scorecardresearch

Horoscope October 2025: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

October Month 2025 Astrological Prediction: ഒക്ടോബർ മാസത്തെ അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

October Month 2025 Astrological Prediction: ഒക്ടോബർ മാസത്തെ അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

October Month 2025 Astrological Predictions for stars Ashwathy to Revathy

October Horoscope 2025: ആദിത്യൻ കന്നി - തുലാം രാശികളിൽ സഞ്ചരിക്കുന്നു. അത്തം, ചിത്തിര, ചോതി ഞാറ്റുവേലകളുണ്ട്. കന്നി 31 ന്,  ഒക്ടോബർ 17 ന് തുലാസക്രമം.  തുലാം രാശി ആദിത്യൻ്റെ നീചരാശിയാണ്.  ചന്ദ്രസഞ്ചാരം തുടക്കത്തിൽ വെളുത്തപക്ഷത്തിലാണ്. ഒക്ടോബർ 6/7 തീയതികളിലായി പൗർണമി വരുന്നു. തുടർന്ന് കൃഷ്ണപക്ഷം ആരംഭിക്കും. ഒക്ടോബർ 20 ന് 'നരകചതുർദ്ദശി' അഥവാ ദീപാവലി ആഘോഷിക്കപ്പെടുന്നു.  

Advertisment

വ്യാഴം ഒക്ടോബർ 18 ന് മിഥുനം രാശിയിൽ നിന്നും കർക്കടകം രാശിയിലേക്ക് മാറും. വ്യാഴത്തിൻ്റെ ഉച്ചരാശിയാണ് കർക്കടകം. കേവലം 50 ദിവസത്തേക്കു മാത്രമുള്ള ഹ്രസ്വയാത്രയാവും, വ്യാഴം കർക്കടകം വ്യാഴത്തിൻ്റേത്! ശനി മീനം രാശിയിൽ വക്രഗതി തുടരുന്നു. ഒക്ടോബർ 2 ന് ശനി ഉത്രട്ടാതിയിൽ നിന്നും പൂരൂരുട്ടാതിയിൽ (നാലാംപാദത്തിൽ) പ്രവേശിക്കും.

ചൊവ്വ ഒക്ടോബർ 27 വരെ തുലാം രാശിയിലും തുടർന്ന് വൃശ്ചികത്തിലും സഞ്ചരിക്കുന്നു. ബുധൻ ഒക്ടോബർ 2 ന് തുലാം രാശിയിലേക്കും 24 ന് വൃശ്ചികത്തിലേക്കും പ്രവേശിക്കും. ബുധന് രണ്ടാം തീയതി മുതൽ മൗഢ്യവുമില്ല. ശുക്രൻ തുടക്കത്തിൽ ചിങ്ങം രാശിയിലാണ്. ഒക്ടോബർ 9 ന് കന്നിയിൽ പ്രവേശിക്കും. ശുക്രൻ്റെ നീചരാശിയാണ് കന്നിയെന്നത് പ്രസ്താവ്യം.  

രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ (2,1 പാദങ്ങളിലായി) തുടരുന്നു. കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിൻ്റെ 1, 2 പാദങ്ങളിലായും സഞ്ചരിരിക്കുകയാണ്. ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള 9 നക്ഷത്രങ്ങളിൽ ജനിച്ചവരുടെയും 2025 ഒക്ടോബർ മാസത്തിലെ സമ്പൂർണ്ണമാസഫലം ഇവിടെ അപഗ്രഥിക്കുന്നു.

Advertisment

അശ്വതി

ആദിത്യൻ 6,7 രാശികളിൽ സഞ്ചരിക്കുന്നതിനാൽ ഗുണാനുഭവങ്ങളുണ്ടാവുന്നതാണ്. തൊഴിലിടത്തിൽ വളർച്ച പ്രതീക്ഷിക്കാം. കാലത്തിനൊപ്പം സഞ്ചരിക്കുന്നതിൽ മിടുക്കുകാട്ടും. വേതന വർദ്ധനവ്/ അധികവരുമാനം / പദവിക്കയറ്റം ഇവ സാധ്യതകളാണ്. എതിർപ്പുകളെ തമസ്ക്കരിക്കും. വ്യാഴം മൂന്നാം ഭാവത്തിൽ നിന്നും നാലാം ഭാവത്തിലേക്ക് മാറുകയാൽ മാസത്തിൻ്റെ മൂന്നാം പകുതിയിൽ ഗൃഹസമാധാനമുണ്ടാവും. വാഹനം പുതിയത് വാങ്ങാനിടയുണ്ട്. വീടിൻ്റെ പുതുക്കിപ്പണി പൂർത്തിയാക്കി കയറിത്താമസിക്കാനാവും. യാത്രകൾ വർദ്ധിക്കാം. അവയാൽ ഗുണം വരാം. മാനസികാരോഗ്യം മെച്ചപ്പെടുന്നതാണ്. ചൊവ്വ മാസാന്ത്യം വരെ ഏഴാം ഭാവത്തിൽ സഞ്ചാരം തുടരുകയാൽ പ്രണയാനുഭവങ്ങൾ ശിഥിലമായേക്കും. കൂട്ടുബിസിനസ്സുകൊണ്ട് മെച്ചം ഉണ്ടാവണമെന്നില്ല. വിദേശയാത്രകൾക്ക് അപ്രതീക്ഷിത തടസ്സം വരാവുന്നതാണ്.

Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ

ഭരണി

ഗ്രഹങ്ങൾ സമ്മിശ്ര ഫലങ്ങൾ നൽകുന്ന കാലമാണ്. ഇഷ്ടഭാവത്തിലാണ് രാഹുവും ഒക്ടോബർ 17 വരെ ആദിത്യനും.  തൊഴിൽരംഗത്ത് വലിയ തടസ്സങ്ങളോ ക്ലേശങ്ങളോ വരാനിടയില്ല. സ്വന്തം വാക്കുകൾക്ക് ആദരം ലഭിക്കുന്നതായിരിക്കും. അനുകൂലമായ സ്ഥലംമാറ്റം, ഇഷ്ടപ്പെട്ട ഷിഫ്റ്റിൽ തുടരൽ എന്നിവയുണ്ടാവും.  ശനിയ്ക്ക് വക്രത തുടരുകയാൽ ഇടയ്ക്കിടെ യാത്രകളുണ്ടാവും. ദേഹക്ലേശം ഭവിക്കാം.  നക്ഷത്രാധിപനായ ശുക്രൻ്റെ നീചസ്ഥിതി ആത്മവിശ്വാസം തകരാൻ കാരണമാകുന്നതാണ്. ഒപ്പം ഏഴാം ഭാവത്തിൽ തുടരുന്ന ചൊവ്വയുടെ 'നെഗറ്റീവ് ഇൻഫ്ളുവൻസും' കൂടിയാവുമ്പോൾ പ്രണയത്തിൽ സ്വസ്ഥതയുണ്ടാവില്ല. ദാമ്പത്യത്തിൽ പിണക്കങ്ങൾ കൂടുകയും ഇണക്കങ്ങൾ കുറയുകയും ചെയ്യും. സാമ്പത്തിക ഞെരുക്കമുണ്ടാവില്ല. സുഹൃൽബന്ധം ഗുണപ്രദമാവാം. ബന്ധുത്വത്താൽ ആശ്വാസം ഭവിക്കും.

കാർത്തിക

ഉന്മേഷം  വ്യക്തിത്വത്തിലും തൊഴിലിലും തെളിയും. ആസൂത്രണ മികവ് അംഗീകരിക്കപ്പെടും. തടസ്സങ്ങൾ സ്വയം വിലകും. ചിലതൊക്കെ തട്ടിത്തെറിപ്പിക്കാനും ഉത്സാഹമുണ്ടാവും. കരുത്തറിയിക്കാനായേക്കും. വ്യാപാരതന്ത്രങ്ങൾ ഫലവത്താകും. പരസ്യം പ്രയോജനം ചെയ്യും. ഗൗരവമുള്ള വിഷയങ്ങളിൽ സഹപ്രവർത്തകരുമായി ചർച്ചയ്ക്ക് തയ്യാറാകും. ആദിത്യൻ അനുകൂലമാവുകയാൽ അധികാരികൾ സൗഹാർദ്ദം കൈക്കൊള്ളും. വാസസ്ഥാനം മോടിപിടിപ്പിക്കുന്നതാണ്. വിദ്യാർത്ഥികൾ അലസരാവാനിടയുണ്ട്. രക്ഷാകർത്താക്കൾ ശ്രദ്ധവെക്കേണ്ടതാണ്. ചെറുപ്പക്കാർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാനാവും. പ്രണയ കാര്യത്തിൽ ഇടക്കിടെ ഉൽക്കണ്ഠ വരാവുന്നതാണ്. ദാമ്പത്യത്തിൽ അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കും. ആരോഗ്യപരമായി കരുതലുണ്ടാവണം.

രോഹിണി

ആദിത്യസഞ്ചാരം തൊഴിൽ രംഗത്ത് വലിയ മാറ്റമൊന്നും ഉണ്ടാക്കണമെന്നില്ല. എന്നാൽ ആറാം ഭാവത്തിൽ ചൊവ്വയും ആദിത്യനും ഒന്നിക്കുന്നത് പ്രയോജനകരമാണ്. ഒക്ടോബർ 18 മുതൽ വ്യാഴം മൂന്നാമെടത്തേക്ക് മാറുന്നത് ഗുണത്തെയും ദോഷത്തെയും സമ്മിശ്രമാക്കും. പ്രധാന തീരുമാനങ്ങളിൽ കരുതലുണ്ടാവണം. തിടുക്കം ഒഴിവാക്കുക ഉചിതം. പുതിയ ജോലി കിട്ടിയിട്ട് നിലവിലെ ജോലി ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്. ധനപരമായ അച്ചടക്കമുണ്ടാവണം. മകളുടെ വിവാഹം/ പഠനം ഇത്യാദികൾക്കായി കരുതി വെച്ചിരുന്ന ധനം മറ്റാവശ്യങ്ങൾക്ക് ചെലവഴിക്കപ്പെടാൻ സാധ്യതയുണ്ട്. സമൂഹത്തിലെ ഉന്നതരുടെ പിന്തുണ കൈവരും.  സഹോദരർ ആവശ്യം കണ്ടറിഞ്ഞ് സഹായിക്കുന്നതാണ്. ഭൂമിയിൽ നിർമ്മാണ പ്രവർത്തനം തുടങ്ങിയേക്കാം. പ്രണയബന്ധം ശൈത്യത്തിലാവാം.

മകയിരം

കർമ്മരംഗത്ത് പുരോഗതിയുണ്ടാവും. പരിശ്രമങ്ങളെ അധികാരികൾ അംഗീകരിക്കും. സഹപ്രവർത്തകർക്ക് ഉചിതമായ നിർദ്ദേശങ്ങൾ നൽകാനാവും. രഹസ്യ നിക്ഷേപങ്ങളോ അവിഹിത സമ്പാദ്യമോ വന്നുചേരും. വചോവിലാസം ശ്രദ്ധിക്കപ്പെടും. പഠനത്തിൽ ഏകാഗ്രത പുലർത്തും. ഹ്രസ്വകാല കോഴ്സുകളിൽ ചേരാനിടയുണ്ട്. ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതാണ്. പുതിയ ഇലക്ട്രോണിക് ഉല്‌പന്നം വാങ്ങും. ഗാർഹികമായ സമാധാനം ഇടവക്കൂറുകാർക്ക് കുറയില്ല. ഭൂമിയിൽ നിന്നും ആദായം വരും. മിഥുനക്കൂറുകാരുടെ കുടുംബത്തിൽ അനൈക്യം ഉണ്ടാവും. മകൻ്റെ ശാഠ്യം മനക്ലേശം സൃഷ്ടിച്ചേക്കാം. അനുരാഗത്തിൽ ചാഞ്ചല്യത്തിന് സാധ്യത കാണുന്നു. പുതുസംരംഭങ്ങൾ അവസാനവട്ട ഒരുക്കത്തിലേക്ക് കടക്കും.  ജീവിതശൈലീരോഗങ്ങളിൽ കരുതലുണ്ടാവണം.

തിരുവാതിര

ആദിത്യൻ, ശനി , രാഹു ചൊവ്വ തുടങ്ങിയ പാപഗ്രഹങ്ങൾ അനിഷ്ടഭാവങ്ങളിലാകയാൽ പലതരം സമ്മർദ്ദങ്ങൾ വരും. തിടുക്കത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളരുത്. പുനരാലോചന അനിവാര്യമാണ്. പുതിയ സംരംഭങ്ങൾ തുടങ്ങുന്നത് പിന്നീടത്തേക്കാക്കുക അഭിലഷണീയം. ധനകാര്യത്തിൽ അച്ചടക്കമുണ്ടാവണം. സിവിൽ-ക്രിമിനൽ വ്യവഹാരങ്ങൾ നടക്കുന്നവർക്ക് അനുകൂലഫലം കിട്ടാനിടയില്ല. വിദ്യാർത്ഥികൾക്ക് പഠന പുരോഗതിക്ക് ട്യൂഷൻ ആവശ്യമാവും. അഭിമുഖങ്ങളിൽ ശോഭിക്കുമെങ്കിലും അവയുടെ ഫലത്തിന് കാലതാമസം വരാം. രണ്ടാം ഭാവത്തിലേക്ക് വ്യാഴം മാറുന്നതിനാൽ ഒക്ടോബർ 18 ന് ശേഷം ഗുണപരമായ മാറ്റം പ്രതീക്ഷിക്കാം. ധനവരവ് സുഗമമാവും. വാക്കുകൾ / നിലപാടുകൾ സ്വീകാര്യമാവും. കുടുംബത്തിൽ സമാധാനം ഭവിക്കും. കർമ്മരംഗത്തെ ബാധിച്ചിരുന്ന ആലസ്യം അകലുന്നതാണ്. പുതിയ ജോലി/ സംരംഭങ്ങളിൽ മേന്മ എന്നിവ സാധ്യതകളാണ്.

പുണർതം

കരുതിയതുപോലെ പലതും പ്രവർത്തിക്കാനായേക്കില്ല. ബാഹ്യപ്രേരണകൾക്ക് എളുപ്പം വിധേയരാവും. സാമ്പത്തിക സ്രോതസ്സ് മെച്ചപ്പെടുന്നതാണ്. വിശിഷ്യാ മിഥുനക്കൂറുകാർക്ക്. കടബാധ്യതകൾ പരിഹരിക്കാനാവും. ഒപ്പമുള്ളവരുടെ നിർബന്ധശീലം തൻ്റെ സ്വാതന്ത്ര്യത്തെ ഹനിക്കാം. മെച്ചപ്പെട്ട ജോലിക്കുള്ള ശ്രമം തുടരും. കുടുംബകാര്യങ്ങളിൽ ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകാര്യമാവും. ക്ഷേത്രാടനത്തിന് അവസരമുണ്ടായേക്കും. കരാർ വ്യവസ്ഥകൾ അറിയാൻ ശ്രമിക്കണം. കലാപഠനത്തിന് അവസരം സംജാതമാകും. വസ്തുവാങ്ങുന്നതിൽ തടസ്സമുണ്ടാവാം. നീണ്ടകാലത്തെ വായ്പകൾ അടഞ്ഞുതീരും. നീതിബോധം പ്രശംസിക്കപ്പെടും. നേതൃപദവികളിലേക്ക് ക്ഷണമുണ്ടാവുമെങ്കിലും സ്വീകരിക്കില്ല. അമിതോത്സാഹം ഒഴിവാക്കുക നന്ന്.

പൂയം

തൊഴിലിൽ ആത്മവിശ്വാസമുണ്ടാവും. ദുർഘടമായിട്ടുള്ള ചുമതലകൾ കൃത്യതയോടെ പൂർത്തിയാക്കും. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്കായി ശ്രമം നടത്തുന്നവർ നിരാശപ്പെടില്ല. ബിസിനസ്സുകാർക്ക് വരുമാനം വർദ്ധിക്കുന്നതാണ്. മത്സരാധിഷ്ഠിത കരാറുകളിൽ നേട്ടമുണ്ടാവും. ചൊവ്വ നാലിൽ സഞ്ചരിക്കുകയാൽ ഗൃഹത്തിൽ അനൈക്യം ആവർത്തിക്കപ്പെടും. കെട്ടിടം പണി മുന്നോട്ടുപോകാൻ കൂടുതൽ ധനം ആവശ്യമായേക്കും. കടബാധ്യതയ്ക്കുള്ള സാധ്യത കാണുന്നു. പൊതുപ്രവർത്തനം മനസ്സില്ലാമനസ്സോടെ തുടരും. വ്യാഴം ജന്മരാശിയിലേക്ക് പകരുകയാൽ ഒക്ടോബർ 18 നു മേൽ സ്ഥാനചലനത്തിന് സാധ്യതയുണ്ട്. അനുരാഗികൾക്കിടയിൽ ബന്ധം ദൃഢമാവും. ഭാവിസംബന്ധിച്ച തീരുമാനം കൈക്കൊണ്ടേക്കും.

ആയില്യം

പണച്ചെലവേറുന്ന കാലമായിരിക്കും. ഗൃഹത്തിനും വാഹനത്തിനും അറ്റകുറ്റപ്പണി വന്നേക്കും. ജോലിയിൽ ഉറച്ചുനിൽക്കും. തൊഴിൽ തേടുന്നവർക്ക് പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ലഭിക്കാനിടയുണ്ട്. അമിതമായ ആത്മവിശ്വാസം ഗുണം ചെയ്തേക്കില്ല. ബന്ധുക്കളുടെ കാര്യത്തിൽ ഇടപെടുന്നത് കരുതലോടെ വേണം. മുൻതീരുമാനങ്ങളിൽ മാറ്റം വരാം. ദൈവിക സമർപ്പണങ്ങൾക്ക് സന്ദർഭം വന്നെത്തും. വായ്പകളുടെ തിരിച്ചടവിൽ വിഘ്നം വരാവുന്നതാണ്. 
രോഗക്ലേശിതർക്ക് തുടർചികിൽസ ആവശ്യമാവും. മകളുടെ വിവാഹകാര്യത്തിൽ പ്രതീക്ഷിച്ച തീരുമാനം ഉണ്ടാവുന്നതായിരിക്കും.  അധികാരികളോട് വിരോധിക്കുന്നത് കരുതലോടെ വേണം. പ്രണയാനുഭവങ്ങൾ സന്തോഷമേകും. വ്യാഴം ജന്മരാശിയിലേക്ക് പകരുന്നതിനാൽ സമ്മിശ്രഫലങ്ങൾക്ക് സാധ്യത കാണുന്നു.

Also Read: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മകം

ജന്മത്തിൽ കേതുവും ശുക്രനും സഞ്ചരിക്കുകയാൽ ദേഹസുഖം കൂടുകയും ചിലപ്പോൾ കുറയുകയും ചെയ്യും. ഭൗതിക കാര്യങ്ങളിൽ നേട്ടങ്ങൾ വരാം. മൂന്നാം ഭാവത്തിലെ ചൊവ്വ മനക്കരുത്തേകും. മുൻപ് പരിശ്രമിച്ചിട്ടും നേടാത്ത കാര്യങ്ങൾ ഇപ്പോൾ അനായാസം   കരഗതമാവുന്നതാണ്. ബുധൻ രണ്ടിലാകയാൽ ബുദ്ധിപൂർവ്വം സംസാരിക്കും. ആശയപ്രകാശനം അഭിനന്ദിക്കപ്പെടും. അറിവ്/ ബുദ്ധി ഉപയോഗിച്ച് നേട്ടങ്ങൾ കൈവരിക്കുന്നതാണ്. അധികാരികളിൽ നിന്നും അനുഭാവം കുറയും. പതിനൊന്നിലെ വ്യാഴം   പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ ഒക്ടോബർ 18 നു ശേഷം സാമ്പത്തിക കാര്യങ്ങളിൽ കരുതലുണ്ടാവണം. വാഗ്ദാനലംഘനങ്ങൾ ക്ഷീണമുണ്ടാക്കും. ദാമ്പത്യത്തിലെ സ്ഥിരം പ്രശ്നങ്ങൾ തുടരപ്പെടും. ആരോഗ്യ പരിപാലനത്തിൽ അലംഭാവമരുത്. പ്രത്യേകിച്ചും വയോജനങ്ങൾ.

പൂരം

ഗ്രഹങ്ങളുടെ സഞ്ചാരം  അനുകൂലവും പ്രതികൂലവുമാകയാൽ സമ്മിശ്രഫലങ്ങൾ അനുഭവത്തിൽ വരാം. വിദ്യാഭ്യാസത്തിൽ ഉണർവുണ്ടാവും. ഹ്രസ്വ കോഴ്സുകൾ ഭാവിയിൽ ഗുണകരമാവും. കലാസാഹിത്യരംഗത്ത് തിരിച്ചുവരവിന് അവസരങ്ങൾ ഒരുങ്ങും. കൂട്ടുകെട്ടുകൾ ഗുണകരമാവില്ല. ആത്മപരിശോധന വേണ്ടതുണ്ട്. ഉദ്യോഗസ്ഥർക്ക് വേതന വർദ്ധനവിന് സാധ്യത വിരളമാണ്. തൊഴിലിടത്തിൽ സമാധാനം കുറയാം. പുതിയ ജോലി കിട്ടാൻ അല്പം കാത്തിരിക്കേണ്ട സ്ഥിതിയുണ്ടാവും.  ബിസിനസ്സിൽ നിലവിലെ അവസ്ഥ എങ്ങനെയോ അതുപോലെ മുന്നോട്ടു പോകും. ഭൂമി ഗുണമുണ്ട്. വസ്തുവിൽ നിന്നും ആദായം വന്നെത്തും. കമ്മീഷൻ ഏർപ്പാടുകൾ ലാഭകരമാവും. ഒക്ടോബർ 18 ലെ വ്യാഴമാറ്റം പന്ത്രണ്ടാം രാശിയിലേക്കാകയാൽ മെച്ചമുണ്ടായേക്കില്ല.

ഉത്രം

ഉന്മേഷവും ഉണർവ്വും കൂടിയും കുറഞ്ഞും അനുഭവപ്പെടും. ചിങ്ങക്കൂറുകാർക്ക് വ്യാഴം പന്ത്രണ്ടിലേക്ക് സംക്രമിക്കുന്നത് ചെലവധികരിക്കാനും അർഹതയുള്ള അംഗീകാരങ്ങൾ നിഷേധിക്കപ്പെടാനും കാരണമാകും. കന്നിക്കൂറുകാർക്ക് വ്യാഴമാറ്റം ഗുണഫലങ്ങൾ സമ്മാനിക്കുന്നതാണ്. ആദിത്യസഞ്ചാരത്താൽ അലച്ചിലുണ്ടാവും. ചൊവ്വ ഉത്രം ഒന്നാം പാദക്കാർക്ക് നേട്ടങ്ങളുണ്ടാക്കും. ശത്രുവിജയം ഭവിക്കുന്നതാണ്. ആദായമാർഗങ്ങളിലെ തടസ്സങ്ങൾ നീങ്ങാം. ഭാവിസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളാം. ഉത്രം 2, 3, 4 പാദങ്ങളിൽ ജനിച്ചവർക്ക് ചൊവ്വ വാക്ദോഷം, ദേഹക്ലേശം, ഇച്ഛാഭംഗം ഇവയുണ്ടാക്കാം. ഉത്രം നാളുകാരുടെ ഗ്രഹണശക്തി വർദ്ധിക്കും. പഠനത്തിൽ വളർച്ചയുണ്ടാവും. പ്രണയാനുഭവങ്ങൾക്ക് സാധ്യതയുണ്ട്. ദാമ്പത്യത്തിൽ പിണക്കം കുറയും; ഇണക്കം കൂടും.

അത്തം

ജന്മത്തിൽ ആദിത്യൻ സഞ്ചരിക്കുകയാൽ ആലസ്യം, അലച്ചിൽ, വിഭവനാശം ഇവയുണ്ടാവും. മനസ്സന്തോഷം കുറയാം. ചൊവ്വ രണ്ടിൽ സഞ്ചരിക്കുന്നതുമൂലം വാക്കിന് പാരുഷ്യമേകും. പറഞ്ഞത് തെറ്റായി മനസ്സിലാക്കപ്പെടാം. ശത്രുക്കളെ സൃഷ്ടിക്കാനുമിടയുണ്ട്. തൊഴിൽ വളർച്ചക്ക് സാമാന്യമായ സാഹചര്യങ്ങളും അവസരങ്ങളും പ്രതീക്ഷിച്ചാൽ മതിയാകും. പഠനത്തിൽ ശ്രദ്ധയുണ്ടാവും. പ്രബന്ധ രചന പൂർത്തിയാക്കും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് സർക്കാരിൽ നിന്നും അനുമതി ലഭിച്ചേക്കില്ല. ഒക്ടോബർ 18 ന് വ്യാഴം പതിനൊന്നാൽ വരുന്നതിനാൽ ഭൗതികമായി മെച്ചം വരും ധനാഗമമാർഗങ്ങൾ കൂടുതലായി തുറന്നുകിട്ടാം. അർഹത അംഗീകരിക്കപ്പെടും. സഹപ്രവർത്തകരുടെ പിൻതുണ ലഭിക്കും. കുടുംബസുഖം പ്രതീക്ഷിക്കാം. പ്രിയജനങ്ങളുമായി ബന്ധം പുനസ്ഥാപിക്കാനാവും.

ചിത്തിര

ബന്ധങ്ങൾ നിലനിർത്താൻ സാധിക്കുന്നതാണ്. ഉറ്റവരുടെ പിന്തുണ കിട്ടും. പല പ്രവൃത്തികളിലും ഒരേകാലത്ത് ഏർപ്പെടും. എന്നാൽ അർഹതയുള്ള പ്രതിഫലം കിട്ടുകയില്ല. ബിസിനസ്സിൽ കുറച്ചൊക്കെ ഉയർച്ചയുണ്ടാവും. വായ്പകൾ ലഭിക്കാനും കാത്തിരിക്കേണ്ടതുണ്ട്. തീരുമാനങ്ങൾ ഏകപക്ഷീയമാണെന്ന് ഒപ്പമുള്ളവർ കലഹിച്ചേക്കാം. ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്. പഠനത്തിൽ ഉന്നമനം വന്നെത്തുന്നതാണ്. പുതിയ കോഴ്സുകളിൽ ചേരാനാവും. ഗാർഹികമായി സാമാന്യമായ സംതൃപ്തി പ്രതീക്ഷിച്ചാൽ മതിയാകും. മകൻ്റെ ജോലിക്കാര്യത്താൽ ശുപാർശ ഫലിച്ചേക്കാം. മകൾക്ക് കലാപരിശീലനത്തിന് അവസരം നൽകും. പണയത്തിലിരിക്കുന്ന വസ്തുവിൻ്റെ വായ്പ തിരിച്ചടക്കാൻ ക്ലേശിക്കും. നവീന ഇലക്ട്രോണിക് ഉപകരണം വാങ്ങുന്നതാണ്.

ചോതി

കൃത്യനിഷ്ഠയിൽ വീഴ്ചവരാനിടയുണ്ട്. സമയബന്ധിതമായി ദൗത്യങ്ങൾ ഏറ്റെടുക്കുന്നത് കരുതലോടെ വേണം.  ജന്മഭാവത്തിൽ ചൊവ്വയും പന്ത്രണ്ടിലും ജന്മരാശിയിലും ആദിത്യനും സഞ്ചരിക്കുകയാൽ അലച്ചിൽ, ക്ഷോഭം, ദേഹക്ലേശം, വിഭവനാശം എന്നിവ സാധ്യതകൾ. നവസംരംഭങ്ങൾ ബാലാരിഷ്ടയുടെ പിടിയിലമരും. ആരോഗ്യജാഗ്രത അനിവാര്യം. കുടുംബത്തിൻ്റെ സഹകരണം കുറയും. ഉല്പന്നങ്ങൾക്ക് മോഹവില നൽകി വാങ്ങേണ്ട സാഹചര്യം ഉദിക്കാം. വ്യാപാര/ തൊഴിൽ കരാറുകൾ ഒപ്പിടുമ്പോൾ വ്യവസ്ഥകൾ മനസ്സിലാക്കേണ്ടതുണ്ട്. സ്വജന പക്ഷപാതം ആരോപിക്കപ്പെടാം. ഭോഗസുഖം ഭവിക്കാം. പ്രണയിനുഭവങ്ങൾ കുറയില്ല. ആഡംബര വസ്തുക്കൾ പാരിതോഷികമായി ലഭിക്കാനിടയുണ്ട്. വ്യാഴം പത്താം ഭാവത്തിൽ മാറുന്നതു തൊഴിലിൽ സമ്മിശ്ര ഫലങ്ങൾക്ക് കാരണമാകുന്നതാണ്.

വിശാഖം

നക്ഷത്രാധിപനായ വ്യാഴത്തിന് ഉച്ചസ്ഥിതി വരുകയാൽ ആത്മബലം വരും. മാസാദ്യം കാര്യതടസ്സവും മനക്ലേശവും വന്നേക്കാം. തീരുമാനങ്ങൾ നടപ്പിലാക്കാൻ പരുങ്ങുന്ന സ്ഥിതി ഭവിക്കാം. ഉദ്യോഗസ്ഥർ കൂടുതൽ നേരം തൊഴിലിടത്തിൽ ചെലവഴിക്കുന്നതാണ്. അധികച്ചുമതലകൾ ഉണ്ടായേക്കും. വ്യാപാരത്തിൽ മുൻനില തുടരുന്നതാണ്. കാര്യനിർവഹണത്തിന് യാത്രകൾ അനിവാര്യമായേക്കും. ഗൃഹനിർമ്മാണം പുരോഗതിയിലാവും. വിദേശത്തുനിന്നും മകൻ്റെ സഹായം ലഭിച്ചേക്കാം. സർക്കാർ കാര്യങ്ങൾ നേടാനായി കടമ്പകൾ പലതും കടക്കേണ്ടി വരുന്നതാണ്. കലാപഠനത്തിന് അവസരം സംജാതമാകും. ആശയപ്രകാശനം അഭിനന്ദിക്കപ്പെടും. അനാവശ്യമായ തിടുക്കം ഉപേക്ഷിക്കണം. സമ്പാദ്യശീലം പ്രാവർത്തികമാക്കേണ്ട കാലഘട്ടമാണ്.

അനിഴം

പത്താം ഭാവാധിപനായ ആദിത്യൻ പതിനൊന്നിൽ സഞ്ചരിക്കുന്നതിനാൽ തൊഴിലിൽ നേട്ടങ്ങളുണ്ടാവും. വ്യാപാരത്തിൽ ലാഭം പ്രതീക്ഷിക്കാം. സാമ്പത്തിക സ്രോതസ്സുകൾ തെളിയും.  മത്സരത്തിൽ വിജയിക്കുവാനാവും. സ്വാധികാരത്തിൽ സന്തോഷിക്കുന്നതാണ്.  ചൊവ്വ പന്ത്രണ്ടിൽ സഞ്ചരിക്കുന്നത് നല്ലഫലങ്ങൾ സൃഷ്ടിക്കില്ല. കലഹങ്ങൾക്ക് കാരണമുണ്ടാവും. വ്യർത്ഥയാത്രകൾ, ദേഹക്ഷീണം ഇവ സാധ്യതകളാണ്. ഭൂമിയിൽ നിന്നും വരവുണ്ടാവില്ല. ബുധാനുകൂല്യത്താൽ പഠനത്തിൽ ഉയർച്ചയുണ്ടാവും. ബുദ്ധി ഉണർന്ന് പ്രവർത്തിക്കും.  വ്യാഴം ഉച്ചനായി ഒമ്പതിലേക്ക് വരികയാൽ ഒക്ടോബർ 18 ന് ശേഷം ഭാഗ്യാനുഭവങ്ങൾ വന്നുചേരാം. പിതൃസ്വത്തിന്മേലുള്ള തർക്കങ്ങൾ പരിഹൃതമാവും. കലാകാരന്മാർക്ക് പുരസ്കാരങ്ങൾ കൈവരും. ഉപാസനാദികൾ ഫലവത്താകുന്നതാണ്.

തൃക്കേട്ട

പ്രവർത്തന മേഖലയിൽ സ്വാതന്ത്ര്യമനുഭവിക്കും. തടസ്സങ്ങളെ മറികടക്കാനാവും. പുരോഗതി എല്ലാ രംഗത്തും പ്രകടമാവുന്നതാണ്. ബൗദ്ധികമായ ഉണർവ്വ് കർമ്മവിജയത്തിന് വഴിയൊരുക്കും. മേലധികാരികളുടെ പിന്തുണയുണ്ടാവും.  തൊഴിൽ യാത്രകൾ കൂടാനിടയുണ്ട്. നവസംരംഭങ്ങൾ മാസത്തിൻ്റെ രണ്ടാംപകുതിക്കുമേൽ പ്രാവർത്തികമാക്കാൻ സാധിക്കും. അർഹതയുള്ളവർക്ക് അവസരങ്ങൾ ലഭിക്കാം. കുടുംബകാര്യങ്ങൾ ശ്രദ്ധിക്കാൻ സമയം കിട്ടിയേക്കില്ല. പിതൃ-പുത്രബന്ധം രമ്യമാവുന്നതാണ്. ഭവനനിർമ്മാണത്തിൽ തടസ്സങ്ങൾ വരാനിടയുണ്ട്. വ്യവഹാരങ്ങൾക്ക് മുതിരരുത്. പ്രണയാനുഭവങ്ങൾ പുഷ്കലമാവാം. വ്യാഴം ഉച്ചസ്ഥനായി ഒമ്പതാം ഭാവത്തിൽ പ്രവേശിക്കുന്നതിനാൽ ഒക്ടോബർ 18 നു ശേഷം ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം.

Also Read: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ

മൂലം

ആദിത്യനും ബുധനും പത്തിലും പതിനൊന്നിലും സഞ്ചരിക്കുന്നു. കാര്യവിജയമുണ്ടാവും. പുതിയ സംരംഭങ്ങൾ പുരോഗതിയിലേക്ക് നീങ്ങുന്നതാണ്. അധികാരികൾ അനുകൂല നിലപാടുകൾ കൈക്കൊള്ളും. സാമ്പത്തികമായ സമ്മർദ്ദങ്ങൾക്ക് അയവുണ്ടാവും. പ്രോജക്ടുകൾ പൂർത്തിയാക്കും. വിദ്യാഭ്യാസത്തിൽ ദിശാബോധം തെളിയും. പുതുവാഹനം വാങ്ങുന്നതാണ്. ഭൂമി സംബന്ധിച്ച വ്യവഹാരത്തിൽ അനുകൂലവിധി പ്രതീക്ഷിക്കാം. പ്രായോഗിക പരിചയം പലപ്പോഴും കാര്യവിജയത്തിന് കാരണമാകുന്നതാണ്. കുടുംബ ബന്ധങ്ങളിൽ സംതൃപ്തി ഭവിക്കും. ബന്ധുതർക്കങ്ങൾ പരിഹരിക്കുന്നതിൽ ജാഗ്രത വേണം. വ്യാഴം ഏഴാം ഭാവത്തിൽ നിന്നും അഷ്ടമത്തിലേക്ക് മാറുകയാൽ ചില കാര്യങ്ങളിൽ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നു വരാം.

പൂരാടം

സ്വതസ്സിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. സമൂഹത്തിൽ സ്വാധീനശക്തി ഉയരും. തൊഴിൽ തേടുന്നവർക്ക് അവസരം സംജാതമാകുന്നതാണ്. പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കും. നിലവിലെ തൊഴിൽ മേഖലയിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ബിസിനസ്സിൽ പരിഷ്കാരങ്ങളും കാലോചിതമായ മാറ്റങ്ങളും വരുത്തുന്നതിന് ഉദ്യമിക്കുന്നതാണ്. വായ്പാസഹായം പ്രയോജനപ്പെടുത്തും. പരിചയസമ്പന്നരുടെ അഭിപ്രായം സ്വീകരിക്കും. ഗവേഷണം, ശാസ്ത്രരംഗം എന്നിവയിൽ താത്പര്യം കൂടുന്നതാണ്. ഗാർഹികമായി സ്വസ്ഥതയുണ്ടാവും. വ്യാഴമാറ്റം അഷ്ടമത്തിലേക്കാണ്. എന്നാൽ ഉച്ചരാശിയിലേക്കാണ് എന്നത് ഗുണകരമാവും. ഭൂമിയിൽ നിന്നും ആദായം വർദ്ധിക്കും. മക്കളുടെ കാര്യത്തിൽ ശുഭം പ്രതീക്ഷിക്കാം.

ഉത്രാടം

ധനുക്കൂറുകാർക്ക് ആദിത്യൻ പത്തിലും പതിനൊന്നിലും സഞ്ചരിക്കുന്നത് അനുകൂലമാണ്. തൊഴിൽ രംഗത്ത് സ്വച്ഛത പ്രതീക്ഷിക്കാം. പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാനാവും.  തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. ചെറുകിട സംരംഭങ്ങൾ വളരുന്നതാണ്. മകരക്കൂറുകാർക്ക് കുടുംബത്തിൻ്റെ സർവ്വാത്മനാ ഉള്ള പിന്തുണയുണ്ടാവും. തൽകാലം നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് ഉചിതമാവില്ല. കടബാധ്യതകൾ വർദ്ധിക്കാതിരിക്കാൻ കരുതലുണ്ടാവണം. വാടകവീട് മാറേണ്ടി വരാം. മകളുടെ വിവാഹക്കാര്യത്തിൽ നല്ല തീരുമാനം വരാം. സ്വതന്ത്ര നിലപാടുകൾ സംഘടനയിൽ ചോദ്യചെയ്യപ്പെടും. കലാപ്രവർത്തനത്തിന് ക്രമേണ അവസരം ലഭിക്കുന്നതാണ്. പ്രണയികൾക്ക് മാസത്തിൻ്റെ രണ്ടാം പകുതിക്കുമേൽ ഗുണകാലമാണ്.

തിരുവോണം

കഷ്ടങ്ങളും നഷ്ടങ്ങളും തുടരുമെങ്കിലും അവയ്ക്കിടയിൽ സന്തോഷത്തിൻ്റെ തുരുത്തുകളും വന്നുചേരും. ആത്മവിശ്വാസം കുറയും. കടബാധ്യതകൾ പരിഹരിക്കാൻ വഴി തേടുന്നതാണ്. പുതിയ കാലത്തിൻ്റെ മാറ്റങ്ങൾ പുതിയ തലമുറയിൽ നിന്നും ഉൾക്കൊള്ളും. മാസത്തിൻ്റെ രണ്ടാം പകുതിക്കുശേഷം കുറച്ചാെക്കെ ഗുണപരമായ മാറ്റം വരാം. വ്യാഴം ഏഴാം ഭാവത്തിലേക്ക് വരുന്നത് ദാമ്പത്യപ്രശ്നങ്ങൾക്ക് പരിഹാരമാവും. ശുഷ്കിച്ച പ്രണയാനുഭവങ്ങൾ വീണ്ടും തളിർക്കാം. വ്യാപാരത്തിൽ ലാഭം കൂടാനിടയുണ്ട്. ആദിത്യൻ പത്താം ഭാവത്തിലെത്തുന്നത് ഉദ്യോഗസ്ഥർക്ക് ഉന്മേഷം ഉണ്ടാക്കും. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയും. ക്രിയാത്മകമാവും, മനസ്സ്. കിടപ്പ് രോഗികൾക്ക് ആശ്വാസം ഉണ്ടാവുന്നതാണ്.

അവിട്ടം

കുംഭക്കൂറുകാർക്ക് വിപരീതഫലങ്ങൾ കൂടി ഉണ്ടാവുന്ന സന്ദർഭമാണ്. ജോലിക്കാര്യം നീളാം. ശുപാർശകൾ പരിഗണിക്കപ്പെടില്ല. സ്വയം സംരംഭങ്ങൾ മൂലം ഉണ്ടാക്കിയ ഉല്പന്നങ്ങൾ വിറ്റഴിക്കുക ക്ലേശകരമായ ദൗത്യമായിത്തീരും. പഠനാർത്ഥികൾക്ക് ഉണർവുണ്ടായേക്കും. പ്രോജക്ടുകൾ പൂർത്തീകരിക്കുന്നതിന് സാധിക്കുന്നതാണ്. നിയമ വശങ്ങളിലും സാങ്കേതിക കാര്യങ്ങളിലും ഔൽസുക്യം ഭവിക്കും. അപ്രസക്ത വിഷയങ്ങൾക്കായി  സമയം നഷ്ടപ്പെടുത്തില്ല. വിദേശ യാത്രകൾക്ക് തടസ്സം വരാനിടയുണ്ട്. മകരക്കൂറുകാർക്ക് മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഭൗതികമായ നേട്ടങ്ങൾ കരഗതമാവും. അനുരാഗം ദൃഢമാവുന്നതാണ്. കൊടുക്കൽ വാങ്ങലുകളിൽ വിജയിക്കും.

ചതയം

അഷ്ടമ ഭാവത്തിലും തുടർന്ന് ഒമ്പതാം ഭാവത്തിലും സഞ്ചരിക്കുന്ന സൂര്യൻ  അനിഷ്ടങ്ങളുണ്ടാക്കാം. ഗവൺമെൻ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തടസ്സം അനുഭവപ്പെടും. ശമ്പള വർദ്ധനവ് പരിഗണിക്കപ്പെട്ടേക്കില്ല. പുതിയ ജോലിക്കായി ശ്രമം തുടരേണ്ടതുണ്ട്. മത്സരങ്ങളിലും അഭിമുഖങ്ങളിലും പങ്കെടുക്കുവാനാവും.  രാഷ്ട്രീയ പ്രവർത്തനത്തിൽ ജനകീയത കുറയാം. ഒമ്പതാം ഭാവത്തിലെ ചൊവ്വ ഉപാസനാദികൾക്ക് വിഘ്നം ഏർപ്പെടുത്തുന്നതാണ്. പിതാവിൻ്റെ ആരോഗ്യത്തിൽ ശ്രദ്ധയുണ്ടാവണം. പഠിപ്പിൽ ശ്രദ്ധ കുറയാം. സത്കാര്യങ്ങൾക്ക് നേരം കണ്ടെത്തും. കുടുംബകാര്യങ്ങളിൽ ജീവിതപങ്കാളിയുടെ വാക്കുകൾ സ്വീകാര്യമാവും. പുതിയ വാടകവീട് കണ്ടെത്തും. കലാപ്രവർത്തനത്തിൽ നിന്നും ആദായം പ്രതീക്ഷിക്കാം. പ്രണയികൾക്ക് സന്തോഷിക്കാനവസരം സംജാതമാകും.

പൂരൂരുട്ടാതി

രാഹു പൂരൂരുട്ടാതി രണ്ടാം പാദത്തിൽ സഞ്ചരിക്കുന്നുണ്ട്. കൂടാതെ ശനി വക്രഗതിയായി പൂരൂരുട്ടാതി നാലാംപാദത്തിലേക്ക് ഒക്ടോബർ തുടക്കത്തിൽ തന്നെ പ്രവേശിക്കുകയുമാണ്. പലതരം സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കും. സാമ്പത്തികമായി കബളിപ്പിക്കപ്പെടാം. ആലസ്യമുണ്ടാവുന്നതാണ്. തീരുമാനങ്ങളിൽ നിന്നും പിൻവലിയാം. ശരിതെറ്റുകളെക്കുറിച്ച് സൂക്ഷ്മബോധം കുറയും. ക്ഷോഭശീലം വർദ്ധിക്കാനിടയുണ്ട്. വിദ്യാർത്ഥികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാവണം. ചെറുപ്പക്കാർ കൂട്ടുകെട്ടുകളിൽ കരുതൽ പുലർത്തണം. വലിയ സംരംഭങ്ങൾ ആരംഭിക്കുക തത്കാലം ഉചിതമായേക്കില്ല. നിലവിലെ ജോലി, പുതിയ ജോലി കിട്ടാതെ ഉപേക്ഷിക്കരുത്. അന്യദേശത്ത് പോകാനവസരം ഉണ്ടാവും. ജീവിതം മന്ദഗതി കൈക്കൊള്ളും. സഹിഷ്ണുത വർദ്ധിക്കും.

ഉത്രട്ടാതി

ശനി ജന്മനക്ഷത്രത്തിൽ നിന്നും മാറുന്നത് താത്കാലികാശ്വാസത്തിന് കാരണമാകും. കുടുംബ ജീവിതത്താൽ സമ്മർദ്ദം കുറയും. മക്കളുടെ കാര്യത്താൽ സന്തോഷാനുഭവങ്ങൾ വന്നുചേരും. പുതിയ ഹ്രസ്വകാല കോഴ്സുകൾക്ക് ചേരാനായേക്കും. ആദിത്യൻ ഏഴിലും എട്ടിലും സഞ്ചരിക്കുകയിൽ തൊഴിൽ രംഗം അത്ര സംതൃപ്തി നൽകില്ല. സഹപ്രവർത്തകരിൽ നിന്നും സഹകരണം കുറയുന്നതാണ്. ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ അവസരങ്ങൾ ഉടൻ കിട്ടിയേക്കില്ല. ശുപാർശകൾ ഫലം കാണണമെന്നില്ല. ഒക്ടോബർ 20 ന് ശേഷം പരിശ്രമം ലക്ഷ്യം കാണാം. കലാപഠനത്തിന് സാധ്യത കാണുന്നു.  തീർത്ഥാടനത്തിനുള്ള സാഹചര്യമുണ്ടാവും. പ്രണയികൾക്കിടയിലെ പിണക്കം തീർന്നേക്കും. വിവാഹാലോചനകൾ ശുഭതീരുമാനത്തിലെത്തും. സുഹൃത്തുക്കളുടെ പ്രോൽസാഹനം പ്രതീക്ഷിക്കാം.

രേവതി

പാരമ്പര്യത്തിൽ അഭിമാനിക്കുന്ന സാഹചര്യങ്ങൾ ഉദയം ചെയ്യും. നിപുണയോഗം ബുദ്ധിയുണർന്ന് പ്രവർത്തിക്കാൻ സഹായിക്കും. സാമ്പത്തിക ഇടപാടുകളിൽ കരുതലുണ്ടാവണം. ജന്മനാട്ടിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാനിടയുണ്ട്. പൂർവ്വിക സ്വത്ത് ഇപ്പോൾ വിൽക്കുന്നത് ലാഭകരമല്ലെന്നറിയും. സാങ്കേതിക വിഷയങ്ങൾ പഠിച്ചറിയാൻ പുതുതലമുറയെ ആശ്രയിക്കുന്നതാണ്. കലാപ്രസ്ഥാനങ്ങളുമായി സഹകരിക്കും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം വർദ്ധിക്കുന്നതാണ്. അനർഹർക്ക് സ്ഥാനക്കയറ്റം കിട്ടുന്നതിൽ വിഷമിക്കും. മത്സരങ്ങളിൽ സ്വന്തം കഴിവ് മുഴുവനായും പ്രകടിപ്പിക്കാനായേക്കില്ല. സഹോദരരുടെ സഹായം ലഭിക്കാം. ദാമ്പത്യ ബന്ധത്തിൽ വിട്ടുവീഴ്ച അനിവാര്യമാണ്. മുടങ്ങിക്കിടന്ന ഗൃഹനിർമ്മാണം പുനരാരംഭിക്കാൻ വഴിതുറക്കപ്പെടും.

Read More: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: