക് എട്ടിലും സഞ്ചരിക്കുകയാൽ ഗുണദോഷസമ്മിശ്രമായ കാലമാണ്. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാം. വരുംവരായകൾ ചിന്തിക്കേണ്ടതുണ്ട്. ഭാഗ്യാനുഭവങ്ങൾ തടസ്സപ്പെടും. സാമ്പത്തിക വിഷയത്തിൽ ഉണർവുണ്ടാവണം. കുംഭക്കൂറുകാർക്ക് വ്യാഴാനുകൂല്യം തുടരുന്നതിനാൽ അർഹതയുള്ള അവസരങ്ങൾ നേടിത്തരും. മകരക്കൂറുകാർ സുപ്രധാന കാര്യങ്ങളുടെ നിർവഹണം അല്പം മാറ്റിവെക്കുന്നത് ഉചിതമാവും. അന്യനാട്ടിൽ പഠനം, ജോലി ഇവയ്ക്ക് സാധ്യതയുണ്ട്. കുംഭക്കൂറുകാരെ പ്രണയാനുഭവങ്ങൾ സ്വാധീനിക്കാം. വാഗ്വാദങ്ങളിൽ നിന്നും അകലം പാലിക്കണം. മാതാപിതാക്കൾക്ക് ആരോഗ്യപരമായി മെച്ചപ്പെട്ട കാലമാവില്ല. സ്വന്തം ആരോഗ്യത്തിലും ശ്രദ്ധയുണ്ടാവണം.

ചതയം

പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് പറ്റിയ സാഹചര്യമാവില്ല. തൊഴിൽ തേടുന്നവർ നിരാശപ്പെടാം. ആദിത്യൻ അഷ്ടമത്തിൽ മറഞ്ഞതിനാൽ അകാരണമായ പരാജയഭീതി മനസ്സിനെ മഥിക്കും. ഭാവനാസ്ഥാനത്തിൽ വ്യാഴം സഞ്ചരിക്കുന്നത് കുറച്ചൊക്കെ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതാണ്. ധാർമ്മിക പ്രവൃത്തികൾ ചെയ്യുന്നതിന് അവസരം സംജാതമാകും. സന്താനങ്ങൾക്ക് പഠനത്തിൽ/ ജോലിയിൽ ഉയർച്ചയുണ്ടാവുന്ന കാലമാണ്. ഭാഗ്യഭാവത്തിലെ ചൊവ്വ കാര്യതടസ്സം ഉണ്ടാക്കിയേക്കും. പിതാവിന് അത്ര നല്ല കാലമായിരിക്കില്ല. ബാല്യകാലത്തെ ഗുരുനാഥനെ തേടിപ്പോകുമെങ്കിലും കൃത്യമായ വിവരം കിട്ടണമെന്നില്ല. ദാമ്പത്യത്തിൽ സമ്മിശ്രാനുഭവങ്ങൾ സംഗതമാകും. ധനപരമായി മോശം സമയമല്ല.

പൂരൂരുട്ടാതി

സമ്മർദ്ദങ്ങളെ അഭിമുഖീകരിച്ചിട്ടാവും മുന്നേറാനാവുക. അഭ്യുദയത്തിൽ അഭിവാഞ്ഛയുണ്ടാവും. എന്നാൽ കാത്തിരിപ്പ് തുടരേണ്ടതായി വരും. നവാരംഭങ്ങളുടെ ആലോചനകൾ പുരോഗമിക്കുന്നതാണ്. ചെറുപ്പക്കാരുടെ ജോലിക്കാര്യത്തിൽ ശുഭസൂചനകൾ കിട്ടും. ശുപാർശകൾ ഫലിക്കുന്നതാണ്. വിദ്യാഭ്യാസ വായ്പ തടസ്സം കൂടാതെ അനുവദിക്കപ്പെടും. വസ്തുവിൽപ്പനയിൽ ലാഭം കുറയുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിൽ തടസ്സം വരാം. എതിർപക്ഷത്തെ നിസ്സാരമാക്കിയേക്കും. ഭാവിയിൽ പ്രയോജനം ചെയ്യുന്ന പുതിയ കോഴ്സുകളിൽ ചേരാനിടയുണ്ട്. പൂർവ്വിക സ്വത്ത് സംബന്ധിച്ച തർക്കം ഉടലെടുക്കാം. വ്യവഹാരങ്ങൾക്ക് മുതിരരുത്. ഏജൻസി പ്രവർത്തനം ലാഭകരമാവും. പുതുവാഹനം വാങ്ങിയേക്കും. പ്രണയികൾക്കിടയിൽ ഹൃദയൈക്യം ദൃഢമാവുന്നതാണ്.

ഉത്രട്ടാതി

മിക്ക കാര്യങ്ങളിലും ഉറച്ച നിലപാടുകൾ എടുക്കാൻ കഴിഞ്ഞേക്കില്ല. നക്ഷത്രാധിപനായ ശനിയുടെ വക്രഗതിയും ഒരു കാരണമാവും. ആലസ്യത്തിൻ്റെ പിടിയിൽ നിന്നും മോചനം ശ്രമസാധ്യമാണ്! സ്വതന്ത്രചിന്താഗതി പുലർത്തുമെങ്കിലും ഒപ്പമുള്ളവരുടെ അഭിപ്രായങ്ങളെ പിന്തുണക്കുവാനാവും ശ്രമിക്കുക. ജോലി, വീട് എന്നീ രണ്ടറ്റങ്ങൾക്കുള്ളിൽ ജീവിതം തളയ്ക്കപ്പെട്ടല്ലോ എന്ന് വിഷാദിക്കും. ബിസിനസ്സിൽ പുരോഗതി ഒച്ചിൻ്റെ ഗതിയിലാവും. യാത്രകൾ കൂടാനിടയുണ്ട്. എന്നാൽ അവകൊണ്ട് പ്രയോജനം അത്രയൊന്നുമുണ്ടാവില്ല. പതിവ് വായ്പകളുടെ തിരിച്ചടവ് മുടങ്ങില്ല. ഗവേഷകർക്ക് കൂടുതൽ സമയം അനുവദിക്കപ്പെടാം. അഷ്ടമത്തിലെ ചൊവ്വ കലഹത്തിന് സാധ്യതയുയർത്തും. ആത്മസംയമനം അനിവാര്യമാണ്.

രേവതി

മാസത്തിൻ്റെ ആദ്യപകുതി വരെ നക്ഷത്രാധിപനായ ബുധൻ ഉച്ചത്തിലാകയാൽ വ്യവഹാരത്തിൽ വിജയിക്കുന്നതാണ്. പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ വെമ്പലുണ്ടാവും. തിരസ്കരിച്ചവർ പുരസ്കരിക്കും. ലഘുപരിശ്രമത്താൽ വിജയിക്കുന്നതാണ്. വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും ദിശാബോധമുണ്ടാവും. ആശയവിനിമയശേഷി അഭിനന്ദിക്കപ്പെടും. കൂട്ടുബിസിനസ്സുകളിൽ വിജയിക്കുന്നതാണ്. വ്യവഹാരങ്ങളിൽ ആനുകൂല്യം വന്നെത്തും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ സമ്മിശ്രഫലങ്ങൾ  പ്രതീക്ഷിക്കാം. കുടുബകാര്യങ്ങളിൽ സുഗമതക്കുറവുണ്ടായേക്കും. ധനവരവ് മോശമാവില്ലെങ്കിലും ചെലവ് കുറയില്ല. ഉദ്യോഗസ്ഥരുടെ സ്വാതന്ത്ര്യത്തിന്മേൽ മേലധികാരി കൈകടത്താം. വാഹനം, യാത്ര, പണമെടപാടുകൾ ഇവയിൽ ജാഗ്രത വേണം.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: