/indian-express-malayalam/media/media_files/IF6CLoTNvSyc3k2ZuKJ4.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ ഇടവ മാസത്തിലും മിഥുനമാസത്തിലും മകയിരം ഞാറ്റുവേലയിലും ആയി സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. പുണർതം മുതൽ ഉത്രം / അത്തം വരെയുള്ള നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു.
ചൊവ്വ മേടം രാശിയിൽ, അശ്വതി നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു. ബുധൻ ഇടവം- മിഥുനം രാശികളിൽ, രോഹിണി - മകയിരം നക്ഷത്രങ്ങളിലായാണ് നീങ്ങുന്നത്. ബുധന് മൗഢ്യാവസ്ഥയുണ്ട്. ശുക്രൻ ഇടവം രാശിയിലാണ് തുടക്കത്തിൽ.
ജൂൺ 12 ന് മിഥുനത്തിൽ പ്രവേശിക്കുന്നു. ശുക്രനും മകയിരം നക്ഷത്രത്തിലാണ്. മൗഢ്യാവസ്ഥയുമുണ്ട്. വ്യാഴം ഇടവം രാശിയിൽ കാർത്തിക നക്ഷത്രത്തിലാണ് വാരാദ്യം. ജൂൺ 13 ന് രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ തുടരുകയാണ്. രാഹുവും കേതുവും യഥാക്രമം മീനം രാശിയിലും (രേവതിയിലും), കന്നിരാശിയിലും (അത്തത്തിലും) സഞ്ചരിക്കുന്നു.
ഈ ആഴ്ചയിലെ ചന്ദ്രൻ്റെ അഷ്ടമരാശി സഞ്ചാരം ഏതൊക്കെ കൂറുകാർക്കെന്ന് നോക്കാം. ഞായർ ഉച്ചവരെ കഴിഞ്ഞ ആഴ്ചയുടെ തുടർച്ചയായുള്ള വൃശ്ചികക്കൂറുകാരുടെ അഷ്ടമരാശിയാണ്. അതിനു ശേഷം ചൊവ്വാഴ്ച രാത്രി വരെ ധനുക്കൂറുകാർക്കാണ് അഷ്ടമരാശി വരുന്നത്. വെള്ളി പ്രഭാതം വരെ മകരക്കൂറുകാർക്കും തുടർന്ന് കുംഭക്കൂറുകാർക്കും അഷ്ടമരാശിയുണ്ട്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒൻപത് നാളുകാരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.
മകം
മികച്ച നേട്ടങ്ങൾ പ്രതീക്ഷിക്കാം. പ്രവർത്തനം ദിശാബോധത്തോടെ നടത്താനാവും. തൊഴിൽ രംഗത്ത് നിസ്തുലമായ ഏകോപനമുണ്ടാവും. ഉദ്യോഗസ്ഥർക്ക് സ്വാധികാരം പ്രയോഗിക്കാൻ കഴിയുന്നതാണ്. വിദ്യാർത്ഥികൾക്കും പ്രോൽസാഹകമായ വാരമായിരിക്കും. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. സാമ്പത്തിക അച്ചടക്കം പുലർത്തുന്നതിൽ മിടുക്കു കാട്ടും. ബന്ധുക്കൾ മുൻ വിരോധം മറന്ന് സഹകരിച്ച് തുടങ്ങും. പിതാവിൻ്റെ അനുഭവ സമ്പത്ത് ഗുണപാഠമാകും.
വാരാന്ത്യം കൂടുതൽ മിഴിവുള്ളതാവും.
പൂരം
നക്ഷത്രനാഥനായ ശുക്രന് മൗഢം തുടരുന്നത് അല്പം പ്രതിസന്ധികൾക്ക് കാരണമാകാം. ആത്മശക്തിക്ക് ശോഷണം ഭവിച്ചതായി തോന്നും. എന്നാൽ രാശിനാഥനായ സൂര്യൻ 10,11 ഭാവങ്ങളിലായി സഞ്ചരിക്കുകയാൽ ഉദ്യോഗസ്ഥന്മാർക്കും തൊഴിൽ തേടുന്നവർക്കും അനുകൂലമായ സ്ഥിതിയുണ്ടാവും. മേലധികാരിയുടെ പ്രീതി ലഭിക്കുന്നതാണ്. രാഷ്ട്രീയ രംഗത്തുളളവർ ആദരിക്കപ്പെടും. പുതിയ സാങ്കേതികവിദ്യകൾ പഠിച്ചറിയാൻ സന്നദ്ധതയുണ്ടാവും. തിങ്കൾ, ചൊവ്വ ദിവസങ്ങൾക്ക് മേന്മ കുറയാം.
ഉത്രം
വിദ്യാർത്ഥികൾ പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് അർഹത നേടുന്നതാണ്. നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് ആലോചിച്ചു വേണം. കുടുംബപരമായി സ്വൈരത കുറയാം. ദമ്പതികൾക്കിടയിൽ പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ വർദ്ധിക്കുന്നതാണ്. ആഡംബര വസ്തുക്കൾക്ക് ചെലവേർപ്പെടും. സാമ്പത്തികമായ അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണ്. വാഹന ഉപയോഗത്തിൽ ശ്രദ്ധയുണ്ടാവണം. പഴയ കടബാധ്യതകൾ സ്വസ്ഥത കുറയ്ക്കാം. പണയ വസ്തുക്കളുടെ തിരിച്ചടവ് സമ്മർദ്ദമുണ്ടാക്കും.
അത്തം
പൊതുപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് അനിഷേധ്യത തുടരപ്പെടും. ഉദ്യോഗസ്ഥർക്ക് ചുമതലകൾ കൂടിയേക്കും. ബിസിനസ്സുകാർക്ക് വാരാന്ത്യം മുതൽ സമയം അല്പാല്പമായി അനുകൂലമാവുന്നതാണ്. കർമ്മരംഗം ഉണരും. കാര്യവിഘ്നം അകലുന്നതാണ്. സാമ്പത്തിക സ്വാശ്രയത്വം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള വഴിതെളിഞ്ഞേക്കും. കലാപ്രവർത്തനത്തിൽ പുരോഗതിയുണ്ടാവും. പ്രണയികൾക്ക് സന്തോഷിക്കാൻ കഴിയുന്നതാണ്. വയോജനങ്ങളുടെ ആരോഗ്യപരിരക്ഷയിൽ അലംഭാവമരുത്. വിശ്രമിക്കാനവസരം കുറയാം.
ചിത്തിര
പിടിവാശി കൊണ്ട് കുടുംബത്തിൽ സ്വാസ്ഥ്യം കുറയാം. തൊഴിൽ തേടുന്നവർക്ക് ആശ്വസിക്കാനാവും. സ്വകാര്യകമ്പനിയിലെ ഉദ്യോഗസ്ഥർക്ക് യാത്രകൾ അനിവാര്യമാവും. സഹപ്രവർത്തകർ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന തോന്നൽ ശക്തമാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനാവും. നവമാധ്യമങ്ങളിലെ ഭാഗ്യപരീക്ഷണക്കളികൾ നഷ്ടത്തിൽ കലാശിക്കാനിടയുണ്ട്. കൂട്ടുകച്ചവടത്തിൽ സംതൃപ്തി കുറയും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അന്യദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്നതാണ്.
ചോതി
അനിഷ്ടങ്ങളെയും എതിർപ്പുകളേയും നേരിടേണ്ടിവരും. ഗൃഹത്തിൽ സമാധാനക്കുറവ് ഉണ്ടാവുന്നതാണ്. തീർത്ഥാടനം പകുതിയിൽ ഉപേക്ഷിക്കേണ്ട സ്ഥിതി വരാനിടയുണ്ട്. ഭാവികാര്യങ്ങളെക്കുറിച്ച് കൂടുതൽ ആലോചിക്കും. എന്നാൽ വ്യക്തമായ തീരുമാനം ഉണ്ടാവില്ല. ഗവേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വരുന്നതാണ്. നവസംരംഭങ്ങൾ തുടങ്ങുന്നതിന് ഗ്രഹാനുകൂല്യം ഇല്ലാത്ത കാലമാണ്. ഭൂമിവിൽപ്പനയിൽ തടസ്സങ്ങൾ നേരിടും. മാനസിക - ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധയുണ്ടാവണം.
വിശാഖം
പല കാര്യങ്ങൾ ഏകകാലത്ത് ചെയ്യുന്നത് ശ്രദ്ധ പാളാനിടവരുത്തും. ന്യായമായ ആവശ്യങ്ങൾക്ക് ധനം വന്നെത്തുന്നതാണ്. കരാർ പണികൾ പുതുക്കപ്പെടും. സുഹൃത്തുക്കൾ തമ്മിലെ കലഹത്തിന് മാധ്യസ്ഥം വഹിച്ചേക്കും. കടം വാങ്ങി വ്യാപാരം വിപുലീകരിക്കന്നത് ഉചിതമായിരിക്കില്ല. ഉന്നതരുടെ ശുപാർശയിൽ പഠനത്തിന് പ്രവേശനം കിട്ടാൻ സാധ്യതയുണ്ട്. വിസ പ്രശ്നങ്ങളും മറ്റും ഉള്ളവർക്ക് ഇപ്പോൾ അവ പരിഹരിക്കാനാവും. സംഘടനാപരമായി ഒറ്റപ്പെടാൻ സാധ്യതയുണ്ട്. വിനോദ/തീർത്ഥയാത്രകൾക്ക് അവസരം തെളിയും.
അനിഴം
ദിശാബോധമുള്ള പ്രവർത്തനം കാഴ്ചവെക്കാനാവും. എതിർപ്പുകളിൽ കൂസാതെ മുന്നോട്ടു പോകുന്നതാണ്. സംഘടനകളിൽ നേതൃപദവി ലഭിച്ചേക്കാം. ഭൂമിയിൽ നിന്നും ആദായം ഉയരും. കൃഷികാര്യങ്ങളിൽ താല്പര്യമേറുന്നതാണ്. പഴയ വീട് പുതുക്കാനുള്ള തയ്യാറെടുപ്പ് നടത്തും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് നിർദ്ദിഷ്ട ലക്ഷ്യം കൈവരിക്കാനാവും. ഉപരിപഠനത്തിലെ തടസ്സങ്ങൾക്ക് അറുതിയാവും. ഇഷ്ടസുഹൃത്തുക്കളെ സന്ദർശിക്കുന്നതാണ്. സർക്കാർ കാര്യങ്ങളിൽ അനുഭവപ്പെട്ടിരുന്ന തടസ്സം നീങ്ങിയേക്കും.
തൃക്കേട്ട
ആദിത്യൻ്റെ അനുകൂലതയില്ലാത്തതിനാൽ ഉദ്യോഗസ്ഥർക്ക് ഉന്മേഷം കുറയും. ദുർഘടമായ ദൗത്യങ്ങൾ ഏറ്റെടുക്കാൻ നിർബന്ധിതരാവും. കൃത്യനിഷ്ഠ ഉണ്ടാവില്ല. വ്യാഴത്തിൻ്റെ ആനുകൂല്യം വ്യാപാരത്തിൽ ഉയർച്ചയ്ക്ക് കാരണമാകുന്നതാണ്.വിശേഷിച്ചും കൂട്ടുപങ്കാളിത്തമുള്ള ബിസിനസ്സിൽ മെച്ചം ദൃശ്യമാകുന്നതാണ്. പഴയ മുതൽമുടക്കിന് ഇപ്പോൾ പ്രതിഫലം ലഭിച്ചേക്കാം. വാഹനം അശ്രദ്ധമായി ഓടിച്ചതിനാൽ പിഴയടക്കേണ്ടി വരാം. ബന്ധങ്ങൾ ദൃഡമാക്കുന്നതിൽ വിജയിക്കുന്നതാണ്. അവിവാഹിതരുടെ വിവാഹകാര്യത്തിൽ വ്യക്തത വരും.
Read More
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; June 09-June 15, 2024, Weekly Horoscope
- ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?: (June 2– June 8, 2024) Weekly Horoscope
- ശുക്രനും ബുധനും മിഥുനം രാശിയിലേയ്ക്ക്; അശ്വതി മുതൽ ആയില്യം വരെ
- ശുക്രനും ബുധനും മിഥുനം രാശിയിലേയ്ക്ക്; മകം മുതൽ തൃക്കേട്ട വരെ
- ശുക്രനും ബുധനും മിഥുനം രാശിയിലേയ്ക്ക്; മൂലം മുതൽ രേവതി വരെ
- എന്താണ് വസുപഞ്ചകം അഥവാ പഞ്ചകദോഷം?
- ജൂൺ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us